ദിവ്യകാരുണ്യഈശോ: ചെറിയ ആത്മാക്കളുടെ വലിയ സ്നേഹിതൻ
ദിവ്യകാരുണ്യ ഈശോയെ കുറിച്ചു വീണ്ടും എഴുതാൻ തുടങ്ങുമ്പോൾ അവിടുത്തെ സൗഹൃദത്തെകുറിച്ച് അല്ലാതെ വേറെന്താണ് പറയേണ്ടത്!
നമ്മുടെ ജീവിതത്തിൽ ചെറുപ്പം മുതൽ കൂട്ടുകാർ ഉണ്ടായി എന്ന് വരാം. ചിലർക്ക് ജീവിതത്തിന്റെ പലപല ഘട്ടങ്ങളിൽ മിത്രങ്ങൾ വന്നു ചേർന്നു എന്ന് വരാം. എന്നാലും നമ്മുടെ കുറവുകളും പോരായ്മകളും പൂർണമായി അറിയുന്ന വളരെ ചുരുക്കം പേരെ കാണുകയുള്ളൂ.
ജീവിതത്തിൽ വലിയൊരു കാര്യമാണ് നമുക്ക് സംസാരിക്കാൻ തോന്നുമ്പോൾ നമുക്ക് മതിയാവോളം നമ്മെ കേൾക്കാൻ ആളുണ്ടാവുക എന്നത്.
മാനുഷിക സൗഹൃദങ്ങൾ നമ്മെ കേൾക്കും, എന്നാൽ ജീവിതത്തിൽ ഓരോരുത്തർക്കും സമയത്തിന്റെ പരിമിതികൾ ഉണ്ടല്ലോ. ഒരുവൻ പറയാൻ ആഗ്രഹിക്കുന്നത്രയും കേൾക്കാൻ വേറൊരു മനുഷ്യന് കഴിഞ്ഞു എന്ന് വരികയില്ല. അത് പോലെ നാം പറയുന്ന കാര്യങ്ങൾ നാം ഉദ്ദേശിക്കുന്നത് പോലെ മറ്റുള്ളവർ മനസിലാക്കണം എന്നുമില്ല. ഒരു പക്ഷെ കഠിനമായ മനോവേദനകൾ പങ്കു വയ്ക്കുമ്പോൾ കേൾക്കുന്നവർക്ക് അത് തമാശയായി തോന്നി ഇത്രേയുള്ളൂ എന്ന് പറഞ്ഞു ചിരിച്ചേക്കാം. ഒരു പക്ഷെ തമാശ പറഞ്ഞാൽ പെട്ടെന്ന് കേൾക്കുന്ന ആൾക്ക് അത് മനസ്സിലാകണമെന്നില്ല. സന്തോഷം പങ്കു വച്ചാൽ നമ്മുടെ സന്തോഷം മറ്റുള്ളവരിൽ പ്രതിഫലിക്കണമെന്നില്ല, സ്വപ്നം പങ്കു വച്ചാൽ “നീയോ!” എന്നുള്ള ഒറ്റ ചോദ്യത്തിൽ അത് നിസാരവൽക്കരിക്കപ്പെട്ടേക്കാം. നമ്മുടെ ഉത്സാഹം കെടുത്തിയേക്കാം.
വേറൊന്നുള്ളത് നമ്മുടെ ഏറ്റവും വ്യക്തിപരമായ കാര്യങ്ങൾ, മുറിവുകൾ, ഭയങ്ങൾ എന്നിവ എത്ര അടുപ്പമുണ്ടെങ്കിലും വേറേ ഒരാളോട് പങ്കു വയ്ക്കുവാൻ ചിലർക്കെങ്കിലും മടി കാണും.
ചിലർക്ക് ഉറ്റ സൗഹൃദങ്ങൾ കാണും, എന്നാൽ കാലം കഴിയും തോറും സൗഹൃദങ്ങളുടെ ശോഭ മങ്ങി പതിയെ എന്നേയ്ക്കുമായി നേരത്തെ നിലനിന്നിരുന്നില്ല എന്ന് തോന്നിക്കുമാറു ആ സൗഹൃദം മാഞ്ഞു മറഞ്ഞു പോയേക്കാം. പഴയകാലങ്ങൾ ഓർക്കുമ്പോൾ മാത്രം മനസ്സിൽ വരുന്ന ഓർമകളായി അത് മാറിയേക്കാം.
മാനുഷിക സൗഹൃദങ്ങൾ മാറിയേക്കാം. നമ്മുടെ കാര്യങ്ങൾ നാമില്ലാത്തപ്പോൾ പരസ്പരം പറഞ്ഞു ചിരിച്ചേക്കാം. സൗഹൃദം മുറിയുമ്പോൾ നമ്മെ ഹൃദയത്തിൽ കുത്തി മുറിവേല്പിച്ചേക്കാം.
ഊഷ്മളമായ സൗഹൃദങ്ങൾ സാഹചര്യങ്ങൾ മൂലം പരസ്പരമൗനത്തിന്റെ മഞ്ഞുപാളിയിൽ അമർന്നേക്കാം.
എന്നാൽ സ്വയം കുറഞ്ഞും സുഹൃത്തുക്കൾക്കായി സമയം കണ്ടെത്തുന്നവരുണ്ട്. ഒരിക്കലും സമയമില്ല, തിരക്കാണ് എന്നൊന്നും പറഞ്ഞൊഴിയാത്തവർ. എങ്കിലും അവരിലും കുറവുകൾ കണ്ടേക്കാം.
കാരണം മാനുഷിക സൗഹൃദങ്ങൾ എത്ര ശ്രമിച്ചാലും 100% പെർഫെക്ട് ആവുകയില്ലല്ലോ
എന്നാൽ കഴിഞ്ഞ ദിവസം പരിശുദ്ധ കുർബാനയുടെ ആരാധനയുടെ നേരത്തു ദിവ്യകാരുണ്യ ഈശോയുടെ മുൻപിൽ ഞാൻ നിശബ്ദമായി ഇരുന്നപ്പോൾ അവിടുന്ന് പറയുന്നത് പോലെ തോന്നി.
നീ എനിക്കായി നിന്റെ ഹൃദയം തുറക്കുക, എന്നോട് സംസാരിക്കാൻ നിന്റെ അധരം തുറക്കുക, നിന്റെ ഹൃദയവും ഹൃദയരഹസ്യങ്ങളും എന്നോട് ഇപ്പോൾ പങ്കു വയ്ക്കുക.
അപ്പോഴാണ് എന്റെ മനസ്സിൽ ആ ചിന്ത വന്നത്.
ഇതാ എന്നെ കേൾക്കാൻ ധാരാളം സമയമുള്ള ഒരു നല്ല സ്നേഹിതൻ.
“എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു.”
(യോഹന്നാന്‍ 15 : 15)
ദിവ്യകാരുണ്യ സന്നിധിയിൽ എന്നത് പോലെ വേറേ ഒരിടത്തും നമ്മെ ഇത് പോലെ ശ്രവിക്കുന്ന ഒരാൾ വേറെയില്ല. കേൾക്കുന്നത് മാത്രമല്ല, പറയാൻ ശ്രമിക്കുന്ന കാര്യങ്ങളും പറയാൻ പറ്റാതെ മനസ്സിൽ വിങ്ങുന്ന സങ്കടങ്ങളും അവിടുന്ന് അറിയുന്നു.
ഒന്നാമതായി നമ്മൾ യഥാർത്ഥത്തിൽ മനസിലാക്കേണ്ടത് ഈശോ നമ്മളെപ്പോലെ ജീവനുള്ള ഒരാളാണ് എന്നാണ്. അവിടുത്തേയ്ക്ക് നമ്മെ നാമായിരിക്കുന്നത് പോലെ മനസിലാകും.
ഒരു മനുഷ്യന്റെ സങ്കടങ്ങൾ മനുഷ്യനായി അവതരിച്ചു പാപമൊഴികെ മറ്റെല്ലാ കാര്യങ്ങളിലും മനുഷ്യന് സമനായ മനുഷ്യപുത്രന് അല്ലാതെ വേറേ ആർക്കാണ് മനസിലാകുന്നത്
യേശുക്രിസ്‌തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ്.
ഹെബ്രായര്‍ 13 : 8
പിതാവിന്റെ ഏക ജാതനായി ജീവിച്ചിരുന്നത് പോലെ, നസറത്തിൽ ജീവിച്ചിരുന്നത് പോലെ, പരസ്യജീവിതകാലത്തു ജീവിച്ചിരുന്നത് പോലെ, ഇപ്പോൾ നമ്മുടെ മുൻപിൽ ദിവ്യകാരുണ്യമായിരിക്കുമ്പോഴും ഒരു നാൾ സർവപ്രതാപത്തോടെയും നമ്മെ അവിടുന്നിൽ എന്നേയ്ക്കും സ്നേഹത്തിൽ ചേർക്കാനായി വരുമ്പോഴും ഈശോ ഒരേ ആൾ തന്നെയാണ്.
ഇന്ന് സ്നേഹിതരായിരിക്കുന്നവർക്ക് ഈശോ അന്നും സ്നേഹിതൻ തന്നെയായിരിക്കും.
ഈശോയിൽ ആനന്ദിച്ചു കൊണ്ട് കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ അവിടുത്തോട് പറയാം.
“കര്‍ത്താവില്‍ ആനന്ദിക്കുക;
അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും.”
(സങ്കീര്‍ത്തനങ്ങള്‍ 37 : 4)
നമ്മുടെ സങ്കടങ്ങളിൽ അവിടുന്ന് ഭൂമിയിൽ ഒരു സ്നേഹിതൻ എങ്ങനെ പെരുമാറുന്നുവോ അങ്ങനെയാണ് പെരുമാറുന്നത്. നമ്മുടെ മനസിലെ വിഷമങ്ങളും വേറേ ആർക്കും കേട്ടാൽ മനസിലാകാത്ത നമ്മൾ അഭിമുഖീകരിക്കുന്ന തനതായ പ്രശ്നങ്ങളും ഭൂമിയിൽ വേറേ ഒരാൾക്കും പരിഹരിക്കാൻ സാധ്യമല്ലാത്ത കാര്യങ്ങളും കൊഴിഞ്ഞു പോയ സ്വപ്നങ്ങളും പൊഴിഞ്ഞു വീണ കണ്ണീരുകളുടെ കഥയും ഈശോയോട് പറയാം.
“അവളും അവളോടുകൂടെ വന്ന യഹൂദരും കരയുന്നതു കണ്ടപ്പോള്‍ യേശു ആത്മാവില്‍ നെടുവീര്‍പ്പിട്ടുകൊണ്ട് അസ്വസ്‌ഥനായി ചോദിച്ചു:
അവനെ അടക്കിയിരിക്കുന്നത് എവിടെയാണ്?
അവര്‍ അവനോടു പറഞ്ഞു: കര്‍ത്താവേ, വന്നു കാണുക.
യേശു കണ്ണീര്‍ പൊഴിച്ചു.
യോഹന്നാന്‍ 11 : 33-35
എന്നാൽ ഈശോ കൂടെയിരുന്നു ആശ്വസിപ്പിക്കുകയും കരയുകയും ചെയ്യുക മാത്രമല്ല നാം ഏതു കാര്യത്തിനാണോ കരഞ്ഞത് അതിൽ ഇടപെട്ട് പരിഹരിച്ചു തരും.
അവിടുത്തേയ്ക്ക് എല്ലാം സാധ്യമാണെന്ന് നാം വിശ്വസിച്ചാൽ മാത്രം മതി.
“യേശു അവളോടു ചോദിച്ചു: വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ?”
(യോഹന്നാന്‍ 11 : 40)
സർവ സൃഷ്ടികളും ഈശോയുടെ അധികാരത്തിന്റെ കീഴിലാണ്. കാലങ്ങളും കാലഭേദങ്ങളും അവിടുത്തെ കീഴിലാണ്. എന്നാൽ അവിടുത്തെ അനന്തമായ ജ്ഞാനത്തിലും അതിരറ്റ സ്നേഹത്തിലും കാലത്തിന്റെ പൂർണതയിൽ അവിടുന്ന് മനുഷ്യനെ തന്നോട് സമനാക്കി, സ്നേഹിതനാക്കി.
നാം ജീവിക്കുന്നത് അത്യുന്നതനായ ദൈവത്തിന്റെ യഥാർത്ഥ സ്നേഹിതരാകാൻ സാധിക്കുന്ന അത്ഭുതകരമായ കൃപയുടെയും അനന്തമായ കരുണയുടേയും കാലത്തിലാണ്.
പഴയനിയമത്തിൽ ദൈവത്തെ നോക്കാൻ കഴിയാതെ ഇസ്രായേൽക്കാർ ഭയപ്പെട്ടു നിലവിളിച്ചു, അവിടുത്തെ നാമം ബഹുമാനത്താലും ഭയം കൊണ്ടു വിറച്ചതിനാലും ഉച്ചരിക്കാൻ അവർക്ക് ധൈര്യം വന്നില്ല. അവരുടെ ദൈവാലയത്തിലെ അതി പരിശുദ്ധ സ്ഥലത്തിന്റെ വിരികൾ ഈശോ കുരിശിൽ മരിക്കുന്നതു വരെയുള്ള സമയത്തു സാധാരണക്കാരനു അപ്രാപ്യമായി അടഞ്ഞു കിടന്നു.
അവരുടെ സങ്കല്പത്തിൽ ദൈവം അവരുടെ ചിന്തകൾക്കതീതനായിരുന്നു. അത് കൊണ്ടാണ് സ്നേഹിതാ എന്ന് വിളിച്ചിട്ടും ഈശോയെ അവർക്ക് മനസിലാകാതെ പോയത്.
അവർക്ക് ഒരു ദൈവാലയമേ ഉണ്ടായിരുന്നുള്ളൂ.
എന്നാൽ ഇന്നോ…
“ശിശുവിന്റെ പരിച്‌ഛേദനത്തിനുള്ള എട്ടാംദിവസം ആയപ്പോള്‍, അവന്‍ ഗര്‍ഭത്തില്‍ ഉരുവാകുന്നതിനുമുമ്പ്, ദൂതന്‍ നിര്‍ദേശിച്ചിരുന്ന, യേശു എന്ന പേര് അവനു നല്‍കി.”
(ലൂക്കാ 2 : 21)
ഏതൊരാൾക്കും ഏതൊരവസ്ഥയിലും സ്നേഹത്തോടെ വിളിക്കാനായി മാലാഖ വഴി യൗസേപ്പിതാവിലൂടെ നമുക്ക് ഈശോ എന്ന നാമം കിട്ടി.
നാം വസിക്കുന്നിടത്തു നിന്നും അടുത്തായി ഈശോ തിരുവോസ്തിരൂപനായി വസിക്കുന്ന എത്രയോ ദൈവാലയങ്ങൾ.
“എന്നാല്‍, അവിടെവച്ച് നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും കൂടെ അന്വേഷിച്ചാല്‍ നിങ്ങള്‍ അവിടുത്തെ കണ്ടെത്തും.”
(നിയമാവര്‍ത്തനം 4 : 29)
ഓരോ ദൈവാലയത്തിലും നമ്മുടെ സമയത്തിനും സൗകര്യത്തിനുമനുസൃതമായി ക്രമീകരിക്കപ്പെട്ടിരിക്കുന്ന
മാനവവംശത്തിന്റെ രക്ഷാവാഗ്ദാനമായ പരിശുദ്ധ കുർബാന.
സെഹിയോൻ ശാലയിൽ പരിശുദ്ധ കുർബാന സ്ഥാപിക്കപ്പെട്ട നിമിഷങ്ങളിൽ
“ശിഷ്യന്‍മാരില്‍ യേശു സ്‌നേഹിച്ചിരുന്നവന്‍ അവന്റെ വക്ഷസ്സിലേക്കു ചാരിക്കിടന്നിരുന്നു.”
(യോഹന്നാന്‍ 13 : 23)
പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന ഓരോരുത്തരും ഈശോയുടെ ഹൃദയത്തിൽ ചാരി അവിടുത്തെ ഹൃദയത്തുടിപ്പുകൾ കേട്ടു കൊണ്ടാണ് അതിൽ പങ്കു ചേരുന്നത്.
പരിശുദ്ധ കുർബാനയ്ക്കായി തിരുവസ്ത്രങ്ങൾ അണിയുമ്പോൾ വൈദികൻ അതിൽ മറഞ്ഞു ദിവ്യബലിയർപ്പിക്കുന്നത് മിശിഹാ തന്നെ ആയി മാറുന്നു.
സാധാരണ മനുഷ്യർക്ക് ചിലപ്പോൾ പരിശുദ്ധകുർബാനയുടെ ആഴവും അർത്ഥവും ഭാഷയും പൂർണമായി മനസിലായില്ല എന്ന് വരും. എന്നാൽ ആത്മാവിന്റെ ആഴങ്ങളിൽ ഒന്നറിയാം, അതിന്റെ ഏകനിത്യ സ്നേഹിതനായ ഒരുവൻ അതിനു പ്രാണനേകാനായി അവന്റെ പ്രാണൻ ബലിയായി അർപ്പിച്ചു അതിനോടൊത്തു നിത്യതയോളം വസിക്കാനായി അതിനു ഭോജ്യമായി രൂപാന്തരപ്പെടുന്നു.
പരിശുദ്ധകുർബാനയുടെ മഹനീയ നിമിഷങ്ങളിൽ എന്റെ നേരെ നീട്ടപ്പെടുന്ന ദിവ്യകാരുണ്യത്തെ നോക്കുമ്പോൾ ലോകത്തോട് ഞാനെന്താണ് പറയേണ്ടത്?
” ജറുസലെംപുത്രിമാരേ, ഇതാണ്‌എന്റെ പ്രിയന്‍, ഇതാണ് എന്റെ തോഴന്‍.”
(ഉത്തമഗീതം 5 : 16)
എന്നല്ലാതെ…
ദിവ്യകാരുണ്യം അരൂപിയിൽ സ്വീകരിക്കുന്ന സമയത്ത് അവിടുന്ന് എത്ര സ്നേഹത്തോടെ ആണ് നമ്മുടെ ആത്മാവിൽ വരുന്നത്!
“നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്‌ഠജനതയാണുള്ളത്?”
(നിയമാവര്‍ത്തനം 4 : 7)
ഈശോ വസിക്കുന്ന എത്രയോ സക്രാരികൾ നമ്മുടെ ദേശത്തുണ്ട്, വീടിന്റെ സമീപത്തുണ്ട്.
ഒരു പ്രധാനപ്പെട്ട ഭരണാധികാരിയോ മറ്റോ നമ്മുടെ ദേശത്തു വരുന്ന സമയത്ത് കാണാൻ ചെന്നാൽ നമുക്ക് ധാരാളം വിലയേറിയ സമ്മാനങ്ങൾ കിട്ടുമെന്നിരിക്കെ നാം ആരെങ്കിലും ആ സമ്മാനങ്ങൾ വേണ്ടെന്നു വയ്ക്കുമോ!
എന്നാൽ സമ്മാനങ്ങളെക്കാളും ഉപരിയല്ലേ ആ ഉന്നത വ്യക്തിയെ കാണാനുള്ള അവസരം തന്നെ.
എന്നാൽ നമ്മുടെ ദേശത്തു വസിക്കുന്ന ഈശോയെ വേണ്ട വിധം നാം ബഹുമാനിക്കുന്നുണ്ടോ? സാധിക്കുമ്പോൾ ഒക്കെയും അവിടുത്തെ പോയി കാണാറുണ്ടോ?
ഒരു സ്നേഹിതൻ എന്നത് പോലെ അവിടുത്തെ കാര്യങ്ങൾ നോക്കാറുണ്ടോ?
ചെറുപ്പത്തിൽ ആദ്യകുർബാന കഴിഞ്ഞുള്ള നാളുകളിൽ പരിശുദ്ധ കുർബാനയുടെ പ്രദക്ഷിണത്തിന് ഓരോ വീട്ടിൽ നിന്നും കുട്ടികൾ പൂവുകൾ ശേഖരിച്ചു ദൈവാലയത്തിൽ കൊണ്ടുപോകുമായിരുന്നു. വെള്ളവസ്ത്രങ്ങൾ ധരിച്ചു രണ്ടു വരിയായി നിന്നു ബഹുമാനപ്പെട്ട വൈദികൻ അരുളിക്കയിൽ രാജാധിരാജനായ, മഹോന്നതനായ ഈശോയെ എഴുന്നള്ളിക്കുമ്പോൾ കുഞ്ഞ് മനസ്സുകളുടെ സ്നേഹം കണ്ടു ഈശോ എത്ര സന്തോഷിച്ചിരിക്കണം!
ഇന്നും ഈശോയുടെ പേരിൽ മറ്റുള്ളവർക്ക് നമ്മുടെ കഴിവിലും സാഹചര്യത്തിലും പെട്ട എന്തെങ്കിലും കുഞ്ഞ് കാര്യങ്ങൾ ചെയ്തു കൊടുക്കുമ്പോൾ അവിടുന്ന് അത് പോലെ സന്തോഷിക്കില്ലേ!
ഒരു സുഹൃത്ത് നമ്മെ കാണാൻ വന്നാൽ നമുക്ക് എന്ത് സന്തോഷം ആയിരിക്കും! നാം കാണാൻ ചെല്ലുമ്പോൾ ഈശോയ്ക്കും അങ്ങനെ തന്നെയല്ലേ!
സാധിക്കുന്ന ദിവസങ്ങളിൽ ദിവ്യകാരുണ്യം നമ്മുടെ ഹൃദയത്തിൽ ഒരുക്കത്തോടെയും സ്നേഹത്തോടെയും സ്വീകരിക്കുക എന്നതല്ലേ ഈശോയോട് നമുക്ക് ഏറ്റവും സ്നേഹത്തോടെ ചെയ്യാവുന്ന പ്രവൃത്തി.
സൃഷ്ടാവായ ദൈവം മനുഷ്യന്റെ നിസാരമായ ഉമിനീരിൽ അലിയാനും മാത്രം ചെറുതായി മാറിയെങ്കിൽ ആ സ്നേഹം എന്തായിരിക്കും!
തിരുവോസ്തിരൂപനായ ഈശോ നമ്മുടെ ഹൃദയത്തിൽ വന്നു വസിക്കുമ്പോൾ നമ്മുടെ ജീവിതം രൂപാന്തരപ്പെടുന്നത് എപ്രകാരമായിരിക്കും! എത്രയോ അലൗകിക രീതിയിൽ ആയിരിക്കും.!
ഇന്നിന്റെ ആവശ്യം ഈശോ ആരെന്ന് ഓരോരുത്തരും വ്യക്തിപരമായി അറിയുക എന്നതാണ്.
“ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയ ച്ച യേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍.”
യോഹന്നാന്‍ 17 : 3
ആ അറിവ് നമ്മുടെ നിത്യജീവനാണ്.
ഏറ്റവും പ്രിയങ്കരനായ പരിശുദ്ധാത്മാവിന് മാത്രമേ നാം ജീവിക്കുന്ന ഈ കാലഘട്ടത്തിന്റെ പ്രത്യേകതകൾ നമുക്ക് മനസിലാക്കി തരുവാൻ സാധിക്കുകയുള്ളൂ.
ദിവ്യകാരുണ്യ ഈശോയുടെ സൗഹൃദം ഏതൊരുവനും ശിശുവിനും വൃദ്ധനും സ്ത്രീയ്ക്കും പുരുഷനും ഏതു ജീവിതാന്തസിൽപ്പെട്ടവർക്കും ഏതു സാഹചര്യത്തിലൂടെ കടന്നു പോകുന്നവർക്കും കഠിനപാപികൾക്കും പുണ്യ ജീവിതം കഴിക്കുന്നവർക്കും ഈ നിമിഷം പരിശുദ്ധാത്മാവിന്റെ ദയവോടെയുള്ള സഹായത്താൽ സാധ്യമാണ്.
‘എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും.”
(ജറെമിയാ 33 : 3)
ഇന്നത്തെ ലോകത്തിൽ ജീവിക്കുമ്പോൾ നമുക്ക് മാനുഷികമായി ഉത്തരം കിട്ടാത്ത സംശയങ്ങൾ ഒരുപാടുണ്ട്. കാലത്തിന്റെ മാറ്റങ്ങൾ കാണുമ്പോൾ മനസ്സിൽ ഭയചിന്തകൾ ഊറിക്കൂടാറുണ്ട്. ആത്മീയമായ കാര്യങ്ങളിൽ അവ്യക്തത ഉണ്ടാകാറുണ്ട്. എന്നാൽ ആദിയും അന്ത്യവും ആയ ഈശോയെ നമ്മുടെ സ്നേഹിതൻ ആക്കിയാൽ അതാതു സമയത്തു വരുന്ന കാര്യങ്ങൾ അപ്പോഴപ്പോൾ ചോദിക്കാമല്ലോ.
“വിളിക്കും മുന്‍പേ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും.”
(ഏശയ്യാ 65 : 24)
പ്രധാനകാര്യങ്ങൾ വല്ലതും വരുമ്പോൾ ഒരു ധൈര്യത്തിന് കൂടെ വരാൻ കൂട്ടുകാരെ കൂട്ടാറുണ്ട് പലരും. ഈശോയെയും നമുക്ക് കൂടെ കൂട്ടാം ഏതു കാര്യത്തിനും.
ഈശോയുടെ മറുപടി ഇങ്ങനെ ആയിരിക്കും
“ശക്‌തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.”
(ജോഷ്വ 1 : 9)
എന്നും തടസങ്ങൾ വരുമ്പോൾ എന്റെ ഹിതമനുസരിച്ചുള്ള സ്വപ്‌നങ്ങൾ തകരുമ്പോൾ ഈശോ ആശ്വസിപ്പിക്കും
“നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി.”
(ജറെമിയാ 29 : 11)
ഓരോ നിമിഷവും ഒരു മനുഷ്യനെ ചുറ്റിപ്പറ്റിയുള്ള ദൈവപരിപാലന അതിൽ തന്നെ പൂർണമാണ്. അത് ഏറ്റവും പരിപൂർണത കൈവരിക്കുന്നത് ഒരു മനുഷ്യൻ അവനു കിട്ടിയിരിക്കുന്ന സാഹചര്യങ്ങളെ നന്ദിയോടെ സ്വീകരിച്ചു തുടങ്ങുമ്പോൾ ആണ്.
“എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍.
ഇട വിടാതെ പ്രാര്‍ത്ഥിക്കുവിന്‍.
എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്‌തുവില്‍ നിങ്ങളെ സംബന്‌ധിച്ചുള്ള ദൈവഹിതം.”
(1 തെസലോനിക്കാ 5 : 16-18)
നമ്മുടെ ഇപ്പോഴത്തെ അവസ്ഥയിൽ നാം വിഷമിക്കുന്നവരാണോ?
“ദൈവത്തിന്റെ ശക്തമായ കരത്തിന്‍ കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്.”
(1 പത്രോസ് 5 : 6)
ഒരു പക്ഷെ നമ്മുടെ ഭൗതിക സാഹചര്യങ്ങൾ സമ്പന്നമല്ലായിരിക്കാം. നമ്മുടെ സാഹചര്യങ്ങളിലും വീട്ടിലും നാം കുറവുള്ള ആളായിരിക്കാം. എങ്കിലെന്ത്?
“അവിടുന്ന് സമസ്‌തവും അതതിന്റെ കാലത്ത് ഭംഗിയായിരിക്കത്തക്കവിധം സൃഷ്‌ടിച്ചു.”
(സഭാപ്രസംഗകന്‍ 3 : 11)
നമ്മെയും.
ഈശോയിൽ ആശ്രയിക്കുന്നവർ,
“കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ട വിശുദ്ധജനമെന്ന് അവര്‍ വിളിക്കപ്പെടും. അന്വേഷിക്കപ്പെടുന്നവള്‍, അപരിത്യക്തനഗരം, എന്നു നീ വിളിക്കപ്പെടും.”
(ഏശയ്യാ 62 : 12)
ഈശോ തനിക്കുള്ളതെല്ലാം നമുക്കായി പങ്കു വയ്ക്കുന്ന ഒരു യഥാർത്ഥ സ്നേഹിതൻ തന്നെയാണ്.
ഒരു പക്ഷെ ഒരു friend പോലും ഇല്ലാതെ വിഷമിക്കുന്നവരും കാണും. എന്നാൽ ഈശോയെ ഒരു friend ആയി accept ചെയ്താൽ അവിടുന്ന് നമ്മോടു പറയും.
“ആരും കടന്നുപോകാത്തവിധം പരിത്യക്‌തയും വെറുക്കപ്പെട്ടവളുമായിരുന്നു നീ. ഞാന്‍ നിന്നെ എന്നേക്കും പ്രൗഢിയുറ്റവളും തലമുറകള്‍ക്ക് ആനന്‌ദവും ആക്കും.”
(ഏശയ്യാ 60 : 15)
ഈശോയോട് സൗഹൃദം ഉണ്ടെങ്കിൽ പതിയെ പതിയെ നമ്മുടെ ജീവിതത്തിൽ ഏറ്റവും അടുത്ത സ്നേഹിതനും ഏറ്റവും പ്രധാനപ്പെട്ട ആളും ഏതു കാര്യത്തിനും ആദ്യം ഓടിചെല്ലുന്ന ആളുമായി അവിടുന്ന് മാറും
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.
മത്തായി 11 : 28-30
ഏതു ഹൃദയഭാരവും അപ്പോഴപ്പോൾ ഈശോയുടെ പക്കൽ ഇറക്കി വയ്ക്കാം. അവിടുന്ന് നൽകുന്ന സമാശ്വാസവുമായി ഭാരമില്ലാതെ തിരികെ പോകാം.
നമ്മുടെ ഹൃദയം ഈശോയുടെ ചാരെ ചെല്ലുമ്പോൾ അവിടുന്ന് നമ്മുടെ ജനനത്തിപ്പുറവും ജീവിതത്തിലും മരണത്തിനപ്പുറവും കൂടെയുള്ളതിനാൽ സമാധാനത്തിൽ ആയിരിക്കുന്നുവെന്ന് വിസ്മയത്തോടെ നാം മനസിലാക്കും
“അവിടുന്നാണ് എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്;
എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു.
ഞാന്‍ അങ്ങയെ സ്‌തുതിക്കുന്നു;എന്തെന്നാല്‍, അങ്ങ് എന്നെ വിസ്‌മയനീയമായി സൃഷ്‌ടിച്ചു;
അവിടുത്തെ സൃഷ്‌ടികള്‍ അദ്‌ഭുതകരമാണ്. എനിക്കതു നന്നായി അറിയാം.
ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും
ഭൂമിയുടെ അധോഭാഗങ്ങളില്‍ വച്ചു സൂക്ഷ്‌മതയോടെ സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തപ്പോള്‍, എന്റെ രൂപം അങ്ങേക്ക് അജ്‌ഞാതമായിരുന്നില്ല.
എനിക്കു രൂപം ലഭിക്കുന്നതിനു മുന്‍പു തന്നെ, അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു;
എനിക്കു നിശ്‌ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ, അങ്ങയുടെ പുസ്‌തകത്തില്‍ അവ എഴുതപ്പെട്ടു.”
(സങ്കീര്‍ത്തനങ്ങള്‍ 139 : 13-16)
എന്റെ രൂപത്തെ പറ്റി ഞാൻ വിഷമിക്കേണ്ടതില്ല, എന്റെ ആയുസ്സിനെ പറ്റി ഞാൻ ഭയപ്പെടേണ്ടതില്ല, എന്നെ സൃഷ്ടിച്ചു പാലിക്കുന്ന എന്റെ നല്ല സ്നേഹിതനിൽ അതെല്ലാം ഭദ്രം.
കര്‍ത്താവ് എന്റെ പ്രകാശവും രക്‌ഷയുമാണ്,
ഞാന്‍ ആരെ ഭയപ്പെടണം?
കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്,
ഞാന്‍ ആരെ പേടിക്കണം?
സങ്കീര്‍ത്തനങ്ങള്‍ 27 : 1
ഈശോയുടെ സൗഹൃദത്തിന് എന്തുമാത്രം സ്വർഗീയ മാനങ്ങൾ ആണുള്ളത്.
“നിങ്ങളെ സ്‌പര്‍ശിക്കുന്നവന്‍ അവിടുത്തെ കൃഷ്‌ണമണിയെയാണ് സ്‌പര്‍ശിക്കുന്നത്.” സൈന്യങ്ങളുടെ കര്‍ത്താവായ അവിടുന്ന് അരുളിച്ചെയ്യുന്നു.
(സഖറിയാ 2 : 8)
കരുത്തനായ ഈശോ ഒരു സ്നേഹിതൻ ആയി കൂടെ ഉണ്ടെങ്കിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ആത്മീയവും ഭൗതികവുമായ കാര്യങ്ങൾ അവിടുത്തോട് ചോദിച്ചു ലളിതമായി ചെയ്യാമല്ലോ. അത് മാത്രമല്ല അവിടുന്ന് നമുക്ക് കരുത്തുപകരുകയും ചെയ്യുന്നു.
“തളര്‍ന്നവന് അവിടുന്ന് ബലം നല്‍കുന്നു; ദുര്‍ബലനു ശക്തി പകരുകയും ചെയ്യുന്നു.
യുവാക്കള്‍പോലും തളരുകയും ക്ഷീണിക്കുകയും ചെയ്‌തേക്കാം; ചെറുപ്പക്കാര്‍ ശക്തിയറ്റുവീഴാം.
എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.”
(ഏശയ്യാ 40 : 29-31)
ഉറ്റ സുഹൃത്തിന്റെ അമ്മ സാധാരണ നമ്മുടെ അമ്മയെ പോലെ തന്നെയാണ് കരുതപ്പെടുന്നത്. ഈശോയുടെ അമ്മയായ പരിശുദ്ധ കന്യകാമറിയം നമ്മുടെയും സ്വന്തം അമ്മ തന്നെയാണല്ലോ.
“യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്‌ത്രീയേ, ഇതാ, നിന്റെ മകന്‍. അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.”
(യോഹന്നാന്‍ 19 : 26-27)
ഒരു സുഹൃത്ത് ബന്ധത്തിൽ ഏറ്റവും കൂടുതൽ മൂല്യമുള്ളത് അത് പരസ്പരം നൽകുന്ന സ്വാതന്ത്ര്യത്തിനാണ്. ഈശോയുമായുള്ള കൂട്ടുകെട്ടിൽ നമുക്ക് പരിപൂർണ സ്വാതന്ത്ര്യമാണുള്ളത്. ദൈവികമായിട്ടുള്ള എല്ലാം നമുക്ക് സ്വാതന്ത്ര്യം നൽകുന്നവയാണ്.
“സ്വാതന്ത്യത്തിലേക്കു ക്രിസ്‌തു നമ്മെ മോചിപ്പിച്ചു. “
(ഗലാത്തിയാ 5 : 1)
നാം ഈശോയോട് ചേർന്ന് നിന്നാലും ഇല്ലെങ്കിലും ഈശോ എപ്പോഴും നമ്മെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു.
“ആദ്യം അവിടുന്നു നമ്മെ സ്‌നേഹിച്ചു. അതിനാല്‍, നാമും അവിടുത്തെ സ്‌നേഹിക്കുന്നു. “
(1 യോഹന്നാന്‍ 4 : 19)
പാപി ആയിരിക്കുമ്പോഴും അവിടുന്ന് കരുണയോടെ വർത്തിക്കുന്നു.ഈശോയുടെ സ്നേഹമറിയുവാൻ ഈശോയിലേയ്ക്ക് തിരിച്ചു വരുവാൻ അനവധി വഴികൾ അവിടുന്ന് അനുദിനം ഒരുക്കുന്നു.
ദൈവവചനത്തിലൂടെ…
നല്ല പുസ്തകങ്ങളിലൂടെ…
ആളുകളുടെ സാക്ഷ്യങ്ങളിലൂടെ..
കാവൽ മാലാഖ നൽകുന്ന നല്ല പ്രചോദനങ്ങളിലൂടെ…
പരിശുദ്ധാത്മാവിന്റെ സ്നേഹകരുതലിലൂടെ…
തിരിച്ചു വരാനായി
“അപ്പനും അമ്മയും എന്നെ ഉപേക്‌ഷിച്ചാലും
കര്‍ത്താവ് എന്നെ കൈക്കൊള്ളും.”
(സങ്കീര്‍ത്തനങ്ങള്‍ 27 : 10)
എന്നൊരു ഉറപ്പും അവിടുന്ന് നൽകും.
സുഹൃത്തുക്കൾ വല്ലപ്പോഴും നമ്മെ ട്രീറ്റ് ചെയ്യാറുണ്ട്. എന്നാൽ ഈശോ തിരുവോസ്തിരൂപനായി പരിശുദ്ധ കുർബാനയിൽ നമുക്ക് ഏറ്റവും മൂല്യമുള്ള നിത്യജീവൻ നൽകുന്ന സ്വർഗീയ ഭോജ്യമായി സ്വയം മാറി നമുക്ക് ജീവനും പോഷണവും കരുത്തും ഏകുവാൻ മാത്രമല്ല നമ്മോടു ഒന്നായി തീരുവാനും എന്നും കാത്തിരിക്കുന്നു.
ഈശോയുടെ സ്നേഹത്തിൽ ചേർന്നിരിക്കാൻ നാം ആഗ്രഹിക്കുന്ന നിമിഷം തന്നെ അവിടുത്തെ സ്നേഹം നമ്മെ പൊതിഞ്ഞു കഴിയും. ഈശോയുടെ സ്നേഹം നമ്മുടെ ആത്മാവിലേയ്ക്ക് വന്നു കഴിഞ്ഞാൽ അതിനു അളവുകളില്ലാതെ നമ്മുടെ ആത്മാവിനെ സ്നേഹത്താൽ നിറച്ചു ദൈവസ്നേഹത്തിൽ നനച്ചു കുതിർത്തു നിറഞ്ഞു ഒഴുകിക്കൊണ്ടേയിരിക്കും.
ഈശോ എന്ന സ്നേഹിതൻ നമ്മെ എപ്പോഴും സ്നേഹിതരെന്ന നിലയിൽ ബഹുമാനിക്കുന്നവനാണ്. നമ്മുടെ ഏതാപത്തിലും കൂടെ നിൽക്കുന്നവനാണ്.
“സ്‌നേഹിതനെ രക്‌ഷിക്കുന്നതില്‍ ഞാന്‍ ലജ്ജിക്കുകയില്ല;
ഞാന്‍ അവനില്‍നിന്നു മറഞ്ഞിരിക്കുകയുമില്ല.”
(പ്രഭാഷകന്‍ 22 : 25)
ഭൂമിയിൽ ഈശോയുമായുള്ള സൗഹൃദം സാധ്യമാകണമെങ്കിൽ ഒരു എളുപ്പവഴി ഈശോ പറഞ്ഞു തന്നിട്ടുണ്ട്.
“സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല”.
(മര്‍ക്കോസ് 10 : 15)
ഒരു ശിശുവിനെ പോലെ ഈശോയെ നോക്കുക. അപ്പോൾ ഈശോയുടെ വലുപ്പവും മഹത്വവും അളവില്ലാത്ത സ്നേഹവും നമ്മെ ഭയപ്പെടുത്തുകയില്ല.
ഒരു ശിശുവിനെ പോലെ അവിടുത്തെ സമീപിച്ചാൽ നമ്മുടെ നിസാരതയും കുറവുകളും പാപക്കറകളും നമ്മെ പുറകോട്ടു വലിക്കുകയില്ല, മറിച്ചു ഇരു കൈകളും അവിടുത്തെ നേരെ നീട്ടി എടുക്കാൻ എന്നത് പോലെ അവിടുത്തെ ചാരെ ചെല്ലുമ്പോൾ നമ്മുടെ മുൻപിൽ മുട്ടുകുത്തിയിരുന്നു നമ്മെ മാറോടണയ്ക്കുന്ന സ്നേഹം ആണ് അവിടുന്ന്.
നാം കൊണ്ടു ചെല്ലുന്ന ഏതു ചെറിയ കാഴ്ചകളും അവിടുത്തേയ്ക്ക് സ്വീകാര്യമാണ്. വെറും കയ്യോടെ അവിടുത്തെ കാണാനായി ചെന്നാലും അവിടുത്തേയ്ക്ക് ഒരു പ്രശ്നവുമില്ല, കാരണം നാം കൊണ്ടു ചെല്ലുന്ന കാഴ്ചകളെക്കാളും അവിടുത്തെ ജീവൻ കൊടുത്തു നേടിയ അവിടുത്തെ കണ്മണി പോലുള്ള നമ്മെയാണ് അവിടുന്ന് നോക്കി നോക്കി ഇരിക്കുന്നത്!
“ഞാന്‍ അതിനു ചുറ്റും അഗ്‌നി കൊണ്ടുള്ള കോട്ടയായിരിക്കും. ഞാന്‍ അതിന്റെ മധ്യത്തില്‍ അതിന്റെ മഹത്വമായിരിക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.”
(സഖറിയാ 2 : 5)
ഒരാത്മാവിനെ കുറിച്ചുള്ള ഈശോയുടെ സന്തോഷത്തിൽ പരിശുദ്ധ ത്രിത്വം ആനന്ദിക്കുന്നു. പരിശുദ്ധ അമ്മയും സ്വർഗമൊട്ടാകെയും ആഹ്ലാദിക്കുന്നു. അത്യുന്നതനായവന് മാലാഖമാർ അഭിനന്ദനഗാനങ്ങൾ ആലപിക്കുന്നു. പ്രപഞ്ചമൊട്ടാകെ അതിന്റെ അലകൾ പരക്കുന്നു.
ഒരു നിസാരമനുഷ്യനു ഈശോയുടെ സ്നേഹിതനായിരിക്കുക എന്നത് എത്രയോ വലിയ കാര്യമാണ്. എന്നാൽ അത് നാം ജീവിക്കുന്ന ഇന്ന് ഇത്രയും ലളിതവും എളുപ്പവും ആയിരിക്കെ അവിടുത്തെ സ്നേഹിതരാകാൻ നാം മടിക്കുന്നതെന്തേ!
അവിടുന്ന് നമ്മോടു പറയുന്നത്.
“നിങ്ങള്‍ കാണുന്നവ കാണുന്ന കണ്ണുകള്‍ ഭാഗ്യമുള്ളവ.
എന്തെന്നാല്‍, ഞാന്‍ പറയുന്നു, അനേകം പ്രവാചകന്‍മാരും രാജാക്കന്‍മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു; എങ്കിലും കണ്ടില്ല. നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു; എങ്കിലും കേട്ടില്ല.”
(ലൂക്കാ 10 : 23-24)
പരിശുദ്ധ കുർബാനയിൽ നാം ഈശോയുടെ ശരീരവും രക്തവും ഉൾക്കൊണ്ടു അവ നമ്മുടെ ശരീരത്തിന്റെ ഭാഗം ആകുന്നതിനാൽ അഗാധമായ രക്തബന്ധം, ഒരു നിത്യമായ രക്ത ഉടമ്പടി ഈശോയും ആത്മാവുമായി ഉടലെടുക്കുന്നു. നിത്യവും പരിശുദ്ധ കുർബാന യോഗ്യതയോടെ സ്വീകരിക്കുന്നവർക്ക് സ്വാഭാവികമായും ഈശോയുടെ സ്വഭാവവിശേഷങ്ങൾ കുറേശ്ശേയായി കൈവരുന്നു.
ഈശോയുടെ ഹൃദയം നമ്മുടേതിനോട് ദിവ്യകാരുണ്യ സ്വീകരണത്തിൽ ഒന്നാകുന്നതിനാൽ ഈശോയുടെ ഹൃദയരഹസ്യങ്ങൾ നമ്മുടെ ഹൃദയത്തിലേയ്ക്ക് നാമറിയാതെ പകരപ്പെടുന്നു. നാമറിയാതെ തന്നെ നമ്മുടെ ഹൃദയം ദൈവവചനത്തിന്റെ സമൃദ്ധി ഉളവാകുന്നു. ശൂന്യവും ഏകാന്തവുമായിരുന്ന നമ്മുടെ ഹൃദയം മുഴുലോകത്തെയും ഉൾക്കൊള്ളാൻ മാത്രം വിശാലവും ആർദ്രവും കരുണാമയവുമാകുന്നു.
ഭൂമിയിൽ ആയിരിക്കുന്ന സമയത്ത് സ്വർഗീയപിതാവിന്റെ ഭവനത്തിൽ എത്തിച്ചേരുവാൻ ഓരോ നിമിഷവും അവിടുത്തെ ആദ്യജാതനും നമ്മുടെ രക്ഷകനും സ്നേഹിതനും നാഥനുമായ ഈശോയുടെ ചാരെ നമുക്ക് ആയിരിക്കാം. ദിവ്യകാരുണ്യ സ്വീകരണം യോഗ്യതയോടെ നടത്തുന്നത് വഴി നമുക്ക് അവിടുത്തെ ഏറ്റവും സുരക്ഷിതവും സ്നേഹമുള്ളതുമായ തിരുഹൃദയത്തിൽ ലോകത്തിനു മറഞ്ഞിരിക്കുന്നവരാകാം.
ഈശോയുടെ സൗഹൃദത്തെ കുറിച്ച് എത്ര എഴുതിയാലും തീരില്ല…
ഇന്നലെകൾ കഴിഞ്ഞു പോയി, നാളെകൾ വരുന്നതേയുള്ളൂ. ഇന്ന് ഇപ്പോൾ എന്നത് നമ്മുടെ മുൻപിലുണ്ട്.
“അവിടുന്ന് അരുളിച്ചെയ്യുന്നു: സ്വീകാര്യമായ സമയത്ത് ഞാന്‍ നിന്റെ പ്രാര്‍ത്ഥന കേട്ടു. രക്‌ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്‌തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോള്‍ രക്ഷയുടെ ദിവസം.”
(2 കോറിന്തോസ് 6 : 2)
ഇപ്പോൾ നമുക്ക് പ്രാർത്ഥിക്കാം. ഈശോയെ അങ്ങയോടുള്ള സ്നേഹവും അങ്ങയുമായുള്ള സൗഹൃദവും ഞങ്ങളിൽ വർദ്ധിപ്പിക്കണമേ.
ആമേൻ


Leave a comment