ഈശോയെ, എന്റെ ജീവിതത്തിലെ ഈ പുതിയ പ്രഭാതത്തിൽ എനിക്കായുള്ള സഹനപാരമ്യത്തിൽ ക്രൂശിതനും എന്നോടുള്ള സ്നേഹനിറവിൽ ദിവ്യകാരുണ്യരൂപനുമായ അങ്ങയിൽ ഞാൻ പൂർണമായി ശരണപ്പെടുന്നു. അപ്പന്റെ കൈപിടിച്ച് നടക്കുന്ന ചെറുകുഞ്ഞിനെ പോലെ എല്ലാ കാര്യങ്ങൾക്കും അങ്ങയിൽ ആശ്രയിക്കാനും അങ്ങയുടെ സാന്നിധ്യത്തിൽ നിരന്തരം ആയിരിക്കുവാനും ഞാൻ ആഗ്രഹിക്കുന്നു. എന്റെ കുഞ്ഞ് സന്തോഷങ്ങളിൽ അങ്ങും പങ്കു ചേരുമെന്നും എന്റെ മുഖത്തെ പുഞ്ചിരി അങ്ങയുടെ മുഖത്തും പകരപ്പെടുമെന്നും എന്റെ കണ്ണിൽ നീരു പൊടിയുമ്പോൾ അങ്ങയുടെ കണ്ണിലും നനവ് പടരുമെന്നും ഈശോയെ ഞാനറിയുന്നു.
ഈശോയെ, എന്റെ ദിവസത്തിൽ ഞാൻ പലപ്പോഴും അങ്ങയുടെ സാന്നിധ്യം മറന്നു പോകുന്നു എങ്കിലും അങ്ങെന്റെ കൂടെയുണ്ട്. ഞാൻ തളർന്നു പോകുമ്പോൾ അവിടുന്ന് എന്നെ ആശ്വസിപ്പിക്കുന്നുണ്ട്. എന്റെ ഹൃദയം തകർന്നു പോകാൻ തുടങ്ങുമ്പോൾ അവിടുന്ന് എന്നെ ചേർത്ത് പിടിക്കുന്നുണ്ട്.
ഈശോയെ എന്നുള്ള എന്റെ ഒരു വിളിപ്പാടകലെ എന്റെ ആത്മീയവും ഭൗതികവുമായ ഏതു കാര്യത്തിലും എനിക്കായി ഇടപെടാൻ സന്നദ്ധനായി അങ്ങുണ്ട് എന്ന് എന്റെ ഹൃദയത്തിൽ അവിടുന്ന് ഇന്നു ബോധ്യം നൽകേണമേ.
ഈശോയെ, എന്റെ നാവ് ദാഹം കൊണ്ട് വരളുമ്പോഴും ഞാൻ വിശപ്പു കൊണ്ട് വലയുമ്പോഴും ഭൗതിക ഭക്ഷണത്തിലുപരിയായി ദിവ്യകാരുണ്യത്തിലൂടെ എന്റെ പൈദാഹങ്ങൾ ശമിപ്പിക്കുന്നു.
ഈശോയെ, എന്റെ ഏകാന്തതയിൽ ദൈവവചനത്തിലൂടെ അവിടുന്ന് നിരന്തരം എന്നോട് സംസാരിക്കുന്നു.
ഈശോയെ, അങ്ങയുടെ നാമം എന്റെ ചിന്തയിലും ഹൃദയത്തിലും അധരത്തിലും ഉയരുമ്പോൾ അങ്ങയുടെ തിരുഹൃദയം തുടിക്കുന്നു.അങ്ങേ മകളായ ഞാൻ എന്റെ ഹൃദയത്തിൽ അങ്ങയെക്കുറിച്ച് മനസിലായത് മറ്റുള്ളവരോട് സംസാരിക്കുന്നത് കേൾക്കുമ്പോൾ ഏതൊരു പിതാവിനെയും പോലെ അങ്ങ് അഭിമാനിക്കുന്നു.
അങ്ങയുടെ ഒരു നിസാരസൃഷ്ടിയാണ് ഞാനെങ്കിലും എന്റെ പേരു ചൊല്ലി വിളിച്ചു പാപലോകത്തിൽ നിന്നും നിത്യജീവനിലേയ്ക്ക് എന്നേക്കുമായി വേർതിരിച്ചു അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ചു അങ്ങയെ രക്ഷകനും നാഥനുമായി സ്വമനസാ സ്വീകരിക്കുന്ന ഏതൊരു മനുഷ്യനേയുമെന്നത് പോലെ എനിക്കും മകളുടേതായ സർവഅവകാശങ്ങളും സ്നേഹവും നൽകി എന്നുള്ള ഓർമ എന്നിൽ ഇന്നു നിരന്തരം ഉണർത്തേണമേ.
ഈശോയെ, നിറവോടെ അവിടുന്ന് സൃഷ്ടിച്ച ഞാൻ പലപ്പോഴും അങ്ങയുടെ സാന്നിധ്യത്തിൽ നിന്നും അകന്നു എന്റേതായ കുറവോടെ ജീവിക്കുമ്പോൾ, പാപത്തിൽ ജീവിക്കുമ്പോൾ അങ്ങയുടെ ഹൃദയം പിടയുന്നു, നൊമ്പരപ്പെടുന്നു. അകന്നു പോകുന്ന എന്നെക്കണ്ടു എന്റെ കുഞ്ഞേ എന്ന് വേദനയോടെ വിളിക്കുമ്പോൾ അങ്ങയുടെ സ്വരമിടറുന്നു. എങ്കിലും മനുഷ്യവ്യക്തി എന്ന നിലയിൽ ഈശോയുടെ കൂടെ നിൽക്കണമോ വേണ്ടയോ എന്നുള്ള എന്റേതായ സ്വാതന്ത്ര്യത്തെ അവിടുന്ന് പൂർണമായും മാനിക്കുന്നു.
എങ്കിലും ഈശോയെ, ഞാൻ അറിഞ്ഞോ അറിയാതെയോ പാപത്തിൽ വീണു പോയാലും നിരാശയോടെ ആ മരണത്തിന്റെ താഴ്വരയിൽ നിത്യമായി കിടക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നില്ല. ഞാൻ എന്റെ രക്ഷകനായ അങ്ങിലേയ്ക്ക് പ്രത്യാശയോടെ നോക്കിയാൽ മതി. വലിയ ശരണത്തോടെ അങ്ങയുടെ കരുണയിലേയ്ക്ക് തിരിച്ചു വന്നാൽ മതി.
ഈശോയെ, ഇന്നു ചെറുപാപത്തിൽ പോലും ആയിരുന്നു അങ്ങയെ വേദനിപ്പിക്കാതിരിക്കുവാനായി ചെറുതും വലുതുമായ പാപപ്രലോഭനങ്ങളിൽ വീഴാതെ ഇരിക്കുവാനുള്ള നിരന്തര ജാഗ്രതയും പുതിയ ഉണർവും ജ്ഞാനവും എന്റെ ആത്മാവിന് നൽകേണമേ.
ഈശോയെ, ഇന്നത്തെ ദിവസം എന്നിൽ ശിശുസഹജമായ വിശ്വാസത്തിന്റെ കണ്ണുകൾ ആന്തരികമായി തുറക്കേണമേ.
ഈശോയെ, എന്റെ സാഹചര്യങ്ങൾ പരിമിതമാണെങ്കിലും എന്റെ ശാരീരികവും മാനസികവും ആത്മീയവുമായ അവസ്ഥ എത്രയോ എളിയത് ആണെങ്കിലും എന്റെ ദൈവവും നിത്യപങ്കാളിയും സ്നേഹിതനും സഹോദരനുമായ അങ്ങയുടെ ചാരെ ആയിരുന്നാൽ ആശ്വാസദായകനായ അങ്ങേ പരിശുദ്ധാത്മാവിന്റെ സഹായത്താൽ ദൈവപിതാവിന്റെ ഹിതം അനുസരിച്ചു ജീവിക്കാമെന്നു എനിക്ക് മനസിലാക്കി തരേണമേ.
ഈശോയെ, അങ്ങാണ് എന്റെ വഴി.
ഈശോയെ, അങ്ങാണ് എന്റെ ഹൃദയത്തെ പ്രകാശിപ്പിക്കുന്ന സത്യം.
ഈശോയെ, അങ്ങാണ് എന്നിലെ നിത്യമായ ജീവൻ.
ഈശോയെ, എന്റെ ഇന്നിനെ പ്രകാശിപ്പിക്കേണമേ. അതിനെ ഏറ്റവും ഫലദായകമാക്കേണമേ.
ഈശോയെ, ഇന്നത്തെ ദിവസത്തിൽ ഉടനീളം അങ്ങയെ ഓർക്കുവാനും പ്രകൃതിയിലും എന്റെ ഭവനത്തിലും എന്നിലും എന്റെ ആത്മാവിലും അങ്ങെനിക്കൊരുക്കിയ ദൈവപരിപാലന കണ്ടു തെല്ലും യോഗ്യതയില്ലെങ്കിലും പൂർണമായും അങ്ങെന്റെ സ്വന്തമാണല്ലോ എന്നോർത്ത് അഭിമാനിച്ചു ഹൃദയം നിറഞ്ഞു കവിയുന്ന ദൈവസ്നേഹ പാരമ്യത്തിൽ അങ്ങയെ സ്തുതിക്കുവാനും അങ്ങയോടു ആന്തരിക സംഭാഷണം നടത്തുവാനും അവയൊക്കെയും അങ്ങയോടുള്ള എന്റെ പ്രാർത്ഥനയായി പകരുവാനും ഞാൻ കണ്ടുമുട്ടുന്ന ഓരോ മനുഷ്യരിലും അങ്ങയെ തന്നെ ദർശിക്കുവാനും അതിനനുസരിച്ചു അവരോടു ഇടപെടുവാനും എനിക്ക് ഇടയാകട്ടെ.
ആമേൻ
💕


Leave a comment