പരിശുദ്ധ കുർബാന : പഥികന്റെ പാഥേയം

എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
യോഹന്നാന്‍ 3 : 16

നിത്യതയിലേയ്ക്കുള്ള ഒരു നിരന്തര യാത്രയിലാണ് ജീവിച്ചിരിക്കുന്ന ഓരോരുത്തരും.

നാം നിത്യജീവൻ പ്രാപിക്കുന്നതിനു പിതാവായ ദൈവം ഈശോയെ നൽകാൻ തിരുമനസായെങ്കിൽ ആ നിത്യ ജീവൻ എത്രയോ ഉന്നതമായിരിക്കും. വിലയുള്ളതായിരിക്കും!

നാം മിക്കവാറും കാണുന്നത് ജീവിതത്തിന്റെ സ്വപ്‌നങ്ങൾ ആണ്. വളരെ ശ്രദ്ധയോടെ പ്ലാൻ ചെയ്തു ഓരോ പൈസയും നിധിപോലെ കൂട്ടിവച്ചു സ്വരൂപിക്കുന്നത് ഒരുനാൾ നന്നായി മെച്ചപ്പെട്ട രീതിയിൽ ജീവിക്കുന്നതിനാണ്.

മിക്കവർക്കും ജീവിതത്തെ കുറിച്ച് കൃത്യമായ കണക്കുകൂട്ടലുകൾ ഉണ്ട്.

എന്നാൽ നിത്യജീവിതത്തെക്കുറിച്ച് സ്വപ്നം കാണുന്നവർ എത്ര പേരുണ്ട്?

നിത്യ ജീവിതത്തെ കുറിച്ച് ഗൗരവത്തോടെ അനുദിനം ചിന്തിക്കുന്നവർ എത്ര പേരുണ്ട്?

ഏറ്റവും ദരിദ്രവും സാധാരണവുമായ കത്തോലിക്കാകുടുംബത്തിൽ ജനിച്ചു വളർന്നു എങ്കിലും മാമോദീസ വഴി പരിശുദ്ധ കത്തോലിക്കാ സഭയിൽ പൂർണമായി അംഗമായ ഒരു വ്യക്തിയ്ക്ക് ഈശോയിലൂടെ ലഭിച്ചത് ദൈവപിതാവിന്റെ മകൾ / മകൻ എന്ന സ്ഥാനമാണ്.

“ദൈവാത്‌മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്‍മാരാണ്‌.
നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്‌മാവിനെയല്ല, മറിച്ച്‌, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്‌. ഈ ആത്മാവു മൂലമാണു നാം ആബാ – പിതാവേ – എന്നു വിളിക്കുന്നത്‌. നാം ദൈവത്തിന്റെ മക്കളാണെന്ന്‌ ഈ ആത്‌മാവു നമ്മുടെ ആത്മാവിനോട്‌ ചേര്‍ന്ന്‌ സാക്‌ഷ്യം നല്‍കുന്നു. നാം മക്കളെങ്കില്‍ അവകാശികളുമാണ്‌; ദൈവത്തിന്റെ അവകാശികളും ക്രിസ്‌തുവിന്റെ കൂട്ടവകാശികളും.
റോമാ 8 : 14-17

അവരവർ ആയിരിക്കുന്ന ഇടങ്ങളിൽ ദൈവപരിപാലന നൽകിയിരിക്കുന്ന സാഹചര്യങ്ങളിൽ അറിയാവുന്നത് പോലെ അവിടുത്തെ ആവും വിധമെല്ലാം സ്നേഹിക്കാൻ ശ്രമിക്കണം.

ഒരു കത്തോലിക്കനായി ജീവിക്കുന്ന ഒരുവന് അവിടുത്തെ സ്നേഹത്തിന്റെ പാരമ്യത്തിൽ ഈശോ നൽകുന്ന ഏറ്റവും വലിയ ബഹുമതി അവിടുത്തെ സ്വീകരിക്കാൻ അവനെ അനുവദിക്കുന്നു, അവിടുത്തെ ചാരെ ഇരിക്കുവാൻ അനുവദിക്കുന്നു എന്നുള്ളതാണെന്നു പരിശുദ്ധ കുർബാനയുടെ മുൻപിൽ ഇരിക്കുന്ന സമയങ്ങളിൽ എനിക്ക് തോന്നിയിട്ടുണ്ട്.

ഈശോയുടെ ജീവിതം അവിടുത്തെ പീഡാ സഹനത്താലും കുരിശ് മരണത്താലും നിത്യജീവനിലേയ്ക്ക് വീണ്ടെടുത്ത മക്കളായ നമുക്ക് പോഷണം നൽകുന്ന നമ്മിൽ ജീവൻ നിലനിറുത്തുന്ന പരിശുദ്ധ കുർബാനയാകുവാനായിരുന്നു.

“ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയച്ച യേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ്‌ നിത്യജീവന്‍.”
(യോഹന്നാന്‍ 17 : 3)

നിത്യതയുടെ മുന്നാസ്വാദനമാണ് പരിശുദ്ധ കുർബാന അനുഭവം. സ്വയമേ യാതൊരു യോഗ്യതയും പറയുവാൻ ഇല്ലെങ്കിലും ഈശോയുടെ മഹത്വത്തിന്റെ അവർണനീയതയും ആഴവും സ്നേഹവും ശക്തിയും പൂർണമായി ആത്മാവിൽ അറിയുന്നില്ല എങ്കിലും അവിടുന്നാണ് എന്റെ എന്റെ രക്ഷകൻ, എന്റെ സ്നേഹം എന്ന് ഒരു എളിയ ആത്മാവ് ആവുന്നത്ര ഒരുക്കത്തോടെ പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ ലോകകാര്യങ്ങൾ മാറ്റി വച്ചു കടന്നു ചെല്ലുമ്പോൾ കുർബാനയായി സ്വയം വിളമ്പി തരാൻ വെമ്പി കാത്തു നിൽക്കുന്ന ഈശോ എന്ത് മാത്രം സ്നേഹിക്കപ്പെടും!

സ്വീകരിക്കപ്പെടാത്ത സ്നേഹം ഒരു വേദനയാണ്. ആദ്യ കുർബാന സ്വീകരിച്ച ഏതൊരാളും അനുദിനം പരിശുദ്ധ കുർബാന സ്വീകരിക്കുവാനും അവിടുത്തെ സ്നേഹത്തിൽ നിന്നും പോഷണം സ്വീകരിക്കാനും അതിലുപരി ഈശോയുടെ സ്നേഹത്തിൽ ഒന്നായി വസിക്കാനും ഈശോയുടെ സ്നേഹത്തിനു കടപ്പെട്ടവർ എന്നിരിക്കെ പരിശുദ്ധ കുർബാന ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് എനിക്ക് തോന്നുന്നുണ്ടോ?

ഭക്ഷണം കഴിക്കാതെ ഒരു ദിവസം പോലും കടന്നു പോകാൻ നമുക്ക് ബുദ്ധിമുട്ടാണ്

പ്രത്യേകിച്ച് കഠിനമായ ജോലികൾ ചെയ്യുന്നവർക്ക്, രോഗികൾ ആയവർക്ക്, ശരീരം ശോഷിച്ചവർക്ക്, യാത്ര പോകുന്നവർക്ക് ഒക്കെ അനുദിനം കൃത്യ സമയത്തു ആഹാരം കഴിച്ചേ തീരൂ.

തീരെ നിവൃത്തിയില്ലാത്തവർ യാചിച്ചാണെങ്കിലും ഏതു വിധേന എങ്കിലും ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും ശ്രമിക്കും.

നാളുകളായി ഒന്നും കിട്ടാത്തവർ ആർത്തിയോടെ കുപ്പത്തൊട്ടിയിൽ കിടക്കുന്ന പഴകിയ ആഹാരം അറപ്പില്ലാതെ കഴിക്കുന്ന ചിത്രങ്ങളും വാർത്തകളും നമ്മൾ കണ്ടിട്ടുണ്ട്

ജീവന്റെ നിലനിൽപിന് ശുദ്ധ വായു കഴിഞ്ഞാൽ ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യം ലളിതമായ ആഹാരവും ശുദ്ധമായ വെള്ളവുമാണ്.

എന്നാൽ ഒരു ആത്മീയ മനുഷ്യന്റെ അടിസ്ഥാന നിലനിൽപിന് എന്താണ് ആവശ്യമായിട്ടുള്ളത്?

ഓരോ മനുഷ്യരും അവരറിയാതെ അനുദിനം നിത്യതയിലേയ്ക്കുള്ള നിരന്തര യാത്രയിൽ ആണ്

നിത്യത എന്നാൽ ത്രിയേകദൈവത്തിന്റെ പരിശുദ്ധ സ്നേഹത്തിന്റെ പാരമ്യത്തിൽ നിന്നും വാത്സല്യപൂർവ്വം സൃഷ്‌ടിക്കപ്പെട്ട, ബലവാനായ ദൈവമായ ഈശോയുടെ മനുഷ്യാവതാരത്താലും കുരിശു മരണത്താലും ഉയിർപ്പിനാലും പാപകടങ്ങൾ പരിഹരിക്കപ്പെട്ടു യഥാർത്ഥത്തിൽ ദൈവമക്കളായ മനുഷ്യർ ഓരോരുത്തരും ത്രിയേക ദൈവത്തിന്റെ സ്നേഹപാരമ്യതയിൽ തിരികെയെത്തി അവിടുന്നിൽ അനന്തകാലത്തോളം വസിക്കുന്നതാണ്.

“ക്രിസ്‌തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനായിരിക്കുന്ന ക്രിസ്‌തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍.

ഭൂമിയിലുള്ള വസ്‌തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍.

എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്‌തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്‌ഥിതിചെയ്യുന്നു.

“നമ്മുടെ ജീവനായ ക്രിസ്‌തു പ്രത്യക്‌ഷനാകുമ്പോള്‍ അവനോടുകൂടെ നിങ്ങളും മഹത്വത്തില്‍ പ്രത്യക്‌ഷപ്പെടും.” (കൊളോസോസ്‌ 3 : 1-4)

ഓരോ ദിവസവും ശരീരത്തിന് വിശക്കും ദാഹിക്കും. നാം ആഹാരപാനീയങ്ങൾ കഴിക്കും

ഓരോ ദിവസവും ആത്മാവിനും വിശക്കും ദാഹിക്കും. അതിനായി ദൈവവചനമായ ഈശോ തന്നെത്തന്നെ നമുക്ക് സ്വർഗീയ ഭോജനമായി രൂപാന്തരപ്പെടുന്നതാണ് പരിശുദ്ധ കുർബാന

ഒരു ദിവസം ആഹാരം കഴിച്ചില്ലെങ്കിൽ നമുക്ക് ക്ഷീണമാണ്, അനുദിനകാര്യങ്ങൾ ചെയ്യാൻ സാധിക്കില്ല

എന്നാൽ നാം ആത്മശോധന ചെയ്തു നോക്കിയാൽ ഒരുക്കത്തോടെ പരിശുദ്ധ കുർബാന സ്വീകരിക്കാതെ എത്രയോ ദിവസങ്ങൾ നാം വെറുതെ കളഞ്ഞു.

പരിശുദ്ധ കുർബാന ആത്മാവിന് മാത്രമല്ല പോഷണമേകുന്നത്, ശരീരത്തിന് കൂടിയാണ്.
മനുഷ്യമനസിന്‌ കൂടിയാണ്

ആഹാരം കഴിക്കുകയാണെങ്കിൽ നാം ചെയ്യേണ്ട കാര്യങ്ങൾ ഉണർവോടെ ചെയ്യാം എന്നത് പോലെ പരിശുദ്ധ കുർബാന യോഗ്യതയോടെ സ്വീകരിക്കുമ്പോൾ അന്നന്നു നമ്മിൽ നിക്ഷിപ്തമായ അനുദിനകാര്യങ്ങളും ആത്മീയ കാര്യങ്ങളും ചെയ്യാനുള്ള ഉണർവ് ലഭിയ്ക്കും.

ഈശോ ദൈവവചനം ആകയാൽ പരിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ ഹൃദയത്തിലും അധരത്തിലും ദൈവവചനത്തിന്റെ അഭിഷേകം നിറയും. അതോടൊപ്പം ഒരു വഴിയ്ക്കു പോകുമ്പോൾ വഴി അറിയാവുന്നവന്റെ കൂടെ പോയാൽ വഴി തെറ്റാതെ പോകാൻ സാധിക്കും.

എന്നാൽ നിത്യതയിലേയ്ക്കുള്ള വഴിയും നിത്യ ജീവനും ഈശോ തന്നെ ആകുമ്പോൾ പരിശുദ്ധ കുർബാന സ്വീകരിക്കുന്ന ഏതൊരുവനും പണ്ഡിതനോ പാമരനോ എന്ന് വേർതിരിവില്ലാതെ നിത്യതയുടെ പരമസന്തോഷത്തിൽ എത്തിച്ചേരുക എന്നത് എത്രയോ ലളിതമാണ്

പരിശുദ്ധ കുർബാന ഈശോ മിശിഹാ തന്നെ ആകയാൽ അത്‌ സ്വീകരിക്കാൻ നിരന്തരം ഒരുങ്ങുമ്പോൾ ഈശോയെ കുറിച്ചുള്ള ഓർമ നമ്മുടെ ഹൃദയത്തെ ശിശു സഹജമായ സ്നേഹത്താൽ നിറയ്ക്കും.

“സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല.”
(മര്‍ക്കോസ്‌ 10 : 15)

ശിശു സഹജമായ വിധത്തിൽ നാം ഈശോയെ സ്‌നേഹിക്കുമ്പോൾ, തന്റെ മാതാപിതാക്കളുടെ മുന്നിൽ ആയിരിക്കാൻ തന്റെ ബലഹീനതയോ കുറവുകളോ ഒന്നും ഒരു ചെറിയ ശിശുവിനു തടസമാകാത്തത് പോലെ, പരിശുദ്ധ കുർബാന സ്വീകരിക്കുന്നതിനു അവിടുത്തെ പക്കൽ വലിയ ശരണത്തോടെ ഓടിയെത്തുവാൻ നമ്മെ പ്രാപ്തരാക്കും.

നാം ഇപ്പോൾ ഏതവസ്ഥയിലാണെങ്കിലും ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കുവാൻ മാത്രം യോഗ്യരാക്കപ്പെട്ട ഭൗമികജീവിതം അവർണനീയമായ രഹസ്യാത്മകത നിറഞ്ഞ ഒരു ദൈവികദാനമാണ്.

അതിന്റെ ഓരോ നിമിഷങ്ങളും നമുക്ക് യഥേഷ്ടം ഉപയോഗിക്കാം. ഇവിടെ എത്ര മാത്രം ഈശോയെ സ്നേഹിച്ചു എന്നതിലാണ് നിത്യജീവിതത്തിന്റെ സത്തയും മാധുര്യവും പൂർണതയും.

ഒന്നുകിൽ ഓരോ നിമിഷവും ജീവന്റെ നാഥനായ ഈശോയോടൊത്തു നിത്യതയിലെന്നത് പോലെ സന്തോഷത്തോടെ ഭൗമിക ജീവിതത്തിന്റെ അർത്ഥമറിഞ്ഞു ഒരുക്കത്തോടെ ജീവിച്ചു അതോടൊപ്പം പാപത്തിന്റെ ഭാരമില്ലാതെ ഓരോ നിമിഷവും ദൈവസ്തുതിയുടെ പടവുകൾ ചവിട്ടി കയറാം.

അല്ലെങ്കിൽ വിഭവസമൃദ്ധമായ ജീവന്റെ അപ്പം എന്നും സ്നേഹത്തോടെ ദൈവാലയത്തിൽ ഈശോയാൽ ഒരുക്കപ്പെടുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ ലോകത്തിൽ വിശന്നും ദാഹിച്ചും തളർന്നു കണ്ണു മങ്ങി സ്നേഹശൂന്യമായ ഹൃദയത്തോടെ പാപഭാരവും പേറി ലക്ഷ്യമില്ലാതെ മരണദിനത്തോളം നിരാശയോടെ നടന്നു നിത്യമരണത്തിന്റെ അഗ്നിതാഴ്‌വാരത്തിലേയ്ക്ക് പ്രവേശിക്കാം.

നിത്യജീവനോ നിത്യമരണമോ എന്നുള്ള തീരുമാനം നമ്മുടേതാണ്.

ഇന്നലെ ഒരാളോട് സംസാരിച്ചപ്പോൾ പിശാച് മനുഷ്യരോട് എത്രയോ വെറുപ്പുള്ളവനും ക്രൂരനും മനുഷ്യജീവൻ നശിപ്പിക്കുവാൻ ഓരോ നിമിഷവും ശ്രമിക്കുന്നവനും ആണെന്ന് അദ്ദേഹം ചിന്തിക്കാറുണ്ടെന്നു പറഞ്ഞു.

“അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്‌. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചു തന്നെയാണ്‌ അവന്‍ സംസാരിക്കുന്നത്‌. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്‌.”
(യോഹന്നാന്‍ 8 : 44)

മോഷ്‌ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്‌.
യോഹന്നാന്‍ 10 : 10

ഞാൻ ആലോചിച്ചു നോക്കിയപ്പോൾ ദൈവിക പദ്ധതിയനുസരിച്ചുള്ള മനുഷ്യജീവനുകൾ ഉണ്ടാകാതെ ഇരിക്കുവാനുള്ള ഗർഭ നിരോധന മാർഗങ്ങൾ, ഉണ്ടാകുന്ന ഭ്രൂണത്തെ ഗർഭത്തിൽ വച്ചു തന്നെ നശിപ്പിക്കാനുള്ള മാർഗങ്ങൾ, ഒരു മനുഷ്യന് ദൈവം നിശ്ചയിച്ച സമയത്തിന് മുൻപേ സ്വയം ജീവനെ അറിഞ്ഞും അറിയാതെയും നശിപ്പിക്കുന്ന ആത്മഹത്യ,പലനാൾ കൊണ്ട് ജീവനെടുക്കുന്ന ലഹരി ഉപയോഗം, മദ്യപാനം, മറ്റുള്ളവരുടെ സഹായത്തോടെ, അല്ലെങ്കിൽ മറ്റുള്ളവർ എപ്പോൾ ഒരുവൻ മരിക്കണം എന്ന് തീരുമാനിക്കുന്ന ദയാവധം, ഒരുവന്റെ കോപത്തിലും അസൂയയിലും ശക്തി കാണിക്കാനും മറ്റൊരുവന്റെ ജീവൻ എടുക്കുന്ന കൊലപാതകം എന്നിവയൊക്കെയുടെയും പുറകിൽ സാത്താന്റെ പദ്ധതികൾ ആണല്ലോ എന്നോർത്തു.

അതോടൊപ്പം തന്നെ ഒരുവൻ പാപം ചെയ്യുമ്പോഴും ദൈവിക ജീവൻ നഷ്‌ടപ്പെടുകയാണല്ലോ ചെയ്യുന്നത്, എന്നാൽ അത് വീണ്ടെടുക്കുവാൻ മനുഷ്യാത്മാവിനെ ഒരുവിധേനയും സമ്മതിക്കാതെ പാപത്തിൽ തന്നെ തുടർന്ന് ജീവിക്കുവാൻ പിശാച് കെണികൾ ഒരുക്കുന്നു.

“സാത്താന്‌ നിങ്ങള്‍ അവസരം കൊടുക്കരുത്‌.”
(എഫേസോസ്‌ 4 : 27)

“നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. നിങ്ങളുടെ ശത്രുവായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന്‌ അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു. വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട്‌ അവനെ എതിര്‍ക്കുവിന്‍. ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരരില്‍നിന്ന്‌ ഇതേ സഹനം തന്നെ ആവശ്യപ്പെട്ടിരിക്കുന്നെന്ന്‌ അറിയുകയും ചെയ്യുവിന്‍. “
(1 പത്രോസ് 5 : 7-9)

ദൈവം സ്നേഹവും കരുണയും ആകയാലും നാം അവിടുത്തെ മക്കൾ ആകയാലും ഈശോയുടെ ജീവനോളം വിലയുള്ളവർ ആകയാലും ദൈവത്തിന്റെ പരിശുദ്ധാത്മാവ് ആത്മാവിൽ ഉണർവിന്റെ അനേക ചെറുനിമിഷങ്ങൾ ഓരോ മനുഷ്യനും നൽകുന്നു

ഒരു പക്ഷെ അത്‌ ഒരു വ്യക്തിയോട് സംസാരിക്കുമ്പോൾ ആകാം, ഒരു പുസ്തകം വായിക്കുമ്പോൾ ആകാം, ദൈവാലയത്തിൽ നിന്നും പരിശുദ്ധ കുർബാനയുടെ സമയത്ത് ഉയർന്നു കേൾക്കുന്ന സംഗീതത്തിൽ നിന്നാകാം, ഏതെങ്കിലും ഒരു വചനപ്രഘോഷണത്തിൽ നിന്നാകാം. ഏതെങ്കിലും ഒരു ദൈവവചനത്തിൽ നിന്നാകാം.

സോഷ്യൽ മീഡിയയിൽ വരുന്ന ഒരു ചെറിയ വചനസന്ദേശത്തിൽ നിന്നാകാം. ചിലപ്പോൾ ഹൃദയത്തിൽ ഉണരുന്ന ഒരു ബാല്യകാല ഓർമയിൽ നിന്നാകാം.

പരിശുദ്ധാത്മാവ് ഓരോരുത്തരിലും ദൈവികനിമിഷകൃപയുടെ, ഉണർവിന്റെ അനുഗ്രഹം നൽകുന്നത് ഓരോരുത്തർക്കും ഓരോരോ രീതിയിൽ ആയിരിക്കും.

“നിങ്ങളുടെ അധരങ്ങളില്‍നിന്ന്‌ തിന്‍മയുടെ വാക്കുകള്‍ പുറപ്പെടാതിരിക്കട്ടെ. കേള്‍വിക്കാര്‍ക്ക്‌ ആത്‌മീയചൈതന്യം പ്രദാനംചെയ്യുന്നതിനായി, അവരുടെ ഉന്നതിക്കുതകും വിധം നല്ല കാര്യങ്ങള്‍ സന്ദര്‍ഭമനുസരിച്ചു സംസാരിക്കുവിന്‍. രക്‌ഷയുടെ ദിനത്തിനുവേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്‌.”
(എഫേസോസ്‌ 4 : 29-30)

ഒന്നാലോചിച്ചാൽ സ്നേഹമാണ് നമ്മുടെ ജീവിതം ഓരോ ദിവസവും മുന്നോട്ട് നയിക്കുന്നത്.

ഏതു ദുർഘടസാഹചര്യങ്ങളും കഠിനമായ വഴികളും പിന്നിടാൻ ശക്തി നൽകുന്നത് ഹൃദയത്തിൽ നിറഞ്ഞ് കവിയുന്ന ദൈവസ്നേഹമാണ്.

ഈ സ്നേഹം യഥാർത്ഥത്തിൽ എന്താണ്?

സ്നേഹം ജീവനോളം വലുതാണ്. ജീവൻ തന്നെയാണ്.

പിശാച് ജീവനും ജീവൻ പോഷിപ്പിക്കാനുള്ള സാഹചര്യങ്ങളും നശിപ്പിക്കാനും അവ മറച്ചു പിടിക്കാനും ആവുന്നതും നോക്കും.

“ഇതാണ്‌ ആ സാക്ഷ്യം: ദൈവം നമുക്കു നിത്യജീവന്‍ നല്‍കി. ഈ ജീവന്‍ അവിടുത്തെ പുത്രനിലാണ്‌.
പുത്രനെ സ്വന്തമാക്കിയവന്‍ ജീവനെ സ്വന്തമാക്കിയിരിക്കുന്നു. ദൈവപുത്രനെ സ്വന്തമാക്കാത്തവനു ജീവന്‍ ഇല്ല.”
(1 യോഹന്നാന്‍ 5 : 11-12)

നിത്യജീവന്റെ അപ്പമായ പരിശുദ്ധ കുർബാനയ്ക്കെതിരെ പലപ്പോഴും നിന്ദ ഉയരുന്നതും മനുഷ്യഹൃദയത്തിന്റെ അത്യുന്നതിയിൽ വാഴാൻ കൊതിക്കുന്ന ദിവ്യകാരുണ്യ ഈശോയെ മനുഷ്യരിൽ കുറേപ്പേരെങ്കിലും ആ സ്നേഹം ഒരിക്കലെങ്കിലും രുചിച്ചറിഞ്ഞിട്ടും അവഗണിക്കുന്നതും ഈശോയ്ക്ക് എത്രയോ ഹൃദയഭേദകമാണ്.

“ദൈവം സ്‌നേഹമാണ്‌. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു. “
(1 യോഹന്നാന്‍ 4 : 16)

ഈശോ ദൈവമാണ്.

പരിശുദ്ധ കുർബാന ഈശോയാണ്.

ദിവ്യകാരുണ്യം സ്വീകരിക്കുന്ന ഒരു വ്യക്തി സ്വീകരിക്കുന്നത് ദൃശ്യസ്നേഹത്തിന്റെ പൂർണതയാണ്.

ഒരുക്കമുള്ള ഹൃദയത്തിൽ വസിക്കുന്ന ദിവ്യകാരുണ്യ ഈശോ ആ ഹൃദയത്തിൽ സ്നേഹത്തിന്റെ കൃപ നൽകുന്നു. ആ ഹൃദയത്തിൽ ദൈവസ്നേഹത്തിന്റെ ജ്വാലകൾ ഉണർത്തുന്നു. ആ സ്നേഹപ്രകാശത്തിൽ മനുഷ്യ വർഗം മുഴുവനെയും സഹോദരസ്നേഹത്തോടെ ശിരസ്സായ ഈശോയുടെ മൗതിക ശരീരത്തിലെ മറ്റംഗങ്ങൾ എന്ന നിലയിൽ വീക്ഷിക്കാൻ സാധിക്കുന്നു.

പരിശുദ്ധ കുർബാനസ്വീകരണത്തിൽ ദിവ്യകാരുണ്യ ഈശോ ഒരുവന്റെ ആത്മശരീരങ്ങളുമായി ഏറ്റവും പരിപൂർണമായ വിധത്തിൽ സംയോജിക്കുന്നു. ആ വ്യക്തി ദിവ്യകാരുണ്യത്തിന് നൽകുന്ന സ്വയം സമർപ്പണത്താലും ആ വ്യക്തിയിൽ ദൈവഹിതമനുസരിച്ചുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താലും പ്രചോദനത്താലും ഉള്ളിൽ വസിച്ചു ഒന്നായ ഈശോയുടെ കണ്ണുകളിലൂടെ ആ വ്യക്തി അല്പാല്പമായി തന്റെ ജീവിതം കണ്ടു തുടങ്ങുന്നു.

ദൈവത്തിന്റെ ഏകജാതനായ ഈശോയുടെ സ്നേഹത്തിന്റെ പൂർണതയിൽ സർവഅവകാശങ്ങളോടെയും ദൈവപിതാവിന്റെ മക്കളുടെ സ്ഥാനത്തു ഭൂമിയിൽ ജീവിക്കുന്ന നാം ഓരോരുത്തരും ദിവ്യകാരുണ്യ ഈശോയുടെ കണ്ണുകളിലൂടെ നോക്കുമ്പോൾ ചുറ്റും ഒരുക്കിയിരിക്കുന്ന സ്നേഹവും വിസ്മയവും നിറഞ്ഞ പ്രപഞ്ചപ്രകൃതിയെ കാണാം

പ്രഭാതത്തിൽ നാം ഓരോരുത്തർക്കുമായി ഉദിച്ചുയരുന്ന സൂര്യനും അന്തരീക്ഷം സുലഭമായി പ്രദാനം ചെയ്യുന്ന ശുദ്ധ വായുവും അന്നന്നു പിതാവായ ദൈവം സ്നേഹത്തോടെ ഒരുക്കിയിരിക്കുന്ന ആഹാരപാനീയങ്ങളും അത്ഭുതകരമായ വിധത്തിൽ വിവിധ അവയവങ്ങളും അതിന്റെ സൂക്ഷ്മവും നിരന്തരവുമായ പ്രവർത്തനങ്ങളും സമന്വയിക്കപ്പെട്ട നിത്യമായ ആത്മാവ് വസിക്കുന്ന നമ്മുടെ ശരീരവും നാം നടക്കുന്ന വഴികളിൽ സന്തോഷത്തോടെ പാടുന്ന ചെറുകിളികളും മഞ്ഞു കണങ്ങളും മഴത്തുള്ളികളും വെയിലും രാത്രിയിൽ വെളിച്ചം പകരാനുള്ള ചന്ദ്രനും നക്ഷത്രങ്ങളും ജീവജാലങ്ങളും ഒക്കെ നമുക്കായി ദൈവപിതാവ് ഒരുക്കിയിരിക്കുന്നുവെന്നു നാം തിരിച്ചറിയും.

ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കുവാനും അവിടുത്തെ ഹൃദയത്തിൽ വഹിക്കുവാനും നിരന്തര സ്തുതികൾ അർപ്പിച്ചു സ്നേഹത്തിൽ ജീവിക്കുവാനും നമ്മുടെ ശരീരത്തിന് വസിക്കുവാൻ പ്രത്യക്ഷമായ വിധത്തിൽ ഇത്രയും വലിയ ലോകവും അതിലൊരു രാജ്യവും കൊച്ച് കുടുംബവും അതിലെ സൗകര്യങ്ങളും ഒരുക്കിയ ദൈവപിതാവ് നിത്യമായി ജീവിക്കേണ്ട ആത്മാവിനെ നിത്യതയുടെ സ്നേഹപാരമ്യതയിലേയ്ക്ക് ഭൗമിക ജീവിതത്തിൽ ഒരുക്കുവാനും നമ്മുടെ ജീവിതം വഴി അനേകരുടെ ആത്മരക്ഷയ്ക്കുതകും വിധം നമ്മുടെ ജീവിതത്തെ നിരന്തരം ക്രമപ്പെടുത്തുവാനും വേണ്ട കാര്യങ്ങൾ എത്രയോ അധികമായി പരിശുദ്ധാത്മാവിൽ ക്രമീകരിക്കും

ഉല്പത്തിയുടെ പുസ്തകത്തിൽ നാം മനുഷ്യ സൃഷ്ടിയെ കുറിച്ച് വായിക്കുന്നുണ്ട്

അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്‌ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന്‌ അവനെ സൃഷ്‌ടിച്ചു; സ്‌ത്രീയും പുരുഷനുമായി അവരെ സൃഷ്‌ടിച്ചു.
ഉല്‍പത്തി 1 : 27

ശിശുസഹജമായ രീതിയിൽ ചിന്തിച്ചാൽ ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട എന്റെയും ഓരോ മനുഷ്യരുടെയും ഹൃദയം ദൈവത്തിന്റെ ഹൃദയം പോലെ തന്നെ ആയിരിക്കുമല്ലോ എന്ന് ഞാൻ ഓർക്കാറുണ്ട്.

അങ്ങനെയെങ്കിൽ ലോകം മുഴുവനുമുള്ള മനുഷ്യസ്നേഹവും ഒരു മനുഷ്യ ഹൃദയത്തിൽ ഉൾക്കൊള്ളിച്ചാലും താത്കാലികമായി ഒരു നിറവ് അനുഭവപ്പെടും എന്നല്ലാതെ നിലനിൽക്കുന്ന ഒരു നിറവ് അനുഭവപ്പെടില്ല.

ഓരോരോ സമയത്തും ദൈവം മനുഷ്യന് ചില ദൗത്യങ്ങൾക്ക് വേണ്ടി സവിശേഷമായ സ്നേഹത്തിന്റെ കൃപ നൽകാറുണ്ട്.

ഉദാ : ഗർഭിണിയായ സ്ത്രീയ്ക്ക് കുഞ്ഞിനോട് തോന്നുന്ന സ്നേഹം.

ഗർഭകാലത്തിന്റെ സകല വൈഷമ്യങ്ങളും പിന്നിടാനും മാത്രം ഗർഭസ്ഥ ശിശുവിനോടുള്ള സ്നേഹം കൊണ്ട് ഓരോ ഗർഭിണിയും നിറയാറുണ്ട്.

അത് പോലെ മാതാപിതാക്കൾക്ക് മക്കളോടുള്ള സ്നേഹം, ഭാര്യാഭർതൃ സ്നേഹം, രാജ്യസ്നേഹം, സഹോദര സ്നേഹം, തിരുസഭയോടുള്ള സ്നേഹം.

ഇങ്ങനെ ഓരോരോ ബന്ധങ്ങൾക്ക് ഓരോരുത്തരിലും അത് നിലനിറുത്തുവാനും ഉറപ്പിക്കുവാനും ഉതകുമാറ് അതിന്റേതായ ദൗത്യങ്ങളും ഉത്തരവാദിത്വങ്ങളുമുണ്ട്.

എന്നാൽ സ്വയം ഹൃദയത്തിൽ ഉരുവാകുന്ന അൽപസ്നേഹത്തിനു സ്വന്തം കാര്യങ്ങൾ നോക്കുവാനും അതോടൊപ്പം ഇത്രയും ഭാരിച്ച കാര്യങ്ങൾ ഏറെ നാൾ വഹിക്കുവാനും മാത്രം ശക്തിയില്ല.

എന്നാൽ ദൈവസ്നേഹം ഹൃദയത്തിൽ വഹിക്കുവാനും ദൈവസ്നേഹത്താൽ ഹൃദയം നിറയ്ക്കുവാനും ദിവ്യകാരുണ്യം ഹൃദയത്തിൽ വഹിക്കുവാനും ദൈവവചനം ഹൃദയത്തിൽ സംഗ്രഹിക്കുവാനും വേണ്ടി നിർമ്മിക്കപ്പെട്ട മനുഷ്യഹൃദയത്തിൽ പരിശുദ്ധ കുർബാന ഏറ്റവും ഭക്തിയോടെയും ഒരുക്കത്തോടെയും സ്വീകരിക്കപ്പെടുമ്പോൾ ദൈവസ്നേഹത്തിന്റെ ഉറവ ഹൃദയത്തിൽ സ്ഥാപിക്കപ്പെടുന്നതിനാൽ സ്നേഹത്തിന്റെ ഒരിക്കലും തീരാത്ത ഒരു വെള്ളച്ചാട്ടം ആ നിസാരമനുഷ്യഹൃദയത്തിൽ നിന്നും അപ്പോൾ മുതൽ ഉത്ഭവിക്കുന്നു.

ദൈവത്തിന്റെ സ്നേഹം ദഹിപ്പിക്കുന്ന അഗ്നി പോലെയാകയാൽ ആ നിസാരമനുഷ്യഹൃദയത്തിന്റെ അവശേഷിക്കുന്ന കുറവുകളും മാലിന്യങ്ങളും ദിവ്യകാരുണ്യ ഈശോയുടെ സാന്നിധ്യത്തിൽ ശുദ്ധീകരിക്കപ്പെടും

നിസാരതയുടെ പാരമ്യത്തിൽ വസിക്കുന്ന, ഒരവകാശവും ഈശോയുടെ സ്നേഹത്തിനു വേണ്ടി സ്വയം ഉന്നയിക്കാൻ ആവാത്ത ഒരു ചെറിയ ആത്മാവ് ഈശോയെ സ്വമനസാ ഹൃദയത്തിൽ സ്വീകരിക്കുന്ന നിമിഷം മുതൽ സവിശേഷമായ വിധത്തിൽ അത് ഈശോയുടെ സ്നേഹത്തിനു പാത്രമാകുന്നു. ഈശോയുടേത് ഒക്കെയും അതിന്റേത് ആകുന്നു. അതിന്റെ വ്യക്തിപരമായ കാര്യങ്ങൾ ഒക്കെയും ഒരു ജീവിതപങ്കാളിയെ പോലെ നിത്യമായ ഒരു വിവാഹബന്ധത്തിൽ എന്നത് പോലെ ഈശോയുടേതും ആകുന്നു.

നമ്മുടെ ആകുലതകൾ, സ്വപ്‌നങ്ങൾ, സന്തോഷങ്ങൾ, സങ്കടങ്ങൾ എന്ന് വേണ്ട നമ്മുടെ ജീവിതവും ബന്ധുക്കളും കൂട്ടുകാരും വസിക്കുന്ന ദേശവും ജോലി ചെയ്യുന്ന ഇടവും എല്ലാം പ്രത്യേകമായ വിധത്തിൽ ഈശോയുടെ സ്വന്തമാകുന്നു.

ദിവ്യകാരുണ്യ സ്വീകരണത്തിന്റെ ആദ്യനാളുകളിൽ ഈശോയുടെ സ്നേഹം ആത്മാവിനെ നിരന്തരം ധൈര്യപ്പെടുത്തുന്നതിനാൽ അത് ആദ്യമാദ്യം ഈശോയെ മുഖമുയർത്തി നോക്കുവാൻ ധൈര്യപ്പെടുന്നു.

“അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്‌ജിതരാവുകയില്ല.”
(സങ്കീര്‍ത്തനങ്ങള്‍ 34 : 5)

ഈശോയുടെ കരുണാർദ്രമായ മുഖത്തിന്റെ സ്നേഹവും ശോഭയും അതിനെ പ്രകാശിതമാക്കുന്നതിനാൽ അത് വീണ്ടും ദിവ്യകാരുണ്യസ്വീകരണത്തിൽ അനുഭവപ്പെടുന്ന സ്നേഹപ്രകർഷം അനുഭവിക്കുന്നതിനായി ദൈവികപ്രസാദവരത്തിൽ ആയിരിക്കുവാൻ സ്വയം ശക്തിയിൽ അത് പരിശ്രമിക്കുമ്പോൾ ദൈവത്തിന്റെ പരിശുദ്ധാത്മാവ് അതിനെ ദയവോടെ സഹായിക്കുന്നു.

പതിയെ പതിയെ നാളുകൾ കഴിയും തോറും ഈശോയുടെ ദിവ്യകാരുണ്യ മുഖവുമായി ആത്മാവ് പരിചിതമാകുന്നു

പരിചയം കൂടും തോറും ഈശോയോടുള്ള തുറവിയും സ്വാതന്ത്ര്യവും സംഭാഷണവും കൂടും.

അങ്ങനെ സാധിക്കുന്ന സമയങ്ങളിലെല്ലാം ആത്മാവ് ഈശോയുടെ ചാരെ എത്താൻ തിടുക്കപ്പെടുന്നു. ഈശോയുടെ സന്നിധിയിൽ ഒത്തിരി കാര്യങ്ങൾ പറയാനായി ഓടിയെത്തുന്ന ആത്മാവ് അവിടുത്തെ സന്നിധിയിൽ എത്തുമ്പോൾ സ്നേഹാധിക്യത്തിൽ മുഴുകി അറിയാതെ നിശബ്ദമാകുന്നു.

ആത്മാവിന്റെ ആഴങ്ങളിൽ പരിശുദ്ധാത്മാവ് തരുന്ന സ്നേഹബോധ്യങ്ങൾ ആത്മാവിനെ ഈശോയോടുള്ള അനിർവചനീയമായ ഒരു നന്ദിയിലേയ്ക്ക് നയിക്കും. ഈ കൃതജ്ഞതാ നിർഭരമായ ആത്മീയ അവസ്ഥയിൽ ഹൃദയത്തിലുണ്ടാകുന്ന അവാച്യമായ സ്നേഹസ്പന്ദനങ്ങളാണ് യഥാർത്ഥ ആരാധന.

ഈശോ എന്ന വാക്കു കേട്ടാൽ പോലും ഹൃദയത്തിൽ സ്നേഹം നിറയുന്ന അവസ്ഥ.

ഈശോ സ്നേഹിക്കുന്നവരെ കുറിച്ച് (വിശുദ്ധരെ കുറിച്ച്) കേട്ടാലും അവരുടെ ജീവിതത്തിലെ ഈശോയുടെ സ്നേഹത്തെ കുറിച്ച് ആഹ്ലാദം അനുഭവിക്കുന്ന അവസ്ഥ.

നിരന്തരം ഒഴുകുന്ന ഒരുറവയുടെ കീഴിൽ ആയിരിക്കുന്ന ഒരു പാത്രത്തിന്റെ വക്കോളം വെള്ളം നിറഞ്ഞു കവിഞ്ഞൊഴുകുന്നത് പോലെയാണ് പരിശുദ്ധ കുർബാന യോഗ്യതയോടെ സ്വീകരിച്ചു പ്രസാദവരത്തിൽ ആയിരിക്കുന്ന ഒരാത്മാവിന്റെ അവസ്ഥ.

ചുറ്റിലും പല പാത്രങ്ങളിൽ / ജീവിതങ്ങളിൽ വെള്ളമുണ്ടെങ്കിലും / സ്നേഹമുണ്ടെങ്കിലും ഇല്ലെങ്കിലും അതിനു പ്രശ്നമില്ല, എന്ന് മാത്രമല്ല എല്ലാ ആത്മാക്കളും ദിവ്യകാരുണ്യ സ്നേഹത്താൽ നിറഞ്ഞു കവിയണം എന്ന് അതാഗ്രഹിക്കും.

എല്ലാം ദാനം എന്ന് മനസിലാകുന്നതിനാൽ അതിനു അഹങ്കാരം തോന്നുകയില്ല, ഉള്ളത് പങ്കു വയ്ക്കാനും അത് തയ്യാറാകും.

ദിവ്യകാരുണ്യ ഈശോയുടെ സ്നേഹം എങ്ങനെയാണു പങ്കു വയ്ക്കുന്നത്!

ഒന്നാമതായി ദിവ്യകാരുണ്യത്തിന്റെ സ്നേഹാനുഭവം പരസ്പരം പറയാം.

ഈശോ ഒരു വ്യക്തി ആണെന്നും ഈശോയെ സമീപിക്കുന്ന ഏതൊരുവനും അവിടുത്തെ വ്യക്തിപരമായ സ്നേഹത്തിനു പാത്രമാകും എന്നും പറയാം.

പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ ആത്മാവിൽ തോന്നുന്ന കാര്യങ്ങൾ പ്രവർത്തികമാക്കാം.

അതൊരു പക്ഷെ പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഏറ്റവും മുൻപിൽ നിൽക്കുന്നതാകാം.

പ്രാർത്ഥനകൾ ഉറക്കെ ചൊല്ലുന്നതാകാം.

പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കുമ്പോൾ ഒക്കെയും പോകുന്നതാകാം.

പരിശുദ്ധ കുർബാന കഴിഞ്ഞു ഈശോയ്ക്ക് നന്ദി പറയാൻ കുറച്ചു നേരം ദൈവാലയത്തിൽ ഇരിക്കുന്നതാകാം.

പരിശുദ്ധ കുർബാനയുടെ സ്നേഹ നിമിഷങ്ങളിൽ ഈശോയോട് ആത്മാവ് മന്ത്രിക്കുന്നതൊന്നും അതിനു നിഷേധിക്കപ്പെടുകയില്ലാത്തതിനാൽ അനേകർക്ക് വേണ്ടി ആ സമയത്തു പ്രാർത്ഥിക്കുന്നതാകാം.

ദിവ്യകാരുണ്യ സ്വീകരണത്തിന്റെ ഏറ്റവും മനോഹാരിത അതിന് പുറകിലെ പിതാവായ ദൈവത്തിന്റെ സ്നേഹം നാം തിരിച്ചറിയുന്നു എന്നതാണ്.

“കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും.”
(1 യോഹന്നാന്‍ 3 : 1)

സഹായകനും സ്വർഗീയ അദ്ധ്യാപകനുമായ പരിശുദ്ധാത്മാവാണ് ദിവ്യകാരുണ്യസ്നേഹത്തിൽ നമ്മെ നിലനിറുത്തുന്നതും അതിന്റെ ആഴങ്ങളിലേയ്ക്ക് കൂട്ടികൊണ്ട് പോകുന്നതും.

പരിശുദ്ധ കുർബാന ജീവൻ പകരുന്നതാകയാൽ അതിന്റെ ചാരെ ചെല്ലാതിരിക്കാനും അതിൽ ഒരുക്കത്തോടെ പങ്കെടുക്കാതിരിക്കാനും പിശാച് വളരെയേറെ തടസങ്ങൾ സൃഷ്ടിക്കാറുണ്ട്.

അതിനാൽ മനഃപൂർവം ദിവസം മുഴുവൻ ദിവ്യകാരുണ്യ ഈശോയുടെ കരവലയത്തിൽ ചേർന്ന് നിൽക്കാൻ നാം പരിശുദ്ധാത്മാവിന്റെ സഹായം നിരന്തരം തേടണം.

പരിശുദ്ധാത്മാവ് എപ്പോഴും നമ്മെ സഹായിക്കാൻ സന്നദ്ധനും അതിനായി സ്നേഹത്തോടെ കാത്തിരിക്കുന്നവനുമാണ്. തന്റെ നേരെ തിരിയുന്ന ഓരോ ആത്മാവിനോടും അവിടുന്ന് കാണിക്കുന്ന സ്നേഹം അവർണനീയമാണ്.

“ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവു നമുക്കു നല്‍കിയെന്നും നാം അറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്‌തുവിലും ആണ്‌. ഇവനാണു സത്യദൈവവും നിത്യജീവനും.”
(1 യോഹന്നാന്‍ 5 : 20)

നിരന്തരം നമ്മുടെ ഹൃദയത്തിലേയ്ക്ക് ദൈവസ്നേഹം ഒഴുക്കുന്ന ദിവ്യകാരുണ്യത്തിൽ നിന്നും നാം കുറച്ചെങ്കിലും മാറി പോയാൽ ഹൃദയത്തിലെ ദൈവസ്നേഹം കുറച്ചൊക്കെ നിൽക്കുമെങ്കിലും ക്രമേണ അത് കുറഞ്ഞു കൊണ്ടിരിക്കും

ഒരു കുഞ്ഞുണ്ടാകുമ്പോൾ അമ്മയുടെ ഹൃദയം സ്നേഹം കൊണ്ടു നിറഞ്ഞു വാ തോരാതെ കുഞ്ഞിനെ കുറിച്ച് ഏതു സംഭാഷണത്തിലും എന്തെങ്കിലും ഒക്കെ സ്നേഹത്തോടെ പറയുന്നത് പോലെ പരിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ ദൈവസ്നേഹം കൊണ്ട് നിറയുന്ന ആത്മാവ് ആരോടും എപ്പോഴും ഏതു സമയത്തിലും സാഹചര്യത്തിലും ഈശോയെ കുറിച്ച് സ്നേഹത്തോടെ പറഞ്ഞു കൊണ്ടേയിരിക്കും

എന്നാൽ ദിവ്യകാരുണ്യം പലനാളുകൾ ഒരുക്കത്തോടെ സ്വീകരിക്കാതെയാൽ ഈ സ്നേഹം പതിയെ പതിയെ ഹൃദയത്തിൽ നിന്നും അപ്രത്യക്ഷമായി തുടങ്ങുന്നു.

ദിവ്യകാരുണ്യ ഈശോയുടെ സ്നേഹം വിദൂരമായ ഒരോർമ മാത്രമാകുന്നു. ഓർമ്മകൾ ഹൃദയത്തിന് ഒരുണർവ് തരുമെങ്കിലും ആത്മാവിൽ ദൈവസ്നേഹമുണരുവാൻ മാത്രം പര്യാപ്തമല്ല.

ആ സമയങ്ങളിൽ ചെയ്യാവുന്നത് ഒന്ന് മാത്രം, പരിശുദ്ധാത്മാവിന്റെ സഹായം അപേക്ഷിച്ചു നന്നായി ആത്മ ശോധന ചെയ്തു കുമ്പസാരിച്ചു ആത്മാവ് വീണ്ടും പ്രസാദവരത്തിന്റെ പരിശുദ്ധിയിൽ ആകാൻ സാധ്യമായ ഏറ്റവും അടുത്ത സമയത്തു തന്നെ സ്വയം പരിശ്രമിക്കണം.

“നമ്മുടെ ബലഹീനതയില്‍ ആത്മാവ്‌ നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞു കൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവു തന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. ഹൃദയങ്ങള്‍ പരിശോധിക്കുന്നവന്‍ ആത്മാവിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാല്‍, ആത്‌മാവ്‌ ദൈവഹിതമനുസരിച്ചാണ്‌ വിശുദ്ധര്‍ക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നത്‌. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.”
(റോമാ 8 : 26-28)

ശിക്ഷയെ കുറിച്ചുള്ള ഭയത്തേക്കാളും ഉപരിയായി ഈശോയെ വേദനിപ്പിച്ചു എന്നതും എന്നിട്ടും പിന്നെയും ഈശോ പരിപൂർണമായി ക്ഷമിച്ചു ദൈവമക്കളുടെ അവസ്ഥയിൽ പിതാവായ ദൈവത്തെ അപ്പാ എന്ന് വിളിക്കുമ്പോൾ എന്താണ് കുഞ്ഞേ എന്ന് മറുപടി തരത്തക്ക വിധത്തിൽ പുന പ്രതിഷ്ഠിച്ചു എന്ന അറിവിൽ നിന്നും ഉണ്ടാകുന്ന നന്ദിയും എന്നതുമാകണം കുമ്പസാരസമയത്ത് കണ്ണിൽ നിന്നും പൊഴിയുന്ന കണ്ണുനീർതുള്ളികളുടെ അർത്ഥം.

കുമ്പസാരത്തിനു ശേഷം ഒരുക്കത്തോടെ വീണ്ടും സ്വീകരിക്കുന്ന പരിശുദ്ധ കുർബാന ഓരോന്നിനും ആദ്യകുർബാനയുടെ മാധുര്യമുണ്ട്.

ഓരോ കുമ്പസാരത്തിലും സ്വർഗം മുഴുവനും സന്തോഷിക്കുന്നുണ്ട്.

ഓരോ പരിശുദ്ധ കുർബാന സ്വീകരണത്തിലും ചുറ്റും മാലാഖമാരുടെ ആനന്ദഗീതങ്ങൾ മുഴങ്ങുന്നുണ്ട്.

കാൽവരിമലയിൽ ഈശോ നടന്ന വഴിയിൽ ആർക്കും വേണ്ടതെയെന്ന പോലെ ഈശോയുടെ മുറിവുകളിൽ നിന്നും പൊഴിഞ്ഞ തിരുരക്തത്തുള്ളികൾ പോലെ, ചമ്മട്ടിയടികളിൽ ചിതറി തെറിച്ച ഈശോയുടെ തിരു മാംസശകലങ്ങൾ പോലെ ഇന്നും എത്രയോ പരിശുദ്ധ കുർബാനകളിൽ പങ്കെടുക്കുന്ന ഞാനും മറ്റ്‌ മനുഷ്യരും, ഈശോ സ്നേഹത്തോടെ സ്വന്തം കയ്യാൽ ദിവ്യകാരുണ്യം വിളമ്പിയിട്ടും ഭുജിക്കാതെയിരുന്നതിനാൽ സ്നേഹശൂന്യതയിൽ പിടയുന്ന എത്രയോ ജീവൻ തുടിക്കുന്ന തിരുവോസ്തികൾ സക്രാരിയിലേയ്ക്ക് വീണ്ടും തിരിച്ചു പോയിരിക്കുന്നു !!!

പരിശുദ്ധ കുർബാന എന്റെ ജീവനും ആത്മീയ ജീവൻ പോഷിപ്പിക്കുന്ന ജീവന്റെ അപ്പവും ആകയാൽ അത് അനുദിനം ഞാൻ യോഗ്യതയോടെ ഭക്ഷിക്കുന്നു എന്ന് ഞാൻ തന്നെ ഉത്തരവാദിത്വത്തോടെ ഉറപ്പു വരുത്തേണ്ടതാണ്.

എന്റെ നിത്യത എന്റെ മാത്രം തീരുമാനമാണ്.

അതിലേക്കുള്ള ജീവന്റെ എല്ലാ വഴികളും എന്റെ മുൻപിൽ തുറന്നു കിടക്കുന്നു.

എന്റെ ദൈവത്തിന്റെ നിത്യസ്നേഹത്തിൽ, എന്റെ ഈശോ എനിക്കായി നിത്യമായി ഒരുക്കിയ വസതിയിലേക്കുള്ള യഥാർത്ഥ വാതിൽ ആണ് ദിവ്യകാരുണ്യം.

“അതുകൊണ്ട്‌ യേശു വീണ്ടും പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാനാണ്‌ ആടുകളുടെ വാതില്‍. എനിക്കു മുമ്പേ വന്നവരെല്ലാം കള്ളന്‍മാരും കവര്‍ച്ചക്കാരുമായിരുന്നു. ആടുകള്‍ അവരെ ശ്രവിച്ചില്ല.
ഞാനാണ്‌ വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്‌ഷ പ്രാപിക്കും. അവന്‍ അകത്തു വരുകയും പുറത്തു പോവുകയും മേച്ചില്‍സ്‌ഥലം കണ്ടെത്തുകയും ചെയ്യും.”
(യോഹന്നാന്‍ 10 : 7-9)

ഇപ്പോൾ ഞാൻ പ്രസാദവരത്തിലാണോ കൃപയിലാണോ എന്ന് ആത്മശോധന ചെയ്യാം. ഇപ്പോൾ മരിച്ചാൽ ഞാൻ സ്വർഗത്തിൽ പോകുമോ എന്നാലോചിക്കാം.

നാം മരിക്കാൻ അര മണിക്കൂറു കൂടിയേ ഉള്ളൂ എന്ന് ചിന്തിക്കുകയാണെങ്കിൽ ആരോടെങ്കിലും നമ്മൾ ക്ഷമിക്കാതെ ഇരിക്കുമോ? ക്ഷമിച്ചാൽ അല്ലേ ഈശോയുടെ ക്ഷമ നമുക്കും കിട്ടുകയുള്ളൂ. ഒന്ന് കൂടെ കുമ്പസാരിക്കാനും ഏറ്റവും ഒരുക്കത്തോടെ രോഗീലേപനം സ്വീകരിക്കാനും നാം കൊതിക്കും.

അത് പോലെ തന്നെ മരിക്കാറായി വീടുകളിലും ആശുപത്രികളിലും കിടക്കുന്ന ആളുകൾക്കും നമുക്കെന്നത് പോലെ ദിവ്യകാരുണ്യ ഈശോയെ ആവശ്യമാണ്. അവർക്കും രോഗീലേപനം ലഭിയ്ക്കുവാൻ അവസരം ഒരുക്കാം.

എന്നാൽ ജീവിച്ചിരിക്കുമ്പോൾ ജീവനിൽ ആയിരിക്കാൻ ദിവ്യകാരുണ്യസ്വീകരണത്തിലൂടെ സാധിക്കും.

“എന്നാല്‍, അവിടുന്ന്‌ എന്നോട്‌ അരുളിച്ചെയ്‌തു: നിനക്ക്‌ എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ്‌ എന്റെ ശക്‌തി പൂര്‍ണമായി പ്രകടമാകുന്നത്‌. ക്രിസ്‌തുവിന്റെ ശക്‌തി എന്റെ മേല്‍ ആവസിക്കേണ്ടതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും.”
(2 കോറിന്തോസ്‌ 12 : 9)

ബലവാനായ ദിവ്യകാരുണ്യത്തിന്റെ ഉള്ളിൽ ബലഹീനരായ നമുക്ക് ശിശുസഹജമായ സ്നേഹത്തോടെയും പൂർണ ശരണത്തോടെയും ഓരോ നിമിഷവും ആയിരിക്കാം.

“എന്നാല്‍, പ്രിയപ്പെട്ടവരേ, നിങ്ങള്‍ പരിശുദ്ധാത്മാവില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്‌, നിങ്ങളുടെ പവിത്രമായ വിശ്വാസത്തില്‍ അഭിവൃദ്ധി പ്രാപിക്കുവിന്‍. നിത്യജീവിതത്തിനായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ കാരുണ്യത്തെ ഉറ്റുനോക്കിക്കൊണ്ട്‌ ദൈവസ്‌നേഹത്തില്‍ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിന്‍.”
(യൂദാസ്‌ 1 : 20-21)

“വീഴാതെ നിങ്ങളെ കാത്തുകൊള്ളാനും തന്റെ മഹത്വത്തിന്റെ സന്നിധിയില്‍ നിങ്ങളെ കളങ്കരഹിതരായി സന്തോഷത്തോടെ നിറുത്താനും കഴിവുള്ള നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴി നമ്മുടെ രക്‌ഷകനായ ഏക ദൈവത്തിനു സ്‌തുതിയും മഹത്വവും ശക്‌തിയും ആധിപത്യവും സര്‍വകാലത്തിനുമുന്‍പും ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കട്ടെ.”
ആമേന്‍.

(യൂദാസ്‌ 1 : 24-25)

അങ്ങയുടെ ഉപാധികളില്ലാത്ത ആദ്യസ്നേഹത്താൽ എനിക്ക് കൈ വന്ന മഹാ ഭാഗ്യമായ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment