പരിശുദ്ധ പരമദിവ്യകാരുണ്യം: കത്തോലിക്കാ വിശ്വാസത്തിന്റെ ദൃശ്യമായ രഹസ്യം
എന്താണ് വിശ്വാസം?
“വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്.”
(ഹെബ്രായര്‍ 11 : 1)
എങ്ങനെയാണ് വിശ്വാസം കിട്ടുന്നത്?
“ആകയാല്‍ വിശ്വാസം കേള്‍വിയില്‍ നിന്നും കേള്‍വി ക്രിസ്‌തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍ നിന്നുമാണ്.”
(റോമാ 10 : 17)
വിശ്വാസം കൊണ്ട് പഴയ നിയമ ജനത എന്തൊക്കെ നേടി?
ഇതുമൂലമാണ് പൂര്‍വികന്‍മാര്‍ അംഗീകാരത്തിന് അര്‍ഹരായത്.
ദൈവത്തിന്റെ വചനത്താല്‍ ലോകം സൃഷ്‌ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി എന്നും വിശ്വാസം മൂലം നാം അറിയുന്നു.
വിശ്വാസം മൂലം ആബേല്‍ കായേന്റേതിനെക്കാള്‍ ശ്രേഷ്‌ഠമായ ബലി ദൈവത്തിനു സമര്‍പ്പിച്ചു.
അതിനാല്‍, അവന്‍ നീതിമാനായി അംഗീകരിക്കപ്പെട്ടു.
അവന്‍ സമര്‍പ്പിച്ച കാഴ്‌ചകളെക്കുറിച്ചു ദൈവം തന്നെ സാക്ഷ്യം നല്‍കി.
അവന്‍ മരിച്ചെങ്കിലും തന്റെ വിശ്വാസത്തിലൂടെ ഇന്നും സംസാരിക്കുന്നു.
വിശ്വാസംമൂലം ഹെനോക്ക് മരണം കാണാതെ സംവഹിക്കപ്പെട്ടു. ദൈവം അവനെ സംവഹിച്ചതു കൊണ്ട് പിന്നീട് അവന്‍ കാണപ്പെട്ടുമില്ല.
അപ്രകാരം എടുക്കപ്പെടുന്നതിനു മുന്‍പ് താന്‍ ദൈവത്തെ പ്രസാദിപ്പിച്ചുവെന്ന് അവനു സാക്ഷ്യം ലഭിച്ചു.
വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയില്‍ ശരണം പ്രാപിക്കുന്നവര്‍ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നു പ്രതിഫലം നല്‍കുമെന്നും വിശ്വസിക്കണം.
വിശ്വാസം മൂലമാണ് നോഹ അന്നു വരെ കാണപ്പെടാതിരുന്നവയെപ്പറ്റി ദൈവം മുന്നറിയിപ്പു കൊടുത്തപ്പോള്‍, തന്റെ വീട്ടുകാരുടെ രക്ഷയ്‌ക്കു വേണ്ടി ഭയഭക്തിയോടെ പെട്ടകം നിര്‍മിച്ചത്.
ഇതുമൂലം അവന്‍ ലോകത്തെ കുറ്റം വിധിക്കുകയും വിശ്വാസത്തില്‍ നിന്നുളവാകുന്ന നീതിയുടെ അവകാശിയാവുകയും ചെയ്‌തു.
വിശ്വാസം മൂലം അബ്രാഹം തനിക്ക് അവകാശമായി ലഭിക്കാനുള്ള സ്‌ഥലത്തേക്കു പോകാന്‍ വിളിക്കപ്പെട്ടപ്പോള്‍ അനുസരിച്ചു.
എവിടേക്കാണു പോകേണ്ടതെന്നറിയാതെ തന്നെയാണ് അവന്‍ പുറപ്പെട്ടത്.
വിശ്വാസത്തോടെ അവന്‍ വാഗ്‌ദത്തഭൂമിയില്‍ വിദേശിയെപ്പോലെ കഴിഞ്ഞു.
അതേ വാഗ്‌ദാനത്തിന്റെ അവകാശികളായ ഇസഹാക്കിനോടും യാക്കോബിനോടുമൊത്ത് അവന്‍ കൂടാരങ്ങളില്‍ താമസിച്ചു.
ദൈവം സംവിധാനം ചെയ്‌തതും നിര്‍മിച്ചതും അടിസ്‌ഥാനമുറപ്പിച്ചതുമായ ഒരു നഗരത്തെ അവന്‍ പ്രതീക്ഷിച്ചിരുന്നു.
തന്നോടു വാഗ്‌ദാനം ചെയ്‌തവന്‍ വിശ്വസ്‌തനാണെന്നു വിചാരിച്ചതുകൊണ്ട്, പ്രായം കവിഞ്ഞിട്ടും സാറാ വിശ്വാസം മൂലം ഗര്‍ഭധാരണത്തിനു വേണ്ട ശക്തി പ്രാപിച്ചു.
അതിനാല്‍, ഒരുവനില്‍ നിന്ന് – അതും മൃതപ്രായനായ ഒരുവനില്‍ നിന്ന് – ആകാശത്തിലെ നക്ഷത്രജാലങ്ങള്‍ പോലെയും കടലോരത്തെ സംഖ്യാതീതമായ മണല്‍ത്തരികള്‍ പോലെയും വളരെപ്പേര്‍ ജനിച്ചു.
ഇവരെല്ലാം വിശ്വാസത്തോടെയാണ് മരിച്ചത്.
അവര്‍ വാഗ്‌ദാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല; എങ്കിലും, ദൂരെ നിന്ന് അവയെക്കണ്ട് അഭിവാദനം ചെയ്യുകയും തങ്ങള്‍ ഭൂമിയില്‍ അന്യരും പരദേശികളുമാണെന്ന് ഏറ്റുപറയുകയും ചെയ്‌തു.
ഇപ്രകാരം പറയുന്നവര്‍ തങ്ങള്‍ പിതൃദേശത്തെയാണ് അന്വേഷിക്കുന്നതെന്നു വ്യക്‌തമാക്കുന്നു.
തങ്ങള്‍ വിട്ടുപോന്ന സ്‌ഥലത്തെക്കുറിച്ചാണ് അവര്‍ ചിന്തിച്ചിരുന്നതെങ്കില്‍, അവിടേക്കു തന്നെ മടങ്ങിച്ചെല്ലാന്‍ അവസരം ഉണ്ടാകുമായിരുന്നു.
ഇപ്പോഴാകട്ടെ, അവര്‍ അതിനെക്കാള്‍ ശ്രേഷ്‌ഠവും സ്വര്‍ഗീയവുമായതിനെ ലക്ഷ്യം വയ്‌ക്കുന്നു.
അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതില്‍ ദൈവം ലജ്ജിക്കുന്നില്ല.
അവര്‍ക്കായി അവിടുന്ന് ഒരു നഗരം തയ്യാറാക്കിയിട്ടുണ്ടല്ലോ.
വിശ്വാസം മൂലമാണ്, പരീക്ഷിക്കപ്പെട്ടപ്പോള്‍ അബ്രാഹം ഇസഹാക്കിനെ സമര്‍പ്പിച്ചത്.
ഇസഹാക്കിലൂടെ നിന്റെ സന്തതി വിളിക്കപ്പെടും എന്ന വാഗ്‌ദാനം സ്വീകരിച്ചിരുന്നിട്ടും, അവന്‍ തന്റെ ഏകപുത്രനെ ബലിയര്‍പ്പിക്കാന്‍ ഒരുങ്ങി.
മരിച്ചവരില്‍നിന്നു മനുഷ്യരെ ഉയിര്‍പ്പിക്കാന്‍പോലും ദൈവത്തിനു കഴിയുമെന്ന് അവന്‍ വിചാരിച്ചു.
അതുകൊണ്ട്, ആലങ്കാരികമായിപ്പറഞ്ഞാല്‍ ഇസഹാക്കിനെ അവനു തിരിച്ചുകിട്ടി.
വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശ്വാസത്താല്‍ ഇസഹാക്ക് യാക്കോബിനെയും ഏസാവിനെയും അനുഗ്രഹിച്ചു.
ആസന്ന മരണനായ യാക്കോബ് തന്റെ വടി ഊന്നി നിന്ന് ആരാധിച്ചുകൊണ്ട്, ജോസഫിന്റെ മക്കളെ ഓരോരുത്തരെയും വിശ്വാസത്തോടെ അനുഗ്രഹിച്ചു.
ജോസഫ് മരിക്കുമ്പോള്‍, വിശ്വാസം മൂലം ഇസ്രായേല്‍ മക്കളുടെ പുറപ്പാടിനെ മനസ്സില്‍ കണ്ടുകൊണ്ട് തന്റെ അസ്ഥികള്‍ എന്തുചെയ്യണമെന്നു നിര്‍ദേശങ്ങള്‍ കൊടുത്തു.
വിശ്വാസം മൂലം മോശയെ, അവന്‍ ജനിച്ചപ്പോള്‍ മാതാപിതാക്കന്‍മാര്‍ മൂന്നു മാസത്തേക്ക് ഒളിച്ചുവച്ചു.
എന്തെന്നാല്‍, കുട്ടി സുന്ദരനാണെന്ന് അവര്‍ കണ്ടു. രാജകല്‍പനയെ അവര്‍ ഭയപ്പെട്ടില്ല.
മോശ വളര്‍ന്നു വന്നപ്പോള്‍, ഫറവോയുടെ മകളുടെ മകന്‍ എന്നു വിളിക്കപ്പെടുന്നത് വിശ്വാസം മൂലം അവന്‍ നിഷേധിച്ചു.
പാപത്തിന്റെ നൈമിഷികസുഖങ്ങള്‍ ആസ്വദിക്കുന്നതിനെക്കാള്‍ ദൈവജനത്തിന്റെ കഷ്‌ടപ്പാടുകളില്‍ പങ്കുചേരുന്നതിനാണ് അവന്‍ ഇഷ്‌ടപ്പെട്ടത്.
ക്രിസ്‌തുവിനെ പ്രതി സഹിക്കുന്ന നിന്ദനങ്ങള്‍ ഈജിപ്‌തിലെ നിധികളെക്കാള്‍ വിലയേറിയ സമ്പത്തായി അവന്‍ കരുതി.
തനിക്കു ലഭിക്കാനിരുന്ന പ്രതിഫലത്തിലാണ് അവന്‍ ദൃഷ്‌ടി പതിച്ചത്.
രാജകോപം ഭയപ്പെടാതെ, വിശ്വാസത്താല്‍ അവന്‍ ഈജിപ്‌തു വിട്ടു.
അദൃശ്യനായവനെ ദര്‍ശിച്ചാലെന്ന പോലെ അവന്‍ സഹിച്ചുനിന്നു.
ആദ്യജാതന്‍മാരെ കൊല്ലുന്നവന്‍ അവരെ സ്‌പര്‍ശിക്കാതിരുന്നതിനു വിശ്വാസത്തില്‍ അവന്‍ പെസഹ ആചരിക്കുകയും രക്തം തളിക്കുകയും ചെയ്‌തു.
വിശ്വാസത്താല്‍ അവര്‍ വരണ്ട ഭൂമിയിലൂടെ എന്ന വിധം ചെങ്കടല്‍ കടന്നു.
എന്നാല്‍, ഈജിപ്‌തുകാര്‍ അപ്രകാരം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കടല്‍ അവരെ വിഴുങ്ങിക്കളഞ്ഞു.
വിശ്വാസത്തോടെ ഇസ്രായേല്‍ ജനം ജറീക്കോയുടെ കോട്ടകള്‍ക്ക് ഏഴു ദിവസം വലത്തു വച്ചപ്പോള്‍ അവ ഇടിഞ്ഞു വീണു.
വേശ്യയായ റാഹാബ് വിശ്വാസം നിമിത്തം ചാരന്‍മാരെ സമാധാനത്തില്‍ സ്വീകരിച്ചതുകൊണ്ട് അവള്‍ അവിശ്വാസികളോടൊപ്പം നശിച്ചില്ല.
കൂടുതലായി എന്താണു ഞാന്‍ പറയേണ്ടത്?
ഗിദയോന്‍, ബാറക്, സാംസണ്‍, ജഫ്‌താ, ദാവീദ്, സാമുവല്‍ ഇവരെക്കുറിച്ചും പ്രവാചകന്‍മാരെക്കുറിച്ചും പ്രതിപാദിക്കാന്‍ സമയം പോരാ.
അവര്‍ വിശ്വാസത്തിലൂടെ രാജ്യങ്ങള്‍ പിടിച്ചടക്കി; നീതി നടപ്പാക്കി; വാഗ്‌ദാനങ്ങള്‍ സ്വീകരിച്ചു; സിംഹങ്ങളുടെ വായകള്‍ പൂട്ടി;
അഗ്നിയുടെ ശക്തി കെടുത്തി; വാളിന്റെ വായ്‌ത്തലയില്‍ നിന്നു രക്ഷപെട്ടു; ബലഹീനതയില്‍ നിന്നു ശക്തിയാര്‍ജിച്ചു; യുദ്ധത്തില്‍ ശക്തന്‍മാരായി; വിദേശസേനകളെ കീഴ്‌പ്പെടുത്തി.
സ്‌ത്രീകള്‍ക്കു തങ്ങളുടെ മരിച്ചുപോയവരെ പുനരുജ്ജീവനത്തിലൂടെ തിരിച്ചുകിട്ടി.
ചിലര്‍ മരണം വരെ പ്രഹരിക്കപ്പെട്ടു.
മെച്ചപ്പെട്ട പുനരുത്ഥാനം പ്രാപിക്കാന്‍വേണ്ടി പീഡയില്‍ നിന്നു രക്ഷപെടാന്‍ അവര്‍ കൂട്ടാക്കിയില്ല.
ചിലര്‍ പരിഹാസവും ചമ്മട്ടിയടിയും ബന്ധനവും കാരാഗൃഹവാസവും സഹിച്ചു.
ചിലരെ കല്ലെറിഞ്ഞു; ചിലരെ വിചാരണ ചെയ്‌തു; ചിലര്‍ രണ്ടായി വെട്ടി മുറിക്കപ്പെട്ടു; ചിലര്‍ വാളുകൊണ്ട് വധിക്കപ്പെട്ടു.
ചിലര്‍ ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോലു ധരിച്ചു നിസ്സഹായരായും വേദനിക്കുന്നവരായും പീഡിതരായും അലഞ്ഞു നടന്നു.
അവരെ സ്വന്തമാക്കാനുള്ള യോഗ്യത ലോകത്തിനില്ലായിരുന്നു.
വനത്തിലും മലകളിലും ഗുഹകളിലും മാളങ്ങളിലുമായി അവര്‍ അലഞ്ഞുതിരിഞ്ഞു.
വിശ്വാസം മൂലം ഇവരെല്ലാം അംഗീകാരം പ്രാപിച്ചെങ്കിലും വാഗ്‌ദാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല.
(ഹെബ്രായര്‍ 11 : 2-39)
എന്ത് കൊണ്ട്?
“കാരണം, നമ്മെക്കൂടാതെ അവര്‍ പരിപൂര്‍ണരാക്കപ്പെടരുത് എന്നു കണ്ട് ദൈവം നമുക്കായി കുറെക്കൂടെ ശ്രേഷ്‌ഠമായവ നേരത്തെ കണ്ടു വച്ചിരുന്നു.”
(ഹെബ്രായര്‍ 11 : 40)
എന്താണത്?
ദിവ്യകാരുണ്യം!
പഴയ നിയമ ജനതയുടെ ഏറ്റവും അടിസ്ഥാനപരമായ വിശ്വാസത്തിൽ നിന്നു പുതിയ നിയമ ജനതയെ, നമ്മെ ഒരു പടി കൂടി വിശ്വാസത്തിൽ ഉയർത്തി പരിശുദ്ധ കുർബാന സ്ഥാപിച്ചു സകലമനുഷ്യരുടെയും പാപങ്ങളുടെ അവർക്ക്/ നമുക്ക് പാപികൾ ആയിരുന്നതിനാൽ ഒരു കാരണവശാലും വീട്ടാൻ കഴിയാതിരുന്ന പാപപരിഹാരം പൂർണമായി ചെയ്തു അവർ / നാം അനുഭവിക്കേണ്ടിയിരുന്ന പീഡകൾ സഹിച്ചു അവർക്ക്/ നമുക്ക് വേണ്ടി മരിച്ചു ഉയർത്തു അവർക്കു/ നമുക്ക് കാണാനും തൊടാനും രുചിക്കാനും ഉൾക്കൊള്ളാനും അവരിൽ/ നമ്മിൽ എന്നേയ്ക്കും വസിക്കാനുമായി മാനവകുലത്തിന്റെ ഏകരക്ഷകനായ ഈശോ മിശിഹാ തിരുവോസ്തിരൂപനായി തന്റെ പ്രിയ ജനത്തിന്റെ/ നമ്മുടെ ഇടയിൽ വസിച്ചു.
കർക്കശമായ നീതി മറച്ചു പിടിച്ച പിതാവായ ദൈവത്തിന്റെ സ്നേഹത്തിന്റെ ആഴത്തെ പറ്റി പറയാനും ജീവനോളം മനുഷ്യരെ സ്നേഹിച്ച പുത്രനായ ദൈവത്തിന്റെ കാരുണ്യത്തിന്റെ വാതിലായ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തെ പറ്റി പറയാനും പിതാവായ ദൈവത്തിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്ന സഹായകനും ഈശോയുടെ വാഗ്ദാനവും ആശ്വാസദായകനുമായ പരിശുദ്ധാത്മാവ് അവരുടെ /നമ്മുടെ മേൽ വന്നു.
എന്താണ് രഹസ്യം എന്ന് പറയുന്നത്?
വെളിപ്പെടുത്തപ്പെടുന്നവർക്ക് വെളിപ്പെടുത്തപ്പെട്ട അളവിൽ മാത്രം മനസിലാകുന്ന ഒന്നാണ് രഹസ്യം.
“ഇന്നുമുതല്‍ ഞാന്‍ നിന്നെ പുതിയ കാര്യങ്ങള്‍ കേള്‍പ്പിക്കും; നിനക്ക് അജ്‌ഞാതമായ നിഗൂഢകാര്യങ്ങള്‍ തന്നെ.”
(ഏശയ്യാ 48 : 6)
നമ്മുടെ ഇടയിൽ സന്നിഹിതനായ ദിവ്യകാരുണ്യ ഈശോയെ നമുക്ക് എത്രത്തോളം മനസിലായിട്ടുണ്ട്?
എന്ന് പരിശുദ്ധാത്മാവ് നമ്മോടു പറയുന്നു.
ലോകത്തിൽ പലയിടങ്ങളിലും ദിവ്യകാരുണ്യ അത്ഭുതങ്ങൾ ഉണ്ടായിട്ടുണ്ട്. അവിടങ്ങളിൽ അതിനെ പറ്റി കണ്ടറിഞ്ഞും കണ്ടവർ പറഞ്ഞു കേട്ടറിഞ്ഞും അനേകർ അവിടെ ഓടിക്കൂടുന്നു. വിശ്വസിക്കുന്നു. വിശ്വാസത്തിൽ പുതുഉണർവോടെ മടങ്ങുന്നു.
എന്നാൽ ഏറ്റവും വലിയ ദിവ്യകാരുണ്യ അത്ഭുതം ഓരോ ദിവ്യബലിയിലും രൂപം മാറാതെ ക്രിസ്തുവിന്റെ തിരുരക്തവും തിരുശരീരവുമായി രൂപാന്തരപ്പെടുന്ന അപ്പവും വീഞ്ഞും അല്ലേ?
നമ്മിൽ പലരും വ്യക്തിപരമായ ഒരു ദിവ്യകാരുണ്യ അനുഭവത്തിനു വേണ്ടി കൊതിക്കുന്നവരാണ്. ജീവിതത്തിലെ സങ്കടങ്ങളിൽ, കണ്ണീര് ഒഴുകുന്ന സമയങ്ങളിൽ, അതിയായ സഹനങ്ങളിൽ, ഒറ്റപ്പെടലിൽ, വേദനയിൽ, രോഗത്തിൽ, ആകുലതയിൽ, ഒന്നുമില്ലായ്മയിൽ ദൈവാലയത്തിൽ എത്തി നാം പ്രാർത്ഥിക്കുന്നു. ഈശോയെ നോക്കുന്നു. പരാതിപ്പെടുന്നു. നമ്മുടെ കാര്യം നടത്തി തരണം എന്ന് നിർബന്ധിച്ചു പറയുന്നു. തിരിച്ചു പോരുന്നു.
പറയാൻ പോയ കാര്യത്തിന് ഒഴികെ നാളിത് വരെ ദൈവം പരിപാലിച്ചതിനു നന്ദി പോലും പറയാൻ, അവിടുത്തെ ഒന്ന് സ്നേഹത്തോടെ നോക്കാൻ, രക്ഷകനും നാഥനും സൃഷ്ടാവും ആയി ആരാധിക്കുവാൻ ഒരു പക്ഷെ നാം നമ്മുടെ ദുഃഖദുരിതങ്ങളുടെ ഇടയിൽ പാടേ മറന്നു പോയിട്ടുണ്ടാകും.
ഒരു പക്ഷെ, അത്ര ഭക്തിയോ പ്രാർത്ഥനയോ ഇല്ലാത്ത ഒരാൾക്ക് ഒരു തവണ ദൈവാലയത്തിൽ വന്നു ധ്യാനത്തിലോ മറ്റോ കൂടുമ്പോൾ ആദ്യ മണിക്കൂറിൽ തന്നെ ഒരു ദൈവാനുഗ്രഹം കിട്ടുമ്പോൾ നമ്മുടെ ഹൃദയം ആനന്ദം കൊണ്ടു നിറയുമോ അതോ നാം അസൂയാലു ആകുമോ!
ഇത് പോലെ ഒരു സാഹചര്യം ദൈവവചനം വിവരിക്കുന്നുണ്ട്.
“അവന്‍ പറഞ്ഞു: ഒരു മനുഷ്യനു രണ്ടു പുത്രന്‍മാരുണ്ടായിരുന്നു.
ഇളയവന്‍ പിതാവിനോടു പറഞ്ഞു: പിതാവേ, സ്വത്തില്‍ എന്റെ ഓഹരി എനിക്കു തരിക. അവന്‍ സ്വത്ത് അവര്‍ക്കായി ഭാഗിച്ചു.
ഏറെ താമസിയാതെ, ഇളയമകന്‍ എല്ലാം ശേഖരിച്ചുകൊണ്ടു ദൂരദേശത്തേക്കു പോയി, അവിടെ ധൂര്‍ത്തനായി ജീവിച്ച്, സ്വത്തു നശിപ്പിച്ചു കളഞ്ഞു.
അവന്‍ എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോള്‍ ആ ദേശത്ത് ഒരു കഠിനക്ഷാമം ഉണ്ടാവുകയും അവന്‍ ഞെരുക്കത്തിലാവുകയും ചെയ്‌തു.
അവന്‍ , ആ ദേശത്തെ ഒരു പൗരന്റെ അടുത്ത് അഭയംതേടി.
അയാള്‍ അവനെ പന്നികളെ മേയിക്കാന്‍ വയലിലേക്കയച്ചു.
പന്നി തിന്നിരുന്ന തവിടെങ്കിലും കൊണ്ടു വയറു നിറയ്‌ക്കാന്‍ അവന്‍ ആശിച്ചു.
പക്ഷേ, ആരും അവനു കൊടുത്തില്ല.
അപ്പോള്‍ അവനു സുബോധമുണ്ടായി.
അവന്‍ പറഞ്ഞു: എന്റെ പിതാവിന്റെ എത്രയോ ദാസന്‍മാര്‍ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു!
ഞാനോ ഇവിടെ വിശന്നു മരിക്കുന്നു!
ഞാന്‍ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കു പോകും.
ഞാന്‍ അവനോടു പറയും:
പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്‌തു.
നിന്റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല.
നിന്റെ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്കണമേ.
അവന്‍ എഴുന്നേറ്റ്, പിതാവിന്റെ അടുത്തേക്കു ചെന്നു.
ദൂരെ വച്ചുതന്നെ പിതാവ് അവനെ കണ്ടു. അവന്‍ മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു.
മകന്‍ പറഞ്ഞു: പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്‌തു. നിന്റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല.
പിതാവാകട്ടെ, തന്റെ ദാസരോടു പറഞ്ഞു: ഉടനെ മേല്‍ത്തരം വസ്‌ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിന്‍.
ഇവന്റെ കൈയില്‍ മോതിരവും കാലില്‍ ചെരിപ്പും അണിയിക്കുവിന്‍.
കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുവിന്‍.
നമുക്കു ഭക്ഷിച്ച് ആഹ്ലാദിക്കാം.
എന്റെ ഈ മകന്‍ മൃതനായിരുന്നു; അവന്‍ ഇതാ, വീണ്ടും ജീവിക്കുന്നു. അവന്‍ നഷ്‌ടപ്പെട്ടിരുന്നു; ഇപ്പോള്‍ വീണ്ടുകിട്ടിയിരിക്കുന്നു.
അവര്‍ ആഹ്ലാദിക്കാന്‍ തുടങ്ങി.
അവന്റെ മൂത്തമകന്‍ വയലിലായിരുന്നു. അവന്‍ തിരിച്ചു വരുമ്പോള്‍ വീടിനടുത്തു വച്ച് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ശബ്‌ദം കേട്ടു.
അവന്‍ ഒരു വേലക്കാരനെ വിളിച്ച് കാര്യം തിരക്കി.
വേലക്കാരന്‍ പറഞ്ഞു: നിന്റെ സഹോദരന്‍ തിരിച്ചുവന്നിരിക്കുന്നു.
അവനെ സസുഖം തിരിച്ചു കിട്ടിയതു കൊണ്ട് നിന്റെ പിതാവ് കൊഴുത്ത കാളക്കുട്ടിയെ കൊന്നിരിക്കുന്നു.
അവന്‍ കോപിച്ച് അകത്തു കയറാന്‍ വിസമ്മതിച്ചു.
പിതാവു പുറത്തു വന്ന് അവനോടു സാന്ത്വനങ്ങള്‍ പറഞ്ഞു.
എന്നാല്‍, അവന്‍ പിതാവിനോടു പറഞ്ഞു: നോക്കൂ, എത്ര വര്‍ഷമായി ഞാന്‍ നിനക്കു ദാസ്യവേല ചെയ്യുന്നു.
ഒരിക്കലും നിന്റെ കല്‍പന ഞാന്‍ ലംഘിച്ചിട്ടില്ല.
എങ്കിലും, എന്റെ കൂട്ടുകാരോടൊത്ത് ആഹ്ലാദിക്കാന്‍ ഒരു ആട്ടിന്‍കുട്ടിയെപ്പോലും നീ എനിക്കു തന്നില്ല.
എന്നാല്‍, വേശ്യകളോടു കൂട്ടുചേര്‍ന്ന്, നിന്റെ സ്വത്തെല്ലാം ധൂര്‍ത്തടിച്ച നിന്റെ ഈ മകന്‍ തിരിച്ചു വന്നപ്പോള്‍ അവനു വേണ്ടി നീ കൊഴുത്ത കാളയെ കൊന്നിരിക്കുന്നു.
അപ്പോള്‍ പിതാവു പറഞ്ഞു: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ.
എനിക്കുള്ളതെല്ലാം നിന്റേതാണ്.
ഇപ്പോള്‍ നമ്മള്‍ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും വേണം.
എന്തെന്നാല്‍, നിന്റെ ഈ സഹോദരന്‍ മൃതനായിരുന്നു; അവനിപ്പോള്‍ ജീവിക്കുന്നു. നഷ്‌ടപ്പെട്ടിരുന്നു; ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്നു.”
(ലൂക്കാ 15 : 11-32)
ധൂർത്ത പുത്രന്റെ കഥ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ദിവ്യകാരുണ്യ വെളിച്ചത്തിൽ ചിന്തിച്ചാൽ പരിശുദ്ധ കുർബാനയുടെ സുഭിക്ഷതയിൽ ആയിരുന്ന രണ്ടു പേർ ആയി ഈ മക്കളെ കണക്കിലെടുത്തു ഒന്നാലോചിച്ചാൽ ഹൃദയത്തിൽ നമ്മുടെ തന്നെ ജീവിതങ്ങൾ ആണല്ലോ എന്നോർമ വരും.
ഇളയ മകൻ പരിശുദ്ധ കുർബാനയുടെ നിറവിൽ ആയിരുന്നവൻ, ഒരു കുറവും അറിയാതെ ഇരുന്നിരുന്നവൻ, ആ സ്നേഹത്തിന്റെ ആധിക്യത്തിൽ നിന്നും അകന്നു ഹൃദയത്തിൽ നിറയെ കിട്ടാവുന്നിടത്തോളം സ്നേഹം സ്വീകരിച്ചു പുതിയ സ്നേഹത്തിനായി ദൂരേക്ക് പോയി.
എന്നാൽ പരിശുദ്ധ കുർബാന നിരന്തരം ഒഴുകുന്ന സ്നേഹത്തിന്റെ ഒരു വെള്ളച്ചാട്ടം പോലെയാണ്. അതിന്റെ ചാരെ നിൽക്കുന്നവർക്ക് ഹൃദയം നിറയെ ജീവിതം നിറയെ ദൈവസ്നേഹം ലഭിക്കും. അവരുടെ ജീവിതത്തിലും ആത്മാവിലും പ്രകാശം നിറയും. പരിശുദ്ധ കുർബാന ഉൾക്കൊള്ളുന്നതിനാൽ അവരുടെ മുഖം പ്രകാശിക്കും.
എന്നാൽ ദിവ്യകാരുണ്യ സാന്നിധ്യത്തിൽ നിന്നും അകന്നു പോയാൽ ക്രമേണ സ്നേഹം തണുത്തു പോകും. സ്നേഹത്തിന്റെ ഉറവിടത്തിൽ നിന്നും അകന്നാൽ ഹൃദയവും ജീവിതവും ശൂന്യം ആകും
മറ്റു മനുഷ്യരിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും എത്ര സ്നേഹം കിട്ടിയാലും തികയില്ല, എന്ന് മാത്രമല്ല, നമ്മുടെ ഹൃദയത്തിലെ സ്നേഹം പതിയെ വറ്റുകയും ചെയ്യും.
ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നമ്മുടെ ഹൃദയം എങ്ങനെ മനുഷ്യ സ്നേഹം കൊണ്ട് തൃപ്‌തമാകും!
നമ്മുടെ ഹൃദയത്തിൽ സംഭരിച്ചിരുന്ന സ്നേഹം നമ്മിൽ നിന്നും വാക്കുകളിലൂടെയും നമ്മുടെ സമയത്തിലൂടെയും സഹായങ്ങളിലൂടെയും സ്വീകരിക്കുവാൻ ധാരാളം ആളുകൾ കാണും. കാരണം സ്നേഹം എവിടെയും സ്വീകാര്യമാണല്ലോ. എന്നാൽ ദിവ്യകാരുണ്യത്തിൽ ആയിരുന്നിട്ട് നമ്മുടെ ഹൃദയത്തിൽ നിന്നും നാമറിയാതെ നിറഞ്ഞൊഴുകുന്ന സ്നേഹമാണ് നമ്മിൽ നിന്നും മറ്റുള്ളവരിലേക്ക് എത്തേണ്ടത്. അല്ലാതെ നമ്മിൽ സംഭരിച്ചിരിക്കുന്ന സ്നേഹമല്ല. നമ്മുടെ ഹൃദയം നാം സംഭരിക്കുന്ന സ്നേഹത്തിന്റെ ഒരു കലവറ ആകേണ്ട ഒന്നല്ല, നാം മുഴുവനായും തന്നെ സ്നേഹത്തോടെ സാധിക്കുന്നത്ര കൂടെക്കൂടെയുമുള്ള ദിവ്യകാരുണ്യ സ്വീകരണം വഴി സ്നേഹത്തിന്റെ ഉറവിടമായ പരിശുദ്ധ കുർബാന ആയി രൂപാന്തരപ്പെടേണ്ടതാണ്.
സ്വഭാവികമായി മനുഷ്യഹൃദയത്തിലും ഒരിക്കലും രക്തം കെട്ടിക്കിടക്കുന്നില്ലല്ലോ, നിരന്തരം ഒഴുകിക്കൊണ്ടിരിക്കുകയല്ലേ!
ഇത് പോലെ സ്നേഹവും നമ്മുടെ ഹൃദയത്തിൽ നിന്നും സ്വഭാവികമായ രീതിയിൽ ഒഴുകി കൊണ്ടേയിരിക്കണം.
മിശിഹായുടെ മൗതിക ശരീരമായ സഭയിലെ ഓരോ അംഗത്തിനുമായി നമ്മുടെ സ്നേഹം ഈശോയിൽ നിന്നും ഒഴുകി കൊണ്ടേയിരിക്കണം.
അങ്ങനെ നാം വിശുദ്ധ പൗലോസിനെ പോലെ, അനേകം വിശുദ്ധരെ പോലെ എല്ലാവർക്കും എല്ലാമാകും.
നാം വസിക്കുന്ന ഇടത്തു നിന്നും സാഹചര്യങ്ങളിൽ നിന്നും നിന്നും ദൈവസ്നേഹം നമ്മെ ഉയർത്തി, ദേശത്തിനും രാജ്യത്തിനും ലോകത്തിനും ഉപരിയായിട്ടുള്ള നിത്യതയോളം നമ്മുടെ സ്വന്തമായ ദൈവരാജ്യത്തിന്റെ സ്നേഹവിസ്മയങ്ങൾ കാണിച്ചു തരും.
“എല്ലാ പ്രകാരത്തിലും കുറെപ്പേരെ രക്ഷിക്കേണ്ടതിന് ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി.”
(1 കോറിന്തോസ് 9 : 22)
എന്നാൽ എന്ത് കാരണം കൊണ്ടായാലും ദിവ്യകാരുണ്യത്തിൽ നിന്നും നാളുകളോളം മാറി നിന്നു ഹൃദയം നൂറു ശതമാനവും സ്നേഹ ശൂന്യമായി കഴിയുമ്പോൾ നാം ദൈവസ്നേഹത്തിനായി പരതും.
എന്നാൽ കൂടെ വസിക്കുന്നവരുടെ ഹൃദയത്തിലും അതുണ്ടാവുകയില്ല താനും.
കാരണം അവരും ലോകത്തിന്റെ ദിശയിലേയ്ക്ക് നോക്കി പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിൽ നിന്നും
ദൂരെ വസിക്കുന്നവരാണ്.
ഹൃദയം സ്നേഹശൂന്യമാകുമ്പോൾ, വല്ലാതെ അസ്വസ്ഥത അനുഭവപ്പെടുമ്പോൾ, ആത്മീയമായി വിശക്കുമ്പോൾ, ദാഹിക്കുമ്പോൾ, ഒരു നിമിഷം ചിന്തിക്കണം.
എന്റെ ദൈവവുമായുള്ള എന്റെ ബന്ധം എങ്ങനെയാണ്?
എനിക്ക് അവിടുന്നുമായി ഇന്നും ഒരു വ്യക്തി ബന്ധമുണ്ടോ?
ദൈവാലയവുമായി, എന്റെ പിതാവിന്റെ ഭവനവുമായി എന്റെ ഹൃദയത്തിന് അടുപ്പം തോന്നുന്നുണ്ടോ?
അവിടെ മക്കളല്ലാത്തവർ പോലും സംതൃപ്തരായി കഴിയുന്നു.
എന്നാൽ ദൈവത്തിന്റെ ഭവനത്തിൽ നിന്നും മക്കൾ ധൂർത്ത പുത്രനെ പോലെ മാറി നിൽക്കുമ്പോൾ അപ്പൻ അപ്പോഴും സമൃദ്ധിയുടെ സ്വഭവനത്തിൽ നിലകൊള്ളുന്നു, അകന്നു പോകുന്ന മക്കളുടെ ഹൃദയം ദൈവസ്നേഹരാഹിത്യത്താൽ കുറവ് അനുഭവിക്കുന്നു.
എപ്പോൾ ഈശോ എന്നൊരു തോന്നൽ ഹൃദയത്തിൽ വരുന്നോ അപ്പോൾ അവിടുന്നിലേയ്ക്ക് തിരിയണം. പിന്നെ ഒരു നിമിഷം മടിച്ചു നിൽക്കരുത്. കാരണം ആ തോന്നൽ തരുന്നത് പരിശുദ്ധാത്മാവാണ്
നമുക്ക് ദൈവത്തിങ്കലേയ്ക്ക് തിരിയാൻ അവശേഷിച്ച ജീവിതത്തിൽ കിട്ടിയേക്കാവുന്ന ഒരേയൊരു ചാൻസ് ആയിരിക്കും അത്
വളരെ നാൾ ഈശോയുടെ പക്കൽ നിന്നും മാറി നിന്നിട്ട് പെട്ടെന്ന് അവിടുത്തെ എങ്ങനെ അഭിമുഖീകരിക്കും എന്ന ചിന്ത വേണ്ട.
കാരണം…
ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുന്‍പുതന്നെ കര്‍ത്താവേ, അത് അവിടുന്ന് അറിയുന്നു.
സങ്കീര്‍ത്തനങ്ങള്‍ 139 : 4
ഒത്തിരി നാൾ കഴിഞ്ഞു ഈശോയുടെ സ്നേഹത്തിനു മുന്നിൽ വിശപ്പോടെ ദാഹത്തോടെ ഒന്നുമില്ലായ്മയോടെ ആത്മാവിന്റെ കീറവസ്ത്രത്തോടെ ക്ഷീണത്തോടെ ഒരു മകൾ / മകൻ എന്ന രൂപമില്ലാതെ പ്രാകൃത രൂപത്തിൽ ഒരു പാട് ചിന്തിച്ചു കണക്കു കൂട്ടി തയ്യാറാക്കിയ ക്ഷമാപണത്തോടെ തിരിച്ചു വരുന്ന ഒരാത്മാവ് പിതൃഭവനത്തിന്റെ അടുത്തെത്തുമ്പോൾ ഒരിക്കലും ചിന്തിക്കാത്ത ഒരു കാഴ്ച കാണും.
വഴിയിലേക്ക് കണ്ണു നട്ടിരിക്കുന്ന ക്ഷീണിതനായ ഒരു പിതാവിനെ…
തിരിച്ചു വന്ന മകന് അപ്പാ എന്നൊന്ന് വിളിക്കാൻ പോലും നേരം കിട്ടുന്നതിന് മുൻപേ വേഗം എണീറ്റ് വഴിയിലേക്ക് വന്നു തന്റെ മകനെ പഴയ കുഞ്ഞെന്നത് പോലെ കെട്ടിപ്പിടിക്കുന്നു.
ആ മകനെ കാണുമ്പോൾ ആദ്യം ആ കുഞ്ഞിനെ കണ്ടതും കയ്യിൽ എടുത്തതും കണ്മുൻപിൽ കൊഞ്ചി കളിച്ചതും വളർന്നതും ഒക്കെ ആ പിതാവിന്റെ മനസിലൂടെ കടന്നു പോയിക്കാണും.
തന്റെ മകന് എത്ര പ്രായം ആയാലും ഒരു അപ്പന് അവൻ കുഞ്ഞ് തന്നെ.
എത്ര വലിയ തെറ്റിനും സ്നേഹം പരിഹാരം കാണും.
അകന്നു പോകാതെ ചേർന്ന് നിൽക്കണം എന്ന് മാത്രം
പിതാവിനെ ഒത്തിരി നാളുകൾ കൂടി കണ്ട മകൻ ഉള്ളിൽ പറഞ്ഞുറപ്പിച്ച വാചകങ്ങൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്.
എന്നാൽ മകനെ ചേർത്ത് പിടിച്ചു മാറോടണച്ചു അവനെ സ്വീകരിക്കാൻ പരിചാരകരെ വിളിച്ചു പറഞ്ഞേല്പിക്കുന്നതിനിടയിൽ
അപ്പന് മകന്റെ ക്ഷമാപണം കേൾക്കാൻ എവിടെ നേരം!
മാത്രമല്ല മകൻ ദൂരേയ്ക്ക് പോയപ്പോൾ അപ്പന്റെ ഹൃദയവും കൂടെ പോയതിനാൽ
അപ്പന്റെ ഹൃദയത്തിൽ മകനോട് ക്ഷമിക്കാൻ ഒന്നുമുണ്ടായിരുന്നുമില്ലല്ലോ.
സ്നേഹത്തിൽ അലിഞ്ഞു കണ്ണുകളിൽ കരുണയുമായി നിൽക്കുന്ന അപ്പനെ കണ്ടു ആ കരവലയങ്ങളിൽ അമർന്നു നിന്ന ആ മകന്റെ ഹൃദയം പതുക്കെ തണുത്തു. അതിൽ സമാധാനം നിറഞ്ഞു
എതിർക്കാതെ പരിചാരകർ കൊണ്ട് വന്ന പുതു വസ്ത്രം ധരിച്ചു, മോതിരമിട്ടു, ചെരുപ്പിട്ടു, ഒരുക്കപ്പെട്ട വിരുന്നിൽ പ്രവേശിച്ചു. പിതാവിന്റെ ആഹ്ലാദത്തിൽ ഹൃദയപൂർവ്വം പങ്കുചേർന്നു.
ഇത് പോലെ തന്നെയല്ലേ, ഒത്തിരി നാൾ കഴിഞ്ഞു ദൈവത്തിന്റെ പക്കലേയ്ക്ക് തിരിച്ചു വരുന്ന ഒരു പ്രിയ മകൻ / മകൾ.
കുമ്പസാരക്കൂട്ടിൽ തന്റെ പാപങ്ങൾ ഓർത്തു വിതുമ്പി, അനുതാപത്തിന്റെ ആഴത്തിൽ വാക്കുകൾക്ക് വേണ്ടി പരതി നിൽക്കുമ്പോൾ മഹത്വപൂർണനായ അത്യുന്നതനായ ദൈവം ഒരു സാധാരണ പിതാവായി മാറുന്നു.
ഈശോ നേടിത്തന്ന പാപക്ഷമയിൽ നിന്നുള്ള ഓഹരിയിൽ നമ്മുടെ പരിഹാരവും പൂർണമാകുമ്പോൾ ഹൃദയത്തിൽ പരിശുദ്ധാത്മാവിന്റെ അത്യുന്നതശക്തി കടന്നു വന്നു മുറിഞ്ഞു തകർന്ന ആത്മാവിനെ ഞൊടിയിടയിൽ പൂർവ്വശോഭയിൽ പുന:സ്ഥാപിക്കുന്നു.
നമ്മുടെ ആത്മാഭിമാനം അവിടുന്ന് പുന:സ്ഥാപിക്കുന്നു.
മാലാഖാമാർ വന്നു പ്രത്യാശ പകരുന്ന മാമോദീസവസ്ത്രം ധരിപ്പിക്കുന്നു. എന്നേയ്ക്കും അവിടുത്തെ മണവാട്ടിയായി ആത്മാവിനെ വിശ്വാസത്തിന്റെ മോതിരം ഇടുവിക്കപ്പെടുന്നു. പരിശുദ്ധിയുടെ ദൈവികമായ ഉന്നതിയിൽ നിൽക്കുമ്പോൾ പൊടുന്നനെ കാൽകീഴിൽ ആയിപ്പോയ ലോകത്തിലും അതിന്റെ പാപമാർഗങ്ങളിലും ഇനിയും ചവിട്ടാതെ ഇരിക്കുവാൻ ദൈവിക ശരണത്തിന്റെ സ്വർഗീയ പാദരക്ഷകൾ ധരിപ്പിക്കപ്പെടുന്നു.
കുമ്പസാരം ദൈവപിതാവിന്റെ അടുത്തു നമുക്കുള്ള ദൈവമക്കളുടേതായ സ്വാതന്ത്ര്യവും സർവഅവകാശങ്ങളും പുന:സ്ഥാപിക്കുന്നതിനാലും അനുതപിച്ച പാപങ്ങൾ ക്രിസ്തുവിന്റെ തിരുരക്തത്തിൽ വീണു എന്നേയ്ക്കും അലിഞ്ഞു പോയതിനാലും മാത്രം പരിശുദ്ധ ത്രിത്വത്തിന്റെ സ്വർഗീയ മഹത്വത്തിലും സ്വർഗവാസികളുടെയും സർവ പ്രപഞ്ചത്തിന്റെയും ആഹ്ലാദത്തിലും പങ്കു ചേർന്ന് മുന്നോട്ട് ചെന്ന് എനിക്കായി /നമുക്കായി ദൈവത്തിന്റെ ഏക ജാതനും ദൈവവചനവും മനുഷ്യാവതാരം ചെയ്തവനുമായ യേശു ക്രിസ്തു രൂപാന്തരപ്പെട്ടു ദിവ്യകാരുണ്യമായ തിരുവോസ്തി പരിശുദ്ധ കുർബാനയുടെ ആഹ്ലാദാരവങ്ങൾക്കിടയിൽ പൂർണസന്തോഷത്തോടെയും കൃതജ്‌ഞതയോടെയും സ്വീകരിക്കുവാൻ നമുക്കാവുന്നു.
പിന്നീടങ്ങോട്ട് പ്രസാദവരത്തിൽ ആയിരിക്കുന്നിടത്തോളം നാൾ ദൈവിക ഭവനത്തിൽ പരിശുദ്ധ കുർബാനയിൽ നാം വസിക്കുന്നു.
ഏതെങ്കിലും കാരണവശാൽ പാപം ചെയ്തു കൃപ നഷ്ടപ്പെടും വരെ…
ധൂർത്ത പുത്രൻ പിതാവിൽ നിന്നകന്നു ദൂരേയ്ക്ക് പോയി എന്ന് വായിക്കുമ്പോൾ എത്ര ദൂരേക്ക് എന്ന് പറയുന്നില്ല
എന്നാൽ നാം ചെയ്യുന്ന പാപത്തിന്റെ ഗൗരവമനുസരിച്ചു നാം അകലുന്ന ദൂരത്തിന്റെ അളവ് കൂടാം. തിരിച്ചു വഴി നടക്കുന്നത് മനുഷ്യനാൽ അസാധ്യമാണെന്ന് തോന്നും വിധം ഒരൊറ്റ നിമിഷം കൊണ്ടു മരണത്തിനപ്പുറത്തേയ്ക്ക് മനുഷ്യാത്മാവിനെ ജീവിച്ചിരിക്കുമ്പോൾ എറിഞ്ഞു കളയുന്ന മാരക പാപങ്ങൾ ഉണ്ട്.
എന്നാൽ നാം ചെയ്യുന്ന പാപത്തിന്റെ ഗൗരവമനുസരിച്ചു നാം അകലുന്ന ദൂരത്തിന്റെ അളവ് കൂടാം. തിരിച്ചു വഴി നടക്കുന്നത് മനുഷ്യനാൽ അസാധ്യമാണെന്ന് തോന്നും വിധം ഒരൊറ്റ നിമിഷം കൊണ്ടു മരണത്തിനപ്പുറത്തേയ്ക്ക് മനുഷ്യാത്മാവിനെ ജീവിച്ചിരിക്കുമ്പോൾ എറിഞ്ഞു കളയുന്ന മാരകപാപങ്ങൾ ഉണ്ട്.
ദൈവത്തിന്റെ കരുണയൊന്നു കൊണ്ട് മാത്രമേ അവർക്ക് തിരിച്ചു വരവുള്ളൂ. കാരണം മാരകപാപത്തിൽ കഴിയുന്ന ആത്മാവ് ഉള്ളവന് തന്റെ ആത്മാവ് പാപത്താൽ മൃതമാണെന്ന് സ്വയം അറിയില്ലല്ലോ.
അത് കൊണ്ടാണ് എല്ലാ ദിവസവും കർശനമായ ആത്മ ശോധന ആവശ്യം ആയിരിക്കുന്നത്.
തന്റെ ആത്മാവ് സുസ്ഥിതിയിൽ ആണോ എന്ന് അന്വേഷിക്കേണ്ടത് ഓരോ ആത്മാവിന്റെയും സ്വന്തം കടമയാണ്.
ഭൂമിയിലെ നമ്മുടെ അവസാനനിമിഷം വരെ നമ്മുടെ പരിശ്രമം കൊണ്ടു കുമ്പസാരത്തിലൂടെ, ദൈവകൃപയാൽ നേടിയെടുക്കാവുന്ന അളവില്ലാത്ത ദൈവകരുണ നമ്മുടെ സമീപസ്ഥമാണ്.
എന്നാൽ മരണ നിമിഷം മുതൽ ദേഹം വിട്ട ആത്മാവ് ദൈവത്തിന്റെ പരിശുദ്ധിയിലേക്കുയരുന്നു.
അന്ന് വരെ കണ്ടിട്ടില്ലാത്ത ആർദ്രമായ സ്നേഹപ്രകാശത്തിന്റെ മനോഹാരിതയിൽ അവിടുന്നുമായി ഒന്നായി ചേരാൻ ആത്മ സ്ഥിതി എന്തായാലും ആർത്തിയോടെ ചെന്നടുക്കുന്ന ആത്മാവിനെ അടുത്ത് ചെല്ലും തോറും ദൈവിക പ്രകാശത്തിന്റെ തീവ്രതയിൽ അതിനു സ്വയം വെളിവാകുന്ന ആത്മസ്ഥിതി അതിനെ മുന്നോട്ടു പോകുന്നതിൽ നിന്നും തടയുന്നു.
ഭൂമിയിൽ നാം പരിശുദ്ധി നഷ്‌ടപ്പെടുമോ എന്നോർത്തു ഭയക്കുന്നു. കുറെ ചെളിവെള്ളം കിടന്നാൽ വെള്ളവസ്ത്രം അതിൽ മുട്ടാതെ സൂക്ഷിച്ചു വഴി നടക്കുന്നു. സൂര്യൻ മറയാറാകുമ്പോൾ പതിയെ പകലിനെ വിഴുങ്ങുന്ന ഇരുളിന്റെ കരങ്ങളുടെ മറവിൽ നാം അത്ര വെള്ള വസ്ത്രം അല്ല ധരിച്ചിരിക്കുന്നതെങ്കിലും പ്രകാശകുറവിനാൽ അത് വെളിവാകുന്നില്ല.
എന്നാൽ മരണത്തിനപ്പുറം ഇരുളിന് വിലയില്ല, കാരണം ദൈവത്തിന്റെ അത്യുന്നത മഹത്വത്തിന്റെ പ്രകാശ സാന്നിധ്യത്തിൽ അവിടുത്തെ പരിശുദ്ധിയുടെ പ്രകാശത്തിൽ ഇരുൾ ഭയക്കും, പ്രകാശത്തിന്റെ രശ്മികൾ വന്നു തന്നെ ഇല്ലാതാക്കാതിരിക്കാൻ ഇരുൾ ഒളിക്കും. പാപമെന്ന ഇരുൾ ഉള്ളിൽ പേറുന്ന പാപിയും അങ്ങനെ തന്നെ.
ദൈവത്തിന്റെ പരിശുദ്ധിയെ ഉൾപ്രാപിക്കാൻ തീവ്രമായ ആഗ്രഹം ഉണ്ടെങ്കിലും അതിനു സ്വയം കഴിയാത്ത അവസ്ഥ, അകന്നു പോകുന്ന അവസ്ഥ, തനതു വിധിയിൽ ഒരു നിമിഷം കൊണ്ടുണ്ടാകുന്ന ആത്മാവിന്റെ ജ്ഞാനപ്രകാശനത്തിൽ അതിനു മനസിലാകും ഇതല്ലായിരുന്നു തനിക്കായി സ്നേഹപിതാവ് ഒരുക്കിയിരുന്ന പദ്ധതി, അവിടുത്തെ സ്നേഹത്തിലേയ്ക്ക് പ്രവേശിക്കുക എന്നതായിരുന്നു എന്ന്.
മാരകപാപത്തിൽ ആയിരിക്കുന്ന പാപിയുടെ നിത്യ നിരാശ എത്ര ആഴത്തിൽ ഉള്ളതായിരിക്കും!
ചെറു ശുദ്ധീകരണമാവശ്യമുള്ള ആത്മാക്കൾ ഒരു മനുഷ്യന് ദൈവത്തിന്റെ സ്നേഹത്താൽ പ്രാപിക്കാവുന്ന അവസാനത്തെ ദൈവകരുണയുടെ സംഭരണശാലയായ ശുദ്ധീകരണ സ്ഥലത്തേയ്ക്ക് പോകുമ്പോഴും കണ്ണു നിറഞ്ഞു ഓർക്കും. ഇതല്ലായിരുന്നു അവിടുത്തെ പദ്ധതി. അവിടുത്തെ സ്നേഹത്തിലേയ്ക്ക് പ്രവേശിക്കുക എന്നതായിരുന്നു എന്ന്.
ഈശോ മിശിഹാ കർത്താവിന്റെ മനുഷ്യാവതാരവും ജീവിതവും പെസഹായും പീഡാനുഭവവും കുരിശു മരണവും ഉയിർപ്പും പരിശുദ്ധ കുർബാനയും എന്നൊക്കെ എന്നും കേൾക്കുന്നുണ്ട് നമ്മൾ!
ശുദ്ധീകരണ സ്ഥലമെന്നും സ്വർഗ്ഗമെന്നും നരകമെന്നും കേൾക്കുന്നുണ്ട് നമ്മൾ!
കേൾക്കുന്നു, പോകുന്നു, കേട്ടത് മറക്കുന്നു…
ഇന്ന് മരിച്ചാൽ എവിടെയാണ് എന്റെ നിത്യത എന്ന് നിരന്തരം നോക്കേണ്ടത് ആരാണ്! ഞാൻ മാത്രമല്ലെ!
ഒരു വിദേശ രാജ്യത്തിൽ അവിടുത്തെ വിസ കാലാവധി തീരും മുൻപേ പുതുക്കാൻ നാം നെട്ടോട്ടമോടും.
വേണ്ട പേപ്പർ വർക്ക് ഇല്ലാതെ അവിടെ നിൽക്കാൻ പറ്റില്ല,
കോവിഡ് പോലെ ഏതെങ്കിലും ലോക വ്യാപകമായി തീർന്നേക്കാവുന്ന പകർച്ച വ്യാധികൾ വരുമ്പോൾ ലോകം ഒന്നായി അതിനെതിരെ പ്രതിരോധമേർപ്പെടുത്തി സുരക്ഷിതർ ആകാൻ വെമ്പൽ കൊള്ളുന്നതും ലോകരാജ്യങ്ങൾ അതിർത്തികൾ അടയ്ക്കുന്നതും ആളുകൾ ഭവനങ്ങളുടെ വാതിലുകൾ അടയ്ക്കുന്നതും സമാധാനം കൊടുക്കാനും അഭിവാദ്യം ചെയ്യാനും പരസ്പരം നീട്ടിയിരുന്ന കരങ്ങൾ പിൻവലിക്കപ്പെട്ടു നിശ്ചിത പരിധിക്കപ്പുറത്തേയ്ക്ക് മാറി മുഖവും വായും കണ്ണും മൂടിക്കെട്ടിയ
ആവരണങ്ങൾക്കുള്ളിൽ മനുഷ്യൻ മറയുന്നത് ഒറ്റയ്ക്കായി പോകുന്നത് നമ്മൾ കണ്ടതാണ്.
എന്തിനായിരുന്നു!
ഭൗമിക മരണം കുറെ നാളത്തേക്ക് ഒഴിവാക്കാൻ…
എന്നാൽ നൂറ്റാണ്ടുകളായി ദൈവവചനം പറയുന്നു. ഒരു നിത്യ നരകമുണ്ട്.
തിരുസഭ പഠിപ്പിക്കുന്നു…
ഒരു നിത്യ നരകമുണ്ട്…
എന്നാൽ നാം അവിടെ പോകേണ്ട ആവശ്യമില്ല…
ഈശോ നമ്മെ എന്നേക്കുമായി നിത്യജീവനിലേയ്ക്ക് രക്ഷിച്ചിരിക്കുന്നു.
നമ്മുടെ സാഹചര്യത്തിൽ, നമ്മുടെ നിസാരമായ അറിവിലും കഴിവിലും നിന്നു, പരിശുദ്ധ കുർബാന സ്വീകരിക്കുവാൻ മാത്രം പര്യാപ്തമായ നിരന്തര പ്രസാദവരത്തിൽ ഒരുവൻ ശ്രദ്ധയോടും ഭക്തിയോടും കൂടെ ആയിരുന്നാൽ, ഈശോയുടെ ശരീരവും രക്തവും യോഗ്യതയോടെ ഉൾക്കൊണ്ടാൽ നാം അവിടുന്നിൽ വസിക്കുകയും എന്നേയ്ക്കും ജീവിക്കുകയും ചെയ്യും.
ഓ! പ്രസാദവരത്തിന്റെ അവസ്ഥയിൽ മരിക്കുന്ന ഒരു ആത്മാവിന്റെ സ്വർഗ്ഗ പ്രവേശം!
അത് മനുഷ്യ ബുദ്ധിയിൽ ഊഹിക്കാനാവില്ല!
ദൈവത്തിന്റെ പരിശുദ്ധിയിലേക്ക് സ്വീകരിക്കപ്പെടുന്ന ആത്മാവിന് അവാച്യമായ ആനന്ദം അനുഭവപ്പെടുന്നു!
അത് വേറേ ഒന്നും തന്നെയാണെന്ന് ഞാൻ വിചാരിക്കുന്നില്ല, ഭൂമിയിൽ ആയിരുന്നപ്പോൾ മനുഷ്യ ബുദ്ധിയിൽ നിന്നും അതിന്റെ ചേതനകളിൽ നിന്നും മറയ്ക്കപ്പെട്ടിരുന്ന പരിശുദ്ധകുർബാനയുടെ മാധുര്യമേറിയതും യഥാർത്ഥത്തിൽ നടന്നുകൊണ്ടിരുന്നതുമായ സ്വർഗീയമായ അനുഭവം ആത്മാവിന് പൂർണമായും വെളിപ്പെടുന്നു !
ഒന്നും കാണാതെ തന്നെ തിരുവോസ്തി നോക്കി അത് തന്റെ പ്രാണനും നിത്യരാജകുമാരനും തോഴനും രക്ഷകനും സൃഷ്ടാവുമായ ഈശോ ആണെന്ന് വിശ്വസിച്ചു അതേ രീതിയിൽ അവിടുത്തോട് ജീവിതകാലം ചേർന്ന് നിന്നു സ്നേഹിച്ച ഒരാത്മാവിന് എന്തൊരു ആശ്വാസമായിരിക്കും സ്വർഗ്ഗമഹത്വത്തിൽ അവിടുത്തേ ദർശിക്കുമ്പോൾ!
കടുത്ത ഞെരുക്കങ്ങളിലും വിശ്വസ്തയായിരുന്ന ആത്മാവ് എത്രയോ സന്തോഷവതി ആയിരിക്കും ആ നിമിഷങ്ങളിൽ!
ഒന്ന് മാത്രമേ അതിനു പറയാൻ കാണൂ,
നന്ദി എന്റെ നാഥനും കർത്താവുമായവനെ, അങ്ങേയ്ക്ക് നന്ദി!
സർവമാലാഖമാരുടെയും സഹവിശുദ്ധരുടെയും അകമ്പടിയോടു കൂടി അനിർവചനീയമായ സന്തോഷത്തിൽ ആർദ്രയായി അത്യുന്നതസ്വർഗ്ഗത്തിന്റെ ഉള്ളറകളിലേയ്ക്ക് ആത്മാവ് നയിക്കപ്പെടുമ്പോൾ അത് മന്ത്രിക്കും
“അവന്റെ മൊഴികള്‍ അതിമധുരമാണ്; എല്ലാം കൊണ്ടും അഭികാമ്യനാണ് അവന്‍ . ജറുസലെം പുത്രിമാരേ, ഇതാണ് എന്റെ പ്രിയന്‍, ഇതാണ് എന്റെ തോഴന്‍.”
(ഉത്തമഗീതം 5 : 16)
തിരിച്ചു വരുന്ന പാപിയെ കുറിച്ചും വിധിയെക്കുറിച്ചും ഒക്കെ നാം പല ധ്യാനത്തിലും ചിന്തിച്ചിട്ടുണ്ട് എങ്കിലും ചിന്തിക്കാതെപോയ ഒരു വിഷയമുണ്ട്.
പിതാവിന്റെ ഭവനത്തിലെ മൂത്ത മകന്റെ വിഷയം.
ചിലപ്പോൾ ഒക്കെ നാം ദൈവത്തിന്റെ ഭവനത്തിൽ ആയിരിക്കുമ്പോൾ, ഈശോയുടെ സ്നേഹം യഥേഷ്ടം എടുക്കുമ്പോൾ, തിരിച്ചു വരുന്ന ഒരു പാപിയായ മകനെ ഓർത്തു പിതാവ് ആശ്വസിച്ചു സന്തോഷിച്ചു ആഹ്ലാദിക്കുമ്പോൾ മൂത്ത മക്കളായ നമുക്ക് ചിലപ്പോൾ എങ്കിലും പൂർണമായി സന്തോഷിക്കാൻ ആകുന്നില്ലേ!
ചിന്തിക്കാം
ഉദാഹരണത്തിന് നമ്മൾ ഒരു ധ്യാനത്തിന് പോകുന്നു എന്നിരിക്കട്ടെ. പ്രയാസങ്ങളും പ്രതിസന്ധികളും അതാതു കാലങ്ങളിൽ എല്ലാവർക്കും ഉണ്ടല്ലോ.
എന്നാൽ വളരെ ബുദ്ധിമുട്ടി നമ്മൾ ധ്യാനത്തിന് പ്രതീക്ഷകൾ കൂമ്പാരം കൂട്ടി ആയിരിക്കാം പോകുന്നത്.
ഹൃദയം പൊട്ടിപ്പോകുമാറു ഭാരങ്ങളുമായി നമ്മൾ ദൈവവചനങ്ങൾ കേൾക്കുമ്പോൾ ആയിരിക്കും ഒരു പക്ഷെ ആരെങ്കിലും പ്രത്യേകമായ വിധത്തിൽ അനുഗ്രഹിക്കപ്പെടുന്നത് കാണുമ്പോൾ നമ്മുടെ മുഖം അറിയാതെ വാടി എന്നിരിക്കും.
കാരണം നമ്മളും ഏതെങ്കിലും അത്യാവശ്യത്തിൽ ആയിരിക്കും.
പെട്ടെന്ന് മനസ്സിൽ ചോദ്യങ്ങൾ ഉയരും.
എന്ത് കൊണ്ടാണ് ഞാൻ പ്രത്യേകമായ വിധത്തിൽ അനുഗ്രഹിക്കപ്പെടാത്തത്?
ഓരോ ധ്യാനങ്ങളിലും എത്രയോ പേർക്ക് വരങ്ങളും ദാനങ്ങളും കൃപകളും പ്രത്യേകമായി നല്കപ്പെടുന്നു!
ദർശന വരം ലഭിച്ചവർ ഈശോയെയും മാതാവിനെയും കാണുന്നു!
ഭാഷാവരം ലഭിച്ചവർ ഉച്ചത്തിൽ പല ഭാഷകളിൽ പ്രാർത്ഥിക്കുന്നു!
രോഗികൾ എണീറ്റു നടക്കുന്നു
പരിശുദ്ധ കുർബാനയുടെ ആരാധനയുടെ സമയത്ത് അനേക അത്ഭുതങ്ങൾ ഓരോരുത്തർക്കും സംഭവിക്കുന്നു.
എന്നിട്ടും….
നമുക്ക് മാത്രം ഒരു മാറ്റവുമില്ല…
നാം പ്രത്യേകമായി ആ ധ്യാനത്തിലോ അവസരത്തിലോ പ്രകടമായ കൃപകളാൽ നിറയുന്നതായി നമ്മിൽ അനുഭവപ്പെടുന്നില്ല
നമ്മിൽ മാത്രം ആന്തരികമായി ചലനമില്ല.
നമ്മുടെ ഹൃദയം മാത്രം നിശബ്ദമായി പ്രതിഷേധിക്കുന്നു.
വേദനിക്കുന്നു…
ഈശോയെ,എന്ത് കൊണ്ടാണ് എനിക്ക് മാത്രം ആത്മീയാനുഗ്രഹങ്ങൾ ഒന്നും പ്രത്യേകമായി ലഭിക്കാത്തത്!
മൂത്ത പുത്രൻ പണി ചെയ്ത് ക്ഷീണിച്ചു വയലിൽ നിന്നു തിരിച്ചു വരുമ്പോൾ തന്റെ വീട്ടിലെ വലിയ ആഹ്ലാദത്തിന്റെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും സ്വരം കേട്ട് ഒരു വേലക്കാരനോട് കാര്യം അന്വേഷിക്കുന്നുണ്ട്.
വേലക്കാരൻ നിന്റെ സഹോദരൻ തിരിച്ചു വന്നത് കൊണ്ടാണ് എന്ന് മറുപടി കൊടുത്തു.
എന്നിട്ട് കൂട്ടിച്ചേർത്തു.
അവനെ തിരിച്ചു കിട്ടിയത് കൊണ്ട് നിന്റെ പിതാവ് കൊഴുത്ത കാളക്കുട്ടിയെ കൊന്നിരിക്കുന്നു.
ആ ഒരു നിമിഷത്തിൽ മൂത്ത പുത്രന്റെ ഹൃദയം ഒന്ന് വിങ്ങി..
കണ്ണുകൾ നിറഞ്ഞു…
എനിക്ക് മാത്രം ഒന്നുമില്ലല്ലോ എന്നവൻ ഓർത്തു….
മുഖം വാടി അവൻ പുറത്ത് തന്നെ നിന്നു..
എന്തിനു ഞാനിനി വീട്ടിൽ കയറണം.
അവനുമായി മകൻ തിരിച്ചു വന്നതിന്റെ സന്തോഷം പങ്കു വയ്ക്കാൻ കാത്തിരുന്ന പിതാവ് മൂത്ത പുത്രൻ വന്നെന്നറിഞ്ഞു പുറത്തിറങ്ങി വന്നു.
അവനോടു കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു.
എന്നാൽ ഹൃദയം മുഴുവൻ വിഷണ്ണമായി സ്നേഹ ശൂന്യമായി ഇരുന്ന അവൻ പിതാവിനോട് പറയുന്നത് പിതാവ് അവനു കൊടുക്കാത്തതിന്റെ കണക്കുകളാണ്.
ചോദിക്കുന്നത് ഞാൻ എത്രയോ കൊല്ലം നിന്റെ ദാസൻ ആയിരുന്നു എന്നാണ്.
ഒരിക്കലും പിതാവിനെ ധിക്കരിക്കാത്ത ഒരു ദാസൻ.
ആ ദാസന് എന്തുകൊണ്ട് ഒരിത്തിരി നേരം ആഹ്ലാദിക്കാൻ ഒരു കുഞ്ഞാടിനെ പോലും നീ തന്നില്ല….
എന്നാൽഒത്തിരി കൊടുത്തിട്ടും സർവ്വതും നശിപ്പിച്ച മറ്റേ മകൻ ഒന്നുമില്ലാതെ തിരിച്ചു വന്നപ്പോൾ നീ പിന്നെയും നൽകികൊണ്ടിരിക്കുന്നു!
ഇതേ രീതിയിൽ അല്ലേ നമ്മളും ചിന്തിക്കുന്നത്!
എത്രയോ നാളുകളായി നമ്മൾ ക്രൈസ്തവ വിശ്വാസത്തിൽ ജനിച്ചു ക്രൈസ്തവ വിശ്വാസത്തിൽ വളർന്നു ക്രൈസ്തവ വിശ്വാസത്തിൽ ജീവിക്കുന്നു.
നമുക്കാവുന്നത്രയും നന്നായി, ദൈവകല്പനകൾ പാലിച്ചു, പ്രാർത്ഥനകൾ ചൊല്ലി, ദൈവാലയ കർമങ്ങളിൽ പങ്കെടുത്തു ജീവിക്കുന്നു.
നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ കാര്യത്തിന് ഒരു കുറവും നാം അറിഞ്ഞു കൊണ്ട് വരുത്തിയിട്ടില്ല.
എന്നാൽ എന്ത് കൊണ്ട് ഒരിക്കലും ദൈവിക കാര്യങ്ങൾക്ക് വേണ്ടി സമയം ചിലവഴിക്കാതെ ഇഷ്ടം പോലെ ജീവിച്ചിട്ട് പെട്ടെന്നൊരു ദിവസം ദൈവത്തിങ്കലേയ്ക്ക് തിരിയുമ്പോൾ കൃപകളുടെ കൂമ്പാരം അവരുടെ മേൽ വീഴുന്നത് എന്ന് നാം ചിലപ്പോൾ ചിന്തിച്ചു പോകും.
മൂത്ത പുത്രനോട് പിതാവ് കൊടുത്ത മറുപടി.
എന്റെ മകനെ നീ എന്നോട് കൂടെ എപ്പോഴും ഉണ്ടല്ലോ, എനിക്കുള്ളതെല്ലാം നിന്റേതാണ്
ഇപ്പോൾ നമ്മൾ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും വേണം. കാരണം എന്നേയ്ക്കും നഷ്‌ടപ്പെടുന്ന രീതിയിൽ നിന്റെ സഹോദരൻ മൃതനായിരുന്നു. അവനിപ്പോൾ ജീവിക്കുന്നു. നഷ്‌ടപ്പെട്ടിരുന്നു. ഇപ്പോൾ കണ്ടു കിട്ടിയിരിക്കുന്നു.
നമുക്ക് ഇതിൽ നിന്നും രണ്ടു മൂന്നു പാഠങ്ങൾ ഉണ്ട് എന്ന് ഞാൻ ചിന്തിച്ചു.
ഒന്നാമത് കാണിക്കുന്നത് ഒരു മനുഷ്യവ്യക്തി പാപത്തിൽ നിന്നും പിന്തിരിഞ്ഞു തിരിച്ചു വരുമ്പോൾ സ്വർഗത്തിൽ ഉണ്ടാകുന്ന സന്തോഷം ആ മനുഷ്യ വ്യക്തിയുടെ വില അത്രയ്ക്കുണ്ടെന്നു കാണിക്കുന്നു.
ഒരു ആത്മാവിന്റെ വില അനന്തമാണ്.
മനുഷ്യ ബുദ്ധിയ്ക്ക് അതീതമാണ്.
അത് കൊണ്ട് ആത്മാവിൽ ദരിദ്രനായി ഒരു പാപി ദൈവസ്നേഹത്തിലേയ്ക്ക് തിരിച്ചു വരുമ്പോൾ സ്വർഗീയദാനങ്ങൾ ശൂന്യമായ ആ ആത്മാവിലേയ്ക്ക് സ്വഭാവികമായി ഒഴുകി നിറയുന്നു.
ഇതൊക്കെ നമ്മളിൽ ചിലർ എങ്കിലും കേട്ടിട്ടുണ്ട്.
എന്നാൽ രണ്ടാമത്തെ പാഠം നമ്മൾ അത്ര ചിന്തിച്ചിട്ട് കാണുകയില്ല.
എന്ത് കൊണ്ടാണ് നമ്മുടെ കണ്ണിൽ മുന്നിൽ ചിലർക്ക് മാത്രം അനുഗ്രഹങ്ങൾ കിട്ടുന്നത്, നമുക്ക് കിട്ടാത്തത് എന്നുള്ള കാര്യം…
ഒരു ദർശന വരമോ രോഗശാന്തിയോ ഭാഷാവരമോ മറ്റു കൃപകൾ എന്തെങ്കിലുമോ ചിലരിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നൽകുമ്പോൾ നാം ഓർക്കേണ്ടത് ചില കൃപകൾ കിട്ടാൻ ചിലരുടെ തക്ക സമയം ആയി എന്നുള്ളതും കൂടെയാണ്.
എന്നാൽ വേറൊരു രഹസ്യവുമുണ്ട്.
ആ നിമിഷങ്ങളിൽ നമുക്ക് സ്വയം അനുഭവപ്പെടുന്നില്ല എങ്കിലും ദിവ്യകാരുണ്യ ഈശോ സത്യമായും വസിക്കുന്നതിനാൽ നമ്മുടെ ഹൃദയം സമ്പൂർണ ദൈവകൃപകളാൽ നിറഞ്ഞിരുന്നാൽ അതിൽ പിന്നെയും എങ്ങനെ പുതു കൃപകൾ നിറയും!
അതാണ് പിതാവ് മൂത്തപുത്രനെ പറഞ്ഞു മനസിലാക്കാൻ നോക്കുന്നത്.
എന്റെ കുഞ്ഞേ നീ എന്റെ കൂടെയല്ലേ, എന്റേതെല്ലാം നിന്റെ അല്ലേ
അത് പോലെ എനിക്കൊന്നുമില്ലല്ലോ എന്ന് ഒരു നിമിഷം ഓർത്താൽ പോലും ദൈവപിതാവ് നമ്മോടു സ്നേഹത്തോടെ പറയും.
എന്റെ പൊന്നു കുഞ്ഞേ, നീ എപ്പോഴും എന്റെ കൂടെയല്ലേ, എനിക്കുള്ളത് മുഴുവനും നിന്റേതു കൂടെയല്ലേ!
മൂത്ത പുത്രൻ പിതാവിന്റെ ഭവനത്തിൽ സ്വയം വിശേഷിപ്പിച്ചത് ദാസൻ എന്നാണ്
അവനു ഒരു മകൻ എന്ന അർത്ഥം മനസിലായില്ല
അവൻ ഓർത്തത് പിതാവ് തരുമ്പോൾ മാത്രം സ്വന്തമാകുന്നതാണ് പിതാവിന്റെ സ്വത്ത് എന്നാണ്
എന്നാൽ ഒരു മകൻ ജനിക്കുമ്പോൾ തന്നെ പിതാവിന്റെ സർവ്വസ്വത്തിനും അവകാശി ആണ്. ഒരു മകന് തന്റേതെന്നത് പോലെ അത് എപ്പോൾ വേണമെങ്കിലും അധികാരത്തോടെ ഉപയോഗിക്കാം.
എന്നാൽ മൂത്ത പുത്രൻ തന്നെ ഒരു മകന്റെ സ്ഥാനത്തു കാണാത്തതു കൊണ്ടും പിതാവിന്റെ കല്പനകൾ പാലിക്കുന്ന ഒരു ദാസനായി കണ്ടത് കൊണ്ടും അത്രയും വർഷങ്ങൾ അവനു എന്താണ് നഷ്‌ടപ്പെട്ടത്?
ഒരു പുത്രന്റെ അവകാശം…
ഒരു പുത്രന്റെ സ്വാതന്ത്ര്യം…
ഒരു പുത്രന്റെ സമ്പന്നത…
ഒരു പുത്രന്റെ ആന്തരിക ആനന്ദം…
എന്നാൽ നമ്മുടെ കാര്യത്തിലേയ്ക്ക് തിരിച്ചു വരാം.
“കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. “
(1 യോഹന്നാന്‍ 3 : 1)
ദൈവമക്കൾ ആണ് നമ്മൾ.
അതായത് ഈശോ വഴി അത്യുന്നതനായ ദൈവത്തിന്റെ യഥാർത്ഥ മക്കൾ.
ഭൂമിയിൽ ആയിരിക്കുമ്പോഴും ദൈവികമായി ജീവിക്കേണ്ടവർ.
മാമോദീസ വഴി ദൈവരാജ്യത്തിന്റെ സർവ അവകാശങ്ങളും സ്വായത്തമാക്കിയവർ
സൃഷ്ടാവായ ദൈവത്തിന്റെ പൊന്നുമക്കൾ
കാവൽ മാലാഖാമാർ പൊന്നു പോലെ ശ്രദ്ധിച്ചു സൂക്ഷിച്ചു കൊണ്ടു നടക്കുന്നവർ.
“എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്‌ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്ധകാരത്തില്‍നിന്നു തന്റെ അദ്‌ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്‍മകള്‍ പ്രകീര്‍ത്തിക്കണം.”
(1 പത്രോസ് 2 : 9)
ലോകത്തിന്റെ പ്രകാശമായ ദിവ്യകാരുണ്യത്തിൽ വസിക്കുന്ന നാളുകൾ അത്രയും പ്രകാശിതരായവർ!
“തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി.
അവര്‍ ജനിച്ചതു രക്തത്തില്‍നിന്നോ ശാരീരികാഭിലാഷത്തില്‍നിന്നോ പുരുഷന്റെ ഇച്ഛയില്‍ നിന്നോ അല്ല, ദൈവത്തില്‍ നിന്നത്രേ. “
(യോഹന്നാന്‍ 1 : 12-13)
“യേശുക്രിസ്‌തുവിലുള്ള വിശ്വാസംവഴി നിങ്ങളെല്ലാവരും ദൈവപുത്രന്‍മാരാണ്.”
(ഗലാത്തിയാ 3 : 26)
“ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്‍മാരും പുത്രികളും ആയിരിക്കും എന്നു സര്‍വശക്തനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.”
(2 കോറിന്തോസ് 6 : 18)
“ദൈവാത്‌മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്‍മാരാണ്.
നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണു നാം ആബാ – പിതാവേ – എന്നു വിളിക്കുന്നത്.
നാം ദൈവത്തിന്റെ മക്കളാണെന്ന് ഈ ആത്മാവു നമ്മുടെ ആത്മാവിനോട് ചേര്‍ന്ന് സാക്‌ഷ്യം നല്‍കുന്നു.
നാം മക്കളെങ്കില്‍ അവകാശികളുമാണ്; ദൈവത്തിന്റെ അവകാശികളും ക്രിസ്‌തുവിന്റെ കൂട്ടവകാശികളും. എന്തെന്നാല്‍, അവനോടൊപ്പം ഒരിക്കല്‍ മഹത്വപ്പെടേണ്ടതിന് ഇപ്പോള്‍ അവനോടുകൂടെ നാം പീഡയനുഭവിക്കുന്നു.”
(റോമാ 8 : 14-17)
ശൈശവം മുതൽ 7 വയസ് വരെയുള്ള കാലങ്ങളിൽ അനുദിനം ആദ്യകുർബാനയ്ക്ക് വേണ്ടി അറിഞ്ഞും അറിയാതെയും മാതാപിതാക്കളിലൂടെയും സാഹചര്യങ്ങളിലൂടെയും ഇടവകയിലൂടെയും ദൈവവചനത്തിലൂടെയും പരിശുദ്ധ അമ്മയിലൂടെയും സവിശേഷമായി ഒരുക്കപ്പെട്ടവർ.
കുമ്പസാരത്തിന്റെ വിടുതലും സ്ഥൈര്യലേപനത്തിന്റെ ഉറപ്പിക്കലും ലഭിച്ചവർ
പരിശുദ്ധ കുർബാന എന്ന മഹാവിരുന്നിൽ പങ്കെടുക്കാനും അതുൾക്കൊള്ളാനും മാമോദീസയുടെ വിവാഹ വസ്ത്രം ധരിച്ചവർ.
ചെറുപ്പം മുതൽ ഈശോയുമായി ദിവ്യകാരുണ്യത്തിൽ ഒന്നായി മാറി തിരുസഭയുടെ എല്ലാ അംഗങ്ങളോടുമൊപ്പം പരസ്പരം സ്നേഹബന്ധിതരായി ക്രിസ്തുവിൽ ഒരുമിച്ചു വളരുന്നവർ.
പരിശുദ്ധ അമ്മ എന്ന ഈശോയുടെ അമ്മ, സ്വന്തം അമ്മയായി ഉള്ളവർ.
പരിശുദ്ധാത്മാവിന്റെ ജനം ആയതിനാൽ അക്ഷയ കൃപകളുടെ കലവറ സ്വന്തമായിട്ടുള്ളവർ
വിശുദ്ധരും ശുദ്ധീകരണാത്മാക്കളും ഉൾപ്പെടുന്ന സഹോദരങ്ങളുടെ സ്നേഹാധിക്യത്തിൽ സ്നേഹം വാങ്ങിയും കൊടുത്തും ജീവിക്കുന്നവർ.
എല്ലാത്തിലും ഉപരി ദൈവപിതാവിന്റെ ഓമന മക്കൾ.
എന്താണ് നമ്മുടെ കുറവ്!
എന്താണ് നമുക്ക് ഈശോയിൽ ഇല്ലാത്തത്?
എന്റെ കുഞ്ഞേ, നീ എന്നോട് കൂടെയല്ലേ.
ചിന്തിക്കാം..
ദൈവമക്കൾ എന്നുള്ള ആന്തരിക സ്വാതന്ത്ര്യം നമുക്കുണ്ടോ?
ഒരു പക്ഷെ ലോകത്തിനു മുന്നിൽ നാം നിസാരരും ഭൗതികമായ അഭിവൃദ്ധിയ്ക്കുള്ള കണക്ക് കൂട്ടൽ കുറഞ്ഞവരും ആയിരിക്കും.
നമ്മുടെ സാധാരണ ജീവിതത്തിൽ ഒരു പക്ഷെ അസാധാരണമായി ദൈവിക ഇടപെടൽ ഒന്നും തന്നെ നമ്മൾ ശ്രദ്ധിച്ചില്ല എന്ന് വരും.
ചിലപ്പോൾ ലോകത്തിൽ മറ്റ് ആളുകളുടെ ഇടയിൽ മറഞ്ഞു പോകത്തക്ക വിധം ആന്തരിക നിസാരതയിലേയ്ക്ക് നാം നിശബ്ദരായി എന്ന് വന്നേക്കാം.
ആത്മാവിൽ വലിയ സങ്കടം തോന്നും ആ സമയങ്ങളിൽ.
മൂത്ത പുത്രനെ പോലെ.
എന്നെ എന്തിനു കൊള്ളാം എന്ന് ചിന്തിച്ചു പോകും
എന്തിനു ഞാൻ ഇങ്ങനെ ജീവിക്കുന്നു എന്നോർത്തെന്നു വരാം
എന്നാൽ ദിവ്യകാരുണ്യത്തിന് മുന്നിൽ തന്റെ തകർന്ന ഹൃദയം ആയിരിക്കുന്ന അവസ്ഥയിൽ തുറക്കുന്ന ആരുടെയും ഹൃദയം പിന്നീട് സ്നേഹ ശൂന്യമാകുകയില്ല.
ദൈവത്തിന്റെ പരിശുദ്ധാത്മാവ് വലിയ ദയവോടെ ഹൃദയത്തിൽ ബോധ്യങ്ങൾ തന്നു തുടങ്ങും.
ഒന്നാമത്തെ ബോധ്യം ഞാൻ( ഓരോ മനുഷ്യരും ) അത്യുന്നതനായ പരിശുദ്ധത്രിത്വത്തിന്റെ പൊന്നുമകൾ ആണെന്നുള്ളതാണ്
എന്റെ ജീവിതത്തെ കുറിച്ച് വ്യക്തമായ പ്ലാൻ ഉള്ള ഒരു അപ്പന്റെ മകൾ.
ഇത് വരെയുള്ള എന്റെ ഭൗതികജീവിതത്തിൽ ദൈവിക പദ്ധതി പ്രകാരമുള്ള എന്റെ ആത്മീയ രൂപാന്തരീകരണത്തിന്റെ അവസ്ഥ കണ്ടു സന്തോഷിക്കുന്ന ഒരു അപ്പന്റെ മകൾ.
മൂത്ത മകനോട് അപ്പൻ എന്റെ കുഞ്ഞേ നീ എന്റെ കൂടെയല്ലേ എന്റേതല്ലാം നിന്റേതുമല്ലേ എന്ന് ചോദിച്ചപ്പോൾ അവനത് മനസ്സിലായോ ഇല്ലയോ എന്ന് നാം വായിക്കുന്നില്ല
എന്നാൽ പരിശുദ്ധാത്മാവ് ആശ്വാസപ്രദനും സഹായകനും ആകയാൽ ഈ വിഷയം ലളിതമായി പറഞ്ഞു തരുമ്പോൾ നമ്മുടെ ആത്മാവിൽ നമുക്ക് നന്നായി മനസിലാകും
അതായത് ഭൂമിയിലെ ഒരു സമ്പന്നന്റെ മകൾക്ക് സാമ്പത്തികമായി യാതൊന്നിനും കുറവ് വരാത്തത് പോലെ ദൈവത്തിന്റെ മക്കൾക്ക് ഈ ഭൂമിയിൽ ദൈവിക പദ്ധതി അനുസരിച്ചു ഒരു കുറവും ഉണ്ടാകുകയില്ല.
ഭൗതികവും ആത്മീയവും ആയ കാര്യങ്ങൾ ഓരോന്നും അതാതു സമയത്ത് അതാത് അളവിൽ കൂട്ടി ജീവിതത്തോട് ദൈവപരിപാലനയിൽ കൂട്ടി ചേർക്കപ്പെടും.
“ദൈവത്തിന്റെ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്.”
(1 പത്രോസ് 5 : 6)
ഒരു കുഞ്ഞ് അപ്പന്റെ ചാരെ നിൽക്കുമ്പോൾ അതിനു ആവശ്യമുള്ളതെല്ലാം കിട്ടുന്നത് പോലെ നമ്മുടെ മുന്നിൽ ദൃശ്യനായ ദിവ്യകാരുണ്യത്തോട് നാം ആത്മാവ് കൊണ്ടും മനസ് കൊണ്ടും ചേർന്ന് നിൽക്കണം.
ദിവ്യകാരുണ്യ ഈശോയെ നാം സ്വീകരിക്കുമ്പോൾ അവിടുത്തെ സർവ മഹിമയും നമ്മുടെ സ്വന്തമാണ്. നമ്മുടേതായതെല്ലാം അവിടുത്തേതും.
നമ്മുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പ്രതീക്ഷകളും സ്വപ്നങ്ങളും ആവശ്യങ്ങളും അവിടുത്തേ മുന്നിൽ അനാവൃതമാണ്.
എന്നാൽ ദൈവഹിതം നമ്മുടെ ജീവിതത്തിൽ ഭരണം നടത്താൻ വേണ്ടി അവിടുന്ന് നമ്മുടെയും മറ്റ് മനുഷ്യരുടെയും ജീവിതത്തിലെ കാര്യങ്ങൾ സ്നേഹത്തോടെ ക്രമീകരിക്കുന്നു.
ഉദാഹരണത്തിന് പരിശുദ്ധാത്മാവിന്റെ അഭിഷേകസമയത്ത് ചിലർക്ക് പ്രകടമായി തന്നെ ആത്മീയാനുഭവങ്ങൾ ഉണ്ടാകും.
ഭാഷാ വരത്തിൽ സ്തുതിക്കാൻ തുടങ്ങും.
ദർശനങ്ങൾ കാണും.
ചിലർ പുറകോട്ട് മറിഞ്ഞു വീഴും, പരിശുദ്ധാത്മാവിൽ ഉറങ്ങും.
അത് പോലെ കാണുന്നവർക്ക് ബോധ്യം ജനിപ്പിക്കുന്ന രീതിയിൽ വലിയൊരു ആത്മാവിന്റെ പകരൽ നടക്കും.
എന്നാൽ എത്ര ധ്യാനം കൂടിയിട്ടും യാതൊരു ആത്മീയ അനുഭവവും ഇല്ലാതെ നിൽക്കുന്ന മൂത്ത പുത്രന്മാർ എത് ധ്യാനത്തിലും കാണും.
ഇതൊക്കെ കാണുമ്പോൾ അവരുടെ ഹൃദയത്തിന് സങ്കടം വരും.
എന്നാലും ഞാൻ ഇത്രയും നാളും ഏറ്റവും സ്നേഹത്തോടെ ജീവിച്ചിട്ട് ഒരു കൃപ പോലും പരിശുദ്ധാത്മാവ് എനിക്ക് തന്നില്ലല്ലോ എന്നോർത്തു കണ്ണു നിറയും
ചുരുക്കം ചില സമയങ്ങളിൽ ഈ ചിന്തയിൽ മനം കുടുങ്ങി പോകുന്നത് കൊണ്ട് ധ്യാനം മുഴുവനും ശ്രദ്ധിക്കാൻ പറ്റാതെ കിട്ടാത്ത കാര്യങ്ങളെ ഓർത്തു മനം കലങ്ങി, ഒന്നും നേടാതെ, വീട്ടിലേക്ക് ഹൃദയഭാരത്തോടെ തിരിച്ചു പോകാനും സാധ്യതയുണ്ട്.
എന്നാൽ യാഥാർഥ്യം എന്താണ്
എന്താണ് പരിശുദ്ധാത്മാവിന്റെ അപരിമേയമായ ശക്തി!
മാമോദീസയുടെ അവകാശങ്ങൾ നമ്മിൽ ഉറപ്പിച്ചു കൊണ്ട് അവർണനീയ സ്നേഹത്തോടെ പരിശുദ്ധാത്മാവ് നമ്മിലേയ്ക്ക് സ്ഥൈര്യലേപനത്തിലൂടെ കടന്നു വരുന്നത് നമ്മുടെ ജീവിതത്തെ ദൈവിക പദ്ധതിപ്രകാരം അതിമനോഹരമായി രൂപാന്തരപ്പെടുത്തുന്നതിനാണ്.
ഏതു വസ്തുവും Mould ചെയ്യപ്പെടണമെങ്കിൽ സങ്കീർണമായ രൂപാന്തരീകരണ പ്രക്രിയയിലൂടെ കടന്നു പോകണം.
ഓരോന്നും വ്യത്യസ്തമാണ്
എന്നാൽ നാം ജീവനുള്ള മനുഷ്യരാണ്.
നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ദൈവപിതാവിന്റെ മക്കളുടെ സ്വർഗീയമഹിമയ്ക്കനുസൃതം നമ്മുടെ വ്യക്തിത്വങ്ങളെ ഉന്നതമായി രൂപാന്തരപ്പെടുത്താനാണ് പരിശുദ്ധാത്മാവു ശ്രമിക്കുന്നത്.
ചില സമയം ചില കൃപകൾ സ്വീകരിക്കുവാൻ വർഷങ്ങളോളം പരിശുദ്ധാത്മാവ് ഒരുക്കും
ചില കൃപകൾ നേരത്തെ തന്നിട്ടുണ്ടെങ്കിലും അത് ലോകത്തിനു മുൻപിൽ പ്രകടമാക്കുവാൻ സമയം ആകാത്തതിനാൽ അവിടുന്ന് നമ്മെ മറച്ചു വയ്ക്കും.
“തീരദേശങ്ങളേ, വിദൂരജനതകളേ, എന്റെ വാക്കു കേള്‍ക്കുവിന്‍: ഗര്‍ഭത്തില്‍ത്തന്നെ എന്നെ കര്‍ത്താവ് വിളിച്ചു. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്‌തു.
എന്റെ നാവിനെ അവിടുന്ന് മൂര്‍ച്ചയുള്ള വാളുപോലെയാക്കി. തന്റെ കൈയുടെ നിഴലില്‍ അവിടുന്ന് എന്നെ മറച്ചു; എന്നെ മിനുക്കിയ അസ്‌ത്ര മാക്കി, തന്റെ ആവനാഴിയില്‍ അവിടുന്ന് ഒളിച്ചുവച്ചു.
ഇസ്രായേലേ, നീ എന്റെ ദാസനാണ്, നിന്നില്‍ ഞാന്‍ മഹത്വം പ്രാപിക്കും എന്ന് അവിടുന്ന് അരുളിച്ചെയ്‌തു.”
(ഏശയ്യാ 49 : 1-3)
ഇങ്ങനെ ആത്മീയ കൃപകൾ ഒന്നും പുറമെ പ്രകടമാകാതെ ഹൃദയത്തിൽ മറയ്ക്കപ്പെട്ടിരിക്കുന്നു എങ്കിലും ഇന്ന് വരെയുള്ള ജീവിതത്തെ നമ്മൾ ഒന്ന് പുനർ വിചിന്തനം ചെയ്താൽ അത്ഭുതകരമായി നമുക്ക് ഒരു കാര്യം മനസിലാകും.
വ്യക്തിപരമായി ദൈവം നമ്മെ നയിച്ച ജീവിത വഴികളിൽ എത്രയോ ദൈവപരിപാലന നാം അനുഭവിച്ചിട്ടുണ്ട് എന്ന്.
മാതാപിതാക്കളെ കാൾ ഉപരിയായി സഹോദരങ്ങളെക്കാളും ഉപരിയായി സഹപാഠികളെക്കാളുപരിയായി പ്രിയപ്പെട്ട എല്ലാവരെയും കാൾ ഉപരിയായി നമ്മെ സ്നേഹിച്ചതും നയിച്ചതും പരിപാലിച്ചതും അത്യുന്നതനായ ദൈവം തന്നെയായിരുന്നു എന്ന്
നമുക്കുള്ളതെല്ലാം അവിടുന്ന് തന്നു കൊണ്ടിരുന്നു എന്ന്
ചിലപ്പോൾ നമ്മുടെ മാനുഷിക കണ്ണുകൾ ചെറിയ ദൂരമേ കാണൂ
എന്നാൽ ദൈവപിതാവിന് നമ്മെ സംബന്ധിച്ച നിത്യത വരെയും കാണാമല്ലോ
നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളും പരിശുദ്ധാത്മാവു കൊരുത്തൊരുക്കുന്നത് ഓരോ നിമിഷവും നമ്മെ ദൈവമക്കളുടെ പ്രസാദവരത്തിന്റെ അവസ്ഥയിൽ നിലനിറുത്തി ഒടുവിൽ നിത്യതയിലെ അവർണനീയമായ ദൈവസ്നേഹത്തിന്റെ ഒന്നാകലിലേയ്ക്ക് ശുദ്ധീകരണമോ ശിക്ഷയോ ഇല്ലാതെ നമ്മെ സത്വരം നയിക്കുവാൻ വേണ്ടിയാണ്.
പരിശുദ്ധാത്മാവിന്റെ ചെറിയൊരു സമ്മാനം മാത്രമാണ് വരങ്ങൾ…
നാം കാണുന്നവ മാത്രമല്ല അപൂർവമായ ഇനിയും വെളിപ്പെടാത്ത എത്രയോ അനുഗ്രഹങ്ങൾ അവിടുത്തെ പക്കൽ ഉണ്ട്
എന്നാൽ അതിലും പ്രധാനം പരിശുദ്ധാത്മാവിനാൽ പൂരിതരായ നമ്മളിൽ അവിടുത്തേ ഫലങ്ങൾ ഉണ്ടോ എന്നുള്ളതാണ്
“എന്നാല്‍, ആത്‌മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്‍മ, വിശ്വസ്‌തത,
സൗമ്യത, ആത്മസംയമനം ഇവയാണ്. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല.”
(ഗലാത്തിയാ 5 : 22-23)
നമ്മിൽ മറ്റുള്ളവരിൽ ഉള്ളതിലും സ്നേഹം ഉണ്ടായിരുന്നോ എന്നാലോചിക്കാം.
പരിശുദ്ധാത്മാവിന്റെ സാന്നിധ്യം ആയിരുന്നു നമ്മിൽ സ്നേഹം നിറച്ചത്!
നമ്മിൽ പ്രത്യേകിച്ച് കാരണം ഒന്നുമില്ലാതെ ഈശോ നമ്മുടെ നാഥൻ ആയത് കൊണ്ട് മാത്രം നമുക്ക് സന്തോഷിക്കാൻ പറ്റുന്നുണ്ടായിരുന്നോ?
ആന്തരികമായ ആ ആനന്ദം പരിശുദ്ധാത്മാവ് തന്നതായിരുന്നു!
ജീവിതത്തിൽ തകർന്ന് പോയേക്കുമെന്ന് ഉറപ്പു തോന്നിയ സന്ദർഭങ്ങളിലും നമ്മിൽ ഉള്ളിൽ സമാധാനം ഉണ്ടായിരുന്നോ…
അത് പരിശുദ്ധാത്മാവിന്റെ ഫലം ആയിരുന്നു!
ഒരു തരത്തിലും ക്ഷമിക്കാൻ പറ്റാത്ത സമയങ്ങളിൽ ദുർഘടമായ നിമിഷങ്ങളിൽ വളരെ ശാന്തതയോടെ നിൽക്കാൻ നമുക്ക് പറ്റിയിട്ടുണ്ടോ?
പരിശുദ്ധാത്മാവായിരുന്നു നമ്മെ താങ്ങിയത്!
അസാധാരണമായി ആരുമറിയാതെ ദയ കാണിക്കാൻ നമുക്ക് പറ്റിയോ അതിനു പ്രേരിപ്പിച്ചത് പരിശുദ്ധാത്മാവായിരുന്നു!
നന്മ ചെയ്യേണ്ടിയിടത്തു നാം നന്മ ചെയ്തോ! ആരാണ് ഓർമിപ്പിച്ചത്! മനുഷ്യരാണോ! പരിശുദ്ധാത്മാവല്ലേ!
ചെറിയ കാര്യങ്ങളിൽ പോലുമുള്ള വിശ്വസ്തത ഹൃദയത്തിൽ നിന്നും വരുന്നതാണ്. അത് നൽകിയതും പരിശുദ്ധാത്മാവാണ്!
സൗമ്യത നമ്മിൽ ഉണ്ടായിരുന്നോ?
ആത്മസംയമനം ഉണ്ടായിരുന്നോ?
ഇതിനെല്ലാം അർത്ഥം എല്ലായ്‌പോഴും നാം പരിശുദ്ധാത്മാവിനാൽ പൂരിതരായിരുന്നു എന്നല്ലേ!
വസ്‌ത്രത്തെപ്പറ്റിയും നിങ്ങള്‍ എന്തിന് ആകുലരാകുന്നു? വയലിലെ ലില്ലികള്‍ എങ്ങനെ വളരുന്നു എന്നു നോക്കുക; അവ അധ്വാനിക്കുന്നില്ല, നൂല്‍നൂല്‍ക്കുന്നുമില്ല.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സോളമന്‍പോലും തന്റെ സര്‍വമഹത്വത്തിലും ഇവയില്‍ ഒന്നിനെപ്പോലെ അലംകൃതനായിരുന്നില്ല.
ഇന്നുള്ളതും നാളെ അടുപ്പില്‍ എറിയപ്പെടുന്നതും ആയ പുല്ലിനെ ദൈവം ഇപ്രകാരം അലങ്കരിക്കുന്നെങ്കില്‍, അല്‍പവിശ്വാസികളേ, നിങ്ങളെ അവിടുന്ന് എത്രയധികം അലങ്കരിക്കുകയില്ല!
(മത്തായി 6 : 28-30)
നമ്മുടെ ജീവിതവഴികളിൽ ജ്ഞാനം, ബുദ്ധി, ആലോചന, ആത്മശക്തി, അറിവ്, ഭക്തി, ദൈവഭയം എന്നീ ഏഴുദാനങ്ങൾ വഴി പരിശുദ്ധാത്മാവു എത്രയോ തവണ നമ്മെ ശക്തിപ്പെടുത്തുകയും സ്ഥിരപ്പെടുത്തുകയും ചെയ്തിരിക്കുന്നു!
എന്നാൽ ഇത്രയും നാൾ നാം ജീവിതത്തിൽ സ്വയം കരുതിയത് എങ്ങനെ ആണ് എന്നലോചിക്കാം
ദൈവത്തിന്റെ ദാസനായിട്ടോ അതോ മകൾ ആയിട്ടോ!
ഇനിയും മകളുടെ സ്ഥാനത്തേയ്ക്ക് വന്നിട്ടില്ല എങ്കിലും സാരമില്ല…
ഇപ്പോൾ മുതൽ വരാമല്ലോ.
അങ്ങനെ മകളുടെ സ്ഥാനത്തു ഹൃദയം ഉറപ്പിച്ചു പിതാവായ ദൈവത്തിന്റെ ഓമന മകളായി അവിടുത്തെ മടിയിൽ ഇരുന്നു അവിടുന്നു ഏറെ നാളുകൾക്കു ശേഷം തന്നിലേയ്ക്ക് തിരിയുന്നവരും കൃപകൾ സ്വീകരിക്കാൻ തക്ക സമയമായവരുമായ നമ്മുടെ സഹോദരർക്ക് കൊടുക്കുന്ന കുഞ്ഞുകുഞ്ഞു സമ്മാനങ്ങൾ കാണുമ്പോൾ അത് മതിയായിരുന്നുവോ എന്നൊരു സംശയം നമ്മുടെ മനസിൽ വരും.
കാരണം നാം അവിടുത്തെ മകൾ എന്ന സ്ഥാനത്തേയ്ക്ക് ഹൃദയം കൊണ്ട് ആയതിനാലും അവിടുന്ന് നമ്മിൽ ദിവ്യകാരുണ്യത്തിലൂടെ വസിക്കുന്നതിനാലും നാം അവിടുത്തെ ചിന്തകൾ പോലെ ഉദാരമായി ചിന്തിക്കാൻ തുടങ്ങും എന്ന് സാരം.
അപ്പോൾ ജന്മം മുതൽ മാമോദീസ വഴി ദൈവപിതാവിന്റെ സർവമഹത്വത്തിലും അവകാശികൾ എന്നതിന്റെ അർത്ഥം പരിശുദ്ധാത്മാവു നമ്മുടെ ആത്മാവിൽ മന്ത്രിക്കും.
പിന്നീട് ഉള്ള നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും വളരെ നന്ദി നിറഞ്ഞതായിരിക്കും.
കാരണം ഈശോയുടെ സ്നേഹം ആണല്ലോ നമ്മെ ഈ സ്ഥാനത്തേയ്ക്ക് ഉയർത്തിയത്!
അത് പോലെ ദൈവമക്കൾ എന്നുള്ള സ്ഥാനമെന്ന നിധി മൺകുടം പോലുള്ള നമ്മുടെ ദുർബല പ്രകൃതിയിൽ ആണ് തന്നിരിക്കുന്നത്.
പ്രസാദവരത്തിന്റെ അവസ്ഥയിൽ പരിശുദ്ധിയിൽ ആയിരിക്കുക എന്നത് മനുഷ്യന് അസാധ്യമാണ് എന്നാൽ പരിശുദ്ധാത്മാവിന് സാധ്യമാണ്
തളർന്നു പോയേക്കാം… ചിലപ്പോഴൊക്കെ…
തകരാൻ തുടങ്ങിയേക്കാം…
നമ്മൾ കടന്നു പോകുന്ന അവസ്ഥ മനുഷ്യരോട് പറഞ്ഞാൽ അവർക്ക് മനസിലായില്ല എന്ന് വന്നേക്കാം.
എന്നാൽ ഈശോയിലേയ്ക്ക് ഒന്ന് തിരിഞ്ഞാൽ ഒന്നും മിണ്ടുക പോലും വേണ്ടാ
അവിടുത്തേയ്ക്ക് നമ്മെ പൂർണമായി മനസിലാകും…
നമ്മുടെ ഹൃദയഭാരം അവിടുത്തെ തിരുഹൃദയത്തിലേയ്ക്ക് നാമറിയാതെ പകരപ്പെടും.
“അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.
(മത്തായി 11 : 28-30)
നമ്മുടെ ഹൃദയം അവിടുത്തെ സ്നേഹത്താൽ നിറയുകയും ചെയ്യും.
“സര്‍വശക്‌തന്റെ സന്നിധിയിലേക്കു തിരിച്ചു വരുകയും നിന്നെത്തന്നെ എളിമപ്പെടുത്തുകയും ചെയ്യുമെങ്കില്‍, നിന്റെ കൂടാരത്തില്‍ നിന്ന് അനീതിയെ നീ അകറ്റിക്കളയുമെങ്കില്‍,
സ്വര്‍ണത്തെ പൊടിയിലും ഓഫീര്‍പ്പൊന്നിനെ നദീതടത്തിലെ കല്ലുകള്‍ക്കിടയിലും എറിയുമെങ്കില്‍,
സര്‍വശക്തന്‍ നിനക്ക് സ്വര്‍ണവും വിലപിടിച്ച വെള്ളിയും ആകുമെങ്കില്‍,
നീ സര്‍വശക്തനില്‍ ആനന്ദിക്കുകയും ദൈവത്തിന്റെ നേരേ മുഖമുയര്‍ത്തുകയും ചെയ്യും.
നീ അവിടുത്തോടു പ്രാര്‍ത്ഥിക്കുകയും അവിടുന്ന് ശ്രവിക്കുകയും ചെയ്യും; നിന്റെ നേര്‍ച്ചകള്‍ നീ നിറവേറ്റും.
നീ തീരുമാനിക്കുന്ന കാര്യം നിനക്കു സാധിച്ചുകിട്ടും; നിന്റെ പാതകള്‍ പ്രകാശിതമാകും.”
(ജോബ് 22 : 23-28)
ആമേൻ
നമുക്ക് കണ്ടു വിശ്വസിക്കാൻ നമ്മുടെ മുന്നിൽ ലോകത്തിൽ ആയിരിക്കുന്ന ദിവ്യകാരുണ്യ ഈശോയെ സന്തത സഹചാരി ആക്കാം.
അവിടുത്തെ കൂടെക്കൂടെ സാധ്യമാകുമ്പോൾ എല്ലാം സന്ദർശിച്ചു തുടങ്ങാം.
അവിടുത്തോട് സാധാരണ സുഹൃത്തിനോട് എന്നത് പോലെ സംസാരിക്കാം.
അവിടുത്തെ പക്കൽ നിശബ്ദരായി ഇരുന്നു അവിടുന്നു നമ്മോടു പറയുന്നത് കേൾക്കാം.
നമ്മുടേതായ രീതിയിൽ അവിടുത്തെ സ്നേഹിതരാകാം.
ഒരു കാര്യം ഉറപ്പാണ്.
“അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല.”
(സങ്കീര്‍ത്തനങ്ങള്‍ 34 : 5)
ആമേൻ
ദിവ്യകാരുണ്യത്തെ നോക്കും തോറും പരിശുദ്ധ കുർബാനയുടെ ആത്മീയ രഹസ്യങ്ങൾ പരിശുദ്ധാത്മാവ് തക്ക സമയത്തു ലളിതമായി നമ്മുടെ ആത്മാവിൽ വെളിപ്പെടുത്തും.
ഈശോ എല്ലാത്തിനും നമുക്ക് നിത്യതയോളം മതിയായവനാണെന്നും നമുക്ക് മനസിലാകും.
അങ്ങനെയാണ് ദിവ്യകാരുണ്യ ഈശോയുടെ മുന്നിൽ നമുക്ക് ആവശ്യങ്ങളില്ലാതെ ആകുന്നത്, ആനന്ദം മാത്രമാകുന്നത്.
ആ അറിവിൽ നാം ഒരു പ്രാർത്ഥനയ്ക്കോ ധ്യാനത്തിനോ കൂടുമ്പോൾ ഹൃദയം നിറയെ ഈശോയോട് കൂടി ആയിരിക്കുന്ന സന്തോഷം ആയിരിക്കും.
പരിശുദ്ധ അമ്മയോടും ആയിരമായിരം മാലാഖാമാരോടുമൊത്തു അവിടുത്തെ സ്തുതിക്കുന്നതിന്റെ മാധുര്യം നാം അറിയും.
മക്കളും സൃഷ്ടികളും സ്നേഹിതരുമായ നമ്മുടെ കൊച്ച് സ്നേഹത്തിൽ മഹത്വപ്പെടുന്ന ദിവ്യകാരുണ്യഈശോ അവിടുത്തെ തിരുഹൃദയത്തിന്റെ സ്നേഹം നമ്മുടെ ആത്മാവിൽ നിറയ്ക്കും.
അത് വഴി നാം ആത്മീയ നിറവുള്ളവരാകുകയും ദൈവികസ്നേഹത്താൽ പൂരിതരാകുകയും ചെയ്യും.
“നീതിമാനായ വിധിയാളനും നിഗൂഢമായവയെ വെളിപ്പെടുത്തുന്നവനുമായ കര്‍ത്താവിന്റെ മാര്‍ഗങ്ങളെ അവര്‍ വാഴ്‌ത്തി.”
(2 മക്കബായര്‍ 12 : 41)
ആമേൻ


Leave a comment