വംശാവലിയിലെ സ്ത്രീ രത്നങ്ങൾ

Women in Group

ഫാ. സിജോ കൊച്ചുമുണ്ടൻമലയിൽ


വി. മത്തായിയുടെ സുവിശേഷത്തിൽ വിവരിക്കുന്ന വംശാവലിയിലെ വിസ്മരിക്കാനാവാത്ത ഒരു സവിശേഷതയാണ് അതിലെ അഞ്ചു സ്ത്രീകളുടെ സാന്നിധ്യം. താമാർ, റാഹാബ്, റൂത്ത്, ഊറിയായുടെ ഭാര്യയായിരുന്ന ബെത്ഷേബാ, മറിയം എന്നിവരാണ് അവർ. പുരുഷന്മാരുടെ പേരുകളിൽ മാത്രം വംശാവലിയും അവകാശങ്ങളും നിലനിന്നിരുന്ന ഒരു പശ്ചാത്തലത്തിലാണ് മത്തായി ഈ സ്ത്രീ കഥാപാത്രങ്ങളെ വളരെ പ്രധാനപ്പെട്ട വ്യക്തികളായി അവതരിപ്പിച്ചിരിക്കുന്നത് എന്നത് മറന്നുകൂടാ. ആയതിനാൽ ഇവരെക്കുറിച്ചുള്ള ഒരു ചെറിയ വിശകലനം ഇവിടെ നടത്താം.

താമാർ
മത്തായിയുടെ വംശാവലിയിൽ ആദ്യം പ്രത്യക്ഷപ്പെടുന്ന സ്ത്രീ താമാർ ആണ് (മത്തായി 1:3). പെരെസിന്റെയും സേറയുടെയും പിതാവായ യൂദായെ രേഖപ്പെടുത്തിന്നിടത്താണ് അവരുടെ അമ്മയായ താമാറിനെ പരാമർശിക്കുന്നത്. അതിനു മുൻപ് രേഖപ്പെടുത്തിയ പൂർവ്വപിതാക്കന്മാരുടെ ഭാര്യമാരെപ്പോലും രേഖപ്പെടുത്താതെ യൂദായുടെ മാത്രം ഭാര്യയെ പരിചയപ്പെടുത്തുന്നതിൽ ചില പ്രത്യേകതകൾ ഉണ്ട്. താമാറിനെക്കുറിച്ചുള്ള വിവരണം ലഭിക്കുന്നത് ഉൽപ്പത്തി പുസ്തകത്തിൽ മുപ്പത്തിയെട്ടാമത്തെ അദ്ധ്യായത്തിൽ നിന്നാണ്. യാക്കോബിന്റെ മക്കളിൽ രാജത്വം നഷ്ടമാകില്ല എന്ന ആശീർവാദം കിട്ടിയ യൂദായുടെ (ഉൽപ്പ 49:10) മരുമകളായിരുന്നു താമാർ. യൂദായുടെ മൂത്തമകനായ ഏർ ആയിരുന്നു താമാറിന്റെ ആദ്യഭർത്താവ്. കർത്താവിന്റെ മുൻപിൽ ദുഷിച്ചവനായിരുന്ന ഏർ മരണമടയുന്നു. വിധവയായ താമാറിനെ യഹൂദനിയമപ്രകാരം (Levirate Marriage Custom) ഏറിന്റെ സഹോദരൻ ഓനാൻ വിവാഹം ചെയ്തെങ്കിലും അവളിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ അവൻ താത്പ്പര്യപ്പെട്ടില്ല. അവനെ കർത്താവ് ശിക്ഷിക്കുകയും അവൻ മരിക്കുകയും ചെയ്തു. യൂദായുടെ ഇളയമകനായ ഷേല പ്രായമാകാത്തതിനാലും അവനും മരിച്ചുപോയേക്കുമോ എന്ന ഭയത്താലും ഭർതൃപിതാവായ യൂദാ താമാറിനെ സ്വഭവനത്തിലേക്ക് മടക്കി അയക്കുകയായിരുന്നു.
എന്നാൽ യൂദാ തന്നെ മനഃപൂർവ്വം ഒഴിവാക്കിയതാണ് എന്ന് തിരിച്ചറിഞ്ഞ താമാർ ഒരു വേശ്യാസ്ത്രീയായി വേഷമണിയുകയും യൂദായിൽ നിന്ന് ഗർഭം ധരിക്കുകയും ചെയ്തു. മരുമകൾ തന്നിൽ നിന്നാണ് ഗർഭം ധരിച്ചത് എന്ന് തിരിച്ചറിഞ്ഞ യൂദാ തന്റെ മകനെ അവൾക്ക് ഭർത്താവായി നൽകാത്ത തെറ്റിനെ തിരിച്ചറിയുകയും അവളെ സ്വീകരിക്കുകയും ചെയ്തു. അവളിൽ നിന്നാണ് ദാവീദിന്റെയും തുടർന്ന് യേശുവിന്റെയും തലമുറ മുന്നോട്ട് പോകുന്നത്.

റാഹാബ്
സൽമോന്റെ ഭാര്യയായിത്തീർന്ന റാഹാബാണ് രണ്ടാമത്തെ സ്ത്രീ കഥാപാത്രം (മത്താ 1:5). അവൾ ബോവസിന്റെ അമ്മയായിരുന്നു എന്നാണ് മത്തായി പറയുന്നത്. ഇക്കാര്യത്തിൽ ചരിത്രപരമായി പല സംശയങ്ങളും ഉണ്ടായിട്ടുണ്ട്. സൽമോൻ റാഹാബിനെ വിവാഹം ചെയ്തു എന്ന് തെളിയിക്കുന്ന പഴയനിയമഭാഗം ഇല്ലായെന്നതാണ് ഇതിനു കാരണം. എന്നാൽ റാഹാബിനെക്കുറിച്ച് വളരെ വിവരണങ്ങൾ ലഭ്യമാണ്. ജോഷ്വായുടെ പുസ്തകത്തിൽ രണ്ടു മുതൽ ആറു വരെയുള്ള അദ്ധ്യായങ്ങളിലാണ് റാഹാബിനെക്കുറിച്ചുള്ള വിവരണം ഉള്ളത്. അവൾ ഒരു വേശ്യ ആയിരുന്നുവെങ്കിലും ജെറീക്കോ പട്ടണം നിരീക്ഷിക്കാൻ എത്തിയ ഇസ്രായേൽക്കാരായ രണ്ടുപേരെ സംരക്ഷിക്കുകയും മാത്രവുമല്ല അവരെ സുരക്ഷിതരായി ജനാലവഴി ഇറക്കിവിടുകയും ചെയ്തു. അവരെ സംരക്ഷിച്ചതിന് പ്രതിഫലമായി “വേശ്യയായ റാഹാബിനെയും അവളുടെ പിതൃഭവനത്തെയും വസ്തുവകകളേയും ജോഷ്വാ സംരക്ഷിച്ചു” (ജോഷ്വാ 6:25). റാഹാബിന്റെ ഈ പ്രവൃത്തി ഇസ്രായേൽക്കരുടെ ഇടയിൽ ശ്ലാഘനീയമായിരുന്നു (ഹെബ്രായ 11:31; യാക്കോ 2:25). ഈ റാഹാബാണ് ബോവാസിനു ജന്മം നൽകിയത് എന്നാണ് മത്തായി പറയുന്നത്.

റൂത്ത്
ബോവാസ് ഭാര്യയായി സ്വീകരിച്ച മോവാബ് ദേശക്കാരിയായ റൂത്താണ് മൂന്നാമത്തെ സ്ത്രീ കഥാപാത്രം (മത്താ 1:6). നാല് അദ്ധ്യായങ്ങളുള്ള ഒരു പുസ്തകം തന്നെ ബൈബിളിൽ റൂത്തിനെക്കുറിച്ചുണ്ട്. നവോമിയുടെ മരുമകളായിരുന്ന റൂത്ത് ബെത്ലെഹേമിലേക്ക് വരുന്നതും ഇസ്രായേൽക്കാരുടെ ഇടയിൽ നിലനിന്നിരുന്നതുമായ വീണ്ടെടുപ്പിന്റെ അവകാശം തന്റെ ബന്ധുവായ ബോവാസിനെ ഓർമ്മിപ്പിക്കുന്നതുമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. ബോവാസിന്റെ മെതിക്കളത്തിൽവച്ചു റൂത്ത് ബോവാസിന്റെ പാദത്തിനരികെ കിടക്കുന്നതും അനന്തരഫലമായി ഗ്രാമത്തിലെ ശ്രേഷ്ടന്മാരുടെ അനുവാദത്തോടെ റൂത്തിനെ ഭാര്യയായി സ്വീകരിക്കുന്നതും നമുക്ക് കാണാം. ഈ റൂത്തിലൂടെ ബോവാസിന് ജനിക്കുന്ന മകനാണ് ദാവീദിന്റെ പിതാമഹനായ ഓബെദ്.

ബേത്ഷേബ
മത്തായിയുടെ വംശാവലിയിൽ നാലാമതായി കാണുന്ന സ്ത്രീ കഥാപാത്രത്തിന്റെ പേര് കൃത്യമായി നൽകിയിട്ടില്ല. ഊറിയായുടെ ഭാര്യ (മത്താ 1:6) എന്ന സൂചന ബേത്ഷേബയെ ആണ് എന്ന് മനസിലാക്കാം. 2 സാമു 11-12 അദ്ധ്യായങ്ങളിലും 1 രാജാ 15:5 ലും ദാവീദിന്റെ പ്രവർത്തിയും അനന്തരഫലങ്ങളും കാണാം. ബെത്ഷേബായെ മോഹിച്ച ദാവീദ് അവളെ സ്വന്തമാക്കാൻ വേണ്ടി അവളുടെ ഭർത്താവായ ഊറിയായെ രഹസ്യഭാവേന കൊലപ്പെടുത്തുന്നു. എന്നാൽ എല്ലാമറിയുന്ന ദൈവമാകട്ടെ തന്റെ പ്രവാചകനായ നാഥാൻ വഴി ദാവീദിന്റെ തെറ്റിനെ കുറ്റപ്പെടുത്തുകയും ശിക്ഷ നൽകുകയും ചെയ്യുന്നത് കാണാം. തന്റെ തെറ്റിനെക്കുറിച്ച് ആത്മാർത്ഥമായി അനുതപിച്ച ദാവീദ് പിന്നീട് ബെത്ഷേബായെ ഭാര്യയായി സ്വീകരിക്കുകയും അവളിൽ നിന്ന് ജനിച്ച സോളമന് രാജത്വം കൈമാറുകയും ചെയ്യുന്നു (1 രാജാ 1-48).

മറിയം
ഈ വംശാവലിയിൽ കാണുന്ന അഞ്ചാമത്തേതും പരമപ്രധാനവുമായ സ്ത്രീകഥാപാത്രം യേശുവിന്റെ അമ്മയായ മറിയം തന്നെയാണ്. മറിയത്തിന്റെ പ്രാധാന്യം എടുത്തു പറയുവാൻ വേണ്ടി “മറിയത്തിന്റെ ഭർത്താവ് ജോസഫ്” എന്നും “അവളിൽ നിന്ന് ക്രിസ്തു എന്ന് വിളിക്കപ്പെടുന്ന യേശു ജനിച്ചു” (മത്താ 1:16) എന്നും പറഞ്ഞിരിക്കുന്നു. മറിയത്തിൽനിന്നുമുള്ള യേശുവിന്റെ ജനനം സംശയത്തോടെയാണ് മത്തായിയുടെ കാലഘട്ടത്തിലെ യഹൂദഗണം വീക്ഷിച്ചിരുന്നത്. യേശുവിനെ ജാരസന്തതി എന്ന് വിളിച്ചവരും ഉണ്ടായിരുന്നു (യോഹ 8:41). ഈ പശ്ചാത്തലത്തിൽ മറിയത്തിലൂടെ അത്ഭുതകരമായി അതായതു മനുഷ്യന് അപ്രാപ്യമെന്നു തോന്നുന്ന വിധത്തിൽ ദൈവീക ഇടപെടലിലൂടെ യേശു ജനിച്ചു എന്ന് പറയുവാനാണ് മത്തായി ശ്രമിക്കുന്നത്.

നിഗമനങ്ങൾ
വംശാവലിയിലെ സ്ത്രീകഥാപാത്രങ്ങളെ സംബന്ധിച്ച പഠനങ്ങളുടെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ നമുക്ക് പൊതുവായി അനുമാനിക്കാം;
ഒന്നാമതായി പുരുഷമേധാവിത്വം നിലനിന്നിരുന്ന ഒരു സമൂഹത്തിലാണ് ദൈവത്തിന്റെ പദ്ധതി ഒട്ടുംതന്നെ വിലകല്പിക്കാത്ത സ്ത്രീകളിലൂടെ മുന്നോട്ട് പോകുന്നത്. അതിനാൽ ദൈവദൃഷ്ടിയിൽ അവർ വളരെ പ്രധാനപ്പെട്ടവരാകുന്നു. ദൈവത്തിന്റെ കാഴ്ചപ്പാടിൽ സ്ത്രീയെന്നോ പുരുഷനെന്നോ വേർതിരിവ് ആവശ്യമില്ല എന്നും ദൈവം ഇരുകൂട്ടരെയും തന്റെ രക്ഷാകരപദ്ധതിയിൽ പങ്കാളികളാക്കുന്നു എന്നും മനസിലാക്കാം.
രണ്ടാമതായി വംശാവലിയിലെ അഞ്ചു സ്ത്രീകളിൽ നാലുപേരും വിജാതീയരായിരുന്നു. താമാറും റാഹാബും കാനാന്യസ്ത്രീകളും റൂത്ത് മൊവാബ്യ സ്ത്രീയും ഊറിയായുടെ ഭാര്യയായിരുന്ന ബേത്ഷേബാ ഹിത്യ സ്ത്രീയുമായിരുന്നു. വിജാതീയരായിരുന്നിട്ടും ഇവർ ദൈവീകപദ്ധതിയുടെ പ്രധാന പങ്കാളികളാകുന്നു. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ യഹൂദർ മാത്രമേ രക്ഷപ്രാപിക്കുകയുള്ളൂ എന്ന കാഴ്ചപ്പാടിന് നേർവിപരീതമാണ് ഈ വീക്ഷണം. വിജാതീയരായിരുന്നിട്ടും ദൈവീക പദ്ധതിയിൽ തന്ത്രപ്രധാനഭാഗങ്ങളിൽ കടന്നുവരുന്ന ഈ വിജാതിയസ്ത്രീകൾവഴി രക്ഷയുടെ സാർവ്വത്രീകതയാണ് വെളിപ്പെടുന്നത്.
മൂന്നാമതായി ഈ സ്ത്രീകളിൽ താമാറും റാഹാബും ബേത്ഷേബായും ഒരു പരിധിവരെ റൂത്തും വ്യഭിചാരപ്രവൃത്തിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. എന്നിരുന്നാലും ദൈവത്തിലുള്ള അവരുടെ അപരിമേയമായ വിശ്വാസം അവർക്ക് നീതിയായി ഭവിക്കുകയും മിശിഹാചരിത്രത്തിൽ തന്നെയും അവർ വ്യക്തമായ ഒരു ഇടം നേടുകയും ചെയ്യുന്നതും അതിശയം തന്നെയാണ്. മനുഷ്യന്റെ കുറവുകളേക്കാൾ ഉപരിയായി ദൈവത്തിന്റെ കരുണ പ്രകടമാകുന്ന സന്ദർഭങ്ങളാണ് ഇവർ വഴി അവതരിപ്പിച്ചിരിക്കുന്നത്. തെറ്റുകൾ ചെയ്യുന്ന മനുഷ്യന് തന്റെ മാനസാന്തര അനുഭവത്തിലൂടെയും ദൈവത്തിലുള്ള അപരിമേയമായ വിശ്വാസത്തിലൂടെയും ദൈവീക പദ്ധതിയിലേക്ക് കടന്നുവരുവാൻ സാധിക്കും എന്ന് നമുക്ക് മനസിലാക്കാം.

വംശാവലിയെ കുറിച്ച് കൂടുതൽ വായിക്കാൻ ആഗ്രഹിക്കുന്നവർ  ഫാ. സിജോ കൊച്ചുമുണ്ടൻമലയിൽ രചിച്ച “യേശുവിന്റെ വംശം”എന്ന പുസ്തകം വായിക്കുക.

https://carmelpublication.com/Cart/addtocart?product_id=1271


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

2 responses to “വംശാവലിയിലെ സ്ത്രീ രത്നങ്ങൾ”

Leave a reply to വാസാ സ്ത്രീ രത്നങ്ങൾ – Nelson MCBS Cancel reply