ദിവ്യ കാരുണ്യം: നിസാരയായ എന്നിൽ വരാൻ എന്നിലും ചെറുതാകുന്ന ഈശോ.
മാനുഷിക നേത്രങ്ങളിലൂടെ ദിവ്യകാരുണ്യ ഈശോയെ നോക്കുമ്പോൾ ഈ ലോകത്തിൽ അവിടുന്നു എത്രയോ നിശബ്ദനും നിസാരനും ചെറിയവനുമാണ് എന്ന് ഒറ്റ നോട്ടത്തിൽ തോന്നിയേക്കാം.
എന്നാൽ ഏറ്റവും നിസാരയും നിസ്സഹായയും പാപിയും ചെറുതുമായ ഒരാത്മാവിന് അവിടുത്തോട് അടുക്കാൻ ശിശു സഹജമായ വിധത്തിൽ ഭയം തോന്നാതെ ഇരിക്കുവാനും മനുഷ്യഹൃദയങ്ങളിൽ ഉപാധികൾ ഇല്ലാതെ സ്വീകരിക്കപ്പെടുവാനുമാണ് ഈശോ നമ്മുടെ മുൻപിൽ ചെറുതായിരിക്കുന്നത്.
നമ്മുടെ ഹൃദയത്തിൽ ദിവ്യകാരുണ്യമായി എഴുന്നള്ളി വരുമ്പോൾ ദൈവവചനമായി വസിക്കുമ്പോൾ, നമ്മുടെ ഹൃദയത്തിൽ അപ്പോൾ ഉള്ളത് മാത്രം മതി ഈശോയ്ക്ക്. മുന്നറിയിപ്പില്ലാതെ പെട്ടെന്ന് വന്നു കയറുന്ന അടുത്ത ബന്ധുക്കൾ ഉള്ളത് പങ്കിട്ടു ഒന്നിച്ചു താമസിക്കുന്നത് പോലെ, നമ്മുടെ ഹൃദയത്തിൽ ഈശോയും ശരിക്കുമൊരു വിരുന്നുകാരനല്ല, വീട്ടുകാരൻ തന്നെയാണ്. നമ്മിലുള്ളത് അവിടുത്തേയ്ക്ക് മതി.
എന്നാൽ ഈശോ എന്ന ദൈവമനുഷ്യനെ കുറിച്ച് ഓരോ മനുഷ്യരുടെയും അറിവ് എത്രയോ പരിമിതമാണ്.
വളരെ ഇഷ്ടത്തോടെ പഠിച്ചു ദൈവശാസ്ത്രത്തിൽ ബിരുദങ്ങൾ നേടുന്നവരുണ്ടാകാം. ദൈവവചനം നിരന്തരം വായിക്കുന്നവർ ഉണ്ടാകാം. ആത്മീയ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നവരുണ്ടാകാം. ഒരു ദിവസം പോലും മുടക്കാതെ പരിശുദ്ധ കുർബാനയിൽ സംബന്ധിച്ച് ഈശോയെ സ്വീകരിക്കുന്നവർ ഉണ്ടാകാം.
ഈശോ ആഗ്രഹിക്കുന്ന രീതിയിൽ ഈശോയെ സ്നേഹിക്കുന്ന അനേകർ ഉണ്ടാകാം.
എന്നാൽ ഈശോയും ഞാനും ആയുള്ള ബന്ധം എങ്ങനെയാണ്!
ഒരു വ്യക്തിപരമായ ബന്ധമാണോ?
അതോ സ്റ്റേജിൽ നിൽക്കുന്ന ഒരു സെലിബ്രിറ്റിയെ നോക്കുന്നത് പോലെ ആൾക്കൂട്ടത്തിനിടയിൽ എവിടെയോ നിന്ന് ഇപ്പോഴും ഈശോയെ നോക്കുന്ന ആളാണോ ഞാൻ…
ഇന്നു ഈ നിമിഷം ഈ ഭൂമിയിൽ ഞാൻ ആയിരിക്കുമ്പോൾ എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് ഈശോ ആണെന്ന് എന്റെ ഹൃദയത്തിന് മനസിലായിട്ടുണ്ടോ?
എന്റെ ഹൃദയം പാപിയായ എനിക്കായി മുറിഞ്ഞ ഈശോയുടെ തിരുഹൃദയത്തെ തിരിച്ചറിഞ്ഞിട്ടുണ്ടോ?
എനിക്കാവുന്ന ഒരുക്കത്തോടെ കുമ്പസാരിച്ചു ഈശോയിൽ ആശ്രയിച്ചു കൊണ്ട് സ്നേഹത്തോടെ പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോൾ ഒരിക്കലെങ്കിലും എന്റെ ഹൃദയം സ്നേഹത്താൽ നിറഞ്ഞു കവിയുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ?
ജീവിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം സമ്പത്തിന്റെ അളവ് അല്ല നിറവിന്റെ അളവുകോൽ. എല്ലാ സമ്പത്തിന്റെയും സൃഷ്ടാവായ ദൈവം/ ഈശോ എന്റെ സ്നേഹശൂന്യവും അനാകർഷകവും ദരിദ്രവുമായ ഹൃദയത്തിൽ വലിയ കാരുണ്യത്തോടെ ഒരിക്കൽ എങ്കിലും ദിവ്യകാരുണ്യമായോ ദൈവവചനമായോ എഴുന്നള്ളി വരുവാൻ ഇടയായാൽ ഒരു മനുഷ്യവ്യക്തി എന്ന നിലയിൽ അതിൽപരം വേറേ എന്ത് ബഹുമാനവും സമ്പന്നതയുമാണ് എനിക്ക് വേണ്ടത്!
“അവന്റെ ഇഷ്‌ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍, അവിടുന്നു നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും എന്നതാണു നമുക്ക് അവനിലുള്ള ഉറപ്പ്.”
(1 യോഹന്നാന്‍ 5 : 14)
ഈ ഉറപ്പു എനിക്കുണ്ടോ?
ഒരു ആത്മാവിനെ സ്നേഹത്തിൽ ആദ്യം മെനയുമ്പോൾ അതിന്റെ ജീവിതകാലത്തും നിത്യതയിലും എത്രയോ സ്നേഹമാണ് അതിനു വ്യക്തിപരമായി കൊടുക്കാൻ ഈശോ ആഗ്രഹിക്കുന്നത്.
ജീവിതം രൂപീകൃതമാകുന്ന ശൈശവത്തിലും ബാല്യത്തിലും ആത്മാവിന്റെ ഉള്ളിൽ അവിടുന്ന് നൽകുന്ന അറിവനുസരിച്ചു ഈശോയെ കുറിച്ചുള്ള സ്നേഹം നിറയും.
ആദ്യമൊക്കെ നമ്മൾ ഈശോയെ സ്നേഹിക്കുന്ന മറ്റുള്ളവരെ അത്ഭുതത്തോടെ നോക്കും. ഇവരൊക്കെ എത്രയോ ഉന്നതമായ രീതിയിൽ അവിടുത്തെ സ്നേഹിക്കുന്നു എന്ന്.
ചെറുതായിരുന്നപ്പോൾ വീടിന്റെ സമീപേയുള്ള ആരാധന മഠത്തിൽ ആഴ്ചയിൽ ഒരു ദിവസം സമീപ പ്രദേശത്തുള്ള കുട്ടികൾക്ക് സിസ്റ്റർമാരോടൊപ്പം ഒത്തുകൂടി പ്രാർത്ഥിക്കുകയും എപ്പോഴും ഈശോ എഴുന്നള്ളിയിരിക്കുന്ന നിത്യാരാധന ചാപ്പലിൽ പ്രവേശിച്ചു ഈശോയെ ആരാധിക്കുകയും ഒക്കെ ചെയ്യാമായിരുന്നു. എല്ലാ ശനിയാഴ്ചയും ആയിരുന്നു എന്നാണ് ഓർമ.
അന്ന് ആ ചെറുകൂട്ടായ്മയുടെ പേര് Eucharistic kids എന്നോ മറ്റോ ആയിരുന്നു.
അന്നത്തെ കാലത്തു ആ പേരിന്റെ അർത്ഥമോ വ്യാപ്തിയോ എനിക്കറിയുമായിരുന്നില്ല.
എന്നാലും ആ നിത്യാരാധന ചാപ്പലും അവിടെ എപ്പോഴും സ്നേഹിക്കപ്പെടുന്ന ഈശോയും ഹൃദയത്തിൽ ഒരിക്കലും മറക്കാത്ത ഓർമകളിൽ ഒന്നാണ്.
ആ ചാപ്പലിൽ ഇരിക്കുമ്പോൾ ജീവിതകാലത്തിന്റെ ഭൂരിഭാഗവും ഈശോയെ ആരാധിക്കാനായി ചിലവഴിച്ച ഒത്തിരി പ്രായമേറിയ സിസ്റ്റർമാരെയും എന്നാൽ അതോടൊപ്പം തന്നെ മഠത്തിൽ പ്രവേശിച്ചു അധികം നാളുകൾ ആകാത്ത അർത്ഥിനികളെയും ഒരു വർഷം പിന്നിട്ടവരെയും രണ്ടു വർഷം പിന്നിട്ടവരെയും നോവിഷ്യേറ്റിൽ ഉള്ളവരെയും കാണാമായിരുന്നു.
എല്ലാവരുടെയും മുഖം ദിവ്യകാരുണ്യ പ്രഭയിൽ പ്രകാശിതമായിരുന്നു.
അവിടെ ചിലവഴിച്ച നിമിഷങ്ങൾ ഒരു സ്വർഗീയ സദസ്സിൽ ആയിരിക്കുക എന്നത് പോലെ നവമായ ആത്മീയാനുഭവം നൽകുന്ന ഒന്നായിരുന്നു.
അന്ന് സാധിക്കുന്ന ദിവസങ്ങളിൽ ഒക്കെയും പോകുമായിരുന്നു എന്നല്ലാതെ സിസ്റ്റർമാരിൽ ആരെയും വ്യക്തിപരമായി അറിയുമായിരുന്നില്ല, അടുപ്പവും ഉണ്ടായിരുന്നില്ല. എങ്കിലും എട്ടോ ഒൻപതോ വയസുള്ള സമയത്തു നിത്യാരാധന ചാപ്പലിലെ ഈശോയുടെ അടുത്തു കുറച്ചു കൂടുതൽ നേരം ഇരിക്കുവാൻ സാധിച്ചു.
ഈശോയെയും ഈശോയെ സ്നേഹിക്കുന്നവരെയും കണ്ടുകൊണ്ടു ഇരിക്കുക, അവർ ഈശോയെ ആരാധിക്കുന്നത് നോക്കുക,അവർ ഹൃദയം കൊണ്ട് ആരാധനയുടെ പാട്ടുകൾ പാടുമ്പോൾ അത് കേട്ടിരിക്കുക എന്നൊക്കെയെ അറിയാമായിരുന്നുള്ളൂ.
അന്നൊന്നും ഈശോ എന്നെയും തുല്യമായി സ്നേഹിക്കുന്നുവെന്നു ആത്മാവിൽ ബോധ്യം ഉണ്ടായിരുന്നില്ല.
ആ കൊച്ചു മഠത്തിന്റെ പുറകിലുള്ള ശ്രദ്ധയോടെ പരിപാലിക്കുന്ന പൂന്തോട്ടത്തിൽ നിന്നും മനോഹരമായ പൂവുകൾ ഇറുത്തു എന്നും രാവിലെയുള്ള കുർബാനയിൽ പങ്കെടുക്കാൻ ഒന്നൊ രണ്ടോ സിസ്റ്റർമാരും രണ്ട് അർത്ഥിനികളും വരുമായിരുന്നു. അവർ അൾത്താര അലങ്കരിക്കുന്നത് ഹൃദയം കൊണ്ടാണ് എന്ന് തോന്നിപോകുമാറു മനോഹരമായിരുന്നു ഓരോ പൂക്കൂടകളും.
സ്നേഹത്തോടെ ഏതു കാര്യം ചെയ്താലും അത് സ്നേഹത്താൽ പ്രകാശിതമാകും എന്ന് അന്നെനിക്ക് കാണാൻ സാധിച്ചു.
ഇടവകപ്പള്ളിയിൽ ഓരോ പ്രഭാതത്തിലും പരിശുദ്ധ കുർബാനയിൽ എത്രയോ സ്നേഹത്തോടെയാണ് അവരും അതോടൊപ്പം എന്നും സ്ഥിരം കുർബാനയ്ക്ക് വരുന്നവരും പങ്കെടുത്തിരുന്നത്.
അനുദിനജീവിതത്തിലെ സാധാരണകാര്യങ്ങൾ എന്നതിൽ കവിഞ്ഞു അന്നൊന്നും കൂടുതൽ മനസിലായിരുന്നില്ല.
എന്നാലും ഈശോ സ്നേഹിക്കപ്പെടുന്നത് കാണുമ്പോൾ എന്ത് കൊണ്ടോ ഹൃദയം സ്നേഹത്താൽ നിറഞ്ഞിരുന്നു.
അന്നുവരെ സാരി ധരിച്ചു നടന്നിരുന്ന അർത്ഥിനികൾ വ്രത വാഗ്ദാനദിവസം തൂവെള്ള നിറമുള്ള തിരുവസ്ത്രങ്ങളും പുഷ്പ മുടിയും അണിഞ്ഞു ദിവ്യകാരുണ്യ ഈശോയുടെ ആരാധനയ്ക്കായി സ്വമനസാ മുട്ടുകുത്തി പൂർണമായും സ്വർഗത്തിനായി, തിരുസഭയ്ക്കായി വേർതിരിക്കപ്പെടുന്ന, രൂപാന്തരപ്പെടുന്ന നിമിഷങ്ങളിൽ ആ സ്വർഗീയ സന്തോഷം അവിടെയുള്ളവരിലേക്കും പകർന്നിരുന്നു.
ദിവ്യകാരുണ്യ ഈശോയെ ആഴത്തിൽ സ്നേഹിക്കുന്നവരെ ജീവിതത്തിൽ പലപ്പോഴായി കണ്ടിട്ടുണ്ട്.
അപ്പോഴൊക്കെയും ഹൃദയത്തിൽ വെറുതെ ഒരു അവ്യക്തമായ വിങ്ങൽ അനുഭവപ്പെട്ടിരുന്നു.
ഒരിക്കലും അവരാരും സ്നേഹിക്കുന്നത് പോലെ ഈശോയെ സ്നേഹിക്കാൻ എനിക്ക് പറ്റിയിരുന്നില്ല. ഈശോയുടെ വ്യക്തിത്വത്തെ കുറിച്ച് അധികം ആത്മീയമായ അറിവും ഉണ്ടായിരുന്നില്ല.
വല്ലപ്പോഴും ധ്യാനങ്ങളിൽ പങ്കെടുക്കുകയും കിട്ടുന്ന ആത്മീയ പുസ്തകങ്ങൾ വായിക്കുകയും ഒക്കെ ചെയ്തിരുന്നു എങ്കിലും ഈശോ അറിവായിരുന്നു. അനുഭവമായിരുന്നില്ല.
എന്റെ ആത്മാവിന് ഈശോ ദയവോടെ സ്വയം വെളിപ്പെടുത്തുന്ന സമയം വരെയും മറ്റുള്ളവർ ഈശോയെ സ്നേഹിക്കുന്നത് ആദ്യം നന്നായി കണ്ടു പഠിക്കുക എന്നതായിരുന്നു നിശ്ചയിക്കപ്പെട്ടിരുന്നത്. വിശുദ്ധരുടെ ജീവിതത്തിനു സമാനമായ വിധത്തിൽ ഈശോയെ ഹൃദയം കൊണ്ട് സ്നേഹിക്കുന്നവരെ അവരറിയാതെ ശ്രദ്ധിക്കുമ്പോൾ അവരെക്കുറിച്ച് അത്ഭുതവും അഭിമാനവും തോന്നിയിരുന്നു. പലപ്പോഴും നിസാര കാര്യങ്ങളിലും ഇങ്ങനെയും ഈശോയെ സ്നേഹിക്കാൻ പറ്റും എന്നത് പുതിയ അറിവായിരുന്നു.
എന്നാൽ…
അപ്പോഴും ഞാൻ ദിവ്യകാരുണ്യ ഹൃദയത്തിൽ നിന്നും ഒത്തിരി അകലത്തിൽ ആയിരുന്നു
ഈശോയെ എന്റെ ജീവിതത്തിലും കണ്ടുപിടിക്കുക, നിത്യതയോളം അവിടുത്തെ സ്വന്തമായി തീരുക എന്നത് എന്റെ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല.
കാരണം ഏറ്റവും നിസാരയും ആത്മീയ കാര്യങ്ങളിൽ അജ്ഞയും യാതൊരു യോഗ്യതയും ഇല്ലാത്തവളുമായ എനിക്ക് ഈശോ എനിക്ക് എത്താവുന്നതിലും ഉയരത്തിലും ആത്മാവിന് അപ്രാപ്യനും ആയിട്ടായിരുന്നു അനുഭവപ്പെട്ടിരുന്നത്.
ഒരു കാര്യവും വേണ്ടത് പോലെ ചെയ്തു പൂർത്തിയാക്കുവാൻ പലപ്പോഴും എനിക്ക് കഴിഞ്ഞിരുന്നില്ല. പ്രത്യേകിച്ച് എടുത്തു പറയാനും മാത്രം വ്യക്തിപരമായ നേട്ടങ്ങളോ ആത്മാവിനെ അലങ്കരിക്കാൻ വ്യക്തിപരമായ പുണ്യങ്ങളോ എന്നിൽ ഉണ്ടായിരുന്നില്ല.
ഒരു ദിവസം ആത്മീയരായ മനുഷ്യർ ഈശോയെ തീക്ഷ്‌ണമായി സ്നേഹിച്ചു അവിടുത്തേയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നതും ഈശോയെക്കുറിച്ചുള്ള തീക്ഷ്‌ണതയാൽ ജ്വലിക്കുന്നതും ഓർക്കാൻ ഇടയായപ്പോൾ എന്റെ ശൂന്യമായതും തകർന്നു പോയതും തീർത്തും ഫലരഹിതമായതുമായ എന്റെ ഹൃദയത്തെ കുറിച്ച് ഞാൻ ഓർത്തു.
ഈശോയ്ക്ക് എന്നെക്കൊണ്ട് ഒരു പ്രയോജനവും ഇല്ലല്ലോ എന്നുള്ള ചിന്തയിൽ ഹൃദയം ഉരുകികൊണ്ടിരുന്നു.
ആത്മാവ് ആഴത്തിൽ ദു:ഖാർത്തമായി ഹൃദയം ലോകത്തിൽ നിന്നും നോട്ടം മാറ്റി മനസ് ഏറ്റവും ഏകാന്തമായി തീർന്ന ഒരു നിമിഷത്തിൽ ദിവ്യകാരുണ്യ ഈശോയുടെ മുൻപിൽ ചെന്നു നിശബ്ദമായി നിന്നു.
ഇനിയെങ്കിലും ദൈവരാജ്യത്തിന്റെ ഒരു ഉപകരണം ആയില്ല എങ്കിൽ ഞാൻ ഇനി എന്തിനു ഈശോയ്ക്ക് ഉപകാരമില്ലാതെ ജീവിക്കണം എന്നുള്ള ചിന്തയിൽ കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു.
ഈശോ നിശബ്ദനായിരുന്നു.
അന്നൊന്നും പ്രത്യേകിച്ച് സംഭവിച്ചില്ല.
എന്നാൽ നാളുകൾ കടന്നു പോയപ്പോൾ വേറേ ആരും പറയാതെ എനിക്ക് ഒരു കാര്യം ഹൃദയത്തിൽ അനുഭവപ്പെട്ടു.
ദിവ്യകാരുണ്യ ഈശോയെ എനിക്കറിയാവുന്ന ചെറിയ രീതികളിൽ സ്നേഹിക്കുക, ഈശോയുടെ സാന്നിധ്യത്തിൽ സാധിക്കുമ്പോൾ ഒക്കെയും ഞാനായിരിക്കുന്ന അവസ്ഥയിൽ ആയിരിക്കുക.
പതിയെ പതിയെ ഒരു മനുഷ്യാത്മാവിന്റെ ഏറ്റവും അടുത്തുള്ള സ്നേഹിതനും സഹോദരനും രക്ഷകനും മനുഷ്യർക്ക് സങ്കൽപിക്കാൻ ആവാത്ത രീതിയിൽ ഉന്നതമായതും എന്നാൽ ഏറ്റവും ലളിതമായതും ആയ ദൈവമനുഷ്യ ബന്ധത്തിന്റെ ആദ്യ കണ്ണിയും ആയവനാണ് ഈശോ എന്നും നമ്മുടെ ഏതവസ്ഥയിലും ഈശോയെ എന്ന് ഒന്നോർക്കുമ്പോൾ, അവിടുത്തെ നാമം സ്നേഹത്തോടെ ഒന്ന് ഉച്ചരിക്കുമ്പോൾ നമ്മുടെ ആത്മാവിൽ വസിച്ചു സ്വർഗീയ കാര്യങ്ങളോട് ബന്ധിപ്പിക്കുന്ന ആദ്യകണ്ണിയായ ഈശോ സ്നേഹത്താൽ ജ്വലിക്കുകയും നമ്മുടെ ആത്മാവും അതോടൊപ്പം നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവ് ഉജ്ജ്വലിക്കുകയും പ്രവർത്തനനിരതമാകുകയും ചെയ്യുമെന്നും ഹൃദയത്തിൽ അനുഭവപ്പെട്ടു.
നാമാൽ ഈശോ സ്നേഹിക്കപ്പെടുന്ന മാത്രയിൽ നാം അറിയുന്നില്ലയെങ്കിലും നമ്മിൽ കൃപകൾ മഴ പോലെ വർഷിക്കപ്പെടും.
ഓരോ മനുഷ്യരും അവരവരുടേതായ രീതിയിൽ ആണ് ഈശോയെ സ്നേഹിക്കുന്നത്. എന്നാൽ ഈശോയുടെ നേരെ നാം കാണിക്കുന്ന കുഞ്ഞ് സ്നേഹപ്രകടനം പോലും പരിശുദ്ധാരൂപിയുടെ സഹായത്താലാണ്.
“തന്റെ ഹിതമനുസരിച്ച്, എല്ലാം പൂര്‍ത്തിയാക്കുന്ന അവിടുന്നു തന്റെ പദ്ധതിയനുസരിച്ച് അവനില്‍ നമ്മെ മുന്‍കൂട്ടി തെരഞ്ഞെടുത്തു നിയോഗിച്ചു.
ഇത്, ക്രിസ്‌തുവില്‍ ആദ്യമായി പ്രത്യാശയര്‍പ്പിച്ച നാം അവന്റെ മഹത്വത്തിനും സ്‌തുതിക്കും വേണ്ടി ജീവിക്കുന്നതിനാണ്.
രക്ഷയുടെ സദ്‌വാര്‍ത്തയായ സത്യത്തിന്റെ വചനം ശ്രവിക്കുകയും അവനില്‍ വിശ്വസിക്കുകയും ചെയ്‌ത നിങ്ങളും വാഗ്‌ദാനം ചെയ്യപ്പെട്ട പരിശുദ്‌ധാത്‌മാവിനാല്‍ അവനില്‍ മുദ്രിതരായിരിക്കുന്നു.
അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കുന്നതിനുള്ള അവകാശം നാം വീണ്ടെടുത്തു സ്വന്തമാക്കുന്നതുവരെ ആ അവകാശത്തിന്റെ അച്ചാരമാണ് ഈ പരിശുദ്ധാത്മാവ്.
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ ദൈവവും മഹത്വത്തിന്റെ പിതാവുമായവന്‍ ജ്‌ഞാനത്തിന്റെയും വെളിപാടിന്റെയും ആത്‌മാവിനെ നിങ്ങള്‍ക്കു പ്രദാനം ചെയ്‌തുകൊണ്ട് തന്നെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലേക്കു നിങ്ങളെ നയിക്കട്ടെ!
ഏതുതരത്തിലുള്ള പ്രത്യാശയിലേക്കാണ് അവിടുന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന് അറിയാനും, വിശുദ്ധര്‍ക്ക് അവകാശമായി അവിടുന്നു വാഗ്‌ദാനം ചെയ്‌തിരിക്കുന്ന മഹത്വത്തിന്റെ സമൃദ്‌ധി മനസ്‌സിലാക്കാനും നിങ്ങളുടെ ആന്തരികനേത്രങ്ങളെ അവിടുന്നു പ്രകാശിപ്പിക്കട്ടെ.
അതുവഴി അവന്റെ പ്രാഭവപൂര്‍ണമായ പ്രവര്‍ത്തനത്തിനനുസൃതമായി വിശ്വാസികളായ നമ്മിലേക്കു പ്രവഹിക്കുന്ന അവന്റെ അപരിമേയമായ ശക്‌തിയുടെ മഹനീയത എത്രമാത്രമെന്നു വ്യക്‌തമാകട്ടെ.
ക്രിസ്‌തുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കുകയും സ്വര്‍ഗത്തില്‍ അവിടുത്തെ വലത്തുവശത്ത് ഇരുത്തുകയും ചെയ്‌തപ്പോള്‍ അവനില്‍ പ്രവര്‍ത്തിച്ചത് ഈ ശക്‌തിയാണ്.”
(എഫേസോസ് 1 : 11-20)
ഈശോയെ വേണ്ടത് പോലെ സ്നേഹിക്കാൻ പറ്റുന്നില്ല എന്നുള്ള സങ്കടം ഹൃദയത്തിൽ ഇടയ്ക്കൊക്കെ വന്നേക്കാം.
എന്നാൽ ഈശോയെ ഇത്രയും പോലും സ്നേഹിക്കാൻ പറ്റാതിരുന്ന പഴയ നാളുകളിലേയ്ക്ക് നോക്കിയാൽ ഹൃദയത്തിൽ നന്ദി നിറയും.
ഓരോ ദിവസവും വ്യത്യസ്തമാണ്. ഓരോ നിമിഷവും അതിൽ തന്നെ പൂർണവുമാണ്.
മാമോദീസ വഴി ലഭിച്ച പ്രസാദവരത്തിൽ നിരന്തരം ആയിരിക്കാൻ സവിശേഷമായ ജാഗ്രത ആവശ്യമാണ്.
ഭൂമിയിൽ ആയിരിക്കുന്ന നാളുകളിൽ നമുക്ക് സൗജന്യമായി പകർന്ന് കിട്ടിയ ശിശുസഹജമായ വിശ്വാസത്തോടെ നമ്മോട് സംസാരിക്കുന്ന ദൈവവചനം വായിച്ചു ധ്യാനിച്ചു ഹൃദയത്തിൽ സംഗ്രഹിച്ചു വയ്ക്കണം. നമ്മുടെ ആവശ്യങ്ങളിൽ പരിശുദ്ധാത്മാവ് ദൈവവചനം ഓർമിപ്പിച്ചു തരികയും നമുക്ക് മനസിലാകുന്ന രീതിയിൽ വ്യാഖ്യാനിച്ചു തരുകയും ചെയ്യും.
വലിയ വലിയ തത്വങ്ങളും ദൈവശാസ്ത്രവും അറിയില്ലെങ്കിലും ഒന്നും മനസ്സിലാകാത്ത ചെറുകുഞ്ഞുങ്ങളെ പോലെ ആണെങ്കിലും സാധിക്കുമ്പോൾ എല്ലാം പരിശുദ്ധ കുർബാനയിലേയ്ക്ക് മുഖം ഉയർത്തണം.
ദൈവാലയത്തിൽ ചെല്ലാൻ സാധിക്കാത്തപ്പോൾ ഹൃദയത്തിലേയ്ക്ക് തിരിയണം. ആത്മാവിന്റെ ഉള്ളിൽ സദാ സന്നിഹിതനായിരിക്കുന്ന പരിശുദ്ധ ത്രിത്വത്തെ ദൈവാരൂപി സദയം പരിചയപ്പെടുത്തി തരും.
ഇത്രയും മഹത്വമുള്ള, ശക്തനായ ദൈവത്തെ ഹൃദയത്തിൽ കണ്ടുമുട്ടുമ്പോൾ, നമ്മൾ അതിശയിച്ചു പോകും.
ഇത്ര നാളും മറ്റുള്ളവർ ഈശോയെ ആരാധിക്കുന്നത് കണ്ടു അത്ഭുതത്തോടെ നോക്കിക്കൊണ്ടിരുന്ന നാളുകൾ അത്രയും, പ്രത്യേകമായി മാമോദീസ ദിനം മുതൽ, പരിശുദ്ധ ത്രിത്വം നമ്മുടെ ആത്മാവിന്റെ അൾത്താരയിൽ സ്നേഹത്തോടെ വസിക്കുന്നുണ്ടായിരുന്നു.
എന്നാൽ ഒരു തരത്തിലും അവിടുന്ന് നമ്മെ കുറ്റപ്പെടുത്തുന്നില്ല.
കാരണം ഏറ്റവും ഉന്നതമായ രീതിയിൽ എന്നാൽ ശിശുസഹജമായ വിധത്തിൽ നിസാരരായ നാം നമ്മുടെ ആത്മാവിന്റെ വിജനതയിലെ ഒന്നുമില്ലായ്മയിലും ഏകാന്തതയിലും അവിടുത്തെ അവിടുന്ന് ആഗ്രഹിക്കുന്ന സമയത്ത് സ്വയം കണ്ടുമുട്ടണമായിരുന്നു.
ഞാന്‍ അവളെ വശീകരിച്ച് വിജനപ്രദേശത്തേക്കു കൊണ്ടുവരും. അവളോടു ഞാന്‍ ഹൃദ്യമായി സംസാരിക്കും.
ഹോസിയാ 2 : 14
ലോകത്തിന്റെ ബഹളങ്ങളിൽ നിന്നും അകന്നു ഹൃദയത്തിന്റെ വിജനതയിൽ, സഹനങ്ങളുടെയും സ്നേഹശൂന്യതയുടെയും പാപത്തിന്റെ ദുർഭഗമായ അവസ്ഥയുടെയും ഈശോയുടെ ചാരെ നിശബ്ദമായി നിൽക്കുമ്പോൾ ഈശോ പറയുന്നത് ശ്രവിക്കാൻ പറ്റും
വലിയ ദൗത്യങ്ങൾ ഏല്പിക്കപ്പെടുന്ന ആത്മാക്കൾ ഉണ്ട്. നിരന്തരം പ്രാർത്ഥിച്ചാരാധിച്ചു ഈശോയോടൊപ്പം ആയിരിക്കുന്നവർ ഉണ്ട്
എന്നാൽ ദുർബലമായി ഈശോയെ നോക്കാൻ മാത്രം സാധിക്കുന്ന, അവിടുത്തോട് സംസാരിക്കേണ്ടത് എങ്ങനെയെന്നു പോലും അറിവില്ലാത്ത തീരെ അശക്തരും ഈശോയിലുള്ള നോട്ടം തെല്ലൊന്നു മാറ്റിയാൽ ചെറുതും വലുതുമായ പാപത്തിൽ വീണു പോയേക്കാവുന്നവരും യഥാർത്ഥത്തിൽ സ്വന്തമെന്ന് പറയാൻ ഈശോ അല്ലാതെ വേറേ ആരും ഇല്ലാത്തവരുമായ ആത്മാക്കൾ ഈശോയുടെ സന്നിധിയിൽ ചുറ്റി പറ്റി നിൽക്കുകയല്ലാതെ വേറേ എന്ത് ചെയ്യാൻ!
എന്നാൽ നാം ഈശോയിൽ ഉള്ള സ്നേഹത്തിൽ ആയിരുന്നു കൊണ്ട് ഏറ്റവും ചെറിയ കാര്യങ്ങളും പരിശുദ്ധാത്മാവിന്റെ സഹായത്താൽ അവിടുത്തെ മഹത്വത്തിനായി ചെയ്താൽ മതി.
ദൈവ പിതാവിനാൽ നമ്മുടെ ആത്മാവ് ആകർഷിക്കപ്പെടുന്ന തക്ക സമയത്തു പരിശുദ്ധാത്മാവ് നമ്മെ ദിവ്യകാരുണ്യ സന്നിധിയിലേയ്ക്ക്, ദൈവപുത്രനായ ഈശോയുടെ സന്നിധിയിലേക്ക് സ്നേഹത്തോടെ കൂട്ടികൊണ്ട് വരും.
ദിവ്യകാരുണ്യ സന്നിധിയിൽ കടന്നു വരുന്ന ഓരോ വ്യക്തിയുടെയും ഹൃദയത്തിൽ ഒരു വചനം മുഴങ്ങും.
“കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. “
(1 യോഹന്നാന്‍ 3 : 1)
ഇത്ര നാളും ദൈവത്തിന്റെ ഭവനത്തിൽ നാം ആയിരുന്നു എങ്കിലും പിതാവായ ദൈവത്തിന്റെ മക്കൾ എന്നുള്ള ആത്മീയ പദവി നമുക്ക് അനുഭവവേദ്യമായിരുന്നിരിക്കില്ല. എന്നാൽ ദിവ്യകാരുണ്യ സന്നിധിയിൽ ആയിരിക്കുമ്പോൾ പുത്രത്വത്തിന്റെ പൂർണമായ അനുഭവം ആത്മാവിൽ അനുഭവിക്കാൻ സാധിക്കും.
ഒരു പക്ഷെ ജീവിതത്തിൽ ഇത്ര നാളും മറ്റുള്ളവരുടെ ജീവിതത്തിൽ ദൈവം നൽകുന്ന അനുഗ്രഹങ്ങളും ഉയർച്ചകളും കണ്ടു ആത്മാവിന്റെ മരുഭൂമി അനുഭവത്തിൽ അസ്വസ്ഥതപ്പെട്ടു ദൈവപിതാവിനോട് ധൂർത്ത പുത്രന്റെ ഉപമയിലെ മൂത്ത പുത്രനെ പോലെ ഒരു കുഞ്ഞാടിനെ പോലും തന്നില്ലല്ലോ എന്ന് കലഹിച്ചു പിണങ്ങിയ അസൂയാലു ആയിരുന്നിരിക്കാം.
“എന്നാല്‍, അവന്‍ പിതാവിനോടു പറഞ്ഞു: നോക്കൂ, എത്ര വര്‍ഷമായി ഞാന്‍ നിനക്കു ദാസ്യവേലചെയ്യുന്നു. ഒരിക്കലും നിന്റെ കല്‍പന ഞാന്‍ ലംഘിച്ചിട്ടില്ല. എങ്കിലും, എന്റെ കൂട്ടുകാരോടൊത്ത് ആഹ്ലാദിക്കാന്‍ ഒരു ആട്ടിന്‍കുട്ടിയെപ്പോലും നീ എനിക്കു തന്നില്ല.”
(ലൂക്കാ 15 : 29)
എന്നാൽ പരിശുദ്ധ കുർബാനയിൽ ഏറ്റവും നിർമലനായ പെസഹ കുഞ്ഞാട് ആയ ഈശോയെ അക്ഷരാർത്ഥത്തിൽ നമുക്ക് സ്വന്തമായി ലഭിക്കുകയും അവിടുന്ന് ഒരുക്കുന്ന മഹാ വിരുന്നിൽ തൃപ്തിയാവോളം ഭക്ഷിച്ചു പാനം ചെയ്തു പങ്കെടുക്കാൻ നമുക്ക് അനുദിനം സാധിക്കുകയും ചെയ്യുന്നു.
ദേശമേതുമാകട്ടെ, ഭാഷയേതുമാകട്ടെ, ലോകത്തിൽ എവിടെയാണെങ്കിലും അർപ്പിക്കപ്പെടുന്ന പരിശുദ്ധ കുർബാനയുടെ അത്ഭുതകരമായ അനുഗ്രഹമണിക്കൂറുകളിൽ ദാസനെന്ന നിലയുടെ കുറവിൽ നിന്നും മകനെന്ന പൂർണതയുടെ നിറവിലേയ്ക്ക് ഓരോ മനുഷ്യരും ഈശോ വഴി ഉയർത്തപ്പെടുന്നു.
ദിവ്യകാരുണ്യ സന്നിധിയിൽ ആയിരിക്കുമ്പോൾ മഹാദൈവവചനങ്ങൾ ദൈവാത്മാവ് ലളിതമായി വ്യാഖ്യാനിച്ചു നൽകും.
“അപ്പോള്‍ പിതാവു പറഞ്ഞു: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിന്റേതാണ്.”
(ലൂക്കാ 15 : 31)
ഈശോയുടെ സന്നിധിയിൽ ആയിരുന്നു ഒരുക്കത്തോടെ പരിശുദ്ധ കുർബാന സ്വീകരിച്ചു കഴിയുമ്പോൾ നാം ഈശോയിലും ഈശോ നമ്മിലും വസിക്കും. അപ്പോൾ എപ്പോഴും ഈശോയുടെ സ്നേഹത്തിൽ ആയിരിക്കുവാൻ സാധിക്കും. നമ്മുടേതെല്ലാം ഈശോയുടേതും ഈശോയുടേത് ഒക്കെയും നമ്മുടേതും ആകും.
ഒരു വ്യക്തിയുടെ അടുത്ത് ചെന്നു സംസാരിച്ചു പരിചയപ്പെടുമ്പോൾ ആണ് ആ വ്യക്തിയെ കുറിച്ച് വ്യക്തിപരമായി നമുക്ക് അറിവുണ്ടാകുകയും ഹൃദയത്തിൽ അടുപ്പം തോന്നുകയും ചെയ്യുന്നത്. ദിവ്യകാരുണ്യ സന്നിധിയിൽ ചെന്നു ഈശോയോട് സംസാരിക്കുമ്പോൾ ആണ് നമുക്ക് അവിടുന്നുമായി ഹൃദയത്തിൽ ഒരു അടുപ്പം ഉണ്ടാകുന്നത്. ഈശോയോട് എന്തും നമുക്ക് പറയാം. നമ്മുടെ വായിൽ ഒരു വാക്ക് വരും മുൻപേ വചനമായ അവിടുത്തേയ്ക്ക് അത് അറിയാമെങ്കിലും നമ്മിൽ നിന്നും ഓരോന്നും കേൾക്കാൻ അവിടുന്ന് കൊതിയോടെ കാത്തിരിക്കുന്നു.
ഈ ലോകത്തിൽ ഈശോയോടൊന്നിച്ചായിരുന്നാൽ നിത്യതയിലും നാം അവിടുന്നുമായി വേർപിരിയുകയില്ല.
ഈശോയ്ക്ക് നമ്മെ അറിയാം. നമ്മുടെ ജീവിതവും വ്യക്തിത്വവും കുടുംബബന്ധങ്ങളും ആത്മ സ്ഥിതിയും അവിടുത്തേയ്ക്ക് അറിയാം. നമ്മുടെ അനുദിനജീവിതത്തിലെ പ്രതിസന്ധികളും പ്രതിബന്ധങ്ങളും അവിടുത്തേയ്ക്ക് അറിയാം. നമ്മുടെ ആരോഗ്യ സ്ഥിതിയും ക്ഷീണവും വിശപ്പും ദാഹവും ദുഃഖവും സന്തോഷവും ഭയവും നമ്മുടെ ആത്മീയ ഭൗതിക ആവശ്യങ്ങളും ഈശോയ്ക്ക് അറിയാം.
നാം മാമോദീസ വഴി ഈശോയുടെ സ്വന്തം ആയതു കൊണ്ട് എല്ലാ കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ തക്ക സമയത്തു അവിടുന്ന് സ്വന്തം കാര്യം എന്നത് പോലെ ക്രമീകരിച്ചു കൊള്ളും.
ദൈവാലത്തിൽ ഈശോയുടെ മുന്നിൽ ആയിരിക്കാൻ അനുഗ്രഹം ലഭിക്കുന്ന സമയങ്ങളിൽ നമ്മെ പൂർണമായും ഈശോയുടെ കരുണയ്ക്കും സ്നേഹത്തിനും വിട്ടു കൊടുക്കാം. സകല സ്വർഗ്ഗ വാസികളോടും ഭൂമിയിലെ സകല ജീവജാലങ്ങളോടും ആത്മനാ ചേർന്ന് കൊണ്ട് പരിശുദ്ധ ത്രിത്വത്തെ ആരാധിക്കാം.
ആത്മാവിൽ വസിക്കുന്ന പിതാവായ ദൈവത്തിന്റെ ചാരെ ഈശോ വഴി നാം പ്രവേശിക്കുമ്പോൾ സദാ സഹായകനായ പരിശുദ്ധാത്മാവിൽ നിന്നും ശിശു സഹജമായ വിശ്വാസം എന്ന കൃപ സമ്മാനമായി ലഭിക്കുകയും അതിലൂടെ പരിശുദ്ധ ത്രിത്വത്താൽ ഓരോ മനുഷ്യനും പ്രത്യേകിച്ച് നാം ഓരോരുത്തരും വ്യക്തിപരമായി എത്രയോ സ്നേഹിക്കപ്പെടുന്നു എന്ന് മനസിലാക്കാൻ സാധിക്കും.
അതോടൊപ്പം ദിവ്യകാരുണ്യ സന്നിധിയിൽ അവിടുത്തെ പ്രകാശത്തിൽ ആയിരിക്കുമ്പോൾ ആത്മാവിന്റെ കുറവുകളും പാപങ്ങളും കൂടുതൽ വ്യക്തമാവുകയും അനുതപിച്ചു ഒരുങ്ങി കുമ്പസാരിക്കാൻ സാധിക്കുകയും ചെയ്യും.
നാം പറയുന്ന ഓരോ കാര്യത്തിനും ദൈവത്തിന്റെ മക്കൾ എന്ന നിലയിൽ അവിടുന്ന് എത്രയോ വിലകൽപ്പിക്കുന്നു എന്ന് മനസിലാകും.
അത് പോലെ നമ്മുടെ പാപകടങ്ങളെ കുറിച്ചുള്ള ഒരു ആന്തരിക ബോധ്യവും പാപത്തിന്റെ ദുർഭഗമായ അവസ്ഥയെ കുറിച്ച് ആത്മാവിൽ അവബോധവും ലഭിക്കുന്നതിനാൽ ഈശോ നമുക്കായി എത്രമാത്രം സഹിച്ചു, നമ്മോടു എത്ര മാത്രം ക്ഷമിച്ചു എന്ന് മനസിലാകും. നമ്മോടു അധികം ക്ഷമിച്ചതിനാൽ നാം ഈശോയെ അധികം സ്നേഹിച്ചു തുടങ്ങുകയും ചെയ്യും.
“തന്റെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കും നമ്മെ വിളിച്ചവനെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലൂടെ, നമ്മുടെ ജീവിതത്തിനും ഭക്തിക്കും ആവശ്യമായവയെല്ലാം അവന്റെ ദൈവികശക്‌തി നമുക്കു പ്രദാനം ചെയ്‌തിരിക്കുന്നു.
ദുരാശമൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തില്‍നിന്നു രക്‌ഷപെട്ടു ദൈവിക സ്വഭാവത്തില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിന്, തന്റെ മഹത്വവും ഔന്നത്യവും വഴി അവിടുന്നു നിങ്ങള്‍ക്ക് അമൂല്യവും ശ്രേഷ്‌ഠവുമായ വാഗ്‌ദാനങ്ങള്‍ നല്‍കിയിരിക്കുന്നു.
ഇക്കാരണത്താല്‍ നിങ്ങളുടെ വിശ്വാസത്തെ സുകൃതംകൊണ്ടും,
സുകൃതത്തെ ജ്‌ഞാനം കൊണ്ടും,
ജ്‌ഞാനത്തെ ആത്മസംയമനം കൊണ്ടും, ആത്മസംയമനത്തെ ക്ഷമകൊണ്ടും, ക്ഷമയെ ഭക്തി കൊണ്ടും, ഭക്തിയെ സഹോദരസ്‌നേഹം കൊണ്ടും, സഹോദരസ്‌നേഹത്തെ ഉപവി കൊണ്ടും സമ്പൂര്‍ണമാക്കാന്‍ നന്നായി ഉത്‌സാഹിക്കുവിന്‍.
ഇവ നിങ്ങളില്‍ ഉണ്ടായിരിക്കുകയും സമൃദ്ധമാവുകയും ചെയ്‌താല്‍, നിങ്ങള്‍ പ്രയോജനശൂന്യരും ഫലരഹിതരുമാകാതിരിക്കാന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള പൂര്‍ണമായ അറിവു സഹായിക്കും.
ഇവയില്ലാത്തവന്‍ അന്ധനും ഹ്രസ്വദൃഷ്‌ടിയും, പഴയ പാപങ്ങളില്‍ നിന്നു ശുദ്ധീകരിക്കപ്പെട്ടു എന്ന കാര്യം വിസ്‌മരിക്കുന്നവനുമാണ്.
ആകയാല്‍, സഹോദരരേ, നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതല്‍ ഉത്‌സാഹമുള്ളവരായിരിക്കുവിന്‍.
ഇങ്ങനെ ചെയ്‌താല്‍ ഒരിക്കലും നിങ്ങള്‍ വീണു പോവുകയില്ല.
നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്‌തുവിന്റെ അനശ്വരമായ രാജ്യത്തിലേക്ക് അനായാസം നിങ്ങള്‍ക്കു പ്രവേശനം ലഭിക്കുകയും ചെയ്യും.”
(2 പത്രോസ് 1 : 3-11)
ഈശോയെ സ്നേഹിക്കാം. വ്യക്തിപരമായി
അധികമധികം സ്നേഹിക്കാം. നമുക്ക് കുറവുകൾ കണ്ടേക്കാം. എന്നാലും ഈശോ സ്നേഹമാകയാൽ നമ്മുടെ സ്നേഹത്തിന്റെ കുറവുകൾ അവിടുന്നിൽ പരിഹരിക്കപ്പെട്ടു കൊള്ളും.
“ആകയാല്‍, നിങ്ങള്‍ മാനസികമായി ഒരുങ്ങി സമചിത്തതയുള്ളവരായിരിക്കുവിന്‍. യേശുക്രിസ്‌തുവിന്റെ പ്രത്യാഗമനത്തില്‍ നിങ്ങള്‍ക്കു ലഭിക്കാനിരിക്കുന്ന കൃപയില്‍ പ്രത്യാശയര്‍പ്പിക്കുകയും ചെയ്യുവിന്‍.
മുന്‍കാലത്തു നിങ്ങള്‍ക്കുണ്ടായിരുന്ന അജ്ഞതയുടെ വ്യാമോഹങ്ങള്‍ക്ക്, അനുസരണയുള്ള മക്കളെന്ന നിലയില്‍, നിങ്ങള്‍ വിധേയരാകാതിരിക്കുവിന്‍.
മറിച്ച്, നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍.
ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍.
ഓരോരുത്തനെയും പ്രവൃത്തികള്‍ക്കനുസരിച്ചു നിഷ്‌പക്ഷമായി വിധിക്കുന്നവനെയാണ് നിങ്ങള്‍ പിതാവെന്നു വിളിക്കുന്നതെങ്കില്‍, നിങ്ങളുടെ ഈ പ്രവാസകാലത്തു ഭയത്തോടെ ജീവിക്കുവിന്‍.
പിതാക്കന്‍മാരില്‍ നിന്നു നിങ്ങള്‍ക്കു ലഭിച്ച വ്യര്‍ത്ഥമായ ജീവിതരീതിയില്‍ നിന്നു നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വര്‍ണമോ കൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേതു പോലുള്ള ക്രിസ്‌തുവിന്റെ അമൂല്യരക്തം കൊണ്ടത്രേ.
അവനാകട്ടെ, ലോകസ്‌ഥാപനത്തിനു മുന്‍പു തന്നെ നിയോഗിക്കപ്പെട്ടിരുന്നവനും ഈ അവസാനകാലത്ത് നിങ്ങള്‍ക്കായി വെളിപ്പെടുത്തപ്പെട്ടവനുമാണ്.
അവനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്‌ത ദൈവത്തില്‍, അവന്‍ മൂലം നിങ്ങള്‍ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തില്‍ ആയിരിക്കുകയും ചെയ്യുന്നു.
സത്യത്തോടുള്ള വിധേയത്വംവഴി നിഷ്‌കപടമായ സഹോദരസ്‌നേഹത്തിനായി നിങ്ങളുടെ ആത്മാവ് പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഹൃദയപൂര്‍വകമായും ഗാഢമായും പരസ്‌പരം സ്‌നേഹിക്കുവിന്‍.
നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരമായ ബീജത്തില്‍ നിന്നല്ല; അനശ്വരമായ ബീജത്തില്‍ നിന്നാണ് – സജീവവും സനാതനവുമായ ദൈവവചനത്തില്‍ നിന്ന്.”
(1 പത്രോസ് 1 : 13-23)
അതിനാൽ ഏറ്റവും സുരക്ഷിതവും സ്‌നേഹഭരിതവുമായ ദിവ്യകാരുണ്യ സന്നിധിയിൽ സാധിക്കുമ്പോൾ എല്ലാം കടന്നു ചെല്ലാം.
നമ്മുടെ സ്നേഹത്തിനും ആരാധനയ്ക്കും സന്ദർശനത്തിനും സദാ അർഹനായ ഈശോയ്ക്കായി നമ്മുടെ സമയം കുറച്ചെങ്കിലും നീക്കി വയ്ക്കാം.
ഈശോയെ കുറിച്ച് ചിന്തിക്കാം.
ഈശോ പറഞ്ഞ കാര്യങ്ങൾ ഓർക്കാം.
ഈശോയെ കുറിച്ച് സമയം കിട്ടുമ്പോൾ ഒക്കെ സംസാരിക്കാം.
ഈശോയെ കുറിച്ച് എഴുതാം.
ഈശോയുടെ ചിത്രങ്ങൾ വരയ്ക്കാം.
ഈശോ വസിക്കുന്ന ദൈവാലയങ്ങൾ/ പ്രത്യേകിച്ച് ഇടവക ദൈവാലയം സന്ദർശിക്കാം. അവിടുത്തെ ഒരു നിമിഷമെങ്കിലും ആരാധിക്കാം.
ഒരുക്കത്തോടെ പരിശുദ്ധ കുർബാനയിൽ പങ്കു ചേരാം. പരിശുദ്ധ കുർബാന ഉൾക്കൊള്ളാം.
ദിവ്യകാരുണ്യആരാധനയിൽ പങ്കുചേരാം.
ദിവ്യകാരുണ്യത്തിന്റെ ഭൗമികശുശ്രൂഷകരായ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ മാർപാപ്പയ്ക്കായും സകലവൈദികർക്കായും അനുദിനം പ്രാർത്ഥിക്കാം.
പരിശുദ്ധ അമ്മയോടും യൗസേപ്പിതാവിനോടും സകല മാലാഖാമാരോടും ഒന്നിച്ചു ഈശോയെ ആരാധിക്കാം.
ഈശോയുടെ സന്നിധിയിൽ ആയിരിക്കുമ്പോൾ ശുദ്ധീകരണാത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാം. ഹൃദയത്തിൽ ഉയരുന്ന എല്ലാ കാര്യങ്ങളും ദിവ്യകാരുണ്യഈശോയോട് പങ്കുവയ്ക്കാം.
എല്ലാത്തിലും ഉപരിയായി എത്ര നിസാരയും പാപിയും എന്ന് സ്വയം തോന്നുന്നുവോ അത്രയും തീക്ഷ്‌ണതയോടെ ദിവ്യകാരുണ്യ ഈശോയുടെ പക്കൽ ചെല്ലാം. അവിടുത്തെ സന്നിധിയിൽ ആയിരിക്കാം. അറിയാവുന്നത് പോലെ, ഹൃദയത്തിൽ നല്ല പരിശുദ്ധാത്മാവ് പറഞ്ഞു തരുന്നത് പോലെ ദിവ്യകാരുണ്യ ഈശോയെ ആർദ്രമായി സ്നേഹിക്കാം.
സാധിക്കുമ്പോൾ ഒക്കെയും അരൂപിയിൽ ഈശോയെ കൈക്കൊള്ളാം.
അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണജപം:
എന്റെ യേശുവേ, അങ്ങു ഈ ദിവ്യ കൂദാശയിൽ സന്നിഹിതനാണെന്നു ഞാൻ വിശ്വസിക്കുന്നു. എല്ലാ വസ്തുക്കളെക്കാൾ ഞാനങ്ങയെ സ്നേഹിക്കുകയും എന്റെ ആത്മാവിലങ്ങയെ സ്വീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ദിവ്യ കൂദാശയിൽ അങ്ങയെ സ്വീകരിക്കുവാൻ ഇപ്പോൾ എനിക്ക് സാധ്യമല്ലാത്തതിനാൽ അരൂപിയിൽ എന്റെ ഹൃദയത്തിലേയ്ക്ക് അങ്ങു എഴുന്നള്ളി വരേണമേ. അങ്ങു എന്നിൽ സന്നിഹിതനെന്നു വിശ്വസിച്ചു ഞാൻ അങ്ങയെ ആശ്ലേഷിക്കുകയും എന്നെ അങ്ങയോടു പൂർണമായും ഐക്യപ്പെടുത്തുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരിക്കലും അങ്ങിൽ നിന്ന് അകലുവാൻ എന്നെ അനുവദിക്കരുതേ.
(ദിവസത്തിൽ പലപ്രാവശ്യം നമുക്ക് സ്നേഹപൂർവ്വം ഇങ്ങനെ ദിവ്യകാരുണ്യ ഈശോയെ അരൂപിയിൽ സ്വീകരിക്കാം )
ദിവ്യകാരുണ്യ ഈശോ നമ്മെ സത്യമായും നിത്യമായും എന്നേരവും സ്നേഹിക്കുന്നതിനാൽ സർവമഹത്വത്തോടും മഹാകരുണയോടും അളവറ്റ സ്നേഹത്തോടും കൂടെ അവിടുന്ന് നമ്മുടെ ആത്മാവിൽ വന്നു വസിക്കും.
“നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്‌ഠജനതയാണുള്ളത്?”
(നിയമാവര്‍ത്തനം 4 : 7)
ആമേൻ
💕


Leave a comment