ദിവ്യകാരുണ്യം: ആത്മീയശക്തി നൽകുന്ന സ്വർഗീയഭോജനം

മനുഷ്യരോട് കൂടെ വസിക്കുവാൻ മനുഷ്യനായി രൂപാന്തരപ്പെട്ട ദൈവവചനം മനുഷ്യരിൽ വസിക്കുവാൻ മനുഷ്യന് എന്നേയ്ക്കും കരുണ ലഭിയ്ക്കുവാൻ ദിവ്യകാരുണ്യമായി.

“ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്‌. ആര്‌ എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയുകയില്ല.”
(യോഹന്നാന്‍ 15 : 5)

പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സംസർഗ്ഗവും അതിന്റെ ഏറ്റവും ഉയർന്ന അളവിൽ മനുഷ്യന് സ്വീകരിക്കുവാൻ മനുഷ്യനെ പ്രാപ്തനാക്കുവാൻ ഈശോ ദിവ്യകാരുണ്യമായി നമ്മിൽ വസിക്കുവാൻ മനസായി.

“യേശു പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ്‌ അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന്‌ അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും.”
(യോഹന്നാന്‍ 14 : 23)

ബലവാനും പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമനും പിതാവായ ദൈവത്തിന്റെ ഏകജാതനും ദൈവവചനവുമായ ഈശോ നമുക്കായി അവിടുത്തെ സ്നേഹത്തികവിൽ പൂർണമനസോടെ നിസാരരരായ നമുക്കായി നിസാരതയുടെ താഴ്മയിൽ അപ്പമായി രൂപാന്തരപ്പെട്ടു ദിവ്യകാരുണ്യരൂപനായി.

തന്നെ യോഗ്യതയോടെ സ്വീകരിക്കുന്ന ഒരു മനുഷ്യന്റെ ഉച്ചി മുതൽ ഉള്ളം കാൽ വരെ, ആത്മാവിന്റെ നീളവും ഉയരവും വീതിയും ആഴവും വരെ, മനസിന്റെ ഇന്നലെകളുടെ ഓർമകളും ഇന്നിന്റെ വിഹ്വലതകളും നാളെയുടെ സ്വപ്നങ്ങളും വരെ, പരമ പരിശുദ്ധമായ ദിവ്യകാരുണ്യം ആർദ്രതയോടെ അലിഞ്ഞിറങ്ങി അതിനെ ശുദ്ധീകരിക്കുകയും പവിത്രമാക്കുകയും സ്നേഹസാന്ദ്രമാക്കുകയും ചെയ്യുന്നു.

“ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്‌; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്‌മാവിലും സന്‌ധിബന്‌ധങ്ങളിലും മജ്‌ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്‌.”
(ഹെബ്രായര്‍ 4 : 12)

ഒരു മനുഷ്യന്റെ ദിവ്യകാരുണ്യം സ്വീകരിക്കാനുള്ള യോഗ്യത എന്താണ്?

ദേഹശുദ്ധി വരുത്തി ഉള്ളതിൽ ഏറ്റവും നല്ല ഉടുപ്പിട്ട് ആത്മ ശോധന നടത്തി ഒരുങ്ങി കുമ്പസാരിച്ചു വൈദികൻ പറയുന്ന പ്രായശ്ചിത്തം അനുഷ്‌ഠിച്ചു ഒരു മണിക്കൂർ ഉപവാസമെടുത്തു പരിശുദ്ധ കുർബാനയിൽ ശ്രദ്ധയോടെ പങ്കെടുത്തു ദിവ്യകാരുണ്യം സ്വീകരിക്കുന്നത് മാത്രമാണോ?

അത് കുഞ്ഞിലേ ആദ്യകുർബാന നടന്ന പ്രായത്തിൽ ഈശോയെ സ്വീകരിച്ച രീതി അല്ലേ?

ഓരോ പരിശുദ്ധ കുർബാന സ്വീകരിക്കുമ്പോഴും സ്നേഹത്തിന്റെ ആഴത്തിൽ നാമും രൂപാന്തരപ്പെടുന്നുണ്ടോ?

ദിവ്യകാരുണ്യ സ്വീകരണത്തിൽ ക്രിസ്തുവായി ഞാൻ മാറുന്നുണ്ടോ?

വിഭവ സമൃദ്ധമായ ഭക്ഷണ മേശയുടെ മുന്നിൽ ഇരിക്കുന്ന വിശപ്പില്ലാത്ത ഒരുവന്റെ മുഖം എത്രയോ താത്പര്യരഹിതവും വിരസവുമായിരിക്കും.

എന്നാൽ വിശപ്പുള്ളവന്റെ മുൻപിൽ വിളമ്പുന്ന ഏറ്റവും ലളിതമായ ഭക്ഷണവും വെറും വെള്ളവും പോലും അവനു എത്രയോ നിറവും സംതൃപ്തിയും നൽകുന്നത് ആയിരിക്കും.

എത്ര ഒരുങ്ങിയാലും ഇന്ന് ഈ നിമിഷം പരിശുദ്ധ കുർബാനയുടെ മുന്നിൽ നിൽക്കുമ്പോൾ എനിക്ക് ഈശോയെ സ്വീകരിക്കുവാൻ ആത്മീയമായ വിശപ്പും ദാഹവും ഇല്ലെങ്കിൽ അവിടുത്തെ സ്വീകരിച്ചു കഴിയുമ്പോൾ എങ്ങനെ എന്നിൽ സംതൃപ്തിയും നിറവുമുണ്ടാകും?

എന്റെ ആത്മാവിന് സഹായകനും ആശ്വാസപ്രദനുമായ പരിശുദ്ധാത്മാവ് സദയം നൽകുന്ന സ്നേഹബോധ്യങ്ങൾ ഇല്ലെങ്കിൽ പരിശുദ്ധ കുർബാനയുടെ ഉന്നതവും അതേ സമയം എനിക്ക് മനസിലാകാനായി ലളിതമാക്കപ്പെട്ടതുമായ നിമിഷങ്ങൾ എങ്ങനെ എനിക്ക് ഹൃദ്യമായി തോന്നും?

ഏതൊരുവനും ഏതൊരവസ്ഥയിലും നോക്കാവുന്ന സ്നേഹസമൃദ്ധിയാണ് ദിവ്യകാരുണ്യം.

“അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്‌ജിതരാവുകയില്ല.”
(സങ്കീര്‍ത്തനങ്ങള്‍ 34 : 5)

എന്നാൽ തന്നെ സമീപിക്കുന്ന പാപിയും ബലഹീനയും കുറവുള്ളതും സ്നേഹത്തിലും വിശ്വസ്തതയിലും സ്ഥിരതയില്ലാത്തതുമായ ഒരുവന്റെ രോഗാതുരവും അനാകർഷകവും ദരിദ്രവും ശൂന്യവും ഏകാന്തവും വെറുപ്പുളവാക്കുന്നതും വിരസവുമായ ആത്മാവിനെ ശിശുതുല്യമായ വിധത്തിൽ നിർമലവും സ്നേഹയോഗ്യവും നിറവുള്ളതും ജീവസുറ്റതുമാക്കുന്ന ക്രിസ്തുവിൽ ഉള്ള രൂപാന്തരീകരണം ആണ് ദിവ്യകാരുണ്യ സ്വീകരണത്തിൽ നടക്കുന്നത്.

“നിന്നോടു കരുണയുള്ള കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.
പീഡിപ്പിക്കപ്പെട്ടവളും മനസ്സുലഞ്ഞവളും ആശ്വാസം ലഭിക്കാത്തവളുമേ, ഇന്ദ്രനീലം കൊണ്ട്‌ അടിസ്ഥാനമിട്ട്‌ അഞ്ജനക്കല്ലു കൊണ്ട്‌ നിന്നെ ഞാന്‍ നിര്‍മിക്കും.
ഞാന്‍ നിന്റെ താഴികക്കുടങ്ങള്‍ പത്മരാഗം കൊണ്ടും വാതിലുകള്‍ പുഷ്യരാഗം കൊണ്ടും ഭിത്തികള്‍ രത്നം കൊണ്ടും നിര്‍മിക്കും.”
(ഏശയ്യാ 54 : 10-12)

ഒരുവൻ സ്വയം എത്ര ഒരുങ്ങിയാലും ദിവ്യകാരുണ്യം സ്വീകരിക്കുവാൻ പൂർണമായ യോഗ്യത നേടാനാവുമോ?

എന്നാൽ ഈശോയുടെ മുന്നിൽ ചെന്നു സ്നേഹം തന്നെയായ ഈശോയുടെ ഹൃദയത്തിൽ ജ്വലിച്ചെരിയുന്ന തിരുഹൃദയത്തിലെ സ്നേഹത്തീജ്വാലകളിൽ എളിമയോടെ സ്വയം എറിഞ്ഞു കൊടുത്തിട്ട് ഈശോയെ ഇതാ ഞാൻ! എന്നെ സ്വീകരിച്ചാലും! അവിടുന്ന് എന്നിൽ എഴുന്നള്ളി വന്നാലും! എന്ന് ഹൃദയത്തിൽ നിശബ്ദമായി മന്ത്രിച്ചു തന്റെ മുന്നിൽ കണ്ണീരോടെ നിൽക്കുന്ന ഒരു നിസാരമായ ആത്മാവിൽ അവിടുന്ന് കാരുണ്യാധിരേകത്താൽ എഴുന്നള്ളി വരാതിരിക്കുന്നതെങ്ങനെ?

“എന്റെ സഹോദരരേ, യേശുവിന്റെ രക്തംമൂലം വിശുദ്‌ധസ്‌ഥലത്തേക്കു പ്രവേശിക്കാന്‍ നമുക്കു മനോധൈര്യമുണ്ട്‌.
എന്തെന്നാല്‍, തന്റെ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നുതന്നിരിക്കുന്നു.”
(ഹെബ്രായര്‍ 10 : 19-20)

ഒരു ചെറിയ മെഴുകുതിരി നാം തെളിക്കുമ്പോൾ തിരി സ്വയമേ ഒന്നും ചെയ്യാതെ ആ തിരി നാളം തിരിയിൽ തെളിഞ്ഞു നിന്നു കത്തുന്നു. ചെറുകാറ്റടിക്കുമ്പോൾ അത് ആടി ഉലഞ്ഞു കൂടുതൽ ജ്വാലയുള്ളതായി തീരുന്നു. അവസാനത്തെ കണിക വരെ കത്തി തീരുമ്പോഴും തിരിയിലെ ചെറുനാളം തെളിഞ്ഞു തന്നെ നിൽക്കും.

ഞാന്‍ അതിനു ചുറ്റും അഗ്‌നി കൊണ്ടുള്ള കോട്ടയായിരിക്കും. ഞാന്‍ അതിന്റെ മധ്യത്തില്‍ അതിന്റെ മഹത്വമായിരിക്കും – കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
സഖറിയാ 2 : 5

ഒരു മെഴുകുതിരി പോലെ ദിവ്യകാരുണ്യ ഈശോയുടെ സ്നേഹത്തിൽ കത്തി ജ്വലിക്കുവാനാണ് നമ്മുടെ വിളി. കത്തി നിൽക്കുന്ന മെഴുകുതിരിയിലെ തിരി നാളം പോലെ നമ്മുടെ ഹൃദയത്തിലെ ദിവ്യകാരുണ്യത്തിന്റെ സ്നേഹജ്വാല കെടാതെ സൂക്ഷിക്കാൻ പരിശുദ്ധാത്മാവിന്റെ സഹായം നാം നേടണം.

ഈശോയെ സ്നേഹിക്കുന്ന ഒരാൾ അവിടുത്തെ പക്കൽ എപ്പോഴും സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ സാധിക്കുമ്പോൾ എല്ലാം അവിടുത്തെ പക്കൽ ഓടിയെത്തും. ഇടയ്ക്ക് ഈശോയെ കുറിച്ചു ചിന്തിക്കും. അങ്ങനെ ആ സ്നേഹം ദിവസം ചെല്ലും തോറും ആ സ്നേഹം പരിശുദ്ധാത്മാവിന്റെ സഹായത്താൽ ആഴത്തിലുള്ളത് ആയിക്കൊണ്ടിരിക്കും.

ഈശോയെ നോക്കുന്തോറും നോക്കുന്നവർ പ്രകാശിതരാകും. പുറമെ ഒന്നും കാണാനില്ലായിരിക്കും. എന്നാലും ആത്മാവ് അവിടുത്തെ സാന്നിധ്യത്താൽ പ്രകാശപൂരിതമാകും.

ഈശോയെ നോക്കാൻ കണ്ണുകാണാൻ പോലും ആകാതെ ഈശോ പോയ ദിശയിലേയ്ക്ക് നോക്കി ദാവീദിന്റെ പുത്രാ എന്നിൽ കരുണയായിരിക്കണമേ എന്നുറക്കെ നിലവിളിച്ചു ബെർതിമേയൂസ് എന്ന പാവപ്പെട്ട യാചകൻ.

ആൾക്കൂട്ടത്തിന്റെ ആരവത്തിലും ഈശോ വിളി കേട്ടു, നിന്നു, അവന്റെ നേരെ തിരിഞ്ഞു, അവനെ നോക്കി, സൗഖ്യമാക്കി.

“അവന്‍ ജറീക്കോയെ സമീപി ച്ചപ്പോള്‍ ഒരു കുരുടന്‍ വഴിയരുകില്‍ ഇരുന്ന്‌ ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു.
ജനക്കൂട്ടം കടന്നുപോകുന്ന ശബ്‌ദം കേട്ട്‌ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ അവന്‍ അന്വേഷിച്ചു.
നസറായനായ യേശു കടന്നുപോകുന്നു എന്ന്‌ അവര്‍ പറഞ്ഞു.
അപ്പോള്‍ അവന്‍ വിളിച്ചു പറഞ്ഞു: ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ!
മുമ്പേ പൊയ്‌ക്കൊണ്ടിരുന്നവര്‍, നിശബ്‌ദനായിരിക്കാന്‍ പറഞ്ഞ്‌ അവനെ ശകാരിച്ചു. അവനാകട്ടെ, കൂടുതല്‍ ഉച്ചത്തില്‍ ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ എന്നു നിലവിളിച്ചുകൊണ്ടിരുന്നു.
യേശു അവിടെ നിന്നു; അവനെ തന്റെ അടുത്തേക്കു കൊണ്ടുവരാന്‍ കല്‍പിച്ചു.
അവന്‍ അടുത്തു വന്നപ്പോള്‍ യേശു ചോദിച്ചു:ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്‌? അവന്‍ പറഞ്ഞു: കര്‍ത്താവേ, എനിക്കു കാഴ്‌ച വീണ്ടു കിട്ടണം.

യേശു പറഞ്ഞു: നിനക്കു കാഴ്‌ചയുണ്ടാകട്ടെ. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.

തത്ക്ഷണം അവനു കാഴ്‌ച ലഭിച്ചു. അവന്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട്‌ യേശുവിന്റെ പിന്നാലെ പോയി. ഇതുകണ്ട്‌ എല്ലാവരും ദൈവത്തെ സ്‌തുതിച്ചു.”

(ലൂക്കാ 18 : 35-43)

അന്ന് ആ മനുഷ്യനെ കടന്നു പോയ ആൾക്കൂട്ടത്തിൽ, ഈശോയെ അനുഗമിച്ച അനേകരിൽ പലർക്കും ഈശോയിൽ
യഥാർത്ഥ വിശ്വാസം ഇല്ലായിരുന്നു. അവരിൽ പലരും ഈശോയെ അനുഗമിക്കുന്നു എന്നേ ഉണ്ടായിരുന്നുള്ളൂ.

എന്നാൽ ആൾക്കൂട്ടത്തിന്റെ ഇടയിലൂടെ തന്റെ സമീപത്തു കൂടി കടന്നു പോകുന്നത് അത് ഏക രക്ഷകനായ അവർ പ്രതീക്ഷിച്ചിരുന്ന മിശിഹാ ആണെന്ന ബോധ്യം ദൈവത്തിന്റെ പരിശുദ്ധാത്മാവ് അന്ധനായ ഒരുവന്റെ ഹൃദയത്തിൽ നൽകി. ദൈവത്തിന്റെ അതിപരിശുദ്ധി അവനെ സമീപിച്ചപ്പോൾ അത് അവനിൽ രക്ഷാകരമായ പശ്ചാത്താപവും പാപബോധവും ആത്മാവിൽ ഉളവാക്കി.

രക്ഷാകരമായ പശ്ചാത്താപം എന്നത് പാപിയെങ്കിലും കണ്ണീരോടെ, പാപം വഴി ഈശോയെ വേദനിപ്പിച്ചു എന്ന സങ്കടത്തോടെ, അനുതപിച്ചു ഈശോയെ സമീപിച്ചാൽ എന്റെ രക്ഷകനായ ഈശോ എന്നോട് ക്ഷമിച്ചു എന്നെ അവിടുത്തെ സ്നേഹത്തിന്റെ തികവിൽ എന്നേക്കുമായി രക്ഷിക്കും എന്നുള്ള ആഴമായ അറിവ് ആണ്, അതോടൊപ്പം പാപാവസ്ഥ മരണതുല്യമാണെന്നും പാപം ക്ഷമിക്കപ്പെട്ട അവസ്ഥ എത്രയോ ഉന്നതമാണെന്നും പാപമില്ലാത്ത അവസ്ഥയിൽ നിലനിൽക്കുക എന്നതും പരിശുദ്ധിയിൽ ആയിരിക്കുക എന്നത് എത്രയോ പ്രധാനമാണെന്നും അത് ആത്മാവിന് ബോധ്യം നൽകുന്നു. ഈ ബോധ്യം ഒരുവന് ലഭിക്കുന്നത് സഹായകനായ പരിശുദ്ധാത്മാവിൽ നിന്നുമാണ്.

ദാവീദിന്റെ പുത്രാ, പാപിയായ എന്റെ മേൽ കനിവുണ്ടാകണമേ എന്ന് ഈശോയോട് നിലവിളിച്ചപ്പോൾ അത് ആയിരിക്കുന്ന അവസ്ഥയിൽ നിന്നും രക്ഷപ്പെടാനുള്ള, പൂർണമായി സുഖപ്പെടാനുള്ള ഒരേ ഒരു അവസരം എന്ന നിലയിൽ ആയിരുന്നു ബർതിമേയൂസിനു തോന്നിയത്.

ആ മനുഷ്യൻ അനേകം നാൾ ഭക്ഷണത്തിനു വേണ്ടി യാചിച്ചവനാണ്. കുറച്ചു പണത്തിനു വേണ്ടി യാചിച്ചവനാണ്. ഈ ഒരു പ്രാവശ്യമെ അവൻ കരുണയ്ക്കായി മാത്രം യാചിച്ചുള്ളൂ.

പല ആളുകളും ശബ്ദം ഉണ്ടാക്കരുതെന്നു പറഞ്ഞു വഴക്ക് പറഞ്ഞു എങ്കിലും
ഉറക്കെ ഉറക്കെ അവൻ വിളിച്ചു പറഞ്ഞു,

ദാവീദിന്റെ പുത്രാ എന്നിൽ കനിയണമേ.

അത് കേട്ട് ഈശോ നിന്നു. ബർതിമെയൂസിനെ അടുത്തേയ്ക്ക് വിളിച്ചു. ഈശോയുടെ അടുത്തേയ്ക്ക് ആരുടെയൊക്കെയോ സഹായത്താൽ ചെന്ന ബർതിമേയൂസ് എന്ത് വേണം എന്ന ഈശോയുടെ ചോദ്യം കേട്ടപ്പോൾ കാഴ്ച വീണ്ടും കിട്ടണം എന്നാണ് പറഞ്ഞത്.

ഈശോ കൂടുതൽ ഒന്നും ചോദിക്കുന്നില്ല. കാരണം ഈശോ ഒരുവന്റെ ജീവിതത്തിൽ പ്രവർത്തിക്കാൻ ആവശ്യമായ ഒരു കൃപ പരിശുദ്ധാത്മാവ് അവനിൽ നിറച്ചിരുന്നു.

ഈശോയിൽ ഉള്ള വിശ്വാസം.

ഈശോയിൽ വിശ്വാസമുണ്ടെങ്കിൽ ഉടനടി അത്ഭുതം കാണും. ഈശോയെ കാണും.

കാണാതെ വിശ്വസിക്കുന്നവന്റെ കണ്ണുകൾക്ക് ഈശോയെ യഥാർത്ഥത്തിൽ കാണുവാനുള്ള വലിയ ഭാഗ്യം ലഭിക്കും.

എന്നാൽ ദിവ്യകാരുണ്യ ഈശോയെ തിരുവോസ്തി രൂപനായി നേരിട്ട് കാണുന്ന പലർക്കും ഇന്നും അവിടുത്തെ കണ്ടിട്ടും അവിടുത്തെ ദൈവമായി തിരിച്ചറിയാൻ പറ്റുന്നുണ്ടോ?

അവിടുന്നു സത്യമായും ദൈവപുത്രനാണെന്നും നാം നിത്യതയോളം ഒരു നാൾ മുതൽ ഒരുമിച്ചു വസിക്കേണ്ട അത്യുന്നതദൈവമാണെന്നും മനസിലാക്കുന്നുണ്ടോ!

അടഞ്ഞ കണ്ണുകൾ തുറന്നു ബർതിമേയൂസ് ഈശോയെ മഹത്വപ്പെടുത്തിക്കൊണ്ട് ഈശോയുടെ പിന്നാലെ ആഹ്ലാദത്തോടെ പോകുന്നത് കണ്ട് അന്ന് ആളുകൾ ദൈവത്തെ സ്തുതിച്ചു.

എന്നാൽ ഇന്ന് ദിവ്യകാരുണ്യ ഈശോ തിരുവോസ്തി രൂപനായി നമ്മുടെ ഇടയിൽ ആയിരിക്കുമ്പോൾ നമ്മുടെ ഹൃദയത്തിൽ അവിടുന്ന് എന്റെ ഏക രക്ഷകനും നാഥനും ജീവനുമാണെന്ന് തോന്നുന്നുണ്ടോ?

ദിവ്യകാരുണ്യം സ്വീകരിച്ച നമ്മെ കാണുമ്പോൾ ഈശോയെ ഹൃദയത്തിൽ വഹിക്കുന്ന ഒരാളായി മറ്റുള്ളവർക്ക് തോന്നുമോ?
നമ്മുടെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും കൂടെയുള്ള, ഹൃദയത്തിലുള്ള ദിവ്യകാരുണ്യ ഈശോയെ നാം ഒരു വ്യക്തി എന്ന നിലയിൽ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നുണ്ടോ?

കൂടെ വസിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ദിവ്യകാരുണ്യ ഈശോയെ നാം കണക്കാക്കുന്നുണ്ടോ?

അവിടുത്തെ കാണാൻ എന്റെ അകകണ്ണുകൾക്ക് കഴിയുന്നുണ്ടോ?

ഇല്ലെങ്കിൽ നമുക്കും ഈശോ ഉള്ള ദിശയിലേക്ക് നോക്കി പറയാം

എന്റെ രക്ഷകനായ ഈശോയെ എന്റെ മേൽ കരുണയായിരിക്കേണമേ.

“ദൈവത്തിനു നമ്മോടുള്ള സ്‌നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്‌തിരിക്കുന്നു. ദൈവം സ്‌നേഹമാണ്‌. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.
വിധിദിനത്തില്‍ നമുക്ക്‌ ആത്‌മധൈര്യം ഉണ്ടാകുന്നതിനു സ്‌നേഹം നമ്മില്‍ പൂര്‍ണത പ്രാപിച്ചിരിക്കുന്നു. എന്തെന്നാല്‍, ഈ ലോകത്തില്‍ത്തന്നെ നാം അവനെപ്പോലെ ആയിരിക്കുന്നു.
സ്‌നേഹത്തില്‍ ഭയത്തിന്‌ ഇടമില്ല; പൂര്‍ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്‌ഷയെക്കുറിച്ചാണ്‌. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണനായിട്ടില്ല.
ആദ്യം അവിടുന്നു നമ്മെ സ്‌നേഹിച്ചു. അതിനാല്‍, നാമും അവിടുത്തെ സ്‌നേഹിക്കുന്നു. “
(1 യോഹന്നാന്‍ 4 : 16-19)

അന്നന്നു നമുക്ക് വിശക്കാറുണ്ട്. ദാഹിക്കാറുണ്ട്. ചിലരൊക്കെ കൃത്യ നേരത്തു കഴിക്കും. ചിലർ ഒത്തിരി വിശക്കുമ്പോഴും. ആഹാരം കഴിക്കാതെ ശരീരത്തിന് ശക്തി കിട്ടില്ല, വെള്ളം കുടിക്കാതെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ നടക്കില്ല.

ഇത് പോലെ പരിശുദ്ധ കുർബാന വ്യക്തിപരമായ ആത്മശക്തി നൽകുന്ന സ്വർഗീയ ഭോജനം ആണ്.

പഴയ നിയമത്തിൽ ഏകാന്തതയിൽ മനസ് തളർന്നും ക്ഷീണിച്ചുമിരുന്ന ഏലിയ പ്രവാചകനു ദൈവദൂതൻ ഭക്ഷണം കൊടുക്കുന്നതായി നാം വായിക്കുന്നുണ്ട്.

“അവിടെനിന്ന്‌ അവന്‍ തനിയെ മരുഭൂമിയിലൂടെ ഒരു ദിവസത്തെ വഴി നടന്ന്‌ ഒരു വാടാമുള്‍ച്ചെടിയുടെ തണലിലിരുന്നു. അവന്‍ മരണത്തിനായി പ്രാര്‍ഥിച്ചു: കര്‍ത്താവേ, മതി; എന്റെ പ്രാണനെ സ്വീകരിച്ചാലും! ഞാന്‍ എന്റെ പിതാക്കന്‍മാരെക്കാള്‍ മെച്ചമല്ല.

അവന്‍ ആ ചെടിയുടെ തണലില്‍ കിടന്നുറങ്ങി. കര്‍ത്താവിന്റെ ദൂതന്‍ അവനെ തട്ടിയുണര്‍ത്തി, എഴുന്നേറ്റു ഭക്ഷിക്കുക എന്നുപറഞ്ഞു.

എഴുന്നേറ്റുനോക്കിയപ്പോള്‍ ചുടുകല്ലില്‍ ചുട്ടെടുത്ത അപ്പവും ഒരു പാത്രം വെള്ളവും ഇതാ തലയ്‌ക്കല്‍ ഇരിക്കുന്നു.

അതു കഴിച്ച്‌ അവന്‍ വീണ്ടും കിടന്നു.

കര്‍ത്താവിന്റെ ദൂതന്‍ വീണ്ടും അവനെ തട്ടിയുണര്‍ത്തി പറഞ്ഞു: എഴുന്നേറ്റു ഭക്ഷിക്കുക.

അല്ലെങ്കില്‍ യാത്ര ദുഷ്‌കരമായിരിക്കും.
അവന്‍ എഴുന്നേറ്റു ഭക്‌ഷണപാനീയങ്ങള്‍ കഴിച്ചു.

അതിന്റെ ശക്തി കൊണ്ടു നാല്‍പതു രാവും നാല്‍പതു പകലും നടന്നു കര്‍ത്താവിന്റെ മലയായ ഹോറെബിലെത്തി.”

(1 രാജാക്കന്‍മാര്‍ 19 : 4-8)

ശക്തരായ പ്രവാചകന്മാർ പോലും തളർന്ന്‌ പോയ മണിക്കൂറുകൾ!

എന്നാൽ ഇന്ന് നാം അവരെക്കാളും എത്രയോ ഭാഗ്യവാന്മാർ!

മാലാഖമാരല്ല നമ്മുടെ സൃഷ്ടാവായ ദൈവം തന്നെ അന്നന്നു നമ്മുടെ ആത്മശരീരങ്ങൾക്ക് ഭക്ഷണമാകുന്നു. നമ്മോടൊത്തു നമ്മിൽ വസിക്കുന്നു.

“കഴിഞ്ഞകാലത്തെപ്പറ്റി, ദൈവം മനുഷ്യനെ ഭൂമുഖത്തു സൃഷ്‌ടിച്ചതു മുതലുള്ള കാലത്തെപ്പറ്റി, ആകാശത്തിന്റെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ ചോദിക്കുക; ഇതുപോലൊരു മഹാസംഭവം എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? ഇതുപോലൊന്നു കേട്ടിട്ടുണ്ടോ?’
(നിയമാവര്‍ത്തനം 4 : 32)

ഈശോയെ കാണാൻ ഹൃദയത്തിൽ നമുക്ക് യഥാർത്ഥ ആഗ്രഹമുണ്ടെന്നു കാണുമ്പോൾ ദയാലുവായ പരിശുദ്ധാത്മാവ് നമ്മുടെ ആത്മീയ കണ്ണുകളെ അൽപാല്പമായി തുറക്കുവാൻ തുടങ്ങും.

ദിവ്യകാരുണ്യ ഈശോയെ അകക്കണ്ണുകളിൽ പരിശുദ്ധാത്മാവിൽ കണ്ടു മുട്ടുന്നതിനു മുൻപും അതിനു ശേഷവും ഉള്ള ജീവിതം രാവും പകലും പോലെ വ്യത്യാസമുള്ളതാണ്.

അന്ന് മുതൽ സ്വന്തം ദൃഷ്ടിയിലും ലോകദൃഷ്ടിയിലും ഒന്നുമല്ലാത്ത ഒരു നിസാരവ്യക്തി ഏറ്റവും മനോഹര രൂപനായ ഒരു ദൈവകുമാരൻ ജീവന് തുല്യം സ്നേഹിക്കുന്ന ഒരുവളായി മാറുന്നു.

പരിശുദ്ധാത്മാവിന്റെ സഹായത്താൽ ദൂരക്കാഴ്ച ഇല്ലാത്ത ഒരാൾ ഒരു കണ്ണാടിയിലൂടെ എന്നത് പോലെ ദിവ്യകാരുണ്യ ഈശോയെ നോക്കുമ്പോൾ ഇത്രയും നാളും ഹൃദയത്തെ അത്‌ പോലെ നിറയ്ക്കുന്ന ഈ നിർമല സ്നേഹം ഞാൻ നഷ്‌ടപ്പെടുത്തിയല്ലോ എന്ന ചിന്തയിൽ ഹൃദയത്തിൽ ഒരു ദുഃഖവും നഷ്‌ടബോധവുമൊക്കെ തോന്നും.

കാരണം ഈശോ ഇവിടെ തന്നെയുണ്ടായിരുന്നു.

നാം നേരത്തെ കണ്ടില്ല, അവിടുത്തെ ഇത്രയും യഥാർത്ഥത്തിൽ അറിഞ്ഞിരുന്നില്ല എന്ന് മാത്രം.

കുഞ്ഞിലേ മുതലുള്ള നാളുകളിൽ ഒരു കളിക്കൂട്ടുകാരനെ പോലെ കൂടെയുള്ള ഈശോയെ ഞാൻ ഇന്നെന്നത് പോലെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പഴയ നാളുകൾ എത്രയോ മനോഹരവും കൂടുതൽ അർത്ഥ സമ്പൂർണവും ആകുമായിരുന്നു.

ഏകാന്തമായ ഒരു ദിനം പോലും ഉണ്ടാകുമായിരുന്നില്ല.

കാരണം ഒരു നിമിഷം പോലും ഈശോ ആത്മാവിനെ പിരിയുന്നില്ലല്ലോ.

“അന്നു സായാഹ്‌നമായപ്പോള്‍ അവന്‍ അവരോടു പറഞ്ഞു:
നമുക്ക്‌ അക്കരയ്‌ക്കുപോകാം. അവര്‍ ജനക്കൂട്ടത്തെ വിട്ട്‌, അവന്‍ ഇരുന്ന വഞ്ചിയില്‍ത്തന്നെ അവനെ അക്കരയ്‌ക്കു കൊണ്ടുപോയി. വേറെ വള്ളങ്ങളും കൂടെയുണ്ടായിരുന്നു.
അപ്പോള്‍ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകള്‍ വഞ്ചിയിലേക്ക്‌ ആഞ്ഞടിച്ചു കയറി. വഞ്ചിയില്‍ വെള്ളം നിറഞ്ഞുകൊണ്ടിരുന്നു.
യേശു അമരത്തു തലയണവച്ച്‌ ഉറങ്ങുകയായിരുന്നു. അവര്‍ അവനെ വിളിച്ചുണര്‍ത്തി പറഞ്ഞു: ഗുരോ, ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. നീ അതു ഗൗനിക്കുന്നില്ലേ?
അവന്‍ ഉണര്‍ന്ന്‌ കാറ്റിനെ ശാസിച്ചുകൊണ്ട്‌ കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി.
അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ഭയപ്പെടുന്നതെന്ത്‌? നിങ്ങള്‍ക്കു വിശ്വാസമില്ലേ?
(മര്‍ക്കോസ്‌ 4 : 35-40)

ഈശോ ഏതു സാഹചര്യത്തിലും നമ്മുടെ കൂടെയുണ്ട്.

“നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്‌ഠജനതയാണുള്ളത്‌?”
(നിയമാവര്‍ത്തനം 4 : 7)

മാമോദീസ സ്വീകരിച്ചു തിരുസഭയിൽ അംഗമായി കുമ്പസാരിച്ചു ഒരിക്കൽ പരിശുദ്ധ കുർബാന സ്നേഹത്തോടെ സ്വീകരിച്ചാൽ പിന്നെ സവിശേഷമായ വിധത്തിൽ നമ്മോടൊന്നായി ഈശോ കൂടെയുണ്ടെന്നും നമ്മുടെ എല്ലാക്കാര്യങ്ങളും നോക്കാൻ അവിടുന്ന് ശ്രദ്ധാലുവാണ് എന്നും നാം അറിയണം.

അവിടുന്ന് ഓരോരുത്തരോടും പറയുന്നതും ഇത് തന്നെയാണ്.

“ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ്‌ നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.”
(ജോഷ്വ 1 : 9)

ഈശോയെ വിശ്വാസത്തിന്റെ കണ്ണുകളിലൂടെ ഞാൻ കാണുമ്പോൾ മാറുന്നത് എനിക്ക് എന്നെക്കുറിച്ചുള്ള മനോഭാവം മാത്രമാണ്, ലോകത്തിനു എന്നെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറുന്നില്ല.

“കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെഅറിയുന്നില്ല; കാരണം, അത്‌ അവിടുത്തെ അറിഞ്ഞിട്ടില്ല.”
(1 യോഹന്നാന്‍ 3 : 1)

ലോകത്തിന്റെ അറിവ്കേടിൽ ആത്മാവിൽ ദുഃഖവും തോന്നില്ല. കാരണം ദിവ്യകാരുണ്യത്തിന്റെ കരവലയത്തിൽ ആയിരിക്കുമ്പോൾ ഹൃദയം ദൈവിക സ്നേഹത്തിന്റെ സമൃദ്ധിയിൽ നിറയും.

ദൈവസ്നേഹത്തിൽ ഒരിക്കലെങ്കിലും മുഴുകിയ ആത്മാവിന് ലോകസ്നേഹങ്ങളുടെ താത്കാലികതയും അപൂർണതയും ക്ഷണ നേരത്തിനുള്ളിൽ മനസിലാകും.

ഈശോയെ സ്നേഹിക്കാൻ ആഗ്രഹിക്കുന്ന എളിയ ഒരാത്മാവിന്റെ അന്തരാത്മാവിൽ ദിവ്യകാരുണ്യത്തിന്റെ ആഴമേറിയ ബോധ്യങ്ങൾ പരിശുദ്ധാത്മാവിനാൽ നിക്ഷേപിക്കപ്പെട്ടു തുടങ്ങിയാൽ മുഴുവനും ദിവ്യകാരുണ്യത്തെയും സ്നേഹത്തോടെ വഹിക്കുവാൻ ദൈവത്തിന്റെ മഹാകാരുണ്യത്താൽ ആദ്യം മുതലേ പ്രാപ്തമായ മനുഷ്യഹൃദയം പിന്നെയും അവിടുന്ന് നൽകുന്ന നിരന്തര സ്നേഹത്താലും അവിടുത്തെ കരുണയാലും ഓരോ നിമിഷവും ദീപ്തമായിക്കൊണ്ടിരിക്കും.

ദിവ്യകാരുണ്യ ഈശോ ആത്മാവിൽ നിത്യതയോളം പ്രഭ ചൊരിയുന്ന സൂര്യനാണ്.

എന്നാൽ പ്രകൃതിയിൽ നോക്കിയാൽ പ്രഭാത സൂര്യൻ ഉദിച്ചുയരുന്ന സമയത്ത് ചില ദിവസങ്ങളിൽ അതിമനോഹരമായ ആകാശ ദൃശ്യങ്ങൾ, പല നിറങ്ങൾ ചാലിച്ചുണ്ടാക്കിയ മേഘക്കൂട്ടങ്ങൾ, ഉണർന്നു പാടി പറക്കുന്ന പക്ഷികൾ, പുൽത്തുമ്പുകളിൽ ഇനിയും മായാൻ കൂട്ടാക്കാതെ വാശിപിടിച്ചിരിക്കുന്ന മഞ്ഞിൻതുള്ളികൾ ഒക്കെയും കാണാം.

പതിയെ പതിയെ സൂര്യൻ ഉദിച്ചുയർന്നു ഓരോ രശ്മിയും വേറിട്ട്‌ നമ്മുടെ ദേഹത്ത് പതിക്കത്തക്ക വിധം സുഖകരമായ ഇളം ചൂടിൽ, ഓരോരോ വീടുകളിൽ നിന്നും ഉയരുന്ന സ്വാദിഷ്‌ടമായ ആഹാരത്തിന്റെ സുഗന്ധത്തിൽ, കലപില വയ്ക്കുന്ന കുഞ്ഞ് കുട്ടികളുടെ ശബ്ദങ്ങളിൽ, ഉത്സാഹത്തോടെ ജോലിക്കായി ഇറങ്ങുന്ന മുതിർന്നവരുടെ തിരക്കിട്ട നടത്തത്തിൽ അന്തരീക്ഷം മുഖരിതമാകുന്നു.

ചില ദിവസം സൂര്യൻ തെളിഞ്ഞു പ്രകാശിക്കും, ചിലപ്പോൾ മഴക്കാറ് മൂടി ദിവസം ഇരുണ്ടതായി എന്ന് വരും.

ചിലപ്പോൾ മഴത്തുള്ളികൾ ദിവസത്തെ കഴുകി വെടിപ്പാക്കി എന്ന് വരാം, മേഘങ്ങൾക്കിടയിൽ നിന്നും പുറത്ത്‌ വരുന്ന സൂര്യകിരണങ്ങൾ കണ്ണുനീർതുള്ളികൾ പോലെയുള്ള കുഞ്ഞ് മഴത്തുള്ളികളിൽ തട്ടുമ്പോൾ ആകാശനീലിമയിൽ കാണുന്നവരുടെ കണ്ണിനിമ്പം നൽകും വിധം മഴവില്ലിന്റെ ഏഴു വർണങ്ങൾ വിരിയുന്നു.

ചില ദിവസങ്ങളിൽ മഞ്ഞു പെയ്തു എന്ന് വരാം. കാറ്റു കൂടുതൽ വീശി എന്ന് വരാം

ഒരു ദിവസത്തെ കാലാവസ്ഥ ഇങ്ങനെ എപ്പോഴും മാറാം.

പകൽ ക്ഷീണിച്ചു തളർന്നു രാത്രിയുടെ കയ്യിലേയ്ക്ക് സമയം കൈ മാറുമ്പോൾ ഇരുളു വരവായി, ചില രാവുകളിൽ നക്ഷത്രങ്ങൾ വിരിഞ്ഞു നിൽക്കുന്നതും പൂർവാധികം ഭംഗിയിൽ പൂർണ ചന്ദ്രൻ ഉദിച്ചു നിൽക്കുന്നതും കാണാം.

അമാവാസിനാളിൽ ഇരുട്ടിനു കട്ടി കൂടും.

ചില ദിവസങ്ങളിൽ ഭയപ്പെടുത്തുന്ന കാലാവസ്ഥ ആയിരിക്കും. ചിലപ്പോൾ ഹൃദയത്തിനു വളരെ സന്തോഷം നൽകുന്ന കാലാവസ്ഥയും.

ജീവിതത്തിലെ ദിവസങ്ങൾ ദൈവഹിതം അനുസരിച്ചു ഇങ്ങനെ പല പല കാലാവസ്ഥകളിൽ തുടരും.

സസ്യങ്ങൾ വളരുന്നതിനും ഫലം പുറപ്പെടുവിക്കുന്നതിനും എല്ലാ ജീവജാലങ്ങളുടെയും അനുദിനവിശ്രമത്തിനും ചില ജീവജാലങ്ങൾ ആഹാരം തേടുന്നതിനും സൂര്യൻ മറയുന്ന രാവ് ദൈവികക്രമത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
ഓരോ കാര്യത്തിനും ദൈവികമായ ഉദ്ദേശ്യം ഉണ്ട്.

ഇങ്ങനെ ഒക്കെയാണെങ്കിലും പിറ്റേന്ന് പിന്നെയും സൂര്യൻ ഉദിക്കും.

എങ്കിലും നമുക്കറിയാം സൂര്യൻ എപ്പോഴും ലോകത്തിൽ സന്നിഹിതനാണ്. സൂര്യനെ ചുറ്റുന്ന ഭൂമി സ്വയം തിരിയുന്നതിനനുസരിച്ചു ഇരുളും വെളിച്ചവും രാവും പകലും മാറി വരുന്നു എന്നേയുള്ളൂ.

നട്ടുച്ചക്ക് സൂര്യപ്രകാശത്തിൽ
നടക്കുമ്പോൾ മെഴുകുതിരിവെളിച്ചത്തിന്റെ ആവശ്യമില്ല.

എന്നാൽ രാത്രിയിൽ ലഭിക്കുന്ന ചെറിയ പ്രകാശം പോലും ദൈവഹിതപ്രകാരമുള്ള ലോകത്തിന്റെ ഇരുളിൽ വലിയ ആശ്വാസം നൽകും.

ലൗകിക കാര്യങ്ങളെക്കാൾ ശ്രദ്ധയോടെയാണ് ആത്മാവിന്റെ കാര്യം ദൈവം പരിപാലിക്കുന്നത്.

ദൈവം സർവവ്യാപിയാണ്. എന്നാൽ അവിടുത്തേയ്ക്ക് പ്രിയപ്പെട്ട വാസഗേഹം മനുഷ്യന്റെ ആത്മാവാണ്. ദിവ്യകാരുണ്യ സ്വീകരണം ഒരു മനുഷ്യന്റെ ആത്മാവിൽ ദൈവസ്നേഹപാരമ്യത്തിന്റെ സമ്പൂർണതയും ചൊരിയപ്പെടുന്ന നിമിഷങ്ങൾ ആണ്. എന്നാൽ നിത്യതയിൽ തുറവിയോടെ അനുഭവിക്കാൻ പോകുന്ന ഈ സ്നേഹപാരമ്യം ശരീരത്താൽ പൊതിയപ്പെട്ട ആത്മാവിൽ നിന്നും ഇപ്പോൾ മറച്ചു വയ്ക്കപ്പെട്ടിരിക്കുന്നു. അവിടുത്തെ യഥാർത്ഥ സാന്നിധ്യം ആത്മാവിൽ വസിക്കുന്നു എങ്കിലും ദിവ്യകാരുണ്യസ്വീകരണത്തിൽ സ്നേഹത്തിന്റെ മഹാപ്രവാഹം നമ്മിലേയ്ക്ക് ഒഴുകുന്നു എങ്കിലും നാം അതിൽ തന്നെ നിന്നു പോകുന്നില്ല, പരിശുദ്ധ കുർബാന കഴിഞ്ഞു തിടുക്കത്തിൽ വീട്ടിലെത്തി ജീവിതത്തിൽ മറ്റ്‌ കാര്യങ്ങൾ ചെയ്തു മുന്നോട്ടു പോകുന്നു.

ഒരു പക്ഷെ ദിവ്യകാരുണ്യഈശോയുടെ അവർണനീയമായ സ്നേഹത്തിന്റെ ഒരു തരി എങ്കിലും ആത്മാവിൽ അനുഭവിക്കാൻ നമുക്ക് ഇടയായിരുന്നു എങ്കിൽ ഈശോയുടെ അടുത്തു നിന്നും മാറാതെ അവിടുന്നിൽ നിന്നും നോട്ടം ഒരു നിമിഷം പോലും മാറ്റാതെ അവിടുത്തെ മഹത്വം കണ്ടു സ്തബ്ധയായി അനങ്ങാൻ പോലും പറ്റാതെ ഭയത്തോടെ നിന്ന നിൽപ്പിൽ അങ്ങനെ തന്നെ നിൽക്കുമായിരുന്നു എന്ന് ഈശോയ്ക്കറിയാം.

അത് കൊണ്ടും കൂടിയാണ് ചെറിയ ആത്മാക്കളായ നമ്മെ ഓരോരുത്തരെയും ഈശോ നവജാതശിശുക്കളെ പോലെ അതീവ ശ്രദ്ധയോടെ പരിപാലിക്കുന്നത്.

ഒരു ചെറിയ കുഞ്ഞ് ജനിച്ചു കഴിഞ്ഞു കുറച്ചു നാളുകളോളം അമ്മയുടെ നറും പാൽ നുകർന്നു അമ്മയുടെ ചൂട് പറ്റി കിടന്നു അമ്മയുടെ സ്നേഹം പരിചയിച്ചു വരുന്നു. ഉണർന്നിരിക്കുമ്പോൾ അമ്മയെ കണ്ടില്ലെങ്കിൽ അത് കരയും. പതിയെ പതിയെ അമ്മ എപ്പോഴും കൂടെയുണ്ടെന്നുള്ള അറിവ് അതിന്റെ ഹൃദയത്തിൽ ഉണ്ടാകുന്നു. നാളുകൾ കഴിയും തോറും ആ അറിവ് അനുഭവത്തിലൂടെ അതിന്റെ കുഞ്ഞ് ഹൃദയത്തിൽ ഉറയ്ക്കുന്നു. അമ്മ കുറച്ചു നേരത്തേയ്ക്ക് മാറിയാലും തൊട്ടടുത്തു ഉണ്ടെന്ന ആന്തരികബോധ്യത്തിൽ ശാന്തമായി കിടക്കുവാൻ കുഞ്ഞ് പരിചയിക്കുന്നു.

ആത്മാവിൽ നിത്യ സൂര്യനായ ഈശോയുടെ നിരന്തര സാന്നിധ്യപ്രകാശം യഥാർത്ഥമായി എപ്പോഴും ഉണ്ട്. ദൈവഹിതമനുസരിച്ചും ആത്മാവിന്റെ കണ്ണുകൾ ഈശോയോട് അഭിമുഖമായി നിൽക്കുന്നതിനു അനുസരിച്ചും വിശ്വാസത്തിന്റെ അകക്കണ്ണുകൾ തുറന്നു അവിടുത്തെ നോക്കുന്നതിനു അനുസരിച്ചും ഈശോയുടെ സ്നേഹപ്രകാശം ആത്മാവിന് അനുഭവവേദ്യമാകും.

എന്നാൽ ഈശോയെ കുറിച്ച് ഒരു സ്നേഹചിന്തകൾ പോലും ആത്മാവിൽ സ്വയം ഉദിക്കാതെ, ശക്തി ഹീനമായി ആത്മാവിന്റെ ഇരുണ്ട രാത്രിയിലൂടെ ദൈവഹിതം അനുസരിച്ചു ആത്മാവ് കടന്നു പോയി എന്നും വരാം.

ആ ആത്മാവിൽ ഇരുൾ മൂടിയ സമയം ആഴമായ ദു:ഖത്തിലും ഏകാന്തതയിലും സ്വയം ആഴ്ന്നു പോകാനുള്ളതല്ല, മറിച്ചു ഈശോയുടെ സ്നേഹത്തിന്റെ പാഠങ്ങൾ ആത്മാവിന് ജീവിതത്തിലൂടെ പഠിക്കാൻ പ്രവർത്തികമാക്കാൻ, അതിനെ വിശ്വസ്‌തതയോടെ ഈശോയുടെ സ്നേഹം വെളിപ്പെടും വരെ ശാന്തമായി കാത്തിരിക്കാൻ പഠിപ്പിക്കുകയാണ്.

ദൈവപരിപാലന ഏറ്റവും സൂക്ഷ്മതയോടെ ചെറുതും വലുതുമായ കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ക്രമമായി പടിപടിയായി ചെയ്യുമ്പോൾ ആത്മാവിന്റെ സ്നേഹോന്നമനത്തിനു വേണ്ട കാര്യങ്ങളും നടന്നു കൊണ്ടിരിക്കും.

ആത്മീയ ഇരുളിൽ ദൈവഹിതപ്രകാരം ആയിരിക്കുമ്പോൾ അതോടൊപ്പം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടിലൂടെ കടന്നു പോകുമ്പോൾ ഈശോ ഇപ്പോഴും ഒരു നിമിഷം പോലെ പിരിയാതെ തന്നിലുണ്ട് എന്നുള്ള വസ്തുത ഒരു നിമിഷ നേരത്തേയ്ക്കെങ്കിലും സ്നേഹത്തോടെ ഓർമിക്കുക എന്നത് ഒരു വലിയ കൃപയാണ്.

സഹായകനായ പരിശുദ്ധാത്മാവ് ഇത് പോലെയുള്ള കൃപകൾ തക്ക സമയത്ത് നമുക്ക് നൽകിക്കൊണ്ടിരിക്കും. അത് സ്വീകരിക്കാൻ അവിടുത്തെ സ്നേഹം നമ്മെ പ്രാപ്തരാക്കുകയും ചെയ്യും.

പതിയെ പതിയെ ആത്മാവിൽ ഇരുളുമാറി സ്നേഹത്തിന്റെ പ്രഭാതം വീണ്ടും പൊട്ടി വിരിയുമ്പോൾ ആ പ്രകാശത്തിൽ ഹൃദയാകാശത്തിൽ തെളിഞ്ഞു നിൽക്കുന്ന ഈശോയുടെ മുഖം നമ്മെയും നമ്മുടെ ചേതനയെയും പ്രകാശിപ്പിക്കുകയും ജീവസുറ്റതാക്കുകയും ശക്തി പകരുകയും ചെയ്യുമ്പോൾ ഹൃദയത്തിന്റെ സന്തുഷ്ടി എത്ര മാത്രമായിരിക്കും!

അപ്പോഴാണ് എല്ലായ്‌പോഴും ഈശോ ഇവിടെ ഉണ്ടായിരുന്നു എന്നുള്ള സത്യം ബോധ്യപ്പെടുന്നത്. അവിടുന്നായിരുന്നു എല്ലാ കാര്യങ്ങളും നയിച്ചു കൊണ്ടിരുന്നത് നമ്മളായിരുന്നില്ല എന്ന അറിവ് നമ്മുടെ കണ്ണു നനയിക്കും.

“നിങ്ങള്‍ വിശ്വസിക്കേണ്ടതിന്‌, ഞാന്‍ അവിടെ ഇല്ലാഞ്ഞതില്‍ നിങ്ങളെപ്രതി ഞാന്‍ സന്തോഷിക്കുന്നു.”
യോഹന്നാന്‍ 11 : 15

ഇങ്ങനെയുള്ള ഈശോയുടെ സ്നേഹസാന്നിധ്യത്തിന്റെ ഏറ്റക്കുറച്ചിലുകളുടെ അനുഭവങ്ങളിലൂടെ ഈശോയെ പൂർണ ഹൃദയത്തോടെ നിത്യതയോളം വിശ്വസിക്കാനും അവിടുത്തേയ്ക്ക് ജീവിതം മുഴുവനും ഒരു ഉപാധികളുമില്ലാതെ സ്വയം ഏല്പിച്ചു കൊടുക്കാനും ഒരു ആത്മാവ് പ്രാപ്തയാകും. തകർന്നു പോയേക്കും എന്നുള്ള രീതിയിൽ ജീവിതത്തിന്റെ നാളുകളിൽ ആയിരിക്കുമ്പോൾ മരണത്തിന്റെയും ദുഃഖത്തിന്റെയും നിഴൽ വീണ താഴ്‌വാരയിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ ഇനിയൊന്നും മാനുഷിക ബുദ്ധിയിൽ ചെയ്യാനില്ല എന്നുള്ള ബോധ്യം ഹൃദയത്തിൽ ഉളവാകുമ്പോൾ നീ എന്ത് നേടി എന്ന് പിശാച് പരിഹസിക്കുമ്പോൾ ഈശോ ഒന്നേ പറയാൻ ആഗ്രഹിക്കുന്നുള്ളൂ. കുഞ്ഞേ ഇത്തിരി നേരം കൂടി ക്ഷമിക്കുക, കുറച്ചു നേരം കൂടി സഹിക്കുക. എന്റെ കൃപയാൽ ഇതും കടന്നു പോകും. നീ എന്റെ സ്നേഹത്തിൽ കൂടുതൽ പൂർണത പ്രാപിക്കുകയും ചെയ്യും.

“യേശു അവളോടു ചോദിച്ചു: വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ?”
(യോഹന്നാന്‍ 11 : 40)

ഓരോ സഹനത്തിന്റെയും ചെറിയ നാളുകളൊക്കെയും വലിയ ആത്മീയ വിജയത്തിന്റെ അടിത്തറ ഉറപ്പിച്ച ചവിട്ടു പടികൾ ആയിരുന്നു എന്ന് ഒരുനാൾ മനസിലാകുമ്പോൾ സഹനങ്ങളെ ഓർത്തു ഹൃദയത്തിൽ നന്ദി നിറയാതിരിക്കുന്നതെങ്ങനെ!

പൂർവയൗസേപ്പിന്റെ ജീവിതത്തിൽ കഷ്‌ടാനുഭവങ്ങൾഉണ്ടായില്ലായിരുന്നെങ്കിൽ പിന്നീടൊരുനാൾ വരൾച്ചയുടെ വറുതിയിൽ പൊറുതി മുട്ടിയ സ്വന്തം ജനത്തിന് ആഹാരമേകുവാൻ ആശ്രയമാകുവാൻ ഈജിപ്തിന്റെ രണ്ടാം ഭരണാധികാരി ആകത്തക്ക വിധം ഉയരാൻ കഴിയുമായിരുന്നോ?

സൂസന്ന സഹനത്തിലും മരണത്തിന്റെ മുന്നിൽ പോലും ദൈവത്തിൽ പൂർണമായും ആശ്രയിച്ചത് ഒരു ജനത ഒരു ചെറുബാലനിലൂടെ ദൈവസ്വരം കേൾക്കാനും തന്നിൽ ആശ്രയിക്കുന്നവരെ ഒരു നാളും അവിടുന്ന് ഉപേക്ഷിക്കുകയില്ല എന്ന് അനുഭവത്തിലൂടെ അവർ അറിയാനും കാരണമായി.

ദാവീദിന്റെ എളിയ നാളുകൾ രാജമഹിമയുടെ മുന്നോടിയായിരുന്നു. ഈശോ പോലും ദാവീദിന്റെ പുത്രൻ എന്ന് ദൈവഹിതപ്രകാരം വിളിക്കപ്പെട്ടു.

നാം എത്ര നിസാരരാണ് എന്നുള്ളതല്ല, ഈശോ നമ്മെ സ്നേഹിക്കുന്നു എന്നതാണ് പ്രധാനം. സഹനത്തിന്റെ നാളുകൾ നിരന്തര സ്നേഹത്തിൽ നിന്നുള്ള വിശ്രമത്തിന്റെ നാളുകളാണ്, അവിടെ ഒരാളിൽ ദൈവവിശ്വാസം പ്രവർത്തന നിരതമാകുന്നു. അത് ആത്മാവിൽ നൂറു മേനി ആത്മീയ വിളവ് നൽകുകയും ചെയ്യുന്നു.

ഓരോ ചെറുതും വലുതുമായ സഹനവും വിത്തുകളാണ്. ആത്മാവിൽ ദൈവപരിപാലന നടുന്ന ഓരോ സഹനവിത്തും കണ്ണുനീരിൽ നനയ്ക്കപ്പെട്ടു ദിവ്യകാരുണ്യത്തിന്റെ ചൂടേറ്റ് മുളപൊട്ടി ഓരോരോ ഇതളുകളായി ഇലകൾ വന്നു പൂവുകൾ വിരിഞ്ഞു കായ്കൾ നിറഞ്ഞു സമയത്തിന്റെ പൂർണതയിൽ ഫല സമൃദ്ധമായി പരിണമിക്കുന്നു.

സഹനത്തിന്റെ പൂർണതയിൽ സ്നേഹത്തിന്റെ ഫല സമൃദ്ധി ആത്മാവിൽ നിറയുന്നു. ആത്മാവ് സ്നേഹപൂരിതവും ദൈവസ്നേഹത്താൽ പ്രകാശിതവും ആകുന്നു.

“നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യന്‍മാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവ്‌ മഹത്വപ്പെടുന്നു.”
(യോഹന്നാന്‍ 15 : 8)

ദൈവഹിതപ്രകാരമുള്ള സഹനം സ്വമനസാ സ്വീകരിക്കുമ്പോൾ ഈശോയുടെ സ്നേഹം തന്നെയാണ് സ്വീകരിക്കുന്നത്.

ഒരു സഹനവും നമ്മെ തകർക്കുകയില്ല. മറിച്ചു പടിപടിയായി നമ്മെ കൂടുതൽ സ്നേഹത്തിൽ ബലപ്പെടുത്തുകയും വിശ്വാസത്തിൽ ഉറപ്പിക്കുകയും ചെയ്യും.

“ദൈവത്തിന്റെ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്‌.”
(1 പത്രോസ് 5 : 6)

മരണത്തെ ദുർബലപ്പെടുത്തുകയും മരണ ഭയത്തെ പാടേ ഇല്ലാതാക്കുകയും ചെയ്യാൻ സ്നേഹത്തിനു സാധിക്കും.

“നശ്വരമായത്‌ അനശ്വരവും മര്‍ത്യമായത്‌ അമര്‍ത്യവും ആകേണ്ടിയിരിക്കുന്നു.
അങ്ങനെ, നശ്വരമായത്‌ അനശ്വരതയും മര്‍ത്യമായത്‌ അമര്‍ത്യതയും പ്രാപിച്ചുകഴിയുമ്പോള്‍, മരണത്തെ വിജയം ഗ്രസിച്ചു എന്നെഴുതപ്പെട്ടതു യാഥാര്‍ഥ്യമാകും. മരണമേ, നിന്റെ വിജയം എവിടെ?
മരണമേ, നിന്റെ ദംശനം എവിടെ?
മരണത്തിന്റെ ദംശനം പാപവും പാപത്തിന്റെ ശക്‌തി നിയമവുമാണ്‌.
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴി നമുക്കു വിജയം നല്‍കുന്ന ദൈവത്തിനു നന്ദി.”
(1 കോറിന്തോസ്‌ 15 : 53-57)

നശ്വരനായ മനുഷ്യൻ അനശ്വരനാകുന്നത് ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ ഈശോയിൽ യഥാർത്ഥമായും വസിക്കുന്നതിലൂടെ ആണ്.

ഈശോ നമുക്കായി ദിവ്യകാരുണ്യമാകുവാൻ സെഹിയോൻ ഊട്ട് ശാലയിൽ സ്വയം പങ്കുവച്ചു നൽകി ഗത്സമനിലൂടെ നമ്മെ ഏറ്റെടുത്തു ഹൃദയത്തിൽ വഹിച്ചു കാൽവരിയിലെ സഹനത്തിലൂടെയും മരണത്തിലൂടെയും കടന്നു പോയി ഉയിർപ്പിന്റെ മഹിമാപ്രഭാവത്തിൽ നമ്മെയും സ്നേഹത്തികവിൽ ചേർത്ത് വച്ചു.

“എന്തുകൊണ്ടെന്നാല്‍, ക്രിസ്‌തു തന്നെയും പാപങ്ങള്‍ക്കുവേണ്ടി ഒരിക്കല്‍ മരിച്ചു; അതു നീതിരഹിതര്‍ക്കു വേണ്ടിയുള്ള നീതിമാന്റെ മരണമായിരുന്നു. ശരീരത്തില്‍ മരിച്ച്‌ ആത്മാവില്‍ ജീവന്‍ പ്രാപിച്ചുകൊണ്ടു നിങ്ങളെ ദൈവസന്നിധിയിലെത്തിക്കുന്നതിനു വേണ്ടിയായിരുന്നു അത്‌.”
(1 പത്രോസ് 3 : 18)

നമ്മെ ഇത്രയും സ്നേഹിച്ച ഈശോ!

നമ്മുടെ നിസാരത ഈശോയുമായുള്ള സൗഹൃദത്തിന് വിഘാതം സൃഷ്ടിക്കുന്നില്ല. നാം എങ്ങനെ ആണോ അതേ പടി ഈശോയുടെ മുന്നിൽ ഇടപെട്ടാൽ മതി. കൃത്രിമമായി സ്നേഹം ഭാവിക്കേണ്ട കാര്യമില്ല.

ഈശോയെ നമ്മോടൊപ്പം ജീവിക്കുന്ന ഒരു വ്യക്തിയെ പോലെ കാണണം. ഒരു മനുഷ്യനോട് ഇടപെടുന്നത് പോലെ ശിശു സഹജമായ സ്വാതന്ത്ര്യത്തിൽ പരിശുദ്ധാത്മാവ് നൽകുന്ന പ്രചോദനം അനുസരിച്ചു അവിടുത്തോട് പെരുമാറാം.

കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ അവിടുത്തേയ്ക്കായി ചെയ്യാം.

ഓരോ മനുഷ്യരിലും അവിടുന്ന് വസിക്കുന്നുണ്ടല്ലോ.

ഓരോ മനുഷ്യരോടും ബഹുമാനത്തോടെ പെരുമാറാൻ ശ്രമിക്കാം.

ഓരോരുത്തരുടെയും തനതായ വ്യക്തിത്വത്തെ ബഹുമാനിക്കാം. അത് വഴി ആ വ്യക്തിത്വങ്ങൾ രൂപപ്പെടുത്തിയ സൃഷ്ടാവായ ദൈവത്തെതന്നെ നാം ബഹുമാനിക്കുമല്ലോ.

കുഞ്ഞ് ഉപകാരങ്ങൾ സാധിക്കുന്നത് പോലെ ചെയ്യാം.

ഒരു പാത്രം വെള്ളം ഈശോയുടെ നാമത്തിൽ കൊടുത്താലും അത് ഈശോയ്ക്ക് കൊടുക്കുന്നത് പോലെ ആകുമല്ലോ.

നമ്മുടെ സാഹചര്യങ്ങളിൽ സാധിക്കുന്നത് പോലെ കരുണ കാണിക്കാം.

ഈശോയെപ്പറ്റി വെറുതെ ഓർക്കാം. ഈശോയുടെ വ്യക്തിത്വത്തെ പറ്റി ചിന്തിക്കാം.

ഒരു പക്ഷെ ദൈവശാസ്ത്രത്തിൽ വലിയ അറിവോ പാണ്ഡിത്യമോ ഒന്നും നമുക്ക് കാണില്ലായിരിക്കും. എങ്കിലും ഇന്നും ജീവിക്കുന്ന ഈശോയെ കുറിച്ച് സ്നേഹത്തോടെ ഓർക്കാൻ അതൊന്നും തടസം അല്ലല്ലോ.

ഈശോയുടെ നാമം സാധിക്കുമ്പോൾ ഒക്കെയും സ്നേഹത്തോടെ പറയാം.

പ്രകൃതിയിൽ അവിടുന്ന് നമുക്കായി ഒരുക്കിയ വിസ്മയങ്ങളെ കുറിച്ച്, ചുറ്റുമുള്ള ജീവജാലങ്ങളെ കുറിച്ച്, പ്രത്യേകിച്ചും ഇന്ന് എന്ന ദിവസത്തെ എല്ലാം തികഞ്ഞ രീതിയിൽ ജീവവായുവും ആഹാരവും വെള്ളവും പാർപ്പിടവും പരിശുദ്ധ കുർബാനയും ഒക്കെ ഒരുക്കിയതിനെ ഓർത്തു നന്ദി പറയാം.

ഈശോയ്ക്ക് നന്ദി പറയാൻ എത്രയോ സ്നേഹകാരണങ്ങൾ!!!

ചില ദിവസങ്ങൾ സഹനങ്ങൾ ഇല്ലാ എന്നല്ല, സഹനങ്ങൾ ഉണ്ടാവും.

സഹനങ്ങൾ അതിൽ തന്നെ ശൂന്യവും വിരസവുമാണ്. എന്നാൽ അത് ഈശോയുടെ കയ്യിൽ നിന്നും സ്വീകരിക്കുമ്പോൾ സഹിക്കുന്നത് ഈശോയും നാമും ഒരുമിച്ചാണ്.

സഹനത്തിന്റെയും ആത്മ ഏകാന്തതയുടെയും നാളുകളിൽ നമ്മുടെ കണ്ണുകൾ ഈശോയെ കണ്ടാലും ഇല്ലെങ്കിലും നിത്യതയോളം അവിടുന്ന് നമ്മിലുണ്ട്, നമ്മോടു കൂടെയുണ്ട്.

തന്റെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കും നമ്മെ വിളിച്ചവനെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലൂടെ, നമ്മുടെ ജീവിതത്തിനും ഭക്‌തിക്കും ആവശ്യമായവയെല്ലാം അവന്റെ ദൈവികശക്തി നമുക്കു പ്രദാനം ചെയ്‌തിരിക്കുന്നു.”
(2 പത്രോസ് 1 : 3)

സമാനമായ സഹനഅനുഭവങ്ങളിലൂടെയും ആത്മീയ വരൾച്ചയിലൂടെയും ആത്മാവിന്റെ ഇരുണ്ട രാത്രികളിലൂടെയും കടന്നു പോകുന്ന സഹോദരർ നഷ്‌ടധൈര്യരാകാതെ അവരെ ആശ്വസിപ്പിക്കുവാനും സ്നേഹത്തോടെ ഈശോയുടെ വെളിപ്പെടുത്തലിനായി ആത്മാവിൽ കാത്തിരിക്കുവാൻ പറഞ്ഞു കൊടുക്കാനും ഈ വിധത്തിലുള്ള സഹനപരിശീലനം ആത്മാവിനെ സഹായിക്കുന്നു

ഈശോ കൂടെയുണ്ട് എന്ന് അനുഭവപ്പെടുന്ന ആത്മസമൃദ്ധിയെക്കാളും ആത്മാവിന് ഉപകാരപ്രദം ഒരാശ്വാസവും ഇല്ലാത്ത സമയത്തും ഈശോ കൂടെയുണ്ട് എന്നു പരിശുദ്ധാത്മാവ് നൽകുന്ന ഉള്ളിലെ ബോധ്യത്തിൽ ഒരു കുറവുമില്ലാത്തത് പോലെ സ്നേഹത്തിൽ ആയിരിക്കുക എന്നതാണ്.

അവിടുത്തെ സ്നേഹത്തിന്റെ ഒരു തരിയ്ക്ക് പോലും സ്വയമേ അർഹത ഇല്ലാതിരിക്കെ, കിട്ടിയ സ്നേഹത്തിൽ ആയിരുന്നു അതിനു നന്ദിപറയുക എന്നതല്ലേ കൂടുതൽ ഉചിതം

ഒരു പക്ഷെ ആത്മാവിന്റെ ഇരുണ്ട രാത്രികൾ ഇന്നലെകളിലെ ദൈവസ്നേഹസമൃദ്ധിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാനും അവയ്ക്കൊക്കെയും വീണ്ടും നന്ദി അർപ്പിക്കാനും സമയം നൽകുന്ന അവസരങ്ങൾ ആണ്

നാളെകളിൽ കിട്ടാനിരിക്കുന്ന ഈശോയുടെ സ്നേഹത്തിന്റെ സമയത്തിലേയ്ക്ക് കൊതിയോടെയുള്ള ഒരു കാത്തിരിപ്പിന്റെ നേരവുമാണത്.

ഓരോ ദിവ്യകാരുണ്യ സ്വീകരണവും ദൈവപിതാവിന്റെ ആദ്യസ്നേഹനാളുകളിലേയ്ക്കുള്ള തിരിച്ചു പോകലാണ്.

എന്തിനായി അവിടുന്ന് മനുഷ്യനെ സൃഷ്ടിച്ചോ ആ സ്നേഹസമൃദ്ധിയിലുള്ള സമ്പൂർണമായ ഒന്നാകൽ ആണ് ദിവ്യകാരുണ്യ സ്വീകരണം.

“എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന്‌ യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം നല്‍കും.
നമ്മുടെ പിതാവായ ദൈവത്തിന്‌ എന്നും എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ!

ആമേന്‍.

(ഫിലിപ്പി 4 : 19-20)

💕


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment