എമ്പുരാൻ – നിരീക്ഷണങ്ങൾ

വിവാദങ്ങളുടെ തമ്പുരാനായി മാറിയിരിക്കുന്ന എമ്പുരാൻ എന്ന സിനിമ വളരെ ആകാംക്ഷയോടെയാണ് കാണാൻ പോയത്. കണ്ടുകൊണ്ടിരുന്നപ്പോഴും, കണ്ടുകഴിഞ്ഞപ്പോഴും ഈ സിനിമയുടെ പുറകിൽ പ്രവർത്തിച്ചവരോട് ഉള്ളിൽ നന്ദി പറഞ്ഞു. അത്രയ്ക്കും മനോഹരമായിട്ടാണ് ഈ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇന്നത്തെ സമൂഹത്തെക്കുറിച്ചുള്ള മുരളി ഗോപിയുടെ നിരീക്ഷണങ്ങൾ വളരെ സൂക്ഷ്മമാണ്. വെറും ഉപരിപ്ലവമായ രീതിയിലല്ല അദ്ദേഹം സമൂഹത്തെ കാണുന്നത്. പൃഥ്‌വിരാജിന്റെ സംവിധാനമികവ് അഭിനന്ദനമർഹിക്കുന്നുണ്ട്.

തുടക്കത്തിൽത്തന്നെ പറയട്ടെ, ഈ സിനിമ തിന്മയെ, Devil നെ മഹത്വവത്കരിക്കുന്ന ഒരു സിനിമ അല്ല. ഈ സിനിമ വ്യക്തികളെയും, രാഷ്ട്രീയ മത സംവിധാനങ്ങളെയും കരിവാരിത്തേയ്ക്കുന്ന സിനിമയും അല്ല. ഈ സിനിമ രാഷ്ട്രീയം പറയുന്നുണ്ടെങ്കിൽ അത്, ഇന്നത്തെ ചീഞ്ഞളിഞ്ഞ, ദുർഗന്ധം വമിക്കുന്ന രാഷ്ട്രീയത്തെ ശുദ്ധീകരിക്കുവാനാണ്; മത ചിഹ്നങ്ങളെയും, വാക്കുകളെയും ഉപയോഗിക്കുന്നുണ്ടെങ്കിൽ അത്, അവയുടെ വിശുദ്ധി വീണ്ടെടുക്കുവാൻ വേണ്ടിയാണ്.

സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് പറയാൻ ഞാൻ ആളല്ല. പക്ഷേ, ഈ സിനിമ മുന്നോട്ട് വയ്ക്കുന്ന സാമൂഹിക ധാർമിക രാഷ്ട്രീയ മാനങ്ങളെക്കുറിച്ച് ലോകം മുഴുവനും, പ്രത്യേകിച്ച് കേരളീയ സമൂഹവും ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ട്.

സിനിമ ഇന്നത്തെ സമൂഹത്തെ കാണുന്ന രീതിയെക്കുറിച്ച് ആദ്യം തന്നെ പറയാം. വളരെ സാമാന്യമായി സമൂഹത്തെ നമുക്ക് രണ്ട് വിഭാഗങ്ങളായി തിരിക്കാം. 1. നല്ല മനുഷ്യർ. 2. ചീത്തമനുഷ്യർ. ഈ വിഭജനമാണ് നാം സാധാരണ നടത്തുന്നത്. എന്നാൽ, നമ്മുടെ സമകാലീന സമൂഹം അതിൽ നിന്നൊക്കെ എത്രയോ മാറിപ്പോയെന്നാണ് ഈ സിനിമ പറയുന്നത്.

സിനിമ ഇന്നത്തെ സമൂഹത്തെ വിഭജിക്കുന്നത് രണ്ട് വിഭാഗങ്ങളായാണ്. 1. നന്മയുടെ ആളുകളെന്ന് പുറമെ കാണിക്കുകയും, തങ്ങളുടെ Hidden Ajanda കൾ നടപ്പിലാക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നവർ. 2. ഈ നന്മയുടെ ആളുകൾ, തിന്മയുടെ ശക്തികൾ എന്ന് മുദ്രകുത്തി സമൂഹത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടവർ.

ഇതിൽ ഒന്നാമത്തെ സമൂഹം നന്മയുടെ ആളുകളായി പ്രദര്ശിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, അവരുടെ Hidden Ajenda കൾ നടപ്പിലാക്കുവരാണ്. അവരാണ് സമൂഹത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നവർ. അവരാണ് വർഗീയ ലഹളകളുടെ പുറകിലുള്ളവർ. അവരാണ് വംശഹത്യകൾ നടപ്പിലാക്കുന്നവർ. അവർ രാഷ്ട്രീയക്കാരാകാം, ഭരണ തലത്തിലുള്ളവരാകാം. മതമേലധ്യക്ഷന്മാരാകാം. രാഷ്ട്രീയ മത, സാമൂഹ്യ സാംസ്‌കാരിക നേതാക്കളാകാം. ഇവരുടെ ലക്ഷ്യങ്ങൾ – അധികാരം, പണം, സുഖസൗകര്യങ്ങൾ – നടപ്പിലാക്കാൻ എന്ത് അതിക്രമങ്ങളും കാണിക്കാൻ ഇവർ തയ്യാറാണ്. സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന അതിക്രമങ്ങളുടെയും, ലഹളകളുടെയും, കൊലയുടേയുമൊക്കെ Clippings കാണിക്കുന്നതുവഴി ഈ ഒന്നാമത്തെ വിഭാഗത്തെയാണ് സിനിമ അവതരിപ്പിക്കുന്നത്.

ഇത് മനസ്സിലാക്കുമ്പോഴാണ് സിനിമയുടെ Introduction നമുക്ക് മനസ്സിലാകുകയുള്ളു. ഒപ്പം, സിനിമ മുന്നോട്ടുവയ്ക്കുന്ന വിഷയവും. ഇന്ന് നടക്കുന്ന വർഗീയലഹളകളുടെ പിന്നിൽ ആരാണ്? ഈ ഒന്നാമത്തെ വിഭാഗമാണ്. ഇന്ന് നടക്കുന്ന മദ്യപാനം, ലഹരി, മയക്കുമരുന്ന് തുടങ്ങിയ മാഫിയ പ്രവർത്തനങ്ങൾക്ക് പിന്നിൽ ആരാണ്? ഈ ഒന്നാമത്തെ വിഭാഗമാണ്. ഇന്നത്തെ സാമൂഹ്യവിപത്തുകൾക്ക് പിന്നിൽ ആരാണ്? രാഷ്ട്രീയ അസ്വസ്ഥതകൾക്ക് പിന്നിൽ ആരാണ്? ഈ ഒന്നാമത്തെ വിഭാഗമാണ്.

ഈ ഒന്നാമത്തെ വിഭാഗത്തെ ദൈവ പുത്രന്മാർ എന്നാണ് രണ്ടാമത്തെ വിഭാഗം കളിയാക്കി വിളിക്കുന്നത്. കാരണം, ദൈവത്തിന്റെ പ്രതിനിധികളായി വാഴ്ത്തപ്പെടുന്നവർ അവരാണ്. സ്വർഗ്ഗത്തിന്റെ താക്കോൽ അവരുടെ കയ്യിലാണ്. ഭരണയന്ത്രം തിരിക്കുന്നത് അവരാണ്. അവർ ക്രൈസ്തവർ മാത്രമല്ല. ഒന്നാമത്തെ വിഭാഗത്തിൽ പെടുന്നവർ ആരായാലും അവരാണ് ദൈവ പുത്രന്മാർ. അവർ തെറ്റുചെയ്താൽ ആരാണ് അവരെ രക്ഷിക്കുവാൻ വരിക? അവർ പോറ്റിവളർത്തുന്ന മാഫിയകൾ അവരെ രക്ഷിക്കാൻ വരുമോ? ഇല്ല. അവർ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികൾ രക്ഷിക്കാൻ വരുമോ? ഇല്ല. പിന്നെ ആരാണ് വരിക? ഒന്നാമത്തെ വിഭാഗം, ലൂസിഫർ എന്നോ, ഇബ്ലീസ് എന്നോ ഒക്കെ മുദ്രകുത്തി സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നവർ. ദേ, ഇപ്പൊ പിടികിട്ടുന്നുണ്ടോ ഈ സിനിമ?

തീർച്ചയായും സിനിമ ഈ ഒന്നാമത്തെ വിഭാഗത്തിനെതിരാണ്. അതുകൊണ്ട് തന്നെയാണ് സിനിമയ്‌ക്കെതിരെ പലരും രംഗത്തു വരുന്നത്. ഈ സിനിമ ഇന്ന് സമൂഹത്തിൽ മിക്കവാറും നടക്കുന്ന വർഗീയ ലഹളകളുടെ, വംശഹത്യകളുടെ, യുദ്ധങ്ങളുടെ പിന്നാമ്പുറത്തിരുന്ന് ഗൂഡലോചന നടത്തുന്നവരുടെ, അതിനായി വെടിക്കോപ്പും, പണവും ഒഴുക്കുന്നവരുടെ കപടമുഖം തുറന്നു കാണിക്കുകയാണ്.

ഇനി രണ്ടാമത്തെ വിഭാഗം. ഒന്നാമത്തെ വിഭാഗത്തിന് ഭീഷണിയാകുന്ന എല്ലാവരെയും, ഈ ഒന്നാമത്തെ വിഭാഗം Lucifer എന്നോ, ഇബ്‌ലീസ് എന്നോ ഒക്കെ മുദ്രകുത്തി സമൂഹത്തിൽ നിന്ന് മാറ്റിനിർത്തും. ഇവരാണ്, നിർഭാഗ്യവശാൽ, രണ്ടാമത്തെ വിഭാഗമെന്ന് മുദ്രകുത്തപ്പെട്ടവർ. ഇവരാകട്ടെ, ആരും അറിയാതെ സമൂഹത്തിന് നന്മ ചെയ്യുന്നവരും, സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്നവരും ആണ്. ഈ രണ്ടാമത്തെ വിഭാഗം ലോകം മുഴുവനും ഉണ്ട്. നമ്മുടെ രാജ്യത്തുണ്ട്. നമ്മുടെ മത സംവിധാനങ്ങളിലും ഉണ്ട്. ഇവർ ഒറ്റയാന്മാരാകാം, ഒരു കൂട്ടമാകാം.

ഒന്നാമത്തെ വിഭാഗം കൂട്ടുപിടിച്ചിരിക്കുന്ന മയക്കുമരുന്ന് മാഫിയകളെയും, കള്ളപ്പണ ഇടപാടുകാരെയും, തീവ്രവാദികളെയുമൊക്കെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരാണ് ഈ രണ്ടാമത്തെ വിഭാഗക്കാർ. കാരണം, ഇവർ ഒന്നാമത്തെ വിഭാഗത്തിന് മാത്രമല്ല, സമൂഹത്തിന് മുഴുവനും അപകടകാരികളാണ്. അതുകൊണ്ടാണ് രണ്ടാമത്തെ വിഭാഗം പറയുന്നത് Narcotics is a dirty business എന്നൊക്കെ. ഒന്നാമത്തെ വിഭാഗത്തിനെ നല്ല വഴിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ് രണ്ടാമത്തെ വിഭാഗക്കാർ. കാരണം സാധാരണ മനുഷ്യർ അപകടത്തിലാകാൻ പാടില്ലായെന്ന് ഉറച്ചു വിശ്വസിക്കുന്നവരും, ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരുമാണ് രണ്ടാമത്തെ വിഭാഗക്കാർ.

ഈ രണ്ടാമത്തെ വിഭാഗത്തിന്റെ ആത്മാർത്ഥമായ ജാഗ്രതയും, ഒന്നാമത്തെ വിഭാഗത്തിന്റെ സ്വാർത്ഥത നിറഞ്ഞ, അഹങ്കാരം നിറഞ്ഞ കുടിലതന്ത്രവും തമ്മിലുള്ള ഏറ്റുമുട്ടലാണ് എമ്പുരാൻ എന്ന സിനിമ.

അല്ലാതെ, Devil നെ മഹത്വവത്കരിക്കുന്ന, ക്രിസ്തീയ അടയാളങ്ങളെ വക്രീകരിക്കുന്ന, ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയെ താഴ്ത്തിക്കെട്ടുന്ന ഒരു സിനിമയല്ല എമ്പുരാൻ. ചെകുത്താനെ മഹത്വത്കരിക്കുന്ന ഈ സിനിമ കാണില്ലെന്നുമൊക്കെ തട്ടിവിടുന്നവർ ആദ്യം സിനിമ കണ്ടുനോക്കൂ. നിങ്ങൾ ഒന്നാം വിഭാഗത്തിൽപെട്ടവരാണെങ്കിൽ തീർച്ചയായും ഈ സിനിമ നിങ്ങളുടെ മനസ്സാക്ഷിയെ പിടിച്ചുകീറും. നിങ്ങൾ സമൂഹത്തിന്റെ രണ്ടാം വിഭാഗത്തിൽ പെട്ടവരാണെങ്കിൽ തീർച്ചയായും സമൂഹത്തിൽ നന്മയുണ്ടാകാൻ നിങ്ങൾ കണ്ണ് തുറന്ന് സമൂഹത്തെ വീക്ഷിക്കും.

ശരിയാണ്, ഇറാക്കിലെ ഒരു പള്ളിയിലെ കുരിശ് Blast നടക്കുമ്പോൾ തലകീഴായി നിലംപതിക്കുന്നുണ്ട്. എന്താണതിന്റെ പ്രതീകാത്മകത? സമൂഹത്തിലെ ഒന്നാമത്തെ വിഭാഗവും, രണ്ടാമത്തെ വിഭാഗവും തമ്മിലുള്ള ഈ സമരത്തിൽ ക്രൈസ്തവന്റെ കുരിശുപോലുള്ള നന്മയുടെ, വിശുദ്ധിയുടെ പലതും നിലംപതിക്കും. ഇല്ലാതാകും. വളരെ ഹീനമായ അവസ്ഥയിലേക്ക് പോകും. ഇതിൽ ഉള്ളുകൊണ്ട് ചിരിക്കുന്നവർ ഒന്നാമത്തെ വിഭാഗവും, ഉള്ളിൽ വേദനിക്കുന്നവർ രണ്ടാമത്തെ വിഭാഗവും ആയിരിക്കും.

ഈ സിനിമ ഇന്നത്തെ ലോകത്തിന്റെ, മനുഷ്യ സമൂഹത്തിന്റെ ഒരു നേർചിത്രമാണ്. മുരളി ഗോപിയെ അഭിനന്ദിക്കുകയാണ്, സമൂഹത്തെ ഇത്രയും തീക്ഷ്ണമായി നിരീക്ഷിക്കുന്നതിന്; ആ നി രീക്ഷണങ്ങളെ തിരക്കഥയാക്കി, സിനിമയാക്കി സമൂഹ മനഃസാക്ഷിയുടെ മുൻപിൽ അവതരിപ്പിച്ചതിന്. ഈ നിരീക്ഷണങ്ങൾ സമൂഹത്തിന്റെ പുറമെ വെറുതെ നോക്കിയാൽ കിട്ടുകയില്ല. ഉള്ളിലേക്ക് ചികഞ്ഞ് നോക്കണം.മാത്രമല്ല, വസ്തുനിഷ്ഠമായി സമൂഹത്തെ പഠിക്കണം. സിനിമയെ ഗൗരമായി കാണുന്നവർക്കും, അതിന്റെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നവർക്കും ഈ സിനിമ ഇഷ്ടപ്പെടും എന്നതിൽ തർക്കമില്ല.
ഈ സിനിമ കാണുമ്പോൾ ഭാരതത്തിൽ നടന്ന നടക്കുന്ന പല ആനുകാലിക സംഭവങ്ങളും നമ്മുടെ ഓർമയിൽ വരും. ഈ സംഭവങ്ങൾ പത്രത്തിലോ, ടിവിയിലോ, സാമൂഹ്യമാധ്യമങ്ങളിലോ ഒക്കെ വരുമ്പോൾ, എന്തുകൊണ്ട് മനുഷ്യർ തമ്മിൽ പരസ്പരം കൊള്ളുന്നു എന്ന് നിങ്ങൾ ചിന്തിക്കാറില്ലേ? മനുഷ്യരെ വഴിയിലിട്ട് തല്ലിക്കൊല്ലുമ്പോൾ എന്താണിങ്ങനെ എന്ന് മനസ്സിൽ ചോദിക്കാറില്ലേ? ഉത്തരം എമ്പുരാൻ എന്ന സിനിമ തരും. പൃഥ്വിരാജ് എന്ന നടന്റെ ചെറുപ്പകാലം കാണിക്കുമ്പോഴുള്ള വർഗീയ ലഹള, കൊല തുടങ്ങിയവ കാണുമ്പോൾ നിങ്ങളിൽ കുറച്ചെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ പ്രിയപ്പെട്ടവരേ, നിങ്ങൾ നടുങ്ങിപ്പോകും, വാവിട്ട് കരഞ്ഞുപോകും!

പിന്നെ, രാഷ്ട്രീയത്തിലും മതത്തിലും, സംസ്കാരത്തിലും ഒന്നാമത്തെ വിഭാഗം ഇന്നും ശക്തരായതുകൊണ്ട് ഈ സിനിമ വീണ്ടും സെൻസർ ചെയ്യപ്പെടും. വീണ്ടും, രണ്ടാമത്തെ വിഭാഗത്തെ മഹത്വത്കരിക്കുന്നു എന്നും പറഞ്ഞ് യൂ ട്യൂബിൽ ചർച്ചകൾ നടക്കും. സിനിമ കാണാത്തവർ വന്നിരുന്ന് സിനിമയെ കുറ്റംപറയും. Devil നെ പൂജിക്കുന്ന സിനിമയെന്ന് പറയും. അങ്ങനെ ജനങ്ങളെ വീണ്ടും വിഡ്ഢികളാക്കും. സാക്ഷര കേരളം വീണ്ടും വിഡ്ഢികളാകും. കൊടിപിടിച്ച് തെരുവിലിറങ്ങും.

നിങ്ങൾക്കറിയാവുന്നതുപോലെ സിനിമ ശക്തമായ മാധ്യമമാണ്. സമൂഹം ദ്വന്ദാത്മകമാണ്. നന്മ ദിനം, ഇരുളും വെളിച്ചവും, സുഖവും ദുഃഖവും ……അന്തിമ വിജയം നന്മയ്ക്കാണ്; വെളിച്ചത്തിനാണ്. ഓരോ സിനിമയും ഈ സന്ദേശമാണ് നൽകുന്നത്. എമ്പുരാനിലും എഴുതിവച്ചിരിക്കുന്നത് Death to Devil എന്ന് തന്നെയാണ്. അത് കാണാൻ സാക്ഷര സമൂഹത്തിന് കണ്ണുണ്ടായിരിക്കട്ടെ. ലോകത്തിന് നല്ല മനഃസാക്ഷിയുണ്ടായിരിക്കട്ടെ. എമ്പുരാന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ!!!

S.പൈനാടത്ത്


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “എമ്പുരാൻ – നിരീക്ഷണങ്ങൾ”

  1. alwaysllamad12429b4b6 Avatar
    alwaysllamad12429b4b6

    With best of intentions

    This presentation may not be meant for this site.

    Liked by 1 person

Leave a reply to alwaysllamad12429b4b6 Cancel reply