സഭാമാതാവായ പരിശുദ്ധ അമ്മ

പന്തക്കുസ്തദിനത്തിൽ സഭയുടെ ജനനം അനുസ്മരിക്കുന്നതിന്റെ തൊട്ടടുത്ത ദിവസമാണ് സഭയുടെ മാതാവായ മറിയത്തിന്റെ തിരുന്നാൾ തിരുസഭ കൊണ്ടാടുന്നത്. 2018 ൽ ഫ്രാൻസിസ് പാപ്പയാണ് അതിന് തുടക്കം കുറിച്ചത്.

ക്രിസ്തു അപ്പസ്തോലന്മാരിൽ പണിതുയർത്തിയ സഭ പന്തക്കുസ്ത ദിവസം ദൈവത്തിന്റെ ശക്തമായ പ്രവർത്തനങ്ങളെ ക്കുറിച്ച് പൂർണ്ണ ബോധ്യമുള്ളവളായി. ആ നിമിഷം മുതൽ വ്യക്തികളുടെയും ജനതകളുടെയും ചരിത്രത്തിലൂടെയുള്ള സഭയുടെ തീർത്ഥാടനം തുടങ്ങി. ആ യാത്രയുടെ തുടക്കം മുതലേ പരിശുദ്ധ അമ്മ സന്നിഹിതയായിരുന്നു.

സെഹിയോൻ ഊട്ടുശാലയിൽ പരിശുദ്ധാത്മാവിന്റെ ദാനങ്ങൾക്കായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നവളായി അപ്പസ്തോലന്മാരുടെ മധ്യത്തിൽ നമ്മൾ അമ്മയെ കാണുന്നു. പക്ഷേ അവളുടെ യാത്ര അവിടെയുണ്ടായിരുന്ന മറ്റുള്ളവരുടേതിനേക്കാൾ ദീർഘമായിരുന്നു. പരിശുദ്ധാത്മാവ് അവളുടെ മേൽ വന്നുകഴിഞ്ഞിരുന്നു മംഗളവാർത്തയുടെ സമയത്തിൽ അവിടുത്തെ വിശ്വസ്ത മണവാട്ടിയായ നിമിഷം തൊട്ടേ. അവൾ ശിഷ്യർക്ക് ‘മുൻപേ പോകുന്നു’. അവർക്ക് ‘വഴികാണിച്ചു കൊടുക്കുകയും ചെയ്യുന്നു’. മംഗളവാർത്തയുടെ നിമിഷത്താലും കുരിശിനാലും, ജറുസലേമിലെ പന്തക്കുസ്തയുടെ നിമിഷം തയ്യാറാക്കപ്പെട്ടു.

കുരിശിൽ കിടന്നുകൊണ്ട് യേശു അരുൾ ചെയ്ത വാക്കുകൾ ക്രിസ്തുവിനെ വഹിച്ച മറിയത്തിന്റെ മാതൃത്വം, സഭയിൽ, സഭയിലൂടെ, ഒരു പുതിയ തുടർച്ച കണ്ടെത്തുകയാണെന്ന് വ്യക്തമാക്കുന്നതാണ്. യോഹന്നാൻ ശ്ലീഹ അവിടെ സഭയുടെ പ്രതിരൂപവും പ്രതിനിധിയുമായിരുന്നു. ആരംഭത്തിൽ ഉല്പത്തി പുസ്തകത്തിലും, പിന്നീട് കുരിശിൻ ചുവട്ടിലും, അവസാനത്തിൽ വെളിപാടിന്റെ പുസ്തകത്തിലും പറയപ്പെട്ട ‘സ്ത്രീ’ ആയി നിലകൊള്ളുന്ന പരിശുദ്ധ മറിയം. അവൾക്ക് സഭയെ സംബന്ധിച്ചുള്ള മാതൃത്വം, ദൈവപുത്രനെ സംബന്ധിച്ചുള്ള മാതൃത്വത്തിന്റെ പ്രതിഫലനവും വിപുലീകരണവുമാണ്.

പന്തക്കുസ്ത ദിനത്തിൽ, പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ സംഭവിച്ച കൃപാവരത്തിന്റെ രക്ഷാകര പദ്ധതിയിൽ വചനത്തിന്റെ മനുഷ്യാവതാരനിമിഷവും സഭയുടെ ജനന നിമിഷവും തമ്മിൽ അതുല്യമായ ഒരു പൊരുത്തമുണ്ട്. ഈ രണ്ടു നിമിഷങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന വ്യക്തി മറിയമാണ്. നസ്രത്തിലെ മറിയവും സെഹിയോൻ ഊട്ടൂശാലയിലെ മറിയവും. രണ്ടിടത്തും പരിശുദ്ധാത്മാവിൽ നിന്നുള്ള ജനനസമയത്ത് അവളുടെ വിവേകപൂർണ്ണവും അത്യാവശ്യവുമായിരുന്ന സാന്നിധ്യം ഒഴിവാക്കാനാവാത്തതായിരുന്നു. അങ്ങനെ അമ്മയെന്ന നിലയിൽ ക്രിസ്തുരഹസ്യത്തിൽ സന്നിഹിതയായിരുന്ന അവൾ ദിവ്യപുത്രന്റെ തിരുവിഷ്ടത്താലും പരിശുദ്ധാത്മാവിന്റെ ശക്തിയാലും സഭാരഹസ്യത്തിലും സന്നിഹിതയായിരിക്കുന്നു. കുരിശിൽ നിന്ന് അരുൾചെയ്യപ്പെട്ട “ സ്ത്രീയേ, ഇതാ നിന്റെ മകൻ “….“ ഇതാ നിന്റെ അമ്മ “, എന്നീ വാക്കുകളിലൂടെ അവൾ സഭയിലും തന്റെ മാതൃ സഹജമായ സാന്നിധ്യം തുടർന്നു കൊണ്ടിരിക്കുന്നു.

അവൾ ‘വിശ്വസിച്ചതുകൊണ്ട് ഭാഗ്യവതി ’ ആയവളാണ്. ആദ്യം വിശ്വസിച്ചത് അവളാണ്. പുതിയ ദൈവജനമെന്ന നിലയിൽ സഭ ഭൂമിയിലെങ്ങും നടത്തുന്ന തീർത്ഥാടനത്തിൽ ( പ്രത്യാശയുടെ തീർത്ഥാടനത്തിൽ) മറിയത്തിന് പ്രത്യേക പദവി നൽകുന്നത് അവളുടെ വിശ്വാസത്തിലുള്ള സഭയുടെ സജീവമായ പങ്കുചേരലാണ്, തങ്ങളുടെ വിശ്വാസം ഉറപ്പിക്കാൻ അവളുടെ സഹായം തേടുകയാണ്. തന്നെ അനുഗ്രഹീതയാക്കിയ തന്റെ വിശ്വാസത്തിലൂടെ അവൾ സഭയുടെ ദൗത്യത്തിൽ സന്നിഹിതയാണ്. കാനായിലെ പോലെ നമുക്കായി മാധ്യസ്ഥം വഹിക്കുന്നവളാണ്. തന്റെ പുത്രന്റെ രാജ്യം ( “അവന്റെ രാജ്യത്തിന് അവസാനമുണ്ടായിരിക്കുകയില്ല”- ഗബ്രിയേൽ മാലാഖയുടെ വാക്കുകൾ) ഈ ലോകത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള സഭയുടെ ജോലിയിൽ വഴികാട്ടിയാണവൾ. മുഴുവൻ മനുഷ്യവംശത്തെയും അതിന്റെ ശിരസ്സായ ക്രിസ്തുവിലേക്ക്, അവിടത്തെ പരിശുദ്ധാത്മാവിന്റെ ഐക്യത്തിൽ തിരിച്ചു കൊണ്ടുവരുവാൻ ഊർജ്ജസ്വലതയോടെ നിരന്തരം അവൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

എല്ലാവർക്കും സഭാമാതാവായ പരിശുദ്ധ മറിയത്തിന്റെ തിരുന്നാൾ ആശംസകൾ സ്നേഹപൂർവ്വം നേരുന്നു.

ജിൽസ ജോയ് ✍️

(സഹായിച്ചത് ‘രക്ഷകന്റെ അമ്മ’ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ചാക്രിക ലേഖനം)


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment