ദിവ്യകാരുണ്യത്തിനു ചാരെ ഉള്ള ചിന്തകൾ

പരിശുദ്ധ കുർബാനയുടെ രുചി ഞങ്ങളുടെയൊക്കെ നാവിൽ നിന്നും മായും മുൻപേ സാധാരണക്കാരുടെ ഇടയിൽ കുറച്ചു നേരം ആയിരിക്കുവാൻ അവരിലും സാധാരണക്കാരനെ പോലെ ദിവ്യകാരുണ്യ ഈശോ പതിവ് പോലെ സക്രാരിയിൽ നിന്നും വികാരിയച്ചന്റെ കൈകളിൽ ബഹുമാനത്തോടെ വഹിക്കപ്പെട്ടു എഴുന്നള്ളി വന്നു അൾത്താരയിലെ അരുളിക്കയിൽ ഉപവിഷ്ടനായി.

പരിശുദ്ധ കുർബാന കഴിഞ്ഞു കുറേപ്പേരൊക്കെ നേരത്തെ വീട്ടിലേയ്ക്കും അവരുടെ തിരക്കുകളിലേയ്ക്കും പോയിരുന്നു.

ഈശോ നിശബ്ദനായി ഓരോരുത്തരെയും നോക്കികൊണ്ടിരുന്നു.

ദൈവാലയത്തിൽ ശേഷിച്ച ഏതാനും പേരെ നോക്കി അവിടുന്ന് ദയവോടെ പുഞ്ചിരി തൂകിക്കൊണ്ടിരുന്നു.

അവരിൽ ഓരോരുത്തരുടെയും ഹൃദയത്തിൽ നിത്യജീവനോടെ സർവമഹത്വവും മറച്ചു വച്ചു സ്നേഹത്തിന്റെ പാരമ്യത്തിൽ എഴുന്നള്ളി വന്ന ഏവരുടെയും ഏക രക്ഷകനായ അവിടുത്തെ പക്കൽ കുറച്ചു നേരമെങ്കിലും ഒറ്റയ്ക്കിരിക്കുക എന്നത് എത്രയോ പ്രധാനമാണ്!

ദിവ്യകാരുണ്യ സ്വീകരണത്തിന് ശേഷം ജീവിതത്തിലെ ആകുലതകളും നാളെകളും ഈശോയ്ക്ക് വിട്ടു കൊടുത്തു മൗനമായി ഇത്തിരി നേരം ഈശോയുടെ മുന്നിൽ ഇരിക്കുമ്പോൾ അവിടുന്ന് പറയുന്നത് ഹൃദയത്തിന്റെ ആഴത്തിൽ കേൾക്കാം.

എന്റെ കുഞ്ഞേ നിന്നെ ഞാൻ സ്നേഹിക്കുന്നു

എന്നാൽ ഈ വാക്കുകൾ ഭൂമിയിൽ വച്ചു കേൾക്കുമ്പോൾ നമുക്ക് അതിന്റെ ആഴമോ അർത്ഥ തലങ്ങളോ മനസിലാകില്ല, ഈശോ അത് പറയുമ്പോൾ അതിന്റെ ധ്വനി പ്രപഞ്ചത്തിന്റെ ഓരോ കോണിലും തട്ടി പ്രകമ്പനം കൊള്ളുന്നത് നാം അറിയുന്നില്ല.

ഈശോയുടെ ഈ വാക്കുകളിൽ നിത്യതയോളമുമുള്ള സ്നേഹം അടങ്ങിയിരിക്കുന്നു എന്നെനിക്ക് മനസ്സിലാകണമെങ്കിൽ ഇതൊന്നു കേൾക്കാൻ ഞാൻ ഈശോയുടെ അടുത്ത് കുറച്ചു നേരമെങ്കിലും ഇരിക്കണമല്ലോ

പരിശുദ്ധ കുർബാനയിൽ ഈശോയുടെ മുറിയപ്പെടുമ്പോഴുള്ള നിമിഷങ്ങളിൽ അതിലേക്ക് നോക്കിയാൽ നമ്മോടുള്ള സ്നേഹത്തിന്റെ പാരമ്യത്തിൽ ആയിരിക്കുന്ന ദൈവപിതാവിന്റെ സ്നേഹത്തിന്റെ ആഴം കാണാം.

ഓരോ പരിശുദ്ധ കുർബാനയിലും പങ്കെടുക്കാൻ നമ്മെ പ്രാപ്തരാക്കുന്ന ഏറ്റവും പ്രിയപ്പെട്ടവനായ പരിശുദ്ധാത്മാവിനെ കാണാം.

പരിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്ന ഓരോ അൾത്താരയിലും തന്റെ ഉദരത്തിൽ ഉരുവായ ദൈവകുമാരനെ പൂർണമനസോടെ പരിശുദ്ധ കുർബാന ആകുവാൻ അനുവദിച്ച നമുക്കായി വിട്ടുതന്ന പരിശുദ്ധ കന്യക മറിയത്തെ കാണാം.

ഭൂമിയിൽ ദൈവപിതാവിന്റെ സ്നേഹത്തിന്റെ പ്രതിഫലനമായി ഒരു മനുഷ്യന് സാധ്യമാകുന്നിടത്തോളം സ്നേഹത്തോടെ പൊന്നു പോലെ ഈശോയെ നോക്കി വളർത്തിയ യൗസേപ്പിതാവിനെയും പരിശുദ്ധ കുർബാനയിൽ നാം ഓർക്കുന്നു

ഈ ദിവ്യകാരുണ്യ ഈശോ എന്റെ ആരാണെന്നു ഓർത്താൽ അവിടുന്ന് എന്റെ ആരല്ല എന്നാണുത്തരം.

അവിടുന്ന് ഞാൻ എന്ന മനുഷ്യവ്യക്തിയെ അവിടുത്തെ സ്നേഹം കൊണ്ടു സൃഷ്ടിച്ചത് മുതൽ അവിടുത്തെ സ്നേഹത്തിന്റെ നിത്യതയിലേയ്ക്ക് ഞാൻ പൂർണമായും തിരികെ പോകുന്ന മുഖാഭിമുഖം കാണുന്ന ആഹ്ലാദനിമിഷങ്ങൾ വരെയും എനിക്കെന്തൊക്കെ അവിടുന്ന് ആകണമോ അതൊക്കെ ആണവിടുന്ന്.

ആകാശങ്ങളിൽ ഇരിക്കുന്ന ദൈവത്തിനെ കുറിച്ച് കേട്ട കുട്ടിക്കാലത്തെ അറിവുകളിൽ നിന്നും ആത്മാവിന്റെ ആഴങ്ങളിൽ എന്റെ സ്വന്തം എന്ന് പറയാൻ എന്റെ തൊട്ടടുത്തു വന്നിരിക്കുന്ന ദൃശ്യ രൂപനായ എന്റെ ഈശോ…

പണ്ടത്തെ കഥകളിൽ ഒക്കെ കേട്ടിരിക്കുന്നത് പോലെ വേഷപ്രച്ഛന്നനായ നിത്യതയിൽ മാത്രം എനിക്ക് പൂർണമായും വെളിപ്പെടുത്താൻ പോകുന്ന സ്വർഗീയ രാജകുമാരൻ

ഈ ഈശോയെ ഈശോ അർഹിക്കുന്ന മഹത്വത്തിൽ ഞാൻ എന്റെ ജീവിതത്തിൽ മഹത്വപ്പെടുത്തുകയും അവിടുത്തോടൊത്തു ജീവിക്കുകയും ചെയ്താൽ എന്റെ നിത്യതയും അതേ രീതിയിൽ ആ സ്നേഹത്തിന്റെ നിറവിൽ ആയിരിക്കും.

ഞങ്ങളുടെ ദൈവാലയത്തിൽ വിശുദ്ധ കൊച്ച് ത്രേസ്യയുടെ ദൈവാലയത്തിൽ ഉള്ളത് കൊണ്ടാവും വിശുദ്ധ കുർബാനയുടെ സമയം ആകാറായപ്പോൾ അവരൊക്കെ എത്രയോ ഭക്തിയോടെ ആയിരിക്കും ഈശോയെ സ്വീകരിച്ചിരിക്കുക എന്ന് ഞാൻ ചിന്തിച്ചിരുന്നു.

അപ്പോൾ എന്റെ മനസ്സിൽ വന്നത് ഇങ്ങനെയായിരുന്നു.

ഒരു മനുഷ്യനെയും മറ്റൊരു മനുഷ്യനുമായി താരതമ്യം ചെയ്യാൻ പറ്റുന്നതല്ല എന്നും ഓരോരുത്തർക്കും ഈശോയെ പൂർണമായി തന്നെയാണ് ജീവിതത്തിൽ ലഭിച്ചിരിക്കുന്നതെന്നും എനിക്ക് തോന്നി.

ഓരോരുത്തരും ഈശോയെ സ്നേഹിക്കുന്നതിൽ കൂടുതൽ കുറവുകളില്ല. ഓരോരുത്തരും അവരവരായിരിക്കുന്ന ജീവിതത്തിൽ ആവുന്നത് പോലെ ഈശോയെ സ്നേഹിക്കുന്നു.
എന്നാൽ ഈശോയോട് ഓരോ നിമിഷവും പ്രത്യേകിച്ച് ഈ നിമിഷം എത്ര മാത്രം ഹൃദയം കൊണ്ട് ചേർന്നിരിക്കുന്നു എന്നത് മാത്രമാണ് പ്രധാനം എന്നും തോന്നി.

ചെറിയ പാത്രത്തിലും ഇടത്തരം പാത്രത്തിലും വലിയ പാത്രത്തിലും വെള്ളം ഒഴിച്ച് വക്കോളം നിറച്ചാൽ ഓരോ പാത്രവും അതിന്റെ പരമാവധി നിറഞ്ഞിരിക്കുന്നത് പോലെ ഓരോരുത്തരുടെയും ജീവിതവും സാഹചര്യവും അവർക്ക് വ്യക്തിപരമായി പരിശുദ്ധാത്മാവിനാൽ വെളിപ്പെടുത്തപ്പെട്ട ആത്മീയ രഹസ്യങ്ങളും അനുസരിച്ചു ഓരോരുത്തരുടെയും സ്നേഹവും പൂർണമായിരിക്കും.

ദിവ്യകാരുണ്യ ഈശോയുടെ സന്നിധിയിൽ ഇരിക്കുന്നത് ദൈവസ്നേഹത്തിന്റെ ഒരു മഹാവെള്ളച്ചാട്ടത്തിന്റെ കീഴിൽ നാം ആയിരിക്കുന്നത് പോലെയാണ്.

ആ സ്നേഹപ്രവാഹത്തിന്റെ അടുത്തേക്ക് എത്രമാത്രം ചേർന്നിരിക്കാമോ അത്രയും നല്ലതാണ്.

ഞൊടിയിടയിൽ ഹൃദയം സ്നേഹം കൊണ്ട് നിറയും. ശക്തിയായി വെള്ളം പമ്പ് ചെയ്തു വീടും പരിസരവും ഒക്കെ വൃത്തിയാക്കാറുണ്ട്. അത് പോലെ ദിവ്യകാരുണ്യ ഈശോയുടെ ഹൃദയത്തിന്റെ ചാരെ ഇരുന്നാൽ നമ്മുടെ ഹൃദയത്തിൽ അപ്പോഴുള്ള വെറുപ്പ് , കോപം, അഹങ്കാരം, വിപരീത വികാരങ്ങൾ, ഒക്കെ ഈശോയുടെ ഹൃദയത്തിൽ നിന്നും നമ്മുടെ ഹൃദയത്തിലേയ്ക്ക് ഒഴുകുന്ന തിരുരക്ത പ്രവാഹത്തിൽ ഒഴുകി മറഞ്ഞു നിർവീര്യമാകും

ദിവ്യകാരുണ്യ ഈശോയുടെ സ്നേഹം നമ്മിലേയ്ക്ക് നിറയുമ്പോൾ നമ്മുടെ ഹൃദയത്തിന്റെ കയ്പ് ഇല്ലാതാകുന്നു

അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി.
സങ്കീര്‍ത്തനങ്ങള്‍ 34 : 5

ദിവ്യകാരുണ്യ ഈശോയെ കുറച്ചു സമയം നോക്കിയിരുന്നാൽ അവിടുന്ന് ലോകത്തിന്റെ പ്രകാശം ആകയാൽ നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും പ്രകാശം നിറയും

നമ്മുടെ മുഖം പ്രകാശിതമാകും. നമ്മുടെ ആത്മാവ് പ്രകാശിതമാകും

ഈശോയുടെ ചാരെ ഇരിക്കുമ്പോൾ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ആത്മാവ് പ്രകാശിതമാകുമ്പോൾ നമ്മെ തന്നെയും നമ്മുടെ ആത്മ സ്ഥിതിയും കൂടുതൽ നന്നായി കാണുവാനും അങ്ങനെ എളിയ അവസ്ഥ സ്വയം മനസിലാകുകയും ചെയ്യും

എന്നാൽ ഈ എളിയ അവസ്ഥ നമ്മെ ഭയപ്പെടുത്തുകയില്ല.

കാരണം പൂർണമായ സ്നേഹം ഭയത്തെ ഇല്ലാതാക്കുന്നു

സ്‌നേഹത്തില്‍ ഭയത്തിന്‌ ഇടമില്ല; പൂര്‍ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്‌ഷയെക്കുറിച്ചാണ്‌. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണനായിട്ടില്ല.
ആദ്യം അവിടുന്നു നമ്മെസ്‌നേഹിച്ചു. അതിനാല്‍, നാമും അവിടുത്തെ സ്‌നേഹിക്കുന്നു.
1 യോഹന്നാന്‍ 4 : 18-19

ഈശോയുടെ ചാരെ ഇരിക്കുമ്പോൾ അവിടുത്തെ നോക്കുമ്പോൾ നമ്മുടെ ആത്മാവിൽ ഈശോ എന്നുള്ള നാമം മുഴങ്ങും. നമ്മുടെ അധരങ്ങളിൽ ആ നാമം കടന്നു വരും. നമ്മുടെ ഹൃദയമിടിപ്പുകളിൽ ആ നാമത്തിന്റെ തുടിപ്പുണ്ടാകും

മാനുഷിക ദൃഷ്‌ടിയിൽ പണ്ഡിതനോ പാമരനോ ആകട്ടെ ആര് ദിവ്യകാരുണ്യ ഈശോയുടെ ചാരെ ചേർന്നിരിക്കുമ്പോഴും ഈശോയുടെ കലർപ്പില്ലാത്ത സൗഹൃദം സ്വന്തമാകും

ഈശോ ആശ്വസിപ്പിക്കപ്പെടും.

സ്നേഹശൂന്യമായ ഹൃദയം നിറയ്‌ക്കാൻ സ്നേഹത്തിന്റെ വാക്കുകൾ പോരാ.

സ്നേഹം തന്നെയായ ദൈവം തന്നെ വേണം.

ദൈവവചനമായ ഈശോ തന്നെ വേണം.

പരിശുദ്ധ കുർബാനയിൽ വീണ്ടും ജനിച്ചു പരിശുദ്ധ കുർബാനയിൽ ഈശോയോട് ഒരുമിച്ചു ജീവിച്ചു പരിശുദ്ധ കുർബാനയുടെ അതുല്യ സ്നേഹത്തിൽ മറയുന്ന പരിശുദ്ധമായ ജീവിതം ആയിരിക്കണം ഓരോ കത്തോലിക്കന്റെയും.

കത്തോലിക്കരെ പോലെ ഉന്നതമായ വിധത്തിൽ ഭൗമിക ജീവിതത്തിന്റെ നാളുകളിൽ ദൈവത്തിന്റെ അവിസ്മയനീയമായ സ്നേഹത്തിന്റെ അത്യുന്നതിയിലേയ്ക്ക് കാരുണ്യത്തിന്റെ ആഴങ്ങളിലേയ്ക്ക് സത്യത്തിന്റെ തുറവിയിലേയ്ക്ക് പരിശുദ്ധിയുടെ വെണ്മയിലേയ്ക്ക് സ്വർഗീയ ജീവിതത്തിന്റെ യഥാർത്ഥ മുന്നാസ്വാദനത്തിലേയ്ക്ക് സവിശേഷമായി വിളിച്ചു വേർതിരിക്കപ്പെട്ട വേറൊരു ജനത ഉണ്ടോ?

ഒരിക്കൽ വിശുദ്ധനായ വൈദികൻ കുമ്പസാരത്തിനൊരുക്കമായി ആത്മശോധന നടത്തുന്നതിനെ കുറിച്ച് സംസാരിച്ചപ്പോൾ ആദ്യം നോക്കേണ്ടത് ഞാൻ ദൈവത്തിനു നന്ദി പറഞ്ഞോ എന്നാണ് എന്ന് പറഞ്ഞു

കഴിഞ്ഞ കുമ്പസാരം മുതൽ ഇപ്പോൾ വരെ ഒരു കുറവും കൂടാതെ പരിപാലിച്ച ദൈവപരിപാലനയെ കുറിച്ച് ധ്യാനിക്കുമ്പോൾ 99% കാര്യങ്ങൾക്കും ഞാൻ ഹൃദയപൂർവ്വം നന്ദി പറഞ്ഞിട്ടില്ല എന്ന് ഞാൻ ഒരു ഞെട്ടലോടെ കണ്ടു

ഒരു ചെറിയ കാര്യങ്ങൾക്ക് പോലും പരസ്പരം നാം thank you പറയും

അപരിചിതരോട് പോലും നമ്മൾ ഭവ്യതയോടെ നന്ദി പറയും

എന്നാൽ ജീവനും ജീവിതവും ഭൗമികമായും നിത്യതയോളവും ജീവിക്കാനുള്ളതും തന്ന ദൈവത്തിനു നാം എത്രയോ അധികമായി നന്ദി പറയണം

പരിശുദ്ധ കുർബാന സ്വീകരണം എന്നത് ഒരു വല്ലാതെ വിശന്നിരിക്കുമ്പോൾ അതിന്റെ അമ്മ കൊടുക്കുന്ന പാല് ചുറ്റുമുള്ള മറ്റൊന്നും ശ്രദ്ധിക്കാതെ ആർത്തിയോടെ കുടിക്കുന്ന
ചെറുകുഞ്ഞിനെ പോലെയാണ്.

പാല് കുടിച്ചു വയറു നിറഞ്ഞ് പാൽപത പറ്റിയ ചുണ്ടുകൾ കൊണ്ടു ശാന്തമായി അമ്മയെ നോക്കികിടക്കുമ്പോൾ അതിനു തൃപ്തിയായി എന്ന് മനസിലാകുന്ന അമ്മയ്ക്കുണ്ടാകുന്ന ഹൃദയത്തിലെ ആനന്ദം പോലെയാണ് പരിശുദ്ധ കുർബാന സ്വീകരിച്ചു ആത്മാവും ഹൃദയവും മനസും നിറഞ്ഞു കഴിഞ്ഞു ഈശോയുടെ അടുത്തു കുറച്ചു നേരം ഇരുന്നു അവിടുത്തെ പറ്റി ചിന്തിക്കുന്ന ആത്മാവിനെ കാണുമ്പോൾ ഈശോയ്ക്കും തോന്നുന്നത്.

ആ ചെറിയ കുഞ്ഞിന് അമ്മയോട് അറിഞ്ഞു പറയാൻ വാക്കുകളില്ല, അതിന്റെ ഹൃദയവികാരങ്ങൾ പോലും പൂർണമായി വേർതിരിക്കപ്പെട്ടിട്ടില്ല, എന്നാൽ വിശപ്പു മാറ്റി സ്നേഹം നൽകിയ എപ്പോഴും ആവശ്യങ്ങളിൽ പരിപാലിക്കുന്ന അതിന്റെ ആദ്യസഖിയായ അമ്മയെ നോക്കുമ്പോൾ ചിരിയുറയ്ക്കാത്ത ആ കുഞ്ഞിന്റെ മുഖത്ത് വരുന്ന ഭാവങ്ങൾ അതിന്റെ അമ്മയ്ക്ക് മനസിലാകും.

അത് മാനുഷികമായ വിധത്തിൽ രണ്ടു വ്യക്തികൾ തമ്മിലുണ്ടാകുന്ന ആശയ വിനിമയത്തിന്റെ ഏറ്റവും ഉദാത്തമായ ഒരു തലമാണ്.

ഇത് പോലെ പരിശുദ്ധാത്മാവിന്റെ സഹായത്താൽ ഉള്ള ഭാഷയില്ലാത്ത ഒരു മനസിലാക്കൽ ആണ് ശാരീരികമായും ആത്മീയമായും വിശക്കുന്നവരെ കാണുമ്പോൾ ഹൃദയത്തിൽ സ്വഭാവികമായി കരുണ നിറയുവാൻ ഏതൊരുവനെയും പ്രേരകമാകുന്നതും പ്രാപ്തമാക്കുന്നതും.

ഈശോയുടെ മുന്നിൽ ആയിരിക്കുന്നത് പോലും ഒരു നന്ദി പ്രകടനം ആണ്.

അവിടെ ചിന്തകൾ പോലും മനസ്സിൽ ഉരുത്തിരിയുന്നതിനു മുൻപേ എന്നെ അറിയുന്ന ഈശോയുടെ മുന്നിൽ എനിക്ക് സ്നേഹിക്കുന്നു എന്ന് പറയാൻ വാക്കുകളുടെ ആധിക്യം വേണ്ട, ഹൃദയത്തിൽ ഉണ്ടാകുന്ന സ്നേഹചലനങ്ങൾ മതി.

അറിയാവുന്ന വിധത്തിൽ ഒരു സാധാരണ സുഹൃത്തിനെ പോലെ ഈശോയോട് മിണ്ടിയാൽ മതി.

ഭൂമിയിൽ ഇങ്ങനെ വിശ്വാസത്തിന്റെ കണ്ണുകളിൽ അവിടുത്തെ കണ്ടു ഈശോയോട് ഇടപഴകി പരിശീലിച്ചാൽ ഒരു നാൾ സ്വർഗത്തിൽ നമുക്ക് അതിന്റെ തുടർച്ചയായി ഈശോയുമായി സ്നേഹത്തിന്റെ പൂർണതയിൽ ജീവിക്കാൻ സാധിക്കും.

സ്നേഹത്തിൽ ആയിരിക്കുന്ന ഒരുവന്റെ മുഖത്ത് എപ്പോഴും നിറപുഞ്ചിരി ആയിരിക്കും.

വേറേ യാതൊന്നും ഹൃദയത്തിൽ നിറഞ്ഞ സ്നേഹം എന്ന കാര്യത്തെ തളർത്തുകയില്ല.

സ്നേഹം അതിൽ തന്നെ പൂർണവും യഥാർത്ഥവും കലർപ്പില്ലാത്തതും ആയതിനാൽ അത് സ്നേഹിക്കുന്നവരിൽ കുറവ് കാണില്ല.

ഇങ്ങനെയാണ് ദിവ്യകാരുണ്യഈശോയുടെ സ്നേഹവും.

മഴ പെയ്തു കഴിഞ്ഞു മേഘങ്ങൾക്കിടയിൽ നിന്നും ഉയരുന്ന സൂര്യരശ്മികൾ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന വെള്ളത്തുള്ളികളിൽ തട്ടി ഏഴു നിറമുള്ള മഴവില്ല് ആകാശത്തിൽ തെളിയും പോലെ കണ്ണീര് പൊഴിഞ്ഞ മുഖവുമായി നിത്യ സൂര്യനായ ഈശോയെ നോക്കുമ്പോൾ അവിടുന്നിൽ നിന്നും ആത്മാവിലും ഹൃദയത്തിലും നിറയുന്ന നിറയുന്ന സ്നേഹം എന്ന കൃപയിൽ അവിടുത്തെ സ്നേഹ പ്രകാശം നിറയുമ്പോൾ നമ്മുടെ ജീവിതത്തിനു ആവശ്യമായ അനേകം ദൈവകൃപകൾ പരിശുദ്ധാത്മാവിലൂടെ വേർതിരിയും.

ഈശോ സ്നേഹം തന്നെയാകയാൽ അവിടുത്തെ സമീപിക്കുന്നതിനോ അവിടുത്തെ സ്വീകരിക്കുന്നതിനോ പേടിയോ അപകർഷതയോ ഒരുവന് തോന്നേണ്ട കാര്യമില്ല.

പരിശുദ്ധാത്മാവിന്റെ സഹായത്താൽ അറിയാവുന്ന രീതിയിൽ കുമ്പസാരിച്ചൊരുങ്ങി ഉള്ളതിൽ നല്ല ഉടുപ്പിട്ട് ഈശോയെ സ്വീകരിക്കാൻ ആഗ്രഹത്തോടെ അണയുമ്പോൾ അത് പോലും ഒരു യോഗ്യതയാണ്.

ഈശോഅർപ്പിക്കുന്ന പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ നമ്മളിൽ തന്നെ നാം യോഗ്യരല്ലെങ്കിലും നമ്മൾ പരിശുദ്ധ കുർബാനയ്ക്ക് ചെന്നാൽ മതി, ആ വിരുന്ന് ശാലയിൽ ഇരുന്നാൽ മതി, പൂർണതയിൽ നമ്മെ ഒരുക്കുന്നതും സ്നേഹത്തിൽ നമ്മെ ധൈര്യപ്പെടുത്തുന്നതും വിശ്വാസത്തിൽ ഉറപ്പിക്കുന്നതും ഈശോ തന്നെയാണ്.

ഇത് പോലെ അണമുറിയാത്ത ദൈവസ്നേഹം നമ്മിലേയ്ക്ക് ഒഴുകുന്ന നിമിഷങ്ങൾ വേറെയില്ല എന്ന് തന്നെ പറയാം.

നാം ഒരു ദൈവവചനം കേട്ടിട്ടുണ്ടാകും

വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക
2 തിമോത്തേയോസ്‌ 4 : 2

ഇത് പോലെ തന്നെ ആദ്യകുർബാന സ്വീകരിച്ച ഓരോ കത്തോലിക്കനും പിന്നീടുള്ള ജീവിതത്തിലെ ഓരോ ദിവസവും സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും അല്ലെങ്കിലും പരിശുദ്ധ കുർബാന ഒരുക്കത്തോടെ ഹൃദയത്തിൽ സ്വീകരിക്കുക എന്ന ഏറ്റവും പ്രധാനവും പ്രഥമവുമായ കടമ നിർവഹിക്കുവാൻ ജാഗരൂകരായി വർത്തിക്കേണ്ടതാണ് എന്ന് ഈശോയുടെ മുന്നിലിരുന്നു ഞാൻ ചിന്തിച്ചു.

വിശുദ്ധ കുർബാന ഒരുക്കത്തോടെ സ്വീകരിക്കാമായിരുന്ന എത്രയോ ദിവസങ്ങൾ എന്റെ അലസത മൂലവും അറിവില്ലായ്മ മൂലവും സ്നേഹശൂന്യത മൂലവും ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം നഷ്‌ടപ്പെടുത്തി കളഞ്ഞില്ലേ!

ഈശോയുടെ കൂടെ അല്ലാത്ത നിമിഷങ്ങളെ ഒക്കെയും ഓർത്തു പോലും എന്റെ നിത്യതയിൽ ഞാൻ എത്രയോ സങ്കടപ്പെടും

എപ്പോഴും കൂടെയുള്ള ഈശോയുടെ നേരെയുള്ള നോട്ടം മാറ്റുന്നത് കൊണ്ടല്ലേ ഈശോയെ ഞാൻ മറക്കുന്നതും ലോകത്തെ നോക്കുന്നതും സമയം പാഴാക്കുന്നതും പാപം ചെയ്യുന്നതും

ദൈവത്തിന്റെ സ്നേഹം നിരസിക്കുന്നതാണല്ലോ പാപം

ദൈവസ്നേഹപാരമ്യമായ പരിശുദ്ധ കുർബാന നിരസിക്കുന്നതോ!

ഇനിയുള്ള ജീവിതത്തിൽ അറിഞ്ഞു കൊണ്ട് ഒരു പരിശുദ്ധ കുർബാന പോലും മുടങ്ങാതെ ഇരിക്കുവാൻ ഈശോയെ കൃപ തരേണമേ.
ഈശോയെ എനിക്കായി അങ്ങർപ്പിക്കുന്ന പരിശുദ്ധ കുർബാന എന്റെ ജീവിതത്തിന്റെ വെളിച്ചവും ഊർജസ്രോതസ്സും ആകട്ടെ.

ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment