‘ഇത് എന്റെ ഐഡിയ ആയിപ്പോയി!’, പാളിപ്പോകുന്ന സംഭവങ്ങളിൽ ഇത്തിരി ചളിപ്പോടെ ചിലർ ഇങ്ങനെ പറയുന്ന കണ്ടിട്ടില്ലേ? പക്ഷേ ഒരു മനുഷ്യനും അവകാശപ്പെടാൻ പറ്റാത്ത സംഭവങ്ങളിൽ ഒന്നാണ് കുമ്പസാരം എന്ന കൂദാശ. അത് ഒരു മനുഷ്യന്റേം ഐഡിയ അല്ല, കർത്താവിന്റെ ഐഡിയയാണ്. മനുഷ്യരുടെ ഔദാര്യം അല്ല, ദൈവത്തിന്റെ കാരുണ്യമാണ്, മനുഷ്യരോടുള്ള അനന്തസ്നേഹമാണ് ഈ അനുരഞ്ജന കൂദാശ. അതുകൊണ്ട് തന്നെ അത് പാളിപ്പോകുകയുമില്ല.
‘ഞാൻ എന്റെ പാപങ്ങളൊക്കെ ദൈവത്തോട് നേരിട്ട് പറഞ്ഞോളാം, ഇടനിലക്കാർ വേണ്ട’ എന്ന് പറയുന്നവർ ഇക്കാലത്ത് കൂടി വരുന്നു. അങ്ങനെ നോക്കുവാണേൽ ദൈവത്തിന് നമ്മൾ പറഞ്ഞിട്ട് വേണോ നമ്മൾ ചെയ്ത പാപങ്ങൾ അറിയാൻ? അവന് അറിയാത്തതെന്തുണ്ട്? പക്ഷേ കുമ്പസാരം എന്ന കൂദാശയിൽക്കൂടി, ദൈവത്തോട് പാപങ്ങൾ മനസ്തപിച്ചു ഏറ്റുപറയുമ്പോൾ അത് ‘വേറെ ലെവലാണ്’.
ദൈവവുമായുണ്ടായ കട്ടസൗഹൃദത്തിന്റെ…സ്നേഹത്തിന്റെ ആത്മവിശ്വാസത്തിലേക്ക്, വിടവില്ലാത്ത ആ ഒന്നിപ്പിലേക്ക്, ഊർജ്ജം താണുപോയ അവസ്ഥയിൽ നിന്ന് ഫുൾ ചാർജിലേക്ക്, പരിശുദ്ധാത്മാവിന്റെ വഴിനടത്തലിലേക്ക്, വലിയ ആത്മസന്തോഷത്തിലേക്ക് ഒക്കെയുള്ള തിരിച്ചുപോക്ക് …. ആ പുനസ്സമാഗമം… അത് അനുഭവിച്ചറിയുക തന്നെ വേണം.
ഉത്ഥാനം ചെയ്ത ഈശോ, തന്റെ പിൻഗാമികളാകാൻ പോകുന്നവരിലേക്ക് നിശ്വസിച്ചുകൊണ്ട് വ്യക്തമായി ഒരു ദൗത്യം ഏൽപ്പിക്കുന്നുണ്ടെന്ന് യോഹ. 20:21-33ൽ പറയുന്നുണ്ട്, ‘നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും’.ഈശോ അപ്പസ്തോലർക്ക് പാപമോചനത്തിനായി അധികാരം നൽകുന്നു. ഇവിടെയാണ് അനുരഞ്ജനകൂദാശ ആരംഭിക്കുന്നത്. അപ്പസ്തോലരുടെ തുടർച്ചയായി, മെത്രാന്മാർ, പുരോഹിതർ എന്നിവരിലേക്ക് ആ വിശുദ്ധ അധികാരം കൈമാറി എത്തുന്നു.
‘നിങ്ങൾ പാപമോചനത്തിനായി ദൈവത്തോട് നേരിട്ട് പാപങ്ങൾ ഏറ്റുപറയൂ’എന്നല്ല ഈശോ പറഞ്ഞത്.
‘നിങ്ങളുടെ വാക്കുകേള്ക്കുന്നവന് എന്റെ വാക്കു കേള്‍ക്കുന്നു; നിങ്ങളെ നിരസിക്കുന്നവന് എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു’(ലൂക്കാ 10 : 16). എന്ന് ശിഷ്യരോട് പറഞ്ഞതും ഈശോ തന്നെ. സഭയിലെ ദൈവികപദ്ധതികൾ അംഗീകരിയ്ക്കുകയും സഭാ സംവിധാനങ്ങളോട് ചേർന്നു നിൽക്കാനുമുള്ള കടമ നമുക്കുണ്ട്. അത് നമ്മുടെ തന്നെ നന്മക്ക് വേണ്ടിയാണ്. കൂദാശകൾ നല്കപ്പെടുന്നത് സഭയിലാണ്. ദൈവാനുഗ്രഹം കടന്നുവരുന്നതിനുള്ള ചാനലുകളാണ്, നിർജ്ജീവമാകാതെ നമ്മെ നിലനിർത്തുന്നതാണ്, ഓരോ കൂദാശയും.
‘നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്റെ പ്രാര്‍ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്’
യാക്കോബ് 5 : 16….
‘ഞങ്ങളെ ക്രിസ്തുവഴി തന്നോടു രമ്യതപ്പെടുത്തുകയും രമ്യതയുടെ ശുശ്രൂഷ ഞങ്ങള്‍ക്കു നല്‍കുകയും ചെയ്ത ദൈവത്തില്‍നിന്നാണ് ഇവയെല്ലാം’
2 കൊറിന്തോസ് 5 : 18
കുമ്പസാരത്തിലൂടെ നമ്മൾ എളിമപ്പെട്ട്, പാപങ്ങൾ ഏറ്റുപറയുന്നത് മുമ്പിൽ കാണുന്ന വൈദികനോടല്ല ക്രിസ്തുവിനോട് തന്നെയാണെന്ന ബോധം നമുക്ക് വേണം. അതുണ്ടെങ്കിൽ, പുരോഹിതന്റെ യോഗ്യതയെപ്പറ്റി നമ്മൾ ആശങ്കാകുലരാവില്ല. അവർ ക്രിസ്തുവിന്റെ പ്രതിപുരുഷരാണ്. വൈദീകന്റെ വ്യക്തിപരമായ വിശുദ്ധിയല്ല, കൈവെയ്പ്പ് ശുശ്രൂഷ വഴി അദ്ദേഹത്തിനു നല്കപ്പെട്ട ക്രിസ്തുവിന്റെ പ്രസാദവര ജീവനാണ് നമുക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. കുമ്പസാരക്കൂട്ടിൽ മറഞ്ഞിരിക്കുന്നത് ഈശോ തന്നെയാണ്. അതിലൂടെ ലഭിക്കുന്ന പാപമോചനവും കൃപകളും പുരോഹിതന്റെ യോഗ്യതക്കനുസൃതം അല്ല, അങ്ങനെയായാൽ അത് ഈശോ നമ്മോട് ചെയ്യുന്ന ചതിയാവും. നമ്മുടെ ദൈവം ഒരിക്കലും നമ്മോട് അവിശ്വസ്തത കാണിക്കില്ല. സഭയിലൂടെ ദൈവം ഒഴുക്കുന്ന ദൈവകാരുണ്യമാണത്. സഭ അവളുടെ ശുശ്രൂഷയിൽ നിന്ന് വിലക്കാത്ത ഏത് പുരോഹിതന്റെ അടുത്തും മനശ്ചാഞ്ചല്യം കൂടാതെ നമുക്ക് കുമ്പസാരത്തിനണയാം.
‘I absolve you from your sins’… അല്ലെങ്കിൽ, ‘അനുതപിക്കുന്ന പാപികളെ വിശുദ്ധീകരിക്കുന്ന കർത്താവിന്റെ കൃപയാൽ നീ പാപങ്ങളിൽ നിന്ന് മോചിക്കപ്പെട്ടിരിക്കുന്നു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും…..’ എന്ന് തുടരുന്ന വാചകങ്ങളുടെ ഒപ്പം കുരിശാകൃതിയിലുള്ള ആ ആശിർവ്വാദം തരുന്ന ഒരു ശക്തി ഉണ്ടല്ലോ.. അത് നമുക്ക് തരുന്ന ആനന്ദം, സമാധാനം,
സ്വാതന്ത്ര്യം ഒന്നും , ‘നേരിട്ട് ദൈവത്തോട് ഞാൻ പറഞ്ഞോളാം’ എന്ന് പറഞ്ഞ് സഭയിലെ ഈ സൗഖ്യദായകകൂദാശയെ തള്ളിക്കളയുന്ന ഒരാൾക്ക് അനുഭവിക്കാൻ പറ്റില്ല.
ഇത്രയും മനോഹരമായ കൂദാശ സഭ ഒരുക്കി തന്നിട്ട്, ആ പ്രിവിലേജ് നമ്മൾ അനുഭവിക്കാതെ അങ്ങനൊരു സൗകര്യം ഇല്ലാത്ത സഭകളിലെ അല്ലെങ്കിൽ അകത്തോലിക്കരായ ആളുകളെപ്പോലെ കഴിഞ്ഞിട്ട് എന്ത് കാര്യം? പാപങ്ങൾ ക്ഷമിക്കാൻ, സൗഖ്യം തരാൻ സഭക്ക് അധികാരമുണ്ട്.
ദൈവത്തിന്റെ കാരുണ്യത്തിന്റെയും, പാപക്ഷമയുടെയും വിതരണക്കാരായ വൈദികരും കുമ്പസാരക്കൂട്ടിൽ ഇരിക്കുന്നത് കാരുണ്യത്തിന്റെ മുഖവുമായി ആണെങ്കിൽ നന്നായിരുന്നു. കാരുണ്യത്തോടെയുള്ള പെരുമാറ്റവും ശരിയായ ഉപദേശവും വിശ്വാസികൾ പ്രതീക്ഷിക്കുന്നു. പാപങ്ങൾ ക്ഷമിക്കാനായി ഏറെ സ്നേഹം, ആത്മീയ പക്വത ആവശ്യമുണ്ട്. ആ സ്നേഹം അവർ സ്വീകരിക്കുന്നത് സ്വർഗ്ഗസ്ഥനായ പിതാവിൽ നിന്നാണ്. ധൂർത്തപുത്രനെ വാരിപ്പുണരുന്ന, വഴിതെറ്റിയ ആടിനെ തിരഞ്ഞു നടക്കുന്ന അനന്തസ്നേഹം.
വൈദികർ കുമ്പസാരിപ്പിക്കുന്നില്ലെങ്കിൽ അവർ വെറും മത തൊഴിലാളികൾ മാത്രം ആകുമെന്നാണ് കർദ്ദിനാൾ ജോവാക്കിം മൈസ്നർ പറഞ്ഞത്. അവർ പിതാവിൽ നിന്നുള്ള കാരുണ്യം സ്വീകരിക്കാനായി സ്ക്രീനിന് അപ്പുറത്ത് മുട്ടുകുത്തുന്നവരും ആകണം. എങ്കിലേ ഇപ്പുറത്തുള്ളവരെ വിധിക്കാതെ, അഹങ്കാരമില്ലാതെ കൃപയുടെ വിതരണക്കാരാകാൻ പറ്റൂ.
നമ്മെ കുമ്പസാരത്തിൽ നിന്ന് അകറ്റാനുള്ള ന്യായങ്ങൾ, ഭീതി, എളിമയുടെ കുറവ് ഇതെല്ലാം വരുന്നത് പിശാചിൽ നിന്നാണ്. നമ്മെ എത്രത്തോളം ദൈവകൃപയിൽ നിറക്കുന്ന കൂദാശയാണ് അതെന്ന് പിശാചിന് നല്ലവണ്ണം അറിയാം. അതുകൊണ്ടുതന്നെ അതിൽ നിന്ന് നമ്മെ അകറ്റാൻ അവൻ മാക്സിമം ശ്രമിക്കും.
നല്ല കുമ്പസാരത്തിനായി സഭ പറഞ്ഞുതരുന്ന കാര്യങ്ങൾ അനുസരിച്ചു കൊണ്ട് തന്നെ അതിനായി അണയാം. ഉത്തമമായ മനസ്താപത്തോടെ, ഇനി പാപം ചെയ്യില്ലെന്നുള്ള ദൃഡനിശ്ചയത്തോടെ, കുമ്പസാരത്തിന്റെ ജപം ചൊല്ലി നമുക്കായി പ്രാർത്ഥിക്കാൻ പരിശുദ്ധ അമ്മയുടെയും മറ്റ് സ്വർഗ്ഗവാസികളുടെയും സഹായം യാചിച്ചുകൊണ്ട്, പ്രായശ്ചിത്തങ്ങൾ ചെയ്തുകൊണ്ട്..
‘അവിടുന്നു പ്രകാശത്തിലായിരിക്കുന്നതുപോലെ, നമ്മളും പ്രകാശത്തില്‍ സഞ്ചരിക്കുന്നെങ്കില് നമുക്കു പരസ്പരം കൂട്ടായ്മയുണ്ടാകും. അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിലും നിന്നു നമ്മെ ശുദ്ധീകരിക്കുന്നു.
നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും.
എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന് വിശ്വസ്തനും നീതിമാനുമാകയാല്, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.”
(1 യോഹന്നാന് 1 : 7-9)
ജിൽസ ജോയ് ![]()


Leave a comment