9 ഓഗസ്റ്റ് 1942. ഔഷ്വിറ്റ്സിലുള്ള കോൺസന്‍ട്രേഷൻ ക്യാമ്പിലേക്ക്, നിൽക്കാനിടമില്ലാതെ കുത്തിനിറച്ച തടവുകാരുമായി ഒരു ട്രെയിൻ എത്തിച്ചേർന്നു. ശ്വാസം മുട്ടി മരിച്ചിരുന്നവരെ ഒരിടത്തേക്ക് എടുത്തെറിഞ്ഞു. മരണത്തിന്റെ കാർമേഘം നിറഞ്ഞുനിന്ന ആ പ്രദേശത്ത് അതൊരു പതിവ് കാഴ്ചയായിരുന്നു. അർദ്ധപ്രാണരായി സുബോധം നഷ്ടപ്പെട്ട തടവുകാർക്കിടയിൽ നിന്ന് ഒരാളെ ചൂണ്ടിക്കാണിച്ച് ഒരു പട്ടാളക്കാരൻ പറഞ്ഞു, ‘ഒരെണ്ണത്തിന് മാത്രം നല്ല ബോധമുണ്ട്’. അത് ഈഡിത് സ്റ്റെയിൻ ആയിരുന്നു- കുരിശിന്റെ സിസ്റ്റർ തെരേസ ബെനഡിക്റ്റ! അവളുടെ സഹോദരി റോസയും കൂടെയുണ്ടായിരുന്നു.
ട്രെയിനിൽ നിന്നിറങ്ങിയ തടവുകാരെ പല വരികളായി നിർത്തി പേരും അഡ്രസ്സും രേഖപ്പെടുത്തുന്നു. ജോലി ചെയ്യാൻ ആരോഗ്യമുള്ളവരെയും അൻപത് വയസ്സിന് താഴെയുള്ളവരെയും ക്യാമ്പിലെ ഡോക്ടർ മാറ്റിനിർത്തി. ബാക്കിയുള്ളവരെ ‘കുളിക്കാൻ’ കൊണ്ടുപോകുന്നു. അവിടെയുള്ള പോലീസുകാരുടെ, പ്രത്യേക കമാണ്ടോകളുടെ പെരുമാറ്റം ആർക്കും സംശയത്തിന് ഇടനൽകുന്നില്ല. അവിടെ എഴുതി വെച്ചിരിക്കുന്ന അറിയിപ്പും, ‘നിങ്ങളുടെ സാധനങ്ങൾ കുളി കഴിഞ്ഞു തിരിച്ചു കിട്ടുന്നതിന്, അവ വെച്ചിരിക്കുന്ന പെട്ടികളുടെ നമ്പർ ഓർമ്മിച്ച് വെക്കുക’!
കളിക്കാനുള്ള സോപ്പും ടവലും നൽകി ഒരു വീടുപോലെ തോന്നിക്കുന്ന കുളിമുറിയിലേക്ക് ആ തടവുകാരെ കൊണ്ടുപോകുന്നു. ആരെങ്കിലും എതിർത്താൽ അടുത്തുള്ള കാട്ടിലേക്ക് ബലമായി കൊണ്ടുപോകും, വെടിവെച്ചു കൊല്ലും. ഇതൊന്നും അറിയാതെ ജനാലകളോ ദ്വാരങ്ങളോ ഇല്ലാത്ത കുളിമുറിയിൽ പ്രവേശിക്കുമ്പോഴാണ് തടവുകാർക്ക് ചതി മനസ്സിലാവുകയുള്ളു. അതിനകം വാതിൽ പുറത്തുനിന്നു പൂട്ടിയിരിക്കും. മാരകമായ സൈക്ലോൺ ബി ആസിഡ് വാതകം കുളിമുറിയിലേക്ക് കടത്തി വിടുന്നു. ഏതാനും മിനിറ്റുകൾക്കകം എല്ലാവരും പിടഞ്ഞു മരിച്ചിരിക്കും. ശവങ്ങൾ ഒന്നിച്ചു വലിയ കുഴികളിൽ ഇടുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നു. ആറ് ലക്ഷം യഹൂദരെയാണ് ഹിറ്റ്ലറിന്റെ പോരാളികൾ നാല് വർഷം കൊണ്ട് കൊന്നടുക്കിയത്.
ആ വിധിയായിരുന്നു അന്ന് ഈഡിത് സ്റ്റെയിനെയും കാത്തിരുന്നത്. സഹോദരി റോസയെ അടുത്ത് വിളിച്ച് അവൾ പറഞ്ഞു, “വരൂ റോസ, നമ്മുടെ ജനത്തിന് വേണ്ടി മരിക്കാൻ നമുക്കും പോകാം…”. ആ ഗ്യാസ് ചേമ്പറിൽ അവളും പിടഞ്ഞുവീണു. തന്റെ നാഥന്റെ കുരിശിലെ ബലിയോട്, തന്റെ ജനത്തിന്റെ സഹനവും വേദനയും തന്റെ തന്നെ ജീവിതവും ചേർത്ത് വിശ്വാസത്തിന് സാക്ഷിയായി അവൾ ആ ബലി അർപ്പിച്ചു. രക്തസാക്ഷിയായി. ‘കുരിശിന്റെ സിസ്റ്റർ തെരേസ ബെനഡിക്റ്റ’ എന്ന പേര് അർത്ഥപൂർണ്ണമായി.
അറിയും തോറും കൂടുതൽ കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിച്ച ഒരു വിശുദ്ധ… അറിയുന്നവരിലെല്ലാം ആശ്ചര്യവും, ആദരവും, സ്നേഹവും ജനിപ്പിക്കുന്ന ഒരു സ്ത്രീ രത്നം. ’ദാർശനിക വിശുദ്ധ’ എന്നറിയപ്പെടുന്ന, അസാധാരണ ബുദ്ധിവൈഭവവും ധൈര്യവും, അതിസമർത്ഥമായ എഴുത്തും പ്രബോധനവും സഹനത്തെ gracefully ഏറ്റെടുത്ത രീതിയും ഒക്കെ കൊണ്ട് മനം കവരുന്ന മഹനീയ വ്യക്തിത്വം… അതാണ് ഈഡിത് സ്റ്റെയിൻ – കുരിശിന്റെ സിസ്റ്റർ തെരേസ ബെനഡിക്റ്റ. “A knowledge of the cross can be gained only when one comes to feel the cross radically”, അവൾ പറഞ്ഞത് എത്ര സത്യം. നമ്മുടെ തന്നെ ജീവിതങ്ങളിലെ കുരിശനുഭവങ്ങളാണല്ലോ ഈശോയുടെ കുരിശിനെ ആഴത്തിൽ മനസ്സിലാക്കാനും സ്നേഹിക്കാനും അവനെ പിന്തുടരാനും നമ്മെ ശക്തരാക്കുന്നത്. ‘അവനില്‍ വസിക്കുന്നെന്നു പറയുന്നവന് അവന് നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു’ (1 യോഹന്നാന് 2 : 6).
ജിൽസ ജോയ് ![]()



Leave a comment