ഡിസംബർ 10 | ലൊരേറ്റൊ മാതാവ്
എത്രയും നിർമലയായി ജനിച്ച് മനുഷ്യകുലത്തിന്റെ രക്ഷാകര ചരിത്രത്തിൽ പൂർണമായും ഉൾപ്രവേശിച്ച് സ്വർഗീയ മഹത്വത്തിലേയ്ക്ക് ഉയർന്ന പരിശുദ്ധ അമ്മയും ദൈവപുത്രനായ യേശുവും ഔസേപ്പിതാവും ഈ ഭൂമിയിലായിരുന്നപ്പോൾ വസിച്ച ഭവനം ദൈവത്തിന്റെ പ്രത്യേകം വാത്സല്യത്തിനും സംരക്ഷണത്തിനും പാത്രമായിയെന്ന പാരമ്പര്യ വിശ്വാസമാണ് ഈ തിരുനാളിന്റെ അടിസ്ഥാനം. പാരമ്പര്യമനുസരിച്ച് ലൊരേറ്റൊ എന്ന സംജ്ഞ അർഥമാക്കുന്നത് ലൊരേറ്റൊയിലെ പരിശുദ്ധമായ ഭവനമെന്നാണ്. ഈ ഭവനത്തിന്റെ പ്രത്യേകത പരിശുദ്ധ അമ്മ ജനിച്ചതും മംഗളവാർത്ത നടന്നതും യേശുവും ഔസേപ്പിതാവും ജീവിച്ചതും ഇവിടെയാണ് എന്നതാണ്. മൂന്നു സ്വർഗീയ വ്യക്തികൾ ജീവിച്ച അനേകം സ്വർഗീയമായ ഇടപെടലുകൾ ഉണ്ടായ ഈ ഭവനം എത മഹനീയമാണ്! 1291-ൽ മാലാഖമാരുടെ ഒരു സൈന്യം പരിശുദ്ധ അമ്മയുടെ ഭവനം അവിടെനിന്നും താങ്ങിയെടുത്തു ചുമന്നുകൊണ്ടുപോയി ഡാൽമേഷ്യയുള്ള ടെർസാറ്റോയിലും അവിടെ നിന്നു റീനാൻഷ്യയിലും കൊണ്ടു വച്ചു. 1294 ഡിസംബർ 19 ന് ഇറ്റലിയിലെ അംഗോണ പ്രവിശ്യയുടെ ഭാഗമായ ലൊരോറ്റൊ മലയിൽ ഈ ഭവനം അത്ഭുതകരമായി കൊണ്ടുവയ്ക്കപ്പെട്ടു. ഈ ഭവനത്തിന്റെ ആകാശയാത്ര വ്യോമസേനക്കാർക്കും, ഇത്രനാളായിട്ടും ഈ ഭവനം നശിക്കാത്തതിൽ നിർമാണ തൊഴിലാളികൾക്കും ഒരു പ്രത്യേക സംരക്ഷണം മാതാവിൽ നിന്നും ലഭിക്കാനിടയാക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
ഈ ഭവനമാണ് മാതാവിനായി സമർപ്പിക്കപ്പെട്ടിട്ടുള്ള ആദ്യത്തെ ബസിലിക്ക. നൂറ്റാണ്ടുകളായി ഇത് മരിയൻ സെന്റർ എന്ന് അറിയപ്പെടുന്നു. മാർപാപ്പമാർ വളരെ പ്രത്യേകമായ ഒരു ശ്രദ്ധയും സംരക്ഷണവും അവരുടെ അധികാരത്തിൽ ഈ ഭവനത്തിന് നൽകിപ്പോരുന്നു. പെട്ടന്ന് ഒരു ഭവനം ഒരു സ്ഥലത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ തദ്ദേശവാസികൾക്ക് അത്ഭുതകരമായി തോന്നി. അവിടുത്തെ ജനങ്ങൾ ഉടനടി സ്ഥലത്തെ മെത്രാനെ വിവരമറിയിച്ചു. ആർത്രൈറ്റിസ് എന്ന രോഗം ബാധിച്ച് തീവ്രവേദന അനുഭവിച്ചുകൊണ്ടിരുന്ന മെത്രാൻ പ്രാർഥനയോടെ കരഞ്ഞപേക്ഷിച്ചു. പരിശുദ്ധ അമ്മ ഉണ്ണിയീശോയോടൊപ്പം മാലാഖമാരുടെ അകമ്പടിയോടെ പ്രത്യക്ഷപ്പെട്ട് പറഞ്ഞു: “എന്റെ മകനേ, നീ എന്നെ വിളിച്ചതുകൊണ്ട് ഇതാ ഞാൻ വന്നിരിക്കുന്നു. നിനക്ക് പൂർണ സൗഖ്യം നൽകുവാനും ഈ ഭവനം ഇവിടെ വന്നതിന്റെ രഹസ്യം വെളിപ്പെടുത്തുവാനുമാണ് ഞാൻ വന്നത്. ഈ ഭവനത്തിലാണ് ഞാൻ ജനിച്ചതും വളർന്നതും. ഈ ഭവനത്തിൽ വെച്ചാണ് രക്ഷകന്റെ ജനനത്തെക്കുറിച്ചുള്ള മംഗളവാർത്ത എനിക്കു ലഭിച്ചത്. അവിടെ വെച്ചാണ് വചനം മാംസം ധരിച്ചത്. എന്റെ മരണശേഷം അപ്പസ്തോലന്മാർ പരിശുദ്ധ ബലിയർപ്പിച്ചുകൊണ്ട് ഈ ഭവ ന ത്തോടുള്ള ബഹു മാനം നിലനിർത്തി. ഇതിന്റെ അൾത്താര വിശുദ്ധ പത്രോസും കേദാർമരത്തിന്റെ തടിയിൽ എന്റെ ഒരു പ്രതിമ വിശുദ്ധ ലൂക്കായും ഉണ്ടാക്കി. അങ്ങനെയാണ് അവർ എന്നോടുള്ള സ്നേഹവും ബഹുമാനവും പ്രകടമാക്കിയത്. ഈ ഭവനം സ്വർഗത്തിന് വളരെ പ്രിയപ്പെട്ടതും സന്തോഷം നൽകുന്ന തുമാണ്. നൂറ്റാണ്ടുകളോളം ഈ ഭവനം ബഹുമാനിക്കപ്പെട്ടു. എന്നാൽ ഈ ബഹുമാനവും ആദരവും കുറയുകയും വിശ്വാസം ക്ഷയിക്കുകയും ചെയ്തപ്പോഴാണ് ഈ ഭവനം നസ്രത്തിൽനിന്ന് ഈ നാടുകളിലേക്ക് കൊണ്ടുപോയത് ഇതിന്റെ രചയിതാവ് ദൈവം തന്നെയാണ്. ദൈവത്തിന് ഒന്നും അസാധ്യമല്ലല്ലോ?. നീ ഇവയ്ക്കെല്ലാം സാക്ഷ്യം വഹിക്കണം. നിനക്ക് ഇപ്പോൾത്തന്നെ പൂർണ സൗഖ്യം ലഭിക്കും. അപ്രകാരം അദ്ദേഹം അത്ഭുതകരമായി സുഖപ്പെട്ടു. 8-ാം ബോനിഫസ് മാർപാപ്പ ഈ അത്ഭുതത്തെക്കുറിച്ച് അന്വേഷണം നടത്തുകയും ഈ അത്ഭുതം വിശ്വാസയോഗ്യമാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന്, പല അത്ഭുതങ്ങളും അവിടെ നടന്നുകൊണ്ടിരിക്കുന്നു. ഒമ്പതാം പിയൂസ് മാർപാപ്പയ്ക്ക് തന്റെ ബാല്യകാലത്ത് ലൊരേറ്റൊ മാതാവിന്റെ മാദ്ധ്യസ്ഥ്യത്തിൽ ശാരീരിക സൗഖ്യം ലഭിച്ചതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 15-ാം നൂറ്റാണ്ടോടുകൂടി ഈ ഭവനം സംരക്ഷിച്ചുകൊണ്ട് വലിയൊരു ബസിലിക്ക ലൊരേറ്റൊയിൽ പണിതുയർത്തി. സഭ ഈ ദിവസത്തെ ലൊരേറ്റാ മാതാവിന്റെ തിരുനാളായി ആഘോഷിക്കുന്നു.
നമുക്കു പ്രാർഥിക്കാം
പരിശുദ്ധ അമ്മേ, മാതാവേ, അമ്മയും ഈശോയും ഔസേപിതാവും ജീവിച്ച് പരിശുദ്ധ ഭവനത്തിലേക്ക് ഞങ്ങളുടെ ശ്രദ്ധയെ തിരിക്കുന്നു. പരസ്പര വിശ്വാസവും സ്നേഹവുമില്ലാതെ തകർന്നുകൊണ്ടിരിക്കുന്ന വ്യക്തികളേയും കുടുംബങ്ങളേയും സ്ഥാപനങ്ങളേയും അങ്ങയുടെ കടാക്ഷത്തിനായി സമർപ്പിക്കുന്നു. നസ്രത്തിലെ ഭവനത്തിൽ നിറഞ്ഞുനിന്ന സ്നേഹത്താലും വിശ്വാസത്താലും പങ്കുവയ്ക്കലിനാലും എല്ലാ മക്കളേയും നിറയ്ക്കണമേ. ഓരോ കുടുംബവും ദൈവീക സ്നേഹത്തിന്റെയും, ശുശ്രൂഷയുടെയും പാഠശാലകളായി മാറട്ടെ. സ്വന്തമായി ഒരു ഭവനമില്ലാതെ വിഷമിക്കുന്നവരേയും സ്വന്തം ഭവനം ഉണ്ടായിട്ടും അതിൽ താമസിക്കാൻ സാധിക്കാത്തവരേയും അനുഗ്രഹിക്കണമേ. ഇന്ന് ഞങ്ങളുടെ ഭവനങ്ങളിൽ നിങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെ. അതുവഴി ഞങ്ങളുടെ ഭവനങ്ങളും ജീവിതവും വിശുദ്ധി നിറഞ്ഞതാകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമെ. ആമേൻ.
സുകൃതജപം: പരിശുദ്ധ ലൊരേറ്റൊ മാതാവേ, ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നും നീ വാഴണമെ.


Leave a comment