“മോനെ, സന്തോഷകരമായ ജീവിതം നയിക്കുക. നിനക്ക് സഹനമോ രോഗമോ പ്രിയപ്പെട്ടവരുടെ വേർപാടോ കൊണ്ട് മനസ്സ് നൊന്തെന്ന് വരാം അപ്പോൾ നിന്റെ ഒരു കണ്ണ് സക്രാരിയിലേക്ക് തിരിക്കണം. മറുകണ്ണ് കുരിശിൻ ചുവട്ടിലെ മറിയത്തിലേക്കും. അപ്പോൾ നിന്റെ അഗാധമായ മുറിവിലേക്ക് സാന്ത്വനത്തിന്റെ രക്തത്തുള്ളികൾ ഇറ്റുവീണു കൊള്ളും”.
ബ്യൂണസ് ഐറിസിന്റെ സഹായമെത്രാനായിരിക്കെ ജോർജ് (ഹോർജെ) മരിയോ ബെർഗോളിയോയുടെ കയ്യിൽ എപ്പോഴും ഒരു കാനോനനമസ്കാരപുസ്തകം ഉണ്ടാകും. പ്രഭാതത്തിൽ ഏറ്റവുമാദ്യം തുറക്കുന്നതും ഉറങ്ങുന്നതിനുമുൻപ് ഏറ്റവുമവസാനം അടക്കുകയും ചെയ്യുന്ന ആ പ്രാർത്ഥനാപുസ്തകത്തിൽ ഒരു നിധി പോലെ സൂക്ഷിച്ചിരുന്ന ആ കത്തിലെ വാചകങ്ങൾ പിതാവിന്റെ വല്യമ്മച്ചിയുടേതായിരുന്നു… ഭാവിയിൽ ക്രിസ്തുവിന്റെ വികാരിയായി, പത്രോസിന്റെ പിൻഗാമിയായി, സാർവ്വത്രിക സഭയുടെ ഇടയനാകാൻ പോകുന്ന പോപ്പ് ഫ്രാൻസിസിനെ ചെറുപ്പത്തിൽ പ്രാർത്ഥിക്കാൻ പഠിപ്പിച്ച, ഈശോയെ കുറിച്ചു പറഞ്ഞു കൊടുത്ത വല്യമ്മച്ചി.
ഭക്ഷണം സ്വയം പാകം ചെയ്ത്, പാത്രങ്ങൾ സ്വയം കഴുകി, സാധാരണക്കാരോടൊപ്പം ബസുകളിൽ യാത്ര ചെയ്ത് എളിമയുടെയും ലാളിത്യത്തിന്റെയും മാതൃക സ്വജീവിതത്തിലൂടെ പകർന്നു നൽകിയ ബിഷപ്പ് ജോർജ് ബെർഗോളിയോ. ആർച്ചുബിഷപ്പായിരുന്ന ക്വാറച്ചിനോ പിതാവ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞതുകൊണ്ട്
ആർച്ചു ബിഷപ്പാകേണ്ടിവന്നപ്പോൾ, തനിക്ക് വേണ്ടി തയ്യാറായിരുന്ന വലിയ വസതി വൈദികർക്കും മറ്റുമായി വീട്ടുകൊടുത്ത് അതിരൂപത ഓഫീസിലെ ചെറിയ മുറികളിലേക്ക് താമസം മാറ്റിയ പിതാവ്. കിടപ്പുമുറിയിലെ ആഡംബരങ്ങൾ : ഒരു തടിക്കട്ടിൽ, വല്യമ്മച്ചി നൽകിയ ക്രൂശിതരൂപം, പിന്നെ വെള്ളം ചൂടാക്കാനുള്ള ഇലക്ട്രിക് കെറ്റിൽ, അപ്പോഴും സഞ്ചാരം കൂടുതലും ബസിൽ തന്നെ.
ചേരികളിലെ തകരപ്പുരകളിലെ നിത്യ സന്ദർശകനായിരുന്നു ജോർജ് ബെർഗോളിയോ പിതാവ്, ദാരിദ്യത്തിന്റെയും സദാചാരത്തിന്റെയും പേരിൽ സമൂഹത്തിന്റെ വേലിക്കെട്ടുകളിൽ നിന്ന് തഴയപ്പെട്ട പാവങ്ങളെ കൂടെകൂട്ടാനായി അവരിലേക്ക് ഇറങ്ങിച്ചെന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരോടൊപ്പം, മാനസിക രോഗികൾക്കൊപ്പം, അവിവാഹിതരായ അമ്മമാർക്കൊപ്പം, തൊഴിൽ രഹിതരായ യുവാക്കൾക്കൊപ്പം പരിശുദ്ധ കുർബ്ബാന അർപ്പിച്ചു, ഭക്ഷണം കഴിച്ചു, തമാശകൾ പറഞ്ഞു.
2001 ഫെബ്രുവരിയിൽ ബെർഗോളിയോയെ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ കർദ്ദിനാളാക്കി ഉയർത്തി. സ്ഥാനം സ്വീകരിക്കുന്നതിന് റോമിലേക്ക് പോകേണ്ട ദിവസമെത്തി. പക്ഷേ ഇതേവരെ കർദ്ദിനാളിന്റെ ചുവന്ന വസ്ത്രം തയ്‌പ്പിച്ചിട്ടില്ല. സഹപ്രവർത്തകർക്ക് അങ്കലാപ്പ്. സെക്രട്ടറിയച്ചൻ ഓർമ്മിപ്പിച്ചു, “പിതാവേ ചുവന്ന വസ്ത്രം?” പിതാവ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “എല്ലാം റെഡിയാണച്ചോ “ ഒന്നുരണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്. ബെർഗോളിയോ പിതാവ്, മരണമടഞ്ഞ തന്റെ മുൻഗാമിയായിരുന്ന കർദ്ദിനാൾ ക്വാറച്ചിനോയുടെ പഴയ വസ്ത്രമെടുത്ത് തയ്യൽക്കാരനെ ഏൽപ്പിച്ചു പറഞ്ഞത്രേ, “ എന്റെ അളവനുസരിച്ചു ഈ കുപ്പായം തുന്നിതരണം!”. അങ്ങനെ, വർഷങ്ങൾ പഴക്കമുള്ള ആ വസ്ത്രം അണിഞ്ഞാണ് ഫ്രാൻസിസ് പാപ്പ കർദ്ദിനാൾ സ്ഥാനം സ്വീകരിച്ചത്. ആ ചടങ്ങ് കാണാനായി റോമിലേക്ക് പറക്കാനിരുന്ന പലരേയും സ്നേഹപൂർവ്വം പിന്തിരിപ്പിച്ച് ആ തുക പാവങ്ങൾക്ക് കൊടുക്കാൻ അവരെക്കൊണ്ട് സമ്മതിപ്പിച്ചു.
വിവിധ മതങ്ങളുടെ പ്രതിനിധികൾ ഒരുമിച്ചുകൂടി ചർച്ച നടത്തുന്ന സമ്മേളനങ്ങൾ ബ്യൂണസ് ഐറിസിൽ പതിവാണ്. അത്തവണത്തെ സമ്മേളനം മെത്രാസനമന്ദിരത്തിൽ വെച്ചായിരുന്നു. അതിഥികൾ വന്ന് മണിയടിച്ചപ്പോൾ അവരെ സ്വീകരിക്കാനായി വാതിൽ തുറന്നെത്തിയത് ബെർഗോളിയോ പിതാവ്. ഒരു സഹായിയെക്കൊണ്ട് ചെയ്യിക്കാതെ പിതാവ് വാതിൽ തുറന്നതിൽ ആശ്ചര്യപ്പെട്ട് പറഞ്ഞ അവരോട് മറുപടിയായി പിതാവ് പറഞ്ഞു,
“വാതിലുകൾ തുറന്നിടുകയല്ലാതെ മറ്റെന്താണ് ഒരു മെത്രാൻ ചെയ്യേണ്ടത്?“
ബെനഡിക്റ്റ് പതിനാറാമൻപാപ്പയുടെ സ്ഥാനത്യാഗത്തിന് ശേഷം പുതിയ പാപ്പയെ തിരഞ്ഞെടുക്കാൻ റോമിലേക്ക് പോകുമ്പോൾ, “പിതാവേ ഇത്തവണയെങ്കിലും ഒരു ജോഡി പുതിയ ഷൂസ് വാങ്ങിയിട്ടേ പോകാവൂ “ എന്ന് സഹപ്രവർത്തകർ നിർബന്ധം പിടിച്ചു, കാരണം ഒരു പഴഞ്ചൻ കറുത്തു തടിച്ച ഷൂസുമായാണ് കുറേകാലമായുള്ള പിതാവിന്റെ നടപ്പ്. പോകുന്നതിന് മുൻപ് വലിയ ആഴ്ചയിലേക്കുള്ള പ്രസംഗം ഏൽപ്പിച്ചു. തനിക്ക് എന്നും പത്രമിടുന്ന ഡാനിയേലിനോട് ഇനി മൂന്നാഴ്ച കഴിഞ്ഞു പത്രം ഇട്ടാൽ മതിയെന്ന് പറഞ്ഞു. ഒപ്പം കുറേ റബർ ബാൻഡുകളും കയ്യിൽ കൊടുത്തു. അത് പിതാവിന്റെ പതിവാണ്. റബർ ബാൻഡിട്ട് കെട്ടിയാണ് ഡാനിയേൽ പിതാവിന്റെ റൂമിന് മുൻപിൽ പത്രം വെക്കുന്നത്. പിതാവ് ആ റബർ ബാൻഡുകളെല്ലാം കളയാതെ സൂക്ഷിച്ചുവെച്ച് മാസാവസാനം ഡാനിയേലിന്റെ പെട്ടിക്കടയിലെത്തും. കയ്യിൽ കരുതിയിരുന്ന റബർ ബാൻഡുകൾ അവനെ ഏല്പിക്കും. എന്നിട്ട് പറയും “നിനക്കിത് ഇനിയും ആവശ്യം വരും “.
….അഞ്ചാമത്തെ വോട്ടിങ്ങിന് ശേഷമാണ് സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽ കൂടി വെള്ളപ്പുക ഉയർന്നത് . ജനങ്ങൾ അലറിവിളിച്ചു, “ഹാബേമൂസ് പാപ്പ, ഹാബേമൂസ് പാപ്പ “ ( നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു ). പുതിയ പാപ്പ പ്രത്യക്ഷപ്പെടാൻ പോകുന്ന ബസിലിക്കയിലേക്ക് എല്ലാ കണ്ണുകളും തിരിഞ്ഞു. നിയുക്ത പാപ്പ ചെറിയ സങ്കീർത്തിയിലേക്ക് പോയി, കർദ്ദിനാൾ വേഷം മാറ്റി വെള്ള ളോഹയും അരക്കെട്ടുമണിഞ്ഞു. പാപ്പക്ക് അണിയാനുള്ള വെൽവെറ്റിൽ തീർത്ത കൊത്തീനയുമായി മോൺസിഞ്ഞോർ എത്തി. പാപ്പ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു, “ നന്ദി മോൺസിഞ്ഞോർ, ഇതെനിക്ക് വേണ്ട “ സ്വർണ്ണമാലയും പാപ്പ നിരസിച്ചു. തന്റെ പഴയ സാദാ കുരിശുമാല അണിഞ്ഞു.
“ഷൂസിന്റെ അളവെത്ര? “ നിരത്തിവെച്ച അഞ്ചു ജോഡി ചുവന്ന ഷൂസിലേക്ക് നോക്കിക്കൊണ്ട് മോൺസിഞ്ഞോർ ചോദിച്ചു. ഫ്രാൻസിസ് പാപ്പ തന്റെ പഴയ കറുത്ത ഷൂസിലേക്കൊന്ന് നോക്കി പുഞ്ചിരിച്ചിട്ട് പറഞ്ഞു, “ ഇത് എനിക്ക് നന്നായി ഇണങ്ങുന്നുണ്ട്. ഇത് മതിയാകും “.
ആരാണ് കത്തോലിക്കാ സഭയുടെ പുതിയ അമരക്കാരൻ എന്ന ചോദ്യവുമായി നിൽക്കുന്ന ജനങ്ങൾ അറിഞ്ഞു, “ഏറ്റവും ആദരണീയനും ബഹുമാന്യനും ഫ്രാൻസിസ് എന്ന നാമം സ്വീകരിച്ചവനുമായ ഹോർജെ മരിയോ ബെർഗോളിയോയാണ് പുതിയ പാപ്പ “.
ആയിരം വർഷത്തിനുള്ളിൽ യൂറോപ്പിൽ നിന്നല്ലാതെ ഒരു പാപ്പ!. ഫ്രാൻസിസ് എന്ന നാമം സ്വീകരിക്കുന്ന ആദ്യപാപ്പ!
ബാൽക്കണിയിലെ ചുവന്ന വെൽവറ്റ് കർട്ടൻ വകഞ്ഞു മാറ്റപ്പെട്ടു. ഇതാ പുതിയ പാപ്പ. അധികാരവസ്ത്രങ്ങളൊന്നും അണിയാതെ കരം നെഞ്ചോട് കൂട്ടിപ്പിടിച്ചു നിൽക്കുന്നു. ജനം സന്തോഷത്താൽ അലറിവിളിച്ചു, “വിവാ ഇൽ പാപ്പാ, വിവാ ഇൽ പാപ്പാ “ (പാപ്പാ നീണാൾ വാഴട്ടെ). പാപ്പ തന്റെ വലതുകരം പതിയെ ഉയർത്തി. ഒന്നര ലക്ഷത്തോളം വരുന്ന വിശ്വാസികൾ പെട്ടെന്ന് നിശബ്ദമായി. ഇറ്റാലിയൻ ഭാഷയിൽ പാപ്പാ പറഞ്ഞു,”ഗുഡ് ഈവനിംഗ്”. ജനം അത്ഭുതപ്പെട്ടു. ആദ്യമായാവാം ഒരു പാപ്പ ഇങ്ങനെ ആശംസിക്കുന്നത്, തുടർന്ന് പാപ്പ തന്റെ മുൻഗാമിക്ക് വേണ്ടി പ്രാർത്ഥിച്ചു, സ്വർഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയമേ, ത്രിത്വസ്തുതി പ്രാർത്ഥനകൾ ചൊല്ലി. ആശിർവ്വാദത്തിനായി കാത്തുനിൽക്കുന്ന വിശ്വാസികളെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് പാപ്പ പറഞ്ഞു, “ആദ്യമായി നിങ്ങളെനിക്കൊരു ഉപകാരം ചെയ്യണം. ഞാൻ നിങ്ങളെ ആശിർവ്വദിക്കുന്നതിന് മുൻപായി നിങ്ങൾ ദൈവത്തോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം “. അതിനു ശേഷം കുറച്ചുകൂടി മുൻപോട്ടു നീങ്ങി തലകുനിച്ചു നിന്നു.
120 കോടിയിലധികം വരുന്ന വിശ്വാസികളുടെ തലവനും പത്രോസിന്റെ പിൻഗാമിയുമായവൻ ജനസമൂഹത്തിന്റെ ആശിർവ്വാദത്തിനായി തലകുനിച്ചു നിന്ന നിമിഷം.
അവർക്ക് ആശിർവ്വാദം നൽകിയതിന് ശേഷം പതിവനുസരിച്ചു അവിടെ നിന്ന് പിൻവാങ്ങേണ്ട പാപ്പ മൈക്ക് ആവശ്യപ്പെട്ടു വീണ്ടും പറഞ്ഞു, “സഹോദരി സഹോദരന്മാരെ, നിങ്ങൾ എനിക്ക് നൽകിയ സ്വാഗതത്തിനും പ്രാർത്ഥനക്കും നന്ദി. എനിക്കായി ഇനിയും പ്രാർത്ഥിക്കണം. നമുക്ക് വീണ്ടും കണ്ടുമുട്ടാം. എല്ലാവർക്കും നല്ലൊരു രാത്രി ആശംസിക്കുന്നു. നന്നായി ഉറങ്ങുക “.
നിരവധിയായ പതിവുകളെയും കീഴ്‌വഴക്കങ്ങളെയും തെറ്റിച്ച പാപ്പയുടെ തുടർ ചെയ്തികളും അങ്ങനെ തന്നെയായിരുന്നു. പിറ്റേദിവസം, വത്തിക്കാനിലേക്ക് വരുമ്പോൾ താൻ താമസിച്ചിരുന്ന ഹോട്ടലിൽ കയറി, ബില്ലിന്റെ കൂടെ ഫോൺ ചാർജ് തരാൻ മറക്കരുത് എന്നോർമ്മിപ്പിച്ചു ജോലിക്കാരെ അമ്പരപ്പിച്ച പാപ്പ. പാപ്പ താമസിക്കേണ്ട ഔദ്യോഗിക വസതി കണ്ടപ്പോൾ, “ഹോ, ഇതിൽ 300 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ടല്ലോ” എന്ന് അതിശയിച്ച പാപ്പ. ആ വസതിക്ക് പകരം, മീറ്റിങ്ങുകളിൽ പങ്കെടുക്കാനെത്തുന്ന അച്ചന്മാർ താമസിക്കാറുള്ള സാന്താ മരിയ ഹോസ്റ്റലിലെ 207ആം നമ്പർ മുറി തനിക്കായി തിരഞ്ഞെടുത്ത പാപ്പ. കുറേ നേരം നിന്നു മടുത്ത സ്വിസ് ഗാർഡ്സിനെ നിർബന്ധിച്ചു ഇരുത്തി ചായ കുടിപ്പിക്കുന്ന പാപ്പ, പാപ്പ ഫോണിൽ വിളിച്ചപ്പോൾ വിശ്വസിക്കാതിരുന്ന പഴയ പത്രക്കാരൻ ഡാനിയേൽനോട് “ ഇത് ബെർഗോളിയോ തന്നെയാണ് ഡാനീ “ എന്ന് പറഞ്ഞ പാപ്പ.
വിവാ ഇൽ പാപ്പ… വിവാ ഇൽ പാപ്പ…
ആടുകളുടെ ഇത്രക്കും മണമുള്ള ഈ ഇടയനെ അത്ര പെട്ടെന്ന് ഞങ്ങൾക്ക് വിടാൻ പറ്റുമോ?
പ്രിയരേ, ഫ്രാൻസിസ് പാപ്പയുടെ ജീവിതത്തിലെ ചില ഏടുകളെ, ഇനിയും അറിയാത്തവരുണ്ടെങ്കിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ കുറച്ച് കാര്യങ്ങൾ എഴുതിയത്. പാപ്പയുടെ ലാളിത്യത്തെപ്പറ്റിയും എളിമയേപ്പറ്റിയും പറയാൻ ഇനിയുമേറെ ഉണ്ടെങ്കിലും വളരെ ചുരുക്കി എഴുതിയതാണിത്. സ്ഥലപരിമിതി മൂലം, ബാക്കി ഗുണഗണങ്ങളെ പറ്റി പ്രതിപാദിച്ചിട്ടുമില്ല. ഈ പാപ്പയെ സ്നേഹിക്കാൻ ആർക്കെങ്കിലും കഴിയുന്നില്ലെങ്കിൽ, അവർ പാപ്പയെ ശരിക്ക് അറിഞ്ഞിട്ടില്ലെന്നേ ഞാൻ പറയു.
ജിൽസ ജോയ് ![]()
(ഇതിന് സഹായിച്ചത്, ഫാ.ജെ കൊച്ചുവീട്ടിൽ എഴുതിയ, ‘ഫ്രാൻസിസ് പാപ്പ’. നാട്ടിൽ പോകുമ്പോഴൊക്കെ ഫ്രാൻസിസ് പാപ്പയെക്കുറിച്ച് കാണുന്ന പുസ്തകങ്ങൾ ചിലതെങ്കിലും വാങ്ങാൻ ഞാൻ ശ്രമിക്കാറുണ്ട്. അങ്ങനെ കിട്ടിയതിൽ ഒന്ന് )



Leave a comment