ദിവ്യകാരുണ്യം: മാനവരാശിയുടെ നിത്യനായ അഭിഭാഷകൻ

ഏറ്റവും പരിശുദ്ധനും സ്നേഹയോഗ്യനുമായ ദിവ്യകാരുണ്യ ഈശോയെ ഒരു സാധാരണ വ്യക്തി ദൈവകൃപയാൽ സ്നേഹിച്ചു തുടങ്ങുമ്പോൾ ആ വ്യക്തിയിൽ പരിശുദ്ധാത്മാവ് ആമോദത്തോടെ വസിച്ചു തുടങ്ങുന്നു.

പിതാവായ ദൈവം ആ വ്യക്തിയെ വാത്സല്യത്തോടെ നോക്കുന്നു.

ഈ കാലഘട്ടത്തിൽ നമ്മൾ പ്രാർത്ഥന പരിഹാരം പ്രായശ്ചിത്തം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് കേൾക്കുന്നു.

ഓരോരുത്തരും അവരവരുടെ രീതി അനുസരിച്ചു ധാരാളം പ്രാർത്ഥിക്കുന്നു. നല്ലതാണ്.

ആളുകൾ പല വിധത്തിലുള്ള പരിഹാരങ്ങൾ ക്ഷമയോടും അനുതാപത്തോടും കൂടി ശ്രദ്ധയോടെ അനുഷ്ഠിക്കുന്നു. നല്ലതാണ്.

വേറേ ചിലരിൽ പ്രായശ്ചിത്തത്തിന്റെ ദൈവകൃപ പരിശുദ്ധാരൂപി നൽകുന്നതിനാൽ അവർ തങ്ങൾക്കും മറ്റുള്ളവർക്കും വേണ്ടി പ്രായശ്ചിത്ത കൃത്യങ്ങൾ അനുഷ്‌ഠിക്കുന്നു. അതും നല്ലതാണ്.

സക്രാരിയിൽ കാത്തിരിക്കുന്ന ദിവ്യകാരുണ്യഈശോയെ കുറിച്ച് ഓർത്തപ്പോൾ ഞാൻ വേറൊരു കാര്യം ഓർത്തു.

എന്താണ് പ്രാർത്ഥന?

ദൈവവുമായുള്ള സംഭാഷണം.

ഈശോ ആരാണ്?

ബലവാനായ ദൈവം

ദിവ്യകാരുണ്യ ഈശോയുടെ മുൻപിൽ ഓരോ വ്യക്തിയും നേരിട്ട് ചെന്നു അവിടുത്തോട് സംസാരിക്കുമ്പോൾ സ്വർഗ്ഗസിംഹാസനത്തിൽ സർവമഹിമയോടും കൂടെ ഉപവിഷ്‌ടനായിരിക്കുന്ന പരിശുദ്ധ ത്രിത്വത്തിന് മുൻപിൽ നിന്നു സംസാരിക്കുന്നത് പോലെ തന്നെയല്ലേ!

ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ദൈവാലയത്തിൽ കയറി ദിവ്യകാരുണ്യ ഈശോയുടെ ചാരെ കുറച്ചു നേരം ചെലവഴിക്കുന്ന വ്യക്തി ഇരിക്കുന്നത് സ്വർഗീയ സദസ്സിൽ അല്ലേ!

ഒരുവന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വിലപ്പെട്ടതുമായ നിമിഷങ്ങൾ അല്ലേ അത്!

നമ്മുടെ ജീവിതത്തിൽ എത്രയോ തവണ അഡ്മിഷൻ സംബന്ധമായും ജോലി സംബന്ധമായും ഇന്റർവ്യൂകൾ അറ്റൻഡ് ചെയ്യാനായി പോയിരിക്കുന്നു.

നന്നായി വേഷം ധരിച്ചു, കൃത്യ സമയത്തിന് മുൻപേ ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തെത്തി, നമ്മുടെ ഏറ്റവും നല്ല സ്വഭാവം പുറത്തെടുത്തു, ഏറ്റവും മനോഹരമായ പുഞ്ചിരി മുഖത്തണിഞ്ഞ്, മൊബൈൽ ഒക്കെ ഓഫ്‌ ആക്കി, പറയാനുള്ള കാര്യങ്ങൾ ഒന്ന് കൂടി മനസ്സിൽ പറഞ്ഞു നോക്കി ഇന്റർവ്യൂ വിനു തയ്യാറായി മുറിക്ക് പുറത്തു നമ്മുടെ പേര് വിളിക്കാനായി കാത്തിരിക്കുമ്പോൾ ഇന്റർവ്യൂ നടത്തുന്ന ആൾ എങ്ങനെ ഉള്ള ആളായിരിക്കും എന്ന് ഒരു നിമിഷം മനസിൽ ചിന്തിക്കും.

എന്നാൽ നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അഡ്മിഷൻ കിട്ടേണ്ടത് എവിടെയാണ്?

നമ്മുടെ ഏതാനും വർഷങ്ങൾ മാത്രമുള്ള ഭൗമിക ജീവിതത്തിലെ നാളുകൾ കഴിഞ്ഞു നിത്യതയിൽ ഉള്ളത് രണ്ട് ഓപ്ഷൻ ആണ്.

നിത്യ ജീവനും നിത്യമരണവും.

നമ്മൾ എന്നും ദൈവാലയത്തിൽ പരിശുദ്ധ കുർബാനയിൽ കണ്ടുമുട്ടുന്ന നമ്മുടെ ഈശോ 2000 വർഷങ്ങൾക്ക് മുൻപ് സ്വപിതാവിന്റെ ഹിതപ്രകാരം സ്വർഗ്ഗത്തിന്റെ സൗന്ദര്യവും സ്നേഹവും ആനന്ദവും എനിക്കായി/ ഓരോ മനുഷ്യനുമായി വിട്ടിറങ്ങി നമ്മുടെ പാപവും ശാപവും രോഗവും മരണവും എല്ലാം സ്വശരീരത്തിൽ ഏറ്റു വാങ്ങി അതിനെല്ലാം പരിഹാരമായി ഒരു മനുഷ്യനും ഊഹിക്കാൻ പോലും പറ്റാത്ത ദാരുണമായ പീഡകൾ അനുഭവിച്ചു ക്രൂശിൽ മരിച്ചുയർത്തു നമ്മിൽ വസിക്കാൻ ദിവ്യകാരുണ്യം സ്ഥാപിച്ചു നമുക്കായി സൗജന്യമായി നേടിത്തന്നത് എന്നേക്കുമുള്ള നിത്യ ജീവൻ ആണ്.

പണ്ട് തൊട്ടേ ഉള്ള മനസ്സിൽ ഒരു ബോധ്യമാണ് ഗത്സമേൻ മുതൽ കാൽവരി വരെ നമ്മുടെ പാപപ്പരിഹാരമായി ഈശോ അനുഭവിച്ച രഹസ്യവും പരസ്യവുമായ പീഡകൾ ഒരു പാപി നിത്യ നരകത്തിൽ അനുഭവിക്കുന്നതിന് സമം ആയിരുന്നു എന്നുള്ളത്.

പാപികളായ മനുഷ്യർക്ക് പകരക്കാരനായി നിന്ന ഈശോയെ ഒരു നിമിഷം പോലും കളയാതെ പരമാവധി പീഡിപ്പിക്കാൻ തന്റെ ആൾക്കാരായ പിശാചുക്കളെ പോലുള്ള മനുഷ്യരിലൂടെ ആർത്തിയോടെയും ഉത്സാഹത്തോടെയും പിശാച് ആരംഭിച്ചു, മനുഷ്യരോടുള്ള തന്റെ വെറുപ്പും പകയും തനിക്ക് അനുവദിക്കപ്പെട്ട നിശ്ചിത സമയത്തിനുള്ളിൽ മനുഷ്യപുത്രനിൽ അവൻ തീർത്തു. മനുഷ്യരുടെ പാപത്തിന് പൂർണ പരിഹാരം ചെയ്യാൻ, അവരെ സർവപാപത്തിൽ നിന്നും എന്നേക്കുമായി ശുദ്ധീകരിക്കാൻ ദൈവത്തിന്റെ നീതിയുടെ കഠിനപ്രഹരത്തിനും ഈശോ വിധേയനായി.

എന്ത്‌ മാത്രം കഠിന സഹനങ്ങൾ!!!

ആന്തരികവും ബാഹ്യവുമായ ഓരോ പീഡകളും മനുഷ്യന് പകരമായി ഈശോ പരാതിയില്ലാതെ സഹിച്ചുതീർത്തു. ഈശോ ഓരോ മനുഷ്യന്റെയും പാപത്തിന് പരിഹാരമായി സഹിച്ചു തീർത്തത് സമാനതകൾ ഇല്ലാത്ത സഹനങ്ങൾ ആയിരുന്നു. അവ പൂർണമായും വിവരിക്കുക എന്നത് അസാധ്യമാണ്.

ഈശോയുടെ പീഡാസഹനങ്ങളെ നാം ഓരോരുത്തരും ഇടയ്ക്കെങ്കിലും ധ്യാനിക്കണം, കാരണം അവ നാം നിത്യമായി സഹിക്കേണ്ടിയിരുന്ന മാനസികവും ആത്മീയവും ശാരീരികവുമായ സഹനങ്ങളാണ് എന്ന തിരിച്ചറിവ് ഓരോ മനുഷ്യനും ഒരു ഞെട്ടലോടെ ഉണ്ടാകുമ്പോൾ മാത്രമേ പാപിയായ മനുഷ്യനെ പാപത്തിൽ നിന്നും പൂർണമായി മോചിപ്പിക്കുവാൻ പാപരഹിതനായ ഈശോയ്ക്ക് മാത്രം കഴിയുമായിരുന്ന പീഡാസഹനങ്ങളുടെ അവർണനീയമായ വില, നമ്മോടുള്ള ഈശോയുടെ സ്നേഹത്തിന്റെ ആഴം, ഒരു പാപിയെ പാപത്തിന്റെ അടിമയായി മരണമുള്ളവനായി സ്വന്തമായി കയ്യിൽ കിട്ടുമ്പോൾ പിശാച് ചെയ്യുന്ന ക്രൂരതകൾ, ദൈവപുത്രനായ ഈശോ നമുക്ക് നേടിത്തന്ന ദൈവമക്കൾ എന്ന പദവിയുടെ വില, എന്നും നമ്മളെ ഈശോയെ പോലെ പരിശുദ്ധിയിൽ ദൈവപിതാവിന്റെ മുൻപാകെ നിലനിറുത്തുവാൻ, നമ്മിൽ എന്നേയ്ക്കും വസിച്ചു നമ്മെ സ്നേഹിക്കുവാൻ ദിവ്യകാരുണ്യമായി രൂപാന്തരപ്പെട്ട ഈശോയുടെ ഓരോ മനുഷ്യനോടുമുള്ള സ്നേഹം, ദിവ്യകാരുണ്യം സ്വീകരിക്കാനുള്ള അവസരം ഒന്ന് പോലും കളയാതെ ഒരുക്കത്തോടെ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എന്നിവയൊക്കെ ഒരാൾക്ക് ആത്മാവിന്റെ ആഴത്തിൽ മനസിലാകുകയുള്ളൂ.

“നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്‌; പിന്നെയോ, ഒരിക്കലും പാപംചെയ്‌തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്‌ഷിക്കപ്പെട്ടവനാണ്‌ അവന്‍ .
അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.”
(ഹെബ്രായര്‍ 4 : 15-16)

എന്നാൽ ഈശോ സകലരുടെയും പാപത്തിന് തന്റെ ബലി വഴി പൂർണപരിഹാരം ചെയ്തതിനാൽ ഇനി മനുഷ്യന് നിത്യമരണമില്ല,ഈശോ സഹിച്ചതിനാൽ അവൻ സഹിക്കേണ്ടതില്ല.

“പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു.
പരിപൂര്‍ണനാക്കപ്പെട്ടതുവഴി അവന്‍ തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്‌ഷയുടെ ഉറവിടമായി.”
(ഹെബ്രായര്‍ 5 : 8-9)

എന്നാൽ അതിനായി ഒരുവൻ പാപി ആണെന്ന് സ്വയം മനസിലാക്കി വലിയ അനുതാപത്തോടെ സ്വയം ജാഗ്രതയോടെ പരിശോധിച്ച് സ്വന്തം കുറ്റങ്ങളും പാപങ്ങളും സ്വയം കണ്ടുപിടിച്ചു ഇനി ഒരിക്കലും അവ ആവർത്തിക്കില്ല ഇനിയൊരു പാപം പോലും ചെയ്യില്ല എന്ന പ്രതിജ്ഞയോടെ സകല പാപത്തെയും എന്നേക്കുമായി വെറുത്തുപേക്ഷിച്ചു ഈശോയെ എന്നേയ്ക്കും തന്റെ രക്ഷകനും നാഥനുമായി സ്വീകരിക്കണം. ഈശോ തന്ന രക്ഷ ഹൃദയത്തിൽ നന്ദിയോടെ സ്വീകരിക്കണം.

“ജനങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരം ചെയ്യുന്നതിനു വേണ്ടി ദൈവികകാര്യങ്ങളില്‍ വിശ്വസ്‌തനും കരുണയുള്ളവനുമായ പ്രധാനപുരോഹിതനാകാന്‍ അവന്‍ എല്ലാകാര്യങ്ങളിലും തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു.
അവന്‍ പീഡ സഹിക്കുകയും പരീക്‌ഷിക്കപ്പെടുകയും ചെയ്‌തതുകൊണ്ട്‌ പരീക്‌ഷിക്കപ്പെടുന്നവരെ സഹായിക്കാന്‍ അവനു സാധിക്കുമല്ലോ.”
(ഹെബ്രായര്‍ 2 : 17-18)

പാപത്തെ വിട്ടുപേക്ഷിക്കാൻ കഴിയാതെ കഠിന പാപത്തിൽ നിലനിൽക്കാൻ ആഗ്രഹിക്കുന്നവർക്കും ഈശോ നേടിത്തന്ന സൗജന്യ രക്ഷയെ ഇനിയും വിലമതിക്കാത്തവർക്കും ഈ രക്ഷ കൈവരുകയില്ല.

അതിനാൽ യഥാർത്ഥ അനുതാപത്തിനും മാനസാന്തരത്തിനും ഈശോ നേടിത്തന്ന നിത്യരക്ഷയിലും നിത്യജീവനിലുമുള്ള നിലനിൽപിനുമായി നിത്യസഹായകനായ പരിശുദ്ധാത്മാവിന്റെ നിരന്തര സഹായം ഒരു മനുഷ്യന് എപ്പോഴും ആവശ്യമുണ്ട്.

കാരണം…

ജീവിക്കുന്ന അവസാന നിമിഷം വരെ ജാഗ്രതയോടെ ഈശോയുടെ സ്നേഹത്തിലും കൃപയിലും വിശുദ്ധിയിലും ഒരുവൻ നിരന്തരം നിലനിൽക്കേണ്ടതുണ്ട്. അതിനു പരിശുദ്ധാത്മാവിന്റെ സഹായം നമുക്ക് വേണം.

“ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്‌ധാത്‌മാവില്‍ പങ്കുകാരാവുകയും ദൈവവചനത്തിന്റെ നന്‍മയും
വരാനിരിക്കുന്നയുഗത്തിന്റെ ശക്‌തിയും രുചിച്ചറിയുകയും ചെയ്‌തവര്‍ വീണുപോവുകയാണെങ്കില്‍, അവരെ അനുതാപത്തിലേക്ക്‌ പുനരാനയിക്കുക അസാധ്യമാണ്‌.
കാരണം, അവര്‍ ദൈവപുത്രനെ സ്വമനസ്‌സാ അധിക്‌ഷേപിക്കുകയും വീണ്ടും കുരിശില്‍ തറയ്‌ക്കുകയും ചെയ്‌തു.
കൂടെക്കൂടെ പെയ്യുന്ന മഴവെളളം കുടിക്കുകയും, ആര്‍ക്കുവേണ്ടി കൃഷിചെയ്യപ്പെടുന്നുവോ അവരുടെ പ്രയോജനത്തിനായി സസ്യങ്ങളെ മുളപ്പിക്കുകയും ചെയ്യുന്ന ഭൂമി ദൈവത്തില്‍നിന്ന്‌ അനുഗ്രഹം പ്രാപിക്കുന്നു.
ഞെരിഞ്ഞിലുകളും മുള്ളുകളുമാണ്‌ പുറപ്പെടുവിക്കുന്നതെങ്കിലോ അതു പരിത്യക്‌തമാണ്‌. അതിന്‍മേല്‍ ശാപം ആസന്നവുമാണ്‌. ദഹിപ്പിക്കപ്പെടുക എന്നതായിരിക്കും അതിന്റെ അവസാനം.”
(ഹെബ്രായര്‍ 6 : 4-8)

നിത്യ മരണം എന്നതും ഒരു ഭീകര പീഡയുടെ അവസ്ഥയാണ്. നാം ഇപ്പോൾ ഭൗമികമായി ജീവിക്കുന്നതിനാലും ആത്മാവിന്റെ യഥാർത്ഥ അവസ്ഥകൾ നമുക്ക് അനുഭവപ്പെടാത്തത് കൊണ്ടും നമുക്ക് അതിന്റെ തീവ്രതയും ഉഗ്രതയും നിത്യതയും നമ്മുടെ ചിന്തകളിൽ അനുഭവപ്പെടുന്നില്ല.

ശത്രുവിന്റെ സാന്നിധ്യം ആർക്കും ഹിതകരമല്ല. എന്നാൽ നരകത്തിൽ പതിക്കുന്ന ഒരു പാപിയുടെ ചാരെ മനുഷ്യകുലത്തിന്റെ നിത്യ ശത്രു ആയ പിശാചിന്റെ നിരന്തര സാന്നിധ്യമുണ്ടെന്നു മാത്രമല്ല അവനു ആ നിർഭാഗ്യവാനോട് എന്തും ചെയ്യുകയും ചെയ്യാം. നരകത്തിൽ “എന്റെ ദൈവമേ” എന്ന് വിളിക്കാനുള്ള അവസരമില്ല. മാത്രമല്ല നരകം/ നിത്യമരണം എന്നത് സ്വയം തിരഞ്ഞെടുത്ത ഓപ്ഷൻ ആയതു കൊണ്ട് എന്നേക്കുമായി നഷ്‌ടപ്പെട്ട നിത്യ ജീവൻ നേടുക എന്നത് എത്ര നിസാരവും സൗജന്യവും ആയിരുന്നു എന്ന നിരന്തരമായ ചിന്ത നരകത്തിൽ നിത്യസഹനത്തിൽ പതിച്ച ഓരോ ആത്മാവിനെയും വിഷമിപ്പിച്ചു കൊണ്ടേയിരിക്കും. കൂടാതെ എത്ര സമർത്ഥമായി തങ്ങൾ ആ ആത്മാവിനെ നേടി എന്നുള്ള പിശാചുക്കളുടെ നിരന്തര പരിഹാസവും. നരകത്തിൽ പതിച്ച ഓരോ മനുഷ്യനെയും കാണുമ്പോൾ ദൈവം അവരെ എത്ര മാത്രം സ്നേഹിച്ചു എന്ന് ഓർക്കുമ്പോൾ പിശാചുക്കളുടെ അവരോടുള്ള വെറുപ്പ് ഇരട്ടി ആവുകയും അവരുടെ പീഡകൾ പതിന്മടങ്ങു വർദ്ധിപ്പിക്കുകയും ചെയ്യും.

ജീവിച്ചിരുന്നപ്പോൾ ഒരു തലവേദനയോ കുഞ്ഞു പനിയോ താങ്ങാൻ വയ്യാതിരുന്ന ദൈവപിതാവിന്റെ പൊന്നോമനമക്കൾ!

നിത്യജീവൻ തിരഞ്ഞെടുക്കാതെ നിത്യ നരകത്തിലേയ്ക്ക് സ്വയം നീങ്ങിയ, ഈശോ വില കൊടുത്തു സ്വതന്ത്രമാക്കിയിട്ടും സ്വർഗീയ സ്വാതന്ത്ര്യവും നിത്യ ജീവനും വേണ്ടെന്നു വച്ച ഓരോ മനുഷ്യരെയും കുറിച്ച് ദൈവപിതാവിന്റെ സങ്കടം എത്ര ആഴമുള്ളതായിരിക്കും. അവസാനിക്കാത്തതായിരിക്കും.

നമ്മെക്കുറിച്ചു നാം എത്രയോ ജാഗരൂകരാകേണ്ടിയിരിക്കുന്നു. ഒരു നിമിഷം പോലും ഈശോയിൽ നിന്നുള്ള നോട്ടം മാറ്റാതെ, സ്വർഗത്തെ മാത്രം ലക്ഷ്യമാക്കി നാം നീങ്ങേണ്ടിയിരിക്കുന്നു!

നമ്മുടെ മനുഷ്യരായ ഓരോ സഹോദരങ്ങളെയും കുറിച്ച് നാം എത്രയോ ജാഗരൂകരാകേണ്ടിയിരിക്കുന്നു! ഓരോരുത്തർക്കും വേണ്ടി എത്രയോ നാം പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു!

അല്ലെങ്കിൽ ചിലപ്പോൾ നിത്യതയിൽ ആളൊഴിഞ്ഞിരിക്കുന്ന ഇരിപ്പിടങ്ങൾ നോക്കിയിട്ട്, ഒത്തിരി സങ്കടത്തോടെ നമ്മെ നോക്കി പിതാവായ ദൈവം നിശബ്ദമായി ഇങ്ങനെ ചോദിച്ചേക്കാം.

കുഞ്ഞേ ഇപ്പോൾ നിന്നോടൊപ്പം സ്വർഗത്തിൽ ആയിരിക്കേണ്ട നിന്റെ സഹോദരൻ / സഹോദരി എവിടെ? നീ അവരോടു നിത്യ രക്ഷയെ കുറിച്ച് പറഞ്ഞിരുന്നോ? ഈശോയെ കുറിച്ച് സംസാരിച്ചിരുന്നൊ? നിനക്ക് അവസരം കിട്ടിയപ്പോൾ ഒക്കെയും ദൈവത്തിന്റെ കരുണയെ കുറിച്ച് പറഞ്ഞോ? എത്രയോ ആയിരങ്ങൾ നിന്റെ ഒരു വാക്കു കേട്ട് മനസ് തിരിഞ്ഞു നരകത്തിൽ നിരാശയിൽ വീഴാതിരിക്കുമായിരുന്നു! കുഞ്ഞേ, ഭൂമിയിൽ ആയിരുന്നപ്പോൾ നിന്റെ സഹോദരങ്ങളെ രക്ഷിക്കാൻ നീ നിനക്കാവുന്നതെല്ലാം ചെയ്തോ!

നഷ്ടപ്പെട്ടു പോയ തന്റെ വിലയേറിയ മക്കളെ ഓർത്തു കണ്ണീര് പൊഴിക്കുന്ന ദൈവപിതാവിനെ ആശ്വസിപ്പിക്കണമെങ്കിൽ നമ്മുടെ നിത്യരക്ഷ മാത്രം ഇന്നു നോക്കി ജീവിച്ചാൽ പോരാ…

ലോകമെങ്ങുമുള്ള ഓരോ മനുഷ്യനും നഷ്‌ടപ്പെടാതെ സ്വർഗത്തിൽ എത്താൻ വേണ്ടി ഇന്നു മുതൽ പ്രാർത്ഥിക്കണം.

അതിനായി ഇപ്പോൾ മുതൽ മരണത്തിന്റെ അവസാന നിമിഷം വരെ ഈശോ മിശിഹായുടെ വിലതീരാത്ത തിരുരക്തത്താൽ രക്ഷിക്കപ്പെട്ട ഓരോ മനുഷ്യനും/ എനിക്കും ഈശോയെ തന്റെ രക്ഷകനും നാഥനുമായി സ്വയം സ്വീകരിച്ചു തന്റെ പാപങ്ങളെ ഓർത്തു പശ്ചാത്തപിച്ചു കുമ്പസാരത്തിൽ ഏറ്റു പറഞ്ഞു പരിശുദ്ധ കുർബാന സ്വീകരിച്ചു ഈശോയോടൊപ്പം ഭൂമിയിൽ വച്ചു തന്നെ വസിക്കാനുള്ള അവസരമുണ്ട് എന്നത് നമ്മുടെ ജീവിതത്തിൽ ജീവിച്ചു കാണിക്കണം. അതേ പ്പറ്റി മറ്റുള്ളവരോട് പറയണം. അവർക്ക് വേണ്ടി പ്രാർത്ഥിക്കണം.

ദൈവപിതാവിന്റെ ഏകജാതനായ ഈശോയുമായി ദിവ്യകാരുണ്യത്തിലൂടെ ഒന്നായി സ്വർഗത്തിലും ഭൂമിയിലും ദൈവമക്കളുടെ സർവ അവകാശത്തോടെയും സന്തോഷത്തോടെയും ജീവിക്കുവാൻ അവസരമുണ്ട്. മരണകരമായ സഹനത്തിന്റെ ഇടയിലും ഈശോയിൽ വസിച്ചു സമാധാനത്തിൽ നാം ജീവിക്കുന്നത് ലോകം കാണുമ്പോൾ മരണത്തിനപ്പുറവും ഒരു ജീവിതമുണ്ടെന്നുള്ള ഒരു പ്രത്യാശയുടെ സന്ദേശം നിശബ്ദമായി പ്രസരിപ്പിക്കാനാവും.

ശിശു സഹജമായ വിശ്വാസത്തിന്റെ കണ്ണുകൾ തുറന്നു അത്യുന്നതനായ ദൈവത്തിന്റെ മുൻപാകെ മാലാഖാമാരോട് കൂടി വിസ്മയത്തോടും ഭയഭക്തിയോടും അതോടൊപ്പം മകളെന്നുള്ള സ്വാതന്ത്ര്യത്തോടും കൂടെ ഈശോയെ ആരാധിക്കുവാനുള്ള അവസരമുണ്ട്. ദൈവവചനം പറയുന്നത് മുഴുവൻ ഈശോ നേരിട്ട് സംസാരിക്കുന്നതെന്നത് പോലെ കണ്ണും പൂട്ടി വിശ്വസിച്ചു ജീവിക്കുന്നത് കാണുമ്പോൾ ഈശോ ആരാണെന്നറിയുവാൻ ഈശോയെ അറിയാത്തവർക്ക് പോലും ഒരു ആഗ്രഹമുണ്ടായേക്കാം.

ഞാൻ/ ഓരോ മനുഷ്യനും വായിച്ചറിയാൻ ഈ ഭൂമിയിൽ ദൈവവചനമായ ഈശോ നൽകിയ ബൈബിൾ ഇന്നു മുതൽ മരണം വരെ ഇഷ്ടം പോലെ സമയമെടുത്തു വായിക്കുവാനും അതിനെ കുറിച്ച് ധ്യാനിക്കുവാനും ആ വചനങ്ങൾ ഹൃദയത്തിൽ സംഗ്രഹിക്കുവാനും അവ പ്രഘോഷിക്കുവാനും അവസരമുണ്ട്.

ദൈവവചനം സത്യമാണ്. അത് വായിച്ചാൽ നിത്യസത്യങ്ങൾ അറിയാം. സത്യം നമ്മെ ശുദ്ധീകരിക്കുകയും സ്വതന്ത്രമാക്കുകയും ചെയ്യും.
സത്യം ഈശോ ആണ്.

കുഞ്ഞിലേ മുതലേ ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിക്കാൻ പറ്റിയതും കൂദാശകൾ അതാത് സമയത്ത് സ്വീകരിക്കാൻ പറ്റിയതും ഇപ്പോഴും ദൈവാലയത്തിൽ പോയി കുമ്പസാരിച്ചു കുർബാന കൈക്കൊള്ളാൻ പറ്റുന്നതും ഇഷ്ടമുള്ളത്രയും സമയം ദൈവാലയത്തിൽ ചിലവഴിക്കാൻ പറ്റുന്നതും കയ്യിൽ സമ്പൂർണ ബൈബിൾ കയ്യിൽ ഇപ്പോഴും ഉള്ളതും ഇഷ്ടമുള്ളപ്പോൾ വായിക്കാൻ പറ്റുന്നതും ഒന്നും നിസാരമല്ല.

അത് ഈശോയുടെ മൗതികശരീരത്തിന്റെ ഭാഗങ്ങളായ നമ്മുടെ പരസ്പരമുള്ള കൂട്ടുത്തരവാദിത്വത്തിനെ കുറിച്ച് നമ്മെ നിരന്തരം ഓർമിപ്പിക്കുന്നു.

ഈശോ എന്നുള്ള നാമത്തെ കുറിച്ച് ഇത് വരെ കേൾക്കാത്ത ആളുകളുണ്ട്.

കത്തോലിക്കാ ദൈവാലയമോ വൈദികരോ ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ട്.

ഒരു പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ ദുർഘട വഴികളിലൂടെ മൈലുകളോളം കാൽനടയായി സഞ്ചരിക്കുന്ന മിഷനറിമാരും അവിടെ പാർക്കുന്ന ജനങ്ങളുമുണ്ട്.

എന്നാൽ സൗകര്യമുണ്ടായിട്ടും പരിശുദ്ധ കുർബാനയ്ക്ക് നിസാര കാരണങ്ങളുടെ പേരിൽ പോകാതെ ഇരിക്കുന്ന നമുക്ക് നിത്യതയിൽ എന്ത്‌ മറുപടി ആണ് പിതാവായ ദൈവത്തോട് പറയാനുണ്ടാവുക!

നമ്മെ സ്നേഹിക്കാൻ പിതാവിനെ പോലും വിട്ടു ഭൂമിയിലേക്ക് വന്ന അവിടുത്തെ ഏകജാതനായ ഈശോയെ ദിവസത്തിന്റെ ഏറിയ പങ്കും സക്രാരിയിൽ ഏകനായി വിടുന്ന നാം നമ്മുടെ ഹൃദയത്തിൽ ഈശോയെ സ്നേഹിക്കാൻ നിരന്തരം ഓർമിപ്പിക്കുന്ന പരിശുദ്ധാത്മാവിനോട് എന്ത്‌ മറുപടി പറയും!

പരിശുദ്ധ കുർബാനയിൽ പങ്കെടുത്തിട്ട് കുർബാന സ്വീകരിക്കാൻ നേരമാകുമ്പോൾ സ്വീകരിക്കാതെ മുഖം തിരിച്ചു ഇരിക്കുന്ന ഇടത്തു തന്നെ ഇരുന്ന സമയങ്ങളിൽ ഉള്ളിൽ ഇറങ്ങി വസിച്ചു നിത്യതയോളം സ്നേഹിക്കാനായി തുടിക്കുന്ന ഹൃദയത്തോടെ ഒരായിരം കൃപകളും ആത്മീയവും ഭൗതികവുമായ സമ്മാനങ്ങളുമായി അഗ്നിമയന്മാരായ മാലാഖമാരുടെ അകമ്പടിയോടെ വന്ന ദിവ്യകാരുണ്യ ഈശോയുടെ കണ്ണു നിറഞ്ഞിട്ടുണ്ടാവണം.

ഓരോ ഇടവകയിലെയും വീടുകളിൽ ആത്മവെളിച്ചം പകരുന്ന ദിവ്യകാരുണ്യ ഈശോയ്ക്ക് വ്യക്തിപരമായി നാം ഇനിയും കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതല്ലേ!

ഓരോ സാധാരണ വീട്ടിലെയും കാര്യമെടുത്താൽ തന്നെ എന്ത്‌ മാത്രം പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ട്….

എന്നാൽ ഓരോ വീടിന്റെയും യഥാർത്ഥ നാഥൻ ഈശോ ആണെന്ന് തിരിച്ചറിവുണ്ടായാൽ, ഈശോയുടെ പക്കൽ ഓരോ ചെറിയ കാര്യത്തിനും പരിഹാരം ഉണ്ടെന്നു ബോധ്യമായാൽ, ഈശോ ഒരു യഥാർത്ഥ വ്യക്തി ആണെന്ന് ആന്തരികമായ അറിവ് ലഭിച്ചാൽ, എപ്പോഴും ഈശോയോടൊപ്പം ചേർന്ന് നിൽക്കാനും ഓരോ ദിനവും ദിവ്യകാരുണ്യഅനുഭവത്തിൽ ജീവിക്കാനും ഓരോ കുടുംബത്തിനും സാധിക്കും.

ദിവ്യകാരുണ്യ അനുഭവത്തിൽ ജീവിക്കുക എന്ന് പറഞ്ഞാൽ മരണത്തിനപ്പുറമുള്ള നിത്യ ജീവനിൽ ഇപ്പോഴേ ആയിരിക്കുക, ദൈവഹിതത്തിന് പൂർണമായും വിട്ടു കൊടുത്തു ഈശോയിൽ ആശ്രയിച്ചു സമാധാനത്തിൽ ജീവിക്കുക എന്നതാണ്. നമ്മിൽ വസിക്കുന്ന ഈശോ നമ്മുടെ സൃഷ്ടാവാണ്, നമ്മുടെ ഏക രക്ഷകനുമാണ്. ബന്ധങ്ങൾ അഴിഞ്ഞു മറയുന്ന മരണത്തിനപ്പുറവും നാം വസിക്കേണ്ടത് ഈശോയോടൊപ്പമാണ്, അവിടുത്തെ സ്നേഹത്തിലാണ്.

നാം ചെയ്ത പാപത്തിൽ നിന്നും നമുക്ക് മോചനം ലഭിക്കുക എന്നതാണ് ഏറ്റവും വിഷമകരമായ കാര്യം. എന്നാൽ ഈശോ കുമ്പസാരത്തിലൂടെ നമ്മോടു പൂർണമായും ക്ഷമിച്ചു നമുക്ക് പാപ മോചനം തന്നു അവിടുത്തെ ദിവ്യകാരുണ്യമായി സ്വീകരിക്കുവാൻ പ്രാപ്തയാക്കുന്നു.

ഒരു മനുഷ്യന്റെ നിസാരതയുടെ ആഴത്തിൽ, അവന് നൽകപ്പെട്ടിരിക്കുന്ന ബുദ്ധിയുടെ അളവുകോലിൽ, പരിശുദ്ധ പരമ ദിവ്യകാരുണ്യം എന്ന ഈശോയുടെ മറയ്ക്കപ്പെട്ട മഹിമയുടെ ഒരു കണികയോ നമ്മോടുള്ള ഈശോയുടെ സ്നേഹഹൃദയത്തിന്റെ ഒരു ചെറു സ്പന്ദനമോ പോലും അവിടുന്ന് വെളിപ്പെടുത്താതെ നമുക്ക് മനസിലാകുകയില്ല.

തിരുസഭയിലെ ഓരോരുത്തരുടെയും സിരകളിൽ ഓടുന്നത് ദിവ്യകാരുണ്യ സ്വീകരണം വഴി നമ്മിലേയ്ക്ക് സദയം വന്ന ഈശോ മിശിഹായുടെ തിരുരക്തമാണ്.

ക്രിസ്തീയ കുടുംബത്തിലെ ഓരോ അംഗങ്ങളെയും ഏക മനസോടെ ചേർത്ത് നിറുത്തുന്നത് അവർ ഒരുക്കത്തോടെ സ്വീകരിക്കുന്ന ദിവ്യകാരുണ്യമാണ്.

ഒരു ഇടവകയിലെ ഓരോ കുടുംബങ്ങളെയും ആത്മീയമായി ഏക മനസോടെ ചേർത്ത് നിറുത്തുന്നത് അവർ ഒരുമിച്ചു നിര നിരയായി നിന്നു സ്വീകരിക്കുന്ന ദിവ്യകാരുണ്യമാണ്.

ദിവ്യകാരുണ്യത്തെ ഏറ്റവും സമുന്നതമായി ബഹുമാനിക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ഇടവകയ്ക്കും ദേശത്തിനും രാജ്യത്തിനും മേല്ക്ക് മേൽ ശ്രേയസ്സുണ്ടാകും. രാജാധിരാജനായ ഈശോ നാഥനായി വാഴുന്ന ഇടങ്ങൾ അനുഗ്രഹീതമാകും.

ദിവ്യകാരുണ്യനാഥനായ ഈശോയുടെ മുന്നിൽ കണ്ണീരോടെ വന്നണയുന്ന ഒരാളും ആശ്വാസം പ്രാപിക്കാതെ തിരിച്ചു പോകുകയില്ല.

ദിവ്യകാരുണ്യ ഈശോയുടെ മുന്നിൽ നാം മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിച്ചാൽ അവിടുന്ന് അവർക്കെല്ലാം അനുഗ്രഹം വാരി വിതറും.

“എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന്‌ യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം നല്‍കും.”
(ഫിലിപ്പി 4 : 19)

പരിശുദ്ധ കുർബാനയ്ക്ക് പരസ്യമായ വണക്കവും ആരാധനയും നൽകുന്ന ഇടങ്ങളിൽ അന്ധകാര ശക്തികൾ ഭയപ്പെട്ടു പലായനം ചെയ്യും.

പിശാച് കൊതിക്കുന്നത് മനുഷ്യരുടെ ആരാധനയാണ്. എന്നാൽ നമ്മുടെ ഹൃദയം തുറന്നു കൊടുത്തുള്ള ആരാധനയ്ക്ക് അർഹനായവൻ നമ്മുടെ ദൈവം മാത്രം.

“വരുവിന്‍, നമുക്കു കുമ്പിട്ട്‌ ആരാധിക്കാം;
നമ്മെ സൃഷ്‌ടിച്ച കര്‍ത്താവിന്റെ മുന്‍പില്‍ മുട്ടുകുത്താം.”
(സങ്കീര്‍ത്തനങ്ങള്‍ 95 : 6)

യോഗ്യതയോടെയുള്ള പരിശുദ്ധ കുർബാനയുടെ സ്വീകരണം നമ്മിൽ നിന്നും നാം ആയിരിക്കുന്ന ഇടങ്ങളിൽ നിന്നും അന്ധകാര ശക്തികളെ പലായനം ചെയ്യിക്കുന്നു. ദിവ്യകാരുണ്യ ഈശോ നമ്മിൽ വസിക്കുന്നതിനാൽ ഒന്നിനെക്കുറിച്ചും ഭയപ്പെടേണ്ട എന്നും ഈശോ കൂടെയുണ്ട് എന്നുമുള്ള ഉറപ്പു അവിടുന്ന് നമുക്ക് നൽകുന്നു. നാം ആയിരിക്കുന്ന സാഹചര്യം എത്ര പ്രതിസന്ധികൾ നിറഞ്ഞതാണെങ്കിലും അവയുടെ ഒക്കെയും ഇടയിൽ നമ്മെ സഹായിക്കാനായി നമ്മിൽ ഈശോ ഉണ്ടെന്നും നാം തകർന്ന്‌ പോവുകയില്ലെന്നും ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മെ ഓർമിപ്പിക്കുന്നു.

നമ്മുടെ ജീവിതത്തെ കുറിച്ച് എല്ലാ കാര്യങ്ങളും ഈശോ നോക്കും എന്നൊരു ഉറപ്പു നമുക്ക് ഹൃദയത്തിൽ കിട്ടിയാൽ അതേ സാഹചര്യത്തിലൂടെ കടന്നു പോകുന്നവരോടും നമ്മെ സഹായിക്കാൻ ഈശോ ഉണ്ട്, ഭയപ്പെടേണ്ട, എന്ന് പറയാൻ നമുക്ക് ധൈര്യം കിട്ടും.

പരിശുദ്ധ കുർബാനയാണ് ഏറ്റവും വലിയ പ്രാർത്ഥന. ഈശോയുടെ പ്രാർത്ഥന ആണത്.

ഏറ്റവും വലിയ വിരുന്നും പരിശുദ്ധ കുർബാന തന്നെ. വിരുന്നും വിരുന്നുകാരനും ഈശോ തന്നെ.

പരിശുദ്ധ കുർബാനയുടെ സമയത്തു നമ്മോടു പ്രാർത്ഥിക്കാൻ പറഞ്ഞിരിക്കുന്നവർക്ക് വേണ്ടിയും നാം പ്രാർത്ഥിക്കാൻ കടപ്പെട്ടവർക്ക് വേണ്ടിയും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്ക് വേണ്ടിയും ആരും പ്രാർത്ഥിക്കാൻ ഇല്ലാത്തവർക്ക് വേണ്ടിയും നമ്മുടെ കുടുംബത്തിന് വേണ്ടിയും നമ്മുടെ ഹൃദയത്തിൽ പരിശുദ്ധാത്മാവ് പ്രാർത്ഥിക്കാൻ തോന്നിക്കുന്നവർക്ക് വേണ്ടിയുമൊക്കെ പ്രാർത്ഥിക്കണം.

“വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗസ്ഥനായ പിതാവ്‌ നിറവേറ്റിത്തരും.
എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത്‌ അവരുടെ മദ്ധ്യേ ഞാന്‍ ഉണ്ടായിരിക്കും.”
(മത്തായി 18 : 19-20)

നാം പ്രാർത്ഥിക്കുന്ന ഒരു കാര്യം പോലും ഈശോ കേൾക്കാതെ ഇരിക്കുന്നില്ല. നമ്മൾ ഓരോരുത്തരും ഈശോയുടെ വാത്സല്യഭാജനങ്ങൾ ആയതു കൊണ്ട് ഓരോ കാര്യവും ഈശോ ശ്രദ്ധിച്ചു കേൾക്കും. ഓരോ കാര്യത്തിനും പരിഹാരം കാണുകയും ചെയ്യും. അത് ഈശോ എപ്പോൾ എങ്ങനെ ഏതു രീതിയിൽ ചെയ്യും എന്നത് നോക്കുന്നത് നമ്മുടെ കാര്യമല്ല.

ഈശോയുടെ തക്ക സമയത്ത് അവിടുന്നു ഓരോന്നും ചെയ്തു കൊള്ളും.

“നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്‌ഠജനതയാണുള്ളത്‌?”
(നിയമാവര്‍ത്തനം 4 : 7)

നാം ജോലി ചെയ്യുന്ന ഇടത്തിനു വേണ്ടിയും കൂടെ ജോലി ചെയ്യുന്ന ഓരോരുത്തർക്കും വേണ്ടിയും നമ്മുടെ സേവനം അനുദിനം സ്വീകരിക്കുന്നവർക്ക് വേണ്ടിയും നാം പ്രാർത്ഥിക്കണം.

വിവേകത്തോടെയും ജ്ഞാനത്തോടെയും നമ്മെ നയിക്കുന്നതിനു നമ്മുടെ മേലധികാരികൾക്കും ഭരണാധികാരികൾക്കും വേണ്ടി നിരന്തരം പ്രാർത്ഥിക്കണം.

“ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്‌ഥാപിതമാണ്‌.”
(റോമാ 13 : 1)

ആരോടെങ്കിലും നമ്മുടെ മനസിൽ വിരോധമോ നീരസമോ ഏതെങ്കിലും കാര്യങ്ങൾ കൊണ്ട് ഉണ്ടെങ്കിൽ അവരോടു ഹൃദയപൂർവ്വം ക്ഷമിച്ചിട്ട് ഈശോയുടെ ക്ഷമയോട് നാം അത് ചേർത്ത് വയ്ക്കണം. അങ്ങനെ നമ്മുടെ കുഞ്ഞു ക്ഷമയ്ക്ക് തീരാത്ത വിലയുണ്ടാകും.

ഈശോയോട് ചേർന്ന് നിൽക്കുന്നവർക്കൊക്കെയും നിത്യതയോളം അവർണനീയമായ വിലയുണ്ടാകും.

“ശത്രുവിനു വിശക്കുമ്പോള്‍ ആഹാരവും ദാഹത്തിന്‌ ജലവും കൊടുക്കുക:
അത്‌ അവന്റെ തലയില്‍ പശ്ചാത്താപത്തിന്റെ തീക്കനല്‍ കൂട്ടും;
കര്‍ത്താവ്‌ നിനക്ക്‌ പ്രതിഫലം നല്‍കുകയും ചെയ്യും.”
(സുഭാഷിതങ്ങള്‍ 25 : 21-22)

അപ്പോൾ പരിശുദ്ധ കുർബാനയുടെ സമയത്ത് ഈശോയുടെ മുൻപാകെ നമ്മെ ദ്രോഹിച്ച ഒരുവനോട് ക്ഷമിച്ചു അവനു വേണ്ടി പ്രാർത്ഥിച്ചാൽ കിട്ടുന്ന പ്രതിഫലം എന്ത്‌ മാത്രമായിരിക്കും!

ആ വ്യക്തിയും കുടുംബവും അനുഗ്രഹിക്കപ്പെടും. അതോടൊപ്പം പ്രാർത്ഥിക്കുന്ന നമ്മളും കുടുംബവും ഇരട്ടി അനുഗ്രഹിക്കപ്പെടും.

നമ്മെ അലട്ടുന്ന ഏതു കാര്യവും ദിവ്യകാരുണ്യനാഥനോട് പറയാം. ഹൃദയഭാരങ്ങൾ നിശബ്ദമായി പങ്കു വയ്ക്കാം. അവിടുന്ന് ഉറപ്പായും ഹൃദയത്തിൽ ആശ്വാസവും സമാധാനവും പകരും.

നമ്മുടെ ചുറ്റും നോക്കിയാൽ അനുദിനം ക്ലേശിക്കുന്നവരെ കാണാം. പല വിധ രോഗങ്ങളാൽ വേദനിക്കുന്നവരെ കാണാം. ആകുലപ്പെടുന്നവരെ കാണാം. ഭയപ്പെട്ടിരിക്കുന്നവരെ കാണാം. സാമ്പത്തിക പ്രയാസം മൂലം കണ്ണു നിറഞ്ഞിരിക്കുന്നവരെ കാണാം.

നമ്മുടെ കുടുംബത്തിലേക്ക് നോക്കി പ്രാർത്ഥിക്കണം. മാതാപിതാക്കൾക്ക് വേണ്ടി, സഹോദരർക്കു വേണ്ടി, ജീവിതപങ്കാളിയ്ക്ക് വേണ്ടി, മക്കൾക്ക് വേണ്ടി, ബന്ധുക്കൾക്ക്‌ വേണ്ടി, കുടുംബസുഹൃത്തുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം.

നമ്മുടെ കൂട്ടുകാർക്ക് വേണ്ടി പ്രാർത്ഥിക്കണം.

വാർത്തകളിൽ വായിച്ചറിയുന്ന, കേട്ടറിയുന്ന, കണ്ടറിയുന്ന, ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണം. ഒരു പ്രാർത്ഥനയും ചെറുതല്ല, ഫലം കാണാതെ അത് മടങ്ങില്ല.

നമ്മുടെ മുന്നിലൂടെ ആരെയൊക്കെ ദൈവപരിപാലന കൊണ്ട് വരുന്നോ അവർക്കൊക്കെയും വേണ്ടി നമ്മിൽ വസിക്കുന്ന ദിവ്യകാരുണ്യഈശോയിലേയ്ക്ക് ഹൃദയമുയർത്തണം. ഒരൊറ്റ ചിന്ത മതിയാകും. ഈശോയെ, അങ്ങേയ്ക്ക് ഈ വ്യക്തിയെ സമർപ്പിക്കുന്നു. കരുണയോടെ ഇടപെടണമെ.

ഇങ്ങനെ പ്രാർത്ഥിക്കുന്നത് ശീലമാക്കണം എന്ന് പറയുന്നതിന്റെ കാരണം ദിവ്യകാരുണ്യം സ്വീകരിച്ച ഓരോ കത്തോലിക്കനും ദിവ്യകാരുണ്യത്തിന്റെ മിഷനറി ആണ്. നമ്മെ ഓരോ ദിവസവും ദൈവത്തിന്റെ പരിശുദ്ധാത്മാവ് നയിച്ചു കൊണ്ട് പോകുന്ന ഇടങ്ങളിൽ, സ്വർണ നിർമിതമായ അരുളിക്കയിൽ എന്നതിനേക്കാൾ ഇഷ്ടത്തോടെ ഈശോ ഇരിക്കുന്ന, നമ്മുടെ തുടിക്കുന്ന ഹൃദയത്തിലെ കൊച്ചു സിംഹാസനത്തിൽ ഇരിക്കുന്ന ദിവ്യകാരുണ്യ ഈശോയെയും കൊണ്ട്, നമുക്കായി മാത്രം നിശ്ചയിക്കപ്പെട്ട വഴികളിൽ നാം സഞ്ചരിക്കുമ്പോൾ, അവിടെ കണ്ടുമുട്ടുന്നവർക്കൊക്കെയും വേണ്ടി നാം നമ്മിൽ വസിക്കുന്ന ഈശോയോട് അനുഗ്രഹം യാചിക്കണം.

“കര്‍ത്താവില്‍ വിശ്വസിച്ച പുരുഷന്‍മാരുടെയും സ്‌ത്രീകളുടെയും സംഖ്യ വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു.
അവര്‍ രോഗികളെ തെരുവീഥികളില്‍ കൊണ്ടുവന്ന്‌ കിടക്കകളിലും കട്ടിലുകളിലും കിടത്തിയിരുന്നു. പത്രോസ്‌ കടന്നുപോകുമ്പോള്‍ അവന്റെ നിഴലെങ്കിലും അവരില്‍ ഏതാനും പേരുടെ മേല്‍ പതിക്കുന്നതിനു വേണ്ടിയായിരുന്നു അത്‌.”
(അപ്പ. പ്രവര്‍ത്തനങ്ങള്‍ 5 : 14-15)

പരിശുദ്ധ കുർബാന സ്വീകരിച്ച പത്രോസ് സ്ലീഹാ തെരുവീഥികളിലൂടെ നടക്കുമ്പോൾ സൗഖ്യങ്ങൾ സംഭവിച്ചിരുന്നു. നിസാരരായ നാമും നമ്മുടെ വഴികളിൽ ദിവ്യകാരുണ്യ ഈശോയെ ഹൃദയത്തിൽ സ്നേഹത്തോടെ വഹിച്ചു കൊണ്ട് നടക്കുമ്പോൾ തന്റെ മുന്നിൽ ആവശ്യക്കാരെന്നു കാണുന്ന മനുഷ്യമക്കളെ അവിടുന്ന് അനുഗ്രഹിക്കാതെ ഇരിക്കുമോ?

വീട്ടിൽ ആയിരിക്കുമ്പോൾ, ബസിൽ സഞ്ചരിക്കുമ്പോൾ, ജോലി സ്ഥലങ്ങളിൽ, ഷോപ്പിങ് ചെയ്യുമ്പോൾ, ദൈവാലയത്തിൽ ആയിരിക്കുമ്പോൾ അങ്ങനെ നാം എവിടെയൊക്കെ പോകുന്നോ അവിടെ ഒക്കെ കണ്ടുമുട്ടുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണം.

അവരിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നിറയാൻ വേണ്ടി പ്രാർത്ഥിക്കണം.

കൂടെ പഠിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കണം. നമ്മെ പഠിപ്പിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കണം. അവരിൽ പലരും ഇന്നെവിടെയെന്നോ എന്ത്‌ ചെയ്യുകയാണെന്നോ നമുക്കറിയില്ല. ഒരു പക്ഷെ ഇന്നു അവർക്ക് നമ്മുടെ പ്രാർത്ഥന ഒരുപക്ഷെ ആവശ്യം കാണും.

മരണം വഴി നമ്മെ വേർപിരിഞ്ഞുപോയവരെ ഓർമ വരുമ്പോൾ അവർക്കായും പ്രാർത്ഥിക്കണം.

നാം വസിക്കുന്ന വീടും ഇടവകയും ദേശവും രാജ്യവും ലോകം മുഴുവനും ഒരു പുതു പന്തക്കുസ്താ പോലെ പരിശുദ്ധാത്മാവിന്റെ വലിയൊരു അഭിഷേകത്തിന്റെ ഉണർവ് നിറയാൻ വേണ്ടി പ്രാർത്ഥിക്കണം.

“അപ്പോള്‍ ഞാന്‍ ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കു ചെല്ലും,
എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു തന്നെ;
ദൈവമേ, എന്റെ ദൈവമേ, കിന്നരം കൊണ്ട്‌ അങ്ങയെ ഞാന്‍ സ്‌തുതിക്കും.”
(സങ്കീര്‍ത്തനങ്ങള്‍ 43 : 4)

ദൈവാലയത്തിലെ പരിശുദ്ധ കുർബാന വിരുന്നിനെ പറ്റിയെന്ന പോലെ സങ്കീർത്തകൻ പറയുന്നു.

“അവര്‍ അങ്ങയുടെ ഭവനത്തിലെ സമൃദ്ധിയില്‍നിന്നു
വിരുന്നുണ്ടു തൃപ്‌തിയടയുന്നു;
അവിടുത്തെ ആനന്ദധാരയില്‍ നിന്ന്‌ അവര്‍ പാനംചെയ്യുന്നു.”
(സങ്കീര്‍ത്തനങ്ങള്‍ 36 : 8)

ദിവ്യകാരുണ്യ ഈശോയുടെ മുന്നിൽ ഭക്തിപൂർവം ആയിരിക്കുന്നവരുടെ ആരാധിക്കുന്നവരുടെ കാര്യങ്ങൾ ഒക്കെയും എന്ത്‌ മാത്രം ശ്രദ്ധയോടെ ഈശോ നോക്കും.

“വാളുകൊണ്ടല്ല അവര്‍ നാടു പിടിച്ചടക്കിയത്‌;
കരബലം കൊണ്ടല്ല അവര്‍ വിജയംവരിച്ചത്‌;
അവിടുത്തെ വലത്തുകൈയും ഭുജവും മുഖപ്രകാശവും കൊണ്ടത്ര;
അങ്ങ്‌ അവരില്‍ പ്രസാദിച്ചു.”
(സങ്കീര്‍ത്തനങ്ങള്‍ 44 : 3)

ദിവ്യകാരുണ്യം ഒരു മനുഷ്യന് വേണ്ടി മാത്രമുള്ളതല്ല, മാനവരാശിയ്ക്ക് മുഴുവനും വേണ്ടി ഉള്ളതാണ്. എന്നാൽ എല്ലാവർക്കും ദിവ്യകാരുണ്യ ഈശോ, അത്യുന്നതനായ ദൈവമാണെങ്കിലും ഇത്രയും നമ്മെ സ്നേഹിക്കുന്നു എന്നറിയില്ല. അവിടുത്തെ പക്കൽ ചെല്ലാൻ ഓരോ മനുഷ്യനും ഇത്ര എളുപ്പമാണ് എന്നറിയില്ല. അവിടുത്തെ കാരുണ്യം അനന്തമാണ് എന്നറിയില്ല.

അതിനു ഒരു കാരണം പരിശുദ്ധ കുർബാന സ്വീകരിച്ചവർക്കേ അതിനെ കുറിച്ച് പറയുവാൻ സാധിക്കൂ. ഈശോയെ സ്വീകരിച്ചപ്പോൾ ഉണ്ടായ കുഞ്ഞു കുഞ്ഞു അനുഭവങ്ങൾ,പരിശുദ്ധ കുർബാനയുടെ മഹനീയത, ഈശോയുടെ മുന്നിൽ ആയിരുന്നപ്പോൾ കിട്ടിയ സ്നേഹാനുഭവം എന്നിവയൊക്കെ സാധിക്കുന്നിടത്തൊക്കെയും നാം പങ്കു വയ്ക്കണം.

മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ഈശോയെ കുറിച്ച് സംസാരിക്കാം.

ഈശോയെക്കുറിച്ചു നമ്മുടേതായ വാക്കുകളിൽ എഴുതാം.

ദിവ്യകാരുണ്യത്തെ സംബന്ധിച്ചുള്ള വിശുദ്ധരുടെ വാക്കുകൾ പോസ്റ്റ് ചെയ്യാം. Posters ഉണ്ടാക്കാം.

ഇങ്ങനെയൊരു സ്നേഹിക്കുന്ന ഈശോ നമ്മുടെ ഇടയിൽ ഇപ്പോഴുമുണ്ട് എന്നും അവിടുന്ന് എല്ലാവരെയും സ്നേഹിക്കുന്നു എന്നും അറിയാത്തവർ അറിയണ്ടേ.

പരിശുദ്ധ കുർബാന സ്നേഹത്തിനെ പ്രതി ഈശോ ചെയ്ത ഏറ്റവും വലിയ അത്ഭുതമാണ്.

“ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്‌. നമ്മുടെ ദൃഷ്‌ടിയില്‍ ഇത്‌ അത്ഭുതകരമായിരിക്കുന്നു.”
(മര്‍ക്കോസ്‌ 12 : 11)

ദിവ്യകാരുണ്യം സ്വീകരിക്കുന്ന ഒരു വ്യക്തി തന്റെ ഉള്ളിൽ വാഴുന്ന ഈശോയെ ശുശ്രൂഷിക്കാനും സ്നേഹിക്കാനും ശ്രദ്ധാലുവായിരിക്കും. അതിനായി എപ്പോഴും കൂടെയുള്ള സഹായകനായ പരിശുദ്ധാത്മാവ് വഴികൾ പറഞ്ഞു കൊടുക്കുകയും ചെയ്യും.

ഓരോ തവണയും ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ നാം ചിലരെ പ്രതി ഹൃദയത്തിൽ പരിശുദ്ധാത്മാവ് അപ്പോഴപ്പോൾ തോന്നിക്കുന്നതിനനുസരിച്ചു ദൈവത്തിനു നന്ദി പറയുകയും അവർക്കായി വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യേണ്ടതുണ്ട്.

ഈശോയെ നമുക്ക് തന്ന ദൈവപിതാവിനും ഈശോയെക്കുറിച്ച് നമുക്ക് ബോധ്യം നൽകുന്ന പരിശുദ്ധാത്മാവിനും നമുക്ക് ആദ്യം നന്ദി പറയാം.

മനുഷ്യാവതാരം ചെയ്ത ഈശോയെ ഉദരത്തിൽ വഹിച്ച പരിശുദ്ധ അമ്മയ്ക്കും സ്നേഹിച്ചോമനിച്ചു വളർത്തിയ യൗസേപ്പിതാവിനും നന്ദി പറയാം.

മാമോദീസ സ്വീകരിക്കാതെ കുമ്പസാരിച്ചു ഒരുങ്ങാതെ, പ്രസാദവരത്തിന്റെ അവസ്ഥയിൽ ആയിരിക്കാതെ ഈശോയെ സ്വീകരിക്കുവാൻ നമുക്ക് സാധ്യമല്ല. മണിക്കൂറുകളോളം കുമ്പസാരക്കൂട്ടിൽ ഇരുന്നു കരുണയോടെ കുമ്പസാരിപ്പിച്ചു വേണ്ട ഉപദേശം നൽകി ശക്തിപ്പെടുത്തി, ഒരമ്മ കുഞ്ഞിനെ ഒരുക്കുന്നത് പോലെ തിരുസഭയിലെ ഓരോ മക്കളെയും ഒരുക്കി പരിശുദ്ധ കുർബാന സ്വീകരിക്കാൻ അയയ്ക്കുന്നത് നമ്മുടെ ബഹുമാനപ്പെട്ട വൈദികർ അല്ലേ…

അവർക്കൊക്കെയും വേണ്ടി നമുക്ക് നന്ദി പറഞ്ഞു പ്രാർത്ഥിക്കാം. ഒരു വൈദികൻ ഒരു ദേശത്തില്ലെങ്കിൽ അവിടെ കുമ്പസാരമോ പരിശുദ്ധ കുർബാന അർപ്പണമോ മറ്റു കൂദാശകളോ ഉണ്ടാവുകയില്ല. ഇനിയും എത്രയോ വിശുദ്ധരായ വൈദികർ കുടുംബങ്ങളിൽ നിന്നും ഉയരേണ്ടതുണ്ട്.

ദൈവമഹത്വത്തിനായി അനേകം ദൈവവിളികൾ ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കാം. വൈദിക വിദ്യാർത്ഥികൾക്ക് വേണ്ടി പ്രാർത്ഥിക്കാം. അവരെ പരിശീലിപ്പിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാം.

മാതാപിതാക്കളാണ് ഈശോയെ കുറിച്ച് ആദ്യം നമ്മോടു പറഞ്ഞത്.അവർക്ക് വേണ്ടിയും അത് പോലെ ഈശോയെക്കുറിച്ച് നമ്മോടു പറഞ്ഞു തന്നവർക്കൊക്കെയും വേണ്ടി നമുക്ക് നന്ദിയോടെ പ്രാർത്ഥിക്കാം

അതോടൊപ്പം മതബോധനഅധ്യാപകർക്ക് വേണ്ടി പ്രാർത്ഥിക്കാം. കുഞ്ഞുന്നാളിൽ ഈശോയെ കുറിച്ചു നമ്മോടു പറയുന്നതും ആദ്യകുർബാന സ്വീകരണത്തിനായി ഒരുക്കുന്നതും അവരാണല്ലോ.

അത് പോലെ ലോകമെമ്പാടുമുള്ള ഇടവകകളിലെ ദൈവാലയ ശുശ്രൂഷികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാം. കുർബാന തുടങ്ങുന്നതിനു വളരെ മുൻപേ വെളുപ്പിന് വന്നു ദൈവാലയം തുറന്നു വൃത്തിയാക്കി അൾത്താര ഒരുക്കി തിരികൾ കത്തിച്ചു പരിശുദ്ധ കുർബാനയ്ക്ക് എല്ലാവരും വരുന്നതിനു മുൻപേ ദിവ്യകാരുണ്യ ഈശോയുടെ മുൻപിൽ ആയിരുന്നു ശുശ്രൂഷ ചെയ്യുന്ന അവരെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കാം.

ഓരോ ദൈവാലയങ്ങളിലും പരിശുദ്ധ കുർബാന തുടങ്ങും മുൻപേ പുഷ്പങ്ങളാൽ നന്നായി അലങ്കരിക്കപ്പെട്ട അൾത്താര കാണാം. മിക്ക ദൈവാലയങ്ങളുടെയും അടുത്തു തന്നെയുള്ള മഠങ്ങളിലെ പൂന്തോട്ടങ്ങളിൽ സിസ്റ്റർമാരുടെ സ്നേഹശുശ്രൂഷയേറ്റ് ഈശോയ്ക്കായി മാത്രം വിരിയുന്ന പുഷ്പങ്ങൾ ആണവയിൽ പലതും. രാപകൽ ദിവ്യകാരുണ്യത്തിന്റെ മുൻപിൽ ആയിരുന്നു മാധ്യസ്ഥ പ്രാർത്ഥന നടത്തുന്ന ഓരോ സമർപ്പിതർക്ക്‌ വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം.

അത് പോലെ ദിവ്യകാരുണ്യമാകേണ്ട ഗോതമ്പപ്പം ഉണ്ടാക്കുന്ന ഇടങ്ങളെയും അതുണ്ടാക്കുന്നവരെയും ഈശോയുടെ സ്നേഹത്തിനു സമർപ്പിക്കാം. അവർക്കായും പ്രാർത്ഥിക്കാം.

ദിവ്യകാരുണ്യ ഈശോയെ സ്നേഹിക്കുന്നവർക്ക് വേണ്ടിയും ആ സ്നേഹം ഇനിയും അറിയാത്തവർക്ക് വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം.

വിവിധ വചനപ്രഘോഷകർക്ക് വേണ്ടിയും ധ്യാന കേന്ദ്രങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കാം. അവരെല്ലാവരും ദിവ്യകാരുണ്യ ഈശോയെക്കുറിച്ച് കൂടുതൽ പ്രഘോഷിക്കുവാനും അങ്ങനെ അനേകർ ഈശോയെ കൂടുതൽ അകമഴിഞ്ഞ് സ്നേഹിക്കാൻ ഇടയാകുന്നതിനും വേണ്ടി പ്രാർത്ഥിക്കാം.

ഈശോയുടെ മൗതിക ശരീരത്തിലെ ഓരോരുത്തരും ഇത് വരെ ഉണ്ടായതും ഇപ്പോൾ ഉള്ളതും ഇനി ഉണ്ടാകാൻ ഇരിക്കുന്നവരുമായ സർവമനുഷ്യരും അവിടുത്തെ തിരു രക്തത്താൽ പൂരിതരാകട്ടെ എന്നു പ്രാർത്ഥിക്കാം.

“തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്ഷിക്കാന്‍ അവനു കഴിവുണ്ട്‌. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നു.”
(ഹെബ്രായര്‍ 7 : 25)

കരുണാർദ്രനായ രാജാവായ ദിവ്യകാരുണ്യ ഈശോയെ, അങ്ങ് സർവമനുഷ്യരുടെയും ഹൃദയത്തിൽ നിത്യവും രാജാവായി വാഴേണമേ.

ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment