ദിവ്യകാരുണ്യം: വാചാലമായ മൗനം

ഒരു ചെറുകുഞ്ഞിനെ പരിചരിക്കുന്ന അമ്മ അതിനെ വാത്സല്യത്തോടെ ഉറ്റു നോക്കികൊണ്ട് നിശബ്ദയായി പുഞ്ചിരിയോടെ അതിന്റെ സമീപേ ഇരിക്കാറുണ്ട്.

എന്നാൽ കുറച്ചു സമയം കഴിയുമ്പോൾ കുഞ്ഞ് പതിയെ അമ്മയെ നോക്കുന്നു. അമ്മ തന്നെ നോക്കുകയാണെന്നു അതിനു മനസിലാകുമ്പോൾ കുഞ്ഞ് പുഞ്ചിരിക്കുന്നു. കൂടെ അമ്മയും.

ഈശോ ദിവ്യകാരുണ്യമായി അൾത്താരയിൽ എഴുന്നള്ളിയിരിക്കുമ്പോൾ അവിടുന്നും നിശബ്ദനാണ്.

നാം അവിടുത്തെ മുൻപിൽ വ്യാപരിക്കുമ്പോൾ അവിടുന്ന് നമ്മെ വീക്ഷിച്ചു കൊണ്ടേയിരിക്കുന്നു.

ഈശോയുടെ മുൻപിൽ നമ്മുടെ വാചികമായ സംസാരം കുറെ സമയത്തേയ്ക്ക് നിൽക്കുമ്പോൾ, നാം നിശബ്ദമാകുമ്പോൾ, ഈശോയെ അടുത്തു ചെന്നു നോക്കുമ്പോൾ, നമ്മുടെ ഹൃദയത്തിന്റെ കണ്ണും കാതും അധരവും പതിയെ പതിയെ തുറക്കും.

നിശബ്ദനായി ഈശോ നമ്മുടെ മുൻപിൽ ഉപവിഷ്‌ടനായിരിക്കുമ്പോൾ നമ്മുടെ ചിന്തകൾ അവിടുത്തെ സ്നേഹമഹത്വത്താൽ ദീപ്തമാകും.
നാം അവിടുത്തെ സ്നേഹം ആത്മാവിൽ പതിയെ തിരിച്ചറിഞ്ഞു തുടങ്ങും.

അതൊരു കുഞ്ഞ് അതിന്റെ മാതാപിതാക്കൾ വീട്ടിൽ സംസാരിക്കുന്ന, അതായിരിക്കുന്ന ദേശത്തെ ഭാഷ എപ്പോഴും കേൾക്കുന്നതിനാൽ പഠിക്കുന്നത് പോലെയാണ്.
ദിവ്യകാരുണ്യ ഈശോയുടെ ചാരെ ആയിരിക്കുമ്പോൾ അവിടുത്തെ ഏറ്റവും സമ്പൂർണ സ്നേഹത്തിന്റെ ഭാഷയും ആന്തരികവും ബാഹ്യവുമായ നിശബ്ദതയുടെ ആത്മസൗന്ദര്യവും നാം അനുഭവിക്കാൻ തുടങ്ങും.

ആദ്യമൊക്കെ ഓരോ ആവശ്യങ്ങളെ പറ്റി വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്ന നാം പതിയെ ദിവ്യകാരുണ്യം എന്ന അത്യാവശ്യത്തിനു മുൻപിൽ ആവശ്യങ്ങൾ ഇല്ലാത്തവരായി മാറും.

ഒരു നിമിഷത്തേയ്ക്കെങ്കിലും ഈശോ എന്ന വ്യക്തിയെ സന്ദർശിക്കുമ്പോൾ നമുക്ക് അവിടുത്തെ മുന്നിൽ പറയാൻ വലിയ ആഗ്രഹങ്ങൾ ഒന്നുമുണ്ടാവില്ല. കാരണം ഇനി മേൽ നാം രണ്ടല്ല ഒന്നാണെന്നു ദിവ്യകാരുണ്യ സ്വീകരണത്തിൽ ഈശോയും ആത്മാവും ഒരു മാനുഷിക ബന്ധത്തിന് സങ്കൽപിക്കാൻ പറ്റാത്ത അത്രയും വിധത്തിൽ പരസ്പരം ലയിച്ചിരിക്കുന്നു എന്നും എന്റെ കാര്യങ്ങൾ ഈശോയുടെയും ഈശോയുടേത് എന്റെയും ആണെന്ന് ആത്മാവിൽ എവിടെയോ ഒരറിവു പരിശുദ്ധാത്മാവ് നമുക്ക് നൽകുന്നു.

പിന്നീട് വരുന്ന സംഭാഷണത്തിൽ ഞാൻ എനിക്ക് എന്നുള്ള കാര്യങ്ങൾ ഇല്ല…

ഈശോയെ നമ്മുടെ വീട്, നമ്മുടെ കാര്യം, നമ്മുടെ അമ്മ, നമ്മുടെ ദൈവപിതാവ് എന്നിങ്ങനെ എല്ലാം നമ്മുടേതാണ്.

നമ്മുടെ ഭൗമിക കാര്യങ്ങൾ പൂർണമായും സ്വാഭാവിക രീതിയിൽ ബലപ്രയോഗം ഇല്ലാതെ ദിവ്യകാരുണ്യ ഈശോയുടെ സ്നേഹത്തിനു സ്വന്തമാകുമ്പോൾ ഈശോയ്ക്കുള്ളതും സ്വർഗീയ കാര്യങ്ങളും നിത്യ ജീവനും നമ്മുടെയും നിസാരമായ സ്നേഹത്തിനു സ്വന്തമാകുന്നു.

ദിവ്യകാരുണ്യത്തിന് മുന്നിൽ ഒരു നിമിഷം നിന്നു അവിടുത്തെ നോക്കിയാൽ അവിടെ ഈശോയെ മാത്രമല്ല കാണാൻ കഴിയുക പരിശുദ്ധ ത്രിത്വത്തെ തന്നെയാണ്.

കാരണം ദൈവിക വ്യക്തികൾ മൂന്നാണെങ്കിലും സത്തയിലും സ്നേഹത്തിലും അവർണനീയമായ വിധത്തിൽ ഒന്നായിരിക്കുന്ന അവിടുത്തെ ചാരെ ഒരു ചെറിയ ആത്മാവ് നിൽക്കുമ്പോൾ ദിവ്യകാരുണ്യമാകാൻ തന്റെ ഏക ജാതനായ ഈശോയെ, ദൈവനീതിയുടെ കാഠിന്യത്തിനു വിട്ടു കൊടുത്ത പിതാവായ ദൈവത്തിന്റെ സ്നേഹവും കാരുണ്യവും ജീവൻ തുടിക്കുന്ന സാന്നിധ്യവും സ്നേഹത്തിന്റെ പൂർണതയിൽ സ്നേഹരൂപമായ സ്വർഗീയ ഭോജനമായ ദിവ്യകാരുണ്യമായി തീർന്ന ദൈവത്തിന്റെ ഏകജാതനായ ഈശോയുടെ സ്നേഹവായ്പും പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിൽ നിറഞ്ഞിരിക്കുന്ന പിതാവായ ദൈവത്തിന്റെ സ്നേഹം നമ്മോടു പറയാതെ പറയുന്ന പുത്രനെ നമ്മുടെ ആത്മാക്കൾക്ക് വെളിപ്പെടുത്തി തരുന്ന പരമോന്നതശക്തിയായ പരിശുദ്ധാത്മാവിന്റെ ആർദ്രമായ വാത്സല്യവും നമുക്ക് കാണാം.

കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു കുഞ്ഞിനെ അമ്മ എടുത്തു മാറോടണയ്ക്കും. അമ്മയുടെ മാറിൽ ചേർന്നിരിക്കുന്ന ഒരു കുഞ്ഞിന്റെ കരച്ചിൽ പതിയെ അടങ്ങി അത് ശാന്തമാകും. അതിനു ഇനിമേൽ ഭയമോ അസ്വസ്ഥതയോ ഇല്ല, കാരണം അതിന്റെ അമ്മ അതിനു എല്ലാത്തിനും മതിയായവളാണ്.

അപ്പോൾ അമ്മയുടെ സാന്നിധ്യവും സ്പർശവും സ്നേഹവാത്സല്യങ്ങളും ഒരു കുഞ്ഞിനെ ഏറ്റവും അഗാധമായ ഒരു ആന്തരിക നിശബ്ദതയിലേയ്ക്ക് നയിക്കുന്നത് നമുക്ക് കാണാം. ചുറ്റുമുള്ള ഒരു കാര്യങ്ങളും ആ കുഞ്ഞിന്റെ ആന്തരിക സമാധാനം കെടുത്തി കളയുന്നില്ല. അത് പുഞ്ചിരി ചുറ്റുമുള്ളവയെ നോക്കി പുഞ്ചിരി തൂകി തുടങ്ങുന്നു.

കാറ്റിലും കോളിലും അലയടിച്ചുയരുന്ന തിരമാലകളിലും കലുഷിതമായ കാലാവസ്ഥയിലും പെട്ട് ചാഞ്ചാടുന്ന കപ്പൽ ക്രമേണ കടലിലെ കാലാവസ്ഥ ശാന്തമാകുന്നതിനനുസരിച്ചു തന്റെ യാത്ര തുടരും.

അത് വരെ ഭയചകിതരായി ഇരുന്ന കപ്പൽയാത്രക്കാർ പതിയെ പതിയെ സമാധാനം കൈവരിച്ചു ഭക്ഷണം കഴിച്ചു കടൽകാഴ്ചകൾ ആസ്വദിക്കാൻ തുടങ്ങും.

ഇത് പോലെ ദിവ്യകാരുണ്യസ്വീകരണം വഴി അവിടുന്നിൽ ആയിരിക്കുന്ന ഒരാത്മാവിനു ലോകത്തിൽ ആന്തരിക സമാധാനത്തോടെ ആയിരിക്കാൻ സാധിക്കും.

ലൗകികമായ ഒത്തിരി അസ്വസ്ഥതകളും ആകുലതകളും കൊണ്ട് മനസുറയ്ക്കാതെ വേവലാതിയോടെ ദിവ്യകാരുണ്യ ഈശോയുടെ മുന്നിൽ വരുന്ന ഒരു സാധാരണ വ്യക്തി മിക്കവാറും തവണ ധൃതിയിൽ അവനവന്റെ ആവശ്യങ്ങൾ പറഞ്ഞിട്ട് അതിലും ധൃതിയിൽ ലോകത്തിലേയ്ക്ക് തിരിച്ചു പോകാറാണ് പതിവ്.

ഈശോ നമ്മളെ പോലെ വികാരവിചാരങ്ങൾ ഉള്ള ഒരു വ്യക്തിയാണെന്നോ അവിടുന്ന് നമ്മെ അതിയായി സ്നേഹിക്കുന്നുവെന്നോ അവിടുന്ന് നമ്മുടെ എല്ലാ കാര്യങ്ങളിലും മതിയായവൻ ആണെന്നോ അവർക്ക് അനുഭവപ്പെടുന്നേയില്ല.

ദിവ്യകാരുണ്യ സന്നിധിയിൽ സ്വർഗീയ സദസ്സിൽ അത്യുന്നതന്റെ സിംഹാസനത്തിന്റെ മുന്നിൽ എന്നത് പോലെ കടന്നു വരണമെന്നും അത്യധികം വണക്കത്തോടെയും ഭയത്തോടെയും ബഹുമാനത്തോടെയും ആയിരിക്കണം എന്നും നമ്മുടെ ജീവിതവ്യഗ്രത മൂലം നാം പലപ്പോഴും ഓർക്കുന്നില്ല.

എന്നാൽ കൂടെക്കൂടെ ദിവ്യകാരുണ്യ ഈശോയുടെ സന്നിധിയിൽ കടന്നു ചെന്നു അവിടുത്തെ പക്കൽ ആയിരിക്കുമ്പോൾ അവിടുത്തെ അടുത്ത് ചെന്നു മുഖാഭിമുഖം നോക്കുമ്പോൾ ഈശോയോട് ഉളവാകുന്ന ചിരപരിചിതത്വം, അവിടുത്തോടുള്ള സ്നേഹം, എന്റെ ഏക രക്ഷകനും നിത്യജീവനും / ഞാൻ അവിടുത്തെ സ്നേഹഭാജനം എന്നൊക്കെ പരിശുദ്ധാത്മാവ് നൽകുന്ന അന്തരിക അറിവ് എന്നിവയൊക്കെ അവിടുത്തോട് അത്യുന്നതനും ഭയാനകനുമായ ദൈവം എന്ന രീതിയിലുള്ള അതിരില്ലാത്ത ഭയം പാടേ നീക്കിക്കളഞ്ഞു ആ സ്ഥാനത്തു ഒരു അപ്പന്റെ അടുത്തു ഓടിയെത്തുന്ന ഒരു ഓമനക്കുഞ്ഞിന്റെ സ്ഥാനത്തേയ്ക്ക് നമ്മുടെ ഹൃദയത്തെയും മനസിനെയും ആത്മാവിനെയും ഉയർത്തുന്നു.

ദിവ്യസക്രാരിയിൽ യഥാർത്ഥമായും സന്നിഹിതൻ ആയിരിക്കുന്ന ഈശോയുടെ പക്കൽ ഏറ്റവും സ്വാതന്ത്ര്യത്തോടെ ആയിരിക്കുവാനും ഏറ്റവും പ്രിയ മിത്രത്തോട് എന്നത് പോലെ ആന്തരിക സംഭാഷണം നടത്തുവാനും കൂടെക്കൂടെ അവിടുത്തെ സന്ദർശിക്കുന്ന ഒരാത്മാവിനെ പരിശുദ്ധാത്മാവ് നിത്യവും പരിശീലിപ്പിക്കുന്നു.

ഒരു അപ്പന്റെ ചാരെ മുട്ടിൽ നീന്തി ചെല്ലുന്ന, വാക്കുകൾ കൂട്ടിച്ചൊല്ലാനും മാത്രം പ്രായമില്ലാത്ത, അതിനു പറയാനുള്ളതൊക്കെയും പറയാനാകാത്ത, ഒരു ചെറു കുഞ്ഞ് അതിന്റെ അപ്പനെ അടുത്തു കാണുമ്പോൾ നോക്കി ആഹ്ലാദത്തോടെ മോണ കാട്ടി ചിരിക്കുമ്പോൾ ശക്തനും ബലവാനും അതീവസമ്പന്നനുമെങ്കിലും ആ അപ്പന്റെ ഹൃദയം ആ ചെറുകുഞ്ഞിന്റെ നോട്ടത്തിലും അതിന്റെ സ്നേഹപ്രകടനങ്ങളിലും തരളിതമായി, പറഞ്ഞറിയിക്കാനാവാത്ത വാത്സല്യവും സ്നേഹവും അതിനോട് തോന്നുന്നത് പോലെ ദിവ്യകാരുണ്യ സന്നിധിയിൽ ആത്മീയമായ അറിവോ മറ്റ് യോഗ്യതകളോ ഒന്നുമില്ലെങ്കിലും ഈശോയെ എന്ന് വിളിച്ചു കൊണ്ട് തന്നെ സാധിക്കുമ്പോൾ ഒക്കെയും സമീപിക്കുന്ന ഒരു ചെറിയ ആത്മാവിനെ കാണുമ്പോൾ ഈശോയുടെ തിരു ഹൃദയം സ്നേഹത്താൽ വീർപ്പു മുട്ടുന്നു.

ഒരു സാധാരണ മനുഷ്യന്റെ ഹൃദയം സ്നേഹത്താൽ നിറയുമ്പോൾ വികാരഭരിതനായി വാക്കുകൾ കിട്ടാതെ കണ്ണു നിറയാറുണ്ട്.

അപ്പോൾ ഈശോയുടെ ഹൃദയം സ്‌നേഹനിർഭരമാകുമ്പോൾ അവിടുത്തെ ഹൃദയത്തിന്റെ ആഹ്ലാദവും നിറവും എത്രയോ അധികമായിരിക്കും.

ദിവ്യകാരുണ്യ ഈശോയെ വേദനിപ്പിക്കാൻ പല കാരണങ്ങൾ ഉണ്ട്.

അതിൽ ഏറ്റവും സങ്കടപ്പെടുത്തുന്ന ഒരു വസ്തുത ദിവ്യകാരുണ്യഈശോ ആരാണെന്നു എന്നും പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നവർക്ക് പോലും അറിയില്ല അവർ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നുള്ളതാണ്.

ഒരു പക്ഷെ ചെറുപ്പത്തിലേ മുതൽ ദൈവിക കാര്യങ്ങളിൽ വളരെ അറിവുള്ളവർ ആയിരിക്കാം. ദൈവവചനങ്ങൾ ഹൃദിസ്ഥമായിരിക്കാം. നമ്മെക്കുറിച്ചു അത്ഭുതത്തോടെ എത്ര ഭക്തി ഉള്ള വ്യക്തി എന്ന് പറഞ്ഞേക്കാം.

എന്നാൽ ഈ പരിശുദ്ധ കുർബാനയിൽ ഞാൻ ആരെയാണ് കാണുന്നത്, ആരെയാണ് ഞാൻ സ്വീകരിക്കുന്നത്, എന്ന് ഹൃദയത്തിൽ ബോധ്യം ഇല്ലെങ്കിലോ?

അത് എന്റെ ഈശോ ആണെന്ന് മനസിലാകണം. അതിനു പരിശുദ്ധാത്മാവ് സഹായിക്കണം.

പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത് മറ്റൊന്നും കൊണ്ടല്ല നമ്മുടെ ഹൃദയത്തിൽ ഈശോയോടുള്ള സ്നേഹം നമ്മെ നിർബന്ധിക്കുന്നത് കൊണ്ടാണ് എന്നുള്ള അവസ്ഥയിലേയ്ക്ക് നാം മാറണം.

ഒത്തിരി ചിന്തകൾ ഉള്ള ഹൃദയത്തെ ഒരു നിമിഷത്തേയ്ക്ക് ശാന്തമാക്കി, ഈശോയെ ഒന്ന് കണ്ണുയർത്തി നോക്കിയാൽ അവിടുന്ന് കണ്ണിമചിമ്മാതെ നമ്മെ തന്നെയായിരുന്നു നോക്കിക്കൊണ്ടിരുന്നത് എന്ന് ഒരു ഞെട്ടലോടെ നമുക്ക് മനസിലാകും.

നാം അത്രയും ചെറുതായതിനാൽ ഈശോയുടെ മഹിമാതിരേകത്തിന്റെ ഒരു രശ്മി പോലും നമ്മുടെ ഹൃദയത്തിൽ പതിച്ചു നമ്മെ ഭയപ്പെടുത്തി അകറ്റാതെ അവിടുത്തെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാത്രം വശം നമ്മെ ദിവ്യകാരുണ്യത്തിൽ ഈശോ നമ്മെ കാണിക്കുന്നു.

അഥവാ ഈശോയുടെ സർവമഹിമയും ആത്മാവിന്റെ ആന്തരികതയിൽ അറിയുന്നുവെങ്കിലും അതിലുപരി അവിടുത്തെ
നാം കാണുന്നത് ഈ ലോകത്തിൽ നമ്മെ ഏറ്റവും അറിയുന്ന ഏതു സാഹചര്യത്തിലും ഓടിചെല്ലാവുന്ന എന്തും പറയാവുന്ന ഒരു പ്രിയ മിത്രമായിട്ടാണ്.

അതിനെ സൗഹൃദമെന്നല്ല പറയേണ്ടത് അതിലും ഉപരിയായിട്ടുള്ള സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ഒരു നിർമല സ്നേഹത്തിന്റെ ഏറ്റവും ലളിതമായ ബന്ധമെന്നാണ്.

ബുദ്ധിയിൽ ചിന്തിക്കുമ്പോൾ ദൈവവും മനുഷ്യനും ഒരു കാര്യത്തിലും തുല്യരല്ല. ദൈവം സൃഷ്ടാവും മനുഷ്യൻ സൃഷ്ടിയുമാണ്.

എങ്കിലും ഒരു ചെറിയ കുഞ്ഞ് അതിന്റെ കുഞ്ഞ് കണ്ണുകളിലൂടെ അതിന്റെ അപ്പനെ നോക്കുമ്പോൾ അപ്പന്റെ വലുപ്പമോ സ്ഥാനമോ പദവിയോ പ്രായമോ സൗന്ദര്യമോ ശക്തിയോ ബുദ്ധിയോ ഒന്നും അതിനു ബാധകമല്ല, അപ്പൻ എന്ന വ്യക്തിയും അപ്പൻ= സ്നേഹം എന്നുള്ള വികാരവും ആണ് അതിനെ ഭരിക്കുന്നത്. അത് ജീവിക്കുന്നത് അപ്പൻ ഉള്ളിടത്താണ്. അപ്പന്റേതൊക്കെയും അതിന്റെ സ്വന്തമാണ്. അപ്പന്റെ കൂട്ടുകാരും ബന്ധുക്കളും അതിന്റേതും കൂടിയാണ്.

ഇതിലും ഉപരിയാണ് ദിവ്യകാരുണ്യസ്വീകരണത്തിൽ ഈശോയുമായി ഒന്നായ ഒരു ആത്മാവിന്റെ അവസ്ഥ. അതിനു സമസ്തവും ഈശോയിലൂടെ സ്വന്തമായിക്കഴിഞ്ഞു.

സർവോപരി ഈശോ ഉപാധികളില്ലാതെ അതിന്റെ സ്വന്തമായി കഴിഞ്ഞു!

അവിശ്വസനീയമായി തോന്നുന്നില്ലേ!

എന്നാൽ ഇത്രയധികം ദൈവത്തെ സ്നേഹിക്കാനും നിത്യ ജീവനായ ഈശോയെ സ്വന്തമാക്കാനും ഈ ഭൂമിയിൽ ഇത്രയധികം അവസരങ്ങളും ധാരാളം സമയവും എപ്പോഴും സഹായിക്കാൻ പരിശുദ്ധാത്മാവും മാതാവും യൗസേപ്പിതാവും മാലാഖാമാരുടെ സൈന്യവും സാക്ഷ്യം നൽകാൻ വിശുദ്ധരുടെ സമൂഹവും ശുദ്ധീകരണ ആത്മാക്കളും ഉണ്ടായിട്ടും എന്തേ നാം ദിവ്യകാരുണ്യ ഈശോയെ കൂടുതൽ സ്നേഹിക്കാനുള്ള എല്ലാ അവസരവും ഉപയോഗിക്കാതെ പാഴാക്കുന്നത്!

എന്തേ പരിശുദ്ധ കുർബാന അനുഭവം ഇല്ലാത്ത സ്നേഹ ശൂന്യതയായ നിത്യനരകം ഒരു യാഥാർഥ്യമെന്ന് ബോധപൂർവം ഇനിയും ചിന്തിച്ചു തുടങ്ങാത്തത്.

എന്തേ ഈശോയുടെ ജീവന്റെ വിലയുള്ള പരിശുദ്ധ കുർബാനയ്ക്ക് എല്ലാത്തിലും ഉപരിയായി ജീവിതത്തിൽ പ്രാധാന്യം കൊടുക്കാൻ നമുക്ക് എപ്പോഴും പറ്റാത്തത്?

സ്വയം ചിന്തിക്കാം.

അമ്മയുടെ ഉദരത്തിൽ ഉരുവായി ജനിക്കും മുൻപേ അവിടുത്തെ ചിന്തകളിൽ ഓരോരുത്തരുടെയും ആത്മാവ് സ്നേഹത്തികവിൽ ശ്രദ്ധയോടെ രൂപം കൊണ്ടു.

ആ സമയം ഓരോരുത്തരുടെയും ജീവനും ഏക ബന്ധുവും സുഹൃത്തും വഴികാട്ടിയും അവിടുന്ന് മാത്രമായിരുന്നു.

ജീവൻ എന്തെന്നോ ജീവിതമെന്തെന്നോ എന്താണെന്നോ ഒരാൾക്കും അറിയുമായിരുന്നില്ല

എന്നാൽ…

“അവിടുന്നാണ്‌ എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്‌;
എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന്‌ എന്നെ മെനഞ്ഞു.
ഞാന്‍ അങ്ങയെ സ്‌തുതിക്കുന്നു;എന്തെന്നാല്‍, അങ്ങ്‌ എന്നെ വിസ്‌മയനീയമായി സൃഷ്‌ടിച്ചു;
അവിടുത്തെ സൃഷ്‌ടികള്‍ അദ്‌ഭുതകരമാണ്‌. എനിക്കതു നന്നായി അറിയാം.
ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും
ഭൂമിയുടെ അധോഭാഗങ്ങളില്‍വച്ചുസൂക്‌ഷ്‌മതയോടെ സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തപ്പോള്‍, എന്റെ രൂപം അങ്ങേക്ക്‌ അജ്‌ഞാതമായിരുന്നില്ല.
എനിക്കു രൂപം ലഭിക്കുന്നതിനുമുന്‍പുതന്നെ, അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു;
എനിക്കു നിശ്‌ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ, അങ്ങയുടെ പുസ്‌തകത്തില്‍ അവ എഴുതപ്പെട്ടു.
ദൈവമേ, അവിടുത്തെ ചിന്തകള്‍ എനിക്ക്‌ എത്ര അമൂല്യമാണ്‌!
അവ എത്ര വിപുലമാണ്‌!”
(സങ്കീര്‍ത്തനങ്ങള്‍ 139 : 13-17)

ഒരു മനുഷ്യൻ ദൈവസ്നേഹത്തിൽ ജീവൻ ലഭിച്ചു ദൈവത്തിന്റെ ചിന്തയിൽ രൂപപ്പെടുമ്പോൾ ആ വ്യക്തിയെ കുറിച്ചുള്ള ദൈവിക പദ്ധതി അപ്പോൾ തന്നെ പൂർണമാണ്. അവിടുത്തെ ഹിതത്തിനു പൂർണമായി വിട്ടു കൊടുത്തു ആ വ്യക്തി ജീവിച്ചാൽ ആ പദ്ധതിയുടെ ഏറ്റവും സമ്പൂർണമായ പൂർത്തീകരണം ആ ആത്മാവിൽ സ്വഭാവികമായി സാധ്യമാകും.

പരിശുദ്ധ കുർബാന മനുഷ്യസാധ്യമായ ഏറ്റവും ഒരുക്കത്തോടെയും ആന്തരികയോഗ്യതയോടെയും സ്വീകരിക്കണമെങ്കിൽ അത് നമ്മുടെ ഹിത പ്രകാരം അല്ല, പരിശുദ്ധാത്മാവിന്റെ സഹായത്താൽ ദൈവഹിതപ്രകാരം ആകണം.

കഴിഞ്ഞ ദിവസം എനിക്കൊരു ചിന്ത വന്നു. ദിവ്യകാരുണ്യം ഒരുവനിൽ പ്രദാനം ചെയ്യുന്ന ദൈവസ്നേഹം ആത്മാവിനെയും ശരീരത്തെയും മനസിനെയും ദഹിപ്പിക്കുന്ന അഗ്നിപോലെ ആണെന്ന്.

അഗ്നിയിൽ സ്വർണം ഉരുകി അതിലെ മാലിന്യങ്ങൾ എല്ലാം ഉരുകി മാറി പരിശുദ്ധമാക്കപ്പെടുന്നത് പോലെ ദിവ്യകാരുണ്യം നമ്മിലെ ലൗകികമായത് എല്ലാം നീക്കിക്കളയുകയും സ്വർഗീയമായത് അവശേഷിപ്പിക്കുകയും ചെയ്യുന്നു.

“കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. “
(1 യോഹന്നാന്‍ 3 : 1)

പരിശുദ്ധ കുർബാന ആണ് ദൈവമക്കളെന്നു വിളിക്കപ്പെടുന്ന നമ്മെ നാം ദൈവമക്കൾ തന്നെയാണെന്ന് നിത്യജീവൻ നൽകുന്ന സ്വർഗീയ ഭക്ഷണവും നിരന്തര സഹവാസവും വഴി ഭൗമിക ജീവിതത്തിൽ ബോധ്യമാക്കിതരുന്നത്.

നാം സ്നേഹത്തോടെ ഉൾക്കൊള്ളുന്ന, നമ്മിൽ സത്യമായും വസിക്കുന്ന പരിശുദ്ധ കുർബാനയാണ് നാം ദൈവമക്കൾ ആണെന്നും ഇത് പോലെ നമ്മെ സ്നേഹിക്കുന്ന, കൂടെ വസിക്കുന്ന ഒരു സത്യദൈവം ഉണ്ടെന്നും ഈ തലമുറയ്ക്കും ഇന്നിന്റെ ലോകത്തിനും ബോധ്യമാക്കി കൊടുക്കുന്നത്.

അവിടുന്ന് നമ്മുടെ ആത്മാവിനെ വിശുദ്ധീകരിക്കുകയും നമ്മിൽ നിലനിൽക്കുകയും നമ്മെ സമീപിക്കുന്നവരിൽ ഒരു ചെറുനാളമായി പകരപ്പെടുകയും അനുകൂല സാഹചര്യങ്ങളിൽ അവരുടെ സ്നേഹവിഷയമായി തീരുകയും ചെയ്യുന്നു.

ദിവ്യകാരുണ്യത്തെ മനസിലാക്കാൻ കഠിനമെന്ന് തോന്നിയേക്കാം, എന്നാൽ അവിടുന്ന് ഒരു വ്യക്തി ആയതിനാൽ സമീപിക്കാൻ പ്രയാസമില്ലാത്തവനും വളരെയേറെ ലാളിത്യവും മാധുര്യമുള്ളവനുമാണ്.

ലൗകിക സ്നേഹാഗ്നി വിശപ്പു നിറഞ്ഞതാണ്. അത് കണ്ണിൽ കാണുന്നതിനെ എല്ലാം കിട്ടുന്നതൊക്കെയും ആഹരിക്കുന്നു,അത് പോകുന്ന ഇടമൊക്കെയും ശൂന്യമാക്കുന്നു.

വ്യക്തിയോടോ വസ്തുക്കളോടോ സ്ഥാനമാനങ്ങളോടോ ഉള്ള ലൗകിക സ്നേഹവും ഇങ്ങനെയാണ്. കിട്ടും തോറും പിന്നെയും കൊതി കൂടും. താത്കാലിക തൃപ്തി കിട്ടുമെന്നല്ലാതെ ഒരിക്കലും പരിപൂർണമായ നിറവ് അനുഭവപ്പെടില്ല. പുതിയത് തേടി പിന്നെയും പോയിക്കൊണ്ടിരിക്കും.

എന്നാൽ ദിവ്യകാരുണ്യത്തിലെ ദൈവികമായ സ്നേഹാഗ്നി അങ്ങനെയല്ല, അത് അതിൽ തന്നെ പരിപൂർണ സ്നേഹമായതു കൊണ്ടും മനുഷ്യൻ ഈ സ്നേഹത്താൽ നിറയുവാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കൊണ്ടും ഒരു പ്രാവശ്യം സ്വീകരിക്കുമ്പോൾ തന്നെ ആത്മാവും ഹൃദയവും മനസും നിറയുന്നു. വലിയ സംതൃപ്തിയും നിറവും ലഭിക്കുന്നു. അത് നശിപ്പിക്കുന്നില്ല, പകരം അതിസ്വഭാവികമായ ഒരവസ്ഥയിലേയ്ക്ക് നമ്മെ ഉയർത്തുകയും നമ്മിൽ നിത്യ ജീവൻ പകരുകയും ചെയ്യുന്നു. പരിശുദ്ധ കുർബാന സ്വീകരണം വഴി ഒരുവനിൽ ദൈവസ്നേഹം ജ്വലിച്ചുയരുമ്പോൾ ആ വ്യക്തിയിൽ പദാർത്ഥപരമായ വ്യത്യാസം വരുത്താതെ അതിന്റെ സത്തയെ പ്രകാശിപ്പിച്ചു സ്വഭാവത്തിൽ മാറ്റം വരുത്തുന്നു.
ആ ദൈവസ്നേഹാഗ്നി ജ്വാലയുടെ ഉറവ ദിവ്യകാരുണ്യ ഈശോ തന്നെ ആയതിനാൽ പരിശുദ്ധ കുർബാന സ്വീകരിക്കുന്ന ഒരാളുടെ ഹൃദയം കത്തി ജ്വലിച്ചു കൊണ്ടേയിരിക്കും.

“മുള്‍പ്പടര്‍പ്പു കത്തിജ്വലിക്കുകയായിരുന്നു, എങ്കിലും അത്‌ എരിഞ്ഞു ചാമ്പലായില്ല.”
(പുറപ്പാട്‌ 3 : 2)

ലോകദൃഷ്ടിയിൽ നിസാരനായ ഒരു വ്യക്തി ഈ വിധം ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ ദൈവകൃപയാൽ മാത്രം ആത്മാവിൽ ദൈവസ്നേഹാഗ്നിയാൽ അതിസ്വഭാവികമായ വിധത്തിൽ കത്തി ജ്വലിക്കുമ്പോൾ അത് ചുറ്റുമുള്ള മറ്റുള്ളവർക്കും ആ സ്നേഹത്തിലേയ്ക്ക് വരാൻ ധൈര്യം കൊടുക്കും.

അപ്പോള്‍ മോശ പറഞ്ഞു: ഈ മഹാദൃശ്യം ഞാന്‍ അടുത്തു ചെന്ന്‌ ഒന്നു കാണട്ടെ. മുള്‍പ്പടര്‍പ്പ്‌ എരിഞ്ഞു ചാമ്പലാകുന്നില്ലല്ലോ.
പുറപ്പാട്‌ 3 : 3

പരിശുദ്ധ കുർബാനയിൽ എരിയുന്ന ദൈവസ്നേഹാഗ്നിയെ ഉറ്റു നോക്കുന്ന ഏതൊരു മനുഷ്യനെയും ഈശോ പ്രത്യേകമായ വിധത്തിൽ വിളിക്കും. ആ വിളി കേൾക്കുന്നവൻ ഏറ്റവും ഭാഗ്യവാൻ!

അവന്‍ അതു കാണുന്നതിന്‌ അടുത്തു ചെല്ലുന്നതു കര്‍ത്താവു കണ്ടു. മുള്‍പ്പടര്‍പ്പിന്റെ മധ്യത്തില്‍നിന്ന്‌ ദൈവം അവനെ വിളിച്ചു: മോശേ, മോശേ, അവന്‍ വിളികേട്ടു: ഇതാ ഞാന്‍ !
പുറപ്പാട്‌ 3 : 4

തിരുവോസ്തി രൂപനായി നമ്മുടെ മുന്നിൽ ആയിരിക്കുന്ന പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ ഈശോയെ നമുക്ക് ഉറ്റു നോക്കാം

“അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല.”
(സങ്കീര്‍ത്തനങ്ങള്‍ 34 : 5)

ഓടിചെല്ലാൻ ഒരു സ്നേഹതീരം, അതാണ് ദിവ്യകാരുണ്യ സന്നിധി.

അഗ്നിമയന്മാരായ മാലാഖാമാർ അരൂപികളായി കാവൽ നിൽക്കുന്ന ദൈവസ്നേഹത്തിന്റെ അത്യുന്നതസന്നിധി.

ഭൗമികജീവിതത്തിൽ നാം എത്രയധികമായി സുലഭമായും സൗജന്യമായും സമൃദ്ധമായും കിട്ടുന്ന ഈ ദൈവസ്നേഹത്തെ സ്വന്തമാക്കുന്നു എന്നതനുസരിച്ചു നിത്യതയുടെ മഹത്വത്തിലും ഏറ്റക്കുറച്ചിൽ അനുഭവപ്പെടുമെന്ന് എനിക്ക് ഹൃദയത്തിൽ തോന്നി.

ദിവ്യകാരുണ്യ ഈശോയുടെ ചാരെ നിൽക്കുമ്പോൾ സ്നേഹത്തിലും പരിശുദ്ധിയിലും നാം എത്ര കുറവുള്ളവരാണെന്നുള്ള ബോധ്യവും അവിടുത്തെ എത്ര സ്നേഹിച്ചാലും കുറഞ്ഞുപോവുകയില്ലെന്നുള്ള തോന്നലും ഉണ്ടായി.

എങ്ങനെയാണോ ഞാൻ സൃഷ്ടിക്കപ്പെട്ടത് എങ്ങനെയാണോ ഞാനിപ്പോൾ ആയിരിക്കുന്നത് അതേ അവസ്ഥയിൽ ഈശോയെ സ്നേഹിച്ചു തുടങ്ങിയാൽ അവിടുത്തെ സ്നേഹാഗ്നി അവിടുത്തെ ഹിതമനുസരിച്ചു സ്വഭാവികമായ രീതിയിൽ നമ്മെ കാലത്തിന്റെ തികവിൽ രൂപാന്തരപ്പെടുത്തിക്കൊള്ളും.

“ഞാന്‍ കര്‍ത്താവില്‍ അത്യധികം ആനന്ദിക്കും; എന്റെ ആത്മാവ്‌ എന്റെ ദൈവത്തില്‍ ആനന്ദംകൊള്ളും; വരന്‍ പുഷ്‌പമാല്യമണിയുന്നതു പോലെയും വധു ആഭരണഭൂഷിതയാകുന്നതുപോലെയും അവിടുന്ന്‌ എന്നെ രക്ഷയുടെ ഉടയാടകള്‍ ധരിപ്പിക്കുകയും നീതിയുടെ മേലങ്കി അണിയിക്കുകയും ചെയ്‌തു.”
(ഏശയ്യാ 61 : 10)

നവംബർ മാസത്തിൽ ശുദ്ധീകരണാത്മാക്കളുടെ മാസം നാം ആചരിക്കുന്നു. അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.

എന്താണ് ശുദ്ധീകരണസ്ഥലത്തു അവർക്കനുഭവപ്പെടുന്നത്?

ദൈവസ്നേഹത്തിൽ ഒന്ന് ചേരാനുള്ള ഉത്കടമായ ദാഹമാണ് ഓരോ ശുദ്ധീകരണാത്മാവിനും ഉള്ളത്.

അതായത് പരിശുദ്ധ കുർബാനയുടെ സ്നേഹാനുഭവം ആണ് അവിടെ എല്ലാവരും ഏറ്റവും കൊതിക്കുന്നത്.

ആത്മശരീരങ്ങളോടെ ഭൂമിയിൽ ആയിരിക്കുമ്പോൾ പരിശുദ്ധ കുർബാന എന്ന ദൈവസ്നേഹാഗ്നിയിലേയ്ക്ക് സാധിക്കുന്ന അത്രയും ശാരീരിക മാനസിക ആത്മീയ ഒരുക്കത്തോടെ പരിശുദ്ധാത്മാവിന്റെ സഹായത്താൽ പൂർണമനസോടും ആത്മാവോടും ശരീരത്തോടും കൂടെ സ്വയം വിട്ടുനൽകി ഒത്തിരി കുറവുകൾ ഉണ്ടെങ്കിലും ഈശോയിൽ ശരണത്തോടെ ചേർന്നിരുന്നു ഈശോയെ സ്നേഹിച്ചു അവിടുന്നിൽ ജ്വലിച്ചെരിഞ്ഞു അനുദിനം ജീവിക്കാൻ ഒരു വ്യക്തിയ്ക്ക് സാധിച്ചാൽ പരിശുദ്ധ കുർബാന ഒരുവന്റെ പ്രാണൻ ആണെന്ന പരിശുദ്ധാത്മാവിന്റെ നിരന്തര ഓർമപ്പെടുത്തൽ അവഗണിക്കാതെ ഇരുന്നാൽ ഓരോരോ ദൈവിക കാര്യങ്ങളും വിശ്വാസത്തിന്റെ കണ്ണുകളിലൂടെ യഥാർത്ഥമെന്ന അറിവിൽ നോക്കിക്കണ്ടാൽ എത്രയോ നല്ലതാണ്!

എന്നാൽ ഒരുവന് ഭൗമിക ജീവിതം ഉള്ള നാളുകൾ വരെയേ സ്വമനസോടെ ഈശോയെ സ്നേഹിക്കാൻ സാധിക്കുകയുള്ളൂ.

ഇത്രയധികം സ്നേഹിക്കുന്ന, പരിപാലിക്കുന്ന, നമ്മുടെയൊക്കെ സ്വഭാവസവിശേഷതകളും കുറവുകളും വ്യക്തമായി അറിയുന്ന ദൈവത്തിന്റെ പക്കൽ വ്യക്തിപരമായി കടന്നു ചെന്നു അവിടുത്തെ പക്കൽ കൊച്ച് കൊച്ച് സമയങ്ങൾ സ്നേഹിച്ചു ചിലവഴിച്ചു ജീവിച്ചു തുടങ്ങിയാൽ നിത്യതയോളമുള്ള സ്നേഹത്തിലുള്ള ഒന്നാകൽ എത്രയോ എളുപ്പവും സ്വഭാവികവും ആയിരിക്കും.

വിശുദ്ധരെന്നു തിരുസഭ ആദരവോടെ വിളിക്കുന്നവരുടെ ജീവിതം നാം വിസ്മയത്തോടെ നോക്കിക്കാണാറുണ്ട്.

വലിയ കാര്യങ്ങൾ ചെയ്തവരെയും ചെറിയ കാര്യങ്ങളിലൂടെ ഈശോയെ സന്തോഷിപ്പിച്ചവരെയും കണ്ടിട്ടുണ്ട്.

ഓരോ വിശുദ്ധരും വ്യത്യസ്തരാണ്. അവർ ജീവിച്ചിരുന്ന കാലഘട്ടവും അവരുടെ പശ്ചാത്തലവും ജീവിതാന്തസ്സും അനുസരിച്ചു അവർ ദൈവത്തെ സ്നേഹിച്ച രീതികളും അനുഭവിച്ച ദൈവസ്നേഹത്തിന്റെ ആഴവും വ്യത്യാസം ഉണ്ടായിരുന്നു.

എന്നാൽ വ്യത്യാസം ഇല്ലാതിരുന്ന ഒരേയൊരു കാര്യം പരിശുദ്ധ കുർബാനയോടുള്ള അവരുടെയൊക്കെ സ്നേഹം ആയിരുന്നു.

ഓരോരുത്തരെയും അവർക്കാവുന്നിടത്തോളം വിശുദ്ധിയുടെ പരിപൂർണതയിൽ എത്തിച്ചത് പരിശുദ്ധ കുർബാനയായിരുന്നു.

ഇത് പോലെ നാമും നമ്മുടേതായ രീതിയിൽ ഈശോയെ സ്നേഹിക്കാനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. അങ്ങനെ ഈശോയെ സ്നേഹിക്കുന്നതിലും ഒരു നേരുണ്ടല്ലോ.

ഇന്ന് നാം ഭൂമിയിൽ ജീവിക്കുമ്പോൾ പഴയ കാലത്തെ നാം ഓർക്കും. ഈ നിമിഷത്തിൽ ജീവിക്കും, നാളെയെ കുറിച്ച് സ്വപ്നം കാണും.

എന്നാൽ നിത്യത എന്നുള്ളത് മാറ്റമില്ലാത്ത ദൈവസ്നേഹത്തിൽ ആയിരിക്കൽ ആണ്.

ഭൂമിയിൽ പ്രഭാതമുണരുമ്പോൾ കിഴക്ക് സൂര്യനുദിക്കുന്നു എന്നാരും വിശ്വസിക്കുന്നില്ല, പകരം ഓരോ കണ്ണുകളും സൂര്യനെ കാണുകയും സൂര്യപ്രകാശത്തിൽ നടക്കുകയും സൂര്യന്റെ ചെറുചൂടുള്ള കിരണങ്ങൾ ശരീരത്തിൽ പതിക്കുന്നത് അനുഭവിക്കുകയും ചെയ്യുന്നു.

ഇത് പോലെ നിത്യതയിൽ ആരും ദൈവത്തിൽ വിശ്വസിക്കുന്നില്ല, അവിടെ ഭൂമിയിൽ ദൈവവചനം പറഞ്ഞതൊക്കെ യഥാർത്ഥത്തിൽ കണ്ടു അവിടുന്നിൽ മനുഷ്യന് മനസ്സിലാക്കാൻ കഴിയാത്ത രീതിയിൽ ഉള്ള ഒരുമയിൽ നിത്യവും ജീവിക്കുകയാണ്.

പരിശുദ്ധ ത്രിത്വത്തിന്റെ പുഞ്ചിരി തൂകുന്ന മുഖപ്രകാശത്തിൽ എപ്പോഴും ആയിരുന്നു കൊണ്ട് അവിടുത്തെ സന്തോഷത്തിൽ പൂർണമായി നിത്യകാലത്തോളം പങ്കു ചേരുക എന്നതാണ് നിത്യതയുടെ ആനന്ദം.

മരണശേഷം നമ്മുടെ ആത്മസ്ഥിതി യഥാർത്ഥമായ രീതിയിൽ കാണുമ്പോൾ ദൈവസ്നേഹത്തിൽ ആയിരുന്നു കൊണ്ടു ദിവ്യകാരുണ്യത്തെ ഇത്തിരി കൂടി സ്നേഹിക്കാമായിരുന്ന എത്രയോ അവസരങ്ങൾ നാം പാഴാക്കി കളഞ്ഞു എന്നുള്ള ദുഃഖം അളവില്ലാത്തത് ആകില്ലേ!

എന്നാൽ ഇന്ന് മുതൽ നാം ദിവ്യകാരുണ്യ ഈശോയിലേയ്ക്ക് തിരിഞ്ഞു അവിടുത്തെ നോക്കിയാൽ അവിടുന്ന് നമ്മുടെ ജീവിതത്തിൽ തീർച്ചയായും ഇടപെടും.

ശുദ്ധീകരണ സ്ഥലത്തെ അഗ്നിചൂളയിൽ ദൈവസ്നേഹാഗ്നിയാൽ ഓരോരുത്തരുടെയും അവസ്ഥ അനുസരിച്ചു പതിയെ പതിയെ ശുദ്ധീകരിക്കപ്പെടുന്നതിനേക്കാളും എത്രയോ നല്ലതാണ് ഇപ്പോൾ മുതൽ ദൈവസ്നേഹത്തിന്റെ പൂർണതയിൽ ദിവ്യകാരുണ്യത്തിൽ ജീവിച്ചു തുടങ്ങുന്നത്!

“ഇന്നത്തെപ്പോലെ നിങ്ങള്‍ തന്റെ സ്വന്തം ജനമായിരിക്കേണ്ടതിന്‌ കര്‍ത്താവു നിങ്ങളെ സ്വീകരിക്കുകയും ഈജിപ്‌താകുന്ന ഇരുമ്പുചൂളയില്‍നിന്ന്‌ പുറത്തുകൊണ്ടുവരുകയും ചെയ്‌തിരിക്കുന്നു.”
(നിയമാവര്‍ത്തനം 4 : 20)

ലോകമാകുന്ന ഇരുമ്പ് ചൂളയിൽ നിന്നും ദൈവസ്നേഹത്തിന്റെ മൃദുവായ വാത്സല്യത്തിലേയ്ക്ക് നാം കടക്കുന്ന വാതിൽ പരിശുദ്ധ കുർബാനയാണ്

ഞാനാണ്‌ വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്‌ഷപ്രാപിക്കും. അവന്‍ അകത്തു വരുകയും പുറത്തു പോവുകയും മേച്ചില്‍സ്‌ഥലം കണ്ടെത്തുകയും ചെയ്യും.
യോഹന്നാന്‍ 10 : 9

പരിശുദ്ധ കുർബാന നൽകുന്ന ആത്മാവിന് നൽകുന്ന ദൈവമക്കളെന്ന നിലയിലുള്ള ബോധ്യത്തിലുള്ള ആഴപ്പെടലും അവിടുത്തെ സമ്പന്നതയിൽ ദൈവമക്കളെന്ന നിലയിൽ എടുക്കാവുന്ന സ്വാതന്ത്ര്യവും അളവില്ലാത്തതാണ്.

ഓരോ ആത്മാവും അതിനു പരിശുദ്ധാത്മാവ് സദയം വെളിപ്പെടുത്തി കൊടുക്കുന്ന രീതിയിൽ ആണ് ദിവ്യകാരുണ്യ ഈശോയെ സ്നേഹിക്കുന്നത്.

ചിലരൊക്കെ മഹാതപസിന്റെ ജീവിതം നയിച്ചു പ്രാർത്ഥനയും ഉപവാസവും ജാഗരണവുമായി ദിനരാത്രങ്ങൾ കഴിച്ചു കർക്കശമായ ആത്മശോധനയിൽ അനുദിനം പരിശോധിച്ചറിഞ്ഞു ഭയത്തോടെയും വിറയലോടെയും പരിശുദ്ധ കുർബാന ഉൾക്കൊള്ളുന്നു.

ചിലർ പരിശുദ്ധ കുർബാനയെ ഏറ്റവും അധികം സ്നേഹിച്ചു ഒരുക്കത്തോടെ അവിടുത്തെ ഹൃദയത്തിൽ സ്വീകരിച്ചു മണിക്കൂറുകൾ അവിടുത്തെ മുൻപിൽ ചിലവഴിച്ചു അവിടുത്തോടുള്ള നന്ദിയിൽ ജ്വലിച്ചെരിയുന്നു.

എന്നാൽ ചില തീരെ ചെറിയ ആത്മാക്കൾ ഈശോയെക്കുറിച്ച് ഒത്തിരി ആത്മീയ അറിവോ ആഴത്തിൽ ഉള്ള വിചിന്തനമോ ഒന്നുമില്ലാതെ ശിശുസഹജമായ രീതിയിൽ അവിടുത്തെ സ്വഭാവികമായി സമീപിച്ചു കുഞ്ഞ് കുഞ്ഞ് കാര്യങ്ങളിൽ അവിടുത്തെ കാര്യങ്ങളിൽ മുഴുകുന്നു.

ഓരോ ആത്മാവിന്റെയും ജീവിത രീതി പരിശുദ്ധാരൂപി നയിക്കുന്നതാകയാൽ ഒന്നിനെ വേറൊന്നിനെക്കാളും മെച്ചം എന്ന് പറയുക സാധ്യമല്ല.

എന്നാലും വെറും സാധാരണക്കാരായ മനുഷ്യർക്ക് ദിവ്യകാരുണ്യ ഈശോയെ സമീപിക്കാൻ ഭയപ്പെടേണ്ട കാര്യമില്ല.

ഇന്ന് ഇപ്പോൾ സാധിക്കുമെങ്കിൽ അവിടുത്തെ പോയി കാണുക, ദൈവാലയത്തിൽ പോയി കാണാൻ സാധ്യമല്ലെങ്കിൽ ഹൃദയസക്രാരിയിൽ ഈശോയെ എന്നുള്ള നമ്മുടെ വിളി കാതോർത്തിരിക്കുന്ന അവിടുത്തെ പക്കലേയ്ക്ക് ഒന്ന് നോക്കുക.

എന്നിട്ട് പറയണം.

ഈശോയെ ഇതാ ഞാൻ…

ഇന്ന് മുതൽ എനിക്കങ്ങയെ സ്നേഹിക്കണം. ഇപ്പോൾ വരെയുള്ള എന്റെ സ്നേഹക്കുറവിനെ ഇനിയുള്ള ജീവിതത്തിലെ സ്നേഹക്കൂടുതലാൽ പരിഹരിക്കാൻ അവിടുന്ന് എന്നെ സഹായിക്കേണമേ.

ഈശോയെ….

എന്റെ ഉള്ളിൽ വാഴുന്ന അങ്ങേ നിശ്വാസമായ പരിശുദ്ധാത്മാവിനെ ഇന്ന് മുതൽ സ്നേഹത്തോടെ ഞാൻ അറിഞ്ഞു ശ്വസിച്ചുസ്നേഹിച്ചു തുടങ്ങാൻ എനിക്ക് ഇടയാകട്ടെ. അത് വഴി ഞാനും പിതാവും ഒന്നാണ് എന്ന് അങ്ങ് പറഞ്ഞ നമ്മുടെ പിതാവായ ദൈവത്തിന്റെ എന്നോടുള്ള ആദ്യസ്നേഹത്തിന്റെ പൂർണതയിലേയ്ക്ക് അങ്ങയോടൊപ്പം ഞാൻ പ്രവേശിക്കുകയും ചെയ്യട്ടെ.

ആമേൻ

ദിവ്യകാരുണ്യ ഈശോയുടെ മുന്നിൽ അവിടുത്തെ സ്നേഹത്തെ പ്രതിയുള്ള ഹൃദയ നൊമ്പരവുമായി നിൽക്കുന്ന ഒരുവനും ആ സ്നേഹത്തിൽ പൂർണരാകാതെ ഇരിക്കില്ല.

ദിവ്യകാരുണ്യ ഈശോ നമ്മോട് വ്യക്തിപരമായി ഇടപെടാൻ തുടങ്ങുന്നു എന്നുള്ളതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ദിവ്യകാരുണ്യ അത്ഭുതം.

ദിവ്യകാരുണ്യം അതിൽ തന്നെ അത്ഭുതമായിരിക്കെ ലോകത്തിൽ പ്രത്യക്ഷമായ രീതിയിൽ ദിവ്യകാരുണ്യ അത്ഭുതങ്ങൾ എത്ര നടന്നാലും ദിവ്യകാരുണ്യ ഈശോ എന്റെ വ്യക്തിപരമായ ഭൗമിക ജീവിതത്തിൽ സ്വന്തമാകുന്നില്ല എന്റെ സ്വന്തക്കാരൻ ആകുന്നില്ല എങ്കിൽ, ഈശോയെ കുറിച്ച് എന്തൊക്കെ അറിവുകൾ ഉണ്ടെങ്കിലും എന്റെ ജീവിതത്തിൽ അത് അനുഭവപ്പെടുന്നില്ല എങ്കിൽ എനിക്കെന്തു പ്രയോജനം!

ഇന്നലെ കഴിഞ്ഞു പോയി!
നാളെ എന്റെയല്ല!
ഇന്നല്ലേ എന്റെ ആയിട്ടുള്ളൂ!

ഇന്ന് വിളിക്കാം….

ഈശോയെ..

എന്റെ ഈശോയെ…

എന്നെ അവിടുന്ന് പൂർണമായും സ്വന്തമാക്കേണമേ…

അങ്ങനെ അങ്ങനെ ഈശോയുടെ സാമീപ്യത്തിൽ സാധിക്കുന്ന കൊച്ച് നിമിഷങ്ങളിൽ നാം സ്നേഹത്തോടെ ആയിരിക്കുമ്പോൾ മനസിലായിതുടങ്ങും…

ദിവ്യകാര്യണ്യത്തിന്റെ മൗനം നിരന്തരമായ ഒരു ഹൃദയസംഭാഷണത്തിന്റെ ഒരു ഇടവേള മാത്രം ആയിരുന്നുവെന്ന്…

പ്രിയപ്പെട്ടവരുടെ അടുത്തു സമയം നോക്കാതെ സാഹചര്യം നോക്കാതെ വാ തോരാതെ സംസാരിക്കുന്ന ശീലം നമുക്ക് മാത്രമല്ല…

ദിവ്യകാരുണ്യ ഈശോയ്ക്കുമുണ്ടെന്ന്…

“അവളോടു ഞാന്‍ ഹൃദ്യമായി സംസാരിക്കും.”
(ഹോസിയാ 2 : 14)

ദിവ്യകാരുണ്യ ഈശോ എത്രയോ സ്നേഹാർഹനാണ്.

പരിശുദ്ധ കുർബാനയാകാൻ അവിടുത്തെ മഹത്വം ഒരു തിരുവോസ്തിയിൽ മറച്ചു വച്ചിരിക്കുന്നത് കണ്ടു മാലാഖാമാർ പോലും ആശ്ചര്യ ഭരിതരാകുന്നു!

പരിശുദ്ധ കുർബാനയിൽ നിസാരരായ മനുഷ്യർക്ക്‌ തന്നെ സ്വർഗീയ ഭോജനമായി നൽകുന്നതും അതിലൂടെ അവർ ജീവനും നിറവും പ്രാപിക്കുന്നതും അനേകർ നരകത്തിന്റെ വാതിലുകളിൽ നിന്നും നിത്യ ജീവനിലേയ്ക്ക് ദൈവകരുണയാൽ കടക്കുന്നതും കണ്ടു സാത്താൻ അസൂയ പൂണ്ടു ലോകത്തിൽ ഓടി നടക്കുന്നു.

ഇന്ന് പരിശുദ്ധ കുർബാന സ്വീകരിക്കാതെ ഇരിക്കാൻ നമുക്ക് ചുറ്റും കാരണങ്ങൾ നിരത്തുന്നു. പാപിയാണെന്ന് പറഞ്ഞു ഭയപ്പെടുത്തുന്നു, യോഗ്യത ഇല്ലെന്നു പറഞ്ഞു മനസ് തളർത്തുന്നു. ക്ഷീണമല്ലേ ഇന്ന് കുർബാനയ്ക്ക് പോകണോ എന്ന് സ്നേഹം ഭാവിച്ചു ചോദിക്കുന്നു. പരിശുദ്ധ കുർബാനയുടെ അസ്തിത്വത്തെ കുറിച്ച് സംശയം ജനിപ്പിക്കുന്നു.

സാത്താനെ പരാജയപ്പെടുത്താനുള്ള വഴി ഈശോയെ നോക്കുക എന്നതാണ്. അവിടുന്നിൽ നിന്നും നോട്ടം മാറ്റാതെ പരിശുദ്ധ കുർബാനയുടെ സവിധത്തിലേയ്ക്ക് നടക്കുക എന്നതാണ്.

അതിനെ കുറിച്ച് ചിന്തിക്കുമ്പോൾ പത്രോസ് ശ്ലീഹാ വെള്ളത്തിലൂടെ ഈശോയെ സമീപിച്ചതാണ് ഓർമ വരുന്നത്.

കടലിന്റെ മധ്യത്തിൽ നിൽക്കുന്ന ഈശോയെ കണ്ടപ്പോൾ അങ്ങയുടെ അടുത്തേയ്ക്ക് ഞാനും വന്നോട്ടെ എന്ന് വഞ്ചിയുടെ സുരക്ഷിതത്വത്തിൽ ഇരുന്ന പത്രോസ് ശ്ലീഹ ചോദിച്ചപ്പോൾ പോന്നോളൂ എന്ന് അവിടുന്ന് പറഞ്ഞു.

പത്രോസ് ശ്ലീഹ ഈശോയെ നോക്കി നീയെന്താണ് ചെയ്യുന്നത് എന്ന് ചുറ്റും ആർത്തലയ്ക്കുന്ന തിരമാലകളെ ശ്രദ്ധിക്കാതെ ഈശോയുടെ കരുണയുള്ള കണ്ണുകളിൽ നോട്ടമുറപ്പിച്ചു അവിടുത്തെ പക്കലേയ്ക്ക് ഉണങ്ങിയ നിലത്തിലൂടെ എന്നത് പോലെ ചെന്നു.

എന്നാൽ ഒരു നിമിഷം ഈശോയിലുള്ള ശ്രദ്ധ മാറിയപ്പോൾ താൻ എവിടെയാണെന്ന് ഉള്ള ബോധം പത്രോസിനു വന്നു, ഒരു മനുഷ്യനായ താൻ കടലിലൂടെ നടന്നാൽ ആഴിയുടെ അഗാധങ്ങളിലേയ്ക്ക് പോകുമല്ലോ എന്ന് ഒരു മുക്കുവനായ പത്രോസിനു ഓർമ വന്നു. ആ ചിന്ത ഹൃദയത്തിൽ വന്ന മാത്രയിൽ ഹൃദയത്തിൽ ഈശോയോടുള്ള പൂർണമായ സ്നേഹം മാറി തലസ്ഥാനത്തു ഭയം വന്നു നിറഞ്ഞു.

പത്രോസ് ശ്ലീഹ താഴ്ന്നു പോയത് സമുദ്രത്തിൽ ആണെന്ന് വായിക്കുന്നു നാം എങ്കിലും അത് വായിച്ചപ്പോൾ എനിക്ക് തോന്നിയത് അദ്ദേഹം താഴ്ന്നു പോകാൻ തുടങ്ങിയത് ഭയത്തിന്റെ അഗാധതയിലേയ്ക്കാണ്.
എന്നാൽ ഈശോയെ സഹായിക്കണേ എന്ന് പറയാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവ് പത്രോസിനെ തോന്നിപ്പിച്ചു. ഈശോ വിളി കേട്ട് പത്രോസിനെ കരം നീട്ടി സഹായിക്കുകയും തന്നോട് ചേർത്ത് നിറുത്തുകയും ചെയ്തു.

പരിശുദ്ധ കുർബാന സ്വീകരണവും ചിലപ്പോൾ ഒക്കെ ഇങ്ങനെ ആകാറുണ്ട്.

ദിവ്യകാരുണ്യ ഈശോയിലേയ്ക്ക് അവിടുത്തെ സ്നേഹത്തിലേയ്ക്ക് നോക്കി നോട്ടം മാറ്റാതെ നടന്നു ചെന്നാലേ അവിടുത്തെ അടുത്തെത്താനും ഈശോയെ സ്വീകരിക്കാനും നമുക്ക് ആവുകയുള്ളൂ.

പരിശുദ്ധ കുർബാന സ്വീകരിക്കാൻ ഓരോ വ്യക്തിയെയും പ്രാപ്തരാക്കുന്നത് നമ്മോടുള്ള അവിടുത്തെ അളവില്ലാത്ത സ്നേഹവും ആഴമായ കാരുണ്യവും ആണ്. അതിനാൽ ഈശോയെ ഈശോയെ എന്ന് പറഞ്ഞു കൊണ്ട് ഈശോയിൽ നിന്നും നോട്ടം മാറ്റാതെ ദിവ്യകാരുണ്യ സ്വീകരണത്തിന് കടന്നു ചെല്ലാം.

ഒരമ്മ തന്റെ മക്കൾ ഓരോ ദിവസവും വിശന്നിരിക്കാതെ താനുണ്ടാക്കിയ ആഹാരം വയറു നിറയെ ആഹാരം കഴിക്കണം എന്ന് ചിന്തിക്കുന്നത് പോലെയാണ് ഈശോയും.

ദൈവസ്നേഹത്തിന്റെ അഗ്നിയിൽ ചുട്ടെടുക്കപ്പെട്ട ദിവ്യകാരുണ്യം നാം ഓരോരുത്തരും എല്ലാ ദിവസവും നിറവോടെ ഉൾക്കൊള്ളണമെന്നും ജീവനും പോഷണവും പ്രാപിക്കണമെന്നും സ്നേഹത്തിൽ പൂർണരാകണം എന്നുമാണ് ഈശോ ആഗ്രഹിക്കുന്നത്.

“എന്നേക്കുമായി നിന്നെ ഞാന്‍ പരിഗ്രഹിക്കും. നീതിയിലും സത്യത്തിലും സ്‌നേഹത്തിലും കാരുണ്യത്തിലും നിന്നെ ഞാന്‍ സ്വീകരിക്കും.
വിശ്വസ്‌തതയില്‍ നിന്നെ ഞാന്‍ സ്വന്തമാക്കും; കര്‍ത്താവിനെ നീ അറിയും.”
(ഹോസിയാ 2 : 19-20)

ഓരോ ദിവ്യകാരുണ്യ സ്വീകരണത്തിലും നാം ഈശോയെ സ്വീകരിക്കുക മാത്രമല്ല ഈശോ നമ്മെയും സ്വീകരിക്കുന്നു.

ഓരോ ദിവ്യകാരുണ്യ സ്വീകരണത്തിലും നാം അവിടുത്തെ കൂടുതൽ കൂടുതൽ ഹൃദയത്തിൽ വാക്കുകൾക്ക് വിവരിക്കാനാവാത്ത വിധത്തിൽ അറിയുന്നു.

പരിശുദ്ധ കുർബാന ഓരോരുത്തർക്കും തികച്ചും വ്യക്തിപരമായ അനുഭവമാണ്.

ദിവ്യകാരുണ്യത്തോടുള്ള തുറവി എത്ര കൂടുന്നോ അത്രയും ലളിതമായിരിക്കും അവിടുത്തെ ചാരെയുള്ള നമ്മുടെ പെരുമാറ്റം.

നാം തീരെ ചെറുതാകയാൽ നമ്മുടെ അറിവുകുറവിനെ അവിടുന്ന് ഗൗനിക്കുന്നില്ല, എന്നാൽ നമ്മുടെ സ്നേഹക്കുറവ് അവിടുത്തെ വിഷമിപ്പിക്കും.

നമ്മുടെ ഉള്ളിൽ എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ ദിവ്യകാരുണ്യ ഈശോയുടെ ചാരെ ചെല്ലുക.

നമ്മുടെ ചിന്തകൾ അറിയുന്ന അവിടുത്തെ പക്കൽ ഒന്നും പറയേണ്ടതില്ല. അവിടുന്ന് വേണ്ടത് ചെയ്തു കൊള്ളും.

“നിരന്തരം അധ്വാനിക്കുകയും ക്ലേശിക്കുകയും ചെയ്‌തിട്ടും ദാരിദ്ര്യം ഒഴിയാത്തവരുണ്ട്‌.
വേറെ ചിലര്‍ മന്ദഗതിക്കാരും ബലഹീനരും സഹായാര്‍ഥികളും അതീവ ദരിദ്രരുമാണ്‌;
എന്നാല്‍, കര്‍ത്താവ്‌ അവരെ കടാക്ഷിച്ച്‌ ദയനീയാവസ്‌ഥയില്‍നിന്ന്‌ ഉയര്‍ത്തുന്നു.
അനേകരെ വിസ്‌മയിപ്പിക്കുമാറ്‌ അവിടുന്ന്‌ അവര്‍ക്കു മാന്യസ്‌ഥാനം നല്‍കുന്നു.”
(പ്രഭാഷകന്‍ 11 : 11-13)

ആമേൻ.

പരിശുദ്ധ കുർബാന സ്വീകരിക്കാൻ ആത്മീയമായി ആഴത്തിൽ ഏറ്റവും ശ്രദ്ധയോടെ ഒരുങ്ങിയാലും ഞാൻ ഒട്ടുമൊരുങ്ങിയില്ലല്ലോ എന്നോർത്ത് വിഷമിക്കുന്ന നേരം ഈശോ തന്നെ നിനക്ക് എന്റെ കൃപ മതി എന്ന് ആശ്വസിപ്പിക്കുന്ന സ്വരം നമ്മുടെ ഹൃദയത്തിൽ കേൾക്കാം.

“പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ്‌. നാം എന്തായിത്തീരുമെന്ന്‌ ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന്‌ ആയിരിക്കുന്നതു പോലെ നാം അവിടുത്തെ കാണുകയും ചെയ്യും.”
(1 യോഹന്നാന്‍ 3 : 2)

ആമേൻ

Leena Elizabeth George 💕

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment