ദിവ്യകാരുണ്യം: പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹസമന്വയം

ഞാൻ ഇടയ്ക്ക് സന്ദർശിക്കുന്ന തീർത്തും ലളിതമായ ഒരു കൊച്ചു സക്രാരിയുടെ മുന്നിൽ സാധാരണ പോലെ ചെന്നു നിന്ന ഒരു ദിവസമാണ് എന്റെ ഹൃദയത്തിൽ ആ ചിന്ത കടന്നു വന്നത്.

സ്നേഹകൂട്ടായ്മയായ പരിശുദ്ധ ത്രിത്വം തന്നെ സ്നേഹത്തോടെ ദിവ്യസക്രാരിയിൽ വസിക്കുന്നു എന്ന്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ പരിശുദ്ധ ത്രിത്വം എന്നെ ആഴമേറിയ രീതിയിൽ സ്നേഹിക്കുന്നു എന്ന്.

ആ ചിന്ത വന്നപ്പോൾ വല്ലാത്തൊരു ആനന്ദം ആത്മാവിനെ പൊതിഞ്ഞു.

“യേശു ഉദ്‌ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച്‌ ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്‌തുതിക്കുന്നു.
അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്റെ തിരുവുള്ളം.
സര്‍വവും എന്റെ പിതാവ്‌ എന്നെ ഏല്‍പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കാന്‍മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല.”
(മത്തായി 11 : 25-27)

അത്യുന്നതനായ ദൈവത്തെ കുറിച്ചു സാധാരണ മനുഷ്യർക്ക് ഒത്തിരി അറിവുകളൊന്നും ഇല്ലെങ്കിലും ഈശോയുടെ സക്രാരിയുടെ സമീപേ കൂടുതൽ സമയം ചിലവഴിച്ചു കൊണ്ട് അവിടുത്തെ കുറിച്ച് സ്നേഹത്തോടെ ചിന്തിച്ചു തുടങ്ങിയാൽ ചിലസമയങ്ങളിൽ അവിടുത്തെക്കുറിച്ചുള്ള ചില അറിവുകൾ നിമിഷാർദ്ധനേരത്തേയ്ക്ക് സ്നേഹാധിക്യത്താൽ വെളിപ്പെടുത്തും.

ഒരു ചെറിയ കുഞ്ഞിന് അതിന്റെ അപ്പനെ കുറിച്ചുള്ള നുറുങ്ങു കാര്യങ്ങൾ അറിയാമെങ്കിലും പൂർണമായി അതിനു അറിയാൻ പറ്റുന്നില്ല. എന്നാൽ എന്റെ അപ്പൻ എന്ന ചിന്തയിൽ അതിന്റെ സന്തോഷവും സ്നേഹവും പൂർണമാണ് താനും. നിത്യതയിൽ ഒരാത്മാവിന് ദൈവഹിതമനുസരിച്ചു വെളിപ്പെടുത്തപ്പെടേണ്ട ദൈവത്തിന്റെ അനന്യത എത്രയോ പൂർണവും അവർണനീയവുമായിരിക്കും. എന്നാൽ തനിക്ക് വെളിപ്പെടാത്ത ദൈവികമായ അറിവുകളെ കുറിച്ച് ഒരാത്മാവിന് ഒരു ഇച്ഛാഭംഗവും ഒരിക്കലും വരുന്നില്ല, മറിച്ചു ഒരാത്മാവിന്റെ അവസ്ഥയനുസരിച്ചു അതിനു സ്വീകരിക്കാവുന്നത്രയും കൃപകളും അറിവും ഓരോ സമയവും അതിലേക്ക് ചൊരിയപ്പെട്ടു കൊണ്ടാണിരിക്കുന്നത്. അത് കൊണ്ട് അതിനു ഓരോ മനുഷ്യനെയും ചൂഴ്ന്നു നിൽക്കുന്ന ദൈവസാന്നിധ്യത്തിൽ എപ്പോഴും അനുഭവപ്പെടുന്നത് ആത്മീയ നിറവ് തന്നെയാണ്.

“ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്ഷിക്കുകയുംചെയ്യും.”
(വെളിപാട്‌ 3 : 19-20)

ദിവ്യകാരുണ്യഈശോ ഓരോ ഹൃദയവാതിലിലും തുറന്നുതരുമെന്ന പ്രതീക്ഷയോടെ അനുദിനം മുട്ടുന്നുണ്ട്.

ചില മനുഷ്യഹൃദയങ്ങളിൽ ഹൃദയവാതിൽ അകത്തു നിന്നും തുറക്കാൻ ആവാത്ത വിധം ഓരോരോ ലൗകിക കാര്യങ്ങൾ നിറഞ്ഞിരിക്കുന്നു.

ഓരോ ദിവസത്തെയും കാര്യമെടുത്താൽ ആ ദിവസം തേടേണ്ടതും നേടേണ്ടതുമായ നേട്ടങ്ങൾ, എത്തിപ്പിടിക്കേണ്ട കാര്യങ്ങൾ, സമയത്ത് ചെന്നെത്തി കാണേണ്ട ആളുകളെ കുറിച്ചുള്ള വ്യഗ്രതകൾ, മനുഷ്യ സ്നേഹങ്ങൾ, മാനുഷികമായ ആകുലതകൾ, ഹൃദയത്തിൽ അലങ്കോലമായി കുന്നുകൂടി കിടക്കുന്ന ചിന്തകളുടെയും ഓർമകളുടെയും ഏറ്റവും അടിയിൽ ശ്രദ്ധിക്കാതെ പോകുന്ന ഹൃദയത്തിൽ പണ്ടെന്നൊക്കെയോ ഉണ്ടായ മുറിവുകൾ….
ഹൃദയത്തിൽ മുഴങ്ങുന്ന ലോകത്തിന്റെ ശബ്ദങ്ങൾ…

ഇതിന്റെ ഒക്കെ ഇടയിൽ ഹൃദയവാതിലിൽ വളരെ മാന്യമായി മൃദുവായി ഈശോ തട്ടി വിളിക്കുന്നത് ഒരാൾ എങ്ങനെ കേൾക്കാൻ!

ദിവ്യകാരുണ്യ ഈശോ ഹൃദയത്തിൽ തട്ടി വിളിക്കുന്നത് കേൾക്കണമെങ്കിൽ ഹൃദയം ശൂന്യമാകണം.

എത്ര എത്തിപ്പിടിക്കാൻ നോക്കിയാലും ചേർത്ത് പിടിക്കാൻ നോക്കിയാലും ഒരു ദിവസം എന്നേക്കുമായി അകന്നു പോകേണ്ടതാണ് ചുറ്റുമുള്ള മനുഷ്യരും ലോകവും എന്ന് ഹൃദയത്തിന് ഈശോ അനുവദിക്കുന്ന ജീവിതാനുഭവങ്ങളിലൂടെ ബോധ്യം വരണം. ദൈവം മാത്രമേ തനിക്ക് നിത്യമായി ഉള്ളൂ എന്നുള്ള അറിവ് ബുദ്ധിയെ പ്രകാശിപ്പിക്കണം.

ഓരോ മനുഷ്യർക്കും ജീവിതത്തിൽ പല തരത്തിലുള്ള അനുഭവങ്ങൾ ആണുള്ളത്. എന്നാൽ നല്ല ദൈവത്തിന്റെ സ്നേഹപദ്ധതി ഒടുവിൽ നാം നിത്യജീവനിൽ എത്തിച്ചേരുന്ന വിധത്തിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്.

“കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്‌ – നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി.”
(ജറെമിയാ 29 : 11)

ചിലർക്ക് ജീവിതത്തിന്റെ ആരംഭം മുതൽ കഷ്‌ടപ്പാടും ബുദ്ധിമുട്ടും ദാരിദ്ര്യവും കഠിനമായ അവസ്ഥകളും ഒക്കെ ആണ് എന്നിരിക്കാം.

എന്നാൽ അവരുടെ ആത്മാവിനെ കുഞ്ഞിലേ മുതലേ തന്റെ രീതിയിൽ പരിശീലിപ്പിച്ചു, വിദഗ്ധനായ ഒരു ശില്പിയെ പോലെ പിൽക്കാല ജീവിതത്തിലേക്ക് ഒരു ധീരയോദ്ധാവിനെപോലെ മനോഹരമായി അണിയിച്ചൊരുക്കുന്ന സൃഷ്ടാവും പിതാവുമായ ദൈവത്തിന്റെ ഹിതത്തിന് ആത്മാവ് വിധേയപ്പെടുകയാണെങ്കിൽ എത്രയോ വിസ്മയകരമായി ആത്മാവ് തുടക്കം മുതലേ രൂപാന്തരപ്പെട്ടേനെ!

ദൈവം നമ്മുടെ ജീവിതത്തെ കാണുന്നത് മുഴുവനായുമാണ്. നമ്മുടെ കാഴ്ച്ചപ്പാടാണെങ്കിൽ അന്നേരമന്നേരമുള്ള കാര്യങ്ങളും.

ഒരു മനോഹര ശില്പം തടിയിൽ ഉണ്ടാക്കണമെങ്കിൽ ശില്പി എത്രയോ നാളുകൾ എടുത്താണ് അത് പൂർത്തിയാക്കുന്നത്.

ചേരുന്ന മരം കണ്ടു അതിൽ നിന്നും തനിക്ക് ആവശ്യമുള്ളത് മാത്രം തന്റെ പണി സ്ഥലത്തേയ്ക്ക് കൊണ്ടുവരുന്നു.

ആദ്യ നാളുകളിൽ പുറം തൊലി ചെത്തി കളയുമ്പോൾ താൻ വിരൂപമാകുന്നു എന്ന് മരത്തടിയ്ക്ക് തോന്നിയേക്കാം. തന്റെ പ്രിയപ്പെട്ടവരിൽ നിന്നും അകന്നു ഒറ്റയ്ക്കായി എന്ന സങ്കടം അതിനെ അലട്ടിയേക്കാം.

തന്നിലെ ഓരോ ഭാഗങ്ങളും മുറിച്ചു മാറ്റിയും മിനുക്കിയും രൂപാന്തരപ്പെടുത്തുമ്പോൾ ശില്പി ഒരു ദുഷ്‌ടൻ ആണെന്ന് പോലും മരത്തടി ചിന്തിച്ചേക്കാം.

എന്നാൽ നാളുകൾ കഴിയും തോറും ശില്പിയ്ക്ക് തന്നെ കാണുമ്പോൾ മുഖത്ത് വിരിയുന്ന സന്തോഷം കാണുമ്പോൾ, മിനുക്കുമ്പോൾ പതിവിലും വേദനയൊക്കെ കുറയുമ്പോൾ, പഴയതു പോലെ നിലത്തു കിടക്കാതെ നേരെ നിൽക്കാനും മാത്രം ശില്പം പൂർത്തിയായി തുടങ്ങുമ്പോൾ മരത്തടിയ്ക്കും സ്വയം തോന്നും.

എനിക്ക് നല്ലൊരു മാറ്റം വന്നിട്ടുണ്ടല്ലോ എന്ന്…

പിന്നീട് ശില്പി വരാനായി കാത്തിരിക്കാൻ തുടങ്ങുന്നു മരത്തടി. തന്നെ ഉപദ്രവിക്കാൻ അല്ല അയാൾ വരുന്നത് എന്ന് തിരിച്ചറിയുന്നു.

ജീവിതത്തിൽ ആ സമയം വേറെ ആരും ഇല്ലാത്തതിനാൽ സന്തോഷത്തോടെ ശില്പിയുമായി, അയാളുടെ തന്നെക്കുറിച്ചുള്ള പദ്ധതികൾ അറിയില്ലെങ്കിലും, തന്നെ നശിപ്പിക്കാനല്ല എന്നുള്ള അറിവിൽ മനസ് കൊണ്ട് ശില്പ നിർമാണത്തിന് സഹകരിച്ചു തുടങ്ങുന്നു. പിന്നീടൊരു ദിവസം ശില്പനിർമാണം പൂർത്തിയാകുന്ന ആ ദിവസം തന്നെ സ്നേഹത്തോടെ നോക്കി നിൽക്കുമ്പോൾ ശില്പിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അത് കാണുന്നു.

അതെന്തിനാണ് എന്നറിയാതെ ചിന്താക്കുഴപ്പത്തിൽ കൊച്ചു മരത്തടി നിൽക്കുമ്പോൾ ആളുകൾ അതിനെ കാണാൻ വരുന്നു അതിനെ കണ്ടു അത്ഭുതം കൂറുന്നു. ശില്പിയെ ഓരോരുത്തരും അഭിനന്ദിക്കുന്നു.

പ്രശസ്തനായ ശില്പി മനോഹരമായി നിർമിച്ചതിനാൽ ഒത്തിരി വില കൊടുത്തു ആരോ അതിനെ വാങ്ങിക്കൊണ്ടു പോകുമ്പോൾ അവിടെ ഉണ്ടായിരുന്ന കണ്ണാടിയിൽ അത് ഒരു നിമിഷം തന്റെ പ്രതിരൂപം അവിശ്വസനീയതയോടെ കണ്ടു.

ഏതോ വലിയ കെട്ടിടത്തിൽ ഒരു പ്രധാനസ്ഥലത്തു ഇരിക്കേണ്ട വിലയേറിയതും മനോഹരവുമായ ഒരു ശില്പമായി താൻ മാറിയിരിക്കുന്നു.

ഇനി അതിനു കാറ്റേറ്റ് ഉലയേണ്ട, മഴ നനയേണ്ട, ഇടിമിന്നലിൽ കത്തിപ്പോകില്ല, മരം വെട്ടുകാർ വിറകിനായി മുറിക്കില്ല, ഒരിക്കലും ഉണങ്ങി നശിച്ചു പോകുകയുമില്ല. എപ്പോഴും അതിനെ കാണാനും അഭിനന്ദിക്കാനും ആളുകൾ വരുന്നു.

ഓരോ മനുഷ്യാത്മാവും ആരംഭം മുതലേ വളരെ മനോഹരമാണ്. ഒരു ചെറിയ കുഞ്ഞു ജനിക്കുമ്പോൾ അതിനെ പൊതിയുന്ന ശരീരവും അതിന്റെ ശരീരത്തിന്റെ ആവശ്യങ്ങളും അതിന്റെ ചുറ്റുപാടുകളും അതിന്റെ ചുറ്റുമുള്ള ആളുകളും അത് വസിക്കുന്ന ദേശവും ഒക്കെ മാത്രമേ ആദ്യം അത് കാണുകയുള്ളൂ.

എന്നാൽ പതിയെ പതിയെ വളർന്നു വരുമ്പോൾ ശരീരത്തിന്റെ ആവശ്യങ്ങളോടൊപ്പം ജീവിതമൂല്യങ്ങളിലും അത് വളരുന്നു.

തന്റെ ആത്മാവിനെ കുറിച്ചും ഈശോയെ കുറിച്ചും സ്വർഗത്തെ കുറിച്ചും ദിവ്യകാരുണ്യത്തെ കുറിച്ചും പരിശുദ്ധ അമ്മയെക്കുറിച്ചുമൊക്കെ ഏതോ നാളുകളിൽ ആരൊക്കെയോ പറഞ്ഞു കേൾക്കാൻ ഇടയാകുന്നു.

ഒരു ചെറിയ കുഞ്ഞു ചെറുപ്പത്തിൽ ഓർക്കുന്നത് അതിന്റെ അപ്പനും അമ്മയും അതിനുള്ളതെല്ലാം എല്ലായ്പ്പോഴും ഉണ്ടായിരിക്കും എന്നാണ്.

എന്നാൽ പതിയെ പതിയെ തിരസ്കരണങ്ങളും പരാജയങ്ങളും മാറ്റി നിറുത്തലുകളുമൊക്കെ ജീവിതത്തിന്റെ ഭാഗമായി മാറുമ്പോൾ അത് പതിയെ നിശബ്ദമാകുന്നു. ഉൾവലിയുന്നു.

അതിനു ഭയം തോന്നുകയും ഒറ്റപ്പെടുകയും ചെയ്യുന്നു.

അതിന്റെ നിസാരതയെ മറ്റുള്ളവർ പരിഹസിക്കുമ്പോൾ തന്നെ ഒന്നിനും കൊള്ളുകയില്ല എന്ന് അത് സ്വയം വിശ്വസിക്കുന്നു.

ഈ സമയങ്ങളിൽ എല്ലാം അത് ദൈവാലയത്തിൽ പോകുന്നുണ്ട്. പരിശുദ്ധ കുർബാനയിൽ സംബന്ധിക്കുന്നുണ്ട്. ധ്യാനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
മറ്റുള്ളവർ ഒത്തിരി അനുഗ്രഹിക്കപ്പെടുന്നതായി അത് കാണുന്നുണ്ട്.

എന്നാൽ വർഷങ്ങളോളം ആത്മാവ് തന്റെ ഹിതപ്രകാരം ഒരുങ്ങി, ലോകത്താൽ പുറം തള്ളപ്പെട്ടു, ഏറ്റവും എളിമപ്പെട്ടു നിലം പറ്റുന്ന നേരമെത്തുമ്പോൾ, അതിന്റെ സർവ പ്രതീക്ഷയും അസ്തമിക്കുമ്പോൾ, അതിനു ചാരെ അപ്രതീക്ഷിതമായി ഈശോ എത്തും.

ദിവ്യകാരുണ്യ ഈശോയുടെ സൗഹൃദം യഥാർത്ഥത്തിൽ നേടണമെങ്കിൽ ഒരു ആത്മാവ് ഈശോയെ ഒരു യഥാർത്ഥ വ്യക്തിയായി കണ്ടു സംസാരിച്ചു തുടങ്ങണം.

ഈശോയെ കുറിച്ചുള്ള കേൾവി നമുക്ക് ചെറുപ്പം മുതലേ ഉണ്ടെങ്കിലും ഈശോയെ വ്യക്തിപരമായി ഒരാത്മാവ് പരിചയപ്പെടുക എന്നത് ഈശോ നിശ്ചയിക്കുന്ന സമയത്താണ് നടക്കുന്നത്.

ഓരോ ആത്മാവിലും ഓരോ രീതിയിൽ ആണ് ഈശോ ഇടപെടുന്നത്.

ചില മനുഷ്യരുടെ ജീവിതത്തിൽ ഒരു പ്രത്യേക ഘട്ടമെത്തുമ്പോൾ ലോകത്തിന്റെ ശബ്ദങ്ങൾ നിശബ്ദമാകും.

ദൈവത്തിന്റെ ഇടപെടലുകൾ ഒന്നും പ്രത്യക്ഷത്തിൽ കാണാത്തതു കൊണ്ടും ഹൃദയത്തിൽ അനുഭവപ്പെടാത്തത് കൊണ്ടും ആത്മാവ് മൂകവും ദുഃഖഭരിതവും ആകും.

ഹൃദയത്തിൽ നിറയെ സംഭരിച്ചിരുന്ന മാനുഷിക പ്രതീക്ഷകളും സ്വപ്നങ്ങളും വിശ്വാസങ്ങളും ഒന്നൊന്നായി കൊഴിഞ്ഞു ഹൃദയം ശൂന്യമായി കഴിയുമ്പോൾ ഹൃദയഭിത്തികളിൽ പണ്ടെങ്ങോ ഏറ്റ മുറിപ്പാടുകളുടെ ഇനിയും തീർത്തും ഉണങ്ങാത്ത വടുക്കൾ കാണാം.

ശൂന്യവും മൂകവുമായ ഹൃദയത്തിൽ ഈശോയുടെ ഹിതമനുസരിച്ചുള്ള ഏതോ നിമിഷത്തിൽ ആദ്യം സ്നേഹത്തോടെ കയറി വരുന്നത് ദൈവവചനമാണ്.

“അവളോടു ഞാന്‍ ഹൃദ്യമായി സംസാരിക്കും.”
(ഹോസിയാ 2 : 14)

പഴയതു പോലെ ലോകത്തിന്റെ ആരവങ്ങൾ ഹൃദയത്തിൽ ഇല്ലാത്തതിനാലും ഹൃദയം ശൂന്യമായതിനാലും ദൈവവചനം സംസാരിക്കുമ്പോൾ അത് ആത്മാവ് ശ്രവിക്കുകയും ആഴത്തിൽ അതിനു ഈശോ സംസാരിക്കുന്നത് മനസിലായി തുടങ്ങുകയും കേൾക്കുന്ന വചനം ഹൃദയത്തിൽ സംഭരിക്കുകയും ചെയ്യുന്നു.

“ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്‌; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്‌മാവിലും സന്‌ധിബന്‌ധങ്ങളിലും മജ്‌ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്‌.”
(ഹെബ്രായര്‍ 4 : 12)

ഹൃദയത്തിൽ സ്വീകരിക്കപ്പെടുന്ന ദൈവവചനം ആത്മാവിന്റെ ക്ഷീണം അകറ്റുകയും അതിനു നവമായ ഒരു വ്യക്തിത്വം, ഒരു ശിശുമനോഭാവം നൽകുകയും അതിനെ സൗഖ്യമാക്കുകയും ചെയ്യുന്നു.

“അവിടുത്തെ അധരങ്ങളില്‍ നിന്ന്‌ ഉപദേശം സ്വീകരിക്കുക;
അവിടുത്തെ വാക്കുകള്‍ നിന്റെ ഹൃദയത്തില്‍ സൂക്ഷിക്കുക.
സര്‍വശക്തന്റെ സന്നിധിയിലേക്കു
തിരിച്ചു വരുകയും
നിന്നെത്തന്നെ എളിമപ്പെടുത്തുകയും ചെയ്യുമെങ്കില്‍,
നിന്റെ കൂടാരത്തില്‍നിന്ന്‌ അനീതിയെ നീ അകറ്റിക്കളയുമെങ്കില്‍,
സ്വര്‍ണത്തെ പൊടിയിലും ഓഫീര്‍പ്പൊന്നിനെ നദീതടത്തിലെ കല്ലുകള്‍ക്കിടയിലും എറിയുമെങ്കില്‍,
സര്‍വശക്തന്‍ നിനക്ക്‌ സ്വര്‍ണവും വിലപിടിച്ച വെള്ളിയും ആകുമെങ്കില്‍,
നീ സര്‍വശക്തനില്‍ ആനന്ദിക്കുകയും ദൈവത്തിന്റെ നേരേ മുഖമുയര്‍ത്തുകയും ചെയ്യും.
നീ അവിടുത്തോടു പ്രാര്‍ത്ഥിക്കുകയും അവിടുന്ന്‌ ശ്രവിക്കുകയും ചെയ്യും;
നിന്റെ നേര്‍ച്ചകള്‍ നീ നിറവേറ്റും.
നീ തീരുമാനിക്കുന്ന കാര്യം നിനക്കു സാധിച്ചു കിട്ടും;
നിന്റെ പാതകള്‍ പ്രകാശിതമാകും.
എന്തെന്നാല്‍, ദൈവം അഹങ്കാരിയെ താഴ്‌ത്തുകയും
എളിയവനെ രക്ഷിക്കുകയും ചെയ്യും.
(ജോബ്‌ 22 : 22-29)

എല്ലാ മനുഷ്യർക്കും ഈശോയെ വ്യക്തിപരമായി അറിയാനുള്ള അവസരം ജീവിതത്തിൽ പല തവണ ലഭിക്കുന്നുണ്ട്.

എന്നാൽ ജീവിതവ്യഗ്രതകളുടെ ഇടയിൽ അത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

ചിലർക്ക് ജീവിതത്തിന്റെ ഒരു ഘട്ടമെത്തുമ്പോൾ ഞാൻ എവിടെയുമെത്തിയില്ലല്ലോ എന്നുള്ള വലിയ നിരാശ ഹൃദയത്തിൽ അനുഭവപ്പെട്ടു തുടങ്ങുന്നു. ആരെ വിഴുങ്ങണം എന്നറിയാതെ ലോകത്തിൽ ആത്മാക്കളെ തേടി ആർത്തിയോടെ നടക്കുന്ന പിശാച് ഈ വിപരീത ചിന്തകൾക്ക് ആഴം കൂട്ടുന്നു.

“ദൈവത്തിന്റെ ശക്തമായ കരത്തിന്‍ കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്‌.
നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.
നിങ്ങളുടെ ശത്രുവായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന്‌ അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.
വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട്‌ അവനെ എതിര്‍ക്കുവിന്‍. ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരരില്‍ നിന്ന്‌ ഇതേ സഹനം തന്നെ ആവശ്യപ്പെട്ടിരിക്കുന്നെന്ന്‌ അറിയുകയും ചെയ്യുവിന്‍;
തന്റെ നിത്യമഹത്വത്തിലേക്കു ക്രിസ്‌തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്‍പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്‌ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും.
ആധിപത്യം എന്നും എന്നേക്കും അവന്റേ തായിരിക്കട്ടെ! ആമേന്‍.
(1 പത്രോസ് 5 : 6-11)

ദൈവഹിതപ്രകാരമുള്ള സഹനത്തിലൂടെ കടന്നു പോകുന്ന മാമോദീസ സ്വീകരിച്ചു ദൈവമക്കളുടെ എല്ലാ അവകാശത്തിനും അർഹരായ ഓരോ മനുഷ്യമക്കളോടും ദൈവത്തിന്റെ പരിശുദ്ധാത്മാവു ചോദിക്കുന്നു.

“ആത്‌മാവില്‍ ആരംഭിച്ചിട്ട്‌ ഇപ്പോള്‍ ശരീരത്തില്‍ അവസാനിപ്പിക്കുവാന്‍മാത്രം ഭോഷന്‍മാരാണോ നിങ്ങള്‍?”
(ഗലാത്തിയാ 3 : 3)

കാരണം ഏറ്റവുമധികം നിരാശ പിശാച് നമ്മിൽ കുത്തി നിറയ്ക്കാൻ നോക്കുന്നത് നാം പ്രത്യേകമായി അനുഗ്രഹിക്കപ്പെടാൻ പോകുന്ന ഒരു ഘട്ടമെത്തുന്നതിനു തൊട്ടു മുൻപാണ്.

വിപരീത ചിന്തകൾ വരുമ്പോൾ ഈശോയുമായി വ്യക്തിപരമായി ആഴത്തിൽ ഒരു ബന്ധത്തിൽ ഒരു ആത്മാവ് ആയിട്ടില്ല എങ്കിലും ഇങ്ങനെ പറയണം.

ഈശോയെ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.എന്റെ രക്ഷകനായ അങ്ങയുടെ നാമത്തിൽ ഞാൻ ആശ്രയിക്കുന്നു. എന്നെ അലട്ടുന്ന എന്റെ ആകുലചിന്തകളും ഞാൻ നേരിടുന്ന എന്റെ ജീവിതപ്രശ്നങ്ങളും അങ്ങയിൽ ഞാൻ സമർപ്പിക്കുന്നു. അങ്ങത് നോക്കേണമെ. ആമേൻ

ആത്മാവ് ഈശോയുമായി വ്യക്തിപരമായ ഒരു ബന്ധത്തിലും പരിചയത്തിലും ആകാനുള്ള ഒരു സമയം ആയില്ലെങ്കിൽ പോലും ഓരോ നിമിഷവും കണ്ണിലെ കൃഷ്ണ മണി പോലെ ഈശോ ഓരോ മനുഷ്യരെയും കാക്കുന്നുണ്ട്. ഒരു തലമുടിയിഴ പോലും അവിടുന്നറിയാതെ കൊഴിയുന്നില്ല.

ഈശോയുടെ തിരുരക്തത്തിന്റെ വിലയുള്ള ഓരോ മനുഷ്യരെയും വേട്ടയാടാൻ രക്‌തദാഹിയായ ചെന്നായെ പോലെ പിശാച് ചുറ്റി നടന്നാലും ഒരു മനുഷ്യൻ അവന്റെ തകർച്ചയുടെയും തളർച്ചയുടെയും ഒറ്റപ്പെടലിന്റെയും ഒന്നുമില്ലായ്മയുടെയും നിമിഷങ്ങളിൽ ഈശോയിൽ ആശ്രയിച്ചാൽ, ഈശോയുടെ നാമം വിളിച്ചപേക്ഷിച്ചാൽ ആ നിമിഷം മുതൽ ജീവിതം മാറി തുടങ്ങും.

അന്നുവരെയുണ്ടായിരുന്ന സാധാരണ മനുഷ്യ ജീവിതം മാറി ദൈവമക്കളുടെ അവകാശത്തോടെയുള്ള ജീവിതത്തിലേക്ക് upgrade ചെയ്യപ്പെടും.

ഈശോയോട് വേറൊരു മനുഷ്യനോട് എന്നത് പോലെ അറിയാവുന്നത് പോലെ സംസാരിച്ചു തുടങ്ങുക, ഈശോയോട് ഒരു വ്യക്തി എന്നത് പോലെ ഇടപെട്ടു തുടങ്ങുക. ദൈവത്തോടുള്ള ഓരോ പ്രാർത്ഥനയും / സംസാരവും നമുക്ക് സമീപസ്ഥനായ അവിടുന്ന് കേൾക്കുന്നുണ്ട്. നമ്മുടെ കുഞ്ഞു കാര്യങ്ങളും അവിടുന്ന് ശ്രദ്ധയോടെ ചെയ്തു തരുന്നുണ്ട്.

“അതിനാല്‍ എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ടാ.
വിജാതീയരാണ്‌ ഇവയെല്ലാം അന്വേഷിക്കുന്നത്‌. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗീയ പിതാവ്‌ അറിയുന്നു.
നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.
അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്‌. നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച്‌ ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതാതിന്റെ ക്‌ളേശം മതി.”
(മത്തായി 6 : 31-34)

ഈശോയോട് സംസാരിച്ചു തുടങ്ങുക എന്നാൽ പരിശുദ്ധ ത്രിത്വത്തോട് ഇടപെട്ടു തുടങ്ങുക, അവരുടെ സ്നേഹത്തിലേയ്ക്ക് പ്രവേശിക്കുക എന്നതാണ് അർത്ഥമെന്ന് എനിക്ക് ഇടയ്ക്ക് തോന്നാറുണ്ട്.

ഹൃദയം തകർന്ന്‌ നിൽക്കുന്ന ഒരു നേരത്തിൽ ദിവ്യകാരുണ്യ ഈശോയോട് സംസാരിച്ചു തുടങ്ങുമ്പോൾ ഉടനെതന്നെ ഈശോ നമ്മോട് തിരിച്ചു സംസാരിക്കുകയോ അതീന്ദ്രിയ അനുഭവങ്ങൾ ഉണ്ടാവുകയോ ചെയ്യണമെന്നില്ല.

പകരം ഈശോയോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്ന, തനിക്ക് ഈ ജീവിതത്തിൽ ഈശോ മാത്രമേ ഉള്ളൂ എന്ന് ഹൃദയത്തിൽ മനസിലാകുന്ന ചെറിയ ആത്മാക്കൾക്ക് ഈശോയുമായുള്ള സ്നേഹത്തിൽ വളരാനും ദൈവസ്നേഹം അതിലേക്ക് അതിനു താങ്ങാൻ പറ്റുന്നിടത്തോളം അളവിൽ നിരന്തരം ഒഴുക്കപ്പെടുവാനും പല തരത്തിലുള്ള കൃപകൾ നല്കപ്പെടുന്നു.

അതിലൊന്നാണ് അദ്ധ്യാത്മിക ശിശുത്വം.

ഈശോ എന്റെ രക്ഷകനാണ് അവിടുന്ന് എന്നെ ശരിക്കും സ്നേഹിക്കുന്നു എന്നല്ലാതെ ദൈവ ശാസ്ത്ര പരമായ അറിവുകളോ പഠനമോ ഇല്ലാത്ത ഒരു പാവപ്പെട്ട ആത്മാവിനെ ഞൊടിയിടയിൽ ദൈവത്തിനോടുള്ള സ്നേഹത്തിൽ സമ്പന്നയാക്കുന്ന കൃപയാണ് അദ്ധ്യാത്മിക ശിശുത്വം.

ഇത് നമുക്ക് ദാനമായി നൽകപ്പെട്ടിരിക്കുന്ന വിശ്വാസം എന്ന കൃപയെ activate ചെയ്യുന്നു. ഈശോ പറയുന്നതൊക്കെയും കണ്ണും പൂട്ടി വിശ്വസിക്കാനും ദൈവവചനം പറയുന്നതൊക്കെയും വിശ്വാസത്തിന്റെ കണ്ണാലെ കാണാനുമുള്ള കൃപ ലഭിക്കുന്നു.

ശിശുസഹജമായ രീതിയിൽ ദൈവവചനം പറയുന്നത് മനസ്സിലാക്കാനുള്ള കൃപ ലഭിക്കുന്നു

കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും.
1 യോഹന്നാന്‍ 3 : 1

ഈ വചനം കാണുമ്പോൾ ദൈവപിതാവിന്റെ മകൾ എന്നുള്ള യഥാർത്ഥ അനുഭവം ഹൃദയത്തിൽ ഉണ്ടാകുന്നു. ചുറ്റും കാണുന്നതൊക്കെയും പിതാവിന്റെ സൃഷ്ടി ആകയാൽ സർവതും സ്വന്തമെന്നുള്ള അനുഭവം ഹൃദയത്തിലുണ്ടാകുന്നു.

ജീവിച്ച വർഷങ്ങൾ അത്രയും അനുഭവപ്പെടാത്ത ദൈവസ്നേഹത്താൽ ഒരു നിമിഷം കൊണ്ട് ഹൃദയം നിറയുന്നു.

ഹൃദയം ദൈവസ്നേഹത്താൽ നിറഞ്ഞ ഒരു വ്യക്തി ആണ് ലോകത്തിൽ ഏറ്റവും സമ്പന്ന. കാരണം അതിൽ കൂടുതൽ ഒരു വ്യക്തിയെ വേറൊരു സമ്പത്താൽ നിറയ്ക്കുക സാധ്യമല്ല. കാരണം…

” കാരണം, ദൈവം സ്‌നേഹമാണ്‌.”
(1 യോഹന്നാന്‍ 4 : 8)

അത്രയും നാളുകൾ മാനുഷിക സ്നേഹത്തിനും മാനുഷിക അംഗീകാരത്തിനുമായി കൊതിച്ചിരുന്ന മനുഷ്യ പ്രകൃതി അതിന്റെ യഥാർത്ഥ അസ്തിത്വത്തിലേയ്ക്കും സത്തയിലേയ്ക്കും ഉയരുന്നത് ദൈവസ്നേഹത്താൽ നിറയുമ്പോൾ ആണ്.

പെട്ടെന്ന് തീർന്നു പോകുന്ന മനുഷ്യ സ്നേഹത്താൽ ഹൃദയം നിറയ്ക്കാൻ ശ്രമിച്ചിരുന്ന മനുഷ്യന്റെ ഹൃദയത്തിൽ ദൈവസ്നേഹം നിറഞ്ഞാൽ അത് ഒരിക്കലും തീർന്നു പോകുകയില്ല. നിറഞ്ഞു കവിഞ്ഞൊഴുകിക്കൊണ്ടിരിക്കും.

നമ്മിൽ നിറയുന്ന ദൈവസ്നേഹം നമ്മുടെ മാനുഷിക സ്നേഹത്തെ പൂർണമാക്കുകയും വേറൊരു മനുഷ്യസ്നേഹവും ഹൃദയത്തിൽ സ്വാധീനം ഇനിമേൽ ചെലുത്തുകയില്ല എന്ന രീതിയിൽ ഈശോയ്ക്കായി രൂപാന്തരപ്പെടുകയും ചെയ്യും.

ഈശോ ഹൃദയത്തിന്റെ നാഥനായി വരുമ്പോൾ ഈശോയ്ക്കുള്ളതൊക്കെയും ആത്മാവിന്റെ സ്വന്തമാകും.

അങ്ങനെ വിരക്തമായ ഒരു ഹൃദയത്തിൽ ഈശോ വരുന്ന സമയത്ത് പരിശുദ്ധ ത്രിത്വവും ഒരുമിച്ചാണ് വരുന്നത്. ദൈവത്തെ സ്നേഹിക്കാൻ ആഗ്രഹിക്കുന്ന ഒരു ചെറിയ ആത്മാവിൽ സ്നേഹൈക്യത്തോടെ പിതാവായ ദൈവവും പുത്രനായ ദൈവവും പരിശുദ്ധാത്മാവായ ദൈവവും ഒരുമിച്ചു വാഴും. പിതാവായ ദൈവത്തിന്റെ സ്നേഹവും ഈശോയുടെ സ്നേഹവും പരിശുദ്ധാരൂപിയുടെ സ്നേഹവും തമ്മിൽ വേർതിരിവു തോന്നില്ല. ഈ സ്നേഹത്തിന്റെ അവസ്ഥയിൽ ആത്മാവിൽ ദൈവപിതാവിന്റെ സ്നേഹം അനുഭവപ്പെടാനും ഈശോ നൽകിയ നിത്യരക്ഷയെ കുറിച്ചുള്ള നന്ദിയാൽ നിറയാനും അതോടൊപ്പം ആത്മാവിനെ പരിശുദ്ധാത്മാവ് സദയം സഹായിക്കാനും നയിക്കാനും തുടങ്ങും.

പരിശുദ്ധ അമ്മയും യൗസേപ്പിതാവും മാലാഖാമാരും വിശുദ്ധരും ഈ ചെറിയ ആത്മാവിനെ ചിരപരിചിതർ എന്നത് പോലെ സഹായിക്കും. ആത്മാവിന് അവരോടു ആ പരിചിതതത്വം തോന്നുകയും ചെയ്യും.

പിന്നീടുള്ള ജീവിതത്തിൽ ആത്മാവിന് പാപമില്ല എന്നല്ല, കുറവില്ല എന്നല്ല, അതൊക്കെയുണ്ട്, ജീവിതത്തിന്റെ അവസാന നിമിഷം വരെ ജാഗ്രതയോടെ അനുതപിക്കുകയും കുമ്പസാരിക്കുകയും പ്രസാദവരത്തിന്റെ അവസ്ഥയിൽ ആയിരിക്കാൻ പരിശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്.

ജീവിതം മാറുന്നില്ല, തകർച്ചയൊ തളർച്ചയോ രോഗമോ ഉടനടി എടുത്തു മാറ്റപ്പെടുന്നില്ല. സഹനങ്ങൾ ദൈവഹിതമനുസരിച്ചുള്ള സമയത്തിൽ അല്ലാതെ മാറിപ്പോകുന്നില്ല. മരണകരമായ സാഹചര്യത്തിലൂടെ നിശ്ചിത സമയത്തേയ്ക്ക് കടന്നു പോകേണ്ടി വന്നു എന്നും വന്നേക്കാം.

എന്നാൽ ആത്മാവിന് ഭയം ഇല്ല. അഥവാ മനസ് ദുർബലമായാലും ചാരാൻ പരിശുദ്ധ ത്രിത്വമുണ്ട്.

“സ്‌നേഹത്തില്‍ ഭയത്തിന്‌ ഇടമില്ല; പൂര്‍ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്‌ഷയെക്കുറിച്ചാണ്‌. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണനായിട്ടില്ല.”
(1 യോഹന്നാന്‍ 4 : 18)

ഓരോ ചെറിയ കാര്യത്തിനും കുഞ്ഞു അമ്മയെ ആശ്രയിക്കുന്നത് പോലെയുള്ള പരിശുദ്ധ ത്രിത്വത്തിലുള്ള ആശ്രയ മനോഭാവത്തിലേയ്ക്ക് ആത്മാവ് മാറുന്നു

ഈശോ ഒരു നിമിഷം തന്റെ സ്നേഹകരം പിൻവലിച്ചാൽ താൻ തകർന്ന്‌ പോകും എന്നതിനറിയാം. അതോടൊപ്പം നിത്യതയോളം നമ്മെ താങ്ങുന്ന ഈശോയുടെ കരം പിൻവലിക്കപ്പെടുകയില്ല എന്നും ഹൃദയത്തിന് അറിയാം.

ഈശോ എന്ന് വിളിച്ചാലും പരിശുദ്ധ ത്രിത്വത്തിലെ മൂവരും ഒരുമിച്ചാണ് ആത്മാവിനെ സ്നേഹത്തോടെ നോക്കുന്നത്. ഹൃദയത്തിൽ തോന്നുന്നത് പോലെയും അധരത്തിൽ വരുന്നത് പോലെയും പിതാവായ ദൈവമേ എന്ന് വിളിച്ചാലും ഈശോയെ എന്ന് വിളിച്ചാലും പരിശുദ്ധാത്മാവെ എന്ന് വിളിച്ചാലും അവർക്ക് പിണക്കമില്ല, ഏകദൈവമെന്ന സ്നേഹസമ്പൂർണതയിൽ ആത്മാവിനെ വാത്സല്യത്തോടെ അവിടുന്ന് സ്നേഹിക്കുന്നു.

പതിയെ പതിയെ ആത്മാവിനെ ദിവ്യകാരുണ്യത്തിന്റെ അവർണനീയ സ്നേഹത്തിന്റെ ഒന്നാകലിലേയ്ക്ക് പരിശുദ്ധ ത്രിത്വം സാവധാനം നയിക്കുന്നു.

ഓരോ മനുഷ്യനും തങ്ങളുടെ ജീവിതത്തിലെ ഒരു ഘട്ടത്തിൽ ദിവ്യകാരുണ്യ സ്നേഹാനുഭവത്തിൽ എത്തിച്ചേരേണ്ടതാണ്. അതിനായുള്ള സ്വർഗീയ ക്ഷണം അനുദിനം കാതുകളിൽ മുഴങ്ങുന്നുണ്ട്. ഹൃദയഭിത്തികളിൽ തട്ടി പ്രതിധ്വനിക്കുന്നുണ്ട്. മുഴങ്ങുന്ന പള്ളിമണികൾ അതിനായി നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

സ്വർഗീയ ജീവിതത്തിന്റെ മുന്നാസ്വാദനമാണ് ദിവ്യകാരുണ്യ ജീവിതം.

പരിശുദ്ധ കുർബാനയിൽ ഒരുക്കത്തോടെ പങ്കെടുത്തു ഈശോയെ സ്നേഹത്തോടെ ജീവിതത്തിലേയ്ക്കും ഹൃദയത്തിലേയ്ക്കും സ്വീകരിക്കുന്ന ഒരു വ്യക്തിയെ തന്റെ രാജ്യത്തിലേയ്ക്കും അവിടുന്ന് സ്നേഹത്തോടെ സ്വീകരിക്കും.

ദിവ്യകാരുണ്യം ദഹിപ്പിക്കുന്ന അഗ്നിയാണ്. ആത്മാവിന്റെ ചെറുകുറവുകൾ ഒക്കെയും ദിവ്യകാരുണ്യത്തിന്റെ സാന്നിധ്യത്തിൽ ഇല്ലാതെയാകുന്നു. ഒരുങ്ങിയ ഒരു ആത്മാവിൽ ദിവ്യകാരുണ്യം ഒന്നായി ചേരുമ്പോൾ പരിശുദ്ധ ത്രിത്വം അതിൽ മഹത്വപ്പെടുന്നു.

ഓരോ പരിശുദ്ധ കുർബാനയിലും പങ്കെടുക്കുമ്പോൾ അൾത്താരയിൽ പരിശുദ്ധ ത്രിത്വത്തിന്റെ മഹനീയ സാന്നിധ്യമുണ്ട്.

“സ്‌പര്‍ശിക്കാവുന്ന വസ്‌തുവിനെയോ എരിയുന്ന അഗ്‌നിയെയോ അന്ധകാരത്തെയോ കാര്‍മേഘത്തെയോ ചുഴലിക്കാറ്റിനെയോ
കാഹളധ്വനിയെയോ ഇനി അരുതേ എന്ന്‌ കേട്ടവരെക്കൊണ്ടു പറയിക്കുന്ന വാക്കുകളുടെ മുഴക്കത്തെയോ അല്ല നിങ്ങള്‍ സമീപിക്കുന്നത്‌.
മലയെ സമീപിക്കുന്നത്‌ ഒരു മൃഗമാണെങ്കില്‍പ്പോലും അതിനെ കല്ലെറിയണം എന്ന കല്‍പന അവര്‍ക്കു ദുസ്‌സഹമായിരുന്നു.
ഞാന്‍ ഭയംകൊണ്ടു വിറയ്‌ക്കുന്നു എന്നു മോശ പറയത്തക്കവിധം അത്ര ഭയങ്കരമായിരുന്നു ആ കാഴ്‌ച.
സീയോന്‍മലയിലേക്കും ജീവിക്കുന്ന ദൈവത്തിന്റെ നഗരമായ സ്വര്‍ഗീയ ജറുസലെമിലേക്കും അസംഖ്യം ദൂതന്‍മാരുടെ സമൂഹത്തിലേക്കുമാണു നിങ്ങള്‍ വന്നിരിക്കുന്നത്‌.
സ്വര്‍ഗത്തില്‍ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപന്റെ മുന്‍പിലേക്കും പരിപൂര്‍ണരാക്കപ്പെട്ട നീതിമാന്‍മാരുടെ ആത്മാക്കളുടെ അടുത്തേക്കും
പുതിയ ഉടമ്പടിയുടെ മധ്യസ്‌ഥനായ യേശുവിന്റെ സവിധത്തിലേക്കും ആബേലിന്റെ രക്‌തത്തെക്കാള്‍ ശ്രേഷ്‌ഠമായവ വാഗ്‌ദാനം ചെയ്യുന്ന തളിക്കപ്പെട്ട രക്‌തത്തിലേക്കുമാണ്‌ നിങ്ങള്‍ വന്നിരിക്കുന്നത്‌.”
(ഹെബ്രായര്‍ 12 : 18-24)

ഓരോ പരിശുദ്ധ കുർബാനയുടെ സമയത്തും അത് നടക്കുന്ന ദൈവാലയം ദൈവികമായ മഹിമയാൽ നിറയുന്നു. ദൈവിക സാന്നിധ്യത്താൽ വിറകൊള്ളുന്നു. ദൈവികസ്നേഹത്താൽ പൂരിതമാകുന്നു.

പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന സാധാരണ മനുഷ്യർ ഒരു നിമിഷം ആത്മാവിന്റെ കണ്ണുകൾ ഉയർത്തി വിശ്വാസത്തോടെ ഒന്ന് നോക്കിയിരുന്നെങ്കിൽ എത്രയോ അലൗകികമായ ദൈവസ്നേഹത്താൽ അവർ ഓരോരുത്തരും നിറഞ്ഞേനെ. ഓരോ ദൈവാലയങ്ങളും അതിന്റെ അങ്കണത്തിൽ നിൽക്കാൻ പോലും ഇടയാകാത്ത വിധത്തിൽ ആളുകളെ കൊണ്ട് നിരന്തരം നിറഞ്ഞേനെ.

കാരണം പരിശുദ്ധ കുർബാന അത്രയും സ്നേഹഭരിതമാണ്. നമ്മുടെ ദൈവപിതാവിന്റെ കാരുണ്യം ചൊരിയപ്പെടുന്ന സമയമാണ് പരിശുദ്ധ കുർബാന. പരിശുദ്ധാത്മാവ് എഴുന്നള്ളി വരുന്ന പരിശുദ്ധമായ സമയമാണത്. അത്യുന്നതനായ ദൈവം മഹത്വപൂർണനായി ഒരുക്കമുള്ള തന്റെ മക്കളിൽ എഴുന്നള്ളി വന്നു അവരിൽ വസിക്കുന്ന സ്നേഹനിമിഷങ്ങൾ ആണത്.

“അവിടുത്തെ ചിന്തയില്‍ വരാന്‍ മാത്രം മര്‍ത്യന്‌ എന്തു മേന്‍മയുണ്ട്‌?
അവിടുത്തെ പരിഗണന ലഭിക്കാന്‍ മനുഷ്യപുത്രന്‌ എന്ത്‌ അര്‍ഹതയാണുള്ളത്‌?”
(സങ്കീര്‍ത്തനങ്ങള്‍ 8 : 4)

ഈശോയുടെ നമ്മോടുള്ള അവർണനീയമായ സ്നേഹമാണ് അവിടുത്തെ സമീപിക്കാനുള്ള നമ്മുടെ അർഹത.

ഓരോ ദിവ്യകാരുണ്യ സ്വീകരണ ശേഷവും ഈശോ നമ്മോടു പറയുന്നു.

“ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും എന്റെ പിതാവ്‌ കൃഷിക്കാരനുമാണ്‌.

എന്റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്‌ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു.

ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു.

നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്‌ക്ക്‌ സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല.

ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്‌. ആര്‌ എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയുകയില്ല.

എന്നില്‍ വസിക്കാത്തവന്‍ മുറിച്ച ശാഖ പോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം കമ്പുകള്‍ ശേഖരിച്ച്‌ തീയിലിട്ടു കത്തിച്ചുകളയുന്നു.

നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്‌ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും.

നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യന്‍മാരായിരിക്കുകയും ചെയ്യുന്നതു വഴി പിതാവ്‌ മഹത്വപ്പെടുന്നു.

പിതാവ്‌ എന്നെ സ്‌നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്‌നേഹിച്ചു. നിങ്ങള്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കുവിന്‍.

ഞാന്‍ എന്റെ പിതാവിന്റെ കല്‍പനകള്‍ പാലിച്ച്‌ അവിടുത്തെ സ്‌നേഹത്തില്‍ നിലനില്‍ക്കുന്നതുപോലെ, നിങ്ങള്‍ എന്റെ കല്‍പനകള്‍ പാലിച്ചാല്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കും.

ഇത്‌ ഞാന്‍ നിങ്ങളോടു പറഞ്ഞത്‌ എന്റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂര്‍ണമാകാനും വേണ്ടിയാണ്‌.

ഇതാണ്‌ എന്റെ കല്‍പന: ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കണം.

സ്‌നേഹിതര്‍ക്കു വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല.

ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നത്‌ നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്റെ സ്‌നേഹിതരാണ്‌.
ഇനി ഞാന്‍ നിങ്ങളെ ദാസന്‍മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന്‌ ദാസന്‍ അറിയുന്നില്ല.

എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു.

നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്‌തത്‌.

നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു.

തന്‍മൂലം, നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും.

ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നു: പരസ്‌പരം സ്‌നേഹിക്കുവിന്‍.”

(യോഹന്നാന്‍ 15 : 1-17)

ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment