ദിവ്യകാരുണ്യം: പരാജിതന്റെ ഒളിവിടം
ജീവിതസമ്മർദം ഏറുമ്പോൾ എത്രയോ തവണ എല്ലാത്തിൽ നിന്നും എങ്ങോട്ടെങ്കിലും ഒന്ന് പോയി കുറച്ചു ദിവസം മറഞ്ഞിരുന്നു എങ്കിൽ എന്നു നമ്മൾ ചിന്തിച്ചിട്ടുണ്ടാവണം. കുറച്ചു നേരമെങ്കിലും കടന്നു പോയ നാണക്കേടുകളിൽ നിന്നും മുഖം മറയ്ക്കാൻ, മുഖം നഷ്ടപ്പെട്ട വ്യക്തിയായി ജീവിച്ചു മടുത്തു തുടങ്ങുമ്പോൾ, അനേകം നാളുകൾ ജോലി ഇല്ലാതെ ഇരിക്കുമ്പോൾ, വാടക കൊടുക്കാൻ പൈസ ഇല്ലാതെ വരുമ്പോൾ, ഒരു മിഠായി മേടിക്കാൻ കുഞ്ഞു അപ്പന് നേരെ പൈസയ്ക്ക് കൈ നീട്ടുമ്പോൾ തന്റെ നിറയുന്ന കണ്ണുകൾ അവളറിയാതെ തുടച്ചു ആ മിഠായി ചീത്തയാ മോളെ എന്ന് കള്ളം പറയുമ്പോൾ, നന്മ എന്നുദ്ദേശിച്ചു ചെയ്യുന്നതൊന്നും പൂർത്തിയാക്കാൻ കഴിവില്ലാതെ വരികയും അത് മൂലം മാതാപിതാക്കളുടെയും ജീവിതപങ്കാളിയുടെയും മക്കളുടെയും കൂട്ടുകാരുടെയും ബന്ധുക്കളുടെയും പോലും അവജ്ഞയ്ക്കും അവഗണനയ്ക്കും പാത്രമായി വരുമ്പോൾ, സഹപാഠികളുടെ മുന്നിൽ ഒന്നുമില്ലാത്തവനായി ജീവിക്കേണ്ടി വരുമ്പോൾ, പണമില്ലാത്തതിന്റെ പേരിൽ, നിറമില്ലാത്തതിന്റെ പേരിൽ കഴിവില്ലാത്തതിന്റെ പേരിൽ മാറ്റി നിറുത്തപ്പെടുന്നവൻ ആകുമ്പോൾ, ആൾക്കൂട്ടത്തിൽ തനിയെ ആയിപോകുമ്പോൾ ഒരുവൻ എവിടെയെങ്കിലും ഓടി ഒളിക്കുവാൻ കൊതിക്കും.
കാരണങ്ങൾ ഒരുപാടുണ്ട്. ചെറുത് മുതൽ വലുത് വരെ. ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ, പല സാഹചര്യങ്ങൾ….
ഒരു ഹൃദയം ഉരുകുന്നത് അതിനു ആരുമില്ലാതെ ആയി എന്ന് തോന്നുമ്പോഴാണ്.
കണ്ണു നിറയുന്നത് അത് തുടക്കാൻ വേറേ രണ്ട് കരങ്ങൾ ഇല്ലാഞ്ഞിട്ടാണ്.
ഇനി എന്ത് ചെയ്യും മുന്നോട്ട് എന്ന് ഒരു വ്യക്തി ഭയപ്പെടുന്നത് പ്രതീക്ഷകൾ പകരാൻ ആരും ഇല്ലെന്ന ഓർമ ഉള്ളിൽ ഉണരുമ്പോഴാണ്.
അങ്ങനയങ്ങനെ ഒരുവനെ സ്വയം പരാജിതനാക്കുന്ന എത്രയോ കാരണങ്ങൾ…..
എന്നാൽ പ്രായഭേദമേന്യേ ഏതൊരു തോറ്റു പോയവനും മറഞ്ഞിരിക്കാനുള്ള ഇടമാണ് ദിവ്യകാരുണ്യം.
അവിടെ ചോദ്യങ്ങളില്ല, കുറ്റപ്പെടുത്തലുകൾ ഇല്ല, കൂട്ടിക്കിഴിക്കലുകൾ ഇല്ല, നിശബ്ദ സ്നേഹം മാത്രം, കരുണാർദ്രമായ സാമീപ്യം മാത്രം.
മഞ്ഞു കാലത്തിലെ കുഞ്ഞു പ്രഭാതത്തിൽ അമ്മ കാണാതെ കുഞ്ഞു കൂട്ടിൽ നിന്നും തത്തിക്കളിച്ചു പുറത്തിറങ്ങിയ കുഞ്ഞിക്കിളി പുൽനാമ്പുകളിൽ തിളങ്ങി നിൽക്കുന്ന മഞ്ഞിൻ തുള്ളികൾ നുകരാൻ കൊതിയോടെ ഓടിഎത്തുന്നതിനിടയിൽ ബലമില്ലാത്ത ചെറുതൂവലുകൾ നനഞ്ഞു തണുത്തു നിസ്സഹായമായി ഇരിക്കുന്ന നേരം കിഴക്ക് നിന്നൊരു സ്നേഹസൂര്യൻ തക്കസമയത്തു ഉദിച്ചുയർന്നു കുഞ്ഞിക്കിളിയുടെ നനഞ്ഞ തൂവലുകളൊക്കെയും തന്റെ കിരണങ്ങൾ കൊണ്ട് തുടച്ചുണക്കി മിനുക്കി കൊടുക്കുന്നു.
ദിവ്യകാരുണ്യത്തിന്റെ മുന്നിൽ വന്നിരിക്കുന്ന ഓരോ പരാജിതനും ഈ കുഞ്ഞികിളിയെ പോലെയാണ്. അയാൾ ഒന്നും ചെയ്യേണ്ടതില്ല. അവിടെ വരിക, ഇരിക്കുക, അങ്ങനെ വെറുതേ ഇരിക്കുക.
സൂര്യനെ സൃഷ്ടിച്ച നിത്യസൂര്യന്റെ തേജസ് എന്താണ്?
അവിടുത്തെ അനന്തമഹിമയുടെ ആഴം എന്താണ്!
തന്റെ പക്കൽ എല്ലാം തകർന്ന് തന്റെ പ്രിയപ്പെട്ട മകൻ വന്നിരിക്കുമ്പോൾ അവനെ കുറിച്ച് അവൻ ജനിക്കും മുൻപേ മനോഹര പദ്ധതി ഒരുക്കിയ ഈശോയുടെ അയാൾക്കു വേണ്ടി കുത്തി മുറിവേല്പിക്കപ്പെട്ട കരങ്ങൾ അയാളെ തന്റെ മാറോടു ചേർത്ത് പിടിക്കും.
അതാണ് പരിശുദ്ധ കുർബാനയുടെ മുന്നിൽ ഒരാൾ സ്വയം തകർന്ന് ഇനി ഒന്നിനും കൊള്ളില്ല എന്ന് കരുതി ഇരിക്കുമ്പോൾ ഈശോ കരം നീട്ടി ചേർത്തിരുത്തുന്ന യോഹന്നാൻ ഇരുന്ന പൊസിഷൻ.
അത് ഒരു മനുഷ്യന് നേടി എടുക്കാൻ പറ്റുന്ന പൊസിഷൻ അല്ല, ഈശോ അനുവദിക്കുന്നവർക്ക് മാത്രം അനുവദിക്കപ്പെട്ട പൊസിഷൻ ആണ്.
അവിടെയിരുന്നാലാണ് ഈശോയുടെ ഹൃദയമിടിപ്പുകൾ, ദിവ്യകാരുണ്യത്തിന്റെ ഹൃദയമിടിപ്പുകൾ സംസാരിക്കുന്നതൊക്കെയും നമ്മോടു വ്യക്തിപരമായിരുന്നു എന്ന് മനസിലാകുന്നത്
ഈശോയുടെ അടുത്തു ചെല്ലുന്ന ഒരു വ്യക്തിയും അവിടുത്തെ പ്രീതി നേടാൻ ഒന്നും ചെയ്യേണ്ടതില്ല.
എന്നാലും ഈശോയുടെ അടുത്ത് ഇത്തിരി നേരം നമ്മൾ ഇരിക്കുന്നതും നമ്മുടെ കാര്യങ്ങൾ പറയുന്നതും കുഞ്ഞു തമാശ പറയുന്നതും അവിടുത്തെ ഭീഷണിപ്പെടുത്തുന്നതും പിണങ്ങുന്നതും തിരിച്ചു കൂട്ട് കൂടുന്നതും നമ്മുടെ കയ്യിൽ കിട്ടുന്ന സമ്മാനങ്ങൾ ഒക്കെ കൊണ്ട് കൊടുക്കുന്നതും ഈശോയ്ക്ക് സുഖമായിരുന്നോ, തന്നെയേ ഉണ്ടായിരുന്നുള്ളോ, ഇന്നാരെലും കാണാൻ വന്നോ, സ്വർഗത്തിൽ എന്തുണ്ട് വിശേഷങ്ങൾ എന്നൊക്കെ ചോദിക്കുന്നതും ഒക്കെ ഈശോയ്ക്ക് ഇഷ്ടമാണ്. നാം ഇടപെടുന്നതെങ്ങനെയോ അത് പോലെ അവിടുന്നും നമ്മോടു പെരുമാറും.
അങ്ങനെ ഹൃദയം ഹൃദയത്തോട് മിണ്ടി തുടങ്ങുന്ന ഒരു ദിനം മനസിലാകും പല ദിവസങ്ങളിലും ഈശോയും പരാജിതനാകാറുണ്ടായിരുന്നു എന്ന്. അങ്ങനെ സ്നേഹത്തിൽ പരാജിതനാകുന്ന ദിവസങ്ങളിൽ അവിടുത്തെ മുഖമൊന്നു ചാരാൻ അവിടുന്ന് തേടിയത് നമ്മുടെ ഒന്നിനും കൊള്ളില്ല എന്ന് വിചാരിച്ചിരുന്ന തകർന്നതെന്നു നാം കരുതിയിരുന്ന നമ്മുടെ ഹൃദയം ആയിരുന്നു എന്ന്.
തകർന്നു…
അത് ശരിയായിരുന്നു…
അത് പരിശുദ്ധമായ ഒരു തകർക്കപ്പെടലായിരുന്നു.
അത് നിത്യമായ ദൈവിക പദ്ധതിയുടെ മനോഹരമായ ഒരു ഘട്ടത്തിൽ ഒരു പാവം മനുഷ്യൻ എത്തി നിൽക്കുമ്പോൾ അവനിൽ അവന്റെ ഹൃദയത്തിൽ നടക്കുന്ന ഒരു പരിവർത്തനമാണ്.
ഒരു പുഴു പ്യൂപ്പയായി കൊക്കൂൺ ആയി പൂമ്പാറ്റയായി മാറുന്നത് പോലെയുള്ള മനോഹരമായ ഒരു ഹൃദയപരിവർത്തനം.
മണ്ണു കൊണ്ട് നിർമ്മിക്കപ്പെടുന്ന മനുഷ്യ ഹൃദയം ജീവിതസമ്മർദങ്ങളിൽ പെട്ട് ഞെരിഞ്ഞു ഞെരിഞ്ഞു ശിലയായി മാറി യാതൊരു സ്നേഹവികാരവും അതിലേക്ക് പ്രവേശിക്കില്ല എന്ന അവസ്ഥയുടെ പാരമ്യത്തിൽ സർവ്വതും തകരുന്ന ഒരവസ്ഥ വരുന്നു.
പലരുടെയും ജീവിതത്തിൽ പലതാകാം. ഒത്തിരി പഠിച്ചിട്ടും പരീക്ഷയിൽ തോറ്റതാകാം.
എത്രമാത്രം നല്ല ഒരു അമ്മയും ഭാര്യയും മകളും ഒക്കെ ആകാൻ നോക്കിയിട്ടും ഒരു വഴിയും വിജയിക്കുന്നില്ലായിരിക്കാം.
മറ്റുള്ളവരുടെ മുന്നിൽ ക്ഷമയോടെ നിശബ്ദമായി നിൽക്കുമ്പോൾ വാ തുറന്നു ഒരക്ഷരം തിരിച്ചു പറയാതെ നിന്നോളും, സ്വന്തമായി ഒരു അഭിപ്രായം ഇല്ലാത്തവൻ എന്ന് മാതാപിതാക്കൾ പറയുമ്പോൾ ഹൃദയം ഒന്ന് വല്ലാതെ പിടഞ്ഞതാകാം.
ദേഹത്ത് വാൾ കടക്കുമ്പോൾ ജീവികൾ പിടയില്ലേ,അത് പോലെ.
ആകെയുള്ള ജോലി നഷ്ടപ്പെട്ടു, അന്നത്തെ അരി വാങ്ങാൻ കയ്യിൽ കാശില്ലാതെ ജീവിതത്തിൽ ഇനിയെന്ത് ചെയ്യും എന്ന് ആലോചിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ അന്ന് പിറന്നാൾ ആഘോഷിക്കാൻ കേക്കുമായി അപ്പൻ വരും എന്നോർത്തു നോക്കിയിരിക്കുന്ന കുഞ്ഞിന്റെ നോട്ടം ഓർമ വന്നതാകാം.
ഈ ഒരു നിമിഷത്തെ ഹൃദയത്തിന്റെ ദുഃഖഭരിതമായ പിടച്ചിൽ അതിന്റെ ശില പോലെ കഠിനമായി തീർന്ന പ്രതലത്തെ പിടിച്ചു കുലുക്കി തരികളാക്കി ഉള്ളിൽ മറയ്ക്കപ്പെട്ടിരുന്ന ദൈവനിർമിതമായ യഥാർത്ഥ മനുഷ്യഹൃദയത്തിന്റെ അതിപരിശുദ്ധവും മനോഹരവുമായ അവസ്ഥയെ വെളിപ്പെടുത്തും.
ഈ ഒരു നിമിഷം വളരെ ലോലമാണ് ഹൃദയത്തിന്.
കാരണം അത്രയും നാൾ അതിനെ സുരക്ഷിതമായി മറച്ചു പിടിച്ചിരുന്നു എന്ന് അത് കരുതിയിരുന്ന സ്വയം നിർമിത ശിലകൾ പൊടിഞ്ഞു ഇല്ലാതായിരിക്കുന്നു. ഇനിയെല്ലാരും ഈ ഹൃദയത്തെ കാണും അതിനു ഒളിക്കാൻ ഒരിടമില്ല, ഒറ്റയ്ക്ക് നിൽക്കാൻ ശക്തിയുമില്ല. സാത്താൻ പറയും. നീ തകർന്നു, എനിക്ക് പണ്ടേ അറിയാമായിരുന്നു നീ തകരുമെന്ന്, നീ പണ്ടേ കഴിവില്ലാത്തവനല്ലേ. ഇനി പോയി മരിക്കാൻ നോക്ക്, നിന്നെ അതിനെ കൊള്ളൂ, അതിനെങ്കിലും കൊള്ളുമോ ആവോ! കണ്ടറിയണം.
മനുഷ്യരൂപത്തിലുള്ള പിശാചുക്കളുടെ ഗണങ്ങൾ വാക്കുകളിൽ അവജ്ഞ ഊതിപെരുപ്പിക്കും.
തകർച്ചയുടെ ആഘാതത്തിൽ പുറമെ പൂട്ടിട്ട് വച്ചിരുന്നവ തകർന്നു പുതുതായ അവസ്ഥയെ പ്രാപിച്ച ഹൃദയത്തിന് ചാരാൻ ഒരു താങ്ങ് വേണം.
അത് ദിവ്യകാരുണ്യം ആണ്.
പ്രവാചകനായ എസെക്കിയേലിലൂടെ അവിടുന്ന് സംസാരിച്ചു.
“ഞാന്‍ നിങ്ങളുടെമേല്‍ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളില്‍നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും. സകലവിഗ്രഹങ്ങളില്‍ നിന്നും നിങ്ങളെ ഞാന്‍ നിര്‍മലരാക്കും.
ഒരു പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്‍കും; ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്ഷേപിക്കും; നിങ്ങളുടെ ശരീരത്തില്‍നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്‍കും.
എന്റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങളെ എന്റെ കല്പനകള് കാക്കുന്നവരും നിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധയുള്ളവരുമാക്കും.”
(എസെക്കിയേല്‍ 36 : 25-27)
പല വിധത്തിൽ ഹൃദയം തകർക്കപ്പെടുന്നവർക്ക് ആ നിമിഷങ്ങളിൽ അവിടുന്ന് ചെയ്യുന്ന First Aid വിവരിക്കുന്ന വചനമാണിത്
ഒരു കുത്തു വാക്ക് കേൾക്കുമ്പോഴോ മാരക രോഗം എന്ന് ഡോക്ടർ പറയുന്നത് കേൾക്കുമ്പോഴോ ജീവിതപങ്കാളി വേർപിരിഞ്ഞു പോകുമ്പോഴോ മക്കൾ ദൈവവിശ്വാസത്തിൽ നിന്നും അകന്നു പോകുന്നത് കാണുമ്പോഴോ ഹൃദയത്തിലേൽക്കുന്ന ആഘാതം അതിന്റെ പുറത്ത് പറ്റിപ്പിടിച്ചു നമ്മെ സ്നേഹരഹിതരാക്കുന്ന ശിലാതുല്യപാളികളെ പിടിച്ചു കുലുക്കി തകർത്തു നിലം പരിശാക്കുന്നു, ഹൃദയത്തിന്റെ മൃദുലമായ തുടിക്കുന്ന പുറം ഭാഗം വെളിവാകുന്നു.
പെട്ടെന്ന് ശിലയുടെ ബന്ധനത്തിൽ നിന്നും സ്വതന്ത്രമാക്കപ്പെട്ട ഹൃദയത്തിന് എന്ത് ചെയ്യണം എന്നറിയാതെ പരിഭ്രാന്തി തോന്നുന്നു.
എന്നാൽ അതിന്റെ സൃഷ്ടാവ് അതിനെ കണ്ടു കൊണ്ടാണിരിക്കുന്നത്. അതിന്റെ കാലുകൾ ദിവ്യകാരുണ്യ സന്നിധിയിലേക്ക് ചലിച്ചില്ലെങ്കിലും ദൈവം സർവ വ്യാപി ആയതിനാൽ എല്ലായിടവും ദിവ്യകാരുണ്യ സന്നിധി ആണല്ലോ.
അതിലേക്ക് കുത്തിമുറിവേല്പിക്കപ്പെട്ട സ്വന്തം ചങ്കിൽ നിന്നും പുറപ്പെട്ട ഏറ്റവും പരിശുദ്ധമായ ജലത്താൽ പുറം തകർക്കപ്പെട്ട മനുഷ്യഹൃദയത്തെ കഴുകി അവശേഷിച്ച മാലിന്യങ്ങളും അതിനുള്ളിലെ പാപങ്ങളും കഴുകി മാറ്റുന്നു. തന്റെ രക്തം അതിന്റെ ഹൃദയത്തിൽ പകരുന്നു. അതിനെ ജീവസുറ്റതാക്കുന്നു. സ്നേഹഭരിതമാക്കുന്നു. വചനത്താൽ നിറയ്ക്കുന്നു. പരിശുദ്ധാത്മാവ് ആ ഹൃദയത്തിൽ ആവസിക്കാൻ തുടങ്ങുന്നു. ആ ഹൃദയത്തെ അന്ന് മുതൽ നയിച്ചു തുടങ്ങുന്നു. പഴയ വഴിയിലൂടെ, പുതിയ മനോഭാവത്തിൽ.
ഇങ്ങനെ നമ്മുടെ ഹൃദയത്തിൽ പലപ്രാവശ്യം പല കാരണങ്ങളാൽ ശിലാതുല്യമായ പൊതിയലിന്റെ ഞെരുക്കം അനുഭവപ്പെട്ടേക്കാം.
ചിലപ്പോൾ വ്യക്തികൾ ആകാം, സാഹചര്യങ്ങൾ ആകാം. നേരിടേണ്ടി വരുന്ന പരീക്ഷണങ്ങൾ ആകാം. തീർത്തും തളർന്നു തകർന്ന് പോയി എന്ന തോന്നൽ ആകാം.
എന്നാൽ നമ്മുടെ ദൈവത്താൽ മനോഹരമായി പ്ലാൻ ചെയ്യപ്പെട്ട ജീവിതം അങ്ങനെ തകരുമോ ഇല്ല, അത് നുണയനായ പിശാച് മനുഷ്യരിലൂടെ നമ്മോടു സംസാരിക്കുന്നതാണ്. അത് കേൾക്കേണ്ടതില്ല, സംശയം തോന്നിയാൽ ദൈവവചനം തുറക്കുക, വായിക്കുക ഈശോ നമ്മോടു സംസാരിക്കും. ദൈവവചനം സത്യമാണ്, മനുഷ്യർ സംസാരിക്കുമ്പോൾ മാനുഷികത കലർത്തി എന്ന് വന്നേക്കാം.
ഒരർത്ഥത്തിൽ ഒരു ആഘാതം വന്നു പൊടിയാൻ നിൽക്കേണ്ട കാര്യമില്ല, ഈശോയുടെ ചാരെ ചെന്നു എന്റെ ഹൃദയത്തെ കഴുകേണമേ എന്ന് പറയാം,
ഒരുക്കത്തോടെ കുമ്പസാരിച്ചു കുർബാന സ്വീകരിച്ചു കഴിയുമ്പോൾ അവിടുന്ന് നമ്മുടെ ഹൃദയം കഴുകുന്നുണ്ട്. ദിവ്യകാരുണ്യസ്വീകരണത്തിൽ അവിടുത്തെ ഹൃദയവും നമ്മുടെ ഹൃദയവും ഒന്നായി മാറി തുടിച്ചു തുടങ്ങും.
നമ്മുടെ കുഞ്ഞു ഹൃദയം ആയതു കൊണ്ട് ഈ വലിയ കാര്യങ്ങൾ ഒന്നും അറിയുന്നില്ല എന്നേയുള്ളൂ.
നാമറിയാതെ ഈശോ ഒത്തിരി കാര്യങ്ങൾ നമ്മുടെ ഹൃദയത്തിൽ ഇരുന്നു ചെയ്യുന്നുണ്ട്. നമ്മുടെ പ്രിയപ്പെട്ടവരേ അനുഗ്രഹിക്കും. നമ്മുടെ ജോലിയിൽ കൂടും. വീടും ജോലി സ്ഥലവും നാം നടക്കുന്ന വഴികളും അനുഗ്രഹിക്കപ്പെടും
നമ്മോടു സംസാരിക്കുന്നവരെ അവിടുന്ന് കേൾക്കും. നാം പറയാതെ അവരുടെ ആവശ്യം നിറവേറ്റും. പരിശുദ്ധ കുർബാന സ്വീകരിക്കുന്നത് ക്രിസ്തുവിനെ ധരിക്കൽ ആണ്. നമ്മെ കാണുമ്പോൾ പിശാചുക്കൾ നമ്മിൽ വസിക്കുന്ന അവിടുത്തെ കാണും. ഞെട്ടി വിറച്ചു ഓടി മറയും. അവിടുന്ന് അനുവദിക്കാതെ ഒന്നിനും നമ്മെ സമീപിക്കാൻ സാധ്യമല്ല.
“നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠജനതയാണുള്ളത്?”
(നിയമാവര്‍ത്തനം 4 : 7)
ഇന്നത്തെ കാലത്തു പലരും തമാശ പോലെ ഉച്ചരിക്കുന്ന ഒരു സെന്റൻസ് ഉണ്ട്.
അതങ്ങു പള്ളീൽ ചെന്നു പറഞ്ഞാൽ മതി എന്ന്….
പണ്ടേതോ കാലത്തു ഭക്തനും സത്യവിശ്വാസിയുമായ ഏതോ വ്യക്തി തന്നോട് ചോദിച്ചിട്ട് തന്നെക്കൊണ്ട് നടക്കാത്ത ഒരു കാര്യം നടക്കണമെങ്കിൽ പള്ളിയിൽ പോയി പള്ളിയിൽ വാഴുന്ന പൊന്നീശോ തമ്പുരാനോട് പറഞ്ഞാൽ മതി എന്നുള്ള അർത്ഥത്തിൽ അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി എന്ന് തന്നോട് ചോദിച്ച ആളോട് ബഹുമാനത്തോടെ പറഞ്ഞത് കാലം മാറിയപ്പോൾ പരസ്പരം പറയുന്ന രീതി മാറി, ഭക്തി മങ്ങി.
എന്നാലും ആ വാചകത്തിനു പ്രസക്തി ഇന്നും മങ്ങിയിട്ടില്ല.
അത് ദിവ്യകാരുണ്യ സന്ദർശനത്തിനുള്ള ഏറ്റവും പഴയ പരസ്യം പോലെ എന്നും നമ്മുടെയൊക്കെ ചുണ്ടിൽ ഉണ്ടാകും.
“എന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവിനോട് ദൃഢമായി ചേര്‍ന്നുനിന്ന നിങ്ങള്‍ ഇന്നും ജീവിക്കുന്നു.”
(നിയമാവര്‍ത്തനം 4 : 4)
ശരിയല്ലേ, ഇത് വായിക്കുന്ന നാം ഇന്നും ജീവിക്കുന്നു. ഇന്നും നമുക്ക് ഈശോയുടെ സ്നേഹം നുകരാൻ അവസരമുണ്ട്.
നമ്മെ കുറിച്ചുള്ള ഈശോയുടെ പദ്ധതിയിൽ നമുക്ക് പരാജയം എന്നൊരു കാര്യമില്ല, വിജയത്തിലേയ്ക്കുള്ള, പൂർണതയിലേയ്ക്കുള്ള രൂപാന്തരപ്പെടലേയുള്ളൂ.
“കണ്ടാലും! എത്ര വലിയ സ്നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെഅറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല.
പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ്. നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന് ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയും ചെയ്യും.
ഈ പ്രത്യാശയുള്ളവന് അവിടുന്നു പരിശുദ്ധനായിരിക്കുന്നതുപോലെ തന്നെത്തന്നെ വിശുദ്ധനാക്കുന്നു.”
(1 യോഹന്നാന് 3 : 1-3)
നാം പരാജയപ്പെട്ടിരിക്കുമ്പോൾ ഈശോയിൽ ഒളിക്കുന്നത് പോലെ, നമ്മുടെ പ്രിയപ്പെട്ടവർ, ശത്രുക്കൾ, അറിയാവുന്നവർ, ബന്ധുക്കൾ, വാർത്തകളിലും മറ്റും കേൾക്കുന്ന വ്യക്തികൾ, അതായതു പരിശുദ്ധാത്മാവ് അന്നേ ദിവസം നമ്മുടെ ഹൃദയത്തിന് ചൂണ്ടിക്കാണിച്ചു തരുന്നവരെ ഒക്കെയും ദിവ്യകാരുണ്യസന്നിധിയിൽ കൊണ്ട് വരാം.
മുഴുവൻ മനുഷ്യരെ കൊണ്ട് വന്നാലും ഈശോയ്ക്ക് സന്തോഷമാണ്.
വിഷണ്ണരായി ഇരിക്കുന്നവരോട് ദിവ്യകാരുണ്യത്തെ കുറിച്ച് നമ്മുടേതായ ഭാഷയിൽ പറഞ്ഞു കൊടുക്കാം. പരിശുദ്ധാത്മാവ് നമ്മെ സഹായിച്ചു കൊണ്ടിരിക്കും.
ഒരു പക്ഷെ നാം introvert ആയിരിക്കും. നമ്മുടെ പരിമിതിയിൽ നിന്നു കൊണ്ട് സംസാരിക്കാം. നമ്മുടെ അനുഭവങ്ങൾ പറയാം.
Extrovert ആയിരിക്കാം. അതിന് എന്ത്! നമുക്ക് comfortable എങ്ങനെയാണോ അങ്ങനെ സംസാരിക്കാം.
നമ്മളെ മറ്റുള്ളവർ ഇപ്പോഴും കാണുന്നതിനാൽ നമ്മുടെ സംസാര രീതിയും ആളുകൾക്ക് പരിചിതമാണ്.
എന്നാൽ ഒരേ കാര്യത്തെ കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്നതിനെക്കാളും ഒരു പ്രാവശ്യം എങ്കിലും നാം അത് ചെയ്തു കാണിക്കുന്നത് 10 പ്രാവശ്യം പറഞ്ഞു മനസിലാക്കുന്നതിനേക്കാളും ഫല ദായകം ആണ്.
ഉദാഹരണത്തിന് സ്കൂളിൽ നിന്നും ഒരു ഫോൺ വരുന്നു എന്ന് വിചാരിക്കുക. കളിക്കുന്നതിനിടയിൽ കുഞ്ഞു തലയിടിച്ചു വീണു,ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ടുണ്ട്.
സാധാരണ ഈ ഫോൺ call വരുമ്പോൾ നാം എന്ത് ചെയ്യും.
ഫോൺ എടുത്തു ജീവിതപങ്കാളിയെ വിളിക്കും. കുഞ്ഞിനെ കൊണ്ട് പോയിടത്തു ഉള്ള കൂട്ടുകാരെ വിളിക്കും. ബാഗിൽ cash ഉണ്ടോ എന്ന് നോക്കും. പരിഭ്രാന്തിയോടെ മുഖം മാറി ഓരോരുത്തരോട് കാര്യംപറഞ്ഞു, ലീവ് എടുത്തു ഹോസ്പിറ്റലിൽ പോകാനായി ഓടിനടക്കും.
എന്നാൽ ഫോൺ കാൾ വന്ന സമയം ഒരു നിമിഷം കണ്ണുകൾ അടച്ചു കരങ്ങൾ കൂപ്പി എന്റെ ഈശോയെ നമ്മുടെ കുഞ്ഞിന് പറ്റിയത് അങ്ങ് കേട്ടല്ലോ. ഈ സിറ്റുവേഷൻ അങ്ങറിയാതെ വരികയില്ല എന്നെനിക്കറിയാം. അങ്ങയെ തന്നെ ഇതിന്റെ ബാക്കി കാര്യവും ചെയ്തു പൂർത്തിയാക്കാൻ ഞാൻ ഏല്പിക്കുന്നു. അവിടുത്തെ പരിശുദ്ധാത്മാവിനാൽ കുഞ്ഞിനേയും ഞങ്ങളെയും കുഞ്ഞിനെ നോക്കുന്നവരെയും നിറയ്ക്കണമേ. എല്ലാത്തിലുമുപരി ഈ സംഭവത്തിൽ പരിശുദ്ധ ത്രിത്വം മഹത്വപ്പെടട്ടെ. ആമേൻ
എന്നിട്ട് ശാന്തമായി ബാക്കിയുള്ള കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോൾ കാണുന്ന ആളുകൾ നമ്മളിൽ നിന്നും പെട്ടന്ന് ഇങ്ങനെ ഓരോരോ കാര്യങ്ങൾ ഉണ്ടാകുമ്പോൾ ആദ്യം ദൈവത്തിലേയ്ക്ക് തിരിയണം എന്ന ബാലപാഠം പഠിക്കും.
ആരുമറിയാതെ അവര്‍ പോലുമറിയാതെ സ്നേഹത്തിൽ ഓരോരുത്തരെ നമുക്ക് ദിവ്യകാരുണ്യ ഹൃദയത്തിൽ എത്തിക്കാം.
തെരുവിൽ ഉറങ്ങുന്നവരെ എടുത്തു കൊണ്ട് പോയി അഭയ സ്ഥാനത്താക്കുന്നവരെ പോലെ മനസ് വിഷമിച്ചു നടക്കുന്നവരെ കാണുമ്പോഴും വേദനയിൽ കരയുന്നവരെ കാണുമ്പോഴും നിസ്സഹായരെ കാണുമ്പോൾ പരീക്ഷയിൽ മാർക്ക് കുറഞ്ഞു തലകുനിച്ചു ഇരിക്കുന്ന ഒരു കുട്ടിയെ കാണുമ്പോഴും നന്നായി അധ്വാനിച്ചു ഒരുങ്ങി പഠിപ്പിച്ചിട്ടും കുട്ടികൾക്ക് ഒന്നും മനസിലാകാത്ത രീതിയിൽ സഹകരിക്കാതെ ഉഴപ്പുന്നത് കൊണ്ട് പഠിപ്പിക്കുന്നത് തുടരാൻ പറ്റാതെ നിൽക്കുന്ന പാവം ടീച്ചറെ കാണുമ്പോഴും ഒരു നിമിഷം അവരെ ഒക്കെ ഈശോയുടെ ദിവ്യകാരുണ്യ ഹൃദയത്തിലേയ്ക്ക് ഉയർത്താം.
പരാജിതർ എവിടെയുമുണ്ട്. നമ്മുടെ കുടുംബത്തിൽ ഉണ്ട്.
നമ്മുടെ കുടുംബം നയിക്കുന്നത് കുടുംബത്തലവനാണ്. അപ്പൻ പറയുന്നതാണ് അവസാന വാക്ക്. അപ്പൻ പറയുന്ന വഴിയിലൂടെയാണ് കുടുംബാംഗങ്ങൾ പോകുന്നത്. കാരണം ആ കുടുംബത്തെ നയിക്കാനുള്ള അഭിഷേകം ആ കുടുംബത്തിലെ അപ്പന് ഈശോ കൊടുത്തിട്ടുണ്ട്.
ഒരു പക്ഷെ അപ്പൻ മറ്റുള്ളവരുടെ കണ്ണിൽ നിസാരനായിരിക്കാം. നമ്മോടു മിണ്ടാത്ത ആൾ ആയിരിക്കാം. അധികം പണക്കാരൻ അല്ലായിരിക്കാം. എന്നാലും പിതാവായ ദൈവത്തിന്റെ പ്രതിനിധി ആണ് അപ്പൻ. അപ്പന്റെ കണ്ണുകൾ കുടുംബത്തിൽ എല്ലായിടത്തും എത്തുന്നു. വരും വരായ്കകൾ കാണുന്നു. കുറവുകൾ അറിയുന്നു. നികത്തണമെന്നുണ്ട്. സമ്മാനങ്ങൾ തരണമെന്നുണ്ട്. എന്നാലും ചില സമയങ്ങളിൽ നിസ്സഹായനായി പോകുന്ന അപ്പന്മാരുണ്ട്. കണ്ണുനീർ ഉള്ളിലേക്ക് ചൊരിഞ്ഞു ഹൃദയം നിറച്ചു, ആരും കാണാതെ കൊണ്ട് നടക്കുന്നവർ.
പരിശുദ്ധ അമ്മ ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ ഒരിക്കൽ പറഞ്ഞു അപ്പന്മാർ പേറുന്ന ധാർമിക ഭാരത്തെ പറ്റി.
പുറമെ നിന്നും കാണുന്നവർക്ക് ഊഹിക്കാൻ പറ്റുന്നതിലും അധികമാണത്.
ഭാര്യയും മക്കളും ഓരോരോ അത്യാവശ്യങ്ങൾ പറയുമ്പോൾ നടത്തിക്കൊടുക്കാൻ പണമില്ലാതെ വരുമ്പോൾ പലപ്പോഴും അപ്പന് താനൊരു പരാജയമാണ് എന്ന് തോന്നിപോകുന്നു.
എന്നാൽ അപ്പനെ ഓരോ ചലനത്തിലും ചേർത്ത് നിറുത്തി കുടുംബത്തിൽ അപ്പൻ എന്നൊരു ആൾ ഉള്ളതിൽ കവിഞ്ഞു വേറൊരു സന്തോഷവും വേണ്ടാ എന്നുള്ള രീതിയിൽ അപ്പനോട് പെരുമാറിയാൽ അപ്പന് അത്രയും പരാജയബോധം തോന്നണമെന്നില്ല.
അമ്മമാരും കുഞ്ഞുങ്ങളും അപ്പൻ എന്നത് ഒരു അനുഗ്രഹമാണ് എന്നറിയണം, നാളെ കൂടെ ഉണ്ടാകുമോ എന്നറിയാത്ത ഒരു അനുഗ്രഹം.
കുടുംബം ഒരുമിച്ചു പ്രാർത്ഥിക്കുന്ന കുടുംബപ്രാർത്ഥനയിൽ പ്രാർത്ഥിക്കുന്ന നിയോഗങ്ങൾ ഒരിക്കലും നടക്കാതെ ഇരിക്കുകയില്ല
വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും.
എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാന്‍ ഉണ്ടായിരിക്കും.
മത്തായി 18 : 19-20
കുടുംബത്തിലെ കുടുംബപ്രാർത്ഥന ഏറ്റവും ഫലവത്താകുന്നതിന്റെ കാരണം പറയുന്ന വചനമാണിത്.
എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും.
മത്തായി 18 : 20
പരിശുദ്ധ കുർബാന ഒരു വ്യക്തിയുടെ ജീവിതത്തിലെ കേന്ദ്രബിന്ദുവും ഊർജസ്രോതസ്സും എന്നത് പോലെ ഒരു കുടുംബത്തിലെ ഒരു ദിവസത്തിലെ സകല പ്രവൃത്തികളുടെയും കേന്ദ്രം കുടുംബപ്രാർത്ഥനയാകണം.
അത് ഈശോയോടൊപ്പം നാമിരുന്നു വചനം വിളമ്പി കഴിക്കുന്ന ആത്മീയഅത്താഴ മേശയാണ്.
“അങ്ങയുടെ ജനത്തിന് ദൈവദൂതന്മാരുടെ അപ്പം അങ്ങ് നല്കി; അവരുടെ അധ്വാനം കൂടാതെ തന്നെ, ഓരോരുത്തര്‍ക്കും ആ സ്വാദ്യമായവിധം പാകപ്പെടുത്തിയ ഭക്ഷണം സ്വര്‍ഗത്തില്‍ നിന്ന് അവര്‍ക്ക് അങ്ങ് നല്കി. അങ്ങ് നല്കിയ വിഭവങ്ങള്‍ അങ്ങയുടെ മക്കളുടെ നേരേ അങ്ങേയ്ക്കുള്ള വാത്സല്യം പ്രകടമാക്കി.
ഭക്ഷിക്കുന്നവന്റെ രുചിക്കൊത്ത് അത് രൂപാന്തരപ്പെട്ടു.”
(ജ്ഞാനം 16 : 20-21)
കുടുംബപ്രാർത്ഥനയ്ക്കായി ഒരുങ്ങണം, മുറി വൃത്തിയാക്കി നാം അൾത്താര അലങ്കരിച്ചു വച്ചു മെഴുകു തിരികൾ ഉണ്ടെങ്കിൽ കത്തിക്കണം.
കാരണം രണ്ടോ മൂന്നോ പേര് ഒരുമിച്ചു കൂടുന്നിടത്തു സർവമഹിമ പ്രതാപത്തോടെയും സർവമാലാഖാമാരുടെയും പരിവാരങ്ങളോടും പരിശുദ്ധ കന്യക മറിയത്തോടും യൗസെപ്പിതാവിനോടും വിശുദ്ധരോടും ഒപ്പം എഴുന്നള്ളുന്നത് പരിശുദ്ധ ത്രിത്വം തന്നെയാണ്.
നാം പലരോടും സംസാരിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ നമ്മുടെ വിഷയങ്ങൾ നിശബ്ദമായി കുടുംബപ്രാർത്ഥനയുടെ സമയത്ത് പറഞ്ഞാൽ വായിക്കുന്ന വചനങ്ങളിലൂടെ നമുക്കുത്തരം കിട്ടും. ആകുലതകൾക്ക് പരിഹാരം ഉണ്ടാകും. പല സ്ഥലത്തും ഡോക്ടർമാരെ കാണിച്ചിട്ട് മാറാത്ത രോഗങ്ങൾ കുടുംബപ്രാർത്ഥനയുടെ സമയത്തു മാറും. ഭവനത്തിലെ കെട്ടുകൾ മാറും. അന്ധകാര ശക്തികൾ എത്തി നോക്കാൻ ഭയപ്പെടും വിധം ഭവനം ദൈവിക സാന്നിധ്യത്താൽ പരിശുദ്ധമാകും. ദൈവാലയത്തിനൊത്തതാകും.നിറവുള്ളതാകും.
ഒരു കത്തോലിക്കന് മാമോദീസ മുതൽ കിട്ടുന്ന ദൈവപൈതൽ എന്ന സ്ഥാനത്തിന് അവർണനീയമായ അർത്ഥങ്ങൾ ഉണ്ട്.
ഒരു ദൈവപൈതലിന് അദൃശ്യരായ കൂട്ടുകാർ ആയി ഉള്ളത് മാലാഖാമാർ ആണ്. അവര്‍ ജാഗ്രതയോടെ ഓരോ നിമിഷവും അതിനെ കാത്തു പരിപാലിക്കുന്നു.
സൂര്യൻ ശ്രദ്ധയോടെ മിതമായ നിരക്കിൽ ചൂട് നൽകുന്നു. മേഘങ്ങൾ തക്ക സമയത്ത് ഓടിയെത്തി തണൽ കൊടുക്കുന്നു. മഴനീരുകൾ തണുപ്പ് പകരുന്നു. മഞ്ഞു കണങ്ങൾ കുളിർമയേകുന്നു. നടക്കുന്ന വഴികളിൽ കുഞ്ഞു പുൽച്ചെടികളിൽ ചെറുപൂക്കുലകൾ വിരിഞ്ഞു നിൽക്കുന്നു. ചെറുകിളികൾ പാട്ടു പാടുന്നു. എത്രയോ മനോഹരമായിട്ടാണ് അതിന്റെ ഓരോ ദിവസവും ക്രമീകരിച്ചിരിക്കുന്നത്.
ഒരു ദൈവപൈതലിനു കഴിക്കാൻ പരിശുദ്ധ കുർബാനയുണ്ട്. കുടിക്കാൻ തിരുവചനമുണ്ട്. ശുദ്ധീകരിക്കാനും പോഷണം ഏകാനും കൂദാശകൾ ഉണ്ട്.
അപ്പാ എന്ന് വിളിച്ചാൽ എത്തി നോക്കാൻ പിതാവായ ദൈവമുണ്ട്. കൂട്ട് കൂടാൻ ഈശോയുണ്ട്. കൂടെ നടക്കാൻ പരിശുദ്ധാത്മാവുണ്ട്. അമ്മേ എന്ന് വിളിച്ചാൽ വെമ്പലോടെ പാഞ്ഞെത്തി നോക്കുന്ന പരിശുദ്ധ അമ്മയുണ്ട്. ഓരോ ദൈവപൈതലിനും പോറ്റമ്മയായി കാവൽ മാലാഖയുണ്ട്
Atm Card ആയി വിശ്വാസമുണ്ട്. അതുപയോഗിച്ച് അനന്തമായ കൃപകൾ നേടിയെടുക്കാം.
സംരക്ഷണമായി വിശുദ്ധ ജലം. കയ്യിൽ പേറി പ്രാർത്ഥിക്കാൻ ജപമാല എന്ന സ്വർഗീയ ആയുധം
കഴുത്തിൽ അണിയാൻ ഉത്തരീയം
ഒന്ന് വിളിച്ചാൽ ഓടി വരാനും സഹായിക്കാനും വിശുദ്ധരായ ചേട്ടന്മാരും ചേച്ചിമാരും കുഞ്ഞനിയന്മാരും അനുജത്തിമാരും
ഇനി കരുണ കാണിക്കണോ എളുപ്പമല്ലേ ശുദ്ധീകരണക്കടലിൽ എണ്ണമില്ലാത്ത വിധത്തിൽ കിടക്കുന്ന ശുദ്ധീകരണ ആത്മാക്കളെ രക്ഷിക്കാൻ
ഒരു മിനിറ്റിൽ താഴെയുള്ള ഒരു Saint Gertrude ജപം ചൊല്ലിയാൽ 1000 ശുദ്ധീകരണ ആത്മാക്കൾ സ്വർഗത്തിലേയ്ക്കുയരും.
പരിശുദ്ധ കുർബാന അവർക്കായി കാഴ്ച വയ്ക്കാം.
ദൈവപരിപാലനയിൽ ദൈവിക പദ്ധതിയിൽ തിരുസഭാമാതാവിന്റെ തണലിൽ എല്ലാം തികഞ്ഞതാണ് ക്രൈസ്തവജീവിതം
“അവസാനമായി കര്‍ത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍.
സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്ത്തുനില്ക്കാന് ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
എന്തെന്നാല്‍, നമ്മള് മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്.
അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
തിന്മയുടെ ദിനത്തില്‍ ചെറുത്തുനില്ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും.
അതിനാല്‍, സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചുനില്ക്കുവിന്.
സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷ കള്‍ ധരിക്കുവിന്‍.
സര്‍വോപരി, ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍.
രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാള് എടുക്കുകയും ചെയ്യുവിന്‍.”
(എഫേസോസ് 6 : 10-17)
അവസാനം ഒരു കാര്യം മറക്കാതിരിക്കാം.
നമ്മുടെ ജീവിതത്തിലെ ഓരോ പരാജയങ്ങളും ദിവ്യകാരുണ്യത്തിനെ കുറിച്ചോർക്കാനും അവിടുത്തെ ഹൃദയത്തിൽ ചാരി ഇരിക്കാനുമുള്ള reminder ആണ്.
Reminder ന് കാതോർക്കാം. ദിവ്യകാരുണ്യത്തിൽ ഒളിക്കാം. ലോകത്തിൽ നിന്നും മറഞ്ഞിരിക്കാം.
ഹൃദയം ആശ്വാസഭരിതമാകും വരെയും…
ഹൃദയം സ്നേഹനിർഭരം ആകും വരെയും….


Leave a comment