ദിവ്യകാരുണ്യം: അനുദിനം മുറിയപ്പെടുന്ന സ്നേഹം

പരിശുദ്ധ കുർബാനയായി എന്തിനാണ് ഈശോ രൂപാന്തരപ്പെട്ടത്? ഭംഗിയുള്ള ഒരു തൂവെള്ള അപ്പമായി അൾത്താരയിൽ സ്വർണവർണമുള്ള അരുളിക്കയിൽ നമ്മെ നോക്കി ഇരിക്കാൻ വേണ്ടിയാണോ?

അല്ല….

ഓരോ മക്കളുടെയും ആത്മാവിലും ശരീരത്തിലും വന്നു അവരുടെ വിശപ്പും ദാഹവും അകറ്റി ഭൗതികമായതും നിത്യമായതുമായ പോഷണം കൊടുക്കാൻ വേണ്ടിയാണ്.

ഓരോ പരിശുദ്ധ കുർബാനയിലും ഒരുക്കത്തോടെ പങ്കെടുക്കുന്ന മക്കളുടെ അടുത്തേയ്ക്ക് പരിശുദ്ധ കുർബാന വഹിക്കുന്ന വൈദികന്റെ കയ്യിൽ നിന്നും നമ്മിലേക്ക്‌ കുതിച്ചു ചാടുമെന്നുള്ള അത്രയും വെമ്പലോടെ ആണ് നമ്മെ കാണുമ്പോൾ ദിവ്യകാരുണ്യത്തിൽ അലയടിക്കുന്ന സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും തിരതള്ളൽ!

നമ്മോടുള്ള അവിടുത്തെ അവർണനീയമായ സ്നേഹം അത്രയധികമാണ്!

മുറിയുന്നതാണ് നമ്മുടെ സങ്കടം…

എന്നാൽ മുറിയപ്പെടാത്തതാണ് ദിവ്യകാരുണ്യഈശോയുടെ സങ്കടം!

ഒരു നവജാതശിശു വിശന്നു കരയുമ്പോൾ അതിനു അതിന്റെ അമ്മ പാൽ കൊടുക്കുന്നു. അമ്മയുടെ ജീവരക്തം തന്നെയാണ് പാലായി മാറുന്നത്.

കുഞ്ഞ് പാല് കുടിച്ചു വയറു നിറച്ചു ഉറങ്ങുന്നത് കാണുമ്പോൾ അമ്മയ്ക്കുണ്ടാകുന്ന സന്തോഷത്തോടൊപ്പം കുഞ്ഞ് പാല് കുടിച്ചു കഴിയുമ്പോൾ കുഞ്ഞിനായി പാൽ നിറഞ്ഞു വിങ്ങിയ മാറിനും ആശ്വാസമാകും.

എന്നാൽ ഏതെങ്കിലും കാരണവശാൽ കുഞ്ഞിന് പാൽ കുടിക്കാൻ പറ്റാതായാൽ സ്വാഭാവികമായും മാറിൽ പാല് നിറയുന്നതിനാൽ ആ അമ്മ ആകെ അസ്വസ്ഥയാകും. അസഹ്യമായ വേദനയിലൂടെ അമ്മ കടന്നു പോകും.

എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
യോഹന്നാന്‍ 3 : 16

പിതാവായ ദൈവം നാം നശിച്ചു പോകാതെ, ഭക്ഷിച്ചും പാനം ചെയ്തും അവനിൽ വസിച്ചും ജീവൻ പ്രാപിക്കുന്നതിനു വേണ്ടി അവിടുത്തെ ഏക ജാതനെ, ഈശോയെ, നൽകാനും മാത്രം നമ്മെ സ്നേഹിച്ചു.

അവിടുന്ന് നൽകിയത് എന്താണ്!

പരിശുദ്ധ പരമ ദിവ്യകാരുണ്യം!

ഒരമ്മയും സാധാരണ ഗതിയിൽ തന്റെ കുഞ്ഞിനെ തന്റെ മാറിൽ പാലുള്ളപ്പോൾ മരണത്തിലേയ്ക്ക് തള്ളി വിടില്ല.

നമ്മുടെ ദൈവവും അങ്ങനെ തന്നെ….

ലോകത്തിൽ ദിവ്യകാരുണ്യം ഉള്ളപ്പോൾ ഒരു മനുഷ്യനും നിത്യ വിശപ്പ് അനുഭവിക്കില്ല.

എന്നാൽ ദൈവാലയം നിറഞ്ഞിരിക്കുന്ന ജനങ്ങളിൽ ഒരുവനെങ്കിലും ഒരുക്കത്തോടെ പരിശുദ്ധ കുർബാന സ്വീകരിക്കാതെ കുർബാന വിരുന്നിൽ ഭാഗഭാക്കാതെ ഇറങ്ങിപ്പോയാൽ ഒരുപക്ഷെ മനുഷ്യൻ ശ്രദ്ധിക്കില്ലായിരിക്കും.

എന്നാൽ സക്രാരിയിലേയ്ക്ക് തിരിച്ചു പോകുന്ന തിരുപ്പാത്രങ്ങളിൽ മുറിയപ്പെടാതെ അവശേഷിക്കുന്ന വാഴ്ത്തപ്പെട്ട തിരുവോസ്തികളുടെ അവാച്യവും നിശബ്ദവുമായ വേദന….

പരിപൂർണ ജീവനുള്ള അവിടുത്തെ പിടയ്ക്കുന്ന ഹൃദയത്തിന്റെ മിടിപ്പുകൾ ഒരു പക്ഷെ അവിടുത്തെ തിരികെ സക്രാരിയിലേയ്ക്ക് നയിക്കുന്ന വൈദികൻ പോലും അറിയണം എന്നില്ല.

എന്നാൽ പുത്രന്റെ അഗാധദുഃഖം ദൈവപിതാവ് അറിയുന്നു. പരിശുദ്ധാത്മാവിനെ അത് ദുഃഖിപ്പിക്കുന്നു.

ഓരോ പരിശുദ്ധ കുർബാന നടക്കുന്ന അൾത്താരകളിലും യഥാർത്ഥത്തിൽ സന്നിഹിതയായ പരിശുദ്ധ മറിയം അതറിയുന്നു.

ദൈവാലയത്തിലെ പരിശുദ്ധ കുർബാനയുടെ തിരുക്കർമങ്ങളിൽ സജീവമായി പങ്കാളികളായ പരിശുദ്ധ മാലാഖാമാർ സങ്കടത്തോടെ മുഖം കുനിക്കുന്നു.

വിശുദ്ധർ സങ്കടപ്പെടുന്നു…

പരിശുദ്ധ കുർബാനയിൽ അർപ്പിക്കപ്പെട്ട ഈശോയുടെ തിരുരക്തത്തിന്റെ ഒരു തുള്ളി എങ്കിലും കിട്ടാനായി സ്നേഹ ദാഹത്തോടെ ഓരോ പരിശുദ്ധ കുർബാനയിലും വരാൻ അനുവദിക്കപ്പെട്ട ശുദ്ധീകരണാത്മാക്കൾ കേണ് പറയാൻ ശ്രമിക്കുന്നു ഓരോ മനുഷ്യരോടും…

അരുതേ…

നിങ്ങൾ പരിശുദ്ധ കുർബാനയെ അവഗണിക്കരുതേ!

“എന്നേക്കുമായി നിന്നെ ഞാന്‍ പരിഗ്രഹിക്കും. നീതിയിലും സത്യത്തിലും സ്‌നേഹത്തിലും കാരുണ്യത്തിലും നിന്നെ ഞാന്‍ സ്വീകരിക്കും.
വിശ്വസ്‌തതയില്‍ നിന്നെ ഞാന്‍ സ്വന്തമാക്കും; കര്‍ത്താവിനെ നീ അറിയും.”
(ഹോസിയാ 2 : 19-20)

ഈശോ നമ്മെ സ്വന്തമാക്കുകയും നാം അവിടുത്തെ അറിയുകയും ചെയ്യുന്ന ഏറ്റവും ഉന്നതമായ അവസ്ഥ ആണ് പരിശുദ്ധ കുർബാന സ്വീകരണം.

ഏശയ്യ പ്രവാചകനുണ്ടായ ദർശനം നാം വായിക്കുന്നു.

അവിടുത്തെ ചുററും സെറാഫുകള്‍ നിന്നിരുന്നു. അവയ്‌ക്ക്‌ ആറു ചിറകുകള്‍ വീതം ഉണ്ടായിരുന്നു. രണ്ടു ചിറകുകള്‍കൊണ്ടു മുഖവും രണ്ടെണ്ണംകൊണ്ടു പാദങ്ങളും അവ മറച്ചിരുന്നു. രണ്ടു ചിറകുകള്‍ പറക്കാനുള്ളവയായിരുന്നു.
അവ പരസ്‌പരം ഉദ്‌ഘോഷിച്ചുകൊണ്ടിരുന്നു: പരിശുദ്ധന്‍, പരിശുദ്ധന്‍, സൈന്യങ്ങളുടെ കര്‍ത്താവ്‌ പരിശുദ്‌ധന്‍. ഭൂമി മുഴുവന്‍ അവിടുത്തെ മഹത്വം നിറഞ്ഞിരിക്കുന്നു.
അവയുടെ ശബ്‌ദഘോഷത്താല്‍ പൂമുഖത്തിന്റെ അടിസ്‌ഥാനങ്ങള്‍ ഇളകുകയും ദേവാലയം ധൂമപൂരിതമാവുകയും ചെയ്‌തു.

ഞാന്‍ പറഞ്ഞു: എനിക്കു ദുരിതം! ഞാന്‍ നശിച്ചു. എന്തെന്നാല്‍, ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്‌.

എന്തെന്നാല്‍, സൈന്യങ്ങളുടെ കര്‍ത്താവായ രാജാവിനെ എന്റെ നയനങ്ങള്‍ ദര്‍ശിച്ചിരിക്കുന്നു.

അപ്പോള്‍ സെറാഫുകളിലൊന്ന്‌ ബലിപീഠത്തില്‍നിന്ന്‌ കൊടില്‍കൊണ്ട്‌ എടുത്ത ഒരു തീക്കനലുമായി എന്റെയടുത്തേക്കു പറന്നു വന്നു.

അവന്‍ എന്റെ അധരങ്ങളെ സ്‌പര്‍ശിച്ചിട്ടു പറഞ്ഞു: ഇതു നിന്റെ അധരങ്ങളെ സ്‌പര്‍ശിച്ചിരിക്കുന്നു. നിന്റെ മാലിന്യം നീക്കപ്പെട്ടു; നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു.”

(ഏശയ്യാ 6 : 2-7)

ഓരോ പരിശുദ്ധ കുർബാനയിലും നമ്മുടെ സാധാരണ എന്നും നാം കാണുന്ന ഇടവക ദൈവാലയത്തിന്റെ അൾത്താരയിൽ വെളിപ്പെടുന്ന സ്വർഗീയ മഹത്വവും സ്വർഗ്ഗവാസികളുടെ സാന്നിധ്യവും നമ്മുടെ ബുദ്ധിക്ക് അതീതമാണ്

ഒരു പക്ഷെ മഹാകരുണയോടെ പരിശുദ്ധ കുർബാനയുടെ മഹത്വം മനുഷ്യ ദൃഷ്ടിയിൽ നിന്നും മറച്ചില്ലായിരുന്നെങ്കിൽ ഒരു മനുഷ്യൻ പോലും ദൈവത്തിന്റെ മഹാ പരിശുദ്ധി കണ്ടു ഭയപ്പെട്ടു അടുത്തു ചെല്ലുമായിരുന്നില്ല.

എന്നാൽ അനുതപിച്ച പാപികൾ എങ്കിലും നിസാരരും എളിമയുള്ളവരുമായ സാധാരണ ആത്മാക്കൾ വളരെ എളുപ്പത്തിൽ അവിടുത്തെ സാന്നിധ്യത്തിലേയ്ക്ക് കൂടുതൽ എളുപ്പത്തിൽ കടന്നു ചെല്ലുന്നത് എന്ത് കൊണ്ടാണ്!

അവരുടെ പാപം ഈശോ ക്ഷമിച്ചപ്പോൾ അവിടുത്തോടുള്ള അവരുടെ സ്നേഹം കൂടി. തങ്ങളുടെ പാപങ്ങളെ കുറിച്ചുള്ള പാപബോധവും അത് ഈശോ പരിപൂർണമായി ക്ഷമിച്ചു എന്ന് ബോധ്യവും ഉള്ള അനുതപിച്ച ഒരു പാപി ആ വ്യക്തിയുടെ ശിഷ്‌ട ജീവിതകാലത്തു പരിശുദ്ധ കുർബാന സ്വീകരിക്കാതെ ഇരിക്കുമോ!

എല്ലാത്തിലും ഉപരി അവരെ പോലെ നിസാരനും ആർക്കും കയ്യിൽ എടുക്കാവുന്നവനുമായി എല്ലാ മനുഷ്യർക്കും പൂർണ വിധേയനായി അവിടുന്നു തന്റെ സ്നേഹത്തിന്റെ തികവിൽ ദിവ്യകാരുണ്യനാഥനായി രൂപാന്തരപ്പെടുന്നു!

“അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്‌നേഹിച്ചു. ആരോട്‌ അല്‍പം ക്ഷമിക്കപ്പെടുന്നുവോ അവന്‍ അല്‍പം സ്‌നേഹിക്കുന്നു.”
(ലൂക്കാ 7 : 47)

നമ്മോടു ഈശോ എന്ത് മാത്രം ക്ഷമിച്ചു എന്നാലോചിക്കാം…

ഒരു പക്ഷെ നമ്മോടു അവിടുന്നു ക്ഷമിച്ചതിന്റെ ആഴവും നമുക്കായി അവിടുന്ന് അനുഭവിച്ച പീഡാസഹനങ്ങളും നമുക്ക് മനസിലായിട്ടില്ലായിരിക്കാം!

പരിശുദ്ധ കുർബാന അർപ്പിക്കപ്പെടുമ്പോൾ അറിയാതെ അവിടുത്തെ സ്നേഹമോർത്തു നമ്മുടെ കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ടോ!

ആലോചിക്കാം!

ഇഹലോകത്തിലും പരലോകത്തിലും നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തി നമ്മെ വ്യക്തിപരമായി കാണാനും നമ്മെ സ്നേഹിക്കാനും നമ്മുടെ കൂടെ നിത്യവും വസിക്കുവാൻ വീട്ടിലേക്കു വരാനുമായി പരിശുദ്ധ കുർബാനയായി നമ്മുടെ അടുത്തേയ്ക്ക് വൈദികന്റെ കരങ്ങളിൽ ഇരുന്നു എഴുന്നള്ളി വരുമ്പോൾ നമ്മുടെ ഹൃദയം സ്നേഹത്താൽ നിറയാറുണ്ടോ!

നമ്മുടെ നാവിൽ എഴുന്നള്ളി വരുന്ന നിമിഷം മുതൽ ഒരു ഗോതമ്പപ്പത്തിന്റെ രൂപത്തിൽ ആയിരിക്കുന്ന അവിടുത്തെ തിരു ശരീരം സ്നേഹത്തിന്റെ ഉമിനീരിൽ അലിഞ്ഞു തുടങ്ങുന്നു

അവിടുന്ന് ചെറുകണികകളായി മാറി, എന്നാൽ തിരുവോസ്തിയുടെ ഓരോ പൊട്ടും പൊടിയും പൂർണരൂപത്തിൽ രൂപാന്തരപ്പെട്ട ഈശോ ആയതിനാൽ അവിടുന്ന് നമ്മിലെ ഓരോ ഇടത്തിലേയ്ക്കും പൂർണതയോടെയും സർവ മഹത്വത്തോടെയും കടന്നു ചെല്ലുന്നു, നമ്മിൽ വസിക്കുന്നു

പരിശുദ്ധ കുർബാന നാവിൽ സ്വീകരിച്ചതിനു ശേഷം നാം ആ നാവ് കൊണ്ടു ആനന്ദത്തോടെ പാടുകയാണോ!

അതോ നിത്യജീവൻ പ്രദാനം ചെയ്യുന്ന ജീവന്റെ അപ്പമായ ഈശോ നമ്മിൽ വസിക്കുന്ന കാര്യം മറന്നു ലോക കാര്യങ്ങൾക്ക് വേണ്ടി സംസാരിക്കുകയാണോ!

പരിശുദ്ധ കുർബാന സ്വീകരണത്തിന് ശേഷം നമ്മുടെ കണ്ണുകൾ എന്താണ് കാണുന്നത്?

നിത്യ ജീവൻ ആണോ?

അതോ ഭൗതികമായ ജീവൻ മാത്രമോ!

പരിശുദ്ധ കുർബാന ഉൾക്കൊണ്ട നമ്മുടെ ഹൃദയത്തിൽ എന്താണ് പിന്നീട് ഉള്ളത്! ഏതിലൂടെയൊക്കെയാണ് നമ്മുടെ ചിന്തകൾ പോകുന്നത്!

ആലോചിക്കാം

പരിശുദ്ധ കുർബാന ഉൾക്കൊണ്ട എന്റെ കരങ്ങൾ നന്മ ചെയ്യാനാണോ ഞാൻ പിന്നീട് ഉപയോഗിക്കുന്നത്!

എന്റെ പാദങ്ങളോ!

അവ നന്മയുടെ പാതയിൽ ആണോ നടക്കുന്നത്!

പരിശുദ്ധ കുർബാന ഉൾക്കൊണ്ട ഒരു വ്യക്തി ഉന്നത പ്രസാദവരത്തിന്റെ അവസ്ഥയിൽ ആണ്.

ഈശോ ആ അവസ്ഥയിലേയ്ക്ക് ഒരുവനെ കൊണ്ടു വരുവാൻ സ്വജീവൻ പകരം നൽകി.
നമ്മുടെ ഭോജ്യമായി.

ആ വരപ്രസാദ സ്ഥിതിയിൽ ആയിരിക്കുമ്പോൾ ഏശയ്യ പ്രവാചകനെ പോലെ നാമും ഓർക്കണം, നിലവിളിക്കണം, എന്റെ ഈശോയെ അങ്ങ് എത്രയോ പരിശുദ്ധൻ!

എന്നാൽ സെറാഫ് ബലിപീഠത്തിൽ നിന്നെടുത്ത തീക്കനൽ കൊണ്ടു ഏശയ്യ പ്രവാചകന്റെ അധരത്തിൽ തൊടുവിച്ചിട്ട് പറഞ്ഞു.

നീ ശുദ്ധനായിരിക്കുന്നു.

നമ്മോടു മാലാഖ അല്ല, ഈശോ തന്നെ ഹൃദയത്തിൽ വസിച്ചു കൊണ്ടു പറയും.

എന്റെ കുഞ്ഞേ, ഞാൻ നിന്നിൽ വന്നില്ലേ, ഇനി എന്റെ പരിശുദ്ധി നിന്നിൽ പകർന്നു കൊള്ളും. എന്റെ സ്നേഹത്തിൽ നീ വസിക്കുക!

നമ്മെ ഈശോയുടെ വാസസ്ഥലമാക്കാൻ മനസോടെ അനുവാദം കൊടുത്തവർ എത്രയോ അനുഗ്രഹീതർ!

എല്ലാം ഈശോയുടെ സ്വന്തം ആണെങ്കിലും നമ്മുടെ ആത്മാവിൽ ഈശോയുടെ സ്വന്തമെന്നത് പോലെ സ്വതന്ത്രമായി പെരുമാറാൻ ഈശോയ്ക്ക് നമ്മുടെ അനുവാദം വേണം.

ഇഷ്‌ടമുള്ളപ്പോൾ ഇഷ്ടമുള്ളത് പോലെ ചെയ്യാനുള്ള പൂർണ സ്വാതന്ത്ര്യം വേണം.

ഈശോ എന്നാൽ സ്നേഹമാണ്

സ്നേഹം പങ്കു വയ്ക്കാനായി അതിൽ തന്നെ ഇരട്ടി ആകുന്ന ഒന്നാണ്

നമ്മൾ കണ്ടിട്ടില്ലേ, കുഞ്ഞിലേ സ്കൂളിൽ പഠിക്കുമ്പോൾ ഒരു ചെറിയ മിഠായിയുടെ മുറി കൊണ്ട് ഒരു ക്ലാസ്സ്‌ മുഴുവനും വലിയ സംതൃപ്തിയോടെ പങ്കു വച്ചിരുന്നത്.

സ്നേഹത്തിൽ ഉള്ള പങ്കു വയ്ക്കലിനെ നിറവുണ്ടാകുകയുള്ളൂ. സംതൃപ്തി ഉണ്ടാകുകയുള്ളൂ

സ്നേഹം ഇല്ലാത്തിടത്തുള്ള പങ്കു വയ്ക്കൽ രണ്ടായി മുറിക്കൽ ആണ്. അത് പൂർണമല്ല, സ്നേഹത്തോടെയുള്ള പങ്കു വയ്ക്കലിൽ ആ പങ്കു കിട്ടുന്നവർക്ക് കൂടുതൽ കിട്ടിയതായി തോന്നും. കിട്ടിയത് കൂടിപ്പോയതായും തോന്നും

അതിനാൽ തന്നെ കിട്ടിയതിൽ നിന്നു കിട്ടിയവരും പങ്കു വച്ചു തുടങ്ങും.

പരിശുദ്ധ കുർബാനയിൽ അങ്ങനെ ഒരു പങ്കു വയ്ക്കലാണ് നടക്കുന്നത്

ഒരു മനുഷ്യൻ പൂർണമനസോടെ തിരുവോസ്തി ഉള്ളിൽ സ്വീകരിക്കുമ്പോൾ ഒരു പ്രപഞ്ചത്തിന് ഉൾക്കൊള്ളുന്നതിലും കൂടുതൽ സ്നേഹപ്രകർഷം ആണ് ആ വ്യക്തിയിലേയ്ക്ക് വരുന്നത്.

പരിശുദ്ധ ത്രിത്വത്തിന്റെ അവർണനീയമായ ഐക്യത്തിൽ ഒരു സാധാരണ മനുഷ്യന് ഉൾക്കൊള്ളാനും മാത്രം ലളിതമായി ദൈവത്തിന്റെ അദൃശ്യ പ്രകൃതി ദൃശ്യമായി രൂപാന്തരപ്പെട്ടതാണ് ദിവ്യകാരുണ്യം.

ദൈവപിതാവിന്റെ സ്നേഹം നാം ആഗ്രഹിക്കാറുണ്ട്…

പരിശുദ്ധ കുർബാന യോഗ്യതയോടെ സ്വീകരിച്ചാൽ മതി.

ഈശോയുടെ സഹവാസം നാം തേടാറുണ്ട്.

പരിശുദ്ധകുർബാന സ്വീകരിച്ചാൽ മതി

പരിശുദ്ധാത്മാവിന്റെ അഭിഷേകം നാം ആഗ്രഹിക്കാറുണ്ട്.

പരിശുദ്ധ കുർബാന സ്വീകരിച്ചാൽ മതി

പരിശുദ്ധ കുർബാന നമ്മിൽ വന്നു കഴിയുമ്പോൾ നമ്മുടെ ശരീരവും ആത്മാവും മനസുമായി താദാത്മ്യം പ്രാപിക്കുന്നു.

നമ്മളും ഈശോയിൽ പുതുതായി അവിടുത്തെ ഹിതത്തിനൊപ്പം രൂപാന്തരപ്പെട്ടു തുടങ്ങുന്നു.

എന്നാൽ ഈ രൂപാന്തരീകരണം ഒരുവനിൽ സംഭവിക്കുന്നത് പരിപൂർണമായ നമ്മുടെ വിശ്വസിച്ചു വിട്ടുകൊടുക്കലിലൂടെയാണ്

നമുക്കറിയാം, എന്നും രാത്രിയിൽ ഒന്നുറങ്ങണം എങ്കിൽ നാം കട്ടിലിൽ കിടക്കണം, relax ആകണം, പതിയെ നമ്മുടെ ഉറക്കത്തിലേയ്ക്ക് നാം വഴുതി വീഴുന്നു. ഉണരും വരെ നാം നമ്മുടെ വീടിന്റെ സുരക്ഷിത്വത്തിന് നമ്മളെ ഭരമേല്പിക്കുന്നു, നമ്മുടെ വീട്ടിൽ ഉള്ളവരുടെ സാന്നിധ്യത്തിനു നമ്മെ ഭരമേല്പിക്കുന്നു.

ചുറ്റും നടക്കുന്നത് ഒന്നുമറിയാതെ മണിക്കൂറുകളോളം നമ്മുടെ ശരീരം സ്വാഭാവികമായും ഉറങ്ങി വിശ്രമിക്കുന്നു

പുതിയ ഉണർവോടെ അടുത്ത നിമിഷത്തിലേയ്ക്ക് നാം ഉണരുന്നു

ഇത് പോലെ പരിശുദ്ധ കുർബാന സ്വീകരിച്ചു കഴിഞ്ഞു നാം അവിടുത്തേയ്ക്ക് നമ്മെ പൂർണമായും വിട്ടു കൊടുത്താൽ ദിവ്യകാരുണ്യവും നാമും തമ്മിലുള്ള ആഴമേറിയ സ്നേഹരൂപാന്തരീകരണം നടക്കുന്ന സമയത്തു നമുക്ക് അവിടുന്നിൽ വിശ്രമിക്കാം.

ഒരു പക്ഷെ ദിവ്യകാരുണ്യ സ്വീകരണസമയം കഴിഞ്ഞുള്ള ചുരുങ്ങിയ ആ സമയം ഈശോയുടെ തിരുമാറിൽ തല ചായ്ച്ചു ഇരുന്ന യോഹന്നാനെ പോലെ അവിടുത്തെ ചാരെ വെറുതേ ഇരിക്കാം

നമ്മൾ ചെയ്യേണ്ടത് ഈശോയെ നമ്മിൽ പ്രവർത്തിക്കാൻ പൂർണമായും അനുവദിക്കുക എന്നത് മാത്രമാണ്

അങ്ങനെ നാം അവിടുത്തെ സജീവ സാന്നിധ്യത്തിൽ നിശബ്ദരാകുമ്പോൾ, അവിടുത്തെ ആരാധനയോടെ വീക്ഷിച്ചു കൊണ്ട്, ഈശോ എന്നേയ്ക്കും നമ്മുടെ സ്വന്തമായി എന്ന അറിവിന്റെ അവിശ്വസനീയതയിൽ ആയിരിക്കുമ്പോൾ അവിടുന്ന് നമ്മുടെ ഹൃദയത്തെയും മനസിനെയും ആത്മാവിനെയും ശരീരത്തെയും അവിടുത്തെ ഹിതത്തിനനുസരിച്ചു രൂപാന്തരപ്പെടുത്തും

ഈശോയുടെ ഹിതം പരമ പ്രധാനമാണ്

അതാണ് നമ്മെക്കുറിച്ചു നിത്യതയോളമുള്ള ദൈവിക പദ്ധതിയുടെ പുറകിലെ രഹസ്യം

പരിശുദ്ധ കുർബാന നമ്മെ രൂപാന്തരപ്പെടുത്തുന്നത് അമാനുഷികരീതിയിലാണ്

അത് നമ്മെ അവിടുത്തെ പോലെ മുറിയുന്നവരാക്കും. ഈശോയോടൊപ്പം സഹിക്കാൻ പ്രാപ്തി ഉള്ളവരാക്കും.

ഈശോയോടൊപ്പമുള്ള ഓരോ രക്ഷാകരമായ സഹനവും ആത്മാക്കളുടെ രക്ഷയ്ക്ക് കാരണമാകും

പരിശുദ്ധ കുർബാന സ്വീകരിക്കുന്ന ഓരോ വ്യക്തിയും ഈശോയുടെ ഇന്നും തുടരുന്ന രക്ഷാകരകൃത്യങ്ങളിൽ കൂട്ടാളിയാണ്

ഓരോ വ്യക്തിയും അവർ ആയിരിക്കുന്ന ഇടങ്ങളിൽ യാദൃശ്ചികമായി ആയിരിക്കുന്നതല്ല

ദൈവിക പദ്ധതി പ്രകാരം നമ്മെ ആക്കിയിരിക്കുന്നതാണ്

നാം ആയിരിക്കുന്ന കുടുംബത്തിൽ, ജോലിയിൽ, ഇടവകയിൽ, ദേശത്തിൽ, കാലത്തിൽ ദിവ്യകാരുണ്യ നാഥനിൽ വസിച്ചു അവിടുത്തെ ധരിച്ചു അനേകർക്ക് രക്ഷയുടെ ഉപകരണം ആകുവാൻ വേണ്ടിയാണ്‌.

എന്നാൽ ചിലപ്പോൾ നമുക്ക് മനസിലാകുകയില്ല എങ്ങനെ നാം ഇപ്പോൾ ആയിരിക്കുന്ന സിറ്റുവേഷനിൽ മുന്നോട്ട് പോകും എന്ന്…

എന്നാൽ പരിശുദ്ധ കുർബാന സ്വീകരിച്ചു കഴിയുമ്പോൾ ഒരു കാര്യം മനസിലാകും….

ഇനി മേൽ ഞാൻ ഒറ്റയ്ക്കല്ല, എല്ലാത്തിനും മതിയായവൻ ആയ എന്റെ സൃഷ്ടാവും കർത്താവുമായവൻ എന്നോടൊപ്പം ഉണ്ട്.

പരിശുദ്ധ കുർബാന യോഗ്യതയോടെ സ്വീകരിക്കുന്ന വ്യക്തിയുടെ ഓരോ കാര്യങ്ങളും തന്റേതെന്നത് പോലെ ഈശോ ഏറ്റെടുത്തു ചെയ്യും.

ഓരോ മനുഷ്യരുടെയും കാര്യങ്ങൾ ഈശോ ചെയ്യുന്നുണ്ടെങ്കിലും അത് കാണാൻ നമ്മുടെ വിശ്വാസത്തിന്റെ കണ്ണുകൾ തുറന്നിരിക്കണം എന്നില്ലല്ലോ.

എന്നാൽ പരിശുദ്ധ കുർബാന സ്വീകരിച്ചു കഴിഞ്ഞാൽ വിശ്വാസത്തിന്റെ കണ്ണുകളിലൂടെ എല്ലാം കാണാൻ സാധിക്കും. ഹൃദയത്തിൽ പരിശുദ്ധാത്മാവിന്റെ മൃദുസ്വരം ശ്രവിക്കാൻ ആത്മാവിന്റെ കാതുകളുടെ സൂക്ഷ്മമായ ശ്രദ്ധാശേഷി വർദ്ധിക്കുന്നതിനാൽ ദൈവസ്വരം പഴയതിലും തിരിച്ചറിയാൻ സാധിക്കും.
ആത്മാവിന്റെ ആന്തരികതനിശബ്ദതയിൽ കൂടുതൽ കൂടുതൽ ഈശോയുമായി ഒരുമിച്ചായിരിക്കാനും സ്നേഹത്തിൽ ആഴപ്പെടാനും ഓരോ പരിശുദ്ധ കുർബാന സ്വീകരണവും ഇടവരുത്തുന്നു.

നമുക്ക് വേണ്ടി ഒരാൾ, നിത്യത വരെയും…

അതാണ് ദിവ്യകാരുണ്യം.

അവിടുത്തേയ്ക്ക് അറിയാത്തതായി ഒന്നുമില്ല, അവിടുത്തേയ്ക്ക് കഴിയാത്തതായി ഒന്നുമില്ല,

ഒന്നൊഴികെ, നമ്മുടെ ഹൃദയം നാം മനസോടെ കൊടുത്താലേ അവിടുത്തേയ്ക്ക് നേടാൻ കഴിയൂ.

എത്ര നാൾ വേണമെങ്കിലും ഈശോ നോക്കിയിരിക്കും … ഒരു ആത്മാവിന്റെ സ്നേഹത്തിനു വേണ്ടി… അതിന്റെ ഭൂമിയിലെ അന്ത്യ നിമിഷം വരെ…

പരിശുദ്ധകുർബാന സ്വീകരിച്ചു കഴിഞ്ഞാൽ നാം നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളിലും ദൈവത്തിന്റെ തക്ക സമയത്തിന് വേണ്ടി കാത്തിരിക്കാൻ സ്വാഭാവികമായും പഠിക്കും.

അതിനാൽ തന്നെ അതിസ്വഭാവികമായ ദൈവിക കൃപകൾ സമയത്തിന്റെ പൂർത്തിയിൽ നമ്മുടെ ആത്മാവിന് നൽകപ്പെടുന്നത് വരെയും ചോദിക്കാതെ കാത്തിരിക്കാൻ നമുക്ക് സാധിക്കും

ഒരർത്ഥത്തിൽ പരിശുദ്ധ കുർബാന അതിൽ തന്നെ പൂർണത ആണല്ലോ.

നമ്മുടെ ജീവിതത്തിൽ ദിവ്യകാരുണ്യത്തിന്റെ സ്നേഹം യഥാർത്ഥമായി കൂട്ടിച്ചേർക്കപ്പെട്ടു കഴിഞ്ഞാൽ അത് നമ്മുടെ ജീവിതത്തിലെ മറ്റെല്ലാ സ്നേഹങ്ങളെയും ശുദ്ധീകരിക്കുകയും പൂർണമാക്കുകയും ചെയ്യും

ഏതാനും മെഴുകു തിരികൾ പ്രകാശത്തിനായി കത്തി നിൽക്കുന്ന ഒരു ഇരുട്ട് മുറിയിൽ ശക്തമായ പ്രകാശം ഉള്ള ഒരു വൈദ്യുതബൾബ് പെട്ടെന്ന് പ്രകാശിക്കുമ്പോൾ, മെഴുകു തിരികളുടെ പ്രകാശം, പ്രകാശത്തിനായി എന്നതിനേക്കാൾ ഒരു അലങ്കാരം എന്നത് പോലെ തോന്നിത്തുടങ്ങുന്നു.

വൈദ്യുതവിളക്കിന്റെ തീവ്രവെളിച്ചം മറ്റെല്ലാ മങ്ങിയ പ്രകാശങ്ങളെയും പൊതിയുന്നു. കൂടുതൽ നന്നായി കാണാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.

ഇത് പോലെ ഈശോയുടെ സ്നേഹത്താൽ നിറഞ്ഞ ഒരു വ്യക്തിയുടെ ഹൃദയത്തിൽ സ്നേഹത്തിന്റെ ധാരാളിത്തം ഉണ്ടാകുന്നതിനാൽ മറ്റുള്ളവരിൽ നിന്നും എടുക്കുന്നതിനേക്കാൾ കൊടുക്കുവാൻ ആ വ്യക്തിയ്ക്ക് ഇടയാകുന്നു.

കാനായിലെ കല്യാണത്തിന് ഈശോ വെള്ളം വീഞ്ഞാക്കി മാറ്റി, ആ വീഞ്ഞ് വിളമ്പിയപ്പോൾ ഏറ്റവും മുന്തിയത് നീ ഇത്രയും നാളും മറച്ചു വച്ചുവല്ലോ എന്ന് നമ്മുടെ കൂടെയുള്ളവർ സ്വയം അത്ഭുതം കൂറുമാറു നമ്മുടെ അനുദിനജീവിതത്തിൽ നാം പ്രകടിപ്പിക്കുന്ന സ്നേഹത്തിനു മാറ്റു കൂടുന്നു. കാരണം അതിന്റെ ഉറവിടം ക്രിസ്തുവാണ്.

പരിശുദ്ധകുർബാന ദൈവസ്നേഹത്തിന്റെ പൂർണ രൂപം ആകയാൽ അത് സ്വീകരിക്കുന്നവരുടെ ഹൃദയത്തിൽ നിന്നും പരിശുദ്ധാത്മാവിന്റെ ജീവജലത്തിന്റെ അരുവികൾ, സ്നേഹത്തിന്റെ നീർചാലുകൾ ഒഴുകും.

“എന്നാല്‍, ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന്‌ പിന്നീട്‌ ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും.”
(യോഹന്നാന്‍ 4 : 14)

അന്ന് വരെ മനുഷ്യരുടെ സ്നേഹം വലുതെന്നു ഓർത്തിരുന്ന വ്യക്തി ദൈവസ്നേഹത്തിന്റെ അപരിമേയത ദർശിക്കുമ്പോൾ, അത് ഒരു ചെറിയ ശതമാനം അനുഭവിക്കുമ്പോൾ, ഈശോ എന്ന ഏക സ്നേഹത്തിലേയ്ക്ക് തന്റെ സർവ ശ്രദ്ധയും കേന്ദ്രീകരിക്കുന്നു

ഹൃദയം മുഴുവനും സ്നേഹം നിറഞ്ഞു കഴിഞ്ഞാൽ പിന്നെ ആ ഹൃദയത്തിൽ വിപരീത വികാരങ്ങൾക്ക് ഇടമില്ല. ഹൃദയത്തിലെ പഴയ മുറിവുകൾ ഉടനെ ഉണങ്ങണം എന്നൊന്നുമില്ല,എന്നാലും ദൈവസ്നേഹം ആ സാഹചര്യത്തെയും മുറിവിനെയും പൊതിയുകയും ഈശോയുടെ തിരുമുറിവുകളോട് ചേർത്ത് വയ്ക്കുകയും അത് അതിൽ തന്നെ രക്ഷാകരമായ ഫലം പുറപ്പെടുവിക്കുകയും ചെയ്യും

“പിന്നെ അവന്‍ എന്നെ ദേവാലയവാതില്‍ക്കലേക്കു തിരിയെക്കൊണ്ടുവന്നു. അതാ, ദേവാലയപൂമുഖത്തിന്റെ അടിയില്‍ നിന്നു കിഴക്കോട്ട്‌ വെള്ളം ഒഴുകുന്നു. ദേവാലയത്തിന്റെ ദര്‍ശനം കിഴക്കോട്ടാണ്‌. ദേവാലയപൂമുഖത്തിന്റെ വലത്തുഭാഗത്ത്‌, ബലിപീഠത്തിന്റെ തെക്കുവശത്ത്‌, അടിയില്‍ നിന്നു വെള്ളം ഒഴുകിക്കൊണ്ടിരുന്നു.
പിന്നെ അവന്‍ എന്നെ വടക്കേ പടിപ്പുരയിലൂടെ പുറത്തുകൊണ്ടുവരുകയും കിഴക്കേ പടിപ്പുരയിലേക്കു പുറത്തുകൂടെ നയിക്കുകയും ചെയ്‌തു. വെള്ളം തെക്കുവശത്തുകൂടെ ഒഴുകിയിരുന്നു.
കൈയില്‍ ചരടുമായി അവന്‍ കിഴക്കോട്ടു നടന്ന്‌ ആയിരം മുഴം അളന്നു. എന്നിട്ട്‌ വെള്ളത്തിലൂടെ എന്നെ നയിച്ചു. അവിടെ കണങ്കാല്‍വരെ വെള്ളമുണ്ടായിരുന്നു.
പിന്നെയും അവന്‍ ആയിരം മുഴം അളന്ന്‌ എന്നെ വെള്ളത്തിലൂടെ നയിച്ചു. അവിടെ മുട്ടോളം വെള്ളമുണ്ടായിരുന്നു. വീണ്ടും അവന്‍ ആയിരം മുഴം അളന്ന്‌ എന്നെ വെള്ളത്തിലൂടെ നയിച്ചു. അവിടെ അരയ്‌ക്കൊപ്പം വെള്ള മുണ്ടായിരുന്നു.
പിന്നെയും അവന്‍ ആയിരം മുഴം അളന്നു. എനിക്കു കടന്നുപോകാന്‍ പറ്റാത്ത ഒരു നദിയായിരുന്നു അത്‌. വെള്ളം അത്രയ്‌ക്ക്‌ ഉയര്‍ന്നിരുന്നു. നീന്താന്‍ വേണ്ടുന്ന ആഴമുണ്ടായിരുന്നു അതിന്‌ – നടന്ന്‌ അക്കരെപറ്റാന്‍ വയ്യാത്ത ഒരു നദി.”
(എസെക്കിയേല്‍ 47 : 1-5)

ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ ദൈവം വസിക്കുന്ന ദൈവാലയം ആയ ഒരാത്മാവിന് അതിന്റെ തുറവിയുടെ ആഴമനുസരിച്ചു ആത്മാവിന്റെ ആന്തരികതയിൽ ദൈവസ്നേഹത്തിന്റെ ആഴത്തിലേയ്ക്ക് പരിശുദ്ധാത്മാവ് നയിക്കുന്ന ഇടത്തോളം പോകാം.

വ്യക്തിയുടെ പ്രത്യേകതകൾ, കുറവുകൾ എന്നിവ ആരും ഒരിക്കലും വിചാരിക്കാത്ത വിധം ആത്മീയ ജീവിതത്തിൽ അനേകം ആത്മാക്കളെ സ്വർഗത്തിനായി നേടുന്ന അനുകൂലനങ്ങൾ ആയി പരിണമിക്കുന്നു.

“നിരന്തരം അദ്ധ്വാനിക്കുകയും ക്ലേശിക്കുകയും ചെയ്‌തിട്ടും ദാരിദ്ര്യം ഒഴിയാത്തവരുണ്ട്‌.
വേറെ ചിലര്‍ മന്ദഗതിക്കാരും ബലഹീനരും സഹായാര്‍ത്ഥികളും അതീവദരിദ്രരുമാണ്‌;
എന്നാല്‍, കര്‍ത്താവ്‌ അവരെ കടാക്ഷിച്ച്‌ ദയനീയാവസ്ഥയില്‍ നിന്ന്‌ ഉയര്‍ത്തുന്നു.
അനേകരെ വിസ്‌മയിപ്പിക്കുമാറ്‌ അവിടുന്ന്‌ അവര്‍ക്കു മാന്യസ്ഥാനം നല്‍കുന്നു.”
(പ്രഭാഷകന്‍ 11 : 11-13)

പരിശുദ്ധ കുർബാന സ്വീകരിക്കുന്ന ഒരു വ്യക്തിയെ പരിശുദ്ധാത്മാവ് സ്നേഹിക്കുന്നു.

അതിനെ പ്രസാദവരത്തിന്റെ ഉന്നതമായ അവസ്ഥയിൽ നിറുത്തുവാൻ സഹായിക്കുകയും ചെയ്യുന്നു.

ഒരു കുഞ്ഞിന് ഏറ്റവും നല്ലത് കൊടുക്കാൻ ആണ് നാം ആഗ്രഹിക്കുന്നത്.

അപ്പോൾ നമ്മുടെ സ്നേഹവാനായ സ്വർഗീയ പിതാവോ!

ഭൂമിയിൽ ആയിരിക്കുമ്പോൾ തന്നെ ഏറ്റവും നല്ല അവസ്ഥയിൽ നാം ആയിരിക്കാൻ അല്ലേ അവിടുന്ന് ആഗ്രഹിക്കുന്നത്!

ദിവ്യകാരുണ്യഈശോ നമ്മുടെ ഹൃദയത്തിൽ വസിക്കുമ്പോൾ ദൈവപുത്രന്റെ പൂർണത ഒരാത്മാവ് അനുഭവിക്കും

ദൈവപിതാവും ഏകജാതനായ ഈശോയും പരിശുദ്ധാത്മാവുമായി സത്തയിൽ ഒരുമിച്ചു ആയിരിക്കുന്ന പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹകൂട്ടായ്മയിൽ ആത്മാവ് ആയിരിക്കും…

വിവരിക്കാനോ വർണിക്കാനോ കഴിയാത്ത രീതിയിൽ അത്യുന്നതദൈവത്തെ പാടി പുകഴ്ത്തുന്ന ചെറുജീവജാലങ്ങളോടും ചെറു ചലനങ്ങളാൽ ദൈവത്തെ സ്തുതിക്കുന്ന ഇളം കാറ്റിനോടും വിരിഞ്ഞു നിൽക്കുന്ന പൂവിതളുകളിൽ വന്നിരുന്നു ശുദ്ധമായ തേൻ നുകരുന്ന ചിത്രശലഭങ്ങളോടും മാറിവരുന്ന ആകാശകാഴ്ചകളോടും ചേർന്ന് നിന്നു ദിവ്യകാരുണ്യ ഈശോയെ കുറിച്ച് ധ്യാനിക്കുമ്പോൾ അവിടുത്തെ യഥാർത്ഥ സ്വർഗീയസൗന്ദര്യത്തിന്റെ തേജസ്‌ എന്ത് മാത്രമായിരിക്കും എന്ന് ചിന്തിച്ചു പോകും.

കാരണം ഓരോ മനോഹരമായ പ്രകൃതിദൃശ്യവും അതിന്റെ സൃഷ്ടാവിൽ നിന്നും വരുന്നു.

എന്നാൽ ഓരോ സൃഷ്ടിയും സൃഷ്ടാവിന്റെ അതിസ്വാഭാവികസൗന്ദര്യം നമ്മെ കൂടെക്കൂടെ ഓർമിപ്പിക്കുന്നു എന്ന് മാത്രം…

നിത്യതയിൽ അവിടുത്തെ നേരിൽ കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന ആനന്ദം എന്ത് മാത്രമായിരിക്കും!

അവിടുത്തെ സൗന്ദര്യം പരിശുദ്ധിയുടെ പൂർണതയാണ്. അവിടുത്തെ പരിശുദ്ധിയിലും സ്നേഹത്തിലും ഒന്നുചേരുക എന്നത് ആത്മീയമായ ആനന്ദത്തിന്റെ പൂർണതയാണ്.

“തന്റെ വലത്തുകൈയില്‍ അഭയം തേടുന്നവരെ
ശത്രുക്കളില്‍നിന്നു കാത്തുകൊള്ളുന്ന രക്ഷകാ,
അങ്ങയുടെ കാരുണ്യം വിസ്‌മയകരമായി പ്രദര്‍ശിപ്പിക്കണമേ!
കണ്ണിന്റെ കൃഷ്‌ണമണി പോലെ എന്നെ കാത്തു കൊള്ളണമേ!
അങ്ങയുടെ ചിറകിന്റെ നിഴലില്‍ എന്നെ മറച്ചുകൊള്ളണമേ!”
(സങ്കീര്‍ത്തനങ്ങള്‍ 17 : 7-8)

മുറിയപ്പെടുന്നതിന്റെ സുവിശേഷം പരിശുദ്ധമായ ദിവ്യകാരുണ്യം നമ്മെ പറഞ്ഞു മനസിലാക്കുമ്പോൾ മാത്രമാണ് സഹനങ്ങളുടെ ആന്തരികമായ അർത്ഥം നമ്മുടെ അകകണ്ണിൽ വെളിപ്പെടുന്നത്.

സെഹിയോൻ ശാലയിൽ നിന്നും വിശുദ്ധ കുർബാന സ്ഥാപിച്ചതിനു ശേഷം ഗത്സമേനിൽ പോയപ്പോൾ ഈശോ മൂന്നു ശിഷ്യന്മാരെ കൂട്ട് വിളിച്ചു.

“അവര്‍ ഗത്‌സെമനി എന്നു വിളിക്കപ്പെടുന്ന സ്‌ഥലത്തെത്തി.

അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ ഇരിക്കുവിന്‍.

അവന്‍ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂടെക്കൊണ്ടുപോയി, പര്യാകുലനാകാനും അസ്വസ്ഥനാകാനും തുടങ്ങി.

അവന്‍ അവരോടു പറഞ്ഞു: എന്റെ ആത്മാവ്‌ മരണത്തോളം ദുഃഖിതമായിരിക്കുന്നു. നിങ്ങള്‍ ഇവിടെ ഉണര്‍ന്നിരിക്കുവിന്‍.

അവന്‍ അല്‍പദൂരം മുന്നോട്ടു ചെന്ന്‌, നിലത്തു വീണ്‌, സാധ്യമെങ്കില്‍ ആ മണിക്കൂര്‍ തന്നെ കടന്നുപോകട്ടെ എന്നു പ്രാര്‍ത്ഥിച്ചു.

അവന്‍ പറഞ്ഞു: ആബ്ബാ, പിതാവേ, എല്ലാം അങ്ങേക്കു സാധ്യമാണ്‌. ഈ പാനപാത്രം എന്നില്‍ നിന്നു മാറ്റിത്തരണമേ!

എന്നാല്‍ എന്റെ ഹിതമല്ല അങ്ങയുടെ ഹിതം മാത്രം.

അനന്തരം അവന്‍ വന്ന്‌, അവര്‍ ഉറങ്ങുന്നതു കണ്ട്‌, പത്രോസിനോടു ചോദിച്ചു: ശിമയോനേ, നീ ഉറങ്ങുന്നുവോ?

ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിനക്കു കഴിഞ്ഞില്ലേ?

പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍.

ആത്മാവ്‌ സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്‌.

അവന്‍ വീണ്ടും പോയി, അതേ വചനം പറഞ്ഞു പ്രാര്‍ത്ഥിച്ചു.

തിരിച്ചു വന്നപ്പോള്‍ അവര്‍ ഉറങ്ങുന്നതാണ്‌ കണ്ടത്‌.

അവരുടെ കണ്ണുകള്‍ നിദ്രാഭാരമുള്ളവയായിരുന്നു.

അവനോട്‌ എന്തു മറുപടി പറയണമെന്ന്‌ അവര്‍ക്ക്‌ അറിഞ്ഞുകൂടായിരുന്നു.”

(മര്‍ക്കോസ്‌ 14 : 32-40)

ഈശോ ഗത്സമനിയിൽ പ്രാർത്ഥിച്ചത് ഓരോ മനുഷ്യർക്കും വേണ്ടി ആയിരുന്നു.

അവരുടെ പാപവും ഭാരവും ഏറ്റെടുക്കുകയായിരുന്നു.

നമ്മുടെ ജീവിതത്തിൽ നമ്മുടെ ജീവിതഭാരവും പാപവും എല്ലാം ഏറ്റെടുത്തതും ഈശോ തന്നെയാണ്.

അവിടുത്തോടൊപ്പം ആ നിമിഷങ്ങളിൽ ഉണർന്നിരിക്കാൻ നമ്മോടു പറയുന്നു.

അനിവാര്യമായ സഹനങ്ങൾ ദൈവിക പദ്ധതി പ്രകാരം ജീവിതത്തിൽ വരുമ്പോൾ ഭാവവ്യത്യാസങ്ങൾ ഇല്ലാതെ അത് ഏറ്റെടുക്കണം എങ്കിൽ ഈശോയുടെ സ്നേഹത്തിന്റെ ചാരെ ഉണർന്നിരിക്കണം.

കാരണം ഈശോ ആണ് ഓരോ കാര്യവും നമ്മോടു ചെയ്യാനും ഓരോന്നിലൂടെയും കടന്നു പോകാനും ആവശ്യപ്പെടുന്നത്.

ഓരോ സഹനവും ലഭിക്കുമ്പോൾ അതിനു വേണ്ട കൃപകളും പരിശുദ്ധാത്മാവിന്റെ പ്രത്യേക സഹായവും മാർഗനിർദേശവും ആ വ്യക്തിയ്ക്ക് ലഭിക്കും.

ഈശോ ഹൃദയത്തിൽ വസിക്കുമ്പോൾ അവിടുന്ന് ആത്മാവിനെ വലിയ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിക്കുന്നു. വിശാലമായ കാഴ്ചപ്പാടിൽ തനിക്കു ചുറ്റുമുള്ള കാര്യങ്ങളെ നിത്യത എന്ന ലക്ഷ്യത്തിന്റെ വെളിച്ചത്തിൽ അത് കണ്ടു തുടങ്ങുന്നു.

ചെറുതും വലുതുമായ കാര്യങ്ങളിൽ ദൈവഹിതത്തിലൂടെ ശാന്തമായി കടന്നു പോകുക എന്നത് മാത്രം ആത്മാവിന്റെ അനുദിനജോലി ആകുന്നു.

ചില സമയം നമ്മിൽ വസിക്കുന്ന ദിവ്യകാരുണ്യഈശോയുടെ ഹൃദയം മുറിക്കപ്പെടുന്നത് നമ്മുടെ മനോഭാവങ്ങളാൽ ആണ്.

എത്ര സ്നേഹത്തോടെ അവിടുത്തെ ഹൃദയത്തിൽ ആനയിച്ചു കൊണ്ടു വന്നാലും കുറച്ചു നേരം കഴിയുമ്പോൾ അവിടുന്ന് ഹൃദയത്തിൽ ഉണ്ട് എന്നുള്ള കാര്യം പാടേ മറന്നു മറ്റ് കാര്യങ്ങളിൽ മുഴുകുന്നു.

ആത്മാവിൽ അവിടുത്തെ സാന്നിധ്യമുണ്ട്, ശരിയാണ്.

എന്നാൽ നമ്മുടെ കരുതലും സ്നേഹശുശ്രൂഷയും അവിടുന്ന് ആഗ്രഹിക്കുന്നു.

ആത്മാവിന്റെ ഓരോ ചെറിയ കാര്യങ്ങളിലും നിത്യതയിൽ എന്നത് പോലെ വീട്ടുകാരനായി ഇടപെടാൻ ഈശോ ആഗ്രഹിക്കുന്നു.

നമ്മുടെ ചെറു ജോലികൾ, ഭക്ഷണം, ഉറക്കം, ഹോബികൾ, പ്രാർത്ഥന എന്നിവയിൽ എല്ലാം അവിടുത്തെ ഉൾക്കൊള്ളിച്ചു ചെയ്താൽ എന്ത് മാത്രം സ്നേഹസമ്പൂർണം ആകും ഓരോ ദിവസവും

നമ്മുടെ ഹൃദയ സ്പന്ദനങ്ങൾ പോലും അവിടുത്തേയ്ക്ക് പരിചിതം ആണ്.

നമ്മുടെ ചിന്തകൾ അവിടുന്ന് അറിയുന്നു.

നാം സ്നേഹത്തോടെ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ അവിടുന്ന് സ്നേഹത്തോടെ അത് ശ്രവിക്കുന്നു.

നാം സ്നേഹത്തോടെ പ്രവർത്തിക്കുമ്പോൾ അവിടുത്തെ കരതലം ഓരോ ചെറു പ്രവൃത്തിയിലും പതിയുന്നു, അത് അവിടുത്തെ പ്രവൃത്തി തന്നെയാകുന്നു.

നാം സ്നേഹത്തോടെ ചിന്തിക്കുമ്പോൾ അവ നമ്മിൽ വസിക്കുന്ന അവിടുത്തെ ചിന്തകളെ തഴുകി അത് സ്നേഹപൂർണമാക്കുന്നു

നാം നടക്കുമ്പോൾ അവിടുന്ന് നമ്മിൽ എഴുന്നള്ളി ഇരിക്കുന്നതിനാൽ ഒരു ദിവ്യകാരുണ്യ പ്രദക്ഷിണം പോലെ സ്വർഗീയ സമൂഹങ്ങൾ നമ്മെ അകമ്പടി സേവിക്കുന്നു…

ആരാധനയോടും ഭക്ത്യാദരങ്ങളോടും മഹാവണക്കത്തോടും കൂടെ ഒരു നിസാര സൃഷ്ടിയിൽ വസിച്ചു ആ ചെറിയ ആത്മാവിന്റെ കൊച്ചു സ്നേഹത്തിൽ ആനന്ദം കൊള്ളുന്ന തങ്ങളുടെ സൃഷ്ടാവിനെ അവർ സ്നേഹത്തോടെ സൂക്ഷിച്ചു വീക്ഷിക്കുന്നു

ഭൂമിയിൽ ആയിരിക്കുമ്പോൾ തന്നെ സ്വന്തമായി സ്വീകരിക്കുന്ന ഒരാത്മാവിനെ ഈശോ എത്ര മാത്രം വിലമതിക്കുന്നു.

ഒരു പക്ഷെ ആത്മാവ് തന്റെ ജീവിതത്തിന്റെ തിരക്കുകളിലും വ്യഗ്രതകളിലും പെട്ട് ഈശോയുടെ കൂടെയായിരിക്കുന്നതിന്റെ ഉന്നതമായ സ്നേഹാവസ്ഥ മനസിലാക്കുന്നില്ല എന്ന് വന്നേക്കാം.

എന്നാലും കരുണയോടെ അവിടുന്ന് കാത്തിരിക്കുന്നു

ദിവസത്തിന്റെ ഓരോ മണിക്കൂറിലേയ്ക്കും തന്റെ പ്രകാശം അവിടുന്ന് പകരുന്നതിനാൽ ആത്മാവ് ചുറ്റുമുള്ള ചെറിയ കാര്യങ്ങൾ മൂലം ദൈവസ്നേഹചിന്തകളിലേയ്ക്ക് ഉയരുന്നു

പ്രഭാതത്തിൽ നടക്കുമ്പോൾ സൂര്യനിൽ നിന്നുമുള്ള പ്രകാശ രശ്മികൾ ശരീരത്തിൽ പതിക്കുമ്പോൾ പിതാവായ ദൈവത്തിന്റെ സ്നേഹകരം തന്നെ തലോടുന്നതായും കുഞ്ഞ് മഴത്തുള്ളികൾ മേഘങ്ങളിൽ നിന്നും വീഴുമ്പോൾ പിതാവായ ദൈവത്തിന്റെ ഹൃദയത്തിലെ സ്നേഹത്തുള്ളികൾ നിറഞ്ഞു തുളുമ്പി നമ്മിലേയ്ക്ക് പൊഴിയുന്നതായും പരിശുദ്ധമായ ഓരോ മഞ്ഞിൻ ശകലവും ചിത്രപണികൾ പോലെ ആകാശത്തു നിന്നും പെയ്യുന്നത് കാണുമ്പോൾ ആത്മാവിൽ ഉണ്ടാകുന്ന ഉണർവും എല്ലാം ദൈവസ്നേഹത്തിലേയ്ക്ക് നമ്മെ ഉണർത്തുന്നു.

വഴിയരികിലെ മരച്ചില്ലയിൽ കൂടു കൂട്ടിയ കുഞ്ഞിക്കിളികൾ പ്രഭാതത്തിൽ ആഹാരം തേടി പോകും മുൻപേ തങ്ങളുടെ സൃഷ്ടാവിനെ പാടി വാഴ്ത്തുന്നത് കാണുമ്പോൾ ഭൂമിയിലെ ഒരു ഗായകനും ആ രാഗമോ താളമോ ലയമോ അനുകരിക്കാൻ ആവില്ല എന്ന് തോന്നിപ്പോകും

ഒരു സൃഷ്ടാവിന് തന്റെ സ്നേഹഭാജനമായ സൃഷ്ടിയ്ക്ക് എന്ത് തന്നെ നൽകാൻ കഴിയുകയില്ല!

ഭൂമിയിൽ തന്നെ ഏറ്റവും പൂർണമായ ആത്മീയ അവസ്ഥയും കുറവില്ലാത്ത സ്നേഹവും ഒക്കെ നൽകാൻ സാധിക്കും

എന്നാൽ ഈശോയ്ക്ക് വേണ്ടത് കുറവുള്ള നമ്മളെയാണ്!

നമ്മുടെ ഇല്ലായ്മകളിൽ കൂടെ അവിടുത്തെ വിശ്വസ്തരായി ഇരിക്കുന്നതാണ് അവിടുത്തേയ്ക്ക് പ്രിയംകരം.

നമ്മുടെ ചെറിയ വിശ്വാസത്തിൽ നിലനിന്നാൽ മതിയാകും..

നമ്മുടെ ചെറിയ സ്നേഹം ഈശോയ്ക്ക് മതിയാകും

നാം എന്താണോ അത് തുറവിയോടെ അവിടുത്തെ മുന്നിൽ പൂർണമായി സമർപ്പിക്കണം

അവിടുത്തെ മുന്നിൽ കൂടുതലോ കുറവോ ഭാവിക്കേണ്ട

ഒരു സ്നേഹിതനോട് എന്നത് പോലെ സംസാരിക്കണം.

ബുദ്ധിമുട്ടുകൾ പറയണം

സന്തോഷം പങ്കു വയ്ക്കണം

എല്ലാത്തിലും ഉപരി ഈശോ എന്നിൽ വസിക്കുന്നു എന്ന് ഇടയ്ക്കിടെ ഓർക്കണം

നാം അവിടുത്തെ മഹത്വത്തിൽ കാണാതെ തന്നെ തിരുവോസ്തിരൂപനായി ഇരിക്കുമ്പോൾ അത്യുന്നതദൈവം എന്ന് ഹൃദയത്തിൽ വിശ്വസിച്ചു ആരാധിക്കുമ്പോൾ അതിനൊരു സ്നേഹത്തിന്റെ വിലയുണ്ട്

ഒരു സൗഹൃദത്തിന്റെ ആഴമുണ്ട്

നമ്മുടെ നിരന്തര പാപങ്ങളാൽ എപ്പോഴും മുറിവുകളണിഞ്ഞ, ക്രൂശിതനായി നിത്യപിതാവിന്റെ മുന്നിൽ കാണപ്പെടുന്ന ഈശോ….

ഈശോയെ ആശ്വസിപ്പിക്കാൻ ചെയ്യുന്ന ഏതൊരു ചെറിയ പ്രവൃത്തിയും തീർച്ചയായും പിതാവായ ദൈവത്തെയും ആശ്വസിപ്പിക്കും.

“ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരും.
അല്‍പ സമയംകൂടി കഴിഞ്ഞാല്‍ പിന്നെ ലോകം എന്നെ കാണുകയില്ല. എന്നാല്‍, നിങ്ങള്‍ എന്നെ കാണും. ഞാന്‍ ജീവിക്കുന്നു; അതിനാല്‍ നിങ്ങളും ജീവിക്കും.
ഞാന്‍ എന്റെ പിതാവിലും നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലുമാണെന്ന്‌ ആ ദിവസം നിങ്ങള്‍ അറിയും.
എന്റെ കല്‍പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ്‌ എന്നെ സ്‌നേഹിക്കുന്നത്‌. എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവും സ്‌നേഹിക്കും. ഞാനും അവനെ സ്‌നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും”.
(യോഹന്നാന്‍ 14 : 18-21)

പരിശുദ്ധ കുർബാന എന്നത് ഓരോ ആത്മാവിനും അവിടുന്ന് വെളിപ്പെടുത്തി തരുന്നിടത്തോളം മാത്രമേ നമുക്ക് മനസിലാകൂ.

എന്നാൽ….

കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍;
നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 105 : 4

അമ്മേ അമ്മേ എന്ന് വിളിച്ചു അമ്മയെ നോക്കി നടക്കുന്ന ഒരു കുഞ്ഞിനെ അവഗണിക്കാൻ അതിന്റെ അമ്മയ്ക്ക് പറ്റുകയില്ല.

“നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്‌ഠജനതയാണുള്ളത്‌?”
(നിയമാവര്‍ത്തനം 4 : 7)

ദൈവത്തെ അന്വേഷിക്കുന്നവരെ ഒരു തരത്തിലും അവഗണിക്കാൻ ദൈവത്തിനും പറ്റുകയില്ല.

“വിളിക്കും മുന്‍പേ ഞാന്‍ അവര്‍ക്ക്‌ ഉത്തരമരുളും, പ്രാര്‍ത്ഥിച്ചുതീരുംമുന്‍പേ ഞാന്‍ അതു കേള്‍ക്കും.”
(ഏശയ്യാ 65 : 24)

ഭൂമിയിൽ ജീവനുള്ള കാലത്തോളം സ്നേഹത്തോടെ ഈശോയെ എന്ന് വിളിക്കാം.

അവിടുത്തെ ഏറ്റവും ഭക്തിയോടെ ഒരുങ്ങി സ്വീകരിക്കാം.

കുറവുകൾ കണ്ടേക്കാം…

ഇടയ്ക്ക് പാപം ചെയ്തു പോയേക്കാം. എന്നാലും അനുതപിച്ചു തിരിച്ചു വന്നു അവിടുത്തെ ഇരട്ടി സ്നേഹം നുകരാം.

ഇടയ്ക്കെങ്കിലും കുറച്ചു നേരം ഈശോയുടെ സ്നേഹത്തെ കുറിച്ച് ഓർക്കാം.

നമ്മുടെ ജീവിതത്തിൽ ഈശോയെ ഏതൊക്കെ രീതിയിൽ വേദനിപ്പിച്ചു എന്ന് സ്വയം ആലോചിക്കാം.

അതോർത്തു ആത്മാവിന്റെ ആഴത്തിൽ കരയാം. അത് ലോകം കാണേണ്ട. ആരും കാണേണ്ട. ഉള്ളിൽ വസിക്കുന്ന ഈശോ മാത്രം കണ്ടാൽ മതി

നമുക്കായി പരിശുദ്ധ കുർബാനയായി സ്നേഹത്തിൽ മുറിയുന്ന ഈശോയെ നമ്മളായി ഇനിയും സ്നേഹരാഹിത്യത്താൽ മുറിക്കാതിരിക്കാം.

ഈശോ എന്ന നാമത്തെ നമ്മുടെ ഹൃദയത്തോട് ചേർത്ത് നിധി പോലെ കാത്തു സൂക്ഷിക്കാം.

“കര്‍ത്താവേ, സ്വജനത്തെ അങ്ങ്‌ എല്ലാറ്റിലും ഉയര്‍ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്‌തു; എന്നുമെവിടെയും അവരെ തുണയ്‌ക്കാന്‍ അങ്ങ്‌ മടിച്ചില്ല.”
(ജ്‌ഞാനം 19 : 22)

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment