‘Ecce Mater Tua’ – ‘ഇതാ നിന്റെ അമ്മ’
നിത്യ പുരോഹിതനായ ഈശോ കൈകൾ വിരിച്ച് കുരിശിൽ തൂങ്ങി കിടക്കുന്നു. അവന്റെ വസ്ത്രങ്ങൾ പടയാളികൾ ഭാഗിച്ചെടുത്തു. മേലങ്കിക്ക് വേണ്ടി അവർ കുറിയിട്ടു. അവനെ ഗുരുവും കർത്താവും ആയി ബഹുമാനിച്ചവരുടെ മുന്നിൽ, സ്വന്തം അമ്മയുടെ മുൻപിൽ, പരിഹസിക്കുന്ന ജനങ്ങളുടെ മുൻപിൽ, തുണികളുരിഞ്ഞ് അവനെ കുരിശിൽ തറച്ചു കിടത്തിയിരിക്കുന്നു. ആ വേദനയിലും നല്ല കള്ളന് പറുദീസ വാഗ്ദാനം ചെയ്യുന്ന കാരുണ്യം…
ഒരു മനുഷ്യനും അവന്റെയത്ര സഹിച്ചിട്ടില്ല, കാരണം ഒരാളും അവന്റെയത്ര സ്നേഹിച്ചിട്ടില്ല. അവനെപ്പോലെ സർവ്വചരാചരങ്ങളെ, മനുഷ്യരെ, സ്നേഹിക്കാൻ ആർക്കും കഴിയില്ല, നമ്മുടെ സൃഷ്ടാവായ അവൻ തന്റെ വെറും സൃഷ്ടിയായ, പുഴുവായ, മനുഷ്യന്റെ സാദൃശ്യത്തിൽ, നമ്മെ രക്ഷിക്കാനായി, ഈ ഭൂമിയിൽ വന്ന് പിറന്നത് എന്തു മാത്രം സ്നേഹമുണ്ടായിട്ടാണ്.. പിതാവിനോട് എത്രമാത്രം സ്നേഹവും അനുസരണ വുമുണ്ടായിട്ടാണ്. വഞ്ചനയും തിരസ്കരണവും സ്നേഹരാഹിത്യവും, നന്ദികേടും, ക്രൂരതയും.. അവന്റെ ചങ്ക് എത്രമാത്രം പറിച്ചെടുത്തിരിക്കണം.. ഊഹിക്കാനാവില്ല നമുക്ക്.. അവന്റെ നിശബ്ദതയുടെ ആഴം, അവന്റെ സ്നേഹത്തിൽ നിന്ന് വന്ന മുറിവിന്റെ ആഴം.. ശരിയായി അറിഞ്ഞത് അവൾ മാത്രമായിരുന്നു, അവന്റെ അമ്മ!
എന്നിട്ടും നിശബ്ദമായി..തന്റെ ഹൃദയത്തെ കീറിമുറിച്ച വാളിനെ അമ്മ ഉൾക്കൊണ്ടു. അതിൽ നിന്ന് ധാരധാരയായി ചോര വാർന്നൊഴുകുമ്പോഴും ക്ഷമിക്കാനായി തന്റെ സർവ്വശക്തിയും ഉപയോഗിച്ചു. നെഞ്ച് പൊത്തിപ്പിടിച്ചു. മകന്റെ വേദന അമ്മയുടെ ഹൃദയം തകർക്കുന്നു.. അമ്മയുടെ വേദന മകന്റെ ദുഃഖം വർദ്ധിപ്പിക്കുന്നു…വേർപെടാനാവാത്ത വിധം സ്നേഹിച്ച രണ്ടു ഹൃദയങ്ങൾ.
പ്രിയമകൻ ഉയരെ, മൂന്നാണികളിൽ തൂങ്ങിക്കിടന്നു ഊർദ്ധശ്വാസം വലിക്കുന്നത് അമ്മക്ക് കേൾക്കാം. വീശിയടിക്കുന്ന കാറ്റത്ത്, തന്റെ മുഖത്തേക്ക് പാറുന്ന മുടി ഒന്ന് മാടി ഒതുക്കാനോ, മുഖത്തേക്ക് ഇറ്റുവീണ വിയർപ്പും രക്തവും കലർന്ന തുള്ളികൾ തുടക്കാനോ, മുൾമുടി കാരണം കുരിശിലേക്ക് തല ഒന്ന് ശരിക്ക് ചായിക്കാനോ കഴിയാതെ അവൻ കിടക്കുന്നു. ഭാരം മുഴുവൻ താങ്ങുന്ന, ആണികൾ തറച്ച കാലുകളിൽ പ്രാണൻ പോകുന്ന വേദന. ഉഴവുചാലുകൾ പോലെ, എല്ലുകൾ പുറത്തു കാണാവുന്ന വിധം വരഞ്ഞിട്ടിരിക്കുന്ന ദേഹം. രക്തം വാർന്നൊഴുകി തീരാറായിരിക്കുന്നു. ദാഹിച്ച് തൊണ്ട പൊട്ടുന്നു. ആ കുരിശിന്റെ ചുവട്ടിൽ തന്റെ മകന്റെ പീഡകൾ കാണാനുള്ള കരുത്തില്ലാതെ ആ അമ്മ പിടയുന്നു.
കുരിശിന് ചുവടെ നിൽക്കുന്നവരുടെ കൂട്ടത്തിൽ പ്രിയപ്പെട്ട ആ ശിഷ്യനും.. യോഹന്നാൻ. ഈശോയുടെ മാറിൽ വിശ്രമിച്ചപ്പോൾ അവൻ അനുഭവിച്ച സ്വർഗീയ ജീവന്റെ തുടിപ്പുകൾ അവന്റെ ചെവിയിൽ നിന്ന് മാഞ്ഞിട്ടുണ്ടാകുമോ? കളങ്കമില്ലാത്ത വിശുദ്ധി ആ ശിഷ്യനെ കുരിശിന് മുന്നിൽ ശക്തനാക്കി. അമ്മയെ ചേർത്തുപിടിക്കാൻ അവനുണ്ടായി.
അമ്മയുടെ മകന്റേതായി എന്താണ് ഇനി അവശേഷിക്കുന്നത്? അമ്മ! വിട വാങ്ങും മുൻപ്, എത്രയും സ്നേഹം നിറഞ്ഞ തന്റെ അമ്മയെ നന്ദിഹീനരായ മനുഷ്യർക്ക് ആശ്രയമായി, മനുഷ്യരാശിക്ക് മുഴുവനും എന്നേക്കുമായി അവൻ തരുന്നു. അവനേകുന്ന രക്ഷക്കൊപ്പം രക്ഷകന്റെ അമ്മയേയും. അവളുടെ മരണത്തിന് പോലും വേർപ്പെടുത്താനാവാത്ത നിത്യമായ ഒരു ബന്ധം. ഉല്പത്തിയിൽ, വെളിപാടിൽ, പരാമർശിച്ചിരിക്കുന്ന സ്ത്രീ!
വിവരിക്കാനാവാത്ത വേദനയിൽ, മരണത്തിന്റെ വക്കിൽ, ശ്വാസമെടുക്കാനാവാതെ ആകാശത്തിനും ഭൂമിക്കുമിടയിൽ കിടക്കുമ്പോൾ ഉണങ്ങിവരണ്ട അവന്റെ ചുണ്ടുകൾ ചലിച്ചു…അമ്മക്ക് നമ്മളേയും നമുക്ക് അമ്മയേയും ഏൽപ്പിച്ചു തന്നു..
“Ecce Mater Tua” – ‘ഇതാ നിന്റെ അമ്മ’
തലമുറകൾ തോറും ഭാഗ്യവതി എന്ന് വിളിക്കേണ്ടവൾ…ആ അമ്മയുടെ ഭാഗ്യത്തിൽ ഉൾപ്പെട്ടതായിരുന്നു പിതാവ് പോലും കൈവിട്ട നിലയിൽ പുത്രനെ കാണേണ്ടി വന്ന ആ സഹനയാഗം.
ഇന്നും, ദ്രോഹചെയ്തികളാൽ സാവൂളിനെപ്പോലെ അവളുടെ പുത്രനെ വീണ്ടും വീണ്ടും നമ്മൾ പീഡിപ്പിക്കുന്ന കണ്ടിട്ടും, നമുക്ക് വേണ്ടി ദൈവസന്നിധിയിൽ മാധ്യസ്ഥം വഹിക്കുന്ന അവളുടെ ചെവികളിൽ മുഴങ്ങുന്നുണ്ടാവും അവളുടെ പുത്രന്റെ സ്വരം.. ഇതാ നിന്റെ മക്കൾ… പ്രാണൻ പറിഞ്ഞുപോകുന്ന വേദനയിൽ, രക്ത കണ്ണീരൊഴുക്കി പ്രാർത്ഥനക്കും പരിഹാരത്തിനുമായി നമ്മെ വീണ്ടും വീണ്ടും അവൾ വിളിക്കുന്നു…കാരണം നമ്മെ നഷ്ടപ്പെടുന്ന അവളുടെ മകന്റെ വേദന എത്രയെന്ന് അവൾ കണ്ടുകൊണ്ടിരിക്കുന്നു.
ഇതെല്ലാം അവർ സഹിക്കുമ്പോഴും, അവരെ നോക്കി ഒന്ന് കരയാൻ പോലും സാധിക്കാത്ത വിധത്തിൽ ഹൃദയകാഠിന്യത്തോടെ നമ്മൾ! പ്രാർത്ഥിക്കാം ഹൃദയം കീറിമുറിക്കപ്പെടാൻ.. എന്തിനൊക്കെയോ വേണ്ടിയുള്ള ഓട്ടവും അടിപിടിയും നിർത്തി ശാന്തരാകാൻ.. നിത്യതക്ക് ഉതകുന്നതിൽ ഹൃദയം ബന്ധിക്കപ്പെടാൻ…
നിൻ പീഡയോർത്തോർത്തു കണ്ണീരൊഴുക്കുവാൻ നൽകേണമേ നിൻ വരങ്ങൾ…
ജിൽസ ജോയ് ![]()


Leave a comment