Corpus Christi Message in Malayalam

വിശുദ്ധ നാട്ടിലേക്ക് തീർത്ഥാടനത്തിന് വരുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ കാർലോ അക്യുട്ടിസ് ഒരിക്കൽ നൽകിയ മറുപടി കേട്ടുനിന്നവരെ അത്ഭുതപ്പെടുത്തി,

“മിലാനിൽ തന്നെ ആയിരിക്കാനാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത് . കാരണം, ഏത് സമയവും എനിക്ക് സന്ദർശിക്കാനും കൂടെ ആയിരിക്കാനും കഴിയുന്ന വിധത്തിൽ ദേവാലയങ്ങളിലെ തിരുസക്രാരിയിൽ ഈശോ വസിക്കുന്നു. അതിനാൽ തന്നെ എനിക്ക് ജെറുസലേമിലേക്ക് പോകേണ്ട ആവശ്യമില്ല. ലോകത്തിലെല്ലായിടത്തും വാഴ്ത്തപ്പെട്ട തിരുവോസ്തിയിൽ ഈശോ ഇന്നും വസിക്കുന്നെങ്കിൽ, യേശു താമസിച്ചിരുന്ന സ്ഥലങ്ങൾ സന്ദർശിക്കാൻ ജെറുസലേമിലേക്ക് തീർത്ഥാടനം നടത്തേണ്ടതിന്റെ ആവശ്യകത എന്താണ്? അതിലുമുപരി യേശു വസിക്കുന്ന തിരുസക്രാരികൾ ഭക്തിപൂർവ്വം സന്ദർശിക്കുകയാണ് നാം ചെയ്യേണ്ടത്”.

ആഴത്തിലുള്ള ദിവ്യകാരുണ്യ ആരാധന വഴി , ഒരു കുഞ്ഞിപയ്യന് ലഭിച്ച ബോധ്യം! ഈ സ്നേഹമായിരുന്നു, ഈശോയെ എല്ലാവരും അറിഞ്ഞു സ്നേഹിക്കണമെന്ന ഉൽക്കടമായ ആഗ്രഹമായിരുന്നു, സഭ അംഗീകരിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ച് വെബ്സൈറ്റ് അവൻ രൂപപ്പെടുത്തിയതിനും വേർച്വൽ മ്യൂസിയം നിർമ്മിച്ചതിനും പിന്നിൽ.

സൈബർ അപ്പസ്തോലൻ ഓഫ് ദ യൂക്കരിസ്റ്റ് എന്നറിയപ്പെടുന്ന, കാർലോ അക്യുട്ടിസിന്റെ തിരുശേഷിപ്പ് പേടകത്തിന്റെ മുകളിൽ ‘ The Eucharist is my highway to heaven’ (ദിവ്യകാരുണ്യം സ്വർഗത്തിലേക്കുള്ള എന്റെ രാജപാതയാണ്) എന്നെഴുതി വെച്ചിട്ടുണ്ട്.

മതബോധനക്‌ളാസിൽ അധ്യാപിക കുട്ടികളോട് ചോദിച്ചു, “ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ക്രൂശിതരൂപവും കുർബ്ബാനമധ്യേ വൈദികൻ എടുത്തുയർത്തുന്ന വെള്ള ഓസ്തിയും തമ്മിലുള്ള വ്യത്യാസമെന്താ ?” ഒരു കുട്ടി ചാടിയെണീറ്റു പറഞ്ഞു, “ഞാൻ പറയാം. ചുവരിലെ ക്രൂശിതരൂപത്തിൽ ഞാൻ ഈശോയെ കാണുന്നു പക്ഷെ അവൻ അവിടെയില്ല. കുർബ്ബാനയിൽ ഓസ്തിയിൽ ഞാൻ നോക്കുമ്പോൾ ഈശോയെ അവിടെ കാണാനില്ല , പക്ഷെ അവൻ അവിടെ ശരിക്കും ഉണ്ടെന്ന് എനിക്കറിയാം”.

സഭ ദിവ്യകാരുണ്യത്തിൽ നിന്നാണ് ജീവൻ സ്വീകരിക്കുന്നത്. ചരിത്രത്തിലൂടെയുള്ള സഭയുടെ പ്രയാണത്തിൽ അവൾക്ക് ലഭിച്ചിരിക്കുന്ന ഏറ്റം വിലയേറിയ സ്വത്തും ആത്മീയ ഭക്ഷണവും ആണ് അത്. ക്രിസ്തീയജീവിതത്തിന്റെയും സഭാമക്കളുടെയും കേന്ദ്രമാണ്, മകുടമാണ് വിശുദ്ധ കുർബ്ബാന എന്ന് ദിവ്യകാരുണ്യത്തെ ഏറെ പ്രണയിച്ച വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയും വിശ്വസിച്ചു, പ്രഖ്യാപിച്ചു. വിശുദ്ധ കുർബ്ബാന എന്ന വിസ്മയത്തെ കൂടുതൽ മനസ്സിലാക്കാൻ, വിശുദ്ധ കുർബ്ബാനയുടെ സഭ (Ecclesia De Eucharistia) എന്ന, ആറ് അധ്യായങ്ങളുള്ള പാപ്പയുടെ ചാക്രിക ലേഖനം സഹായിക്കുന്നു.

ദിവ്യകാരുണ്യത്തെ പറ്റി പറയാൻ എത്ര മനോഹരമായ വാക്കുകളാണ് ദിവ്യകാരുണ്യ അപ്പസ്തോലൻ എന്നറിയപ്പെടുന്ന വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡ് ഉപയോഗിച്ചത്!

“ആരൊക്കെ തളർന്നുപോകാതെ സ്ഥിരത ആഗ്രഹിക്കുന്നോ, അവർ നമ്മുടെ കർത്താവിനെ സ്വീകരിക്കട്ടെ. നിങ്ങളെ ശക്തിപ്പെടുത്തുന്ന , താങ്ങിനിർത്തുന്ന അപ്പമാണവൻ. സഭ അതാഗ്രഹിക്കുന്നു. ദിവസേനയുള്ള ദിവ്യകാരുണ്യസ്വീകരണത്തെ അവൾ പ്രോത്സാഹിപ്പിക്കുന്നു”.

“വിശുദ്ധ കുർബ്ബാന സ്വീകരണം, എല്ലാറ്റിലുമുപരി ക്രിസ്തീയ ജീവിതലക്ഷ്യമാകണം. കുർബ്ബാനസ്വീകരണവുമായി ഒരു ബന്ധവുമില്ലാത്ത ഏത് ഭക്തകൃത്യവും പ്രധാന ലക്ഷ്യത്തിലേക്ക് നയിക്കുന്നില്ല”.

“അതെ, സൂര്യൻ ശരീരത്തിന്റെയും ഭൂമിയുടെയും ജീവനായിരിക്കുന്നതുപോലെ ദിവ്യകാരുണ്യം ആത്മാവിന്റെയും സമൂഹത്തിന്റെയും ജീവനാണ്. ഓ എത്ര സന്തോഷമുള്ളവൻ , ആയിരം മടങ്ങ് സന്തോഷമുള്ളവനാണ് ഈ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തിയിരിക്കുന്ന വിശ്വസ്തനായ ആത്മാവ്, ഈ ജീവന്റെ അരുവിയിൽ നിന്ന് കുടിക്കുന്നവൻ, നിത്യജീവന്റെ ഈ അപ്പം ഭക്ഷിക്കുന്നവൻ !”

അദ്ദേഹം സ്ഥാപിച്ച ‘The Most Holy Sacrament ന്റെ റിവ്യൂവിൽ അദ്ദേഹം എഴുതി, ” ജീവന്റെ അരുവിയിലേക്ക് നമ്മൾ തിരിച്ചുപോണം, ചരിത്രത്തിലുള്ള യേശുവിന്റെയോ സ്വർഗ്ഗത്തിൽ മഹിമയോടിരിക്കുന്ന യേശുവിന്റെയോ അടുത്തേക്ക് മാത്രമല്ല, ദിവ്യകാരുണ്യ ഈശോയുടെ അടുത്തേക്ക്. നിഴലിൽ നിന്ന് അവനെ പുറത്തേക്ക് കൊണ്ടുവരണം, അങ്ങനെ ഒരിക്കൽക്കൂടി അവന് ക്രിസ്തീയസമൂഹത്തിന്റെ ശിരസ്സെന്ന സ്ഥാനം ഏറ്റെടുക്കാൻ കഴിയും. ദിവ്യകാരുണ്യവാഴ്ച വർദ്ധിക്കട്ടെ…. Adveniat regnum tuum” (May Your Kingdom Come).

മരണനേരത്ത് ഒരു സഹപ്രവർത്തകൻ അദ്ദേഹത്തോട് അവസാനമായി എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു, “ഇല്ല, എനിക്ക് നിങ്ങളോട് വേറൊന്നും പറയാനില്ല, നിങ്ങൾക്ക് ദിവ്യകാരുണ്യമുണ്ട്.പിന്നെന്ത്‌ വേണം?” ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

വിശുദ്ധ അൽഫോൻസ് ലിഗോരി പറഞ്ഞു, “നീ ഞങ്ങളുടെ ഇടയിൽ എപ്പോഴുമുണ്ടായിരുന്നു. ആദ്യം പുൽക്കൂട്ടിലെ ഉണ്ണിയായി വന്നു , പിന്നെ പണിസ്ഥലത്തെ പാവപ്പെട്ടവനായി, പിന്നീട് കുരിശിലെ കുറ്റവാളിയായി , ഇപ്പോൾ അൾത്താരയിൽ അപ്പമായും. പറയു, ഞങ്ങളുടെ സ്നേഹം ലഭിക്കാനായി ഇതിലും നല്ല, വേറെ ഏതു വഴിയാണ് ഉണ്ടായിരുന്നത്?”

“ഓരോ പ്രാവശ്യവും വിശുദ്ധ കുർബ്ബാന സ്വീകരിക്കുമ്പോൾ പരിശുദ്ധ ത്രിത്വം വസിക്കുന്ന കൂടാരങ്ങളായി നമ്മുടെ ശരീരവും ആത്മാവും രൂപാന്തരപ്പെടുന്നു”.. വിശുദ്ധ വെറോനിക്ക ജൂലിയാനി.

ദൈവത്തിനു മനുഷ്യനോടുള്ള അളവറ്റ സ്നേഹത്തിന്റെ പ്രകടനമാണ് വിശുദ്ധ കുർബ്ബാന. വിരുന്നൊരുക്കുന്ന പിതാവ് അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിൽ പുത്രനെത്തന്നെ നമുക്ക് തരുന്നു. നമ്മൾ അവനിൽ ഒരു ശരീരമാകേണ്ടവരാണ്. ക്രിസ്തുവായി രൂപാന്തരം പ്രാപിക്കേണ്ടവരുമാണ്. .ഓരോ ദിവ്യകാരുണ്യസ്വീകരണത്തിലും ക്രിസ്തുവിന്റെ പെസഹാരഹസ്യത്തിൽ നമ്മൾ പങ്കുപറ്റുന്നു.

നമ്മെതന്നെ മറ്റുള്ളവർക്ക് നൽകാനുള്ള ഒരു ചലഞ്ച് ആണ് ദിവ്യകാരുണ്യം നമുക്ക് മുന്നിൽ വക്കുന്നത് . ഗോതമ്പുമണി പോലെ പൊടിയേണ്ടവർ, മറ്റൊരു യൂക്കരിസ്റ്റായി മാറേണ്ടവരാണ് ഓരോ ക്രിസ്ത്യാനിയും. അതുകൊണ്ടാണ് ഇങ്ങനെയൊരു ചൊല്ലുള്ളത്‌, Where the Mass ends, our life begins ..

വിശ്വാസത്തിന്റെ ആനന്ദവും പ്രത്യാശയുടെ ഔൽസുക്യവും എല്ലായ്‌പ്പോഴും ജീവന്റെ വചനവും അപ്പവും ആയ ക്രിസ്തുവിൽ കണ്ടെത്താൻ, കടന്നുപോയ ഫ്രാൻസിസ് പാപ്പ നമ്മെ ഉൽബോധിപ്പിച്ചു. എമ്മാവൂസിലെ ശിഷ്യരുടെ അനുഭവം പുനർജീവിച്ചു കൊണ്ട് ‘ഞങ്ങൾ കർത്താവിനെ കണ്ടു’ എന്ന സ്നേഹമുള്ള സാക്ഷ്യം വഹിക്കാൻ പര്യാപ്തമായ ഊർജ്ജസ്വലത സദാ ക്രിസ്തുവിൽ കണ്ടെത്തേണ്ടിയിരിക്കുന്നു. നാം ദിവ്യബലിയിൽ സംബന്ധിക്കുന്ന ഓരോ അവസരത്തിലും, കുരിശിൽ മരിച്ചു ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സ്നേഹം ദിവ്യകാരുണ്യത്തിലൂടെ ഭക്ഷണമായും പാനീയമായും നമുക്ക് പകർന്നു നൽകപ്പെടുന്നു. ഓരോ ബലിയിലും രക്ഷാകരമായ കുരിശിലെ ബലി ആവർത്തിക്കപ്പെടുന്നു, സ്വർഗ്ഗസ്ഥനായ പിതാവിനാൽ നാം വീണ്ടും സ്വീകരിക്കപ്പെടുന്നു. നഷ്ടപ്പെട്ടു പോയ നമ്മെ എല്ലാ ചരാചരങ്ങളുമൊത്ത് വീണ്ടും കണ്ടെത്തുന്നു. ക്രിസ്തുവിനെ സമൂർത്തമായി അനുദിനം പിന്തുടരുന്നതിന് വേണ്ടിയാണത്. നമ്മുടെ സഹോദരീസഹോദരന്മാർക്ക് ശുശ്രൂഷ ചെയ്തുകൊണ്ട് അവിടുത്തെ പാതയിലൂടെ നടക്കാനായി.

നമ്മുടെ ദിവ്യകാരുണ്യസ്വീകരണങ്ങൾ വെറും ചടങ്ങായി മാറുന്നുണ്ടോ എന്ന് ആത്മപരിശോധന ചെയ്യാം. ക്രിസ്ത്വനുകരണത്തിൽ പറയുംപോലെ, ‘ഈ ലോകത്തിൽ ഒറ്റ ഒരിടത്ത് പോയാൽ മാത്രമേ നമുക്ക് ഈശോയുടെ തിരുശരീരവും തിരുരക്തവും ഉൾകൊള്ളാൻ പറ്റുകയുള്ളു എങ്കിൽ എത്ര കഷ്ടപ്പാട് സഹിച്ചും നമ്മൾ അവിടെ പോയി ഒരുക്കത്തോടെ കുർബ്ബാന കൈക്കൊള്ളുമായിരുന്നു’. ഇതിപ്പോൾ അധികം ബുദ്ധിമുട്ടില്ലാതെ നമുക്ക് ലഭിക്കുമെന്നുള്ളത് കൊണ്ട് അമൂല്യമായതിനെ വിലകുറച്ചു കാണാനുള്ള പ്രേരണ ഉണ്ടാകാൻ സാധ്യതയുണ്ട്. .

ഒരേ സമയം മഹാപുരോഹിതനും ബലിവസ്തുവും ആയി, അനന്തമൂല്യമുള്ള പരിശുദ്ധ കുർബ്ബാനയിൽകൂടി ദാനങ്ങൾ സമൃദ്ധമായി വർഷിക്കുന്ന ഈശോക്ക് ആയിരമായിരം നന്ദി..

പരമപരിശുദ്ധ ദിവ്യകാരുണ്യത്തിൽ എഴുന്നെള്ളിയിരിക്കുന്ന നല്ല ഈശോയെ, നിന്നെ ഞങ്ങൾ ആരാധിക്കുന്നു. സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമായ ഈശോയെ, നിന്നെ ഞങ്ങൾ സ്തുതിക്കുന്നു. ഞങ്ങളുടെ രക്ഷക്കായി ഗാഗുൽത്തായിൽ നിറവേറ്റിയ ബലിയെ സ്നേഹാധിക്യത്താൽ, ചോര ചിന്താത്ത വിധത്തിൽ അൾത്താരയിൽ എന്നും പുതുക്കി ഞങ്ങൾക്കായി മാധ്യസ്ഥം വഹിക്കുന്ന ഈശോയെ, അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു…

ജിൽസ ജോയ് ✍️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment