ഒരു മുൾക്കിരീടം മെടഞ്ഞ് അവർ അവന്റെ തലയിൽ വെച്ചു. പിന്നീട് അവന്റെ മേൽ തുപ്പാനും ഞാങ്ങണ കൊണ്ട് അവന്റെ ശിരസ്സിൽ അടിക്കാനും തുടങ്ങി. മറ്റുള്ളവർ അവന്റെ കണ്ണുകൾ മൂടി മുഖത്ത് പ്രഹരിച്ചുകൊണ്ട്, ‘നിന്നെ അടിച്ചവൻ ആരെന്ന് പ്രവചിക്കുക’ എന്ന് പറഞ്ഞു.
ഓ, പരിശുദ്ധനായ വിമോചകാ! ചുവന്ന മേലങ്കി ധരിച്ചിരിക്കുന്ന നിന്റെ കയ്യിൽ ചെങ്കോലിന് പകരമായി ഞാങ്ങണ തന്നിരിക്കുന്നു. മുൾക്കിരീടത്തിലെ കൂർത്ത മുനകൾ നിന്റെ ആരാധ്യമായ ശിരസ്സിൽ തുളച്ചു കയറിയിരിക്കുന്നു.
എന്റെ ആത്മാവേ, വേദനയുടെയും പരിഹാസത്തിന്റെയും ആ നേരത്ത്, നമ്മുടെ കർത്താവിൽ ചൊരിയപ്പെട്ട ദുരിതവും അപമാനവും കഷ്ടപ്പാടും നിനക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയില്ല.
അതിനാൽ ഞാൻ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. സ്വർഗ്ഗഭൂലോകങ്ങളുടെ രാജാവായി, ലോകവിമോചകനായി, ജീവിക്കുന്ന ദൈവത്തിന്റെ നിത്യസുതനായി, പരമോന്നതസ്തുതികൾ അർപ്പിക്കുന്നു.
ഓ, പീഡയനുഭവിക്കുന്ന എന്റെ രക്ഷകാ, ഓ, ഭൂലോകത്തിന്റെ അധിപനേ, ഒരു പരിഹാസരാജാവായി അങ്ങ് നിന്ദിക്കപ്പെട്ടു. രാജാക്കന്മാരുടെ രാജാവായും പ്രഭുക്കന്മാരുടെ തമ്പുരാനായും സ്വർഗ്ഗഭൂലോകങ്ങളുടെ പരമാധികാരിയായും ഞാൻ അങ്ങയെ വിശ്വസിക്കുന്നു, അങ്ങയെ ആരാധിക്കുന്നു.
ഓ യേശുവേ, മുള്ളുകൾ തുളച്ചു കയറിയതും ഞാങ്ങണയാൽ പ്രഹരിക്കപ്പെട്ടതും വേദനയാലും പരിഹാസത്താലും നിറഞ്ഞതുമായ അങ്ങേ തിരുശിരസ്സിനെ ഞാൻ ഭക്തിപൂർവ്വം വണങ്ങുന്നു.
അങ്ങയുടെ മുറിവുകളിൽ നിന്നൊഴുകുന്ന തിരുനിണത്തെ ഞാൻ ആരാധിക്കുന്നു. എല്ലാ സ്തുതിയും കൃതജ്ഞതയും സ്നേഹവും എന്നും അങ്ങേക്ക്.
ഓ ശാന്തനായ കുഞ്ഞാടേ, പാപത്തിന്റെ ബലിയാടേ, അങ്ങയെ എന്റെ ദൈവമായും രാജാവായും രക്ഷകനായും ഞാൻ ആരാധിക്കുന്നത് ഒരിക്കലും നിലക്കാതിരിക്കാൻ അങ്ങയുടെ ശിരസ്സിലെ മുള്ളുകൾ എന്റെ ഹൃദയത്തിൽ തീക്ഷ്‌ണമായ സ്നേഹത്തോടെ തുളഞ്ഞു കയറട്ടെ.
ഇതാ, ഓ ദൈവമേ, ഞങ്ങളുടെ സംരക്ഷകൻ..
അങ്ങയുടെ ക്രിസ്തുവിന്റെ മുഖത്തേക്ക് നോക്കൂ…
നമുക്ക് പ്രാർത്ഥിക്കാം. ഓ, സ്നേഹവാനായ ഞങ്ങളുടെ രക്ഷകാ, അങ്ങയുടെ എത്രയും ആരാധ്യമായ തിരുമുഖം സഹനങ്ങളാൽ വിരൂപമായത് കാണുമ്പോൾ, സ്നേഹം നിറഞ്ഞ അങ്ങേ തിരുഹൃദയം കാണുമ്പോൾ, വിശുദ്ധ അഗസ്റ്റിനൊപ്പം ഞാനും നിലവിളിക്കുന്നു, ‘കർത്താവായ യേശുവേ, എന്റെ ഹൃദയത്തിൽ അങ്ങേ തിരുമുറിവുകൾ പതിപ്പിച്ചുറപ്പിക്കണമേ. അങ്ങനെ ക്ലേശവും സ്നേഹവും എനിക്ക് ഗ്രഹിക്കാൻ കഴിയും. ക്ലേശം, അങ്ങയെ പ്രതി ഓരോ ക്ലേശവും സഹിക്കാൻ; സ്നേഹം, അങ്ങയെ പ്രതി എല്ലാ സ്നേഹത്തെയും ഉപേക്ഷിക്കാൻ. ആമ്മേൻ.
ഈശോമിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു, എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ രക്ഷിച്ചു.


Leave a comment