ദിവ്യകാരുണ്യം: സ്നേഹപ്രവാഹത്തിന്റെ നീർച്ചാൽ

പരിശുദ്ധ കുർബാന സ്വീകരിക്കുമ്പോഴും ദിവ്യകാരുണ്യ ആരാധനയിൽ പങ്കു കൊള്ളുമ്പോഴും ഇതൊക്കെ നമുക്ക് നമ്മോടുള്ള സ്നേഹത്താൽ സാധ്യമാക്കി തന്ന ഒരാളുടെ കാര്യം എനിക്ക് ഓർമ വരാറുണ്ട്.

ദൈവപിതാവിന്റെ കാര്യം.

ഇത് പോലെ നാം മറന്നു പോയ വേറൊരു സ്നേഹമില്ല

ഇത് പോലെ തെറ്റിദ്ധരിക്കപ്പെട്ട വേറൊരു സ്നേഹവുമില്ല

എപ്പോഴും കർക്കശക്കാരനും കഠിനഹൃദയനും ഗൗരവക്കാരനുമായ ഒരു വിധിയാളന്റെ രൂപമാണ് പിതാവായ ദൈവം എന്ന് കേൾക്കുമ്പോൾ സാധാരണ നേരത്തെ മനസ്സിൽ വന്നു കൊണ്ടിരുന്നത്.

എന്നാൽ…

നമ്മോടുള്ള സ്നേഹം മൂലം ഈശോയെ നമ്മുടെ അടുത്തേയ്ക്ക് അയച്ചത് പോലും പിതാവായ ദൈവം ആണ്.

“എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.”
(യോഹന്നാന്‍ 3 : 16)

വെറും സാധാരണക്കാരായി നമ്മൾ ഓരോ ദിവസവും ജീവിക്കുമ്പോഴും നാം ഓരോരുത്തരെയും ദൈവപിതാവ് നാം കരുതുന്നതിലും എത്രയോ അധികമായി വിലമതിക്കുന്നു, സ്നേഹിക്കുന്നു!

ദൈവപിതാവിനെ കുറിച്ച് ചിന്തിക്കുമ്പോൾ അവിടുത്തെക്കുറിച്ച് കുറച്ചെങ്കിലും മനസിലാക്കണമെങ്കിൽ ഏകജാതനായ ഈശോയുടെ കണ്ണുകളിലൂടെ നോക്കണം.

കാരണം ഒരുക്കത്തോടെയുള്ള ദിവ്യകാരുണ്യസ്വീകരണത്തിൽ ഈശോയുമായി ഒന്നാകുമ്പോൾ ദൈവമക്കളുടെ ഉന്നതവും പരിശുദ്ധവുമായ സ്ഥാനത്തേയ്ക്ക് നാം ചെന്നെത്തുകയാണല്ലോ ചെയ്യുന്നത്.

നമ്മുടെ ഇന്നത്തെ ഭൗമികജീവിതം എന്നത് ദൈവപുത്രനായ ഈശോയിലൂടെ ദൈവപിതാവ് സ്നേഹിച്ചൊരുക്കിയ കൗദാശിക ജീവിതമാണ്. ഈശോയോടൊത്തു ജീവിക്കുമ്പോൾ അതിൽ ദൈവഹിതത്തിന്റെ പരിപൂർണമായ നിറവേറലുണ്ട്. കൃപാവരങ്ങളുടെ സമൃദ്ധിയുണ്ട്. ദൈവസ്നേഹത്തിന്റെ സമ്പന്നതയുണ്ട്. ഈശോയുടെ പരിശുദ്ധിയിൽ നിലനിൽക്കാനുള്ള നിരന്തരമായ ശ്രമമുണ്ട്.

എന്തിനായിരിക്കും ദൈവപിതാവ് തന്റെ ഏക ജാതനെ നമ്മുടെ പാപപ്പരിഹാരമായി മാറാനും ദിവ്യകാരുണ്യമായി നമ്മിൽ വന്ന് നമ്മോടൊപ്പം വസിക്കാനായി അയച്ചത്!

ആലോചിച്ചു നോക്കിയപ്പോൾ എനിക്ക് മനസിലായത് ഈ ഭൂമിയിൽ നാം ജീവിക്കുമ്പോൾ സ്വർഗത്തിൽ എന്നത് പോലെ തന്നെ ദൈവമക്കളെന്നുള്ള അവകാശത്തിൽ ഏറ്റവും സന്തോഷത്തോടെ കുറവില്ലാതെ ജീവിക്കാനാണ്. നമ്മുടെ ഉള്ളിൽ വസിക്കുന്ന ഈശോ സ്നേഹിക്കുന്നത് പോലെ തന്നെ ഭയമില്ലാതെ, ഏറ്റവും സ്വാതന്ത്ര്യത്തോടെ ദൈവപിതാവിനെ സ്നേഹിക്കാനും അവിടുത്തെ കരവലയത്തിൽ ഒരു ചെറുകുഞ്ഞിനെ പോലെ വസിക്കാനുമാണ്.

ഒരു പാത്രം വെള്ളത്തിൽ കുറച്ചു പഞ്ചസാര ചേർത്താൽ അത് നല്ല മധുരമുള്ള പഞ്ചസാരവെള്ളമായി മാറും. അത് പോലെ ഒരു പാത്രം വെള്ളത്തിൽ ഏതെങ്കിലും നിറം ചേർത്താൽ വെള്ളം ആ നിറത്തിലുള്ളതായി മാറും. ഒരു പാത്രം വെള്ളമെടുത്തു അത് ചൂടാക്കിയാൽ അത് തിളച്ചു തുടങ്ങും. പതിയെ നീരാവിയായി മാറും. ഒരു പാത്രം വെള്ളമെടുത്തു ഫ്രീസറിൽ വച്ചാൽ അത് ഐസ് ആയി മാറും.

സാധാരണ ഒരു പദാർത്ഥത്തിനു ഇങ്ങനെ പല വിധത്തിൽ രൂപ ഭേദം വരുന്നു എങ്കിൽ ഈശോ ദിവ്യകാരുണ്യമായും ദൈവവചനമായും നമ്മുടെ ഉള്ളിൽ ഉള്ളപ്പോൾ നാം മറ്റൊരു ക്രിസ്തു തന്നെയായി രൂപാന്തരപ്പെടേണ്ടതാണ്. ഈശോ ദൈവപുത്രനാണ്. അത് പോലെ ഈശോയോട് അനുരൂപപ്പെടുമ്പോൾ നമ്മളും പിതാവായ ദൈവത്തിന്റെ യഥാർത്ഥ പുത്രരായി തീരേണ്ടതാണ്. ദിവ്യകാരുണ്യം എന്ന സ്വർഗീയഭോജ്യം അനുദിനം ആസ്വദിച്ചു ഈശോയിൽ വസിച്ചു ദൈവപുത്രരുടെ സ്വാതന്ത്ര്യത്തിലും അവകാശത്തിലും ആത്മീയ ആനന്ദത്തിലും സമാധാനത്തിലും ജീവിക്കേണ്ടതാണ്.

ദൈവപിതാവിന്റെ പൂർണ വാത്സല്യം അനുഭവിച്ചു കൊണ്ട് അവിടുത്തോടൊപ്പം ഈ ഭൂമിയിൽ തന്നെ യഥാർത്ഥമായും ഓരോ നിമിഷവും ജീവിക്കുക എന്നത് സാധ്യമായിരിക്കെ എന്തിനാണ് ഈ ദൈവപിതാവിന്റെ സ്നേഹത്തിൽ ആയിരിക്കാൻ നിത്യതയിൽ എത്താൻ വേണ്ടി നാം കാത്തിരിക്കുന്നത്!!!!

ഏറ്റവും നിസാരമായ ജീവിതസാഹചര്യങ്ങളിലും ലളിതമായ ജീവിതത്തിലും ആയിരിക്കും ചിലപ്പോൾ ദൈവപരിപാലന നമ്മെ ജീവിക്കാൻ കൊണ്ടെത്തിച്ചിരിക്കുന്നത്.

നമ്മുടെ കുറവുകളും വ്യക്തിത്വത്തിന്റെ പോരായ്മകളും ഒക്കെ മൂലം ഒരു പക്ഷെ ഈശോയുടെ സ്നേഹത്തിൽ ആണോ ഇപ്പോൾ നിലനിൽക്കുന്നത് എന്നൊരു സംശയവും തോന്നാം.

എന്നാൽ നമുക്ക് സാധാരണയായി വരുന്ന പ്രവണത നമ്മെ മറ്റുള്ളവരുമായി താരതമ്യം ചെയ്തു നോക്കി, സ്വയം കുറവ് തോന്നി ഉൾവലിയുക എന്നതാണ്.

എന്നാൽ നമ്മുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഓരോരോ ചെറിയ കാര്യങ്ങൾക്കും ഉള്ളിൽ വസിക്കുന്ന ഈശോയോട് ആലോചന ചോദിക്കുന്ന ഒരു ശീലത്തിലേയ്ക്ക് നാം ജീവിതം ക്രമപ്പെടുത്തിയാൽ അനാവശ്യമായി സ്വയം വിഷമിക്കുന്നത് ഒഴിവാക്കാം. ചെയ്യേണ്ട കാര്യങ്ങളിലൊക്കെയും ഈശോ നയിച്ചു കൊള്ളും.

ഈശോയെ ഏല്പിക്കുന്ന ചെറുതും വലുതുമായ ഒരു കാര്യവും അവിടുന്ന് മറക്കുകയില്ല.

ഈശോ നമ്മുടെ ദൈവവും രക്ഷകനും എന്നത് പോലെ നമ്മെ തന്റെ ഹൃദയത്തിൽ ചേർത്ത് പിടിക്കുന്ന സ്നേഹധനനായ മൂത്ത സഹോദരനുമാണ്.

ദിവ്യകാരുണ്യത്തിൽ ഈശോയോടൊത്തുള്ള ജീവിതം പിതാവായ ദൈവത്തിന്റെ പക്കൽ ദൈവപുത്രനായ ഈശോയ്ക്ക് സമാനമായ ജീവിതമാണ് നമുക്ക് വാഗ്ദാനം ചെയ്യുന്നത്.

“കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെ അറിയുന്നില്ല; കാരണം, അത്‌ അവിടുത്തെ അറിഞ്ഞിട്ടില്ല.
പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ്‌. നാം എന്തായിത്തീരുമെന്ന്‌ ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നു പ്രത്യക്‌ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന്‌ ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയും ചെയ്യും.
ഈ പ്രത്യാശയുള്ളവന്‍ അവിടുന്നു പരിശുദ്ധനായിരിക്കുന്നതുപോലെ തന്നെത്തന്നെ വിശുദ്ധനാക്കുന്നു.”
(1 യോഹന്നാന്‍ 3 : 1-3)

പഴയനിയമജനത പിതാവായ ദൈവത്തിന്റെ മുൻപിൽ ഭയഭക്തിയോടെ എപ്പോഴും വർത്തിച്ചു.

തിരഞ്ഞെടുക്കപ്പെട്ടവരും പുരോഹിതരും ഒഴികെ അവിടുത്തെ പക്കൽ അനുവാദമില്ലാതെ ആർക്കും പ്രവേശനം ഉണ്ടായിരുന്നില്ല.

എന്നാൽ പുതിയ നിയമത്തിലോ!

ഈശോ വഴി എല്ലാവരും ഏതു സമയവും എത്ര നേരം വേണമെങ്കിലും അവിടുത്തെ പക്കൽ സമയം ചിലവഴിക്കാം.

മാത്രമല്ല പിതാവായ ദൈവത്തെ യഥാർത്ഥ അർത്ഥത്തിൽ അപ്പാ എന്ന് വിളിക്കാനുള്ള അവകാശവും ഈശോ നമുക്ക് നേടിത്തന്നു.

നമുക്ക് ചുറ്റുമുള്ള നേരത്തെ കർക്കശക്കാരായിരുന്ന പല മാതാപിതാക്കളും അവരുടെ കൊച്ചു മക്കൾക്ക് സ്നേഹം വാരിക്കോരി കൊടുക്കുന്നത് കണ്ട് നാം അത്ഭുതപ്പെട്ടു പോകാറില്ലേ.

ഇത് പോലെ തന്നെ പിതാവായ ദൈവത്തിനും നന്നേ വാത്സല്യമുള്ള പുഞ്ചിരി തൂകുന്ന ഒരു മുഖമുണ്ട്.

ഭൂമിയിൽ ഇത് വരെ ഉണ്ടായിട്ടുള്ളതും ഇപ്പോൾ ആയിരിക്കുന്നതും ഇനി ഉണ്ടാകാൻ പോകുന്നതുമായ ഏതൊരു പിതാവിനെക്കാളും വാത്സല്യമുള്ള ഒരു മുഖം.

കാരണം…

അവിടുന്നാണ് സകല പിതൃത്വങ്ങളുടെയും പിതാവായിട്ടുള്ളവൻ


അവിടുത്തെ വാത്‌സല്യം എന്നെ വലിയവനാക്കി.”
(സങ്കീര്‍ത്തനങ്ങള്‍ 18 : 35)

“പ്രകാശത്തില്‍ വിശുദ്ധരോടൊപ്പം പങ്കുചേരാനുള്ള അവകാശത്തിനു നമ്മെ യോഗ്യരാക്കിയ പിതാവിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍.
അന്ധകാരത്തിന്റെ ആധിപത്യത്തില്‍ നിന്ന്‌ അവിടുന്നു നമ്മെ വിമോചിപ്പിച്ചു. അവിടുത്തെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു നമ്മെ ആനയിക്കുകയും ചെയ്‌തു.
അവനിലാണല്ലോ നമുക്കു രക്ഷയും പാപമോചനവും ലഭിച്ചിരിക്കുന്നത്‌.
അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്‌ടികള്‍ക്കും മുമ്പുള്ള ആദ്യജാതനുമാണ്‌.
കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്‌തുക്കളും സൃഷ്‌ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനു വേണ്ടിയുമാണ്‌ സൃഷ്‌ടിക്കപ്പെട്ടത്‌.
അവനാണ്‌ എല്ലാറ്റിനും മുമ്പുള്ളവന്‍; അവനില്‍ സമസ്‌തവും സ്‌ഥിതിചെയ്യുന്നു.
അവന്‍ സഭയാകുന്ന ശരീരത്തിന്റെ ശിരസ്‌സാണ്‌. അവന്‍ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവരില്‍ നിന്നുള്ള ആദ്യജാതനുമാണ്‌. ഇങ്ങനെ എല്ലാ കാര്യങ്ങളിലും അവന്‍ പ്രഥമസ്ഥാനീയനായി.
എന്തെന്നാല്‍, അവനില്‍ സര്‍വ സമ്പൂര്‍ണതയും നിവസിക്കണമെന്നു ദൈവം തിരുമനസ്‌സായി. സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്‌തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട്‌ അനുരഞ്ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയ രക്‌തം വഴി സമാധാനം സ്‌ഥാപിക്കുകയും ചെയ്‌തു.”
(കൊളോസോസ്‌ 1 : 12-20)

ദിവ്യകാരുണ്യത്തിന്റെ ചാരെ നിൽക്കുമ്പോൾ സ്വർഗീയ സദസ്സിൽ തന്നെയാണ് നാം നിൽക്കുന്നത്.

പിതാവായ ദൈവത്തിന്റെ മഹത്വത്തിന്റെ സന്നിധിയിൽ തന്നെ.

സാധ്യമായ ഏറ്റവും നല്ല ഒരുക്കത്തോടെ പങ്കു കൊള്ളുന്ന പരിശുദ്ധ കുർബാന ഒരു കത്തോലിക്കാ വിശ്വാസിയുടെ ജീവിതത്തിന്റെ സ്നേഹസ്രോതസാണ്.

ഒരു പരിശുദ്ധ കുർബാനയ്ക്കായി ഒരാൾ ഒരുങ്ങുമ്പോൾ മറ്റെല്ലാ കൗദാശിക കാര്യങ്ങളും ആ വ്യക്തിയിൽ ക്രമപ്പെടുന്നു.

കാരണം പരിശുദ്ധ കുർബാന സ്വീകരിക്കണമെങ്കിൽ മാമോദീസ സ്വീകരിച്ചു പാപങ്ങളെ വെറുത്തുപേക്ഷിച്ചു യോഗ്യതയോടെ കുമ്പസാരിച്ചു ഏറ്റവും വിശ്വാസത്തോടെ ഒരുങ്ങേണ്ടതുണ്ട്.

കുമ്പസാരിക്കുമ്പോൾ ആ വ്യക്തി ദൈവവുമായി രമ്യപ്പെടുന്നു, തിരുസഭയുമായി രമ്യപ്പെടുന്നു, മറ്റെല്ലാ മനുഷ്യരുമായും രമ്യപ്പെടുന്നു. പാപപ്പരിഹാരബലിയായി ഒഴുക്കപ്പെട്ട ഈശോയുടെ തിരുരക്തത്താൽ കഴുകപ്പെട്ടു വിശുദ്ധീകരിക്കപ്പെടുന്നു.

ആ അവസ്ഥയിൽ മുഖത്തെ അനുതാപക്കണ്ണീർ ഉണങ്ങിയിട്ടില്ലെങ്കിലും ഹൃദയം സ്നേഹഭരിതമാകുന്നു.

ഈശോ പറഞ്ഞു : ഞാനും പിതാവും ഒന്നാണ്. എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു.

പരിശുദ്ധ കുർബാന നാം സ്വീകരിക്കുമ്പോൾ നമ്മിൽ വസിക്കാനായി എന്റെ കുഞ്ഞേ എന്നൊന്ന് കൊതി തീരെ വിളിച്ചു സ്നേഹിക്കാനായി പിതാവായ ദൈവവും കടന്നു വരുന്നു.

ഒരു കുഞ്ഞ് ജനിക്കുമ്പോൾ അതിന്റെ അപ്പന് തോന്നുന്ന ഒരു സന്തോഷം എത്ര മാത്രമാണ്.

അതിന്റെ അമ്മയ്ക്ക് തോന്നുന്ന വാത്സല്യം എത്ര മാത്രമാണ്!

എന്നാൽ ഇതൊക്കെയും അവരിൽ നിക്ഷേപിച്ചത് പിതാവായ ദൈവമാണ്

ഏതൊരു മനുഷ്യനേക്കാളും നമ്മെ സ്നേഹിക്കുന്നത് അവിടുന്നാണ്.

പിതാവായ ദൈവത്തെ ഓർക്കുമ്പോൾ നമുക്ക് എപ്പോഴും ഒരു പ്രായമായ മുടി നരച്ച ഗൗരവക്കാരനായ ഒരാൾ എന്നാണ് ഓർമ വരുന്നത്.

എന്നാൽ അവിടുത്തേയ്ക്ക് അങ്ങനെ ഒരു രൂപമല്ല ഉള്ളത്.

ഈശോയെ പോലെ തന്നെ നാം ആയിരിക്കുന്ന അവസ്ഥയിൽ ഇടപെടുവാൻ അവിടുത്തേയ്ക്ക് കഴിയും.

കുഞ്ഞുങ്ങൾക്ക് ഒരു കളിക്കൂട്ടുകാരനായും യുവാക്കൾക്ക് ഒരു ഉത്തമസുഹൃത്ത് ആയും വൃദ്ധന്മാർക്ക് ഒരു സഹചരനായും ഏറ്റവും യോജിക്കും വിധം ഇഴുകി ചേരാൻ ഈ സ്നേഹപിതാവിന് സാധിക്കും

ഒരു കുഞ്ഞ് അതിന്റെ പിതാവിനെ അപ്പാ എന്നോ ഡാഡി എന്നോ അപ്പച്ചാ എന്നോ അച്ചാച്ചാ എന്നോ ഒക്കെ ആദ്യമായി വിളിച്ചു തുടങ്ങുമ്പോൾ ആ പിതാവിന്റെ മനസ്സിൽ എന്ത് മാത്രം സ്നേഹാർദ്രത ഉണ്ടാകും.

ഉടനടി ആ കുഞ്ഞിനെ അയാൾ വാരിയെടുത്തു ഉമ്മ നൽകും

പടിപടിയായി ആ കുഞ്ഞ് അപ്പന്റെ സ്നേഹത്തിൽ വളരും.

എന്നാൽ നമ്മളോ!

ദൈവപിതാവിനെ കുറിച്ച് പറയാനാണ് ഈശോ വന്നത്!

ദൈവപിതാവിന്റെ കാര്യത്തിൽ അവിടുന്ന് എപ്പോഴും വ്യാപൃതനായിരുന്നു.

“നിങ്ങള്‍ എന്തിനാണ്‌ എന്നെ അന്വേഷിച്ചത്‌? ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന്‌ നിങ്ങള്‍ അറിയുന്നില്ലേ?”
(ലൂക്കാ 2 : 49)

അത് പോലെ ഈശോ എന്തിനാണ് അയയ്ക്കപ്പെട്ടതെന്നു അവിടുന്ന് തന്നെ വായിക്കുന്നുണ്ട്.

“കര്‍ത്താവിന്റെ ആത്മാവ്‌ എന്റെ മേല്‍ ഉണ്ട്‌. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന്‌ എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ബന്ധിതര്‍ക്ക്‌ മോചനവും അന്ധര്‍ക്കു കാഴ്‌ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്യവും
കര്‍ത്താവിനു സ്വീകാര്യമായ വത്‌സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന്‌ എന്നെ അയച്ചിരിക്കുന്നു.”
(ലൂക്കാ 4 : 18-19)

അനേക നാളുകൾ മക്കളെന്നുള്ള സ്ഥാനത്തേയ്ക്ക് ഉയരാനാകാതെ ദൈവം എന്ന് കേൾക്കുമ്പോൾ പേടിച്ചു ഞെരുങ്ങിയ മനുഷ്യരുടെ ഇടയിലേക്ക് തന്റെ ഏകജാതനായ ഈശോയെ പിതാവായ ദൈവം അയച്ചത് ഈശോയിലൂടെ ഓരോ മനുഷ്യരെയും നീതീകരിച്ച് വിശുദ്ധിയിലേക്കുയർത്തി, ഓരോ മനുഷ്യരെയും നോക്കി കൊതി തീരെ “എന്റെ മക്കളെ! എന്നൊന്ന് വിളിക്കാനാണ്. ദിവ്യകാരുണ്യത്തിലൂടെ അവരിൽ വസിക്കുവാനും അവരുടെ പിതാവ് എന്നറിയപ്പെടാനും അവരാൽ സ്നേഹിക്കപ്പെടാനും ബഹുമാനിക്കപ്പെടാനുമാണ്.

എന്നാൽ പ്രത്യാശയുടെ ഈ ജൂബിലി വർഷത്തിൽ എത്തി നിൽക്കുമ്പോഴും നാം ഈ സ്നേഹവാനായ സ്വർഗീയ പിതാവിനെ തിരിച്ചറിഞ്ഞിട്ടുണ്ടോ!

അവിടുന്ന് ഈ പ്രപഞ്ചമൊക്കെയും സൃഷ്ടിച്ചത് നമുക്ക് വേണ്ടിയാണ്. കാലാവസ്ഥ സൃഷ്ടിച്ചതും കാലങ്ങളുടെ സമയക്രമം നിശ്ചയിച്ചതും നമുക്ക് വേണ്ടിയാണ്.

നമ്മുടെ ചുറ്റും കാണുന്ന സൂര്യനും ചന്ദ്രനും മിന്നിത്തിളങ്ങുന്ന നക്ഷത്ര ജാലവും ഒക്കെയും അവിടുന്ന് നമുക്കായി സൃഷ്ടിച്ചതാണ്.

എന്തിനും ഏതിനും പിതാവായ ദൈവം നമ്മുടെ സന്തതസഹചാരിയായി നമ്മോടു കൂടെയുണ്ട്.

ഒന്ന് വിളിച്ചാൽ മാത്രം മതി.

വിളിക്കുക എന്നതിലുപരിയായി ഹൃദയത്തിൽ പിതാവായ ദൈവത്തിന്റെ സാന്നിധ്യത്തിന്റെ അവബോധം ഉണ്ടാകണം.

ഒരു ചെറിയ കുഞ്ഞ് അതിന്റെ അപ്പനോട് ഇടപെടുന്നത് ഏറ്റവും സ്വാതന്ത്ര്യത്തോടെയാണ്.

കുഞ്ഞ് അതിന്റേതായ കാര്യങ്ങളിൽ സ്വതന്ത്രമായി മുഴുകി ഇരിക്കുമെങ്കിലും അത് അപ്പന്റെ സാന്നിധ്യവലയത്തിലാണ്. ആ അദൃശ്യമായ സുരക്ഷിതത്വത്തിന്റെ ചുറ്റുപാട് കുഞ്ഞിന് ആന്തരിക സമാധാനവും ശാന്തതയും നൽകുന്നു

അത് പോലെ തന്റെ വലിയവനായ പിതാവിന്റെ മുൻപിൽ സ്വാഭാവികമായും കുഞ്ഞ് വിനീതനാകുകയും അതിന്റേതായ രീതിയിൽ വർത്തിക്കുകയും ചെയ്യുന്നു.

ഈശോ നമ്മോടു പറഞ്ഞു

“ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും.”
(മത്തായി 11 : 29)

പിതാവിന്റെ ഏക ജാതനായ ഈശോ എപ്പോഴും തന്റെ പിതാവിന്റെ മകനായി നമ്മെ ജീവിച്ചു കാണിച്ചത് ഈ സ്നേഹപിതാവിന്റെ അടുത്തു നമ്മളും അത് പോലെ പെരുമാറാനും സ്നേഹത്തിൽ ജീവിക്കാനുമാണ്.

ഒരൊറ്റ ദിവസം പിതാവായ ദൈവത്തിനു വേണ്ടി ഒന്ന് മാറ്റി വച്ചു ജീവിച്ചു നോക്കിയാൽ അവിടുന്ന് നമ്മോടൊപ്പം ജീവിക്കാൻ ഭൂമിയിൽ ഒരുക്കിയ ജീവിതം എത്രയോ മനോഹരം എന്ന് മനസിലാകും.

ഇത് സാധാരണ രീതിയിൽ നമ്മൾ ചെയ്യാത്തത് കൊണ്ട് മനഃപൂർവം ഒരുങ്ങി ചെയ്താലേ ഒരു ദിവസം എങ്കിലും പിതാവായ ദൈവത്തിനോടൊപ്പം ബോധപൂർവം ആയിരിക്കാൻ നമ്മൾ ഓർക്കുകയുള്ളൂ.

പിതാവായ ദൈവം….

സ്നേഹത്തിന്റെ ഉറവിടം

അവിടുത്തെ കുറിച്ച് നമ്മോടു പറയാൻ ഈശോയ്‌ക്കെ സാധിക്കുകയുള്ളൂ.

“എന്നാല്‍, ഈ അവസാനനാളുകളില്‍ തന്റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. അവനെ അവിടുന്നു സകലത്തിന്റെയും അവകാശിയായി നിയമിക്കുകയും അവന്‍ മുഖേന പ്രപഞ്ചത്തെ സൃഷ്‌ടിക്കുകയും ചെയ്‌തു.
അവന്‍ അവിടുത്തെ മഹത്വത്തിന്റെ തേജസ്‌സും സത്തയുടെ മുദ്രയുമാണ്‌. തന്റെ ശക്‌തിയുടെ വചനത്താല്‍ അവന്‍ എല്ലാറ്റിനെയും താങ്ങിനിറുത്തുന്നു. പാപങ്ങളില്‍ നിന്നു നമ്മെ ശുദ്‌ധീകരിച്ചതിനു ശേഷം അത്യുന്നതങ്ങളിലുള്ള മഹത്വത്തിന്റെ വലത്തുഭാഗത്ത്‌ അവന്‍ ഉപവിഷ്‌ടനായി.”
(ഹെബ്രായര്‍ 1 : 2-3)

പരിശുദ്ധ കുർബാന സ്വീകരിക്കുക എന്നാൽ ദൈവപിതാവിന്റെ സ്നേഹഭാജനമായ പുത്രനെ ഹൃദയത്തിൽ സ്വീകരിച്ചു പിതാവായ ദൈവത്തെ ഈശോ സ്നേഹിച്ചത് പോലെ പുത്രരായി സ്നേഹിക്കുക എന്നതാണ്.

പിതാവായ ദൈവത്തോട് ഈശോ പെരുമാറിയത് പോലെ പെരുമാറുക എന്നതാണ്.

പിതാവായ ദൈവത്തിന്റെ ഹിതം നിറവേറ്റുക എന്നതാണ്.

പിതാവായ ദൈവത്തിനോട് സംസാരിക്കുക, അവിടുത്തെ പക്കൽ സാധിക്കുമ്പോഴെല്ലാം സമയം ചെലവഴിക്കുക എന്നതാണ്.

ഒരൊറ്റ ദിവസം വിശ്വാസത്തിന്റെ കണ്ണുകൾ തുറന്നു ഈ യഥാർത്ഥമായ പിതൃസ്നേഹാനുഭവത്തിൽ ജീവിക്കാൻ ശ്രമിക്കാം.

പരിശുദ്ധ കുർബാനയിൽ ഈശോയെ സ്നേഹത്തോടെ സ്വീകരിക്കുന്നത് ഒരു വൈകുന്നേരമാണ് എന്ന് കരുതുക.

നമുക്ക് ഏറ്റവും സാധിക്കുന്നത്ര ഒരുക്കത്തോടെ നിന്നാലും അതൊന്നും ഒരു ശതമാനം പോലും ആകില്ല എന്ന് നമുക്ക് തന്നെ മനസിലാകും.

ഈശോയെ ഒന്ന് ഒത്തിരി സ്നേഹത്തോടെ സ്വീകരിക്കാൻ നോക്കിയാലും നമ്മുടെ ഹൃദയത്തിൽ എപ്പോഴും സ്നേഹമൊന്നുമില്ല എന്ന് മനസിലാകും.

നമ്മുടെ ജീവിതത്തിരക്കിനിടയിൽ, അനുദിന ജീവിതത്തിലെ ഓരോരോ കാര്യത്തിനിടയിൽ ഓടിയെത്തി പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോൾ ഭക്തിയോടും അതീവ ശ്രദ്ധയോടും കൂടെ പങ്കെടുക്കണം എന്നോർത്താലും ചിലപ്പോൾ ശ്രദ്ധ പതറും.

അന്ന് തീർക്കേണ്ട ഏതെങ്കിലും ജോലിയെ പറ്റിയോ ചെയ്യാൻ പറ്റാതെ പോയ ഏതെങ്കിലും കാര്യത്തിനെ കുറിച്ചോ ഒക്കെ ഓർമ വന്നു സ്ഥലകാലം മറന്നെന്നു വരും.

പരിശുദ്ധ കുർബാനയിൽ ഈശോയുടെ തിരുരക്തത്തിന്റെ സ്നേഹാനുഭവത്തിനും ആശ്വാസത്തിനും മോചനത്തിനുമായി യാചകരെ പോലെനിൽക്കുന്ന ശുദ്ധീകരണാത്മാക്കളെയും അതീവ ഗൗരവത്തോടെ ഭയഭക്തിയോടെ ആരാധിക്കുന്ന മാലാഖ ഗണങ്ങളെയും നാം ഓർത്തില്ലെന്നു വരാം

എന്നാൽ ഈശോയുടെ കുരിശിലെ ഏകബലിയിയുടെ ജീവസത്തയിലേയ്ക്കും നിത്യരക്ഷയിലേയ്ക്കും ലോകമെങ്ങുമുള്ള അൾത്താരകളിൽ അർപ്പിക്കപ്പെടുന്ന ഓരോ പരിശുദ്ധ കുർബാനയും നമ്മെ കൂട്ടികൊണ്ട് പോകുമ്പോൾ അതിന്റെ യഥാർത്ഥ അർത്ഥവും അതിന്റെ പിന്നിലെ ത്യാഗവും അതിന്റെ സ്വർഗീയ മഹത്വവും അറിയണമെങ്കിൽ ഓരോ അൾത്താരയിലും പരിശുദ്ധ കുർബാനയിൽ സന്നിഹിതനായിരിക്കുന്ന പിതാവായ ദൈവത്തെ നോക്കണം

ആ പിതാവിന്റെ മാത്രം സ്വന്തമായിരുന്നു ഈശോ…

ഏകജാതനായിരുന്നു

അവർണനീയമായി സ്നേഹിച്ച പൊന്നു മകനായിരുന്നു

ഈശോ പറഞ്ഞു: എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു

സ്നേഹം ഒന്നാകലിന്റെ പര്യായമാണ്.

ഹൃദയങ്ങൾ ഒന്നാകുന്നതിന്റെ…

ചിന്തകൾ ഒന്നാകുന്നതിന്റെ…

സത്തകൾ ഒന്നാകുന്നതിന്റെ…

പരിശുദ്ധ കുർബാനയിൽ ഈശോയുമായി ഒന്നാകുമ്പോൾ എന്താണ് നമ്മിൽ സംഭവിക്കുന്നത്!

നാം മറ്റൊരു ക്രിസ്തുവായി മാറുന്നു

എത്ര സ്നേഹിച്ചെന്നു പറഞ്ഞാലും ജീവൻ തിരിച്ചു കിട്ടും എന്ന് അറിയാമെങ്കിലും മറ്റൊരാളുടെ രക്ഷയ്ക്കും ക്ഷേമത്തിനുമായി നമ്മുടെ മക്കളെ നാം കഷ്‌ടപ്പാടുകൾക്കും മരണത്തിനും വിട്ടുകൊടുക്കുമോ?

അതും പ്രതി നന്ദി കാണിക്കുകയില്ല എന്നറിയുന്നവർക്ക് വേണ്ടി..

പരിഹാരം ചെയ്യാൻ കഴിവില്ലാതെ പാപികളായ നമ്മുടെ പാപത്തിൽ നാം എന്നേയ്ക്കും നശിക്കും എന്നറിയാവുന്ന നീതിമാനും അതോടൊപ്പം കാരുണ്യവാനുമായ ദൈവപിതാവ് നമ്മെ നിത്യ രക്ഷയിലേയ്ക്ക് നയിക്കുന്ന ഏക വഴിയും നമ്മുടെ നിത്യ ജീവനും സത്യ വചനവുമായ ഈശോയെ നമുക്ക് നൽകി

പൂർണതയുള്ളവനായ ദൈവപുത്രൻ അപൂർണവും മരണമുള്ളതുമായ മനുഷ്യ ശരീരത്തിന്റെ അപൂർണതയിലേയ്ക്കും പരിമിതികളിലേയ്ക്കും രൂപാന്തരപ്പെട്ടവനായി കാണപ്പെട്ടു.

പാപമൊഴികെ ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലൂടെയും വേദനയിലൂടെയും വിഷമങ്ങളിലൂടെയും കഠിനമായ ദാരിദ്ര്യത്തിലൂടെയും അലച്ചിലിലൂടെയും ഉറക്കമില്ലായ്‌മയിലൂടെയും നമുക്കായി കടന്നു പോയ ഈശോ

ദൈവപിതാവിന്റെ സ്നേഹം നമ്മോടു വിവരിച്ച ഈശോ

പരിശുദ്ധ കുർബാനയിലെ നമ്മുടെയും ഈശോയുടെയും ഒന്നാകലിന്റെ ആഴം നമുക്ക് കാട്ടിത്തരുവാൻ സ്നേഹപാരമ്യത്തിൽ താനും പിതാവും ഒന്നാണെന്നു പറഞ്ഞ ഈശോ.

ഈശോയെ കാണുന്നവൻ പിതാവായ ദൈവത്തെ കാണുന്നു എന്ന് അവിടുന്ന് പറഞ്ഞു. അവിടുന്ന് പറഞ്ഞതൊക്കെയും നമുക്ക് മനസിലാക്കി തരുവാനും അവിടുത്തെ സ്നേഹപൂർണതയിലേയ്ക്ക്നയിക്കാനും പരിശുദ്ധാത്മാവ് എന്ന സ്നേഹശക്തിയെ ഈശോയിലൂടെ പറഞ്ഞു പരിചയപ്പെടുത്തിയ ദൈവപിതാവ്

ഒന്ന് നോക്കിയാൽ എന്ത് മാത്രം സ്നേഹം നിറഞ്ഞ പരിപാലനയാണ് ഈ ദൈവപിതാവിന്റേത്…

ഭൂമിയിലെ നമ്മുടെ ജീവിതത്തിൽ എല്ലാകാര്യങ്ങളും അവിടുത്തെ സ്നേഹത്തിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്നു

അമ്മയുടെ ഉദരത്തിൽ നിശ്ചിത കാലം കഴിയുന്ന ഗർഭസ്ഥ ശിശുവിനു സമയാസമയങ്ങളിൽ പോഷണവും ജീവവായുവും ലഭിക്കുന്നത് പോലെ പിതാവായ ദൈവം തന്റെ സ്നേഹത്തികവിൽ ഓരോ മനുഷ്യന് വേണ്ടതൊക്കെയും അതാതിന്റെ രീതിയിൽ ക്രമീകരിച്ചിരിക്കുന്നു

ഗത്സമനിൽ ഈശോ ഹൃദയ വേദനയാൽ ഞെരുങ്ങിയപ്പോൾ നമുക്കായി മാത്രം ദൈവപിതാവ് നിശബ്ദനായി ഈശോയെ അതിലൂടെയെല്ലാം കടന്നു പോകാൻ അനുവദിച്ചു എന്നോർക്കുമ്പോൾ ഹൃദയം വിങ്ങും.

ഈശോയ്ക്കെ നമ്മേ രക്ഷിക്കാൻ ആവുമായിരുന്നുള്ളൂ.

ഓരോ മനുഷ്യനും മരണശേഷം വിധിയുടെ സമയത്ത് ഭയപ്പെടാതെ ഇരിക്കുവാനും വിധിക്കപ്പെടാതെ ഇരിക്കുവാനും ഈശോ ഓരോ മനുഷ്യനും വേണ്ടി സ്വയം കുറ്റം ഏറ്റെടുത്തു. നമുക്കായി വിധിക്കപ്പെട്ടു.

ഈശോ കടന്നു പോയ വേദനകൾ നിത്യതയിൽ നാം കടന്നു പോകേണ്ടവ ആയിരുന്നു.

ഈശോ നമ്മെ ഹൃദയരക്‌തമൊഴുക്കി കഴുകി ശുദ്ധീകരിച്ചത് വേറേ ആർക്കും മായ്ക്കാൻ കഴിയാത്ത പാപക്കറകളിൽ നിന്നായിരുന്നു.

ഈശോ സ്നേഹിച്ചത് ഓരോ മനുഷ്യനെയും ആയിരുന്നു. ഈശോ ഓരോരുത്തരെയും അവിടുത്തെ പിതാവിന്റെ സ്നേഹാധിക്യം കാണിച്ചു തരാനായി വന്നു.

കുരിശിന്റെ വേദനയിൽ ഈശോ പിടഞ്ഞപ്പോൾ ദൈവപിതാവ് നമ്മുടെ കാര്യത്തിലായിരുന്നു ശ്രദ്ധാലു ആയിരുന്നത്. അവിടുന്ന് ഓരോ മനുഷ്യരെയുമാണ് ചേർത്ത് പിടിച്ചത്.

ഈശോയും അവിടുത്തെ പിതാവും പരിശുദ്ധാത്മാവും നമ്മോട് സ്നേഹത്തിൽ സത്തയിൽ ഒന്നായിരിക്കാൻ വേണ്ടി പരിശുദ്ധ കുർബാന സ്ഥാപിച്ചു.

ആ പരിശുദ്ധ കുർബാന മാനവരുടെ സർവപാപവും കഴുകികളഞ്ഞു ഓരോരുത്തരെയും രക്ഷയിലേയ്ക്ക് നയിച്ചു കുരിശിൽ മനോഹരമായി പരിസമാപിച്ചപ്പോൾ ഈശോ നമുക്ക് പരിശുദ്ധ അമ്മയെയും നൽകി.

പരിശുദ്ധ അമ്മയോടൊപ്പം പ്രാർത്ഥന നിരതരായി ഇരുന്നവർക്കൊക്കെയും പരിശുദ്ധാത്മാവിന്റെ സ്നേഹാഭിഷേകം ലഭിച്ചു.
അന്നുവരെ ഈശോ ചെയ്ത കാര്യങ്ങളുടെ പൊരുൾ അവർക്കൊക്കെ ആരും പറയാതെ മനസിലായി.

ആദി മുതൽ തുടങ്ങി നിത്യതയോളം തുടരുന്ന ദൈവപിതാവിന്റെ സ്നേഹത്തെ കുറിച്ച് നമുക്ക് സാധിക്കുമ്പോഴെല്ലാം ഓർക്കാം.

ഇപ്പോൾ ദൈവപിതാവിന്റെ സ്നേഹം അനുഭവിച്ചു ജീവിക്കാൻ അവിടുന്ന് അനുവദിക്കുന്നതിനു നന്ദി പറയാം.

ജീവദായകവും സ്നേഹസമ്പൂർണതയും പ്രകാശിതവുമായ പരിശുദ്ധ കുർബാന ഏറ്റവും ഒരുക്കത്തോടെ പരിശുദ്ധിയോടെ സ്വീകരിച്ചു ദൈവമക്കൾക്കൊത്ത ദൈവിക പരിശുദ്ധിയിൽ ജീവിക്കാം.

ആമേൻ

(ദൈവപിതാവിനെ പറ്റി എഴുതി തുടങ്ങിയാൽ അതിനെ കുറിച്ച് ഒരിക്കലും തീരാതെ എഴുതിക്കൊണ്ടേയിരിക്കാൻ പറ്റും എന്നാണ് എനിക്ക് തോന്നുന്നത്.

എന്നാൽ അവിടുത്തെ കുറിച്ചുള്ള ആന്തരിക ചിന്തകൾ അതിതീക്ഷ്‌ണവും അതേ സമയം ഒരു ചെറു ശിശുവിനു മനസിലാകത്തക്ക വിധം ലളിതവും ആയതിനാലും അതോടൊപ്പം മനോഹരമായ മഴത്തുള്ളികൾ പെയ്യുമ്പോൾ ഒരു മഴത്തുള്ളിയുടെ മാത്രം ഭംഗി ആസ്വദിക്കാൻ പറ്റാത്തത് പോലെ മുഴുവൻ മഴയുടെയും മനോഹാരിതയിലും സ്നേഹാനുഭവത്തിലും ആയിരിക്കുന്നത് പോലെ ദൈവപിതാവിനെ കുറിച്ച് ചിന്തിക്കുമ്പോൾ അനേകം സ്നേഹചിന്തകൾ ഒരേ സമയം വരുന്നതിനാൽ അവയെല്ലാം മനോഹരമായതിനാൽ അതിലൊന്ന് തിരഞ്ഞെടുത്തു എഴുതാൻ ബുദ്ധിമുട്ട് വരുന്നതിനാലും ആ സ്നേഹചിന്തകളിൽ മുഴുകി എഴുതാൻ മറന്നു പോകുന്നതിനാലും ദൈവപിതാവിനെ കുറിച്ചുള്ള ചിന്തകൾ വരുമ്പോൾ അവയൊക്കെ വാക്കുകളിൽ വിവരിക്കാൻ കഴിയുന്നതിലുപരി ചിന്തകളിൽ തന്നെ ആയിരിക്കുന്നത് കൊണ്ടും നമ്മുടെ പിതാവിനെ കുറിച്ച് എഴുതാനായി ഈശോ പ്രേരിപ്പിച്ചതിൽ ഒരു ശതമാനം പോലും എഴുതാൻ പറ്റിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.

ദൈവപിതാവിനെ കുറിച്ചെഴുതുന്നത് ഏറ്റവും സ്നേഹഭാരമുള്ള വിഷയത്തിലൊന്നു ആയതിനാൽ അതിനെക്കുറിച്ചു എഴുതി തുടങ്ങുമ്പോൾ തന്നെ ദൈവസ്നേഹത്തിൽ ആഴ്ന്നു പോകുന്നു. കാരണം അവിടുന്ന് സ്നേഹം തന്നെയാണല്ലോ. മുനിഞ്ഞു കത്തുന്ന വിളക്കിന് മുന്നിൽ അഭിമുഖമായി ആയിരിക്കുന്ന ഒരുവന്റെ മുഖം പ്രകാശിതമാകും, ജലത്തിൽ സ്പർശിക്കുന്ന ഒരുവന്റെ കൈ നനയും. അഗ്നിയിൽ ഇടുന്ന ഒരു വസ്തു ദഹിപ്പിക്കപ്പെടും. സ്നേഹം തന്നെയായ ദൈവത്തെ കുറിച്ചുള്ള ചിന്തയിൽ മുഴുകിയാൽ മനുഷ്യന് അവർണനീയമായ വിധത്തിൽ ആത്മശരീരങ്ങൾ ദൈവസ്നേഹത്താൽ നിറയും. മനസ് സ്നേഹമെന്ന ദൈവകൃപയാൽ പൂരിതമാകും.

ഇത് വായിക്കുന്ന ഓരോരുത്തരും ഇനി പരിശുദ്ധ കുർബാനയുടെ മുന്നിൽ ആരാധനയ്ക്ക് അണയുമ്പോൾ ഈ പിതാവിനെ പറ്റി ഒന്ന് ചിന്തിച്ചു നോക്കിക്കേ. അവാച്യമായ പിതൃസ്നേഹത്താൽ നിറയുന്നതായി അനുഭവപ്പെടും. ഈ സ്നേഹസാന്നിധ്യത്തിൽ ആയിരുന്നു ഈശോ എപ്പോഴും വസിച്ചിരുന്നത്. നമുക്കും ആ പിതൃസ്നേഹത്തിൽ എപ്പോഴും ആയിരിക്കാം.

നല്ല ഈശോ അനുവദിച്ചാൽ മറ്റൊരവസരത്തിൽ ദൈവപിതാവിനെ കുറിച്ച് വീണ്ടും എഴുതാം.)

✍🏻 ലീന എലിസബത്ത് ജോർജ്


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment