ഏപ്രിൽ ഫൂൾ പ്രാങ്കിന് കട്ടക്ക് കൂടെ നിന്ന ഈശോ!

നിത്യരാധന ചാപ്പലിൽ, ഈശോയോട് സൗഖ്യത്തിനായി പ്രാർത്ഥിച്ചപ്പോഴൊക്കെ ‘സമയമായില്ല’ എന്ന ഉത്തരം ആയിരുന്നു ജൂലിയക്ക് മനസ്സിലായികൊണ്ടിരുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന Postural Orthostatic Tachycardia Syndrome (POTS) എന്ന അസുഖമായിരുന്നു അവൾക്ക്.

നല്ലൊരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു വളർന്ന അവളെയും അവളുടെ ആറ് സഹോദരങ്ങളെയും, ഈശോക്ക് ഒന്നാം സ്ഥാനം നൽകാൻ അവരുടെ മാതാപിതാക്കൾ പഠിപ്പിച്ചിരുന്നു. ചിക്കാഗോ നഗരത്തിനടുത്തുള്ള അവളുടെ വീട് ഇടവക ദേവാലയത്തിന് സമീപം ആയതുകൊണ്ട് ജൂലിയക്ക് പള്ളിയിൽ പോകാൻ എളുപ്പമായി. കൂട്ടുകാർക്കൊപ്പം വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്തിട്ടാണ് അവൾ സ്കൂളിൽ പൊയ്‌ക്കൊണ്ടിരുന്നത്. നിത്യരാധന ചാപ്പൽ വന്നതിൽ പിന്നെ പറ്റുമ്പോഴെല്ലാം അവിടെ പോയി ഈശോയോട് ‘ഹായ്’ പറയുന്നത് ശീലമാക്കി. ദിവ്യകാരുണ്യത്തിന് മുന്നിൽ മുട്ടുകുത്തുമ്പോഴെല്ലാം അവൾ സംസാരിക്കാൻ ശ്രമിച്ചത് അവൾക്ക് ചിരപരിചയമുള്ള ഒരു വ്യക്തിയോടായിരുന്നു. എല്ലാ ശനിയാഴ്ചയും ഉച്ചകഴിഞ്ഞ് അവളുടെ കുടുംബാംഗങ്ങളെല്ലാവരും ഒന്നിച്ച് ദിവ്യകാരുണ്യ ആരാധന നടത്തിയിരുന്നു.

നല്ല ആരോഗ്യമുണ്ടായിരുന്ന ഒരു കുട്ടിയായിരുന്നില്ല ജൂലിയ ചെറുപ്പം മുതൽക്ക്, കൗമാരത്തിലേക്ക് കടന്നപ്പോൾ ആരോഗ്യം പിന്നെയും വഷളായി. ഹൃദയമിടിപ്പിനെയും രക്തസമ്മർദ്ദത്തിനെയും ബാധിക്കുന്ന POTS കാരണം, കിടക്കുകയോ ഇരിക്കുകയോ ചെയ്തിട്ട് എണീക്കുമ്പോഴും, അധികനേരം നിവർന്നിരിക്കുമ്പോഴും, അവൾ ബോധം കെട്ടു വീഴാൻ തുടങ്ങി. ആദ്യം വോക്കറിന്റെ സഹായത്തോടെ നടന്ന അവൾ പിന്നീട് വീൽചെയറിലും ശേഷം പരിചാരികയുടെ സഹായത്തോടെ ഡ്രിപ്പിട്ട് വീട്ടിൽ തന്നെ കിടപ്പും ആയി. അവളുടെ കൂട്ടുകാർ കോളേജിലായപ്പോഴും ജീവിതാന്തസ്സുകൾ തിരഞ്ഞെടുത്തു തുടങ്ങിയപ്പോഴും ജൂലിയ, ഹോസ്പിറ്റൽ അപ്പോയ്ന്റ്മെന്റുകളുടെയും ട്രീറ്റ്മെന്റുകളുടെയും ലോകത്തായിരുന്നു. അവളും പക്ഷേ പഠിക്കുകയായിരുന്നു, കുരിശിന്റെ സ്കൂളിൽ! (School of the cross)

2017 ഏപ്രിൽ 1 ശനിയാഴ്ച, ജൂലിയ അവളുടെ കുടുംബാംഗങ്ങൾക്കൊപ്പം ആരാധന ചാപ്പലിൽ പോയി. പള്ളിയിലെ ഇരിപ്പിടത്തിൽ ഇരിക്കാൻ കഴിയാത്ത അവൾ പിന്നിലായി, വ്യായാമത്തിനുള്ള മാറ്റിൽ കിടന്നു.

ഇതുവരെ തന്റെ പ്രാർത്ഥനക്ക് yes എന്നുത്തരം തരാത്ത ഈശോയോട്, ആ മാറ്റിൽ തന്റെ വീട്ടുകാർക്ക് പിന്നിലായി കിടന്നുകൊണ്ട് കുസൃതിയോടെ അവളിങ്ങനെ പറഞ്ഞു, ‘ഈശോയെ, ഇന്ന് ഏപ്രിൽ 1 അല്ലേ? നമുക്ക് ഇവരെയൊക്കെ ഒന്ന് പറ്റിച്ചാലോ? നീ എന്റെ കൂടെ നിക്കോ? എന്റെ അസുഖം മാറി ഞാൻ ok ആയെന്ന് ഇവരൊക്കെ വിചാരിച്ചോട്ടെ’.

ജൂലിയയെ അമ്പരപ്പിച്ചു കൊണ്ട് ഇത്തവണ ഈശോ സമ്മതിച്ചു. അവൾക്ക് പക്ഷേ വലിയ വ്യത്യാസമൊന്നും ശരീരത്തിൽ തോന്നിയില്ല. വീണെങ്കിലോ എന്ന് വിചാരിച്ച് അവൾ തനിയെ നടക്കാൻ ശ്രമിച്ചില്ല. താൻ കേൾക്കാൻ ആഗ്രഹിച്ചത് ഇപ്പോൾ പറഞ്ഞത് തന്റെ മനസ്സല്ല, ശരിക്കും ഈശോ തന്നെയാണെന്ന് ഒരു സ്ഥിതീകരണം അവൾക്ക് വേണമായിരുന്നു.

അവൾ ഈശോയോട് പറഞ്ഞു, “എനിക്കറിയാം പഴയനിയമത്തിലല്ലാതെ നീ ഇങ്ങനെ അധികം ചെയ്തിട്ടില്ലെന്ന്. എങ്കിലും… എനിക്ക് ശരിക്കും സൗഖ്യം ലഭിച്ചിട്ടുണ്ടെങ്കിൽ, എണീക്കാനും നടക്കാനുമായി എനിക്ക് കേൾക്കാൻ കഴിയുന്ന വിധത്തിൽ ഒന്ന് പറയാമോ”? അവൻ പറഞ്ഞതാണ്, പക്ഷേ എന്റെ ഹൃദയത്തിന് പുറത്ത് ഞാൻ ഒന്നും കേട്ടിരുന്നില്ല.

അപ്പോഴേക്കും പോകാൻ സമയമായിരുന്നു. അവളുടെ അമ്മ കളിയായി, മാറ്റിൽ നിലത്തു കിടക്കുന്ന അവളോട് യോഹന്നാൻ 5:8 ൽ പറയും പോലെ പറഞ്ഞു, ‘എഴുന്നേറ്റ് നിന്റെ കിടക്കയുമെടുത്ത് നടക്കുക’ ( Get up, pick your mat and walk). ഇതാണ് തനിക്കുള്ള അടയാളം എന്ന് ജൂലിയക്ക് മനസ്സിലായി. അവൾ എഴുന്നേറ്റ് തന്റെ മാറ്റ് ചുരുട്ടി, ദിവ്യകാരുണ്യത്തെ വണങ്ങി, അവളുടെ മാതാപിതാക്കളെ അതിശയിപ്പിച്ചു കൊണ്ട് വീട്ടിലേക്ക് നടക്കാൻ തുടങ്ങി. അധികം വഴി നടക്കാനില്ലായിരുന്നെങ്കിലും, ഒരു മുറിക്കുള്ളിൽ നടക്കുന്നത് പോലും അവൾക്ക് ബുദ്ധിമുട്ടായിരുന്ന സമയമായിരുന്നു അത്. വീട്ടിലേക്ക് തനിയെ നടക്കുന്നത് അസാധ്യവുമായിരുന്നു. ആവശ്യമെങ്കിൽ പിടിക്കാനായി അവളുടെ അമ്മ അവളുടെ കൂടെ തന്നെ നടന്നു, വയ്യാതാവുകയാണെങ്കിൽ കയറ്റാനായി കാറെടുത്തു ഡാഡി പിന്നിലും വന്നു. അതിന്റെ ഒന്നും ആവശ്യമില്ലെന്ന് അവൾ അവരോട് പറഞ്ഞു, അവൾ യഥാർത്ഥത്തിൽ സുഖപ്പെട്ടിരുന്നു!

അവളുടെ രോഗസൗഖ്യം അവളെ ചികിൽസിക്കുന്ന ഡോക്ടർമാരേയും തെറാപ്പിസ്റ്റുകളെയും ഞെട്ടിപ്പിച്ചു. ‘തുടർന്നുള്ള കുറേ ദിവസങ്ങൾ രസമായിരുന്നു’ അവൾ പറഞ്ഞു, എല്ലാവരുടെയും മുഖത്തെ അത്ഭുതം കാണാൻ. POTS അങ്ങനെ എളുപ്പം മാറിപ്പോകുന്ന ഒരസുഖമല്ല, അതുകൊണ്ട് തീർച്ചയായും അതൊരു അത്ഭുതം തന്നെയായിരുന്നു. അവൾക്ക് അസുഖം കാരണം തുടരാൻ പറ്റാതിരുന്ന ഡാൻസ് സ്റ്റുഡിയോയിലേക്ക് ഉടൻ തന്നെ അവൾ തിരിച്ചു വന്നു. ശാരീരികവൈകല്യങ്ങളുള്ളവർക്കായി അവൾ ക്ലാസ് ആരംഭിച്ചു, സുഖമില്ലാതിരുന്നപ്പോൾ അവൾ ഏറെ ആഗ്രഹിച്ച ഒന്ന്.

ഏഴ് കൊല്ലങ്ങൾക്കിപ്പുറവും ജൂലിയ സന്തോഷവതിയായി ജീവിതം നയിക്കുന്നു. നമുക്കായി തരാൻ അവൾക്കൊരു മെസ്സേജ് ഉണ്ട്,

“ബൈബിൾ കാലങ്ങളിലേക്ക് മാത്രമായി ഒതുങ്ങുന്നതല്ല അത്ഭുതങ്ങൾ. യോഹ. 5:8 ലെ തളർവാതരോഗിയെ സുഖപ്പെടുത്തിയ അതേ ഈശോ, വിശുദ്ധ കുർബ്ബാനയിലെ അവന്റെ യഥാർത്ഥമായ സാന്നിധ്യത്തിലൂടെ, കാലങ്ങൾക്കിപ്പുറം അതേ അനുഗ്രഹം എന്നിൽ ചൊരിഞ്ഞു. എന്നെ കിടപ്പിലാക്കിയ അസുഖത്തിൽ നിന്ന് അവൻ എനിക്ക് സൗഖ്യം നൽകിയതിൽ ഞാൻ അളവറ്റ നന്ദിയുള്ളവളാണ്. ദൈവം എത്ര നല്ലവനാണ് “.

ഒരു കുഞ്ഞിനെപ്പോലെ പ്രത്യാശിച്ച, വിശ്വസിച്ച, പ്രാർത്ഥിച്ച, ജൂലിയയുടെ അനുഭവം നമ്മുടെയും കണ്ണ് തുറപ്പിക്കട്ടെ. നമ്മുടെ കൂടെയുള്ള നിറസാന്നിധ്യമായി, നമ്മുടെ ബാലിശചിന്തകൾ പോലും എപ്പോഴും കേൾക്കുന്ന കൂട്ടുകാരനായി നമുക്കവനെ സ്നേഹിക്കാം. ഈശോ അനുഗ്രഹിക്കട്ടെ.

ജിൽസ ജോയ് ✍️

Aleteia ഗൂഗിളിൽ publish ചെയ്ത article വിവർത്തനം ചെയ്ത് എന്റേതായ രീതിയിൽ എഴുതിയതാണ്.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment