ഇന്നു ഒരു ദിവസം ഈശോയോടൊത്തു ജീവിച്ചു നോക്കാം. ഓരോ നിമിഷവും അവിടുന്ന് കൂടെയുണ്ട്. അവിടുത്തെ ഹിതം അനുസരിച്ചു ജീവിക്കാം.
“എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍.
ഇട വിടാതെ പ്രാര്‍ത്ഥിക്കുവിന്‍.
എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്‌തുവില്‍ നിങ്ങളെ സംബന്‌ധിച്ചുള്ള ദൈവഹിതം.”
(1 തെസലോനിക്കാ 5 : 16-18)
ഇന്നു സന്തോഷത്തോടെ ആയിരിക്കാം. കാരണം ഈശോ എന്നത്തേയും പോലെ കൂടെയുണ്ട്. അവിടുത്തോട് സംസാരിക്കാം. അതാണല്ലോ പ്രാർത്ഥന. സാധിക്കുമ്പോൾ ഒക്കെയും ഈശോയെ നന്ദി ഈശോയെ സ്തുതി എന്ന് പറയാം. ഹൃദയത്തിൽ അവിടുത്തെ ആരാധിക്കാം.
“മനുഷ്യപുത്രന്‍ എല്ലാ ദൂതന്‍മാരോടുംകൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന്‍ തന്റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്‌ടനാകും.
അവന്റെ മുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും.
ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നു വേര്‍തിരിക്കുന്നതു പോലെ
അവന്‍ അവരെ തമ്മില്‍ വേര്‍തിരിക്കും.
അവന്‍ ചെമ്മരിയാടുകളെ തന്റെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും.
അനന്തരം രാജാവ് തന്റെ വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍.
എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്‌ഷിക്കാന്‍ തന്നു.
എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു.
ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു.
ഞാന്‍ നഗ്‌നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു.
ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു.
ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെയടുത്തു വന്നു.
അപ്പോള്‍ നീതിമാന്‍മാര്‍ ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട് ഞങ്ങള്‍ ആഹാരം നല്‍കിയതും ദാഹിക്കുന്നവനായി കണ്ട് കുടിക്കാന്‍ നല്‍കിയതും എപ്പോള്‍?
നിന്നെ പരദേശിയായിക്കണ്ട് സ്വീകരിച്ചതും നഗ്‌നനായിക്കണ്ട് ഉടുപ്പിച്ചതും എപ്പോള്‍?
നിന്നെ ഞങ്ങള്‍ രോഗാവസ്‌ഥയിലോ കാരാഗൃഹത്തിലോ കണ്ടു സന്ദര്‍ശിച്ചത് എപ്പോള്‍?
രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തു തന്നത്.”
(മത്തായി 25 : 31-40)
ഇന്നു നമ്മുടെ ജീവിതത്തെ ഒന്ന് ചിട്ടപ്പെടുത്താം.
ഇന്നു നമ്മിലും നമുക്ക് ചുറ്റുമുള്ള മറ്റുള്ളവരിലും സത്യമായും വസിക്കുന്ന ഈശോയെ കുറിച്ച് ചിന്തിക്കാം.
ഈശോ വസിക്കുന്ന നമ്മോടു സ്വയം കൂടുതൽ കരുണ ഉള്ളവരാകാം. നമ്മെ ഇന്നു അലട്ടുന്ന ഓരോ കാര്യവും പൂർണമായും ഈശോയെ ഭരമേല്പിക്കാം. നമ്മിൽ ഇനിയും അവശേഷിക്കുന്ന പാപങ്ങളെ ഓർത്തു പശ്ചാത്തപിക്കാം. സാധിക്കുമെങ്കിൽ കുമ്പസാരിക്കാം. അതിനു പറ്റുകയില്ലെങ്കിൽ ഉത്തമ മനസ്താപ പ്രകരണം ചൊല്ലാം. പരിശുദ്ധ കുർബാനയിൽ പങ്കുകൊള്ളാം. അരൂപിയിൽ ഈശോയെ കൂടെക്കൂടെ സ്വീകരിക്കാം. ദിവ്യകാരുണ്യ ഈശോയെ ആരാധിക്കാം.ദൈവവചനം വായിക്കാം. അതിനെ കുറിച്ച് ഓർക്കാം. നമ്മുടെ ഹൃദയത്തിലുള്ള ഈശോയുടെ സാന്നിധ്യസ്മരണയിൽ ഈ ദിവസം നന്ദിയോടെ ആയിരിക്കാം.
ഈശോയോടെന്നത് പോലെ ബഹുമാനത്തോടെയും സ്നേഹത്തോടെയും കാരുണ്യത്തോടെയും ഓരോരുത്തരോടും ഇടപെടാം.
ചെറുതും വലുതുമായ ഓരോ കാര്യങ്ങളും കുറച്ചു കൂടി നന്നായി ചെയ്യാം.
ഇന്നു ഹൃദയത്തിൽ വസിക്കുന്ന ഈശോയോട് ചേർന്നിരിക്കാൻ നമ്മുടെ അധരങ്ങളെ കുറച്ചു കൂടി നിശബ്ദമാക്കാം.
മറ്റുള്ളവർ സംസാരിക്കുമ്പോൾ ഹൃദയത്തിൽ നിശബ്ദമായ മറുപടി ആയി “ഓക്കേ ഈശോയെ, Thank you ഈശോയെ, സോറി ഈശോയെ” എന്നൊക്കെ മറുപടി നൽകാം.
ഈശോയെ എന്നുള്ള നാമം വിളിക്കാനുള്ള ശക്തിയും ധൈര്യവും ഹൃദയത്തിന് ലഭിക്കാൻ പരിശുദ്ധാത്മാവിനാൽ നിറയാൻ പ്രാർത്ഥിക്കാം.
നല്ല ഈശോ വഴി ദൈവപിതാവിന്റെ സ്നേഹത്തിൽ നിറവോടെ ചെറിയ കാര്യങ്ങളിൽ ഏറ്റവും വിശ്വസ്തതയോടെ ആയിരിക്കാം.
“കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. “
(1 യോഹന്നാന്‍ 3 : 1)


Leave a comment