ഫ്രാൻസീസ് പാപ്പയുടെ മരിയൻ വിചാരങ്ങൾ 14

2024 നവംബർ 13 ലെ ജനറൽ ഓഡീയൻസിൽ പരിശുദ്ധാത്മാവിനോടുള്ള തുറന്ന മനസ്സിന്റെ ഒരു മാതൃകയായി പരിശുദ്ധ കന്യകാമറിയത്തെ ഫ്രാൻസിസ് മാർപാപ്പ അവതരിപ്പിച്ചു. എല്ലാ ക്രിസ്ത്യാനികളോടും ദൈവത്തിന്റെ പദ്ധതിയോടുള്ള മറിയത്തിൻറെ വിധേയത്വവും തുറവിയും അനുകരിക്കാൻ പപ്പാ ആഹ്വാനം ചെയ്തു. മംഗളവാർത്തയിൽ മാലാഖയോടുള്ള മറിയത്തിന്റെ “അതെ” എന്നത് ആഴമായ വിശ്വാസത്തിന്റെയും കീഴടങ്ങലിന്റെയും ഒരു നിമിഷമായിരുന്നുവെന്ന് ഫ്രാൻസിസ് പപ്പാ ഊന്നിപ്പറഞ്ഞു. ഇത് ലോകത്തിന്റെ രക്ഷയ്ക്കുള്ള ദൈവത്തിന്റെ പദ്ധതി വെളിപ്പെടുത്താൻ പ്രാപ്തമാക്കി.

മറിയത്തിന്റെ മാതൃക പിന്തുടരാൻ മറ്റുള്ളവരുടെ ആവശ്യങ്ങളോട് പ്രതികരിക്കാൻ – തന്റെ ഇളയമ്മയായ എലിസബത്തിനെ സന്ദർശിക്കാൻ – തിടുക്കം കൂട്ടിയതുപോലെ നമ്മളും ധൈര്യപ്പെടണമെന്നു പപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു. പരിശുദ്ധാത്മാവിനാൽ പ്രചോദിതയായി സേവിക്കാനുള്ള ഈ സന്നദ്ധത യഥാർത്ഥ ക്രിസ്തീയ ജീവിതത്തിന്റെ മുഖമുദ്രയാണ്.

സഭയിൽ പരിശുദ്ധാത്മാവിന്റെ പങ്കിനെക്കുറിച്ചുള്ള തന്റെ വേദോപദേശം തുടരുന്നതിനിടയിലാണ് മനുഷ്യത്വത്തിനും ക്രിസ്തുവിനും ഇടയിൽ പരിശുദ്ധാത്മാവ് യഥാർത്ഥ മധ്യസ്ഥനാണെങ്കിലും ഒരു വഴികാട്ടിയും മധ്യസ്ഥയും എന്ന നിലയിൽ മറിയം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ എടുത്തുപറഞ്ഞു. “നമ്മുടെ കൈപിടിച്ച് നമ്മെ ഈശോയിലേക്കു നയിക്കുന്ന അമ്മയാണ് നമ്മുടെ പരിശുദ്ധ മറിയം ,” മരിയൻ ഭക്തി ഒരിക്കലും മറിയത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല, മറിച്ച് എല്ലായ്പ്പോഴും അത് ഈശോയിലേക്കു വിരൽ ചൂണ്ടുന്നുവെന്നും പപ്പാ ഉദ്‌ബോധിപ്പിച്ചു.

കത്തോലിക്കർ മറിയത്തെ ആരാധിക്കുകയല്ല മറിച്ച് നമ്മെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്ന ഒരു സഹായിയായി അവളെ ബഹുമാനിക്കുന്നു എന്ന വസ്തുത ഊന്നിപ്പറഞ്ഞുകൊണ്ട് ചില പൊതു തെറ്റിദ്ധാരണകളെ തിരുത്തുവാനും വേദോപദേശത്തിനിടയിൽ പപ്പാ സമയം കണ്ടെത്തി . “ഇതാ, കർത്താവിന്റെ ദാസി” എന്ന മറിയത്തിന്റെ മാതൃക ഓരോ ക്രിസ്ത്യാനിയും ചെയ്യാൻ വിളിക്കപ്പെട്ടിരിക്കുന്നതായി ഓർമ്മിപ്പിക്കാനും പപ്പാ മറന്നില്ല.

ഫാ. ജയ്സൺ കുന്നേൽ MCBS


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment