ജോർജ് മാരിയോ ബെർഗോളിയോ (ഫ്രാൻസിസ് പാപ്പ) അർജന്റീനിയൻ പ്രോവിൻസിലെ ഈശോസഭയുടെ പ്രൊവിൻഷ്യാളായിരിക്കുന്ന കാലം. ഒരിക്കൽ ഒരു സ്ത്രീ ബെർഗോളിയോ അച്ചനെ കാണാൻ വന്നു. ഏഴുമക്കളുടെ അമ്മയായിരുന്നു അവർ. വീട്ടുവേല ചെയ്ത് കഷ്ടപ്പെട്ട് മക്കളെ വളർത്തിയിരുന്ന ഒരു സിംഗിൾ മദർ. വലിയ ദുഖവും പാപബോധവും അവരുടെ മുഖത്ത് നിഴലിച്ചിരുന്നു. ബെർഗോളിയോ അവരെ സന്തോഷത്തോടെ സ്വീകരിച്ചു. തന്റെ എഴു മക്കളെയും മാമോദീസ മുക്കാനായിട്ടില്ല എന്ന സങ്കടം അവർ അച്ചനോട് പങ്കുവെച്ചു.
അതിനൊരു കാരണമുണ്ട്. രണ്ട് പുരുഷന്മാരിൽ നിന്നാണ് ഈ എഴു മക്കൾ ജനിച്ചത്. ഇപ്പോൾ രണ്ടുപേരും അവളോടൊപ്പമില്ല. അതുകൊണ്ട് മക്കൾക്ക് മാമോദീസ നൽകാൻ ബുദ്ധിമുട്ടുകൾ പലതാണ്. നിയമനുസൃതമല്ലാത്ത ജീവിതം, മാത്രമല്ല ഏഴു മക്കൾക്ക് മാമോദീസ നൽകാനായി തലതൊട്ടപ്പനും തലതൊട്ടമ്മയുമായി പതിനാലുപേരെ കണ്ടുപിടിക്കണം.
ആ സ്ത്രീയുടെ നിസ്സഹായത മനസ്സിലാക്കിയ ജോർജ് ബെർഗോളിയോ പറഞ്ഞു, “ഒരു കാര്യം ചെയ്യൂ, പതിനാലിന് പകരം രണ്ടുപേരെ കൂട്ടിക്കൊണ്ടുവരൂ. അവർ തന്നെ എഴുപേരുടെയും തലതൊട്ടപ്പനും തലതൊട്ടമ്മയും ആയാൽ മതി. മാമോദീസ ഞാൻ നടത്തിത്തരാം”.
വലിയ സന്തോഷത്തോടെ ആ സ്ത്രീ തിരികെ പോയി. അങ്ങനെ മാമോദീസക്കുള്ള ദിവസമെത്തി. അരമനയിലെ ചാപ്പലിലായിരുന്നു മാമോദീസ നടത്തിയത്. അന്നത്തെ പ്രസംഗത്തിനിടെ ബെർഗോളിയോ, തന്റെ ഏഴുമക്കളെ സഭക്കും സമൂഹത്തിനും നൽകിയ അമ്മയെ പ്രത്യേകം അഭിനന്ദിച്ചു. അവിടെ അന്ന് വന്നവർക്കായി ചെറിയൊരു ചായ സൽക്കാരവും അദ്ദേഹത്തിന്റെ വകയായി ഉണ്ടായിരുന്നു.
എല്ലാം കഴിഞ്ഞപ്പോൾ ആ അമ്മ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി ബെർഗോളിയോ അച്ചനോട് പറഞ്ഞു, “അച്ചോ, ഞാനിപ്പോൾ ഒരു പ്രധാന വ്യക്തിയായതായി എനിക്ക് തന്നെ തോന്നുന്നു. എനിക്കിത് വിശ്വസിക്കാനാവുന്നില്ല. എല്ലാത്തിനും അങ്ങാണ് കാരണം”. ബെർഗോളിയോ ഒന്ന് പുഞ്ചിരിച്ചു. ഞാനല്ല, ദൈവമാണ് ഒരുക്കിയതെന്നായിരുന്നു അതിനർത്ഥം.
എല്ലാവരാലും അവഗണിക്കപ്പെട്ടേക്കാവുന്ന സാധാരണ ജനങ്ങളെ ചേർത്തുപിടിച്ചു കൊണ്ടായിരുന്നു പണ്ടുമുതലേ ഫ്രാൻസിസ് പാപ്പയുടെ പ്രവർത്തനങ്ങൾ.
“സഭാമാതാവ് നമ്മെ കാരുണ്യം പഠിപ്പിക്കുന്നവളാണ്. സുവിശേഷത്തിന്റെ കേന്ദ്രബിന്ദു കാരുണ്യമാണ്. ദൈവം തന്റെ പുത്രനെ നമ്മുടെ രക്ഷക്കായി അയച്ചത് തന്റെ കരുണ പ്രകടമാക്കാനായിരുന്നു. ’നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നത് പോലെ നിങ്ങളും കരുണയുള്ളവരായിക്കുവിൻ’(ലൂക്കാ. 6:36)”.
പാപ്പയുടെ വാക്കുകളാണിത്.
പാപ്പയുടെ കരുണ ക്രിസ്ത്യാനികൾക്ക് മാത്രമായി, ക്രിസ്ത്യൻ രാജ്യങ്ങൾക്ക് മാത്രമായി റിസർവ് ചെയ്തു വെച്ചിരിക്കുകയാണോ? അങ്ങനാണോ സ്വർഗ്ഗസ്ഥനായ പിതാവ് നമ്മോട് കരുണ കാണിക്കുന്നത്? നല്ല സമരിയാക്കാരന്റെ ഉപമയിലൂടെ, കാനാൻകാരി സ്ത്രീക്ക് നന്മ ചെയ്തതിലൂടെ, ചുങ്കക്കാരോടൊപ്പം ഭക്ഷണം കഴിച്ചതിലൂടെ എന്താണ് ഈശോ പറയാൻ ശ്രമിച്ചത്? തൊഴുത്തിന് പുറമെയുള്ള ആടുകളുകളായിക്കോട്ടെ പാപികളായിക്കോട്ടെ, അവരെല്ലാം അവന്റേത് തന്നെയാണ്, അവന്റെ സാദൃശ്യത്തിലുമാണ് എന്നല്ലേ?
വിജാതീയരോട് ചെറിയ രീതിയിൽ അയിത്തം കാണിച്ചിരുന്ന പത്രോസ് ശ്ലീഹയെ കർത്താവ് എങ്ങനെ തിരുത്തി എന്ന് അപ്പസ്തോലപ്രവർത്തനങ്ങൾ പത്താം അധ്യായത്തിലെ ദർശനത്തിലൂടെ നമ്മൾ കാണുന്നു. “ദൈവം വിശുദ്ധീകരിച്ചവ മലിനമെന്ന് നീ കണക്കാക്കരുത്’ എന്നുള്ള വ്യക്തമായ തിരുത്തലാണ് അതിലൂടെ അപ്പസ്തോലന് ലഭിച്ചത്. പത്രോസ് ശ്ലീഹക്ക് വിജാതീയരോടുള്ള കാഴ്ചപ്പാട് തന്നെ അതോടെ മാറിപ്പോയി.
പത്രോസിന്റെ പിൻഗാമിയായ, സഭയെ ഈ ലോകത്തിനു മുൻപിൽ പ്രതിനിധീകരിക്കുന്ന, ക്രിസ്തുവിന്റെ വികാരിയായ പാപ്പയുടെ സ്നേഹവും കാരുണ്യവും മത, വർഗ്ഗ, രാജ്യ,രാഷ്ട്രീയ, വരേണ്യ ഭേദങ്ങൾക്കുമതീതമാണ്. ഗാസയിൽ വീണ്ടും ആക്രമണം ശക്തമാക്കിയെന്നറിഞ്ഞു സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥയിൽ അതീവദുഖിതനായ പാപ്പയെപറ്റിയുള്ള വാർത്തക്ക് കീഴെ വന്ന കമന്റുകൾ! ഇതിനാണോ പാപ്പ ജീവിതത്തിലേക്ക് തിരിച്ചുവന്നത് എന്നും മറ്റുമുള്ള ചോദ്യങ്ങൾ, അതും അന്യമതക്കാരുടേതല്ല,സ്വന്തം ആടുകളുടേത് തന്നെ. ഗാസയിലുള്ളവരോട് അനുഭാവം തോന്നി എന്നതിന്റെ പേരിൽ അവർക്ക് പാപ്പയോടുള്ള അമർഷം! പാപ്പ സാധാരണ ജീവിതത്തിലേക്ക് ഇനിയും പൂർണ്ണമായി മടങ്ങി വന്നിട്ടില്ല. സിറിയയിലെ, നൈജീരിയയിലെ, സമീപകാല ക്രൈസ്തവപീഡനത്തെ പറ്റിയൊക്കെ മനസ്സിലാക്കാനുള്ള സമയം പാപ്പക്ക് കിട്ടിയിരുന്നോ എന്നെനിക്കറിയില്ല. പാപ്പയുടെ സ്ഥാനത്ത് ക്രിസ്തുവായിരുന്നെങ്കിൽ കൂടി ഗാസക്ക് വേണ്ടി വാദിച്ചാൽ നമ്മൾ അത് തള്ളിക്കളഞ്ഞു മറ്റൊരു ക്രിസ്തുവിനെ ഉയിർപ്പിച്ചു കൊണ്ടുവരുമായിരുന്നു, അല്ലേ. മനുഷ്യൻ മനുഷ്യനെ വേർതിരിക്കുന്ന അളവുകൾ ക്രിസ്തുവിന് പരിചിതമല്ലല്ലോ. നമ്മൾ അളക്കുന്ന അളവ് കൊണ്ടുതന്നെ നമുക്കും അളന്നു കിട്ടും എന്ന് നമുക്ക് മറക്കാതിരിക്കാം. എല്ലാ മക്കളെയും സ്നേഹിക്കുന്ന പിതാവിന്റെ പരിപൂർണ്ണതയാണ് ക്രിസ്തു നമ്മളിൽ നിന്ന് ആഗ്രഹിക്കുന്നതെന്നും. അവസാനവിധി സ്നേഹത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ദൈവത്തെ എന്തുമാത്രം സ്നേഹിച്ചെന്നും അവനെപ്രതി മറ്റുള്ളവരെ എത്ര സ്നേഹിച്ചെന്നും. ഇസ്രായേൽ-പലസ്തീൻ പ്രശ്നമൊക്കെ ആ നേരത്ത് കർത്താവിനെ പറഞ്ഞു മനസ്സിലാക്കാൻ, നമുക്ക് സമയം allot ചെയ്യാനുള്ള സാധ്യത ഞാൻ നോക്കിയിട്ട് കാണുന്നില്ല.
ജിൽസ ജോയ് ![]()


Leave a comment