കർത്താവേ അത് ഞാനായിരിക്കട്ടെ…

1950 ലെ പെസഹാ വ്യാഴം. ഒല്ലൂർ കന്യാസ്ത്രീ മഠം. സമയം രാത്രി 9 നും 10 നും ഇടയിൽ. രാത്രിയിലെ ആരാധന 10 മുതൽ തുടങ്ങുന്നതുകൊണ്ട് മിണ്ടടക്കം ആരംഭിക്കുന്നത് 10 മണിക്ക്. താഴെ പൂമുഖത്തും പള്ളിയുടെ ഇറയത്തും നിന്നുകൊണ്ട് പുതുകന്യാസ്ത്രീകളും മറ്റും ചിരിച്ചു കലപിലകൂട്ടി സംസാരിക്കുന്നതുകണ്ട് വളരെ ദുഖവും വേദനയും തോന്നിയ എവുപ്രാസ്യമ്മ അവരെ വിളിച്ച് സങ്കടത്തോടെ ഇങ്ങനെ പറഞ്ഞു,

“കർത്താവ് ഇതാ ഗദ്സെമനിയിൽ ചോര വിയർത്ത് മരണവേദന അനുഭവിച്ച് പൂങ്കാവനത്തിൽ തളർന്നുവീഴുന്നു. പുതുകന്യാസ്ത്രീകൾ അവിടുത്തെ ആശ്വസിപ്പിക്കുന്നതിന് പകരം ചിരിച്ചുല്ലസിച്ചു നടക്കുന്നു. കർത്താവിന്റെ ദുഃഖം കൂട്ടുകയല്ലേ നിങ്ങൾ?”

ഇത് കേട്ട് അവർ ” ഞങ്ങൾക്ക് തെറ്റി അമ്മേ, മേലിൽ സൂക്ഷിച്ചോളാം” എന്നുപറഞ്ഞ് വേഗം പള്ളിയിലേക്ക് പോയി. ഈശോയുടെ പാടുപീഡകളെ ക്കുറിച്ചുള്ള ധ്യാനം വിശുദ്ധയായ എവുപ്രാസ്യമ്മക്ക് ഹൃദയഭേദകമായിരുന്നു. എവുപ്രാസ്യമ്മയുടെ പ്രാർത്ഥന പുസ്തകത്തിൽ നിന്നെടുത്ത ഒരു ധ്യാനപ്രാർത്ഥനയിലൂടെ നമുക്കും അമ്മയുടെ കൂടെ ചേരാം..

‘ഈശോ പൂങ്കാവനത്തിൽ പ്രവേശിച്ച് പ്രാർത്ഥിക്കുന്നതായി നിരൂപിക്ക. മുട്ടിന്മേൽ നിന്നുകൊണ്ട് ആകാശത്തിലേക്ക് നേത്രങ്ങളെ ഉയർത്തി മഹാ എളിമയോടുകൂടി സാഷ്ടാംഗം ചെയ്ത് തൻറെ പരമപിതാവിനെ ആരാധിക്കുന്നു. ദൈവനീതിക്കുത്തരിപ്പാനായി താൻ സഹിപ്പാൻ പോകുന്ന പീഡകൾ ഓരോന്നായി തന്റെ ബോധ്യത്തിൽ പ്രത്യക്ഷപ്പെടുന്നു. യൂദാസിന്റെ ചുംബനം, ചമ്മട്ടിയടി, മുൾമുടി, കുരിശുമരണം, സ്നേഹത്തിന്റെ കൂദാശയാൽ ലോകാവസാനത്തോളം സഹിക്കുവാനുള്ള നിന്ദനങ്ങള്‍, ദ്രോഹങ്ങൾ, ഇവയെല്ലാം അനുഭവിച്ചാലും അനേകർ ഇവയുടെ ഫലമെടുക്കാതെ നശിച്ചുപോകുമെന്നുള്ളത്, തന്റെ തിരുമാതാവിന്റെ വ്യാകുലതകൾ , പിൽക്കാലത്ത് തന്നിൽ വിശ്വസിക്കുന്നവർ അനുഭവിപ്പാനിരിക്കുന്ന ഞെരുക്കങ്ങൾ …മുതലായവയെല്ലാം തനിക്ക് പ്രത്യക്ഷപ്പെടുന്നു. അലിവേറിയ തന്റെ ഹൃദയത്തെ ഇത് എത്രമാത്രം വേദനപ്പെടുത്തി എന്ന് ചിന്തിക്ക. തന്റെ പീഡകളേക്കാൾ തന്റെ മക്കളുടെ പീഡകൾ ഓർത്ത് താൻ കൂടുതൽ വ്യാകുലപ്പെട്ടു. തളർന്നു. നിലം ചേർന്ന് വീഴുകയും പിതാവേ! ഈ കാസ എങ്ങനെ ഞാൻ കുടിക്കും? എന്ന് ആവലാതിപ്പെടുകയും ചെയ്യുന്നു . സങ്കടത്തിന്റെ ശക്തിയാൽ രക്തം വിയർക്കുന്നു. ഒരു ആശ്വാസവാക്ക് പറയാൻ പോലും ആരുമില്ല.

നീ അപ്പോൾ അവിടെ സന്നിഹിതനായിരുന്നെങ്കിൽ എന്തുചെയ്‌തേനെ ? അതിപ്പോൾ ചെയ്യുക. അന്നത്തെ വ്യാകുലാവസ്ഥയിലാണ് ഇന്നും വിശുദ്ധ കുർബ്ബാനയിൽ അവിടുന്ന് സ്ഥിതിചെയ്യുന്നത്. വാടിതളർന്ന മുഖത്തോടും രക്തം കലർന്ന കണ്ണുനീരോടും കൂടെ നിന്നെ നോക്കി , ‘മകനെ, മകളേ, ഒരു മണിക്കൂർ എങ്കിലും ഉണർന്നിരുന്ന് എന്നെ ആശ്വസിപ്പിക്കുകയില്ലയോ’ എന്ന് ചോദിക്കുന്നതായി വിചാരിക്ക. ഇന്നും ആശ്വാസത്തിനായി തന്നെ സ്നേഹിക്കുന്നവരെ താൻ തേടുന്നു. വിശ്വസിക്കുകയും തന്നെ ആരാധിക്കുകയും ചെയ്യാത്തവർക്ക് പകരമായി ആരാണവിടുത്തെ അധികം സ്നേഹിക്കുക? കർത്താവേ അത് ഞാനായിരിക്കട്ടെ.

ഏകാന്തതയിലായിരിക്കുന്ന ഈശോയെ, അങ്ങേ പാടുപീഡകളുടെ ഓർമ്മ എന്നിൽ നിലനിർത്തണമേ. ചോര വിയർപ്പായി ഒഴുകാൻ മാത്രം അങ്ങുന്നനുഭവിച്ച പീഡകൾ ഓർത്ത് വിലപിക്കാൻ എനിക്കനുഗ്രഹം തരണമേ. പാപികൾ ചെയുന്ന ദ്രോഹങ്ങളും , താൻ അധികം സ്നേഹിച്ചവരുടെ വിശ്വസ്തതകുറവുകളും അങ്ങയെ വേദനിപ്പിച്ചല്ലോ. പ്രത്യേകിച്ചും എന്റെ നന്ദികേടുകളും പാപങ്ങളും അങ്ങേ മരണവിയർപ്പിന് കാരണമായിട്ടുണ്ടെന്ന് ഞാനറിയുന്നു.

ദിവ്യപൂജ വഴിയായി രക്ഷാനാഥൻ തന്റെ കഷ്ടാനുഭവങ്ങളെ ഇപ്പോൾ ലോകത്തിന്റെ ഏതെല്ലാം ഭാഗങ്ങളിൽ പുത്തനാക്കുകയും നമുക്കുവേണ്ടി പരമപിതാവിനെ ആരാധിക്കയും അവിടുത്തേക്ക് സ്തോത്രം ചെയ്യുകയും ചെയ്യുന്നുവോ ആ ബലികളോടെല്ലാം ഞാനും ആഗ്രഹത്താൽ ചേർന്നുകൊണ്ട് ആകാശത്തിലും ഭൂമിയിലുമുള്ള സകല ചരാചരസൃഷ്ടികളോടും കൂടി അങ്ങേ ആരാധിച്ചാശ്വസിപ്പിച്ച് സ്തോത്രം ചെയ്യുന്നു .

ആമ്മേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment