ക്രൂശിതനായ ഈശോയെ നോക്കിയാൽ ഹൃദയത്തിൽ ദൈവസ്നേഹം നിറയും. ഈശോയുടെ പീഡാനുഭവങ്ങൾ ധ്യാനിച്ചാൽ, അവിടുന്ന് നമുക്കായി സഹിച്ചതൊക്കെയും ഓർത്താൽ നമ്മുടെ ആത്മാവിന്റെ യഥാർത്ഥവില എന്തെന്ന് ബോധ്യം കിട്ടും.
നമുക്ക് നിത്യരക്ഷ സൗജന്യമായി ലഭിക്കുന്നതിനും മരണഭയരഹിതമായ ജീവിതം ദൈവമക്കളായ നാം അനുദിനം നയിക്കുന്നതിനും തന്റെ സ്നേഹത്തിന്റെ ആഴം ഓരോ മനുഷ്യനും അറിയുന്നതിനും ആർക്കും പറഞ്ഞാൽ മനസിലാവില്ല എന്ന് ഓർത്തു ഓരോ മനുഷ്യനും കടന്നു പോകുന്ന സഹനത്തിലൂടെ ഒട്ടും കുറയാതെ താൻ കടന്നു പോയിട്ടുണ്ടെന്നു നമ്മെ ബോധ്യപ്പെടുത്താനും ദൈവവും മനുഷ്യനും നേരിട്ട് കണ്ടുള്ള നിത്യതയിൽ ദൈവിക പരിശുദ്ധിയിൽ ഒന്നാകും വരെ നമ്മിൽ ദിവ്യകാരുണ്യമായി വസിക്കുന്നതിനും നമുക്ക് ജീവനും വഴിയും സമാധാനവും ആകുന്നതിനുമൊക്കെയാണ് ഈശോ ഈ സഹനങ്ങളിലൂടെയൊക്കെ കടന്നു പോയത്.
“അത് മരണത്തിന്‍മേല്‍ അധികാരമുള്ള പിശാചിനെ തന്റെ മരണത്താല്‍ നശിപ്പിച്ച് മരണ ഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്ഷിക്കുന്നതിനു വേണ്ടിയാണ്.”
(ഹെബ്രായര്‍ 2 : 15)
ഈശോ വഴി നാം ആത്മനാ സ്വതന്ത്രരാണ്. അത് ഉപയോഗിച്ച് ഓരോ മനുഷ്യനും തന്റെ ജീവിതകാലത്തു ഒരു തിരഞ്ഞെടുപ്പ് മാത്രം നടത്തിയാൽ മതി…
ഈശോ ഈ പീഡകൾ സഹിച്ചു നേടിത്തന്ന സൗജന്യമായ നിത്യ ജീവനോ അതോ നിത്യകാലത്തേയ്ക്ക് ദൈവിക സാന്നിധ്യമോ സ്നേഹമോ ഇല്ലാത്ത ശൂന്യതയായ നിത്യമരണമോ!
ഏതാണ് വേണ്ടത്!
ദൈവവചനം നമ്മോടു പറയുന്നു:
” നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവന്‍ തിരഞ്ഞെടുക്കുക.”
(നിയമാവര്‍ത്തനം 30 : 19)
ആമേൻ
24 മണിക്കൂർ പീഡയനുഭവിക്കുന്ന ഈശോയോടൊത്ത് – രണ്ടാം മണിക്കൂർ (വൈകുന്നേരം 6 മണി മുതൽ 7 മണി വരെ)


Leave a comment