ദിവ്യകാരുണ്യം: നിത്യായുസ്സിലേക്ക് നയിക്കും സ്നേഹഭോജ്യം

മരണം എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ആദ്യം മനസിലേയ്ക്ക് വരുന്നത് ഒരു വലിയ ഭയമാണ്.

അറിയാത്തതിനെ കുറിച്ചുള്ള ഭയം.

ഒരു പക്ഷെ ജനിക്കാൻ പോകുന്ന കുഞ്ഞിനും ഇത്പോലെ തന്നെയായിരുന്നിരിക്കില്ലേ!

ജനനം ആകാറായി എന്ന് തോന്നിയപ്പോൾ ഗർഭസ്ഥ ശിശുവിനും ഒരു ഭയം തോന്നിക്കാണില്ലേ!

അറിയാത്ത ലോകത്തെ കുറിച്ചുള്ള ഒരു ഭയം.

ഒരു ഗർഭസ്ഥ ശിശു അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന ആദ്യനാളുകളിൽ അത് രൂപരഹിതമായിരുന്നു.

“ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്‌ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു.”
(ഉല്‍പത്തി 1 : 2)

ഉല്പത്തിയിൽ ഭൂമിയുടെ കാര്യം പറയുന്നത് പോലെ ദൈവത്തിന്റെ അനന്തശക്തിയാലും പൂർവനിശ്ചയത്താലും ഉരുവാകുന്ന നിമിഷം മനുഷ്യരൂപരഹിതമായി രണ്ടു ചെറുകോശങ്ങൾ ചേർന്ന് ആദ്യം ഒരു കോശമായി ജീവൻ പ്രാപിച്ചു രൂപാന്തരപ്പെടുന്ന ഒരു കുഞ്ഞ് പിന്നീട് ദൈവഹിതമനുസരിച്ചുള്ള രൂപാന്തരീകരണങ്ങളിലൂടെ കോശങ്ങൾ വിഭജിച്ചു സ്വയം കോർത്തിണങ്ങി അതാത് ഇടങ്ങളിൽ അംഗങ്ങളായി രൂപപ്പെട്ടു പ്രവർത്തന ക്ഷമമായി മനുഷ്യരൂപത്തിൽ ആയി മാറുന്നു.

ഗർഭപാത്രത്തിന്റെ ഇരുട്ടിന്റെ ആഴത്തിൽ ജീവചൈതന്യമായ ദൈവത്തിന്റെ സാന്നിധ്യവും സ്നേഹവും വാത്സല്യവും വളരുന്ന കുഞ്ഞിനെ അനുദിനം സംരക്ഷിച്ചു പോറ്റുന്നു.

അതിന്റെ കുഞ്ഞ് ഹൃദയം മിടിക്കുകയും അതിന്റെ സംവേദനക്ഷമത സൂക്ഷ്മകാര്യങ്ങളെ പോലും മനസിലാക്കാൻ തുടങ്ങുകയും ചെയ്യുന്നു.

അതിന്റെ ഓരോ കാര്യങ്ങളും അതാതു സമയത്ത് ദൈവപരിപാലനയാൽ നടക്കുന്നു. ഒരു കുറവും അതിനു അനുഭവപ്പെടുന്നില്ല.

അതിനെ കുറിച്ച് മറ്റുള്ളവർ പറയുന്നത് അതിനു കേൾക്കാം. അതിന്റെ അമ്മയുടെ വികാരങ്ങളും വിചാരങ്ങളും അതിന്റെ വളർച്ചയെ സ്വാധീനിക്കുന്നുണ്ട്.

ഗർഭ പാത്രത്തിൽ അതിനു ചുറ്റും ഇരുട്ടാണ്. എന്നാൽ ആ ഇരുട്ട് അതിന്റെ സുരക്ഷിതലോകമാണ്.

ഇളം ചൂടുള്ള മൃദുവായ ഗർഭപാത്ര ഭിത്തികളിൽ ചവിട്ടി കുതിച്ചുയർന്നു കളിച്ചു, പുഞ്ചിരിച്ചു, അങ്ങനെ പതിയെ പതിയെ വളർന്നു വരുമ്പോൾ അതിനു ഇട പോരാതെ ആകും.

എങ്കിലും അതിനു സന്തോഷമാണ്. തന്നെ അമ്മയുമായി ബന്ധിപ്പിക്കുന്ന പൊക്കിൾ കൊടിയിലൂടെ placenta യിൽ നിന്നും ശുദ്ധ രക്തവും പോഷണവും സ്വീകരിച്ചു അതിലൂടെ തന്നെ മാലിന്യങ്ങൾ നീക്കം ചെയ്തു ദൈവപരിപാലനയിൽ പിടിപടിയായി കുഞ്ഞ് വളരുമ്പോൾ അതിൽ ദൈവപിതാവ് നിക്ഷേപിച്ചിരിക്കുന്ന ആത്മാവും ആനന്ദത്തോടെ വ്യാപരിക്കുന്നു.

അമ്മയുടെ സ്വരവും ഭാഷയും സ്നേഹവും ഒക്കെ കുഞ്ഞിന് മനസ്സിലാകുന്നുണ്ട്. അതിഷ്‌ടവും ആണ്. എന്നാലും താൻ തന്റെ മാത്രം ലോകം എന്ന് കരുതി ആയിരിക്കുന്ന, എന്നേയ്ക്കും തന്റെ സ്വന്തമെന്നു കരുതിയ ഇടത്തിൽ നിന്നും ചിരപരിചിതമായ സുഖകരമായ ആകുലത ഒന്നുമില്ലാത്ത ചുറ്റുപാടിൽ നിന്നും ഒരു ദിവസം പെട്ടെന്ന് പുറത്ത്‌ കടക്കാൻ ആർക്കാണിഷ്‌ടം!

ഒരു ദിവസം അതിനു അപരിചിതമായ രീതിയിൽ അതിനെ ചേർത്ത് പിടിച്ചിരുന്ന അമ്മയുടെ ഗർഭപാത്രം അതിനെ പുറംതള്ളുന്നു.

ഞെങ്ങി ഞെരുങ്ങി പുറത്തേക്കു വരുന്ന ശിശുവിന്റെ ശ്വാസകോശങ്ങളിലുള്ള അധികജലം പുറം തള്ളപ്പെട്ടു ഒരു ചെറിയ ആദ്യകരച്ചിലോടെ കുഞ്ഞിന്റെ ശ്വാസകോശങ്ങൾ അന്തരീക്ഷവായു ശ്വസിച്ചു തുടങ്ങുന്നു. ആരൊക്കെയോ ചേർന്ന് അതിനെ ലോകത്തിലേയ്ക്ക് വരവേൽക്കുന്നു. അതിന്റെ പൊക്കിൾ കൊടി മുറിക്കുന്നു. എന്നേക്കുമായി മാതൃ ശരീരത്തിൽ നിന്നും അതിനെ ലോകം വേർപെടുത്തുന്നു.

ഒരു ചെറിയ സമയത്തേയ്ക്ക് അതിന്റെ അമ്മയെ കാണിച്ചതിന് ശേഷം അതിനെ വേറേ ഒരു സ്ഥലത്തേയ്ക്ക് കൊണ്ടു പോയി ഇളം ചൂട് വെള്ളത്തിൽ
കുളിപ്പിക്കുന്നു, ഉടുപ്പിടുവിക്കുന്നു. പിന്നെയും മൃദുവായ തുണിയിൽ പൊതിഞ്ഞു അമ്മയുടെ അടുത്തേയ്ക്ക് കൊണ്ട് വന്നു അമ്മയുടെ ചാരെ കിടത്തുന്നു.

മാറോടു ചേർത്ത് അതിനെ അമ്മ പിടിക്കുമ്പോൾ കുഞ്ഞിന്റെ ചെവികൾ എന്നും കേട്ടിരുന്ന പരിചിതമായ ആ ഹൃദയതാളത്തിന്റെ മനം മയക്കുന്ന സംഗീതം തിരിച്ചറിയും.

വിശന്നു കരയുമ്പോൾ ഇളം ചുണ്ടുകളിൽ അമ്മയുടെ പാൽ ലഭിക്കുമ്പോൾ അതിനു താൻ ഉപേക്ഷിക്കപ്പെട്ടിട്ടില്ല, ജീവിതം ഇനിയും തീർന്നിട്ടില്ല എന്ന് മനസിലാകും.

കണ്ണു തുറക്കുമ്പോൾ പ്രകാശം എന്നൊരു പ്രതിഭാസം അതിന്റെ കണ്ണുകളെ അത്ഭുതപ്പെടുന്നു. പതുക്കെ കുഞ്ഞിക്കണ്ണുകളിൽ തെളിയുന്ന കാഴ്ചയിൽ അമ്മയുടെയും അപ്പന്റെയും സഹോദരങ്ങളുടെയും സ്നേഹമുഖങ്ങളും സ്പർശനവും സ്വരവും അതിനു പരിചിതമാകുന്നു. അതിനു വീണ്ടും സുരക്ഷിതത്വത്തിന്റെയും സ്നേഹത്തിന്റെയും അനുഭവം കിട്ടിതുടങ്ങുന്നു. ജനനം എന്നത് ഒരു കടന്നു പോകലായിരുന്നു അതിനപ്പുറവും ഞാൻ ജീവിക്കാൻ ഒരു ജീവിതമുണ്ടെന്നു അത് തിരിച്ചറിയുന്നു.

പതിയെ പതിയെ പുതുരുചികളും ജീവിതരീതികളും പുതിയ ഭാഷയും ഒക്കെ പഠിച്ചു ശൈശവം കടന്നു ബാല്യത്തിൽ നടന്നു കൗമാരത്തിൽ കയറി വാർദ്ധക്യത്തിൽ എത്തുമ്പോൾ സുനിശ്ചിതമായ ഒരു കടന്നു പോകലിന്റെ ഓർമപ്പെടുത്തൽ ആ വ്യക്തിയെ അലട്ടി തുടങ്ങും.

ആ സമയങ്ങളിൽ ചെറുരോഗം പോലും അസ്വസ്ഥത ഉണ്ടാക്കും. കുഞ്ഞ് കാര്യങ്ങൾക്ക് ആകുലപ്പെടും.
എന്തോ സംഭവിക്കാൻ പോകുന്നു എന്നുള്ള വലിയ ഭീതി ഉള്ളു കാർന്നു തിന്നുന്നതിനാൽ മൗനി ആയേക്കും. ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെട്ടെന്ന് വരാം.

വായിൽ ആഹാരത്തിനു രുചി ഇല്ലാതെ, വല്ലതും കഴിച്ചെന്നു വരുത്തി ഉറങ്ങാൻ കിടക്കുമ്പോൾ ദുസ്വപ്‌നങ്ങൾ.

അങ്ങനെ പതിയെ വാർദ്ധക്യം പിടിമുറുക്കുമ്പോൾ ഓർമ്മക്കുറവും അനാരോഗ്യവും അലട്ടും.

ഒരുനാൾ ആത്മാവ് ശരീരത്തിൽ നിന്നും അതിനു മനസില്ലെങ്കിലും അതിന്റെ നിത്യ ഭവനത്തിലേയ്ക്ക് തിരിച്ചു വരവില്ലാത്ത ഒരിടത്തേയ്ക്ക് യാത്രയാകും.

എന്നാൽ ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം മരണം ഭയപ്പെടേണ്ട ഒന്നാണോ?

അല്ല എന്നാണുത്തരം.

“അവിടുന്നാണ്‌ എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്‌;
എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന്‌ എന്നെ മെനഞ്ഞു.
ഞാന്‍ അങ്ങയെ സ്‌തുതിക്കുന്നു;എന്തെന്നാല്‍, അങ്ങ്‌ എന്നെ വിസ്‌മയനീയമായി സൃഷ്‌ടിച്ചു;
അവിടുത്തെ സൃഷ്‌ടികള്‍ അദ്‌ഭുതകരമാണ്‌. എനിക്കതു നന്നായി അറിയാം.
ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും
ഭൂമിയുടെ അധോഭാഗങ്ങളില്‍ വച്ചു സൂക്‌ഷ്‌മതയോടെ സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തപ്പോള്‍, എന്റെ രൂപം അങ്ങേക്ക്‌ അജ്ഞാതമായിരുന്നില്ല.
എനിക്കു രൂപം ലഭിക്കുന്നതിനു മുന്‍പു തന്നെ, അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു;
എനിക്കു നിശ്‌ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പു തന്നെ, അങ്ങയുടെ പുസ്‌തകത്തില്‍ അവ എഴുതപ്പെട്ടു”.
(സങ്കീര്‍ത്തനങ്ങള്‍ 139 : 13-16)

നമ്മുടെ ജനനം ഒരു യാദൃശ്ചികത ആയിരുന്നില്ല.

അത് അനാദി മുതലേയുള്ള നമ്മുടെ പിതാവായ ദൈവത്തിന്റെ എനിക്കായുള്ള സ്നേഹപദ്ധതി ആയിരുന്നു. അവിടുത്തെ മനസ്സിൽ എനിക്ക് മാത്രമായി ഒരു സ്ഥാനം ഉണ്ട്. ഓരോ മനുഷ്യർക്കും അങ്ങനെയാണ്. ദൈവികസ്നേഹത്തിൽ അവരുടേതായ സ്ഥാനം അവർക്കുണ്ട്.

നാം ഈ ലോകത്തിൽ ഏതു സാഹചര്യത്തിൽ ഏത് കാലഘട്ടത്തിൽ ഏതു ദേശത്തു ഏത് കുടുംബത്തിൽ ഏതവസ്ഥയിൽ ജനിച്ചവർ ആയിക്കൊള്ളട്ടെ, അത് നമ്മുടെ പിതാവായ ദൈവം ആഗ്രഹിച്ചത് കൊണ്ടാണ്.

കാരണം നിത്യതയിൽ അവിടുത്തോടൊപ്പം നാം ആയിരിക്കാൻ അവിടുന്ന് നിശ്ചയിച്ച ഒരു സമുന്നതസ്ഥാനമുണ്ട്.

നമ്മെ ആക്കിയ സാഹചര്യങ്ങൾ, നമുക്ക് ചുറ്റുമുള്ള ബന്ധങ്ങൾ, കൂട്ടുകാർ, ജീവിത സാഹചര്യങ്ങൾ, ജീവിതാന്തസ്, ജോലി, രോഗവസ്ഥ, ഭൗതിക സാഹചര്യങ്ങൾ എന്നിവയൊക്കെ നമ്മുടെ നിത്യതയിലേയ്ക്കുള്ള സുഗമമായ കടന്നു പോകലിന് അനുസൃതമായി നല്കപ്പെട്ടിട്ടുള്ളതാണ്.

ചിലപ്പോൾ നമ്മുടെ മാതാപിതാക്കൾ ഒത്തിരി ആഗ്രഹിച്ചു ആയിരിക്കാം നാം ഈ ഭൂമിയിലേക്ക് വന്നത്. ചിലപ്പോൾ അവർക്ക് അസൗകര്യമുള്ള, കുഞ്ഞുങ്ങളെ വളർത്താൻ യാതൊരു സാഹചര്യവും ഇല്ലാത്ത ദരിദ്രമായ, കലുഷിതമായ, കുടുംബാന്തരീക്ഷത്തിൽ ആയിരിക്കാം.

ജീവിതത്തെ കുറിച്ച് സ്വപ്‌നങ്ങൾ പിറക്കാനും മാത്രം നമ്മെക്കുറിച്ച് ഹൃദയത്തിൽ നല്ലതൊന്നും തന്നെ തോന്നുകയില്ലാത്ത അവസ്ഥ ആയിരിക്കാം.

ഏത് അവസ്ഥയിൽ ആണെങ്കിലും കത്തോലിക്കാ കുടുംബത്തിൽ പിറന്നതിനാൽ നമുക്ക് മാമോദീസ കിട്ടി.

അതിന്റെ അർത്ഥം ദൈവരാജ്യത്തിൽ ക്രിസ്തു ശിരസായ സഭയുടെ മൗതികശരീരത്തിലെ ഒരംഗമായി ഞാനും നിങ്ങളും മാറി.

ഒരു ശരീരത്തിൽ ആയിരിക്കുന്ന ചെറുതും വലുതുമായ അവയവങ്ങൾക്കും ചെറുകോശങ്ങൾക്കും പ്രത്യേക ധർമ്മമുണ്ട്.

ഇത് പോലെ തിരുസഭയിൽ അംഗമായിരിക്കുന്ന ഓരോ വ്യക്തിക്കും ഒരേ വിലയാണ്. നമ്മെ പാപത്തിന്റെ അടിമത്തത്തിൽ നിന്നും നിത്യമരണത്തിൽ നിന്നും വീണ്ടെടുത്ത ഈശോയുടെ തിരുരക്തത്തിന്റെ വില.

ഓരോ വ്യക്തിക്കും തിരുസഭയിൽ ആയിരിക്കുമ്പോൾ അവരുടേതായ തനതായ ധർമം ഉണ്ട്.

നമ്മെ കുറിച്ചുള്ള അവിടുത്തെ സ്നേഹപദ്ധതികൾക്ക് അതിരുകളില്ല, അവിടുത്തേയ്ക്ക് നാം സ്വയം വിട്ടു കൊടുത്താൽ അത്ഭുതകരമായ സ്നേഹഫലങ്ങൾ പുറപ്പെടുവിക്കുന്ന പരിശുദ്ധാത്മാവിന്റെ ഉപകരണം ആയി നാം മാറും.

ചിലപ്പോൾ ഇതിനു ഇതിനു നമ്മുടെ കുറവുകൾ നമ്മെ പിന്നോട്ട് വലിച്ചേക്കാം. കാരണം നമ്മെ ഏറ്റവും കൂടുതൽ ആന്തരികമായി അറിയുന്നത് നമ്മൾ ആണല്ലോ.

എന്നാൽ അത് വകവയ്ക്കരുത്. ദൈവസ്നേഹത്തിനു നമ്മിൽ പ്രവർത്തിക്കാനും അവിടുത്തെ പദ്ധതികൾ നിറവേറ്റാനും അസാധ്യതകൾ ഇല്ല. നമ്മൾ നമ്മുടെ ജീവിതത്തിൽ അവിടുത്തെ ഹിതം നിറവേറാൻ സമ്മതം കൊടുത്തു അതിനോട് അറിയാവുന്ന രീതിയിൽ സഹകരിച്ചാൽ മാത്രം മതി.

ഇതെങ്ങനെ സംഭവിക്കും എന്ന് നമ്മുടെ അമ്മ ചോദിച്ചില്ലേ!

അപ്പോൾ ഗബ്രിയേൽ മാലാഖ പറഞ്ഞത്..

“പരിശുദ്ധാത്മാവ്‌ നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. “
(ലൂക്കാ 1 : 35)

പരിശുദ്ധാത്മാവിന്റെ ശക്തി നമ്മിൽ ആവസിക്കുമ്പോൾ ഒരു കാര്യവും നമുക്ക് അസാധ്യമായിരിക്കുകയില്ല. ഏതൊരു കാര്യവും ചെയ്യാൻ അതിനനുസരിച്ചുള്ള കൃപയും അതിനുള്ള സാഹചര്യങ്ങളും നമ്മളെ ഏല്പിക്കുന്ന ഓരോ കാര്യത്തിനൊപ്പവും തക്ക സമയത്ത് കൂട്ടിചേർക്കപ്പെടും.

ഒരു പ്രാവശ്യം എന്റെ കുമ്പസാരക്കാരൻ പറഞ്ഞത് നമ്മൾ വലിയൊരു ദൈവിക പദ്ധതിയുടെ ചെറിയൊരു ഭാഗം മാത്രം ചെറിയൊരു സമയത്തേയ്ക്ക് ചെയ്താൽ മതിയാകും. എന്നാൽ ആ പ്രവൃത്തികൾ നമ്മെ ഏല്പിച്ച ഭാഗം പൂർണമായി ചെയ്യുന്നതിനാൽ അതിൽ തന്നെ പൂർണം ആണെന്നാണ്. ആത്മാവിൽ പരിശുദ്ധാത്മാവിന്റെ പ്രേരണ അനുസരിച്ചു ചെയ്യുന്ന ചെറുതോ വലുതോ ആയ ഒരു പ്രവൃത്തിയുടെ ഫലം നാം നമ്മുടെ ജീവിതകാലത്തു കണ്ടില്ല എന്ന് വരും. എന്നാൽ നമ്മുടെ ഹൃദയത്തിൽ വരുന്ന അവിടുത്തെ മൃദു സ്വരം അനുസരിക്കുക എന്നതാണ് പ്രധാനം.

അവിടുത്തെ സ്വരം നാംകേട്ട് തിരിച്ചറിഞ്ഞു നിരന്തരം ഉടനടി അനുസരിച്ചു തുടങ്ങുമ്പോൾ കൂടുതൽ ദൗത്യങ്ങൾ പരിശുദ്ധാത്മാവിനാൽ നമ്മിൽ വിശ്വസിച്ചു ഏല്പിക്കപ്പെടുകയും നമുക്കാവും വിധം ചെയ്തു പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിലൂടെ സമർപ്പിച്ചു കഴിയുമ്പോൾ ആ പ്രവൃത്തിയ്ക്കു ഒരു സാധാരണ ഫോട്ടോ എടുത്തു enhance ചെയ്തെടുക്കുന്ന മനോഹാരിതയും പെർഫെക്ഷനും വരും.

അഞ്ചപ്പവും രണ്ടു മീനുമേ നമ്മുടെ കയ്യിൽ കാണൂ. അന്നുവരെ നാം അറിയപ്പെടാത്തവരും ആയിരിക്കും ഒരു പക്ഷെ…

എന്നാൽ അന്ന് അയ്യായിരം പേർ ഇരുന്നവരിൽ ഈശോയുടെ പ്രവൃത്തിയിൽ, പിൽക്കാലത്തു പരിശുദ്ധ കുർബാന അനേകം പേർക്ക് പങ്കു വച്ചു കൊടുക്കപ്പെടും അത് നിത്യവിശപ്പകറ്റുന്ന ഭക്ഷണം ആകും എന്ന പ്രവചനാത്മകമായ ആ പ്രവൃത്തിയിൽ പങ്കാളിയാകാൻ ആ ബാലനെ അല്ലാതെ ആരെയും പരിശുദ്ധാത്മാവ് കണ്ടില്ല. അതിന്റെ വേറേ ഒരു അർത്ഥം പരിശുദ്ധ കുർബാനയിൽ ഈശോയുടെ ബലിയിൽ നിസാരരായ നമ്മുടെ കാഴ്ചകളുടെയും നമ്മുടെയും സമർപ്പണവും സജീവ പങ്കാളിത്തവും പ്രാധാന്യം ഉള്ളതാണെന്നും കാണിക്കുന്നു എന്നെനിക്ക് തോന്നി.

ഓരോ ആത്മാവിനോടുമുള്ള ദൈവപിതാവിന്റെ അവാച്യമായ സ്നേഹം ആളുകൾ മനസിലാക്കിയിരുന്നെങ്കിൽ!!

എന്ത് മാത്രം ദൈവസ്നേഹാനുഭവത്തിൽ ഓരോരുത്തരും നിറഞ്ഞേനെ!

ഒരു മനോഹരമായ പെയിന്റിംഗ് പോലെ, ഒരു അതുല്യമായ ശില്പം പോലെ, മറ്റൊന്ന് പകരം വയ്ക്കാനില്ലാത്ത സമുന്നത മൂല്യമുള്ള ഒരു മാസ്റ്റർ പീസ് ആക്കുവാനാണ് ജനനം മുതൽ നാം എന്താകണമെന്ന് വ്യക്തമായി പ്ലാൻ ഉള്ള നമ്മുടെ സൃഷ്ടാവും പിതാവും രക്ഷകനും സഹോദരനും കൂട്ടാളിയും നിത്യ മണവാളനുമായ ഈശോ നമ്മെ നിമിഷങ്ങളായി മിനിട്ടുകളായി മണിക്കൂറുകളായി ദിവസങ്ങളായി മാസങ്ങളായി വർഷങ്ങളായി ക്ഷമയോടെ ചിലത് മായ്ച്ചു കളഞ്ഞു ചിലത് ജീവിതത്തോട് കൂട്ടിച്ചേർത്തു സഹനങ്ങളുടെ വെട്ടിയൊരുക്കലിലൂടെ സ്നേഹത്തിൽ ചാലിച്ച തിരുരക്തത്തിൽ കൃപകളുടെ ബ്രഷ് മുക്കി അവിടുത്തെ ഹിതമനുസരിച്ചു ഒരുക്കി കൊണ്ടിരിക്കുന്നത്.

ജനിച്ചു കഴിഞ്ഞു കുറെ നാളത്തേക്ക് നമ്മുടെ ബോധതലങ്ങളിൽ അത്ര ഓർമ്മയോ അറിവോ ഉണ്ടായിരിക്കില്ല എങ്കിലും പതിയെ പുഞ്ചിരിക്കാനും ആളുകളെ മനസിലാക്കാനും നാം പഠിക്കുന്നു.

പതിയെ പതിയെ നമ്മുടെ കുടുംബം,ഭാഷ, ദേശം, ഭക്ഷണരീതി, നാം ആയിരിക്കുന്ന മതം എന്നിവയൊക്കെയും നമ്മുടെ ജീവിതത്തിൽ അലിയുന്നു.

ദൈവം നമുക്കായി തിരഞ്ഞെടുത്ത കുടുംബത്തിൽ നിന്നാണ് ഈ അടിസ്ഥാന അറിവുകൾ കിട്ടുന്നത്.

നമ്മെ ദൈവം ആഗ്രഹിക്കുന്ന രീതിയിൽ mould ചെയ്തു അവിടുത്തേയ്ക്ക് ഇഷ്ടപ്പെട്ട ഒരു വ്യക്തിത്വം രൂപീകരിക്കുന്നതിനു വേണ്ടി നമ്മുടെ ചുറ്റുമുള്ളവരെയും അവരുടെ മനോഭാവങ്ങളെയും അവരുടെ നമ്മോടുള്ള പെരുമാറ്റത്തെയും സംസാരരീതികളെയും അവിടുന്ന് സ്വതന്ത്രമായി വിടുന്നു. നമ്മോടു കർക്കശമായി പെരുമാറാൻ പലരെയും അവിടുന്ന് അനുവദിക്കുന്നു.

സ്വർഗത്തിൽ എല്ലാ ആത്മാക്കൾക്കും അവരുടേതായ മഹിമ നിശ്ചയിച്ചിട്ടുണ്ട്. നാം ദൈവഹിതം അനുസരിച്ചു എങ്ങനെ വർത്തിക്കുന്നുവോ അത്ര മാത്രം അവിടുത്തോട് സ്നേഹമഹിമയിൽ ഒന്നാകാൻ നമുക്ക് സാധിക്കും.

ദൈവപിതാവിന്റെ സ്നേഹാർദ്രതയിൽ അവിടുന്ന് എല്ലാവരെയും പല പല രീതിയിൽ അവിടുത്തെ സ്നേഹിക്കാനായി നിയോഗിച്ചു.

ചിലരൊക്കെ കുഞ്ഞിലേ മുതലേ സ്നേഹത്താൽ എരിഞ്ഞു അമാനുഷികരീതിയിൽ സഹനത്തിലൂടെ കടന്നു പോയി ഈശോയെ സ്നേഹിച്ചു.

Ellen Organ, ഇമേൽഡ, കാർലോ, ഡോമിനിക് സാവിയോ തുടങ്ങിയവരൊക്കെ ചെറുപ്പത്തിലേ പരിശുദ്ധ കുർബാനയെ സ്നേഹിച്ചു കടന്നു പോയവരാണ്.

ഞാൻ ഇനിയും അധികം അറിയാത്ത ഒത്തിരി കുഞ്ഞ് വിശുദ്ധർ കാണും.

ഈശോയെ ആദ്യമേ സ്നേഹിച്ച കുഞ്ഞിപൈതങ്ങളും ഉണ്ടല്ലോ. അവർ അന്ന് കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഈശോയുടെ ശത്രുക്കൾ ആയി അവിടുത്തെ പീഡിപ്പിക്കാൻ കൂടിയവരുടെ കൂട്ടത്തിൽ ഉണ്ടാവുകയില്ലായിരുന്നു എന്നാരു കണ്ടു!

കൊച്ച് ത്രേസ്യ തനതായ രീതിയിൽ ഈശോയെ ഒരു കുഞ്ഞിന്റെ ലാളിത്യത്തിൽ, അതോടൊപ്പം വധുവിന്റെ വസ്ത്രത്തിൽ ഈശോയെ സ്നേഹിച്ചു.

അമ്മ ത്രേസ്യ ആഭ്യന്തരഹർമ്യത്തിന്റെ ആഴവും ദൈവത്തിന്റെ ചാരത്തു അണയാൻ ആത്മാവ് പ്രവേശിക്കേണ്ട സദനങ്ങളെയും പറ്റി പറഞ്ഞു തന്നു.

എത്രയോ വിശുദ്ധരായ വേദപാരംഗതന്മാർ
വൈദികർ, മാർപാപ്പമാർ, സമർപ്പിതർ, ഏകസ്ഥർ, കുടുംബജീവിതക്കാർ…

ലോകമറിയാതെ തിരുസഭാ മാതാവ് തന്റെ മേലങ്കയ്‌ക്കുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന സ്വർഗത്തിൽ മാത്രം നാം കണ്ടുമുട്ടുന്ന എത്രയോ നിശബ്ദരായ വിശുദ്ധർ!!!

നാം വിശുദ്ധരെ നോക്കുമ്പോൾ അവരെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കുമ്പോൾ അവരേതോ നമ്മൾ അറിയാത്ത ഉന്നത ആത്മീയ തലത്തിൽ ജീവിച്ചു ആരോടും മിണ്ടാതെ ഉരിയാടാതെ ആഹാരം കഴിക്കാതെ കണ്ടമാനം ഉപവാസം അനുഷ്ഠിച്ചു, 24 മണിക്കൂറും പ്രാർത്ഥനകൾ ചൊല്ലി, കീറ വസ്ത്രം ധരിച്ചു ലോകത്തിനു മരിച്ചവരായി എല്ലാവരിലും നിന്നു വേർപെട്ട് ജീവിച്ചു ഭാഗ്യപ്പെട്ട രീതിയിൽ മരിച്ചു എന്ന് കരുതിപ്പോകും.
അങ്ങനെ ജീവിച്ച ഉന്നത താപസർ ഉണ്ട്.

സാധാരണ നമ്മളെ പോലെ സാധാരണ കാര്യങ്ങൾ ചെയ്തു ജീവിച്ചവരും ഉണ്ട്.

എഴുതപ്പെട്ട താളുകളിലെ അക്ഷരങ്ങളെക്കാൾ എത്രയോ വാക്കുകൾ അവരുടെയൊക്കെ ജീവിതത്താളുകളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

ദൈവത്തിനു മാത്രം അറിയാവുന്ന വിശുദ്ധരായ ഓരോ ആത്മാക്കളുടെ ദൈവത്തിലേയ്ക്കുള്ള സ്നേഹവഴിയിലെ കഷ്‌ടപ്പാടുകളുടെയും വിശ്വാസത്തിൽ നിലനിൽപ്പിനുള്ള നിരന്തര പോരാട്ടത്തിന്റെയും വീണു പോകലുകളുടെയും തിരിച്ചു വരവുകളുടെയും ദൈവികസംരക്ഷണത്തിന്റെ അത്ഭുതകരമായ നാളുകളുടെയും രഹസ്യങ്ങൾ!

എന്നാൽ അവർക്കും നമുക്കും ഒരേ വിലയാണ്. കിട്ടിയത് ഒരേ ജീവനാണ്.
അവർക്കും നമുക്കും ജീവിക്കാൻ കിട്ടിയത് ഒരേ ഒരു അവസരമാണ്.

അവർക്കും നമുക്കും ഒരു മാമോദീസ കിട്ടി.

അവർക്കും നമുക്കും ആദ്യമായി കുമ്പസാരിക്കാൻ അവസരം കിട്ടി.

അവർക്കും നമുക്കും ആദ്യകുർബാന കിട്ടി.

അവർക്കും നമുക്കും സ്ഥൈര്യലേപനം വഴി മാമോദീസയിലെ അവകാശങ്ങൾ ഒരേ പരിശുദ്ധാത്മാവിനാൽ ഉറപ്പിക്കപ്പെട്ടു.

ജീവിതാന്തസ് തിരഞ്ഞെടുക്കാൻ അവർക്കെന്നത് പോലെ നമുക്കും സ്വാതന്ത്ര്യം കിട്ടി.

രോഗക്കിടക്കയിൽ അവർക്കെന്നത് പോലെ നമുക്കും രോഗീലേപനം കിട്ടി.

അവരിൽ എന്നത് പോലെ പരിശുദ്ധ ത്രിത്വം നമ്മിലും വസിച്ചു.

അവർക്കെന്നത് പോലെ പരിശുദ്ധ മറിയത്തെ നമ്മുടെ അമ്മയായി കിട്ടി. അമ്മയുടെ വിമല ഹൃദയം നമ്മുടേതുമായി വച്ചു മാറി അമ്മ സ്നേഹിച്ചത് പോലെ പരിശുദ്ധ ത്രിത്വത്തെ സ്നേഹിക്കാൻ അവസരം കിട്ടി.

അവരെ പോലെ നമുക്കും നിർമല ഹൃദയം സ്വന്തമായുള്ള യൗസേപ്പിതാവിനെ പിതാവായി കിട്ടി.

അവരെപ്പോലെ നമുക്കും കാവലായി മാലാഖയെ കിട്ടി.

അവരെപ്പോലെ തിരുസഭയുടെ അക്ഷയ ഭണ്ഡാരത്തിൽ നിന്നും സ്വർഗീയ പിതാവിന്റെ മഹിമയിൽ നിന്നും നമുക്കും unlimted ആയി ഇഷ്ടമുള്ളത് പോലെ എടുക്കാം.

ജീവിക്കുന്ന കാലത്തോളം അനുദിനം സ്വർഗീയ ഭോജ്യമായ പരിശുദ്ധ കുർബാന അവരെപ്പോലെ നമുക്കും കിട്ടും.

എത്ര പാപി ആയിരുന്നു എന്നതല്ല എത്ര അനുതപിച്ചു പാപം വെറുത്തുപേക്ഷിച്ചു, എത്ര മാത്രം ഈശോയുടെ കരുണയിൽ ശരണപ്പെട്ടു എന്നതായിരുന്നു അവരെപ്പോലെ കുമ്പസാരത്തിന്റെ മണിക്കൂറുകളിൽ നമ്മുടെയും ക്ഷമിക്കപ്പെടാനുള്ള മാനദണ്ഡം.

മാമോദീസ വഴി ദൈവമക്കൾ എന്നുള്ള നിലയിൽ, ബോധ്യത്തിൽ ആയിരുന്നു ഭൂമിയിൽ അവർ ജീവിച്ചത്. നമ്മളും ജീവിക്കേണ്ടത്.

അവർക്കും നമുക്കും പകരം വയ്ക്കാൻ ഇല്ലാത്ത സഹനങ്ങൾ ഉണ്ട്. കിട്ടിയ ആൾക്ക് അല്ലാതെ ആ സഹനം വേറേ ഒരാൾക്കും അതിന്റെ അളവിൽ കടന്നു പോകാൻ പറ്റില്ല. ചെറുതെന്നു കാണുന്നവർക്ക് തോന്നാം. എന്നാലും ഞെരുക്കുന്ന അവസ്ഥ കുരിശ് എടുക്കുന്നവനെ അറിയൂ. അതിന്റെ ഭാരം എന്തെന്ന് ആ കുരിശ് അനുവദിച്ചവനെ മനസിലാകൂ.

ഒരു പാപവും ചെയ്യാതിരുന്നിട്ടും ഈശോ നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി. നമ്മെ പിതാവായ ദൈവത്തിന്റെ മക്കൾ ആക്കുവാൻ ഒരു നല്ല സഹോദരനെ പോലെ പെരുമാറി.

“ജനങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരം ചെയ്യുന്നതിനു വേണ്ടി ദൈവികകാര്യങ്ങളില്‍ വിശ്വസ്‌തനും കരുണയുള്ളവനുമായ പ്രധാനപുരോഹിതനാകാന്‍ അവന്‍ എല്ലാകാര്യങ്ങളിലും തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു.
അവന്‍ പീഡ സഹിക്കുകയും പരീക്‌ഷിക്കപ്പെടുകയും ചെയ്‌തതുകൊണ്ട്‌ പരീക്‌ഷിക്കപ്പെടുന്നവരെ സഹായിക്കാന്‍ അവനു സാധിക്കുമല്ലോ.”
ഹെബ്രായര്‍ 2 : 17-18

ഓരോ കുരിശ് എടുക്കുന്ന അനുഭവത്തിനും രക്ഷാകരമായ ഫലങ്ങൾ ഉണ്ട്. നമ്മെയും നമ്മുടെ പ്രിയപ്പെട്ടവരെയും രാജ്യത്തെയും, ഈ ലോകത്തെ തന്നെയും ദൈവക്രോധത്തിൽ നിന്നും മറയ്ക്കാൻ ദൈവപിതാവിന്റെ ആ കോപം ഒഴിവായി പോകാൻ നമ്മുടെ ഒരു കുഞ്ഞ് സ്നേഹത്തോടെയുള്ള സഹനം മതിയാകും.

ഓരോ രക്ഷാകരസഹനത്തിനും ആത്മാവിൽ മുറിവ് ഉണ്ടാകും. മുറിവ് കരിഞ്ഞതിന്റെ പാടുകളും. അതാണ് നിത്യതയിൽ ആത്മാവിന്റെ അഭൗമികമായ സ്നേഹത്തിന്റെ അലങ്കാരങ്ങളും അതിന്റെ മഹത്വവും.

എന്തിനാണ് സഹനം ചെറുപ്പം മുതൽ സഹനം അനുവദിക്കപ്പെടുന്നത്!

വീണ്ടും വീണ്ടും ജീവിതത്തിൽ മുറിവുകളുടെ തനിയാവർത്തനം ഉണ്ടാകുന്നത്?

അത് ക്രിസ്തീയ വിശ്വാസത്തിൽ ഉള്ള നിരന്തരപരിശീലനം ആണ്. നാം പാഠങ്ങൾ പഠിച്ചാൽ മാത്രം പോരല്ലോ. ജീവിതത്തിൽ പ്രാവർത്തികമാക്കുകയും വേണ്ടേ.

എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്‌ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്‌. അതിനാല്‍, അന്‌ധകാരത്തില്‍നിന്നു തന്റെ അദ്‌ഭുത കരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്‍മകള്‍ പ്രകീര്‍ത്തിക്കണം.
1 പത്രോസ് 2 : 9

പരിശുദ്ധാത്മാവിൽ ആശ്രയിച്ചു നാം പൂർണ മനസോടെ ഏറ്റെടുക്കുന്ന ചെറുതും വലുതുമായ സഹനങ്ങൾ നമ്മെ വിശ്വാസത്തിൽ പൂർണരാക്കുന്നു, നാം കേട്ട ദൈവവചനങ്ങളുടെ അധികാരികത അനുഭവത്തിലൂടെ നമ്മുടെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കുന്നു. സമാന സാഹചര്യങ്ങളിൽ സഹിക്കുന്ന സഹോദരരെ സ്വാനുഭവത്തിൽ നിന്നും കിട്ടിയ ബോധ്യങ്ങൾ കൊണ്ടു കൂടുതൽ ഫല പ്രദമായി സഹായിക്കാനും ധൈര്യപ്പെടുത്താനും പറ്റുന്നു.

അവർക്കും നമുക്കും കിട്ടിയത് വിശ്വാസത്തിന്റെ ATM കാർഡ്/Swipe കാർഡ് ആണ്.

അത് വഴി പരിശുദ്ധത്രിത്വത്തിന്റെ സിംഹാസനത്തോളം നമുക്ക് ആത്മാവിൽ ഉയരാൻ പറ്റും. പിതാവിന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്നും നമുക്ക് വേണ്ടത് എടുക്കാൻ സാധിക്കും. അവിടുത്തോട് കുഞ്ഞ് മക്കൾ എന്നത് പോലെ പെരുമാറാൻ പറ്റും. ദൈവസ്നേഹത്തിൽ അധിഷ്ഠിതമായി അവിടുത്തെ പക്കൽ മകളുടെ സ്വാതന്ത്ര്യത്തിൽ എങ്ങനെയും പെരുമാറാൻ പറ്റും.

എല്ലാ വീടുകളിലും ചെറുകുഞ്ഞുങ്ങളുടെ കുഞ്ഞ് വാശികൾ ജയിക്കുന്നത് പോലെ സ്വർഗീയ പിതാവിന്റെ അടുത്തും ഭൂമിയിൽ ആയിരിക്കുമ്പോൾ തന്നെ കുഞ്ഞ് ആത്മാക്കൾക്ക് സ്വാതന്ത്ര്യം ഉണ്ടല്ലോ.

ഓരോരുത്തരുടെയും നിശ്ചയിക്കപ്പെട്ട ആത്മീയത പലതാണ്. ജീവിതവും ജീവിതസാഹചര്യവും നമ്മുടെയും മറ്റുള്ളവരുടെയും ആത്മരക്ഷയും അനുസരിച്ചാണ് അത് പരിശുദ്ധാത്മാവിന്റെ സഹായത്താൽ ഉരുതിരിയുന്നത്. നാം ജീവിതത്തിന്റെ ഒരു turning point ൽ എവിടെ വച്ചോ പതിയെ ദൈവസ്നേഹത്തിലേയ്ക്ക് വന്നു തുടങ്ങുന്നത്.

ചിലർ നമ്മുടെ നോട്ടത്തിൽ വലിയ ഉന്നതമായ ആത്മീയത ഉള്ളവരും ഭൂമിയിൽ 100 മേനി ഫലം പുറപ്പെടുവിക്കുന്നവരും.

ചിലർ 60 മേനി.

ചിലർ 30 മേനി…

എന്നാൽ ദൈവത്തിന്റെ നോട്ടത്തിൽ അത്‌ നാം കരുതുന്നത് പോലെ ആകണമെന്നില്ല.

കാരണം നമ്മുടെ ജീവിതത്തിൽ നമുക്കറിയാം നമ്മുടേതായ കുറവുകളും പേഴ്സണാലിറ്റിയുടെ പ്രത്യേകതകളും സാഹചര്യവും സാമ്പത്തികവും കുടുംബത്തിന്റെ അവസ്ഥയും നാം ശീലിച്ചു പോന്ന അദ്ധ്യാത്മികശീലങ്ങളും വിശ്വാസത്തിന്റെ ആഴവും ഒക്കെ മൂലം സത്യ സന്ധമായി പറഞ്ഞാൽ നാം ദൈവരാജ്യത്തിൽ എത്ര ശതമാനം ഫലദായകത്വം ഉള്ളവരാണ്?

അത് പോട്ടെ ദിവസത്തിൽ എത്ര പ്രാവശ്യം എപ്പോഴും കൂടെയുള്ള ഒരു ദൈവത്തെ നാം ഓർക്കുന്നുണ്ട്

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ അതോടൊപ്പം ബന്ധങ്ങൾ അറ്റ് പോകാതെ സൂക്ഷ്മമായി നിലനിറുത്താൻ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ജോലി ചെയ്യാൻ വീട്ടിലെ കാര്യങ്ങൾ ആ വീടിന്റെ നിലയിലും വിലയിലും ചെയ്യാൻ, ആഹാരം പാകം ചെയ്യാൻ, സാധനം വാങ്ങാൻ, ദൈവാലയ തിരുക്കർമങ്ങളിൽ സംബന്ധിക്കാൻ രോഗികൾ ആയവരെ നോക്കാൻ,
സംസാരിക്കാൻ വരുന്നവരുടെ മനസ് വേദനിപ്പിക്കാതെ കുറച്ചെങ്കിലും സംസാരിക്കാൻ കുട്ടികളുടെ കാര്യം നോക്കാൻ…
സ്വന്തം കാര്യം അല്പമെങ്കിലും നോക്കാൻ.

ഇങ്ങനെ നോക്കിയാൽ 24 മണിക്കൂറിലും തീരാത്ത കാര്യങ്ങൾ ഒരു ദിവസമുണ്ട്.

ഈ തിരക്കും സ്‌ട്രെസ്സും ഒക്കെ നമുക്ക് മനസിലാകും.
ഈശോയ്ക്ക് അതിനേക്കാളും മനസിലാകും.

നാം ഒന്നാലോചിച്ചാൽ ആദ്യകുർബാനയിൽ കിട്ടിയ ഈശോയെ പിന്നെയും നൂറുകണക്കിന് തവണ നാം സ്വീകരിച്ചു.

ഒത്തിരി തവണ കുമ്പസാരിച്ചു..

ഒത്തിരി കൊന്ത ചൊല്ലി…

ഒത്തിരി നൊവേനകളിൽ സംബന്ധിച്ചു…

നമുക്കെത്ര പ്രായമായി എന്ന് കണക്കാക്കിയിട്ട് ഒരു നിമിഷം നിന്നു സ്വയം ചോദിക്കണം.

ഞാൻ ശരിക്കും ആരാണ്?

ഈശോ എന്റെ ആരാണ്?

പരിശുദ്ധ ത്രിത്വം എന്റെ ആരാണ്?

മാതാവ് എന്റെ ആരാണ്?

യൗസേപ്പിതാവ് എന്റെ ആരാണ്?

പൂർവപിതാക്കന്മാരും പ്രവാചകരും അപ്പസ്തോലന്മാരും രക്തസാക്ഷികളും സമർപ്പിതരുമായ വിശുദ്ധരും ശുദ്ധീകരണ സ്ഥലത്തു ആയിരിക്കുന്നവരും ഒക്കെ എന്റെ ആരാണ്?

മാലാഖാമാർ എന്റെ ആരാണ്?

ഇതിനൊക്കെ ഉത്തരം ആലോചിക്കുമ്പോൾ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി ആത്മാവിൽ ചിരപരിചിതത്വത്തിൽ നിന്നുയരുന്നു എങ്കിൽ അതിനുള്ള ഉത്തരമായി.

ഉദാഹരണത്തിന് നമ്മുടെ അപ്പന്റെ അമ്മയുടെയോ സ്നേഹിക്കുന്ന ആളിന്റെയോ പേരു പറഞ്ഞിട്ട് ഇതാരാ എന്ന് ചോദിക്കുമ്പോൾ ഉള്ളിൽ ഉണരുന്ന ഒരു സ്നേഹവും സ്വന്തമെന്ന ഉറപ്പും എന്തൊക്കെയോ പോസിറ്റീവ് ഇമോഷൻസുമൊക്കെയില്ലേ മറുപടി പറയുന്നതിന് മുൻപായി…

വാക്കു കൂട്ടിചൊല്ലാൻ പ്രായമാകാത്ത കുഞ്ഞ് അമ്മയെന്തിയെ എന്ന് ചോദിച്ചാൽ ചൂണ്ടിക്കാണിക്കും.

ഈശോ എവിടെ എന്ന് നമ്മോടു ചോദിച്ചാലോ?

സ്വന്തം ചങ്കിൽ തൊട്ട് ഇവിടെ എന്ന് പറയാനും മാത്രം ഉള്ള സ്നേഹത്തിന്റെ ആഴത്തിൽ നാം വളർന്നോ എന്ന് ആലോചിക്കാം.

മരണത്തിന്റെ കാര്യം പറയാൻ തുടങ്ങിയിട്ട് പറയുന്നത് ജീവിതത്തിന്റെ കാര്യം!

പക്ഷെ ജീവിതമില്ലെങ്കിൽ മരണവും ഉണ്ടാകില്ലല്ലോ!

“തീരദേശങ്ങളേ, വിദൂരജനതകളേ, എന്റെ വാക്കു കേള്‍ക്കുവിന്‍: ഗര്‍ഭത്തില്‍ത്തന്നെ എന്നെ കര്‍ത്താവ്‌ വിളിച്ചു. അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ അവിടുന്ന്‌ എന്നെ നാമകരണം ചെയ്‌തു.
എന്റെ നാവിനെ അവിടുന്ന്‌ മൂര്‍ച്ചയുള്ള വാളു പോലെയാക്കി. തന്റെ കൈയുടെ നിഴലില്‍ അവിടുന്ന്‌ എന്നെ മറച്ചു; എന്നെ മിനുക്കിയ അസ്‌ത്രമാക്കി, തന്റെ ആവനാഴിയില്‍ അവിടുന്ന്‌ ഒളിച്ചു വച്ചു.
ഇസ്രായേലേ, നീ എന്റെ ദാസനാണ്‌, നിന്നില്‍ ഞാന്‍ മഹത്വം പ്രാപിക്കും എന്ന്‌ അവിടുന്ന്‌ അരുളിച്ചെയ്‌തു.”
(ഏശയ്യാ 49 : 1-3)

ദൈവം നമ്മെ ഓരോരുത്തരെയും അമ്മയുടെ ഗർഭത്തിൽ വച്ചു തനിക്കായി വിളിച്ചു വേർതിരിച്ചു മാറ്റിനിറുത്തി നമുക്കിപ്പോൾ കിട്ടിയിരിക്കുന്ന പേരിട്ടു.

ചിലപ്പോൾ എങ്കിലും നാം ആലോചിക്കാറുണ്ട്. ഇപ്പോൾ ഞാൻ ഈശോയെ അറിയുന്ന രീതിയിൽ കുഞ്ഞിലേ മുതലേ അറിഞ്ഞിരുന്നു എങ്കിൽ എന്ന്…

എന്നാൽ ഓരോരോ കാര്യത്തിന് ഉപയോഗിക്കപ്പെടുന്ന ഉപകരണം അതാതിന്റെ ധർമം അനുസരിച്ചു സൂക്ഷ്മതയോടും കരുതലോടും കൂടെ പണിയേണ്ടതാണ്.

എന്റെ നാവിനെ അവിടുത്തേയ്ക്ക് മൂർച്ച കൂട്ടണമായിരുന്നു.

എന്നിട്ട് അവിടുത്തെ വചനം തക്ക സമയത്ത് അവിടുന്ന് നിശ്ചയിച്ച ആളുകളോട് പറയാൻ തന്റെ കയ്യുടെ നിഴലിൽ മറച്ചു പിടിച്ചു.

ചില സ്പോർട്സിനു ഒക്കെ കോച്ചുമാർ തുറുപ്പു ചീട്ടു പോലെ ഒരു ചുണക്കുട്ടിയെ അവസാന വിജയത്തിന് വേണ്ടി എതിർ ടീം കാണാതെ കാത്തു നിറുത്തിയിരുന്നത് പോലെ നിർണായക ജീവിത നിമിഷങ്ങളിൽ അവിടുന്ന് നമ്മെ നാം പോലുമറിയാതെ പുറത്തെടുത്തു. നിസാരരായ നമ്മിലൂടെ ശത്രുക്കളുടെ മേൽ അവിടുന്ന് വിജയം നേടി.

മിനുക്കിയ അസ്ത്രമാക്കി എന്ന് വചനത്തിൽ നാം വായിക്കുന്നു.

എങ്ങനെയാണു ഈ മിനുക്കുന്നത് മൂർച്ച കൂട്ടുന്നത്!

സഹനങ്ങളിലൂടെ, അധിക്ഷേപങ്ങളിലൂടെ, വേദനകളിലൂടെ, രോഗങ്ങളിലൂടെ, കഴിവില്ലായ്മയിലൂടെ, ഭയത്തിലൂടെ, മറ്റുള്ളവരുടെ മുന്നിൽ ഒന്നുമില്ലാത്ത അവസ്ഥയിലൂടെ, നമ്മെക്കാളും ചെറിയവരുടെ മുൻപിലുള്ള എളിമപ്പെടുത്തലിലൂടെ, സ്വയം തോന്നുന്ന എളിമപ്പെടലിലൂടെ നാം ഉരഞ്ഞു തേഞ്ഞു മൂർച്ചയുള്ള മിനുങ്ങുന്ന ആയുധമായി പരിണമിക്കും.

നിസാരരാണെങ്കിലും ഈശോയെ വഹിക്കുന്ന നമ്മെക്കുറിച്ച് ഓർത്താൽ പോലും സാത്താൻ ഭയപ്പെട്ട് വിറയ്ക്കുന്ന രീതിയിൽ അവനെ തകർക്കാൻ പറ്റിയ ശക്തിയുള്ള എന്നാൽ എളിമയും ദൈവസ്നേഹവും അവിടുന്നിൽ ആശ്രയവും ഉള്ള സ്വർഗീയമായ ഒരു ആയുധം!!!

തകർച്ചയുടെ നാളുകളിൽ, ഇനി തളരാനാവില്ല അത്രയും തളർന്നു മുന്നോട്ടു നടക്കാൻ ഇനി ശക്തിയില്ല എന്ന് തോന്നുന്ന ജീവിതമോ മരണമോ എന്നുള്ള നിലയിൽ നാം ചിന്തിക്കുന്ന ഒരു സമയത്ത് നമ്മുടെ നോട്ടം പരിശുദ്ധ ദിവ്യകാരുണ്യത്തിലേയ്ക്ക് തിരിയും.

അവിടെ നാം എല്ലാ ചോദ്യത്തിനും ഉത്തരവും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവും കണ്ടെത്തും എന്നതിലൊക്കെ ഉപരിയായി നാം അവിടെ ഒരു യഥാർത്ഥ ജീവനുള്ള ഒരു വ്യക്തിയെ കണ്ടെത്തും.

പൂർണ ദൈവവും പൂർണ മനുഷ്യനുമായ ഈശോയെ…

ഈശോയെ ഇങ്ങനെ സഹനത്തിന്റെ നാളുകളിൽ ഹൃദയം നുറുങ്ങി ഇരിക്കുന്ന സമയത്ത് വ്യക്തിപരമായി പരിചയപ്പെടുന്നത് നല്ലതാണ്.

“ഞാന്‍ അവളെ വശീകരിച്ച്‌ വിജനപ്രദേശത്തേക്കു കൊണ്ടുവരും. അവളോടു ഞാന്‍ ഹൃദ്യമായി സംസാരിക്കും.”
(ഹോസിയാ 2 : 14)

കാരണം അവിടുന്ന് നമ്മോടു ഹൃദയത്തിൽ സംസാരിച്ചു തുടങ്ങും.

നമുക്ക് ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുത്തു ഈശോയെ സ്നേഹിക്കാൻ ഒരു കൃപ ലഭിയ്ക്കും.

ഒരു ഫോട്ടോ ഗ്രാഫിൽ നാം നോക്കുമ്പോൾ നാം സ്നേഹിക്കുന്നവരെയല്ലേ ആദ്യം അതിൽ തെളിഞ്ഞു കാണൂ.

പിന്നെ പതിയെ പതിയെ നോക്കുമ്പോൾ കൂടെ നിൽക്കുന്നവരെയും കാണാൻ പറ്റും…

ദൈവപിതാവിനെ…

പരിശുദ്ധാത്മാവിനെ…

മാതാവിനെ

യൗസേപ്പിതാവിനെ

അപ്പസ്തോലൻമാരെ

പൂർവപിതാക്കളെ

മിഖായേൽ മാലാഖയെ

റഫയേൽ മാലാഖയെ

ഗബ്രിയേൽ മാലാഖയെ..

നമുക്കറിയാവുന്നതും അറിയാത്തതുമായ എണ്ണമറ്റ വിശുദ്ധരെ

ഒൻപതു വൃന്ദമുള്ള മാലാഖാമാരെ…

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളെ…

തിരുസഭയെ…

ഈശോയുടെ ഹൃദയത്തിൽ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാൽ അരുമയോടെ കാത്തു വച്ചിരിക്കുന്ന ഒരു കുഞ്ഞാത്മാവിനെ കാണാം.

അത് നമ്മളാണല്ലോ എന്നുള്ള ആന്തരികമായ അടിസ്ഥാന അറിവിൽ തുടങ്ങി മനുഷ്യബുദ്ധിയ്ക്ക് മനസിലാകാത്ത മഹാ സ്നേഹരഹസ്യങ്ങൾ വരെ ആത്മാവിന് വെളിപ്പെട്ടു കിട്ടി തുടങ്ങുന്നു.

ദിവ്യകാരുണ്യസ്നേഹത്തിൽ പതിച്ച ഒരാത്മാവിന് സ്വർഗ്ഗത്തിലെ മുഴുവൻ അംഗങ്ങളുടെയും തിരുസഭയുടെയും സ്നേഹം വ്യക്തിപരമായും പരിശുദ്ധ ത്രിത്വവും പരിശുദ്ധ അമ്മയും യൗസേപ്പിതാവും മാലാഖാമാരും വിശുദ്ധരും ഒക്കെ നമുക്ക് ചിരപരിചിതരായി തോന്നുമെന്നും അവരോടു ദൈവികവും ശിശു തുല്യവുമായ അന്തരിക സ്വാതന്ത്ര്യം അനുഭവപ്പെടും എന്നെനിക്ക് തോന്നി.

ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ എളിയവർക്ക് ലളിതമായ രീതിയിലും പണ്ഡിതർക്ക് അവരുടെ രീതിയിലും വെളിപ്പെടുന്നു.

പരിശുദ്ധ കുർബാന ദൈവശാസ്ത്ര പണ്ഡിതർക്ക് അറ്റം കാണാത്ത വിഷയം ആണെങ്കിലും ചെറിയ ആത്മാക്കൾക്ക് അത് തീർത്തും ലളിതമാണ്.

അത് ഈശോ ആണ്…

അതാണ് അതിന്റെ ഉത്തരവും നിർവചനവും.

ദിവ്യകാരുണ്യ ഈശോയോട് ചേർന്ന് നിന്നു തുടങ്ങുമ്പോൾ അന്ന് വരെ നാം ആരായിരുന്നു എന്നല്ല, ആ നിമിഷം മുതൽ ഈശോ നമ്മുടെ മുന്നിൽ അവിടുത്തെ ദിവ്യകാരുണ്യ ഹൃദയം തുറന്നു കാണിക്കാൻ തുടങ്ങുന്ന നിമിഷം മുതൽ എല്ലാത്തിലും ഈശോയിൽ ആശ്രയിക്കത്തക്ക വിധം നമ്മുടെ ആത്മാവിൽ വരുന്ന തീർത്തും ചെറുതാകൽ നാം അനുഭവിച്ചു തുടങ്ങും.

അതോടൊപ്പം പരിശുദ്ധ ത്രിത്വത്തിന്റെ കുഞ്ഞ് പൈതൽ എന്നുള്ള ഓരോ മനുഷ്യനും അവകാശപ്പെട്ട നിഷ്കളങ്കമായ സ്ഥാനത്തിനെ കുറിച്ചുള്ള അറിവ് ആത്മാവിൽ ലഭിക്കും

ദിവ്യകാരുണ്യ ഈശോയോട് ചേർന്ന് നിന്നാൽ, ഈശോ നമ്മിൽ വസിച്ചാൽ നാമും ഈശോയിൽ അറിഞ്ഞു വസിച്ചു തുടങ്ങുന്നതിനാൽ ഈശോയ്ക്കുള്ളതും ഈശോയ്ക്കുള്ളവരും സർവമർത്യരും യഥാർത്ഥത്തിൽ നമ്മുടെയും സ്വന്തമാകും

ദിവ്യകാരുണ്യ ഈശോയുടെ മുഖത്തു നോക്കുന്നവരെല്ലാം പിന്നെയും അവിടെ ചെല്ലും.

കാരണം ക്രിസ്തീയ വിശ്വാസത്തിന്റെ ജീവൻ അവിടെയാണ്. ദൈവസ്നേഹത്തിന്റെ ഉറവകൾ അവിടെ നിന്നാണ് തുടങ്ങുന്നത്.

ഒരു പക്ഷെ നമുക്ക് അന്ന് വരെ ഈശോ ഇത് പോലെ യഥാർത്ഥമായി നമ്മുടെ ഇടയിൽ വസിക്കുന്ന ഇത്രയും സിമ്പിൾ ആയ ഒരുവൻ ആണെന്ന് അറിവോ അനുഭവമോ കാണില്ലായിരിക്കാം.

എന്നാൽ ഈശോയെ നോക്കുന്നവന്റെ ആത്മീയ കണ്ണുകൾ തുറക്കപ്പെടും. ഹൃദയം ശൈശവനൈർമല്യത്തിലേയ്ക്ക് ഉയരും. കുറവുകൾ പൂർണമായി പോകും എന്നല്ല. തെറ്റുകൾ പറ്റില്ല എന്നല്ല, പാപത്തിൽ വീഴില്ല എന്നല്ല.
ഈശോ എനിക്കുണ്ട് എന്റെ സ്വന്തമാണ്, ഞാൻ ഈശോയുടെയും എന്നൊരു ഉറപ്പു നമ്മുടെ അന്തരാത്മാവിൽ കിട്ടുന്നു.

കാഴ്ച കുറവുള്ളവൻ ഒരു മനോഹര കാഴ്ചയുടെ പൂർണമായ സൗന്ദര്യം ഗ്രഹിക്കുന്നില്ല. അർത്ഥവും മനസിലാക്കുന്നില്ല. എന്നാൽ പെട്ടെന്നൊരു ദിവസം കണ്ണട വയ്ക്കുമ്പോൾ എല്ലാം clear ആയി കാണുവാൻ തുടങ്ങും. വിശ്വാസത്തിന്റെ കണ്ണുകൾ തുറക്കുമ്പോൾ ദൈവിക പദ്ധതിയുടെ മനോഹാരിതയും ഈശോയോടൊത്തുള്ള നിത്യതയുടെ ഔന്നത്യവും പൂർണതയും പരിശുദ്ധാത്മാവ് മനസിലാക്കി തരും.

ഒരു ക്രിസ്ത്യാനി മാമോദീസയിലൂടെ പാപത്തിന് മരിച്ചു ജീവനിലേയ്ക്ക് കടന്നിരിക്കുന്നുവെന്നും സഹായകനായ പരിശുദ്ധാത്മാവിന്റെ നിരന്തര സഹവാസത്തിൽ നാം ദൈവസ്നേഹത്തിൽ/ ദിവ്യകാരുണ്യത്തിൽ ഉറപ്പിക്കപ്പെട്ടു എന്നും ആത്മാവിന്റെ കാവൽമാടത്തിലെ കാവൽക്കാരനായ കാവൽമാലാഖയുടെ നിരന്തരമുള്ള ഓർമപ്പെടുത്തലും ഉപദേശങ്ങളും നല്ല തോന്നലുകളും മൂലം നല്ല കുമ്പസാരം അടുക്കലടുക്കൽ നടത്തി ദിവ്യകാരുണ്യം അനുസരണത്തിൻ കീഴിൽ സാധ്യമാകുമ്പോൾ എല്ലാം സ്നേഹത്തോടെ സ്വീകരിച്ചു അവിടുന്നിൽ ഒന്നായി അവിടുന്നിൽ പൂർണമായി ശരണപ്പെട്ടു അവിടുന്നിൽ ഒരു കുഞ്ഞിനെ പോലെ ആശ്രയിച്ചു പ്രസാദവരത്തിന്റെ അവസ്ഥയിൽ ജീവിക്കുമ്പോൾ നാം ഇപ്പോൾ തന്നെ നിത്യജീവനായ ഈശോയിൽ ആണെന്നും നാം ഈ സ്നേഹത്തിൽ അനുനിമിഷം നിലനിന്നാൽ മതിയെന്നും ഭൗമിക മരണം അതിലേക്കുള്ള നമ്മുടെ നിത്യകുടുംബത്തിലേയ്ക്കുള്ള സ്നേഹപൂർണമായ കടന്നു പോകൽ ആണെന്നും അത് ജീവിതത്തിൽ ഇന്നേ വരെ കിട്ടിയതിൽ വച്ചു സ്നേഹത്തിന്റെ ഒരു സ്വർഗീയ വരവേൽപ് ആണെന്നും അലൗകിക സന്തോഷത്തിന്റെ വേള ആണെന്നും ഹൃദയത്തിൽ മനസിലാകും.

“ക്രിസ്‌തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനായിരിക്കുന്ന ക്രിസ്‌തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍.
ഭൂമിയിലുള്ള വസ്‌തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്‌ധിക്കുവിന്‍.
എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്‌തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്‌ഥിതിചെയ്യുന്നു.
നമ്മുടെ ജീവനായ ക്രിസ്‌തു പ്രത്യക്‌ഷനാകുമ്പോള്‍ അവനോടുകൂടെ നിങ്ങളും മഹത്വത്തില്‍ പ്രത്യക്‌ഷപ്പെടും.”
(കൊളോസോസ്‌ 3 : 1-4)

ചിലപ്പോഴെങ്കിലും മരിച്ചു കഴിഞ്ഞുള്ള വിധിയെ പറ്റി, ഇനിയും എന്നിൽ എന്തെങ്കിലും പാപമൊ കുറ്റമോ കുറവോ കാണുമോ? ശുദ്ധീകരണസ്ഥലത്തിൽ പോകുമായിരിക്കുമോ? അതോ എന്റെ പാപം നിമിത്തം നരകത്തിൽ ആയിരിക്കുമോ എന്നുള്ള കാര്യങ്ങളെ ഒക്കെ പറ്റി ഭയം കാണും.

പ്രത്യേകിച്ച് പൊടുന്നനെ ഒരു മരണകരമായ അസുഖം വരുമ്പോഴും മരണാസന്നരാകുമ്പോഴും ഒക്കെ വല്ലാത്ത ഭയവും അസ്വസ്ഥതയും നമ്മിൽ നിറഞ്ഞു എന്ന് വരും.

എന്നാൽ ഇങ്ങനെയുള്ള കാര്യങ്ങളിൽ നമുക്ക് ഈശോയിൽ ഒരു കുഞ്ഞിനെ പോലെ പൂർണമായും ശരണപ്പെട്ടു അവിടുത്തെ പക്കൽ ആയിരിക്കുകയല്ലാതെ എന്ത് ചെയ്യാൻ സാധിക്കും.

അപ്പോൾ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മെ ദയവോടെ സഹായിക്കും.

ദൈവവചനത്തിൽ ഈശോ പറയുന്നത് ഓർമിപ്പിക്കും.

“യേശു ദൈവപുത്രനാണെന്ന്‌ ഏറ്റുപറയുന്നവനില്‍ ദൈവം വസിക്കുന്നു; അവന്‍ ദൈവത്തിലും വസിക്കുന്നു.
ദൈവത്തിനു നമ്മോടുള്ള സ്‌നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്‌തിരിക്കുന്നു. ദൈവം സ്‌നേഹമാണ്‌. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.
വിധിദിനത്തില്‍ നമുക്ക്‌ ആത്‌മധൈര്യം ഉണ്ടാകുന്നതിനു സ്‌നേഹം നമ്മില്‍ പൂര്‍ണത പ്രാപിച്ചിരിക്കുന്നു. എന്തെന്നാല്‍, ഈ ലോകത്തില്‍ത്തന്നെ നാം അവനെപ്പോലെ ആയിരിക്കുന്നു.
സ്‌നേഹത്തില്‍ ഭയത്തിന്‌ ഇടമില്ല; പൂര്‍ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്‌. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണനായിട്ടില്ല.
ആദ്യം അവിടുന്നു നമ്മെ സ്‌നേഹിച്ചു. അതിനാല്‍, നാമും അവിടുത്തെ സ്‌നേഹിക്കുന്നു. “
(1 യോഹന്നാന്‍ 4 : 15-19)

അത്‌ പോലെ…

“ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്‌തുവിനോട്‌ ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്‌ഷാവിധിയില്ല.
എന്തെന്നാല്‍, യേശുക്രിസ്‌തുവിലുള്ള ജീവാത്‌മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു.
(റോമാ 8 : 1-2)

ഒരർത്ഥത്തിൽ ചെറുതോ വലുതോ ആയ കാര്യങ്ങളിൽ ഭയപ്പെടുമ്പോൾ നാം എന്ത് ചെയ്യണം?

“ഭയമുണ്ടാകുമ്പോള്‍ ഞാന്‍ അങ്ങയില്‍ ആശ്രയിക്കും”.
(സങ്കീര്‍ത്തനങ്ങള്‍ 56 : 3)

അമ്മയുടെ കയ്യിൽ ഇരിക്കുന്ന ഒരു ചെറിയ കുഞ്ഞിന് ഭയമുണ്ടായാൽ അത് ഭയകാരണത്തിൽ നിന്നും തിരിഞ്ഞ് അമ്മയുടെ മുഖത്തേക്ക് നോക്കും. എന്നിട്ട് സമാധാനമായി പുഞ്ചിരിയോടെ ആ മാറിൽ വിശ്രമിക്കും.

വലിയ ദയവോടെ ഈശോ എന്നേയ്ക്കും എന്റെ ജീവിതനാഥനും എന്റെ നിത്യരക്ഷകനും ആകുമ്പോൾ പരിശുദ്ധ കുർബാനയിലൂടെ എഴുന്നള്ളി വന്നു എന്നിൽ വസിക്കുമ്പോൾ ഞാൻ എന്തിനു ഭയപ്പെടണം?

ഒരർത്ഥത്തിൽ ഞാൻ എന്ത് മാത്രം ഒരുങ്ങിയാലും എത്ര പാപപരിഹാരം ചെയ്താലും എന്നെ അവിടുത്തെ മുന്നിൽ നിർത്താനും മാത്രം അവ എന്നെ യോഗ്യയാക്കുമോ?ഈശോ അല്ലേ എനിക്ക് പകരം വിധിക്കപ്പെട്ട് പീഡനത്തിലൂടെ കടന്നു പോയി കുരിശിൽ മരിച്ചു ജീവനിലേയ്ക്ക് ഉയർത്തു എന്നെ എന്നേക്കുമായി ന്യായീകരിച്ചു നീതീകരിച്ചത്?

ദൈവത്തിന്റെ പരിശുദ്ധാത്മാവ് എന്നെ സഹായിച്ചില്ലെങ്കിൽ ഈ നിമിഷം ഈശോ എന്റെ രക്ഷകൻ എന്ന് പറയാൻ എന്നെക്കൊണ്ട് സാധിക്കില്ലല്ലോ?

അതിലുപരി പിതാവായ ദൈവത്തിന്റെ എന്നോടുള്ള സ്നേഹം എനിക്ക് അവിടുത്തോടുള്ളതിനേക്കാളും വളരെ ശക്തമായതിനാലും അവിടുന്ന് എന്റെ സൃഷ്ടാവായതിനാൽ എന്റെ പരിമിതികളും എന്റെ വ്യക്തിത്വവും എന്നെ സംബന്ധിച്ചിടത്തോളമുള്ളതെല്ലാം മറവില്ലാതെ കാണുന്നൻ ആകയാലും എല്ലാത്തിലും ഉപരി എന്നെ പൂർണമായും അറിയുന്നതിനാലും എന്നെക്കുറിച്ച് ഞാൻ കൂടുതൽ വേവലാതിപ്പെടാതെ എന്റെ ഭൗമികമായ ശിഷ്ടജീവിതം എന്റെ കാര്യത്തിൽ എപ്പോഴും ശ്രദ്ധാലുവായ കാവൽ മാലാഖയുടെ ചാരെ ഞാൻ അവിടുത്തെ മാറിൽ, അവിടുത്തെ പരിപാലനയുടെ കരതലത്തിൽ വിശ്രമിക്കും.

പരിശുദ്ധ ത്രിത്വത്തിന്റെ വാത്സല്യം അവിടുന്നിൽ നിസ്സഹായതയോടെ എന്നാൽ കുഞ്ഞ്മകളെന്ന നിലയിൽ അവിടുത്തെ മുന്നിൽ സ്വതന്ത്രമായി വ്യാപരിക്കുന്ന ഒരാത്മാവിനോട് എത്ര അധികമായിരിക്കും!

ആ വാത്സല്യം ഓരോ മനുഷ്യരെയും അദ്ധ്യാത്മിക ജീവിതത്തിലും ഭൗമിക ജീവിതത്തിലും വലിയവരാക്കുകയും കാലത്തിന്റെ തികവിൽ യഥാസ്ഥാനപ്പെടുത്തുകയും ചെയ്യും.

നമ്മുടെ ജീവിതത്തിൽ നിത്യവും കൂടെ ആയിരിക്കുവാൻ പരിശുദ്ധ അമ്മ നമുക്കുണ്ട്.

അമ്മമാർ എപ്പോഴും മക്കളുടെ കാര്യത്തിലും അവരുടെ അഭിവൃദ്ധിയിലും ശ്രദ്ധ ചെലുത്തുന്നവരാണ്. പരിശുദ്ധ അമ്മയും നമ്മുടെ ജീവിതം പരിശുദ്ധിയിൽ ആയിരിക്കണം എന്ന് ആഗ്രഹിക്കുകയും അതിനായി നിരന്തരം നമ്മോടൊപ്പം കൂടെ നടന്നു നമ്മെ സഹായിക്കുകയും ബലപ്പെടുത്തുകയും ചെയ്യും.

ചിലപ്പോൾ തോന്നും ഞാൻ എന്നൊരു ആൾ മാത്രമേ അമ്മയ്ക്ക് മകളായി ഉള്ളൂ എന്ന രീതിയിൽ എന്നെ സ്നേഹിക്കുന്നുവെന്ന്…

അപ്പോൾ പരിശുദ്ധാത്മാവ് ഓർമപ്പെടുത്തി പരിശുദ്ധ കുർബാന സ്വീകരിച്ച എന്നിൽ അമ്മ കാണുന്നത് ഈശോയെ തന്നെയാണെന്ന്.

എന്റെ ഓരോ സ്നേഹപ്രവൃത്തികളും കുഞ്ഞ് സമ്മാനങ്ങളും ഈശോയുടെ കയ്യിൽ നിന്നെന്ന പോലുള്ള സന്തോഷത്തിൽ ആണ് അമ്മ സ്വീകരിക്കുന്നത് എന്ന്.

എന്നാണ് ഞാനീ അമ്മയെക്കുറിച്ച് ആദ്യം കേൾക്കുന്നത് ഓർക്കുന്നില്ല.

കുഞ്ഞിലേ തന്നെ കേട്ടിരിക്കണം.

എന്നാൽ എന്നാണ് ഈ പരിശുദ്ധ അമ്മ എന്റെ ഹൃദയത്തിലും ജീവിതത്തിലും ഇനിയൊരിക്കലും പിരിയാനാവാത്ത വിധം കയറിക്കൂടിയത്?

എല്ലാവരും പരിശുദ്ധ അമ്മ എന്ന കുറുക്കു വഴിയിലൂടെ ഈശോയിലേയ്ക്ക് പോകുമ്പോൾ എനിക്ക് തോന്നുന്നത് എന്നെ ഈശോ തന്നെ ദയവോടെ മാതാവിനെ പരിചയപ്പെടുത്തി തന്നു എന്നാണ്

ഓരോരുത്തരും ആത്മീയ വഴിയിൽ വ്യത്യസ്തരാണല്ലോ

എന്നാൽ ദിവ്യകാരുണ്യ ഈശോയിലേയ്ക്ക് സവിശേഷമായ വിധത്തിൽ നയിച്ചത് പരിശുദ്ധ അമ്മയാണ് താനും

ദൈവശാസ്ത്രത്തിൽ തെല്ലും അറിവില്ലാത്ത എന്നെ പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹത്തിലേയ്ക്കും സാന്നിധ്യത്തിലേയ്ക്കും പടി പടിയായി നടക്കാൻ ക്ഷമയോടെ സാവകാശം സഹായിക്കുന്നത് പ്രിയങ്കരനായ പരിശുദ്ധാത്മാവും.

ദൈവവചനത്തിലും മരിയ വാൾത്തോർത്തയുടെ ദൈവമനുഷ്യന്റെ സ്നേഹഗീതയിലും ജായ്റോസിന്റെ മകളെ ഈശോ ഉയിർപ്പിക്കുന്നത് നമ്മൾ വായിക്കുന്നുണ്ട്.

അനാലെയാ എന്നായിരുന്നു ആ പെൺകുട്ടിയുടെ പേര് എന്ന് മരിയ വാൾതോർത്ത എഴുതിയിട്ടുണ്ട്.

മരണത്തിലൂടെ കടന്നു പോയതിനു ശേഷം ജീവിതത്തിലേക്ക് വന്ന അനാലെയയ്ക്ക് ഈശോ അവളുടെ ജീവിതത്തിലെ ഏക സ്നേഹമായി.

ആ സ്നേഹത്തിന്റെ കാര്യം അവൾ ആദ്യം പങ്കു വയ്ക്കുന്നത് പരിശുദ്ധ അമ്മയുടെ പക്കൽ ആണ്. അമ്മ ശ്രദ്ധയോടെ എല്ലാം കേട്ടു.

മാതാവ് വാത്സല്യത്തോടെ അവളെ ഈശോയുടെ അടുത്തു കൊണ്ട് ചെന്നു.

ഈശോ തിരിച്ചു നൽകിയ ജീവനിൽ ഈശോയുടെ സ്നേഹത്തിൽ മുഴുകി ജീവിച്ച അവൾ ആത്മീയ ആനന്ദത്തിൽ മുഴുകി ദൈവത്തെ പാടി സ്തുതിച്ചു കൊണ്ടേയിരുന്നു. ഈശോയുടെ പീഡാ സഹനങ്ങൾക്കും കുരിശ് മരണത്തിനും മുൻപേ, അവൾ അതൊന്നും താങ്ങുകയില്ല എന്ന് ഈശോ അറിഞ്ഞിരുന്നത് കൊണ്ട് സ്നേഹത്തോടെ അവളെ ദൈവിക പരിപാലന നിശ്ചയിച്ച തക്ക സമയത്ത് ഭൗമിക ജീവിതത്തിൽ നിന്നും വേർപെടുത്തി.

ഈശോയുടെ സ്നേഹത്തിൽ ആഴത്തിൽ മുഴുകി ആനന്ദാതിരേകത്തിൽ പാടിക്കൊണ്ടിരുന്നപ്പോൾ അവളുടെ ആത്മാവ് പറുദീസയിലേയ്ക്ക് പറന്നത് പോലും അവൾ അറിഞ്ഞതേയില്ല.

എന്തൊരു ആഴമായ സ്നേഹം!

എന്തൊരു ആർദ്രമായ നിത്യസ്നേഹത്തിലേയ്ക്കുള്ള കടന്നു പോകൽ.

ഈശോയെ ഇങ്ങനെയൊക്കെ ഒരാത്മാവിന് സ്നേഹിക്കാൻ പറ്റുമോ?

എന്നാൽ ആ കൊച്ച് സ്നേഹത്തിനു പൂർണത വന്നത് പരിശുദ്ധ അമ്മയുടെ ചാരെ ചെന്നത് കൊണ്ടാണെന്നും അമ്മ അവളെയും കൊണ്ട് ഈശോയുടെ അടുത്തു ചെന്നത് കൊണ്ടാണെന്നും എനിക്ക് തോന്നി. നമുക്കും ഇങ്ങനെയൊക്കെ ആകരുതോ?

ഈശോയുടെ ഹൃദയസ്പന്ദനങ്ങൾ അമ്മയായ മറിയത്തിന് അല്ലാതെ വേറേ ആർക്കു ഇത്ര ആഴത്തിൽ മനസിലാകും !

സ്നേഹമുള്ള യൗസേപ്പിതാവിനെ ജീവിതത്തിൽ മറക്കാൻ പറ്റുമോ?

എന്റെ ആത്മാവിനെ ഈശോയുടെ സ്നേഹത്തിനു അനുസൃതം ഒരുക്കാനും ഈശോയുടെ രീതികൾക്കനുസരിച്ചു ഞാൻ ആത്മീയമായി ജീവിക്കാനും എന്നെ പടി പടിയായി പരിശീലിപ്പിക്കാനും എന്റെ അവസാന നിമിഷങ്ങളിൽ എന്നെ ദൈവപിതാവിന്റെ നിഴലും നിറവുമായ ഭൗമിക സാന്നിധ്യമായി നിന്നു സ്നേഹത്തിൽ ധൈര്യപ്പെടുത്താനും എന്റെ ആത്മപരിശുദ്ധിയിലും ശുദ്ധത എന്ന പുണ്യത്തിലും ആത്മീയ മൗനത്തിന്റെ ആന്തരികപരിശീലനത്തിലും കാവലായി നിന്നു സ്ഥിരപ്പെടുത്തുവാനും പ്രലോഭനങ്ങളിലും സാത്താന്റെ കുടിലതന്ത്രങ്ങളിലും വീഴാതെ കൈ പിടിച്ചു നടത്താനും നീതിമാനും പിശാചുക്കളുടെ സംഭ്രമവും ദൈവത്തിന്റെ സ്നേഹഭാജനവും ഈശോ അപ്പാ എന്ന് വിളിച്ചവനും പരിശുദ്ധ അമ്മയുടെ വിരക്തപങ്കാളിയുമായ യൗസേപ്പിതാവ് എന്റെയും വളർത്തപ്പനായി എപ്പോഴും എന്നെ നോക്കാൻ വേണം.

പരിശുദ്ധ അമ്മയെയും യൗസേപ്പിതാവിനെയും ഒത്തിരി സ്നേഹിച്ചു ജീവിക്കണമെങ്കിൽ നിരന്തരം ഒരുക്കത്തോടെ പരിശുദ്ധ കുർബാന സ്വീകരിച്ചു ജീവിച്ചാൽ മതി എന്നെന്റെ മനസ് പിന്നെയും മന്ത്രിച്ചു.

കാരണം ഈശോ സ്നേഹിച്ചത് പോലെ പരിശുദ്ധ അമ്മയെയും യൗസേപ്പിതാവിനെയും സ്നേഹിക്കാൻ ആർക്കും പറ്റാത്തത് കൊണ്ടു ഈശോയോടൊപ്പം അവരെ സ്നേഹിക്കുന്നതാണല്ലോ ഉചിതവും ഏറ്റവും ഫലപ്രദവും സ്നേഹപൂർണവും.

ദിവ്യകാരുണ്യസ്വീകരണത്തിന്റെ പ്രസാദവരാവസ്ഥയിൽ ഈശോയെയും എന്നെയും വേർപിരിക്കാനോ രണ്ടായി കാണാനോ സാധിക്കാത്ത വിധത്തിൽ ഒരാത്മാവുമായി ഈശോ താദാത്മ്യം പ്രാപിച്ചിരിക്കുന്നു എന്നും ഈശോയോട് നിരന്തരം ചേർന്നിരുന്നാൽ ജാഗ്രതയോടെ പാപത്തിൽ നിന്നും അകന്നു പ്രസാദവരത്തിന്റെ സന്തോഷത്തിൽ ആയിരുന്നാൽ ഈശോയുടെ വ്യക്തിത്വത്തിന്റെയും സ്നേഹത്തിന്റെയും പൂർണത എന്റെ ജീവിതത്തിലേയ്ക്കും സാവകാശം കടന്നു വരുമെന്നും എന്റെ ജീവിതം ഞാനല്ല ഈശോ തന്നെ നയിക്കുന്നതാവുമെന്നും അത് ദൈവഹിതത്തിന് അനുസൃതം ആകുമെന്നും എന്റെ ഹൃദയത്തിൽ തോന്നി.

മരണത്തിനു ശേഷം ഈശോയുടെ മുന്നിൽ ഞാൻ എങ്ങനെ നിൽക്കുമെന്ന് ഇന്ന് ഭയപ്പെട്ടു ഭാരപ്പെടാതെ അവിടുന്നിൽ ഒരു ചെറുകുഞ്ഞിനെ പോലെ ആശ്രയിക്കുന്ന കാര്യം ചിന്തിച്ചിരുന്നപ്പോഴാണ് കൊച്ച് ത്രേസ്യയുടെ സമർപ്പണത്തിന്റെ കാര്യം ഞാൻ ഓർത്തത്.

“ഈ. മ. യൗ. ത്രേ.

നല്ല ദൈവത്തിന്റെ കരുണാർദ്ര സ്നേഹത്തിന് ഹോമബലിയായി ഞാൻ ചെയ്ത ആത്മാർപ്പണം :

ഹാ! എന്റെ ദൈവമേ! പരിശുദ്ധ ത്രിത്വമേ! അങ്ങയെ സ്നേഹിക്കുവാനും അങ്ങയുടെ സ്നേഹത്തിനു മറ്റുള്ളവരെ പ്രേരിപ്പിക്കുവാനും ഞാൻ ആഗ്രഹിക്കുന്നു. ഭൂമിയിലുള്ള ആത്മാക്കളെ രക്ഷിക്കുകയും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ മോചിപ്പിക്കുകയും ചെയ്തു കൊണ്ട് തിരുസഭയുടെ മഹത്വീകരണത്തിനായി അദ്ധ്വാനിക്കുവാനും ഞാൻ ആഗ്രഹിക്കുന്നു.

അങ്ങയുടെ തിരുമനസ് സമ്പൂർണമായി നിറവേറ്റുവാനും അങ്ങയുടെ രാജ്യത്തിൽ അങ്ങ് എനിക്കായി തയ്യാറാക്കിയിരിക്കുന്ന മഹിമയുടെ പദവി പ്രാപിക്കുവാനും ഞാൻ ആഗ്രഹിക്കുന്നു. ഒറ്റ വാക്കിൽ എനിക്കൊരു പുണ്യവതിയാകണം. എന്നാൽ എന്റെ നിസ്സഹായ സ്ഥിതി എനിക്കറിയാം. ആകയാൽ എന്റെ ദൈവമേ ഞാൻ അങ്ങയോടു അപേക്ഷിക്കുന്നു. അങ്ങ് തന്നെ എന്റെ പുണ്യമായിരിക്കുക.

അങ്ങയുടെ ഏക പുത്രനെ രക്ഷകനും മണവാളനുമായി നല്കത്തക്ക വിധം എന്നെ സ്നേഹിച്ചതിനാൽ അങ്ങയുടെ യോഗ്യതകളാകുന്ന അനന്തനിക്ഷേപങ്ങൾ എന്റെ വകയാണല്ലോ. അവ ഞാൻ സസന്തോഷം അങ്ങേയ്ക്ക് സമർപ്പിക്കുന്നു. യേശുവിന്റെ തിരുമുഖത്തിലൂടെയും സ്നേഹത്താൽ എരിയുന്ന അവിടുത്തെ തിരുഹൃദയത്തിലും മാത്രം എന്നെ കടാക്ഷിക്കണമെന്നു അങ്ങയോടു ഞാൻ അപേക്ഷിക്കുകയും ചെയ്യുന്നു.

കൂടാതെ ( ഭൂമിയിലും സ്വർഗത്തിലും ഉള്ള ) പുണ്യവാന്മാരുടെ സകലയോഗ്യതകളും അവരുടെ സ്നേഹപ്രകരണങ്ങളും അങ്ങേയ്ക്ക് ഞാൻ കാഴ്ച വയ്ക്കുന്നു. അവസാനമായി ഞാൻ ഹാ! പരിശുദ്ധ ത്രിത്വമേ, എന്റെ ഏറ്റവും വത്സല മാതാവായ പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്നേഹവും യോഗ്യതകളും അങ്ങേയ്ക്ക് ഞാൻ കാഴ്ച വയ്ക്കുന്നു. എന്റെ ആത്മാർപ്പണം അങ്ങേയ്ക്ക് സമർപ്പിക്കണം എന്നപേക്ഷിച്ചു കൊണ്ട് ഞാൻ അത് ഭരമേല്പിക്കുന്നത് ആ മാതാവിനെയാണ്. അവളുടെ ദിവ്യ സുതനായ എന്റെ പ്രിയ മണവാളൻ തന്റെ ഭൗമിക വാസത്തിന്റെ നാളുകളിൽ
ഞങ്ങളോടരുളി ചെയ്തിട്ടുണ്ട്.

“നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും.”
(യോഹന്നാന്‍ 16 : 23) എന്ന്.

ആകയാൽ എന്റെ അഭിവാഞ്ഛകൾ അങ്ങ് അനുവർത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്.

ഹാ! എന്റെ ദൈവമേ അങ്ങയുടെ ഔദാര്യത്തിന് ആനുപാതികമായി അങ്ങ് ഞങ്ങളുടെ തൃഷ്ണയെ ഉഗ്രമാക്കും എന്നും എനിക്കറിയാം.

എന്റെ ഹൃദയത്തിൽ എനിക്കനുഭൂതമാകുന്ന ലാലസ അളവറ്റതാണ്.

തന്നിമിത്തം എന്നിൽ വരുവാനും എന്റെ ആത്മാവിനെ സ്വായത്തമാക്കുവാനും അങ്ങയെ ഞാൻ ക്ഷണിക്കുന്നത് പ്രത്യയപുരസരമാണ്. ഹാ! ഞാൻ ആഗ്രഹിക്കുന്നത് പോലെ കൂടെക്കൂടെ ദിവ്യകാരുണ്യം സ്വീകരിക്കുവാൻ എനിക്ക് സാധിക്കുന്നില്ലല്ലോ! എന്നാൽ കർത്താവേ അങ്ങ് സർവശക്തനല്ലയോ! സക്രാരിയിൽ എന്നത് പോലെ അങ്ങെന്നിൽ വസിക്കുക. അങ്ങയുടെ ചെറിയ ബലിവസ്തുവായ എന്നിൽ നിന്ന് ഒരിക്കലും അകന്നു പോകരുതേ.

പാപികളുടെ നന്ദിഹീനതയ്ക്കു പകരമായി അങ്ങയെ ആശ്വസിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

അങ്ങേയ്ക്ക് അനിഷ്‌ടം വരുത്തുവാൻ പര്യാപ്തമായ സ്വാതന്ത്ര്യം എന്നിൽ നിന്നും എടുത്തു കൊള്ളണമെന്ന് സവിനയം ഞാൻ അപേക്ഷിക്കുന്നു.

ദൗർബല്യത്താൽ ഞാൻ വല്ലപ്പോഴും തെറ്റിലുൾപ്പെടുന്നതായാൽ അങ്ങയുടെ തൃക്കടാക്ഷത്താൽ എന്റെ ആത്മാവിനെ ഉടൻ തന്നെ സുഖപ്പെടുത്തേണമേ.

അഗ്നി സ്പർശിക്കുന്ന സകല വസ്തുക്കളെയും അഗ്നി തന്നെ ആക്കി തീർക്കുന്നത് പോലെ എനിക്കുള്ള സകല ന്യൂനതകളെയും അങ്ങ് തന്നെ ദഹിപ്പിച്ചു കളയണമേ.

ഹാ! എന്റെ ദൈവമേ, എന്റെ മേൽ അങ്ങ് വർഷിച്ചിട്ടുള്ള സകല അനുഗ്രഹങ്ങൾക്കും വിശിഷ്യ ദുസ്സഹമായ ക്ലേശങ്ങൾ തരണം ചെയ്യുവാൻ എനിക്കവസരം നൽകിയതിനും ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു

അവസാനത്തെ ദിവസം കുരിശാകുന്ന ചെങ്കോലും ധരിച്ചു അങ്ങ് പ്രത്യക്ഷനാകുമ്പോൾ അങ്ങയുടെ ദർശനം എനിക്ക് ആനന്ദ പ്രദമായിരിക്കും.

എത്രയും അമൂല്യമായ ആ കുരിശിന്റെ ഒരംശം എനിക്കും നൽകാൻ അങ്ങ് കനിഞ്ഞതിനാൽ സ്വർഗത്തിൽ അങ്ങയോടു സദൃശ്യയാകാമെന്നും അങ്ങയുടെ പീഡാനുഭവത്തിന്റെ പാവനമായ അടയാളങ്ങൾ മഹത്വം പ്രാപിച്ച എന്റെ ശരീരത്തിൽ പ്രകാശിക്കുന്നത് കാണാമെന്നും ഞാൻ പ്രത്യാശിക്കുന്നു.

ഭൂമിയിലെ വിപ്രവാസത്തിനു ശേഷം അങ്ങയെ അനുഭവിക്കാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

എന്നാൽ സ്വർഗ്ഗത്തേയ്ക്ക് യോഗ്യതകൾ സമ്പാദിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങയുടെ സ്നേഹത്തെ പ്രതി മാത്രം അദ്ധ്വാനിക്കണം എന്നാണ് എന്റെ ആഗ്രഹം.

അങ്ങയെ സ്നേഹിക്കുകയും തിരുഹൃദയത്തെ ആശ്വസിപ്പിക്കുകയും നിത്യകാലവും അങ്ങയെ സ്നേഹിക്കേണ്ടുന്ന ആത്മാക്കളെ രക്ഷിക്കുകയുമാണ് എന്റെ ഏകലക്ഷ്യം.

ഈ ജീവിതത്തിന്റെ സായാഹ്നത്തിൽ വെറും കയ്യുമായി ഞാൻ അങ്ങയുടെ മുന്നിൽ പ്രത്യക്ഷയാകും. എന്തെന്നാൽ കർത്താവേ, എന്റെ സുകൃതങ്ങളൊന്നും അങ്ങ് പരിഗണിക്കണമെന്ന് ഞാൻ അവകാശപ്പെടുന്നില്ല.

ഞങ്ങളുടെ പവിത്രതയെല്ലാം അങ്ങയുടെ വീക്ഷണത്തിൽ കറ പുരണ്ടതാണല്ലോ. ( ഏശയ്യ 64:6)

ആകയാൽ അങ്ങയുടെ സ്വന്തം പവിത്രത ധരിച്ചു കൊണ്ട് അങ്ങയുടെ സ്നേഹത്തിൽ നിന്നു അങ്ങയെ തന്നെ നിത്യസമ്മാനമായി സ്വീകരിക്കണമെന്നാണ് എന്റെ ആഗ്രഹം.

ഹാ! സ്നേഹനാഥാ, അങ്ങല്ലാതെ വേറേ സിംഹാസനവും വേറേ കിരീടവും ഞാൻ ആശിക്കുന്നില്ല.

“അങ്ങയുടെ വീക്ഷണത്തിൽ കാലം ശൂന്യമത്രേ. ഒരൊറ്റ ദിവസം ആയിരം സംവത്സരം പോലെയാണ്”. ( സങ്കീർത്തനങ്ങൾ 89:4)

ആകയാൽ അങ്ങയുടെ തിരുസന്നിധിയിൽ പ്രത്യക്ഷയാകത്തക്ക വിധം എന്നെ ഒരുക്കുവാൻ ഒരു നിമിഷം കൊണ്ട് അങ്ങേയ്ക്ക് സാധിക്കും.

ഹാ! എന്റെ ദൈവമേ സമ്പൂർണമായ സ്നേഹപ്രകരണത്തിൽ ജീവിക്കുന്നതിന് വേണ്ടി അങ്ങയുടെ കരുണാർദ്രസ്നേഹത്തിനു ഹോമബലിയായി ഞാനിതാ ആത്മാർപ്പണം ചെയ്യുന്നു. എന്നെ നിരന്തരം ദഹിപ്പിക്കണമെന്നും അങ്ങയുടെ ഉള്ളിൽ നിറഞ്ഞ് നിർഗമ സാധ്യതകളില്ലാതെ തടഞ്ഞു നിൽക്കുന്ന അനന്തമായ സ്നേഹാർദ്രതയുടെ തരംഗനിരകളെ എന്റെ ആത്മാവിലേയ്ക്ക് തുറന്നു വിടണമെന്നും അങ്ങനെ ഞാൻ അങ്ങയുടെ സ്നേഹത്തിന്റെ വേദസാക്ഷിണിയാകട്ടെയെന്നും ഞാൻ പ്രാർത്ഥിക്കുന്നു.

ആ വേദ സാക്ഷിത്വം അങ്ങയുടെ തിരുസന്നിധിയിൽ പ്രത്യക്ഷപ്പെടുവാൻ എന്നെ അർഹയാക്കിയ ശേഷം ഒടുവിൽ എന്റെ ജീവ തന്തു തകർക്കുകയും ചെയ്യട്ടെ. അപ്പോൾ എന്റെ ആത്മാവ് അങ്ങയുടെ കരുണാർദ്രസ്നേഹത്തിന്റെ നിത്യാശ്ലേഷത്തിലേയ്ക്ക് നിർബാധം പറന്നെത്തട്ടെ.

ഹാ! എന്റെ സ്നേഹനാഥാ! അങ്ങേയ്ക്ക് ഞാൻ ചെയ്യുന്ന ആത്മാർപ്പണത്തെ ഹൃദയത്തിന്റെ ഓരോ സ്പന്ദനത്തിലും സംഖ്യാതീതം ആവർത്തിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

“ഒടുവിൽ നിഴലുകൾ മറഞ്ഞുമറയുമല്ലോ”. ( ഉത്തമഗീതം 4:6)

അപ്പോൾ നിത്യമായ അഭിമുഖദർശനത്തിൽ അങ്ങയുടെ തിരുസന്നിധിയിൽ എന്റെ സ്നേഹം എനിക്കുദ്ഘോഷിക്കാമല്ലോ.

ഉണ്ണി ഈശോയുടെയും തിരുമുഖത്തിന്റെയും

മരി ഫ്രാൻസുവാസ് തെരേസ്
എളിയ കർമലീത്ത സന്യാസിനി

എത്രയും പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

വര പ്രസാദവത്സരം
1895 ജൂൺ 9

“എന്നാല്‍, അവിടുന്ന്‌ എന്നോട്‌ അരുളിച്ചെയ്‌തു: നിനക്ക്‌ എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ്‌ എന്റെ ശക്‌തി പൂര്‍ണമായി പ്രകടമാകുന്നത്‌. ക്രിസ്‌തുവിന്റെ ശക്‌തി എന്റെ മേല്‍ ആവസിക്കേണ്ടതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും.”
(2 കോറിന്തോസ്‌ 12 : 9)

അതിനാൽ ഓരോ ദിവസവും ദിവ്യകാരുണ്യ ഈശോയിൽ അവിടുത്തെ ഹിതം അനുസരിച്ചു ജീവിക്കാം.

എന്താണ് ഈശോയുടെ ഹിതം.

“എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍. ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍.
എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ്‌ യേശുക്രിസ്‌തുവില്‍ നിങ്ങളെ സംബന്‌ധിച്ചുള്ള ദൈവഹിതം.”
(1 തെസലോനിക്കാ 5 : 16-18)

“എന്നാല്‍, സഹോദരരേ, ആ ദിവസം കള്ളന്‍ എന്നപോലെ നിങ്ങളെ അപ്രതീക്ഷിതമായി പിടികൂടാന്‍ ഇടയാകത്തക്കവിധം നിങ്ങള്‍ അന്ധകാരത്തിലല്ല കഴിയുന്നത്‌.

നിങ്ങളെല്ലാവരും പ്രകാശത്തിന്റെയും പകലിന്റെയും പുത്രന്‍മാരാണ്‌. നമ്മില്‍ ആരും തന്നെ രാത്രിയുടെയോ അന്ധകാരത്തിന്റെയോ മക്കളല്ല.

അതിനാല്‍, മറ്റുള്ളവരെപ്പോലെ ഉറങ്ങിക്കഴിയാതെ നമുക്ക്‌ ഉണര്‍ന്നു സുബോധമുള്ളവരായിരിക്കാം.

ഉറങ്ങുന്നവര്‍ രാത്രിയിലാണ്‌ ഉറങ്ങുന്നത്‌. മദ്യപിച്ച്‌ ഉന്‍മത്തരാകുന്നവര്‍ രാത്രിയിലാണ്‌ ഉന്‍മത്തരാകുന്നത്‌.

പകലിന്റെ മക്കളായ നമുക്കു വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും കവചവും രക്ഷയുടെ പ്രത്യാശയാകുന്ന പടത്തൊപ്പിയും ധരിച്ചു സുബോധമുള്ളവരായിരിക്കാം.

എന്തെന്നാല്‍, നാം ക്രോധത്തിനിരയാകണമെന്നല്ല നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിലൂടെ രക്‌ഷ പ്രാപിക്കണമെന്നാണു ദൈവം നിശ്‌ചയിച്ചിട്ടുള്ളത്‌.

ഉറക്കത്തിലും ഉണര്‍വിലും നാം അവനോടൊന്നിച്ചു ജീവിക്കേണ്ടതിനാണ്‌ അവന്‍ നമുക്കുവേണ്ടി മരിച്ചത്‌.

അതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതു പോലെ തന്നെ തമ്മില്‍ത്തമ്മില്‍ ആശ്വസിപ്പിക്കുകയും പരസ്‌പരോന്നമനത്തിനു വേണ്ടി യത്നിക്കുകയും ചെയ്യുവിന്‍.”
(1 തെസലോനിക്കാ 5 : 4-11)

ആമേൻ

See you later എന്ന് പറഞ്ഞു പിരിയുന്നതിനു പകരം ദിവ്യകാരുണ്യ ഈശോയുടെ സഹവാസത്തിൽ നിത്യതയിൽ അവരെയും കണ്ടു മുട്ടും എന്ന പരസ്പരമുള്ള സ്നേഹനിർഭരമായ ഓർമപ്പെടുത്തലിൽ ഇന്നേ പറഞ്ഞു തുടങ്ങാം…

“See you later in Eternity”

ആമേൻ

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment