വിശുദ്ധ കുർബ്ബാനയെപറ്റി പറയാതെങ്ങനാ ശരിയാവുന്നേ…
ലോകത്തിൽ ജീവിക്കുന്ന അവസാനത്തെ പാപിക്കു പോലും രക്ഷയാകുവാനാണ് ഈശോ വിശുദ്ധ കുർബ്ബാനയായി മാറിയത്. ദൈവജനം അൾത്താരക്ക് ചുറ്റും സന്നിഹിതരായി ഈശോയുടെ മരണ-ഉത്ഥാനങ്ങൾ അനുസ്മരിക്കുന്നു, ആചരിക്കുന്നു, ആഘോഷിക്കുന്നു. ഈ ഒത്തുചേരലിൽ ക്രിസ്തു സന്നിഹിതനാകുമ്പോൾ പ്രപഞ്ചം മുഴുവൻ അവിടെ കൂട്ടിച്ചേർക്കപ്പെടുന്നു.
‘അന്ത്യ അത്താഴവേളയിൽ, യേശു തന്നെത്തന്നെ നൽകിക്കൊണ്ടും തന്നോട് ആത്മശരീരത്തിൽ ഐക്യപ്പെട്ട പുതിയൊരു സമൂഹത്തിന് രൂപം നൽകിക്കൊണ്ടും തിരുസഭക്ക് അടിസ്ഥാനമിട്ടു’ (ബെനഡിക്റ്റ് പതിനാറാമൻ പാപ്പ). പരസ്പരം സഹായിക്കാനും ശുശ്രൂഷിക്കാനും വിനീതരാകാനും മറ്റുള്ളവരോട് ആദരവ് കാണിക്കാനുമുള്ള ക്രൈസ്തവമനോഭാവം, നമ്മുടെ മിശിഹാ പരിശീലിപ്പിക്കുകയായിരുന്നു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ശുശ്രൂഷയുടെ മാതൃക നൽകിക്കൊണ്ട്. ക്രിസ്തു സമാരംഭിച്ച പുതിയ സഭാസമൂഹത്തിന് ഉണ്ടായിരിക്കേണ്ട അടിസ്ഥാനഭാവങ്ങളാണ് അവിടെ കാണിച്ചുതന്നത്. മറ്റുള്ളവരെ തങ്ങളെക്കാൾ ശ്രേഷ്ഠരായിക്കണ്ട് ശുശ്രൂഷിക്കുന്നവരായിരിക്കണം സഭാതനയർ എന്ന് ഈശോ അതിലൂടെ പഠിപ്പിച്ചു. ശുശ്രൂഷ ഇല്ലാത്ത ബലിയർപ്പണവും, മിശിഹായായി മാറാൻ കഴിയാത്ത ദിവ്യകാരുണ്യഅനുഭവവും മിശിഹായുടെ ബലിയോട് യോജിച്ചു പോവുന്നില്ല.
രക്ഷാകര സംഭവങ്ങളുടെ പരിപൂർത്തി ആവാനിരുന്ന സഹനമരണത്തിന്റെ തലേരാത്രി, വിശുദ്ധ കുർബ്ബാന സ്ഥാപിക്കാനും സ്നേഹത്തിന്റെയും കരുണയുടെയും ആർദ്രത പ്രകടിപ്പിച്ച കാൽകഴുകൽ ശുശ്രൂഷക്കുമായി തിരഞ്ഞെടുത്തു. തന്നോടുകൂടിയുള്ള പങ്കാളിത്തത്തിന് അങ്ങനെയൊരു ക്ഷാളനം ആവശ്യമാണെന്ന് അറിയിച്ചു. തന്റെ ശരീരം ഭക്ഷിക്കാനും തന്റെ രക്തം പാനം ചെയ്യാനും, ശാരീരികവും ആത്മീയവുമായ ശുദ്ധി വരുത്തണം എന്നുകൂടിയാണ് ഈശോ പഠിപ്പിച്ചത്.
ഒരു ആരാധനസമൂഹമായി നമ്മൾ തിരഞ്ഞെടുക്കപ്പെടുന്നത് തന്നെ അന്ത്യഅത്താഴശുശ്രൂഷയിലേക്കും ഈശോയുടെ ശരീരമായ സഭയിലേക്കുമാണ്. തന്റെ വധുവായ സഭക്ക് ഈശോ നൽകിയ ഏറ്റവും വലിയ സമ്മാനമാണ് വിശുദ്ധ കുർബ്ബാനയാകുന്ന യാഗാർപ്പണം. തിരുസഭയുടെ പരമമായ ആരാധന. ഈ ലോകത്തിലെ സഭയുടെ മുഴുവൻ ശുശ്രൂഷകളും വിശുദ്ധ കുർബ്ബാനയിൽ നിന്നും ശക്തി സംഭരിക്കത്തക്ക വിധമാണ് ഈശോ ഈ കുർബ്ബാന സ്ഥാപിച്ചത്. സ്വർഗ്ഗത്തെയും ഭൂമിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ശക്തമായ കണ്ണിയാണത്. ദൈവത്വവും മനുഷ്യത്വവും ഒത്തുചേർന്ന യേശുവിന്റെ ശരീരത്തെ ബലിവസ്തുവാക്കിയും മാംസത്തിന്റെയും രക്തത്തിന്റെയും രൂപസാദൃശ്യത്തിൽ നിത്യജീവനുവേണ്ടിയുള്ള അമർത്യതയുടെ ഭക്ഷണമാക്കിയും വിശുദ്ധ കുർബ്ബാന സ്ഥാപിച്ചപ്പോൾ ഈശോ നിർവഹിച്ച പുരോഹിതശുശ്രൂഷയുടെ കൗദാശിക തുടർച്ചയാണല്ലോ സഭയിലെ പൗരോഹിത്യ ശുശ്രൂഷ.
‘സ്വർഗ്ഗം ഭൂമിയിൽ’ എന്നാണ് വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ വിശുദ്ധ കുർബ്ബാനയെ പറ്റി പറയുന്നത്. യാന്ത്രിക ഭാഗഭാഗിത്വത്തിനപ്പുറത്തേക്ക് പോകാൻ കഴിയാതെ, കഥ അറിയാതെ ആട്ടം കാണുന്നവരെപ്പോലെയും ഫലം പുറപ്പെടുവിക്കാത്ത വൃക്ഷത്തിനെപ്പോലെയും പരിശുദ്ധ കുർബ്ബാനയുടെ ജീവൻ ആസ്വദിക്കാത്ത വെറും കാഴ്ചക്കാരായി മാറരുത് നമ്മൾ. ഒന്നിച്ചു ചേർക്കുന്ന കൂദാശയായ വിശുദ്ധ കുർബ്ബാനയുടെ ആരാധനാക്രമത്തിന്റെ പേരിൽ വിഭജനം ഉണ്ടാകുന്നത് തന്നെ എത്ര വേദനാജനകമാണ്. ക്രിസ്തുവിന്റെ അപരിമേയമായ സ്നേഹത്തിന്റെ കൂദാശയായ, അവന്റെ ജീവരക്തം ഊറ്റിനൽകുന്ന, നിത്യജീവന് നമ്മെ അർഹരാക്കുന്ന സ്വർഗീയ രഹസ്യമായ വിശുദ്ധ കുർബ്ബാനയിൽ, സ്നേഹത്തോടെ, ഐക്യത്തോടെ പങ്കുചേരാം.


Leave a comment