നീ ഒരിക്കൽ പോപ്പാകേണ്ടവനാ…

ആദ്യത്തെ അമേരിക്കൻ പോപ്പ് ഇവനായിരിക്കുമെന്ന് റോബർട്ട്‌ പ്രെവോ (പ്രേവോസ്റ്റ്) ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അവരുടെ ഒരു അയൽക്കാരൻ പറഞ്ഞത്രേ. വൈദികനാകാനുള്ള അവന്റെ ഇഷ്ടവും വൈദികനായുള്ള വേഷംകെട്ടലുമൊക്കെ കണ്ട് പറഞ്ഞതായിരിക്കണം.

അനേകവർഷങ്ങൾക്ക് മുൻപുള്ള ആ പ്രവചനം നിറവേറ്റിക്കൊണ്ട് 69 വയസ്സുള്ള കർദ്ദിനാൾ റോബർട്ട്‌ പ്രെവോ വ്യാഴാഴ്ച 267-ാമത്തെ പാപ്പയായി, ലെയോ പതിനാലാമനായി സ്ഥാനമേറ്റു, അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ പാപ്പയായി തന്നെ.

“അവനെപ്പോഴും ഒരു വൈദികനാകാനാണ് ആഗ്രഹിച്ചിരുന്നത്”, അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ജോൺ പ്രെവോ ഇല്ലെനോയിലെ വീടിനു പുറത്തു വെച്ച് എബിസി ന്യൂസിനോട് പറഞ്ഞു.

“അവന് പണ്ടേ അതറിയാമായിരുന്നു. അവൻ എന്നെങ്കിലും ആ ആഗ്രഹത്തെ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല. വേറെ ഒരു വഴിയെപ്പറ്റി അവൻ ചിന്തിച്ചിട്ടുണ്ടെന്നെനിക്ക് തോന്നുന്നില്ല”, ജോൺ പ്രെവോസ്റ്റ് പറഞ്ഞു.

തെക്കൻ ഷിക്കാഗോയിൽ, ഡൊൾറ്റൺ പ്രവിശ്യയിൽ മൂന്ന് സഹോദരന്മാരിൽ ഇളയവനായി വളരവേ റോബർട്ട് ഫ്രാൻസിസ് പ്രെവോ എന്ന ലെയോ പതിനാലാമൻ പാപ്പ എപ്പോഴും

‘പുരോഹിതനായി അഭിനയിക്കുമായിരുന്നു’, അദ്ദേഹം പറഞ്ഞു. “അയണിങ്ങ് ബോർഡ് ആയിരുന്നു അൾത്താര”!

രഹസ്യകോൺക്ളേവിന് കർദ്ദിനാൾമാർ പോകും മുൻപ് ചൊവ്വാഴ്ച തന്റെ സഹോദരനുമായി സംസാരിച്ചപ്പോൾ ആദ്യത്തെ അമേരിക്കൻ കർദ്ദിനാൾ ആകാൻ അവന് കഴിയുമെന്ന് താൻ വിശ്വസിക്കുന്നു എന്ന് ജോൺ പറഞ്ഞിരുന്നു. പക്ഷേ ‘അസംബന്ധം’ എന്നായിരുന്നു അത് കേട്ടപ്പോൾ ഇപ്പോഴത്തെ പാപ്പയുടെ പ്രതികരണം. “അവരെന്തായായാലും ഒരു അമേരിക്കൻ പാപ്പയെ തിരഞ്ഞെടുക്കാൻ പോകുന്നില്ല” എന്നും പറഞ്ഞു.

“അവനത് വിശ്വസിച്ചില്ല അല്ലെങ്കിൽ, വിശ്വസിക്കാൻ ആഗ്രഹിച്ചില്ല’, ജോൺ പ്രെവോ പറഞ്ഞു.

പോപ്പ് ഫ്രാൻസിസിന്റെ കാലടികളെ പിന്തുടർന്ന് തന്റെ സഹോദരനും അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവരുടെയും പാവപ്പെട്ടവരുടെയും ശബ്ദമായി തീരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

“അവർ ഒരേപോലെയുള്ളവരാണെന്ന് ഞാൻ കരുതുന്നു. ഒരേ സമയത്ത് ഇരുവരും തെക്കൻ അമേരിക്കയിലുണ്ടായിരുന്നു. പെറുവിലും അർജെന്റിനയിലുമായി. മിഷനുകളിലും അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയും പ്രവർത്തിച്ച അനുഭവങ്ങൾ ധാരാളം രണ്ടുപേർക്കുമുണ്ടായിരുന്നു. ആ പാഠങ്ങളിൽ നിന്നാണ് അവർ വന്നതെന്ന് ഞാൻ വിചാരിക്കുന്നു”.

ആ വലിയ വാർത്ത വരുന്ന സമയത്ത്, മൂന്ന് പ്രെവോ സഹോദരന്മാരിൽ മൂത്തവനായ ലൂയി പ്രെവോ കാലാവസ്ഥ വ്യതിയാനത്തിൽ അത്ര സുഖമില്ലാതെ ഫ്ലോറിഡയിലെ വസതിയിൽ കിടക്കയിലായിരുന്നു.

“എന്റെ ഭാര്യ എന്നെ വിളിച്ചു പറഞ്ഞു ചാപ്പലിൽ നിന്ന് വെളുത്ത പുക വന്നിട്ടുണ്ടെന്ന് “, അദ്ദേഹം പറഞ്ഞു.

വത്തിക്കാനിലെ പ്രഖ്യാപനം അറിയാനായി വേഗം തന്നെ ലൈവ് പ്രക്ഷേപണം കാണാൻ തുടങ്ങി.

“ അവർ പേര് വെളിപ്പെടുത്താൻ തുടങ്ങി. പറഞ്ഞു പറഞ്ഞ് ‘റോബെർട്ടോ’ എന്ന് പറഞ്ഞതും, പൊടുന്നനെ എനിക്ക് കത്തി അത് ‘റോബ്’ ആണെന്ന്’.. അദ്ദേഹം പറഞ്ഞു, “ഞാൻ അപ്പോഴും കിടക്കയിൽ തന്നെയായിരുന്നു എന്നതിൽ എനിക്ക് നന്ദിയുണ്ട് അല്ലെങ്കിൽ അപ്പോൾതന്നെ ഞാൻ താഴെ വീണേനെ! “

കിടക്കയിൽ നിന്ന് ചാടിയിറങ്ങി അദ്ദേഹത്തിന്റെ ഭാഷയിൽ, ‘”ഒരു ബോധവുമില്ലാത്തവനെപ്പോലെ നൃത്തം ചെയ്യാൻ തുടങ്ങി “

“അത് അവിശ്വസനീയമായിരുന്നു”, അദ്ദേഹം പറഞ്ഞു. എനിക്ക് പെട്ടെന്ന് വലിയ ഉണർവ്വുണ്ടായി, അതിശയകരമായ ഒരു ഉന്മേഷം “.

വിനീതനും നല്ല നർമ്മബോധമുള്ളവനും മിടുക്കനുമായാണ് അദ്ദേഹം തന്റെ സഹോദരനെ വിവരിച്ചത്. പെറുവിലെ മിഷനറിയായുള്ള തന്റെ ദൗത്യവും, ആളുകളുടെ കൂടെ ആയിരിക്കാനും അവൻ വളരെ ഇഷ്ടപ്പെട്ടിരുന്നു. വത്തിക്കാനിലെ ജോലിയുടെ ഭാഗമായി ലോകം ചുറ്റിസഞ്ചരിച്ചു.

നേവിയിലായിരുന്ന തന്നെ കടത്തിവെട്ടിക്കൊണ്ട് അത്രയധികം യാത്രകൾ സഹോദരൻ ചെയ്തിട്ടുണ്ടെന്നും ആ ആഗോള അനുഭവങ്ങൾ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഒരു ഘടകം ആയിട്ടുണ്ടാവാം എന്നും ലൂയി പ്രെവോ പറഞ്ഞു.

തന്റെ വിളിയെക്കുറിച്ച് സഹോദരൻ എപ്പോഴും ബോധവാനായിരുന്നെന്നും അവന് നാലോ അഞ്ചോ വയസുള്ളപ്പോൾ തന്നെ കത്തോലിക്കാ സഭയിലെ വലിയ കാര്യങ്ങൾക്കായി അവൻ നിശ്ചയിക്കപ്പെട്ടിരിക്കുന്നെന്ന ഒരു ഉൾവിളി കുടുംബത്തിനുണ്ടായിരുന്നതായി അദ്ദേഹം പങ്കുവെച്ചു. അവന്റെ സഹോദരന്മാർ കള്ളനും പോലീസും കളിക്കുമ്പോൾ അവൻ വൈദികനായി തകർത്തഭിനയിച്ച് നെക്കോ ബിസ്ക്കറ്റുകൾ പരിശുദ്ധ കുർബ്ബാനയാണെന്ന് പറഞ്ഞു വിതരണം ചെയ്യുകയായിരിക്കും.

“നീ ഒരിക്കൽ പോപ്പാകേണ്ടവനാ എന്നും പറഞ്ഞ് ഞങ്ങൾ എപ്പോഴും അവനെ കളിയാക്കുമായിരുന്നു. അയൽക്കാരും അത് തന്നെ പറഞ്ഞു.” അറുപതിൽപരം വർഷങ്ങൾക്കിപ്പുറം അത് യഥാർത്ഥ്യമായ ആവേശത്തിലാണ് പാപ്പയുടെ സഹോദരർ.

വിവർത്തനം: ജിൽസ ജോയ്


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment