കുരിശിൻ്റെ തീർത്ഥാടകൻ ആർതർ ബ്ലെസിറ്റ് വിടവാങ്ങി

കുരിശുമായി 43,000 മൈൽ നടന്ന സുവിശേഷപ്രഘോഷകൻ ആർതർ ബ്ലെസിറ്റ് എന്ന “കുരിശിൻ്റെ തീർത്ഥാടകൻ” 2025 ജനുവരി 14ന് വിടവാങ്ങി. യേശുക്രിസ്തുവിന്റെ കുരിശിൻ്റെ സുവിശേഷം ലോകം മുഴവൻ പ്രചരിപ്പിക്കുന്നതിനായി ജീവിതം മാറ്റിവച്ച വ്യക്തിയായിരുന്നു ആർതർ.

12 അടി നീളവും 45 പൗണ്ട് ഭാരവുമുള്ള കുരിശ് വഹിച്ചുകൊണ്ട് ആർതറിൻ്റെ പദചലനങ്ങൾ പ്രദിക്ഷണമാക്കിയ രാജ്യങ്ങളുടെയും പ്രധാന ദ്വീപ് സമൂഹങ്ങളുടെയും അന്താരാഷ്ട്ര അതിർത്തി പ്രദേശങ്ങളുടെയും എണ്ണം 324. മരക്കുരിശിൻ്റെ വിപ്ലവകാരിയായ സുവിശേഷ പ്രഘോഷകൻ വിടവാങ്ങിയത് 84 വയസ്സിൽ തികഞ്ഞ സംതൃപ്തിയോടെയാണ് .

തൻ്റെ മരണാനന്തരകുറിപ്പ് നേരത്തെ എഴുതിയിട്ടാണ് ആർതർ വിടവാങ്ങുന്നത്

അത് ഇപ്രകാരമാണ് : “ഞാൻ, ആർതർ ബ്ലെസിറ്റ്, ഭൂമിയിലെ എന്റെ നടത്തവും ദൗത്യവും പൂർത്തിയാക്കി.

ഞാൻ വെറുമൊരു കഴുതയും തീർത്ഥാടകനുമായിരുന്നു, കുരിശിനെയും യേശുവിനെയും ഞാൻ ഉയർത്തി, ലോകജനതയെ ഞാൻ സ്നേഹിച്ചു. എന്റെ കർത്താവും രക്ഷകനുമായ യേശുവിനോടൊപ്പമുള്ള ജീവിതയാത്ര എത്ര മഹത്തരമായിരുന്നു. മഹത്വത്തിലുള്ള ഈ നടത്തത്തിനായി ഞാൻ ശരിക്കും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. മണ്ണും ടാറും നിറഞ്ഞ വഴികളിലൂടെ ബഹുദൂരം നടന്ന ഈ കാലുകൾ ഇനി സ്വർഗ്ഗത്തിലെ സ്വർണ്ണ തെരുവുകളിൽ നടക്കും. യേശുവിനെ വീണ്ടും കാണാൻ ഞാൻ തയ്യാറാണ്! ഇപ്പോഴും എന്റെ മരണസമയത്തും ഞാൻ യേശുവിൽ സന്തോഷിക്കുന്നു.

‘പിതാവേ, നിന്റെ കൈകളിൽ, യേശുവേ, ഞാൻ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു.

ഒടുവിൽ ഞാൻ എൻ്റെ വീട്ടിലെത്തി, ഇത് എന്റെ അവസാന യാത്രയായിരുന്നു!

Arthur Blessitt

മരണം നമ്മെ ദൈവവുമായി മുഖാമുഖം കൊണ്ടുവരും. ഇത് വായിക്കുന്ന നിമിഷം നിങ്ങൾ മരിച്ചിരുന്നെങ്കിൽ, നിങ്ങൾ സ്വർഗത്തിലായിരിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? നിങ്ങളുടെ ഹൃദയം ദൈവത്തിന് നൽകികൊണ്ട് ഇപ്പോൾ നിങ്ങളുടെ രക്ഷകനായ യേശുവിനെ സ്വാഗതം ചെയ്യുക. അവൻ നിങ്ങൾക്കായി കാത്തിരിക്കുന്നു.”

ശവസംസ്കാര ശുശ്രൂഷയോ അനുസ്മരണമോ തനിക്കായി നടത്തരുതെന്ന് നിഷ്കകർഷിച്ച ആർതർ രണ്ട് കാര്യങ്ങൾ തൻ്റെ സുഹൃത്തുക്കളോട് അഭ്യർത്ഥിച്ചു.

ഒന്നാമതായി “നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം പുറത്തുപോയി ഒരു ആത്മാവിനെ കൂടി രക്ഷിക്കാൻ ശ്രമിക്കുക എന്നതാണ്. രണ്ടാമത്തെ കാര്യം, യേശുവിന്റെ സന്ദേശം ലോകവുമായി പങ്കുവയ്ക്കുന്നതിനായി നിങ്ങൾ ഈ കുരിശിന്റെ ശുശ്രൂഷയെ പിന്തുണയ്ക്കുക എന്നതാണ് .

1940 ഒക്ടോബറിൽ അമേരിക്കയിലെ മിസിസിപ്പിയിലെ ഗ്രീൻവില്ലിൽ ജനിച്ച ആർതർ ബ്ലെസിറ്റ് വടക്കുകിഴക്കൻ ലൂസിയാനയിലാണ് വളർന്നത്. 15-ാം വയസ്സിൽ സുവിശേഷം പ്രസംഗിക്കാൻ തുടങ്ങിയ ആർതർ 20-ാം വയസ്സിൽ ഒരു ശുശ്രൂഷകനായി നിയമിതനായി. 29 വയസ്സുള്ളപ്പോൾ, യേശുവിൻ്റെ കുരിശിൻ്റെ സന്ദേശം ലോകം മുഴുവൻ പ്രചരിപ്പിക്കാൻ ആർതർ തന്റെ കുരിശു യാത്ര ആരംഭിച്ചു.

1969-ലെ ക്രിസ്മസ് ദിനത്തിൽ കാലിഫോർണിയയിൽ നിന്ന് ആരംദിച്ച കുരിശു യാത്ര അടുത്ത 56 വർഷത്തേക്ക് നീണ്ടു . മരിക്കുന്നതിനു മുമ്പ് കുരിശുമായി 86 ദശലക്ഷം ചുവടുകൾ ആർതർ നടന്നു എന്നാണ് കണക്കാക്കുന്നത്.

2013 ൽ ബ്ലെസിറ്റ് “ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നടത്തം” എന്ന ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി. കുരിശിൻ്റെ ഈ സഹയാത്രികന് ദ ക്രോസ് (കുരിശ്) എന്ന പേരിൽ ഒരു പുസ്തകവുമുണ്ട്.

അതിൽ ബ്ലെസിറ്റ് ഇപ്രകാരം കുറിച്ചു: “എല്ലാ രാജ്യങ്ങളിലും കുരിശ് ചുമന്നതിനുശേഷം, ലോകം യേശുവിന്റെയും കുരിശിന്റെയും സുവിശേഷത്തിനായി തുറന്നിരിക്കുന്നുവെന്നും അതിനായി വിശക്കുന്നുവെന്നും എനിക്ക് പറയാൻ കഴിയും. യേശു പറഞ്ഞതുപോലെ വേലക്കാർ ചുരുക്കമാണെന്നതാണ് ഒരേയൊരു പ്രശ്നം.”

“കുരിശ് ചുമരിൽ നിന്ന് ആളുകളുടെ മനസ്സിലേക്കും ഹൃദയങ്ങളിലേക്കും എത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം, അവിടെ അവർക്ക് അതിന്റെ സന്ദേശം മനസ്സിലാക്കാനും അനുഭവിക്കാനും കഴിയും. വഹിക്കുന്ന ഒരു വലിയ കുരിശ് അത് കാണുന്ന വ്യക്തിയുടെ മനസ്സിൽ മറക്കാനാവാത്ത സ്വാധീനം ചെലുത്തുന്നു. ആർതർ സഞ്ചരിച്ച 294 ലക്ഷ്യസ്ഥാനങ്ങളിൽ അദ്ദേഹത്തിൻറെ സഹായിയായി ഭാര്യ ഡെന്നീസും ഉണ്ടായിരുന്നു

യേശുവിൻ്റെ കുരിശിൻ്റെ സ്നേഹിതൻ കുരിശു വഹിക്കാനും സാക്ഷൃമാകാനും നമുക്കു കരുത്തു പകരട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment