ദിവ്യകാരുണ്യം: ഹൃദയരഹസ്യങ്ങൾ കൈമാറുന്ന ദൈവമനുഷ്യസൗഹൃദം

നമ്മുടെ ഹൃദയത്തിനോട് ഏറ്റവും ചേർന്നിരിക്കുന്ന വിശ്വസ്തരെന്നു കാണപ്പെടുന്ന മുൻവിധികൾ ഇല്ലാത്ത മിത്രങ്ങളോട്/ സഹോദരങ്ങളോട് സംഭാഷണ മദ്ധ്യേ ഏതെങ്കിലും ഒരു സമയത്തു നാം ആയിരിക്കുന്ന അവസ്ഥയും നാം കടന്നു പോയ അവസ്ഥയും നമ്മുടെ സ്വപ്നങ്ങളും ഒക്കെ മറകൾ ഇല്ലാതെ നാം സംസാരിക്കാറുണ്ട്.

നമ്മുടെ സങ്കടങ്ങളിൽ കണ്ണു നിറയുന്ന, നമ്മുടെ ബാലിശമായ അനുഭവങ്ങൾ കേട്ട് പൊട്ടിച്ചിരിക്കുന്ന, നമ്മുടെ ചെറിയ നേട്ടങ്ങളിൽ പോലും സ്വന്തമെന്നത് പോലെ അഭിമാനിക്കുന്ന, മിത്രങ്ങൾ / സഹോദരങ്ങൾ എങ്കിലും ഉണ്ടെങ്കിൽ ജീവിതത്തിൽ അതൊരു ആശ്വാസമാണ്.

യഥാർത്ഥ സൗഹൃദത്തിൽ സമയത്തിന്റെ അളവുകോലുകളില്ല, ഉപാധികളില്ല. യഥാർത്ഥ സൗഹൃദത്തിൽ വ്യക്തിത്വങ്ങളുടെ വ്യത്യസ്തതയോ ഓരോരുത്തരുടെയും സാഹചര്യങ്ങളുടെ അനന്യതയോ ആത്മീയ ഭൗതികസാമ്പത്തികനിലയിലുള്ള വ്യത്യാസങ്ങളോ ആരോഗ്യനിലയോ കുറവുകൾ സൃഷ്ടിക്കുന്നില്ല. എന്നാൽ മാനുഷിക ബന്ധങ്ങളിൽ ഇത് പോലൊരു പൂർണ സൗഹൃദം അതിന്റെ ഏറ്റവും ഉന്നത നിലയിൽ കുറച്ചു സമയത്തേയ്ക്ക് സാധ്യമാകുമെങ്കിലും ഏറെക്കാലം നിലനിൽക്കണമെന്നില്ല. കാരണം മനുഷ്യർ സ്നേഹത്തിൽ പൂർണരല്ലല്ലോ. .

എന്നാൽ ഇത് ദിവ്യകാരുണ്യസൗഹൃദത്തിൽ സാധ്യമാണ്. കാരണം ഈശോ സ്നേഹം തന്നെയാണല്ലോ.

അത് മാത്രമല്ല ഓരോ ദിവസവും വ്യക്തിപരമായി ഓരോരുത്തരും കടന്നു പോകുന്ന ആത്മീയ മാനസിക ശാരീരിക അവസ്ഥകൾ വ്യത്യസ്തമാണ് താനും. നാം പറയാതെ നമ്മുടെ ഹൃദയങ്ങൾ വായിക്കാൻ സാധാരണ മനുഷ്യർക്ക് പറ്റുകയില്ല. അത് കൊണ്ട് തന്നെ നാം യഥാർത്ഥത്തിൽ ആയിരിക്കുന്നതിന്റെ ഒരംശം പോലും മറ്റുള്ളവർ അത് മാതാപിതാക്കളോ ജീവിതപങ്കാളിയോ മക്കളോ സ്നേഹിതരോ സഹോദരങ്ങളോ അറിയണമെന്നുമില്ല.

നമ്മുടെ ഹൃദയത്തിന്റെയും ജീവിതത്തിന്റെയും നിസ്സഹായതയും വിങ്ങലും അറിയാതെ വാക്കുകൾ കൊണ്ട് മുറിവേല്പിക്കുന്നു എന്ന് മനസിലാക്കാതെ ചെയ്യേണ്ട ഉത്തരവാദിത്വങ്ങൾ നിരന്തരം ഓർമിപ്പിച്ചു കൊണ്ട് കുറ്റപ്പെടുത്തി സംസാരിച്ചു എന്ന് വരാം.

നന്നായി ഒരു പനി വന്നാൽ പോലും ശരീരം തളരും. കണ്ണുയർത്തി നോക്കാൻ പോലും ആവാതെ, ഒരടി മുന്നോട്ട് വയ്ക്കാൻ പോലും പറ്റാതെ നാം കിടപ്പിലായെന്നു വരും

ശാരീരികമായി എന്തെങ്കിലും അസുഖം വന്നാൽ മനുഷ്യർക്ക് മനസിലാക്കാൻ പറ്റും.

മാനസികമായി തളർന്നിരിക്കുകയാണെങ്കിലും കുറെയൊക്കെ അറിയാൻ പറ്റും

എന്നാൽ ആത്മീയമായി തളർന്ന മനുഷ്യനെ ദൈവത്തിനല്ലാതെ, ആർക്കും അവനു പോലും അറിയാൻ സാധിക്കില്ല.

മനുഷ്യൻ ബാല്യം മുതൽ ശാരീരികമായും മാനസികമായും മാറ്റങ്ങളിലൂടെ കടന്നു പോകുന്നു.

അവന്റെ ആത്മാവും ഓരോ ദിവസവും ദൈവം ഒരുക്കിയ രൂപാന്തര പ്രക്രിയകളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നു

പരിശുദ്ധി തന്നെയായ ദൈവത്തിൽ നിത്യതയിൽ എത്താൻ ജീവിതപരിശുദ്ധിയിൽ ക്രമേണ പരിശുദ്ധാരൂപിയുടെ കരുതലിൽ സ്വഭാവികമായി പൂർണത കൈവരിച്ചു കൊണ്ടിരിക്കുന്നു.

ജീവിതത്തിൽ ദിവ്യകാരുണ്യ ഈശോയുടെ സൗഹൃദം നേടാൻ ഒരാൾക്ക് യഥാർത്ഥത്തിൽ സാധിക്കുകയാണെങ്കിൽ അയാളുടെ ജീവിതത്തിൽ പൂർണമായ സമാധാനം കൈവന്നു എന്ന് തന്നെയാണ് അർത്ഥം.

ഒരു സാധാരണ മനുഷ്യന് ജീവിതപ്രതിസന്ധികൾക്കിടയിൽ താരതമ്യേന സർവ മഹിമയും മറച്ചു വച്ചിരിക്കുന്ന, നിസാരരായ നമ്മുടെ നിസാരതയിൽ നമ്മോടൊപ്പം ആയിരിക്കുന്ന ദിവ്യകാരുണ്യത്തിൽ ശ്രദ്ധ പതിപ്പിക്കുക എന്നത് വളരെ പ്രയാസകരമാണ്.

അനുദിനം മുന്നിൽ വരുന്ന നൂറു കൂട്ടം ചെറുതും വലുതുമായ കാര്യങ്ങളുടെ ഇടയിൽ പെട്ട് ഞെരുങ്ങുമ്പോൾ മുന്നിൽ കാണുന്ന, നമ്മെ സഹായിച്ചേക്കുമെന്ന് നാം കരുതുന്ന മനുഷ്യരുടെ നേരെ നാം ഒരു ആശ്രയത്തിനായി തിരിയും. നമ്മെ അവർ സഹായിക്കുമെന്ന് ഒത്തിരി പ്രതീക്ഷിക്കും.

എന്നാൽ യഥാർത്ഥത്തിൽ നാം കടന്നു പോകേണ്ട വഴി ഈശോ തന്നെ ആയതിനാൽ ആ ജീവിതവഴിയിലൂടെ നടക്കുമ്പോൾ നമ്മുടെ ആത്മാവിന് നേരിടേണ്ടി വരുന്ന ചെറുതും വലുതുമായ പ്രതിസന്ധികൾ പരിഹരിക്കാനും ആശ്വസിപ്പിക്കാനും ഈശോയ്‌ക്കെ സാധിക്കുകയുള്ളൂ.

ഓരോരുത്തരും വ്യത്യസ്തരാണ്. എങ്കിലും ഓരോരുത്തർക്കും ദിവ്യകാരുണ്യ സൗഹൃദം സുസാധ്യമാണ്.

ഈശോ ഇന്നും ജീവിക്കുന്നു. അവിടുന്ന് നൽകിയ ജീവനിൽ ആയിരിക്കുന്ന നമ്മുടെ സൗഹൃദം അവിടുന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

അതിനു പുതുതായി യോഗ്യതകൾ ഒന്നും വേണ്ട. അറിവ് വേണ്ടാ, സൗന്ദര്യം വേണ്ടാ.

ഈശോയെ ഒന്ന് നോക്കിയാൽ മാത്രം മതി. അവിടുത്തെ കുറിച്ച് ഒന്ന് ചിന്തിച്ചു തുടങ്ങിയാൽ മതി

നമ്മുടെ ചിന്തകൾ നമ്മിൽ വരും മുൻപേ അത് അവിടുന്ന് അറിയുന്നു.

കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനെ കുറിച്ച് ഞാൻ ചിന്തിച്ചു. ഏതോ ഒരു ദിവസം സംസാരിച്ചു തുടങ്ങിയവൾ.

എല്ലാ ദിവസവും സംസാരിക്കുകയില്ലെങ്കിലും പരസ്പരം കുറച്ചൊക്കെ അറിയുന്നവർ. കണ്ടുമുട്ടുമ്പോൾ സന്തോഷമാണ്. കുഞ്ഞ് കാര്യങ്ങൾക്ക് സ്വന്തം കാര്യം എന്നത് പോലെ പരസ്പരം ഇടപെടുമ്പോഴും സന്തോഷം തന്നെ. അന്യോന്യം മേന്മ ആഗ്രഹിക്കുന്ന ഒരു കുഞ്ഞു കൂട്ട്.

ഈ ചെറിയ സുഹൃത്തിനെ കുറിച്ച് ചിന്തിച്ചപ്പോൾ ഞാനോർത്തു, എന്നെ സുഹൃത്തായി കരുതുവാൻ എനിക്കെന്തു പ്രത്യേകതയാണുള്ളത്!

പ്രത്യേകിച്ച് ഒന്നുമില്ല.

ഒന്ന് കൂടെ ആലോചിച്ചപ്പോൾ ആ വ്യക്തിയിൽ കൂടുതൽ നന്മ ഉള്ളത് കൊണ്ടാണ് എന്ന് എനിക്ക് തോന്നി.

ദിവ്യകാരുണ്യ ഈശോ നമ്മിൽ വസിക്കുന്നതിനാലും നാം എല്ലാവരും ശിരസായ അവിടുന്നിൽ വസിക്കുന്നതിനാലും നിത്യതയിലും ഓരോ മനുഷ്യരും സ്നേഹത്തിൽ ക്രിസ്തുവിന്റെ മൗതികശരീരത്തിലെ അംഗങ്ങളായി നിലകൊള്ളും.

ഈശോയെ കുറിച്ച് ഒരു കുഞ്ഞ് സുഹൃത്ത്‌ എന്ന നിലയിൽ ചിന്തിക്കുമ്പോൾ അവിടുന്ന് ആ നിലയിൽ നമ്മോടു ഇടപെടും.

എന്നാൽ ഈശോയെ കുറിച്ച് ഒരു കുഞ്ഞ് ചിന്തയെങ്കിലും ഹൃദയത്തിൽ വരണമെങ്കിൽ ദിവ്യകാരുണ്യത്തോട് ചേർന്നിരിക്കണം

എത്ര തവണ അവിടുത്തെ ചാരെ ചേർന്നിരിക്കാമോ അത്രയും നേരം ഈശോയുടെ സമീപെ ചെലവഴിക്കണം

കഠിനമായ പ്രാർത്ഥനകൾ കാണാപാഠം അറിയണമെന്നില്ല, ഒത്തിരി പ്രാർത്ഥനകൾ അടങ്ങിയ പ്രാർത്ഥന പുസ്തകം കയ്യിൽ വേണം എന്നില്ല, ചെല്ലുമ്പോഴേ വാതോരാതെ അവിടുത്തെ മുന്നിൽ ചെല്ലുമ്പോഴേ അവിടുത്തെ സ്തുതിക്കണമെന്നില്ല…

മനസിന്റെ ഒരു ഭാരവുമായി നമ്മൾ ഒരു സുഹൃത്തിന്റെ അടുത്ത് ചെല്ലുമ്പോൾ ചിലപ്പോൾ മിണ്ടാൻ പറ്റണം എന്നില്ല…

ഒരു പക്ഷെ ദിവ്യകാരുണ്യ ഈശോയുടെ സക്രാരിയുടെ ചാരെ ചെല്ലുമ്പോൾ ഹൃദയം പൊട്ടി പോകുന്നത് പോലെ തോന്നിയിട്ട് കണ്ണു നിറഞ്ഞു ചുണ്ട് വിതുമ്പി എന്ന് വരാം.

അവിടെ ഈശോയുടെ തിരുഹൃദയത്തോട് നമ്മുടെ ഹൃദയം സംസാരിച്ചു കൊള്ളും.

അവിടുത്തെ ചാരെ നിൽക്കുമ്പോൾ ദിവ്യകാരുണ്യത്തിൽ നിന്നും പ്രവഹിക്കുന്ന സ്നേഹരശ്മികൾ നമ്മുടെ കണ്ണിലെ നനവുണക്കും. ഹൃദയത്തിലെ മുറിവുണക്കും. പതിയെ പതിയെ നമ്മുടെ ഹൃദയം സന്തോഷഭരിതമാകും.

ചില സമയത്തു നമ്മുടെ കുഞ്ഞ് സന്തോഷങ്ങൾ പങ്കു വയ്ക്കാനായിരിക്കും ഹൃദയത്തിൽ തോന്നുന്നത്. ഹൃദയത്തിന്റെ ഭാഷയിൽ അവിടുത്തെ ചാരെ ചെന്നു സന്തോഷം പങ്കു വയ്ക്കണം.

ചിലപ്പോൾ പെട്ടെന്നുണ്ടാകുന്ന ആകുലതകൾ കൊണ്ട് ആത്മാവ് ഭീതി പൂണ്ടിരുന്നു എന്ന് വരാം

ഈശോയെ പറ്റി ഓർക്കുന്ന നിമിഷം ഹൃദയത്തിൽ പറയണം.

എന്റെ ഈശോയെ എന്റെ ഹൃദയത്തിലെ ഈ ആകുല ചിന്ത അങ്ങേയ്ക്ക് തരുന്നു. അവിടുന്ന് അത് നോക്കി വേണ്ടത് പോലെ ക്രമീകരിക്കണമേ.

ചില സമയങ്ങളിൽ രോഗാവസ്ഥയിൽ ദിവ്യകാരുണ്യ ഈശോയെ കാണാനോ പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാനോ ദിവസങ്ങളോളം ഒരു പക്ഷെ ആഴ്ചകളോളവും മാസങ്ങളോളവും നമുക്ക് സാധിച്ചു എന്ന് വരികയില്ല

എന്നാലും സ്വബോധമുണ്ടെങ്കിൽ ഹൃദയം കൊണ്ട് ദിവ്യകാരുണ്യഈശോയുമായി ചേർന്നിരിക്കണം. അരൂപിയിൽ ദിവ്യകാരുണ്യം സ്വീകരിക്കണം.

നാം നിരവധി നമ്മളാൽ പരിഹരിക്കാനോ ക്രമീകരിക്കാനോ കഴിയാത്ത ആത്മീയവും ഭൗതികവും മാനസികവുമായ കാര്യങ്ങളിലൂടെ ഹൃദയത്തിന്റെ ഏകാന്തതയിൽ കടന്നു പോവുകയായിരിക്കും

ഒരു പക്ഷെ ഹൃദയം പല വിധത്തിൽ മരണത്തോളം ദു:ഖിതമായേക്കാം.

ഒരാശ്വാസവും ഇല്ലാത്ത വിധത്തിൽ ആൾകൂട്ടത്തിൽ ആരും അറിയാത്ത ഒറ്റയ്ക്ക് ആയി പോയ ഒറ്റയ്ക്കായ ഒരുവനെ പോലെ ആയേക്കാം.

എല്ലാ ദൈവിക കൃപകളും ദൈവിക സൂര്യനായ ഈശോ തന്നെയും ആത്മാവിൽ നിന്നും പൂർണമായും മറയ്ക്കപ്പെട്ടു എന്ന് വന്നേക്കാം.

എല്ലാം കൊണ്ടും ഉപേക്ഷിക്കപ്പെട്ടത് പോലെ തോന്നുന്ന ഒരു ആത്മീയ അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നേക്കാം.

വിശ്വാസത്തിന്റെ ഒരു തരി പോലും ആത്മാവിൽ അവശേഷിക്കാത്ത അവസ്ഥ…

സ്നേഹത്തിന്റെ ഒരു പൊട്ടു പോലും ഹൃദയത്തിൽ തോന്നാത്ത അവസ്ഥ…

എന്നാൽ നാം ഏതവസ്ഥയിലൂടെ കടന്നു പോകുന്നു എങ്കിലും ഗത്സമേനിൽ അതെല്ലാം ഏറ്റെടുത്തു നമ്മെ സ്നേഹിച്ചവനാണ് ഈശോ…

ഒന്നാലോചിച്ചാൽ അവിടുന്ന് ദയവോടെ നമ്മുടെ ആത്മാവിൽ വെളിപ്പെടുത്തുന്നതല്ലാതെ നമുക്ക് എന്തറിയാം!

നമ്മുടെ ഹൃദയത്തിൽ അവിടുന്ന് വസിക്കുന്നു എങ്കിലും സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും മറനീക്കിയാൽ അല്ലാതെ പരിമിതമായ മാനുഷിക സ്നേഹവും തുച്ഛമായ വിശ്വാസവും കൊണ്ട് നാം എങ്ങനെ അവിടുത്തെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യും!

എന്നാലും കഠിനമായ വരണ്ട ആത്മീയഉൾവഴിയിലൂടെ ആന്തരികമായി പോകുമ്പോഴും ഒന്ന് നമുക്ക് സാധിക്കും.

ഈശോ എന്ന സ്നേഹിതനുമായുള്ള നിത്യ ഉടമ്പടിയായ ജ്ഞാനസ്നാനവ്രതത്തിന്റെ വിശ്വസ്തത പാലിക്കാൻ ആവുന്നത്രയും ശ്രമിക്കാൻ പറ്റും.

എങ്ങനെ നമ്മുടെ ആത്മാവ് ഈ നിമിഷം ആയിരിക്കണം എന്ന് ഈശോ ആഗ്രഹിക്കുന്നുവോ അങ്ങനെ ആയിരുന്നാൽ മതി നമ്മുടെ ആത്മാവ്!

ചില സമയത്തു നാം ഈശോയുമായി ഹൃദയരഹസ്യങ്ങൾ പങ്കിടുക മാത്രമല്ല ചെയ്യുന്നത്.

ഈശോയുടെ ഹൃദയത്തിന്റെ നൊമ്പരവും അവിടുത്തോട് ചേർന്നിരിക്കുമ്പോൾ നമ്മോടു പങ്കു വച്ചു എന്നിരിക്കും.

നമ്മുടെ ജീവിതത്തിൽ ദൈവഹിതപ്രകാരം വന്നു ചേരുന്നതൊക്കെയും മനസാ ഇഷ്ടത്തോടെ ഏറ്റെടുക്കുമ്പോഴും പരാതിയില്ലാതെ അതിലൂടെ മാനുഷികമായ വിധത്തിൽ കടന്നു പോകുമ്പോഴും കുരിശിന്റെ വഴിയിലെ ശിമയോനെ പോലെ ഈശോയെ നാം ആശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്.

ചിലപ്പോൾ നമ്മുടെ ഹൃദയം ദുഃഖസാന്ദ്രമായിരിക്കും. തളർന്നിരിക്കും. എങ്കിലും സാധിക്കുന്ന രീതിയിൽ ഈശോയെ ഓർക്കാം.

നമ്മുടെ ജീവിതത്തിൽ അവിടുന്ന് വിസ്മയകരമായി ചെയ്തു തന്ന ഓരോരോ നന്മകൾ ഓർത്തു അവിടുത്തെ സ്തുതിക്കാം.

ഓരോ നിമിഷവും നാം കടന്നു പോകുന്നതൊക്കെയും നിരന്തരം അവിടുത്തേയ്ക്ക് സമർപ്പിച്ചു കൊണ്ടിരിക്കാം.

നമ്മെ നിരന്തരം കരുതലോടെ കാക്കുന്ന ഈശോയോട് വേണം നമ്മുടെ കാര്യങ്ങൾ ആദ്യം പറയാൻ.

നമ്മേ നോക്കിയിരിക്കുന്ന അവിടുത്തെ മുൻപിൽ നിന്നും ജീവിതത്തിൽ പെട്ടെന്നൊരു ഒരു പ്രശ്നം വരുമ്പോൾ, ഈശോ കൂടെയുണ്ട് എന്ന് ആലോചിക്കാതെ ആധിപിടിച്ചു, നാം പ്രധാനപ്പെട്ടവർ എന്ന് കരുതുന്നവരോട് പറയാനായി പോകുമ്പോൾ, ആ കാര്യം കേൾക്കാനും അത് ഉചിതമായി പരിഹരിക്കാനും കാത്തിരുന്ന ഈശോയുടെ തിരുഹൃദയം നൊമ്പരപ്പെടും.

ഈശോ ഇവിടെയുണ്ട് എന്ന് പരിശുദ്ധാത്മാവ് നമ്മുടെ ആത്മാവിനെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കും.

ആ മൃദു സ്വരത്തിനു കാതോർത്തു ഈശോയോടുള്ള സംഭാഷണം തുടങ്ങണം, തുടരണം.

ഒരു നിസാര മനുഷ്യ വ്യക്തി എന്ന് നാം സ്വയം ചിന്തിക്കുന്നുവെങ്കിലും മറ്റുള്ളവർ നമ്മെക്കുറിച്ച് കരുതുന്നു എങ്കിലും യാഥാർഥ്യം മറിച്ചാണ്.

“കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെ അറിയുന്നില്ല; കാരണം, അത്‌ അവിടുത്തെ അറിഞ്ഞിട്ടില്ല.
പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ്‌. നാം എന്തായിത്തീരുമെന്ന്‌ ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നു പ്രത്യക്‌ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന്‌ ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയും ചെയ്യും.”
(1 യോഹന്നാന്‍ 3 : 1-2)

ദൈവത്തിന്റെ മക്കളാണ് നാം.

ഒരു നാൾ അവിടുത്തെ പോലെ ആകേണ്ടവർ.

നമ്മുടെ സ്നേഹിതനും സഹോദരനും രക്ഷകനും ദൈവവുമായ ഈശോയോടൊപ്പം നമ്മുടെ ഭൗമിക നാളുകളിൽ സ്വർഗീയമായി ഭൂമിയിൽ ജീവിക്കുന്നവർ.

“ദൈവം തന്റെ ആത്മാവിനെ നമുക്കു തന്നിരിക്കുന്നതിനാല്‍ നാം ദൈവത്തിലും ദൈവം നമ്മിലും വസിക്കുന്നു എന്നു നാം അറിയുന്നു.”
(1 യോഹന്നാന്‍ 4 : 13)

ഈശോ നമ്മിൽ ഓരോ ദിവസവും യഥാർത്ഥത്തിൽ വസിക്കുന്നു. ഓരോ മനുഷ്യനും അവരവരുടെ രീതിയിൽ അവരുടെ ഹൃദയത്തിൽ വസിക്കുന്ന ഈശോയെ പരിചരിക്കുന്നു.
അവിടുത്തെ സന്തോഷിപ്പിക്കുന്നു, അവിടുത്തെ സ്തുതിക്കുന്നു.

“യേശു ദൈവപുത്രനാണെന്ന്‌ ഏറ്റുപറയുന്നവനില്‍ ദൈവം വസിക്കുന്നു; അവന്‍ ദൈവത്തിലും വസിക്കുന്നു.
ദൈവത്തിനു നമ്മോടുള്ള സ്‌നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്‌തിരിക്കുന്നു. ദൈവം സ്‌നേഹമാണ്‌. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.
വിധിദിനത്തില്‍ നമുക്ക്‌ ആത്‌മധൈര്യം ഉണ്ടാകുന്നതിനു സ്‌നേഹം നമ്മില്‍ പൂര്‍ണത പ്രാപിച്ചിരിക്കുന്നു. എന്തെന്നാല്‍, ഈ ലോകത്തില്‍ത്തന്നെ നാം അവനെപ്പോലെ ആയിരിക്കുന്നു.
സ്‌നേഹത്തില്‍ ഭയത്തിന്‌ ഇടമില്ല; പൂര്‍ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്‌ഷയെക്കുറിച്ചാണ്‌. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണനായിട്ടില്ല.
ആദ്യം അവിടുന്നു നമ്മെ സ്‌നേഹിച്ചു. അതിനാല്‍, നാമും അവിടുത്തെ സ്‌നേഹിക്കുന്നു. “
(1 യോഹന്നാന്‍ 4 : 15-19)

നമ്മുടെ സ്നേഹത്തിൽ കുറവ് വന്നാലും ഈശോ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു.

നാം അവിടുത്തെ സൗഹൃദത്തിന്റെ ആഴങ്ങളിൽ പ്രവേശിക്കുന്നതനുസരിച്ചു അവിടുത്തെ ഹൃദയ രഹസ്യങ്ങൾ അവിടുന്ന് ദയവോടെ വെളിപ്പെടുത്തി തരും.

നമ്മുടെ ജീവിതത്തിന്റെ രഹസ്യങ്ങൾ പറഞ്ഞു തരും.

ജീവിതാനുഭവങ്ങളുടെ അർത്ഥങ്ങൾ ബോധ്യപ്പെടുത്തി തരും.

ഏറ്റവും ശക്തമായി സംരക്ഷിച്ചു പരിപാലിച്ച നിമിഷങ്ങൾ ഓർമിപ്പിച്ചു തരും.

ഈശോയുമായുള്ള സൗഹൃദത്തിൽ ആഴപ്പെടും തോറും നമ്മുടെ ആത്മീയമായ ദാരിദ്ര്യം ഒരു കുറവായി തോന്നുകയില്ല എന്ന് മാത്രമല്ല, യഥേഷ്ടം ഈശോയുടെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്നും നമുക്ക് ആവശ്യമുള്ള കൃപകൾ വേണ്ട സമയത്തു വേണ്ടത്ര എടുത്തുപയോഗിക്കാൻ മടി തോന്നുകയുമില്ല.

കാരണം ആഴമായ ഹൃദയ ബന്ധത്തിൽ എന്റേത് നിന്റേത് എന്നില്ലല്ലോ.
എല്ലാം പൊതുവായി കരുതപ്പെടുകയാണ് ചെയ്യുന്നത്.

ഈശോ പറഞ്ഞു :

“സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല.”
(മര്‍ക്കോസ്‌ 10 : 15)

“ദിവ്യകാരുണ്യ സ്വീകരണം എന്നത് എന്താണെന്ന്
വെറുതെ ഒന്ന് ചിന്തിച്ചു നോക്കൂ. അതിനെ പ്രതി നന്ദി പറയാതിരിക്കുന്നത് എത്ര ഹൃദയ ശൂന്യതയാണ്. ഞാൻ എന്നെത്തന്നെ മുഴുവനായി എന്റെ കുഞ്ഞുങ്ങൾക്ക് നൽകുന്നു. എന്നെ ആവശ്യമുള്ളവർക്കെല്ലാം എന്നെ സ്വീകരിക്കാം. എന്നെ സ്വീകരിക്കുന്നവരോ സ്വർഗം മുഴുവനെയും സ്വീകരിക്കുന്നു. കാരണം സ്വർഗം നിന്റെ ക്രിസ്തുവാണ്. അതുകൊണ്ടു ഇത്ര മഹനീയമായ ഒരു ദാനത്തെ വെറുതെ കിട്ടുന്നത് പോലെ ഒരിക്കലും സ്വീകരിക്കരുത്. ഓരോ ദിവ്യകാരുണ്യ സ്വീകരണവും ആദ്യത്തെ വിശുദ്ധ കുർബ്ബാന സ്വീകരണം പോലെ കരുതണം.”
(ആത്മമിത്രം പേജ് :123)

വിസ്മയകരമായി പരിശുദ്ധ കുർബാന സ്വീകരിക്കണമെങ്കിൽ കുഞ്ഞുങ്ങളെ പോലെ വിസ്മയമൂറുന്ന കണ്ണുകളോടെ പരിശുദ്ധ കുർബാനയെ നോക്കണം.

പരിശുദ്ധ കുർബാനയിൽ അത്ഭുതം കൂറുന്ന മിഴികളോടെയും നിഷ്കളങ്കസ്നേഹം നിറഞ്ഞു തുളുമ്പുന്ന ഹൃദയത്തോടെയും പങ്കു കൊള്ളണം.

ശിശുസഹജമായ വിശ്വാസത്തിന്റെ കണ്ണുകളിലൂടെ അൾത്താരയിൽ നടക്കുന്ന ഓരോ കാര്യങ്ങളും ആന്തരികമായി നോക്കിക്കാണണം.

ദിവ്യകാരുണ്യ സ്വീകരണസമയത്തു മിടിക്കുന്ന ഹൃദയത്തോടെ ഈശോയെ ഉൾക്കൊള്ളണം.

ഈശോയുടെ ഭൗമിക ജീവിതത്തിലേയ്ക്കും സെഹിയോൻ ശാലയിലേയ്ക്കും ഗത്സമേനിലേയ്ക്കും രഹസ്യവും പരസ്യവുമായ പീഡാസഹനങ്ങളിലേയ്ക്കും ഈശോയുടെ കാൽവരിക്കുരിശിലെ ഒറ്റപാപപ്പരിഹാരബലിയിലേയ്ക്കും ഉയിർപ്പിലേക്കും വിശുദ്ധ കുർബാനയുടെ സമയത്ത് നാം ആത്മീയമായി സംവഹിക്കപ്പെട്ടു വീണ്ടും വീണ്ടും കൃപയാൽ നിറയ്ക്കപ്പെടുകയാണെന്നു ആത്മാവിൽ മനസിലാക്കണം.

കാൽവരിക്കുരിശിന്റെ തണലിൽ പരിശുദ്ധകുർബാനയിൽ ഒന്നായിക്കഴിഞ്ഞു ഈശോ നമുക്ക് നൽകുന്ന സമ്മാനം പരിശുദ്ധ അമ്മ തന്നെയാണ് എന്ന് ഹൃദയത്തിൽ അറിയണം. കാരണം അമ്മയ്ക്കല്ലേ ഈശോയുടെ സ്നേഹരഹസ്യങ്ങൾ നമ്മോടു കൂടുതൽ പറഞ്ഞു തരാൻ പറ്റുകയുള്ളൂ. അങ്ങനെ നമുക്ക് കൂടുതൽ ലളിതമായി ഈശോയെ സ്നേഹിക്കാനും പറ്റുകയുള്ളൂ.

“കര്‍ത്താവ്‌ എന്റെ ശക്തിയും പരിചയുമാണ്‌;
കര്‍ത്താവില്‍ എന്റെ ഹൃദയം ശരണം വയ്‌ക്കുന്നു,
അതുകൊണ്ട്‌ എനിക്കു സഹായം ലഭിക്കുന്നു, എന്റെ ഹൃദയം ആനന്ദിക്കുന്നു,
ഞാന്‍ കീര്‍ത്തനമാലപിച്ച്‌ അവിടുത്തോടു നന്ദി പറയുന്നു.”
(സങ്കീര്‍ത്തനങ്ങള്‍ 28 : 7)

ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment