ഫ്രാൻസീസ് പാപ്പയുടെ മരിയ വിചാരങ്ങൾ 6
സഭയുടെ പ്രതിച്ഛായയും മാതൃകയുമായ മറിയം
2013 ഒക്ടോബർ മാസം ഇരുപത്തിമൂന്നാം തീയതി വിശുദ്ധ പത്രോസിൻ്റെ ചത്വരത്തിൽ നടന്ന ജനറൽ ഓഡിയൻസിൽ ഫ്രാൻസീസ് സഭയെക്കുറിച്ചുള്ള മതബോധനത്തിൽ പരിശുദ്ധ കന്യകാ മറിയത്തെ സഭയുടെ പ്രതിച്ഛായയും മാതൃകയുമായി അവതരിപ്പിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ജനതകളുടെ പ്രകാശം എന്നപ്രമാണ രേഖയെ ആസ്പദമാക്കിയായിരുന്നു ഫ്രാൻഡീസ് പാപ്പയുടെ പ്രബോധനം. ജനതകളുടെ പ്രകാശത്തിൽ “വിശുദ്ധ ആംബ്രോസ് പിതാവിൻ്റെ പഠനം അംഗീകരിച്ച് ദൈവമാതാവ് വിശ്വാസം, സ്നേഹം, ക്രിസ്തുവുമായുള്ള പൂർണ്ണ ഐക്യം എന്നിവയിൽ സഭയുടെ ഒരു മാതൃകയാണ്” ( 63) എന്നുപഠിപ്പിക്കുന്നു
1) മറിയം വിശ്വാസത്തിന്റെ മാതൃക
മറിയം സഭയുടെ വിശ്വാസത്തെ പൂർണ്ണമായി ഉൾക്കൊണ്ട വ്യക്തിയാണ്. എളിമയുള്ള ഒരു യഹൂദ പെൺകുട്ടിയായ അവൾ തന്റെ ജനങ്ങളുടെ വീണ്ടെടുപ്പിനായി കാത്തിരുന്നു, മംഗളവാർത്തിയിൽ മാലാഖയുടെ സന്ദേശത്തോട് പൂർണ്ണ വിശ്വാസത്തോടെ പ്രതികരിച്ചു. മറിയത്തിൻ്റെ വിശ്വാസം പൂർണ്ണമായും ഈശോയിൽ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ദൈവവുമായുള്ള ആഴത്തിലുള്ള ആത്മീയ കൂട്ടായ്മയിൽ തുടരുന്നതിനിടയിയിലും സാധാരണ ദിനചര്യകളിലൂടെ അവൾ ഈ വിശ്വാസം ജീവിച്ചു. ജീവിത പരീക്ഷണങ്ങളുടെ മധ്യത്തിലും “അതെ” എന്നു പറയാൻ മറിയം പക്വത നേടിയിരുന്നു, കുരിശിൻ ചുവട്ടിൽ അവൾ നമ്മെയെല്ലാം മക്കളായി സ്വീകരിച്ചു. കഷ്ടപ്പാടുകളുടെയും അനിശ്ചിതത്വത്തിന്റെയും സമയങ്ങളിൽ പോലും ദൈവത്തിൽ വിശ്വസിക്കാൻ മറിയം സഭയെ പഠിപ്പിക്കുന്നു.
2) മറിയം സ്‌നേഹനത്തിൻ്റെ മാതൃക
തന്റെ നിസ്വാർത്ഥ ശുശ്രൂഷയിലുടെ മറിയം സ്നേഹത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ്. എലിസബത്തിനെ സന്ദർശിച്ചതിലൂടെ, അവൾ സഹായം മാത്രമല്ല, ഈശോയെത്തന്നെയും കൊണ്ടുവന്നു അവരുടെ ഭവനത്തെ സന്തോഷവും പരിശുദ്ധാത്മാവും കൊണ്ട് നിറവുമുള്ളതാക്കി. മറിയയെപ്പോലെ സഭ ക്രിസ്തുവിനെ മറ്റുള്ളവരിലേക്ക് കൊണ്ടുവരാൻ വിളിക്കപ്പെട്ടിരിക്കുന്നു. ശുശ്രൂഷയിലുടെ മാത്രമല്ല, അവന്റെ സാന്നിധ്യം പങ്കുവെച്ചുകൊണ്ട്. നമ്മുടെ സമൂഹങ്ങളിൽ കുടുബങ്ങളിൽ ഈശോയുടെ സ്നേഹത്തെ നാം യഥാർത്ഥത്തിൽ സ്നേഹിക്കുന്നുണ്ടോ, അതോ ന്യായവിധിയും സ്വാർത്ഥതയും നമ്മുടെ ബന്ധങ്ങളെ അടയാളപ്പെടുത്തുന്നുണ്ടോ?
3) ഈശോയുമായുള്ള ഐക്യത്തിന്റെ മാതൃകയാണ് മറിയം
മറിയം എല്ലാ കാര്യങ്ങളിലും ഈശോയോടു ഐക്യപ്പെട്ടു, കാൽവരിയിൽ അവനുമായുള്ള പീഡാസഹനത്തിൽ അവൾ ഒന്നിച്ചു. ഈശോയുമായുള്ള അവളുടെ അനുസരണവും ആഴത്തിലുള്ള കൂട്ടായ്മയും സഭയ്ക്ക് മാതൃകകളാണ്. എപ്പോഴും ഈശോയോടു അടുത്തുനിൽക്കാൻ അവൾ നമ്മെ പഠിപ്പിക്കുന്നു പ്രത്യേകിച്ച് പരീക്ഷണങ്ങളുടെ തീവ്രാനുഭവങ്ങളിൽ.
ഈശോയോടു ചേർന്നു നിന്ന അമ്മയോടു നമുക്കുംചേർന്നു നിൽക്കാം.
ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment