ദിവ്യകാരുണ്യം: എന്റെ ആത്മാവിന്റെ ആൽഫയും ഒമേഗയുമായവൻ

നമ്മുടെയൊക്കെ ചെറിയ ജീവിതത്തിൽ പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ചിന്തിക്കുവാൻ ജീവിതത്തിരക്കിനിടയിൽ ഇടയ്ക്കെങ്കിലും നേരം കിട്ടിയാൽ ഒരു കാര്യം മനസിലാകും.

നമ്മുടെ അസ്തിത്വവും ജീവനും നിലനിൽക്കുന്നത് തന്നെ ദിവ്യകാരുണ്യത്തിലാണ് എന്ന്.

നമ്മുടെ ജീവൻ തുടങ്ങിയത് അവിടുന്നിലാണ്. നിത്യതയോളം നിലനിൽക്കുന്നതും അവിടുന്നിൽ തന്നെയാണ്.

മഹാദൈവകരുണയുടെ അവസാനകാലയളവിൽ ജീവിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട നമുക്കൊരോരുത്തർക്കും പരിശുദ്ധ ദിവ്യകാരുണ്യം ഇനിയുള്ള ഒരു ദിവസവും മുടങ്ങാതെ ഒരുക്കത്തോടെ സ്വീകരിക്കുന്നതിലും പ്രസാദവരാവസ്ഥയിൽ എപ്പോഴും ആയിരിക്കുന്നതിലും എത്രയോ ശ്രദ്ധയും ശുഷ്‌കാന്തിയും ഉണ്ടായിരിക്കണം.

സാധിക്കുമ്പോൾ ഒക്കെയും ഏറ്റവും സ്നേഹിക്കുന്ന ഒരുവന്റെ പക്കൽ എന്നത് പോലെ ദൈവാലയത്തിൽ സ്വാതന്ത്ര്യത്തോടെ കടന്നു ചെന്നു സക്രാരിയുടെ ചാരെ കുറച്ചു നേരമെങ്കിലും ആയിരിക്കുന്നതിൽ എത്രയോ ഉത്സുഹരായിരിക്കണം.

ഹൃദയത്തിൽ ദിവ്യകാരുണ്യഈശോ വസിക്കുന്നതു കൊണ്ട് ഹൃദയം നിറയെ സ്വാഭാവികമായും ഈശോയെ കുറിച്ചുള്ള സ്നേഹം നിറഞ്ഞിരിക്കുന്നതിനാൽ സംസാരിക്കുമ്പോൾ ഒക്കെയും ഈശോയെക്കുറിച്ചും സ്നേഹത്തോടെ സംസാരിക്കുവാൻ നാം തുടങ്ങിയോ എന്ന് ആത്മശോധന ചെയ്യണം

ഈശോ സർവപ്രപഞ്ചത്തിന്റെയും സർവ സൃഷ്ടിജാലങ്ങളുടെയും സർവാധികാരി ആണെങ്കിലും ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യനും സ്നേഹത്തിൽ പൂർണമായും അധീനനാണ്.

ഈശോയെ എത്ര സ്നേഹിച്ചാലും അത് പൂർണമാവില്ല, എന്നാൽ ഒരു മനുഷ്യന്റെ ഭാഗത്തു നിന്നും ഉള്ള എത്ര ചെറിയ സ്നേഹപ്രകടനവും അവിടുത്തേയ്ക്ക് പ്രിയംകരമാണ്.

നാം ഈശോയ്ക്ക് ചെറിയവരായത് കൊണ്ട് ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്താൽ മതിയാകും. അങ്ങനെ ചെയ്യുന്ന കാര്യങ്ങൾക്ക് വലിയ കാര്യങ്ങൾ ചെയ്ത അതേ പ്രതീതി ഉണ്ടാകും. കാരണം സ്നേഹം ചെറിയ കാര്യങ്ങളെയും വലുതായി വിലമതിക്കുന്നു. ഈശോ സ്നേഹം തന്നെയാണല്ലോ.

ദിവ്യകാരുണ്യഈശോയെ കുറിച്ച് ഇടയ്ക്കെങ്കിലും ആഴത്തിൽ ചിന്തിക്കുവാൻ തുടങ്ങിയാൽ അവിടുന്ന് ആരാണെന്നു ഓരോരുത്തരുടെയും ആത്മാവിൽ അവിടുന്ന് സ്നേഹത്തോടെയും വലിയ ദയയോടെയും സ്വയം വെളിപ്പെടുത്തുന്നത് മാത്രമേ ഓരോരുത്തർക്കും മനസിലാകുകയുള്ളൂ.

ദിവ്യകാരുണ്യ ഈശോയെ യോഗ്യതയോടെ സ്വീകരിക്കുവാൻ ജീവിതത്തിൽ ഒരിക്കൽ എങ്കിലും സാധിച്ച ഏതൊരാളും കൊച്ചു കുട്ടികൾ മുതൽ പടുവൃദ്ധർ വരെയുള്ളവർ ജാഗരൂകതയോടെ തങ്ങൾക്ക് ലഭിച്ച ഏറ്റവും മഹത്തായ കൃപയെ കുറിച്ച് ജീവിതകാലം മുഴുവനും നന്ദിയോടെ ആയിരിക്കേണ്ടതാണ്.

അപ്പോൾ ആദ്യകുർബാന സ്വീകരണം മുതൽ ജീവിതാന്ത്യം വരെയും ഒരു ദിവസം പോലും മുടങ്ങാതെ ഒരുക്കത്തോടെ ഈശോയെ സ്വീകരിക്കുവാൻ നമുക്ക് എത്രയോ ജാഗ്രത ഉണ്ടാകേണ്ടതാണ്!

ഈശോ സ്നേഹമാണ്.

ഇന്നലെയും ഇന്നും എന്നും ഒരാൾ തന്നെയായ എന്നും ജീവിക്കുന്ന ഈശോയുടെ തിരുഹൃദയം മുഴുവനും നമ്മോടുള്ള സ്നേഹത്താൽ ജ്വലിച്ചെരിയുന്ന സ്നേഹാഗ്നി ആണ്. അത് നിറവും നിത്യജീവനും ഇരുളടഞ്ഞ ജീവിതത്തിൽ പ്രകാശവും നവമായ പ്രത്യാശയും നിരന്തരമായ സുരക്ഷിതത്വവും നൽകുന്നതാണ്.

പിശാച് നിരന്തരം എന്നേക്കുമായി നമ്മെ തള്ളിയിടാൻ ശ്രമിക്കുന്ന നരകാഗ്നി ഈശോയുടെ സ്നേഹത്തിനു മുന്നിൽ വെറും നിസാരതയും എന്നേക്കുമുള്ള അടിമത്തവും നിത്യശൂന്യതയുമാണ്. പാപകരമായ അവസ്ഥയിൽ ജീവിക്കുക എന്നത് ഈ ഭൂമിയിലും നിത്യതയിലും ഒരാത്മാവിൽ നിരന്തരം കഠിനവെറുപ്പും തീരാനഷ്ടവും സർവനാശവും വിതയ്ക്കുന്നതാണ്.

ദൈവകൃപയാൽ ഈശോയുടെ സ്നേഹത്തോട് ദിവ്യകാരുണ്യത്തോട് ചേർന്നിരിക്കാൻ നമുക്ക് നിരന്തരം ശ്രമിക്കാം.

പലപ്പോഴും പല കാരണങ്ങളാലും നാം ലജ്ജിതരായി നിസ്സഹായതയോടെ തളർന്നു പോകാറുണ്ട്.

പ്രകാശിതരായി മാറണമെങ്കിൽ ഈശോയിലേയ്ക്ക് കണ്ണുയർത്തി നോക്കിയാൽ മതി.

“അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല.”
(സങ്കീര്‍ത്തനങ്ങള്‍ 34 : 5)

ഈശോ സർവനന്മ സ്വരൂപി ആയതിനാൽ എല്ലാ നന്മകളുടെയും പൂർണതയാണ് ദിവ്യകാരുണ്യം.

“ഞാന്‍ ആല്‍ഫയും ഒമേഗയുമാണ്‌ – ഒന്നാമനും ഒടുവിലത്തവനും – ആദിയും അന്തവും.”
(വെളിപാട്‌ 22 : 13)

ഈ ദൈവവചനത്തിന്റെ വെളിച്ചത്തിൽ നമ്മുടെ കൊച്ചു ജീവിതത്തിലേക്ക് നോക്കിയാൽ ഈശോയിലാണ് നമ്മുടെ ഭൗമികജീവിതത്തിന്റെ തുടക്കവും അന്ത്യവും നിത്യജീവിതത്തിലേയ്ക്കുള്ള തുടർച്ചയും.

ഒരുവന്റെ ജീവിതത്തിൽ പ്രധാനമായത് ഈശോയുടെ നാമം എപ്പോഴും അധരത്തിൽ സ്നേഹബഹുമാനങ്ങളോടെ ഉണ്ടായിരിക്കുക, ഒരു കുഞ്ഞിനു അമ്മയെന്നത് പോലെ ആ നാമത്തിൽ പൂർണമായി ആശ്രയിക്കുക എന്നതാണ്.

നമ്മുടെ ആത്മീയവും ഭൗതികവുമായ ജീവിതത്തിലെ അസ്വസ്ഥതകൾ, പ്രതിബന്ധങ്ങൾ എന്ന് കരുതുന്ന കാര്യങ്ങൾ, പരാജയങ്ങൾ, ഒക്കെയും എങ്ങനെ തരണം ചെയ്യണമെന്ന് നമുക്ക് ഒരു പക്ഷെ അറിവില്ലായിരിക്കും.
ഒരു പക്ഷെ ഒരു പുരോഗതിയും പ്രത്യക്ഷത്തിൽ കാണുന്നില്ലായിരിക്കും.

എന്നാലും ഈശോ എന്ന നാമത്തിൽ ആശ്രയിച്ചാൽ മതി.

എപ്പോഴെങ്കിലും ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള ഭയം തോന്നുമ്പോൾ മനുഷ്യരിൽ ആശ്രയം തേടാതെ ഈശോയിൽ ആശ്രയിച്ചാൽ മതി.

കാരണം ഏറ്റവും അടുത്തുണ്ടെന്നും ഏറ്റവും അടുപ്പമുണ്ടെന്നും നാം വിശ്വസിക്കുന്ന ഏതു മനുഷ്യരേക്കാളും നമുക്ക് സമീപസ്ഥനാണ് ഏറ്റവും ബലവാനും നമ്മുടെ കർത്താവുമായ ഈശോ മിശിഹാ.

നമ്മുടെ ജീവിതത്തിൽ ഈശോയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കണം.

ഓർമ വച്ച നാള് മുതൽ കേൾക്കുന്നതല്ലേ ഈശോയുടെ പേര്!

ഇന്നും അത് ഹൃദയത്തിൽ ഉറച്ചിട്ടുണ്ടോ എന്ന് ചിന്തിക്കാം.

കുഞ്ഞിലേ പഠിച്ച അക്ഷര മാല കൊണ്ട് വാക്കുകൾ എഴുതാൻ നമുക്കറിയാം, വാചകങ്ങൾ രചിക്കാനും നമുക്കറിയാം. ഓരോരോ അക്ഷരങ്ങൾ അതാതു സ്ഥാനത്തു കർത്താവും കർമവും ക്രിയയും കൂട്ടിയിണക്കി എഴുതി പുസ്തകത്താളുകൾ നിറയ്ക്കാൻ നമുക്ക് ഇന്നൊരു പ്രയാസവുമില്ല.

കുഞ്ഞിലേ പഠിച്ച ഒന്നേ രണ്ടേ എന്നുള്ള സംഖ്യകളും കണക്കിന്റെ പാഠങ്ങളും കൂട്ടലും കുറയ്ക്കലും ഗുണനവും ഹരണവും ഒക്കെ അനുദിനജീവിതത്തിൽ പ്രായോഗികമായി ഉപയോഗിക്കാൻ ഇന്ന് നമുക്ക് അധികം വിഷമമില്ല.

വെറും ശൂന്യത തന്നെയായ നാം പരിശുദ്ധ കുർബാനയിൽ ഈശോയോട് ഒന്നാകുമ്പോൾ അനന്തമായ വിലയും മഹിമയും ഉള്ളവരാകുന്നത് പോലെ ഒറ്റയ്ക്ക് നിന്നാൽ ഒന്നുമില്ലായ്മയായ പൂജ്യവും ഒന്നിച്ചു നിന്നാൽ വിലയുള്ളവനാകുമെന്ന് നാം കുഞ്ഞിലേ പഠിച്ചു.

പല വിഷയങ്ങളും അതാതു കാലങ്ങളിൽ പഠിച്ചു. പല ഭാഷകൾ പഠിച്ചു. ജീവിതമാർഗത്തിനായുള്ള ജോലികൾക്കായുള്ള പാഠങ്ങൾ പഠിച്ചു.

ഇതൊക്കെയും നേടാനായത് അതിന്റെയെല്ലാം ആവശ്യകത കൊണ്ടും നമ്മുടെ നിരന്തരമായ പരിശ്രമം കൊണ്ടും ദൈവകൃപ കൊണ്ടും ആയിരുന്നു.

എന്നാൽ കുഞ്ഞിലേ കേട്ട ഈശോയുടെ നാമം ഇപ്പോഴും അധരങ്ങളിൽ ഉണ്ട്, ഹൃദയത്തിൽ ഉണ്ട് എന്നതല്ലാതെ, ഈശോയെ എന്ന് നാം വിളിക്കുമ്പോൾ നിരന്തരം നമ്മോടു കൂടെ ആയിരിക്കുന്ന, നമ്മുടെ കൂടെ സദാ ഇടപഴകുകയും സംസാരിക്കുകയും നമ്മെ ആഴത്തിൽ സ്നേഹിക്കുകയും ചെയ്യുന്ന ഒരുവന്റെ പേര് വിളിക്കുന്നത് പോലെ ഇനിയും ആയിട്ടുണ്ടോ എന്ന് നമുക്ക് വിശകലനം ചെയ്യാം.

80-100 വർഷങ്ങൾ പരമാവധി ജീവിച്ചേക്കാവുന്ന ഭൗമികജീവിതം സുഖകരവും സുരക്ഷിതവുമാക്കാൻ ചെറുപ്പം മുതൽ ഓരോരോ മനുഷ്യരും അവരുടേതായ വിധത്തിൽ നേരായതും അല്ലാത്തതുമായ മാർഗങ്ങളിൽ അധ്വാനിക്കുന്നു, സമ്പാദിക്കുന്നു, ചെലവഴിക്കുന്നു, ജീവിക്കുന്നു.

എന്നാൽ ഭൗമികമരണത്തിനു ശേഷമുള്ള നിത്യമായ ജീവിതത്തിനു വേണ്ടി നാം എങ്ങനെയാണു ഒരുങ്ങുന്നത്?

മറ്റെല്ലാ മനുഷ്യരും എങ്ങനെ ആണെന്നുള്ളത് ഒരു നിമിഷം മറക്കാം.

കുറച്ചു നേരം നമ്മിലേയ്ക്ക് മാത്രം തിരിയാം.

നമ്മുടെ ജീവിതത്തിൽ ഈശോയുടെ നാമം കേട്ട ആദ്യ നാളുകൾ ഓർക്കാം.

മുതിർന്നവർ ആരോ സക്രാരിയിൽ ഇരിക്കുന്ന ഈശോയെ ചൂണ്ടിക്കാണിച്ചു പരിചയപ്പെടുത്തിയ സംഭവം ഏകദേശം ഓർത്തെടുക്കാൻ നോക്കാം. അന്ന് നമ്മുടെ കുഞ്ഞ് മനസ്സിൽ ഈശോയെ പറ്റി ഉണ്ടായ ധാരണകൾ, ആദ്യമായി ഈശോയോട് തോന്നിയ സ്നേഹം.

പരിശുദ്ധ കുർബാന എല്ലാവരും സ്വീകരിക്കുന്നത് കാണുമ്പോൾ എനിക്കും സ്വീകരിക്കണം എന്ന് ഉള്ളിലുണ്ടായ കൊതി.
അന്നൊന്നും ഈശോയെ സ്വീകരിക്കാൻ പറ്റാതെ ഇരുന്ന നാളുകളിൽ മനസിലുണ്ടായ സങ്കടം…

കൊതിച്ചു കൊതിച്ചു ഇരുന്ന നാളുകളിൽ ആദ്യകുർബാനയ്ക്കുള്ള ഒരുക്കദിനങ്ങൾ…

കണ്ണീരോടെയുള്ള ആദ്യ കുമ്പസാരം..

അവസാനം പരിശുദ്ധ കുർബാനയുടെ മദ്ധ്യേ സർവസ്നേഹത്തോടെയും ഈശോ എഴുന്നള്ളി വന്ന മഹനീയവും സ്വർഗ്ഗീയവുമായ ദൈവിക നിമിഷങ്ങൾ…

പരിശുദ്ധ ത്രിത്വത്തെ കുറിച്ച് ആദ്യമായി കേട്ട സമയം…

പരിശുദ്ധ അമ്മയെ ആദ്യമായി പരിചയപ്പെട്ട നാളുകൾ…

മറിയം എന്ന മാധുര്യമുള്ള നാമം ആദ്യമായി കേട്ട ദിനം…

യൗസേപ്പിതാവിനെ കുറിച്ചും കാവൽമാലാഖയെ കുറിച്ചും വിശുദ്ധന്മാരെ കുറിച്ചും മിഖായേൽ മാലാഖയെ കുറിച്ചും മറ്റെല്ലാ മാലാഖമാരെക്കുറിച്ചും കേട്ട ദിനങ്ങൾ

സ്വർഗത്തെ കുറിച്ചും ഈശോ നമുക്കായി ശ്രദ്ധയോടും സ്നേഹത്തോടും കൂടി ഒരുക്കുന്ന സ്വർഗീയ വസതിയെ കുറിച്ചും കേട്ടപ്പോൾ അവിടെ എത്താമെന്ന് ആദ്യമായി തോന്നിയ പ്രത്യാശ…

വിവിധ സ്ഥലങ്ങളിൽ ചെന്നെത്തിയ ദൈവാലയങ്ങൾ, പങ്കെടുത്ത പരിശുദ്ധ കുർബാനകൾ…

ദൈവകൃപയാൽ താമസിച്ചു പങ്കെടുക്കാനും ദൈവവചനം കേൾക്കാനും കഴിഞ്ഞ പലതരത്തിലുള്ള ധ്യാനങ്ങൾ…

നമ്മുടെ ജീവിതത്തിന്റെ കാലയളവിൽ നമുക്ക് സംസാരിക്കാൻ സാധാരണക്കാരും വിശുദ്ധരുമായ ജീവിതത്തിന്റെ പല മേഖലയിൽ പെട്ട മനുഷ്യർ

അവരിൽ നിന്നും കേട്ട കാര്യങ്ങൾ

ഇന്ന് എല്ലായിടത്തും സുലഭമായി കിട്ടുന്നുണ്ടെങ്കിലും പണ്ട് എല്ലാ വീടുകളിലും സമ്പൂർണ ബൈബിൾ ഉണ്ടായിരുന്നില്ല…

ആദ്യമായി ഒരു സമ്പൂർണ ബൈബിൾ കിട്ടുന്നതിന് ഒത്തിരി നാൾ കാത്തിരുന്നതും അവസാനം ആശിച്ചു മോഹിച്ചു സമ്പൂർണ ബൈബിൾ കയ്യിൽ കിട്ടിയപ്പോൾ ആരോടും മിണ്ടാതെ ഒരു സ്ഥലത്തു മാറിയിരുന്നു, ഒത്തിരി വിശന്നിരിക്കുമ്പോൾ ആർത്തിയോടെ ആഹാരം കഴിക്കുന്നത്‌ പോലെ വായിച്ച ഉല്പത്തി മുതലുള്ള കാര്യങ്ങളും പള്ളിയിൽ കുർബാനയ്ക്കിടയിൽ അച്ചൻ പ്രസംഗത്തിനിടയിൽ പറഞ്ഞു കേട്ടു ഹൃദയത്തിൽ ഉണ്ടായിരുന്ന കാര്യങ്ങളും ഒക്കെ വായിച്ചു തീർത്തത് ഇപ്പോഴും ഓർക്കുന്നു.

ലോകത്തിൽ തന്നെ കഴിഞ്ഞ കുറെ വർഷങ്ങളായി ഏറ്റവുമധികം കൃപയുടെ സമൃദ്ധിയാലും പരിശുദ്ധാരൂപിയുടെ നിറവിനാലും അനുഗ്രഹീതമായ കേരളത്തിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ച നമ്മൾ…

ആദ്യകാലങ്ങളിൽ കരിസ്മാറ്റിക് കൺവെൻഷനുകൾക്കും ധ്യാനങ്ങൾക്കും ഒക്കെ പങ്കെടുക്കുമ്പോൾ ഒത്തിരി ദൂരം യാത്ര ചെയ്തു വിശന്നു തളർന്നു എത്തി നിന്നു തിരിയാൻ ഇടമില്ലാതെ ജനക്കൂട്ടത്തിന്റെ ഇടയിൽ വെറും നിലത്തു പത്രക്കടലാസ് വിരിച്ചിരുന്നു, ഒരു നേരം കിട്ടുന്ന ബ്രെഡും വെള്ളവും കഴിച്ചു ദൈവവചനം കേട്ട നാളുകൾ.

ദൈവവചനം ഹൃദയത്തിൽ നിറഞ്ഞ ദിനങ്ങൾ..

രക്ഷാകരമായ അനുതാപത്തിന്റെ നാളുകൾ…

വായിക്കാൻ ലഭിച്ച ആത്മീയ പുസ്തകങ്ങൾ…

ആത്മീയതയുടെ പഠനകളരി ആയ വേദ പാഠക്ലാസുകൾ..

ഇന്നെന്തു ജീവിതാവസ്ഥയിൽ നാം ആണെങ്കിലും ലോകത്തിൽ ഉള്ള പല ആളുകളെക്കാളും ദൈവസ്നേഹത്തിലും ഈശോയുമായുള്ള ആഴമേറിയ ബന്ധത്തിലും വളരാൻ, വിശുദ്ധിയുടെ ഉന്നത തലങ്ങളിൽ എത്താൻ നമുക്കൊരോരുത്തർക്കും ചെറുപ്പം മുതലേ ഒത്തിരി അവസരങ്ങൾ ഈശോ തന്നിരുന്നു എന്ന് ആത്മാർഥമായി ആത്മ ശോധന നടത്തിയാൽ നമുക്ക് കാണാം

ഇന്നാണെങ്കിൽ താമസിച്ചു കൂടുന്ന ധ്യാനങ്ങൾക്ക് സൗകര്യങ്ങൾ കൂടി. ഓൺലൈനായി ധ്യാനങ്ങൾക്ക് കൂടാം. അത് പോലെ വിരൽത്തുമ്പിൽ ഏതു നേരവും ദൈവവചനം ലഭിക്കുവാൻ ബൈബിൾ ആപ്പുകൾ ഉണ്ട്.

അത് പോലെ ദൈവവചനപ്രഘോഷണങ്ങൾക്ക് ഇന്ന് എത്രയോ മാർഗങ്ങൾ.

നമ്മുടെ ജീവിതത്തിൽ അപ്പനോടും അമ്മയോടും സഹോദരങ്ങളോടുമൊക്കെ എത്ര ആഴത്തിൽ നാം ഇടപെട്ടു. അവരുടെ ഇഷ്ടങ്ങളും അനിഷ്‌ടങ്ങളും അറിഞ്ഞു. എത്രയോ ബന്ധുക്കളുമായി സംസാരിച്ചു. എത്രയോ പേരെ പല കാലങ്ങളിലായി പരിചയപ്പെട്ടു.

അത് പോലെ എത്രയോ ആൾക്കാരെ, അവർ നമ്മെ അറിയുകയില്ലെങ്കിലും പത്രവാർത്തകൾ വഴിയും സോഷ്യൽ മീഡിയ വഴിയും നമുക്കറിയാം.

എന്നാൽ നാം ചിന്തിക്കുന്ന വിഷയം ഇത്ര നാളുകളായിട്ടും ഈശോയെയും മാതാവിനെയും പരിശുദ്ധ ത്രിത്വത്തെയും സ്വർഗത്തെയും കുറിച്ച് നമുക്ക് എത്ര മാത്രം അറിയാം എന്നുള്ളതിനേക്കാളും അറിയാൻ ഞാനെത്ര പരിശ്രമിച്ചു എന്നുള്ളതാണ്.

അതിലേക്ക് വീണ്ടും ആഴത്തിൽ ചിന്തിക്കുമ്പോൾ നിത്യതയോളം ഞാൻ ഒന്നിച്ചു വസിക്കേണ്ട ഈശോ എന്ന വ്യക്തിയുമായി എന്റെ പരിചയവും അടുപ്പവും സ്നേഹവും ഒക്കെ ഏതു നിലയിലാണ് എന്ന് ഓർക്കാം.

ഈശോയ്ക്ക് നിരന്തരം ഒന്നാം സ്ഥാനം കൊടുക്കുന്ന ഒരു വ്യക്തിയുടെ ജീവിതം പരിശുദ്ധ കുർബാനയെ ചുറ്റി പറ്റി ഉള്ളതായിരിക്കും.

ഒരു പരിശുദ്ധ കുർബാന കഴിഞ്ഞു അടുത്ത പരിശുദ്ധ കുർബാന വരെയുള്ള സമയം വരപ്രസാദത്തിൽ ആയിരിക്കാൻ, ഹൃദയത്തിൽ സ്വർഗീയ സിംഹാസനത്തിൽ എന്നത് പോലെ വാണരുളുന്ന ഈശോയെ കൂടെ നടക്കുന്ന ഒരുവനോട് ഇടപെടുന്നത് പോലെ ഇടപെടാൻ ഒക്കെ നിരന്തര സഹായകനായ പരിശുദ്ധാത്മാവു നൽകുന്ന കൃപയാൽ സാധിക്കും.

ഫലത്തിൽ ഒരു കുഞ്ഞ് അമ്മയുടെ മാറിൽ പറ്റിച്ചേർന്നു കിടന്നു കുഞ്ഞ് കാര്യത്തിനും വാശി പിടിക്കുന്നത് പോലെയും കുഞ്ഞ് കാര്യങ്ങൾക്ക് സന്തോഷിക്കുന്നത് പോലെയും ഒരു കാര്യത്തിനും ഒളിവോ മറയോ ഇല്ലാത്ത ഒരു കുഞ്ഞിനെ പോലെ ഈശോയുടെ പക്കൽ തുറവിയോടെ ഇടപെടാൻ നമുക്ക് സാധിക്കുന്നുണ്ടോ എന്നത് പരിശോധിക്കാം.

ഈശോയുടെ പക്കൽ നിന്നും ഏതെങ്കിലും ഒരു കാര്യത്താൽ ആത്മാവിൽ അകന്നു പോയാലും പൊടുന്നനെ തിരിഞ്ഞു ഈശോയുടെ തിരുഹൃദയത്തിൽ മറഞ്ഞു അഭയം പ്രാപിക്കാനും മാത്രം ജാഗരൂകത നമുക്കുണ്ടോ എന്ന് നോക്കാം.

നമുക്ക് കിട്ടിയിരിക്കുന്ന ദിവ്യകാരുണ്യം എന്ന സ്വർഗീയ നിധി എത്രയോ അമൂല്യമാണ്.

അതിനെ കുറിച്ചു ചിന്തിച്ചാൽ പോലും ആത്മാവ് സുഗന്ധപൂരിതമാകും.

ദിവ്യകാരുണ്യത്തെ കുറിച്ച് സംസാരിക്കുന്ന ഇടങ്ങളിൽ മാലാഖമാർ കൂട്ടം കൂടി നിന്നു താത്പര്യത്തോടെ ശ്രവിക്കും. കാരണം അവർക്ക് ഏറ്റവും പ്രിയംകരനായ ഈശോയെ കുറിച്ചാണ് അവിടെ സംസാരിക്കപ്പെടുന്നത്.

നാം ഈശോയിൽ നിന്നു വന്നു. ഈശോയിലേയ്ക്ക് പോകുന്നു.

അപ്പോൾ ഇപ്പോൾ നാം ജീവിക്കുന്നതും ഈശോയിൽ ആകണ്ടേ.

ഒരു പക്ഷെ ചുറ്റുമുള്ളവർ പ്രാർത്ഥിക്കുന്നത് പോലെ നമുക്ക് നിരന്തരം പ്രാർത്ഥിക്കാൻ പറ്റുന്നില്ലായിരിക്കാം. തുടർച്ചയായി ദൈവവചനം വായിക്കാൻ പറ്റുന്നില്ലായിരിക്കാം.

ഈ നാളുകളിൽ ഒത്തിരി പേരിൽ കാണുന്ന തീക്ഷ്‌ണമായ വിശ്വാസം നമ്മുടെ ആത്മാവിൽ നമുക്ക് അനുഭവപ്പെടുന്നില്ലായിരിക്കാം.

ഏറ്റവും നിസാരവും സാധാരണ മനുഷ്യർക്ക് എളുപ്പത്തിൽ ചെയ്യാവുന്നതുമായ കാര്യങ്ങൾ പോലും ചെയ്യാൻ നമുക്ക് ഉള്ളിൽ അതീവ ബുദ്ധിമുട്ട് വന്നു എന്നിരിക്കാം.

ലോകത്തിലെ കാര്യങ്ങളിൽ ഒത്തിരി സാമർത്ഥ്യമോ വലിയ നേട്ടങ്ങളോ ഒന്നും ഇല്ല എന്നിരിക്കാം.

എങ്കിലെന്ത്‌?

ഈശോ എന്നുള്ള നാമം ഞാൻ കേട്ടിട്ടുണ്ടോ?
ഉണ്ടെങ്കിൽ ഞാൻ ഭാഗ്യവതി…

അനേകം തലമുറകൾ ജീവിച്ചിരുന്നപ്പോൾ മാനവകുലത്തിനു നൽകപ്പെട്ട ആ നാമം കേൾക്കാതെ മരിച്ചു പോയിട്ടുണ്ട്.

അമ്മേ എന്നുള്ള വിളിക്കു പകരം ഈശോയെ എന്നുള്ള വിളി എന്റെ അധരങ്ങളിൽ ആദ്യം ഉയരുന്നു എങ്കിൽ ഞാൻ ഭാഗ്യവതി

ഈശോ എന്ന നാമം എന്റെ ഹൃദയത്തിൽ ഉറച്ചു എന്നതല്ലേ അതിന്റെ അർത്ഥം!

“ഹൃദയത്തിന്റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്‌.”
(ലൂക്കാ 6 : 45)

പരിശുദ്ധ കുർബാന സ്വീകരിക്കാതെ ഇരിക്കുമ്പോൾ എന്റെ ആത്മാവിന് ദിവ്യകാരുണ്യത്തിന് വേണ്ടിയുള്ള വിശപ്പും ദാഹവും അനുഭവപ്പെടുന്നു എങ്കിൽ ഞാൻ ഭാഗ്യവതി…

കാരണം പരിശുദ്ധമായ ദൈവിക സ്നേഹത്തിന്റെ സ്വർഗീയരുചി ദിവ്യകാരുണ്യത്തിനുണ്ടെന്നും അവിടുന്ന് നല്ലവനാണെന്നും എന്റെ ആത്മാവിന് മനസിലായിട്ടുണ്ട്.

“കര്‍ത്താവ്‌ എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍;
അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.”
(സങ്കീര്‍ത്തനങ്ങള്‍ 34 : 8)

ദിവ്യകാരുണ്യം സ്വീകരിക്കാൻ പറ്റാതെ ഇരിക്കുമ്പോൾ ദൈവാലത്തിൽ അവിടുത്തെ ചാരെ എത്താൻ പറ്റാതെ ഇരിക്കുമ്പോൾ എന്റെ ആത്മാവ് വിഷാദം പൂണ്ടിരിക്കുന്നു എങ്കിൽ ഞാൻ ഭാഗ്യവതി…

കാരണം ഈശോയെ ഞാൻ ഒരു സ്നേഹിതൻ എന്നത് പോലെ അവിടുത്തോട് ഞാനും എന്റെ ഹൃദയവും അടുത്തിരിക്കുന്നു.

മറ്റുള്ളവരോട് ഇടപെടുമ്പോഴും ഈശോയിലൂടെ വേണം ഇടപെടുവാൻ. കാരണം നിത്യസ്നേഹിതനായ ഈശോയുടെ സാന്നിധ്യവും ഇടപെടലും ബന്ധങ്ങളെയും സൗഹൃദങ്ങളെയും വിശുദ്ധമാക്കും.

ദിവ്യകാരുണ്യം ഒരുക്കത്തോടെ സ്വീകരിക്കുന്ന ഒരു ഏറ്റവും സാധാരണക്കാരനായ വ്യക്തി യ്ക്ക് വേറേ സമ്പാദ്യം ഒന്നും വേണ്ടാ ഏറ്റവും വലിയ നിത്യനിധി അയാൾ സ്വന്തമാക്കിക്കഴിഞ്ഞു.

ഒരു പക്ഷെ ഏറ്റവും ഭക്തിയോടെ ജീവിക്കുന്ന മനുഷ്യർ നമുക്ക് ചുറ്റും ഒത്തിരിപ്പേരുണ്ടാകാം.

അവരെയൊക്കെ കാണുമ്പോൾ നമ്മുടെ ആത്മാവിൽ ഈശോയ്ക്ക് നൽകാൻ ഒന്നുമില്ലല്ലോ എന്നുള്ള ചിന്ത ചിലപ്പോൾ നമ്മെ സങ്കടപ്പെടുത്തിയേക്കാം.

എന്നാൽ അത് മൂന്നോ നാലോ ആളുകളോട് പങ്കു വയ്ക്കുകയും സംശയം ചോദിക്കുകയും ചെയ്യുന്നതിന് പകരം ഹൃദയസക്രാരിയിൽ നമ്മോടു സംസാരിക്കാൻ കാത്തിരിക്കുന്ന ഈശോയോട് ചോദിക്കണം.

അവിടുന്ന് സംസാരിക്കും. ആശ്വസിപ്പിക്കും. ബോധ്യങ്ങൾ തരും. അപ്പോൾ നമ്മുടെ ഹൃദയം വീണ്ടും ഈശോ നൽകുന്ന ആനന്ദത്താൽ നിറയും.

ഏതു കാര്യവും ഏതു നേരവും ഈശോയോട് പറയാം.

സ്വതന്ത്രമായി ഇടപെടാം.

ഇത് പോലൊരു ദൈവം ആർക്കുണ്ട്?

കഴിഞ്ഞകാലത്തെപ്പറ്റി, ദൈവം മനുഷ്യനെ ഭൂമുഖത്തു സൃഷ്‌ടിച്ചതു മുതലുള്ള കാലത്തെപ്പറ്റി, ആകാശത്തിന്റെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ ചോദിക്കുക; ഇതുപോലൊരു മഹാസംഭവം എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? ഇതുപോലൊന്നു കേട്ടിട്ടുണ്ടോ?
ഏതെങ്കിലും ജനത എന്നെങ്കിലും അഗ്‌നിയുടെ മധ്യത്തില്‍നിന്നു സംസാരിക്കുന്നദൈവത്തിന്റെ ശബ്‌ദം നിങ്ങള്‍ കേട്ടതുപോലെ കേള്‍ക്കുകയും പിന്നെ ജീവിച്ചിരിക്കുകയും ചെയ്‌തിട്ടുണ്ടോ?
നിയമാവര്‍ത്തനം 4 : 32-33

മോശയുടെ കാലത്തു സംഭവിച്ച കാര്യങ്ങളെ കുറിച്ച് പഴയ നിയമ ജനത അത്ഭുതം കൂറുന്നു.

എന്നാൽ ദിവ്യകാരുണ്യമായ ഈശോയെ ഹൃദയത്തിൽ സ്വീകരിച്ചിട്ടും ഓരോ നിമിഷവും ഹൃദയസക്രാരിയിൽ അവിടുത്തെ നാം പോകുന്നിടത്തെല്ലാം വഹിച്ചു കൊണ്ട് നടന്നിട്ടും ജീവിച്ചിരിക്കുന്ന നമ്മളോ?

ദിവ്യകാരുണ്യം സ്വീകരിക്കാൻ ഭാഗ്യം ലഭിച്ച ഓരോ മനുഷ്യരും ജീവിക്കുന്ന അത്ഭുതങ്ങളല്ലേ!!!

ഈശോയുടെ രണ്ടാം വരവ് അടുത്തു എന്നു കേൾക്കുമ്പോൾ അറിയാതെ ഒരു ഭീതി മനസ്സിൽ ഉയരുന്നുണ്ടോ?

എന്തു ചെയ്യണം എങ്ങനെ ചെയ്യണം എങ്ങനെ ഒരുങ്ങണം എന്ന് വേവലാതിപ്പെടുന്നുണ്ടോ?

വിധിയാളനായി ഈശോ എപ്പോൾ വരും?
എന്ന് പേടിയാണോ?

പക്ഷെ ഈശോ എപ്പോഴേ ദിവ്യകാരുണ്യമായി നമ്മിൽ വന്നു കഴിഞ്ഞു!

നാമുമായി സ്നേഹത്തിൽ ഒന്നായി മാറിക്കഴിഞ്ഞു!

എന്നേ ദിവ്യകാരുണ്യത്തിൽ നാം ഈശോയിലും ഈശോ നമ്മിലും വസിച്ചു തുടങ്ങിക്കഴിഞ്ഞു. ഈശോയുടെ സ്നേഹം പൂർണമാണ്. പൂർണമായ സ്നേഹത്തിൽ ഭയമില്ല.

“വിധിദിനത്തില്‍ നമുക്ക്‌ ആത്‌മധൈര്യം ഉണ്ടാകുന്നതിനു സ്‌നേഹം നമ്മില്‍ പൂര്‍ണത പ്രാപിച്ചിരിക്കുന്നു. എന്തെന്നാല്‍, ഈ ലോകത്തില്‍ത്തന്നെ നാം അവനെപ്പോലെ ആയിരിക്കുന്നു.
സ്‌നേഹത്തില്‍ ഭയത്തിന്‌ ഇടമില്ല; പൂര്‍ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്‌ഷയെക്കുറിച്ചാണ്‌. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണനായിട്ടില്ല.
ആദ്യം അവിടുന്നു നമ്മെ സ്‌നേഹിച്ചു. അതിനാല്‍, നാമും അവിടുത്തെ സ്‌നേഹിക്കുന്നു. “
(1 യോഹന്നാന്‍ 4 : 17-19)

എന്നാൽ…

കുറെ ദിവസങ്ങളിൽ നമുക്ക് ഈശോയോടുള്ള സ്നേഹം ഹൃദയത്തിൽ തീവ്രമായി അനുഭവപ്പെട്ടു എന്ന് വരാം.

എന്നാൽ ചില ദിവസങ്ങളിൽ സാഹചര്യങ്ങളും പ്രതികൂല സാഹചര്യങ്ങളും ദൈവഹിതവും ഒക്കെ മൂലം ആത്മാവിൽ ഈ സ്നേഹത്തിന്റെ ആളിക്കത്തൽ സ്വാഭാവികമായും നമുക്ക് അനുഭവപ്പെടുന്നില്ല എന്ന് വന്നേക്കാം.

എങ്കിലും ഭയപ്പെടേണ്ട…

അത് പങ്കു വയ്ക്കാൻ നമ്മുടെ ഈശോ ഹൃദയസക്രാരിയിൽ ഇല്ലേ?

അവിടുന്ന് ചോദിക്കും.

എന്റെ കുഞ്ഞേ…

ഞാനില്ലേ നിനക്ക്…

“ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്‌തുവിനോട്‌ ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല.
എന്തെന്നാല്‍, യേശുക്രിസ്‌തുവിലുള്ള ജീവാത്മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍ നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു.”
(റോമാ 8 : 1-2)

ഒരു മനുഷ്യൻ എത്ര മാത്രം സ്വയം പരിശ്രമിച്ചാലും അയാൾക്ക് അവനവന്റെ ആത്മ സ്ഥിതി എങ്ങനെ മെച്ചപ്പെടുത്താൻ പറ്റും.
എന്നാൽ നമ്മെ ഈശോയുടെ ഹിതത്തിന് പൂർണമായും വിട്ടു കൊടുത്താലോ?

എത്രയോ മനോഹരമായി അവിടുന്ന് നമ്മുടെ ആത്മാവിനെ തനിക്കു വേണ്ടി തന്നെ അലങ്കരിക്കും.

മനുഷ്യർ തമ്മിലുള്ള സ്നേഹത്തിനു ഉദാഹരണമായി ചൂണ്ടികാണിക്കപ്പെടുന്നത് അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹം, അപ്പന്റെ കരുതൽ, സഹോദരങ്ങളുടെ ത്യാഗം, പ്രണയിതാക്കളുടെ പരസ്പരതീവ്രസ്നേഹം, ഭാര്യഭർത്താക്കന്മാർ തമ്മിലുള്ള ലയം, ആത്മസുഹൃത്തിനോടുള്ള സ്നേഹം, അപരിചിതരോട് അപ്രതീക്ഷിതമായി കാണിക്കുന്ന കരുണ തുടങ്ങിയവയാണ്.

എന്നാൽ ഈശോയും നാമും തമ്മിലുള്ള ബന്ധവും സ്നേഹത്തിന്റെ ആഴവും എന്താണ്!

അവിടുന്ന് നമ്മുടെ സൃഷ്ടാവാണ്.

അമ്മയെ പോലെ സ്നേഹിക്കുന്നവനാണ്.

അപ്പനെ പോലെ കരുതുന്നവനാണ്.

അവിടുന്ന് നമ്മുടെ രക്ഷകനാണ്.

അവിടുന്നു നമുക്ക് വേണ്ടി പകരക്കാരനായ മൂത്ത സഹോദരനാണ്.

അവിടുന്ന് സ്നേഹിതനു വേണ്ടി ജീവനർപ്പിച്ച സുഹൃത്താണ്.

അവിടുന്ന് ഈശോയെ അറിയാത്തവരോടും വേണ്ടിയും കരുണ കാണിക്കുന്നവനാണ്.

നമ്മോടുള്ള സ്നേഹാഗ്നി നിരന്തരം തിരു ഹൃദയത്തിൽ പേറുന്നവനാണ്.

ദിവ്യകാരുണ്യമായി നമ്മിൽ ലയിക്കുന്നവനാണ്. ഈശോ നമ്മിൽ അലിഞ്ഞു ചേരുന്നതെ നമ്മൾ കണ്ടിട്ടുള്ളൂ. എന്നാൽ നാം ദിവ്യകാരുണ്യ സമയത്ത് നമ്മുടെ ആത്മാവ് ഏറ്റവും പരിശുദ്ധനായ ദിവ്യകാരുണ്യ ഈശോയുടെ സ്നേഹതീയിൽ അലിഞ്ഞു അവിടുത്തേയ്ക്ക് അനുയോജ്യയായ സ്നേഹഭാജനം ആയി രൂപാന്തരം പ്രാപിക്കുന്നത് നാം ഭയപ്പെടാതിരിക്കാനും അവിടുത്തെ സ്നേഹത്തിൽ പരിപൂർണമായി ബാഹ്യമായ അടയാളങ്ങൾ കാണാതെ വിശ്വസിക്കാനും വേണ്ടി നമ്മിൽ നിന്നും മറയ്ക്കപ്പെട്ടിരിക്കുന്നു.

പരിശുദ്ധ കുർബാനസ്വീകരണ സമയത്തു ഏറ്റവും പരിശുദ്ധനായ ഈശോയെ നമ്മിൽ സ്വീകരിക്കുമ്പോൾ നമ്മിൽ ഏറ്റവും ആഴത്തിലുള്ള, ഏറ്റവും സൗജന്യമായ, വേദനയില്ലാത്ത, സ്നേഹത്തിന്റെ വിശുദ്ധീകരണം നടക്കുകയാണ്.

എന്നാൽ ഇതേ സ്നേഹത്തിന്റെ പരിശുദ്ധീകരണം ശുദ്ധീകരണ സ്ഥലത്തു നടക്കുമ്പോൾ നമുക്ക് അപാരമായ വേദന അനുഭവപ്പെടുന്നു. കാരണം അവിടെ നാം തനിച്ചാണ് സഹിക്കുന്നത്. ഈശോ ഇത് പോലെ ഒപ്പം നിന്നു സഹായിക്കാനും വിശുദ്ധീകരിക്കാനുമുള്ള സമയം ഭൂമിയിൽ കഴിഞ്ഞു പോയി.

അത് കൊണ്ട് ദിവ്യകാരുണ്യം ഒരുക്കത്തോടെ അനുദിനം സ്വീകരിച്ചു നമ്മുടെ ആത്മാവിനെ ഈശോയോട് പരിശുദ്ധിയിൽ ഏറ്റവും അനുരൂപമാക്കുവാനും ആ അവസ്ഥയിൽ നിലനിൽക്കുവാനും എത്രയോ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.

അതിനായി ഒരാത്മാവ് പരിശ്രമിക്കുന്നത് കാണുന്നത് ഈശോയ്ക്കും സന്തോഷമാണ്. അതിനെ ഈശോയും സഹായിക്കും.
നമ്മുടെ ബുദ്ധിമുട്ടുകൾ അപ്പോഴപ്പോൾ നാം അവിടുത്തോട് പങ്കു വയ്ക്കണം. അവിടുന്ന് ശ്രദ്ധയോടെ അത് കേൾക്കും.

നാം എന്ത് ആഹരിക്കുന്നുവോ അത് നമ്മുടെ ശരീരത്തിന്റെ ഭാഗമായി മാറുന്നതിനാൽ അത് നമ്മിൽ സ്വാധീനം ചെലുത്തും എന്ന് കേട്ടിട്ടുണ്ട്. എന്നാൽ പരിശുദ്ധ കുർബാന അനുദിനഭോജ്യം ആക്കുന്ന ഏറ്റവും ഭാഗ്യവാന്മാരായ നമ്മളിൽ ഒരുക്കത്തോടെ സ്വീകരിക്കുന്ന ദിവ്യകാരുണ്യം എന്ത് മാത്രം സ്വാധീനം ചെലുത്തും.

ഏതു ബന്ധങ്ങളെക്കാളും ഉപരിയാണ് ഒരു മനുഷ്യാത്മാവും ഈശോയും തമ്മിലുള്ള ബന്ധം.

ആ ബന്ധത്തിന്റെ പൂർണതയിലേയ്ക്ക് ഒരു ആത്മാവ് നയിക്കപ്പെടുന്നത് ദൈവഹിതമനുസരിച്ചു പല വിധത്തിൽ ആകാം.

അത്ഭുതകരമായ വിധത്തിൽ വിശുദ്ധ പൗലോസിനെ പോലെ ഈശോയിലേയ്ക്ക് നയിക്കപ്പെടുന്നവരുണ്ട്.

പരിശുദ്ധ അമ്മയിലൂടെ ഈശോയിലേയ്ക്ക് നയിക്കപ്പെടുന്നവരുണ്ട്.

ദൈവവചനത്തിലൂടെ ഈശോയുടെ സ്നേഹം പകരപ്പെട്ടവരുണ്ട്.

ആട്ടിടയന്മാരെ പോലെ മാലാഖാമാരിലൂടെ ഈശോയെ കുറിച്ച് അറിഞ്ഞവരുണ്ട്.

ജ്ഞാനികളെ പോലെ ജീവിതം മുഴുവൻ നീണ്ട മനനത്തിലൂടെയും പഠനത്തിലൂടെയും പരിശുദ്ധാത്മാവു നൽകുന്ന ആന്തരിക പ്രചോദനങ്ങളിലൂടെയും ഈശോയെ കണ്ടെത്തിയവരുണ്ട്.

എന്നാൽ ചെറുപ്പം മുതൽ സാധാരണ രീതിയിൽ വേദ പാഠം പഠിച്ചു, സാധിക്കുന്ന പോലെ പള്ളിയിൽ പോയി സാധാരണ ജീവിതം നയിച്ചു ആരുമറിയാതെ അവർ പോലുമറിയാതെ വിശുദ്ധ ജീവിതം നയിച്ചു ഈശോയിൽ ആയിരിക്കുന്ന ചെറു ജീവിതങ്ങളുമുണ്ട്.

നാം ഈശോയെ കണ്ടെത്തുന്നത് ഏതു പ്രായത്തിലും ഏതു വിധത്തിലും ആയിക്കൊള്ളട്ടെ.

നമ്മുടെ ഹൃദയത്തിനുള്ളിലെ ആ ജീവിക്കുന്ന, സ്നേഹിക്കുന്ന നിധി കണ്ടെത്തികഴിഞ്ഞാൽ പിന്നെ ഒരിക്കലും അത് കൈവിടരുത്.

ഈശോയോട് നിരന്തരം ഒട്ടും ഭയപ്പെടാതെ ഇടപെടണം. അവിടുന്ന് നമ്മെ നയിക്കുന്ന ഇടയനാണ്. നമ്മെ ഉപാധി ഇല്ലാതെ പരാതി ഇല്ലാതെ സ്നേഹിക്കുന്നവനാണ്.

നമ്മുടെ ഏതു ചോദ്യത്തിനും ഈശോയ്ക്ക് ഒരുത്തരമുണ്ട്.

താത്കാലിക ഉത്തരങ്ങൾ എന്ത് തന്നെയായാലും നമ്മുടെ ചോദ്യങ്ങളുടെ അവസാന ഉത്തരം ഈശോ തന്നെയാണ്.

ഈശോയിൽ നിന്നും നാം വന്നു. ഈശോയിലേയ്ക്ക് പോകുന്നു.

എന്നാൽ നമ്മുടെ ജീവിതത്തിലെ വർത്തമാനകാലത്തിലെ ഈ ചെറുനിമിഷം ഈശോയോടൊപ്പം ആയിരിക്കാൻ ഏറ്റവും പരിശ്രമിക്കാം.

കാരണം….

“അതിനാല്‍, സ്വര്‍ഗമേ, അതില്‍ വസിക്കുന്നവരേ, ആനന്ദിക്കുവിന്‍. എന്നാല്‍, ഭൂമിയേ, സമുദ്രമേ, നിങ്ങള്‍ക്കു ദുരിതം! ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ്‌ അരിശം കൊണ്ടു പിശാചു നിങ്ങളുടെ അടുത്തേക്ക്‌ ഇറങ്ങിയിട്ടുണ്ട്‌.”
(വെളിപാട്‌ 12 : 12)

ഭൂമിയിൽ ആയിരിക്കുന്ന നമ്മുടെ ഇനിയും അവശേഷിക്കുന്ന ചെറുജീവിതത്തിൽ ഏറ്റവും സ്നേഹത്തോടെ ദിവ്യകാരുണ്യ ഈശോയുടെ സ്നേഹത്തിൽ ചേർന്ന് നിൽക്കാം.

അവിടുന്ന് നമ്മെ സ്നേഹത്തിൽ പൊതിഞ്ഞു നോക്കിക്കൊള്ളും.

“ദൈവത്തിന്റെ ശക്തമായ കരത്തിന്‍ കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്‌.
നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.
നിങ്ങളുടെ ശത്രുവായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന്‌ അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.
വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട്‌ അവനെ എതിര്‍ക്കുവിന്‍. ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരരില്‍നിന്ന്‌ ഇതേ സഹനം തന്നെ ആവശ്യപ്പെട്ടിരിക്കുന്നെന്ന്‌ അറിയുകയും ചെയ്യുവിന്‍;
തന്റെ നിത്യമഹത്വത്തിലേക്കു ക്രിസ്‌തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്‍പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്‌തരാക്കുകയും ചെയ്യും.
ആധിപത്യം എന്നും എന്നേക്കും അവന്റേതായിരിക്കട്ടെ!

ആമേന്‍.

(1 പത്രോസ് 5 : 6-11)

സ്നേഹത്തിൽ നിലനിൽക്കുന്നത് ചെറിയവരായ നമുക്ക് അസാധ്യം എന്ന് തോന്നിയേക്കാം.

എന്നാൽ…

“ദൈവത്തിന്‌ ഒന്നും അസാധ്യമല്ല.”

(ലൂക്കാ 1 : 37)

സഹായകനായ പരിശുദ്ധാത്മാവ് ഓരോ നിമിഷവും ഏറ്റവും സ്നേഹത്തോടെ നമ്മെ ഈശോയുമായുള്ള അനുദിനസ്നേഹത്തിൽ ആയിരിക്കാനും അതിൽ വളരാനും ആ സ്നേഹത്തിൽ നിലനിൽക്കാനും നമ്മെ സഹായിക്കും.

ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment