കഴിഞ്ഞു പോയ ഒരു ആദ്യവെള്ളിയാഴ്ച ഏറ്റവും ആത്മീയമായ ഒരുക്കത്തോടെ ഈശോയിൽ ആയിരിക്കണമെന്ന് മനസിലോർത്തു. പക്ഷെ നിസാരയായ എന്നെക്കൊണ്ട് അതൊന്നും ഒറ്റയ്ക്ക് പറ്റില്ല എന്നുറപ്പാണ്. ഓർത്തു നോക്കിയപ്പോൾ എപ്പോഴും കൂടെയുള്ള കാവൽമാലാഖയോടൊപ്പം മിഖായേൽ മാലാഖയെയും ഓർമ വന്നു. കുറെ നാളായി മിഖായേൽ മാലാഖയുടെ കാര്യം വ്യക്തിപരമായി ഓർത്തിട്ട്. മിഖായേൽ എന്ന് ഓർക്കുമ്പോൾ “ദൈവത്തെ പോലെ ആരുണ്ട്?!!! എന്ന് ഉദ്ഘോഷിക്കുന്ന ഒരു ശക്തനാണെങ്കിലും വിനീതനായ ഒരു മാലാഖയെ ആണ് ഓർമ വരിക.
എനിക്ക് ആ വാക്ക് ഉള്ളിൽ കൊണ്ടു.
മിഖായേൽ എന്ന വാക്കിന്റെ അർത്ഥവും ദൈവത്തെ പോലെ ആരുണ്ട് എന്നാണല്ലോ.
ഇടയ്ക്കിടയ്ക്ക് ദൈവത്തെ പോലെ നമ്മുടെ അത്യുന്നതനായ ദൈവത്തെ പോലെ ആരുണ്ട് എന്ന് ഞാനും പറഞ്ഞു നോക്കി.
നടക്കുന്ന വഴി ഓരോ തവണ ഇത് പറയുമ്പോഴും ഹൃദയത്തിൽ ദൈവമഹത്വവും ദൈവസ്നേഹവും നിറയുന്നത് പോലെ തോന്നി.
ഇടയ്ക്ക് എനിക്കൊരു സംശയം വന്നു. എന്ത് മാത്രം കാര്യങ്ങൾ നോക്കാനുള്ളതാ മിഖായേൽ മാലാഖയ്ക്ക്. എന്നേക്കാൾ സ്നേഹമുള്ള എത്രയോ പേര് കാണും വിളിക്കാനും കൂടെ നടക്കാനുമൊക്കെ…
അപ്പോൾ ഞാനോർത്തു സർവശക്തനായ ദൈവത്തിന്റെ മാലാഖാമാരുടെ മനുഷ്യരെ സഹായിക്കാനുള്ള കഴിവുകളെ ഞാനെന്തിന് അളക്കണം?
ഞാൻ സാധാരണ പോലെ വിളിച്ചു സംസാരിച്ചാൽ പോരെ!
എനിക്ക് പറയാനുള്ളത് പറഞ്ഞാൽ പോരേ!
ഓരോ ആത്മാവും സവിശേഷമായ വിധത്തിൽ ദൈവം സൃഷ്ടിച്ചിരിക്കുന്നു. അത് മാത്രമേ ഉള്ളൂ എന്ന രീതിയിൽ ഓരോ ആത്മാവിനെയും ദൈവം സ്നേഹിക്കുന്നു. അപ്പോൾ ഞാൻ മാത്രമേ ഈശോയുടെ സ്നേഹഭാജനമായി ഉള്ളൂ എന്ന രീതിയിൽ ഉള്ള പരിഗണന എനിക്കും ഓരോ മനുഷ്യർക്കും മാലാഖാമാരിൽ നിന്നും കിട്ടുമല്ലോ.
ഏതായാലും തിരക്ക് ആണെങ്കിലും ഇന്നു മുഴുവൻ എന്റെ കൂടെ നടക്കണം എന്നുള്ള ആഗ്രഹം മിഖായേൽ മാലാഖയുടെ മുന്നിൽ വച്ചു….
എനിക്ക് ചോദിക്കാമല്ലോ….
അത് പോലെ ഓരോ മനുഷ്യർക്കും ചോദിക്കാം.
മാമോദീസ സ്വീകരിച്ച അന്ന് മുതൽ ഈശോ വഴി ദൈവരാജ്യത്തിന്റെ ദൈവപിതാവിന്റെ മകൾ എന്നുള്ള പേരിൽ എന്ന പേരിൽ എനിക്ക് മാലാഖാമാരോടും സഹോദരങ്ങളായ വിശുദ്ധരോടും എന്തും ചോദിക്കാം.
നമ്മുടെ വീട്ടിലെ ആൾക്കാർ നമ്മോടു എങ്ങനെ സാധാരണ രീതിയിൽ പെരുമാറുമോ അതേ രീതിയിൽ സ്വർഗ്ഗവീട്ടിലെ ആളുകളും നമ്മോടു പെരുമാറും.
ആ സ്വാതന്ത്ര്യം നമുക്ക് അവരോടു തോന്നണമെങ്കിൽ ശിശുസഹജമായ വിശ്വാസം നമുക്ക് വേണം.
ഈശോ പറഞ്ഞതൊക്കെയും വിശ്വസിക്കുന്ന വിശ്വാസം.
വചനം കാണാതെ വിശ്വസിക്കുന്ന വിശ്വാസം.
ഹൃദയത്തിലെ പ്രചോദനങ്ങളെ വേർതിരിച്ചറിഞ്ഞു പിഞ്ചെല്ലുന്ന വിശ്വാസം.
ദിവസം സാധാരണ പോലെ പോയി.
എങ്കിലും കൊച്ചു കൊച്ചു നിമിഷങ്ങളിൽ ഞാൻ മിഖായേൽ മാലാഖ ഇന്നു പ്രത്യേകമായി കൂടെയുണ്ടല്ലോ എന്നോർത്തു.
അപ്പോഴൊക്കെയും ഈശോയെ അറിയാവുന്നത് പോലെ സ്തുതിച്ചു.
ഷോപ്പിംഗിന് പോയി ഓരോന്നു ഒരുമിച്ചു വാങ്ങി വരുമ്പോൾ കാവൽമാലാഖയോടൊപ്പം മിഖായേൽ മാലാഖയും കൂടെയുണ്ടല്ലോ എന്നുള്ള ചിന്ത മനസിൽ വന്നു.
ഒരു അപ്പോയ്ന്റ്മെന്റ്ന് വേണ്ടി സ്പീഡിൽ നടക്കുമ്പോൾ ശ്രദ്ധ മാറി. സാധാരണ ശീലം കൊണ്ട് ഈശോയെ വിളിച്ചു.
“എന്റെ രക്ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും.
കര്‍ത്താവായ ദൈവമാണ് എന്റെ ബലം. കലമാന്റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന് എന്റെ പാദങ്ങള്‍ക്കു വേഗത നല്കി.”
(ഹബക്കുക്ക് 3 : 18-19)
കലമാന്റെ വേഗം എന്റെ കാലുകൾക്ക് ഇപ്പോഴത്തെയും പോലെ ഇപ്പോഴും അത്യാവശ്യനേരത്തു ഈശോ തന്നെ തരണമല്ലോ.
ഏതായാലും ഈശോ സമയത്ത് എത്തിച്ചു.
മിഖായേൽ മാലാഖയുടെ കൂടെ നടന്നാൽ വലിയ ദൈവമഹത്വത്തെ കുറിച്ചുള്ള ചിന്ത കൊണ്ട് നമ്മുടെ ആത്മാവ് നിറയും.
വെള്ളിയാഴ്ച ഈശോയുടെ പീഡാ സഹനത്തെ കുറിച്ച് നാം ധ്യാനിക്കുന്ന ദിവസം ” നമ്മുടെ ദൈവത്തെ പോലെ ആരുണ്ട്!” എന്ന ചിന്തയാണല്ലോ നമ്മുടെ ഹൃദയങ്ങളെ ഭരിക്കേണ്ടത്
അത്യുന്നതനും അളവില്ലാത്ത സ്നേഹത്തിന്റെ ഉറവിടവും പരിശുദ്ധിയുടെ പര്യായവുമായ നമ്മുടെ ദൈവത്തെ എപ്പോഴും കണ്ടു കൊണ്ട് ആരാധിക്കുന്ന മാലാഖ അവിടുത്തെ ദർശിച്ചു അത്ഭുതം കൂറി സ്തുതിച്ചു.
ഇപ്പോൾ നേരിട്ട് കാണുന്നില്ലെങ്കിലും കണ്ടെന്നാലെന്ന പോലെ ദൈവത്തെ വിശ്വസിക്കുന്ന നമ്മൾ ഒരു നാൾ നിത്യതയിൽ അവിടുത്തെ നേരിട്ട് കാണുമ്പോൾ എങ്ങനെയായിരിക്കും നാം പ്രതികരിക്കുന്നത്?
നമ്മുടെ ദൈവം എങ്ങനെയായിരിക്കും നമ്മോട് പ്രതികരിക്കുന്നത്?
എന്ത് മാത്രം മനോഹര നിമിഷങ്ങൾ ആയിരിക്കും ആ കൂടി കാഴ്ച!
എപ്പോഴും നമ്മൾ മരണശേഷമുള്ള വിധിയുടെയും ശിക്ഷയുടെയും കാര്യം ഓർത്തു ഭയപ്പെടാറുണ്ട്. എന്നാൽ എന്റെ ഭയം നീങ്ങി ആത്മാവിന് ആശ്വാസം ലഭിച്ചത് ഒരു വചനഭാഗം വായിച്ചപ്പോഴാണ്.
“യേശു ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നവനില്‍ ദൈവം വസിക്കുന്നു; അവന് ദൈവത്തിലും വസിക്കുന്നു.
ദൈവത്തിനു നമ്മോടുള്ള സ്നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാണ്. സ്നേഹത്തില്‍ വസിക്കുന്നവന് ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.
വിധിദിനത്തില്‍ നമുക്ക് ആത്മധൈര്യം ഉണ്ടാകുന്നതിനു സ്നേഹം നമ്മില്‍ പൂര്‍ണത പ്രാപിച്ചിരിക്കുന്നു. എന്തെന്നാല്‍, ഈ ലോകത്തില്‍ത്തന്നെ നാം അവനെപ്പോലെ ആയിരിക്കുന്നു.
സ്നേഹത്തില്‍ ഭയത്തിന് ഇടമില്ല; പൂര്‍ണമായ സ്നേഹം ഭയത്തെ ബഹിഷ്കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവന് സ്നേഹത്തില്‍ പൂര്‍ണനായിട്ടില്ല.
ആദ്യം അവിടുന്നു നമ്മെസ്നേഹിച്ചു. അതിനാല്‍, നാമും അവിടുത്തെ സ്നേഹിക്കുന്നു.”
(1 യോഹന്നാന് 4 : 15-19)
ഒരു ചെറു ശിശുവിനെ പോലെ ദൈവത്തിൽ ആശ്രയിച്ചു എന്തിനും ഏതിനും അവിടുന്നിൽ ശരണപ്പെട്ടു അവിടുത്തെ ശിശുസഹജമായ വിധത്തിൽ സ്നേഹിച്ചു ജീവിച്ചാൽ നമ്മുടെ ആത്മീയതയുടെ അളവുകോലുകൾ വ്യത്യസ്തമാകും.
ഒരു പക്ഷെ നേരെ ചൊവ്വേ ഒരു പ്രാർത്ഥന പോലും ചൊല്ലാനുള്ള കഴിവ് ഉണ്ടാകണമെന്നില്ല. അന്നന്നുള്ള കാര്യങ്ങൾ സ്തുത്യർഹമായി ചെയ്യാനുള്ള പാടവം ഉണ്ടാകണമെന്നില്ല. ലോകത്തിനു മുൻപിൽ ശ്രദ്ധാർഹമായി ഒന്നും തന്നെ കാണുകയുമില്ല.
ഒരു ചെറു ശിശു ശരീരത്തിന്റെ പ്രചോദനങ്ങൾക്കനുസരിച്ചു കമിഴ്ന്നു വീഴാനും ഇരിക്കാനും നീന്താനും പിടിച്ചു നിൽക്കാനും നടക്കാനും പഠിക്കുന്നത് പോലെ ഓരോ ആത്മാവും ഹൃദയത്തിലെ പ്രചോദനമനുസരിച്ചു നിരന്തരം ശ്രമിച്ചു കൊണ്ടേയിരിക്കണം.
ഓരോ കുഞ്ഞും വ്യത്യസ്തരാണ്. അത് പോലെ ഓരോ ആത്മാവും വ്യത്യസ്തരാണ്.
ഒരു പൊതുവായുള്ള കാര്യം വീണാലും വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടിരിക്കണം എന്നുള്ളതാണ്.
മാമോദീസയിൽ പൂർണവിശുദ്ധരായി നാം ആത്മാവിൽ വീണ്ടും ജനിക്കുന്നു.
മാമോദീസയിൽ കിട്ടിയ പരിപൂർണ വിശുദ്ധി കുമ്പസാരത്തിലൂടെ പരിശുദ്ധ കുർബാനയിലൂടെ, ദൈവവചനത്തിലൂടെ നമ്മിൽ നിലനിർത്തുക, ഓരോ നിമിഷവും വിശുദ്ധരായി ജീവിക്കുക വിശുദ്ധിയിൽ ആയിരിക്കുമ്പോൾ ദൈവസ്നേഹത്തിൽ നിറഞ്ഞു മരണമടഞ്ഞു നമ്മെ വഴിക്കണ്ണുമായി കാത്തിരിക്കുന്ന പരമ പരിശുദ്ധി തന്നെയായ ദൈവത്തിന്റെ പക്കലേയ്ക്ക് ഓടിയെത്തുക എന്നതാണ് നമ്മുടെ ജീവിതലക്ഷ്യം.
റോസ് മേരി എന്നൊരു ചെടിയുണ്ട്. നല്ല സുഗന്ധമാണ്. അത് മുറിച്ചെടുക്കുമ്പോൾ നമ്മുടെ കൈയിലും സുഗന്ധം പടരും.
പരിശുദ്ധരായ മാലാഖാമാരുടെ സാന്നിധ്യത്തിൽ ആയിരിക്കുമ്പോൾ നമ്മിലും പരിശുദ്ധിയ്ക്ക് വേണ്ടിയുള്ള ആഗ്രഹമുണ്ടാകും.
എന്നാൽ പരിശുദ്ധി തന്നെയായ ദിവ്യകാരുണ്യ ഈശോയുടെ ആന്തരിക സാന്നിധ്യത്തിൽ ഉച്ചി മുതൽ ഉള്ളം കാൽ വരെയും ഈശോയിൽ ആയിരിക്കുന്ന ഒരു സാധാരണ കത്തോലിക്കന് എന്ത് മാത്രം ലളിതമായി വിശുദ്ധിയിൽ ആയിരിക്കാൻ പറ്റും!
വലിയ വലിയ കാര്യങ്ങളൊന്നും നമ്മെ കൊണ്ട് പറ്റില്ലായിരിക്കും. എന്നാലും കൊച്ചു കാര്യങ്ങൾ കൂടുതൽ നന്നായി ചെയ്യാം. ഈശോയെ കുറിച്ച് ഓർക്കാം. ദൈവപിതാവിനെ കുറിച്ചും പരിശുദ്ധാത്മാവിനെ കുറിച്ചും പരിശുദ്ധ ത്രിത്വത്തെ കുറിച്ചും മാതാവിനെ കുറിച്ചുമൊക്കെ ഓർക്കാം.
ഏറ്റവും ലളിതമായ ദൈവിക കാര്യങ്ങൾ ഓർക്കാം.
മനസിൽ ഏതൊക്കെ വചനം ഉണ്ടെന്നു ഓർത്തു നോക്കാം
ചിന്തകൾ ദൈവത്തെ ചുറ്റി പറ്റി ആയിരിക്കണം.
സംസാരം ദൈവത്തെ പറ്റി ആയിരിക്കണം
പ്രവൃത്തികൾ ഈശോയ്ക്ക് ചെയ്തു കൊടുക്കുന്നത് പോലെ ആയിരിക്കണം
ആത്മ ശോധന ചെയ്യുമ്പോൾ സ്നേഹത്തിനു എതിരായി ഇന്ന് ഞാൻ എന്ത് ചെയ്തു എന്നോർക്കണം.
ദൈവകൃപയാൽ പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിച്ചു. കൂടെ മിഖായേൽ മാലാഖയുടെ സാന്നിധ്യമുണ്ടെന്ന് ഇടയ്ക്ക് ഓർത്തു. മനസ്താപപ്രകരണം ചൊല്ലി ഒരുങ്ങി. ദൈവാലയത്തിൽ കൂടിയിരുന്നവരിൽ ഏറ്റവും നിസാരമായ രീതിയിൽ അവിടുത്തെ മുന്നിൽ ആയിരുന്നിട്ടും ഈശോ സദയം ഉള്ളിൽ എഴുന്നള്ളി വന്നു. അറിയാവുന്നത് പോലെ ഈശോയെ ഉള്ളിൽ ഈശോയെ സ്വീകരിച്ചു.
ആദ്യവെള്ളി ആരാധനയുടെ സമയത്ത് വേണ്ടവർക്ക് കുമ്പസാരിക്കാൻ സൗകര്യമുണ്ടായിരുന്നു. കുമ്പസാരത്തിനു ഒത്തിരി ഒരുങ്ങി വരാൻ നേരം കിട്ടിയിരുന്നില്ല. എന്നാൽ കുമ്പസാരത്തിനുള്ള ജപം ചൊല്ലിയപ്പോൾ അതിന്റെ ഉള്ളടക്കം ഓർത്തു.
കുമ്പസാരത്തിനുള്ള ജപം
സര്‍വ്വശക്തനായ ദൈവത്തോടും നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപക യോഹന്നാനോടും ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും വിശുദ്ധ പൌലോസിനോടും വിശുദ്ധ തോമായോടും സകല വിശുദ്ധരോടും പിതാവേ അങ്ങയോടും ഞാന്‍ ഏറ്റുപറയുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാന്‍ വളരെ പാപം ചെയ്തുപോയി. എന്റെ പിഴ,എന്റെ പിഴ,എന്റെ വലിയ പിഴ.
ആകയാല്‍ നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപക യോഹന്നാനോടും ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും വിശുദ്ധ പൌലോസിനോടും വിശുദ്ധ തോമായോടും സകല വിശുദ്ധരോടും പിതാവേ അങ്ങയോടും നമ്മുടെ കര്‍ത്താവായ ദൈവത്തോട് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്നു ഞാന്‍ അപേക്ഷിക്കുന്നു.
ആമേന്‍.
പരിശുദ്ധ അമ്മയും മിഖായേൽ മാലാഖയും വിശുദ്ധരും ഒക്കെ നാം കുമ്പസാരിച്ചിറങ്ങി വരുവോളം മാധ്യസ്ഥപ്രാർത്ഥനയിൽ ആയിരിക്കുന്ന സ്വർഗീയമായ നിമിഷങ്ങൾ!
അറിയാവുന്നത് പോലെ ഒരുങ്ങി. അനുതപിച്ചു. ഇനി നന്നായിക്കോളാം ഈശോയെ എന്നുറപ്പു കൊടുത്തു.
അങ്ങനെ സാധിക്കുന്നിടത്തോളം ഒരുങ്ങി കുമ്പസാരിക്കാനായി കാത്തു നിൽക്കുമ്പോൾ ഞാനൊരു കാഴ്ച കണ്ടു.
വാതിലിനു പുറത്ത് ഒരു മനോഹരമായ വെള്ളത്തൂവൽ കാറ്റത്തു പതിയെ പറന്നിറങ്ങി വന്നു എന്റെ മുന്നിലൂടെ കടന്നു പോയി. പണ്ട് മുതലേ ചെറിയ വെള്ളതൂവലുകൾ കാണുമ്പോൾ ഞാൻ മാലാഖമാരെ ഓർക്കും.
ഇന്ന് മിഖായേൽ മാലാഖയെ പ്രത്യേകമായി കൂടെ നടക്കാൻ വിളിച്ച ദിവസമായതു കൊണ്ട് ഉള്ളിൽ വലിയൊരു സന്തോഷം നിറഞ്ഞു.
കാവൽമാലാഖയോടൊപ്പം കുമ്പസാരത്തിനു സഹായിച്ചു കൊണ്ട് കുമ്പസാരത്തിനുള്ള ജപത്തിലൂടെ ഞാൻ എനിക്കായി മാധ്യസ്ഥം അപേക്ഷിച്ചവർ ഒക്കെയും എന്റെ ചാരെ നിൽപ്പുണ്ട് എന്നൊരു ഉൾബോധം വന്നു.
ഇതെന്റെ അവസാന കുമ്പസാരമാണെന്ന് ഓരോ തവണ കുമ്പസാരിക്കുമ്പോഴും മനസിൽ ഓർക്കും. എങ്കിലും ചിലപ്പോൾ ഒത്തിരി നന്നായി ഒരുങ്ങി വന്നത് പോലെ പറയാൻ പറ്റണമെന്നില്ല. ചിലപ്പോൾ മറന്നു പോകും. ചിലപ്പോൾ പെട്ടെന്നായിരിക്കും കുമ്പസാരിക്കാൻ ഒരവസരം ഈശോ ഒരുക്കുന്നത്.
എന്നോട് ഒരു കുമ്പസാരക്കാരൻ പറഞ്ഞത് കുമ്പസാരിക്കാൻ വരാൻ പറ്റുന്നത് തന്നെയും ഒരു ദൈവകൃപ ആണെന്നാണ്.
ഈ ലോകത്തിൽ അനേക കോടി മനുഷ്യരുണ്ട്. എന്നാൽ പാപികളായ നാം ഓരോരുത്തരും വ്യത്യസ്തരാണ്. വ്യത്യാസമില്ലാത്തത് പാപമില്ലാത്തവനായ ഈശോയ്ക്കാണ്.
വേറൊരാളും ഈ ലോകത്തിലും വരാനിരിക്കുന്ന ലോകത്തിലും ഈശോ സ്നേഹിക്കുന്നത് പോലെ നമ്മെ സ്നേഹിക്കുന്നില്ല. നമുക്ക് കുറവുകളുണ്ട്. നാം പാപികളും ഇടയ്ക്കിടെ വീണ്ടും പാപത്തിൽ വീഴുന്നവരും ആണ്. ശരി തന്നെ. എന്നാൽ മനുഷ്യാവതാരവും പീഡാനുഭവവും കുരിശ് മരണവും ഉയിർപ്പും വഴി പൂർണ അർത്ഥത്തിൽ ദൈവമക്കളായി തീർന്ന ഓരോ മനുഷ്യരെയും അവർണനീയമായ വിധത്തിൽ ഈശോ സ്നേഹിക്കുന്നു.
അളവില്ലാത്ത വിധത്തിൽ ദൈവകരുണ നമ്മിലേയ്ക്ക് ചൊരിയപ്പെടുന്നു. നാം എപ്പോഴും അവിടുത്തെ സ്നേഹവലയത്തിനുള്ളിലാണ്.
അങ്ങനെയുള്ള ഈശോ ഒരു പാപി ഹൃദയം നുറുങ്ങി കുമ്പസാരകൂടിനെ സമീപിക്കുമ്പോൾ ആ വ്യക്തിയെ സഹായിക്കാൻ എത്രയോ സന്നദ്ധനായിരിക്കും.
“ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്;
മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു.”
(സങ്കീര്‍ത്തനങ്ങള്‍ 34 : 18)
കുമ്പസാരക്കൂട്ടിൽ ഉച്ചരിക്കപ്പെടുന്ന പാപങ്ങളുടെ എണ്ണമോ എത്ര നന്നായി നാം അത് present ചെയ്യുന്നു എന്നോ അല്ല അവിടുന്ന് നോക്കുന്നത് എന്ന് എന്റെ കുമ്പസാരിപ്പിച്ച Fr. Dan എന്നോട് നേരത്തെ പറഞ്ഞിട്ടുണ്ട്. ഈശോ നോക്കുന്നത് അവിടുത്തെ പക്കലേയ്ക്ക് സ്വമനസാ അനുതപിച്ചു നിത്യതയോളം തിരിച്ചു വരാനുള്ള നമ്മുടെ സന്നദ്ധതയാണ്. നമ്മുടെ ഹൃദയഭാവം ആണ് അവിടുന്ന് നോക്കുന്നത്. പാപം വേദനിപ്പിക്കുന്നത് പാപിയെ മാത്രമല്ല ഈശോയെയും കൂടെയാണ്. കുമ്പസാരിക്കുന്നത് ഈശോയോടാണ് എന്ന് യഥാർത്ഥത്തിൽ ഹൃദയത്തിൽ മനസിലാക്കണം. ഒരു പക്ഷെ നാം സംശയ പ്രകൃതി ഉള്ളവർ ആയിരിക്കാം. പഴയ ജീവിതത്തിൽ ഓർക്കാതെ പോയ പാപങ്ങളെ ഓർത്തു പേടി കണ്ടേക്കാം.
എന്നാൽ, നന്നായി കുമ്പസാരിക്കണം. പൂർണമായി പാപമോചനം നേടണം. മാമോദീസയുടെ പൂർവ ശോഭ വീണ്ടെടുക്കണം. ആദ്യകുർബാനയിൽ എന്നത് പോലെയുള്ള ആത്മീയ അവസ്ഥയിൽ കൃപകളാൽ അലംകൃതയായി പരിശുദ്ധകുർബാന സ്വീകരിക്കണം എല്ലാത്തിലും ഉപരിയായി ഈശോയെ സന്തോഷിപ്പിക്കണം. അവിടുന്നിൽ വസിക്കണം. എന്നുള്ള ശുദ്ധ ഉദ്ദേശ്യത്തോടെ പരിശുദ്ധാത്മസഹായത്താൽ സമയമെടുത്തു എഴുതി ഒരുങ്ങി അതുമായി കുമ്പസാരക്കൂട്ടിൽ അണഞ്ഞു അറിയാവുന്നത് പോലെ ഓർമ വരുന്നത് മുഴുവനും പറഞ്ഞു / വേണമെങ്കിൽ നോക്കി വായിച്ചു, മന:സാക്ഷിയിൽ ചെറുതോ വലുതോ ആയ ഒരു പാപം പോലും ബോധപൂർവം മറച്ചു വയ്ക്കാതെ വൈദികനോട് എളിമയോടെ ഏറ്റ് പറഞ്ഞു, കൗദാശികമായി പാപമോചനം നേടി പ്രായശ്ചിത്തം നിറവേറ്റി ഈശോയ്ക്ക് നന്ദി പറയുമ്പോൾ ഉണ്ടല്ലോ യഥാർത്ഥത്തിൽ അപ്പോൾ വരെയുള്ള, ആ നിമിഷം വരെയുള്ള പാപങ്ങൾ ഒക്കെയും മോചിപ്പിക്കപ്പെട്ടു ഏറ്റവും വെണ്മ ഏറിയ ആത്മ സ്ഥിതി ദൈവകരുണയാൽ സംജാതമാകുമെന്ന് എന്റെ കുമ്പസാരക്കാരൻ ഒരിക്കൽ എന്നെ ആശ്വസിപ്പിച്ചു.
ധൂർത്ത പുത്രന്റെ തിരിച്ചു വരവിനു വേണ്ടി നാളുകളോളം കാത്തിരുന്ന, അവൻ വന്നപ്പോൾ അവന്റെ ക്ഷമാപണം മുഴുവൻ കേൾക്കാൻ നിൽക്കാതെ അവനെ മാത്രം മതിയായിരുന്ന, അവനെ മകനെ പോലെ പരിചരിക്കാനും വിരുന്നൊരുക്കാനും മൂത്ത പുത്രൻ വരാൻ കാത്തുനിൽക്കാതെ ദാസരോട് പറഞ്ഞ ദൈവപിതാവിനെ ഓർക്കാം.
ദൈവത്തിന്റെ സ്നേഹം എത്ര ആഴമുള്ളത്!
എല്ലാ ആത്മാക്കളും ഒരു പോലെയല്ല, ഇങ്ങനെ ഏറ്റവും സാധ്യമായ വിധത്തിൽ എല്ലാം ഒരുങ്ങി കുമ്പസാരിച്ചു പാപമോചനം നേടിക്കഴിഞ്ഞും ചിലർക്ക് സംശയം വരാം. പാപം എല്ലാം മോചിപ്പിക്കപ്പെട്ടോ! ഇനി വല്ലതും ഞാൻ പറയാനുണ്ടായിരുന്നോ?
അതിനുള്ള ഏക ഉത്തരം ഈശോയാണ്. ഈശോയുടെ പക്കലേയ്ക്ക് തന്നെ ഓടിച്ചെല്ലുക. അവിടുന്നിൽ പരിധിയില്ലാതെ ശരണപ്പെടുക. ഓരോ വിഷമവും അവിടുത്തോട് പറയുക. ആത്മാവിൽ തോന്നുന്ന ബുദ്ധിമുട്ടുകൾ ആത്മാവിന്റെ മണവാളനോട് തുറന്നു പറഞ്ഞാൽ അതിനു വേണ്ട പരിഹാരം കാണാൻ അവിടുന്ന് ബദ്ധ ശ്രദ്ധനാണ്. അവിടുന്ന് ശാന്തതയോടെ ശ്രവിക്കും. ആശ്വസിപ്പിക്കും.
ഒരർത്ഥത്തിൽ കുമ്പസാരം എന്നത് ഒരു ഫാമിലി മാറ്റർ കൂടെയാണ്. ഒരു സ്വർഗീയ കുടുംബത്തിന്റെ ഇടപെടലുള്ള ഒരു മഹാ കാര്യം ആണത്.
ഓരോ വ്യക്തിയും കുമ്പസാരത്തിനുള്ള ജപം ചൊല്ലിയിട്ട് പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യത്തിൽ കുമ്പസാരിക്കാനായി പോകുമ്പോൾ പരിശുദ്ധ അമ്മയും യൗസേപ്പിതാവും സ്നാപക യോഹന്നാനും വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും വിശുദ്ധ യോഹന്നാനും വിശുദ്ധ തോമ സ്ലീഹയും വിശുദ്ധ മിഖായേലും വിശുദ്ധ റഫായേലും വിശുദ്ധ ഗബ്രിയേലും കുമ്പസാരിപ്പിക്കുന്ന വൈദികനും നമുക്കായി പ്രാർത്ഥിക്കാൻ ബാദ്ധ്യസ്ഥരാണ്. ഏറ്റവും നന്നായി നാം കുമ്പസാരിച്ചിറങ്ങി വരും വരെ കുമ്പസാരക്കൂട്ടിന്റെ പരിസരത്ത് അവർ പ്രാർത്ഥിച്ചു കൊണ്ട് കാത്തു നിൽക്കും.
അവസാനം കണ്ണു നീരോടെ മനസ്താപ പ്രകരണം ചൊല്ലി ഇനിയൊരിക്കലും പാപം ചെയ്യുകയില്ല എന്ന് നാം പറയുമ്പോൾ അവരും ആത്മാവിൽ സന്തോഷിച്ചു ഈശോയ്ക്ക് നന്ദി പറയുന്നു.
മനസ്താപ പ്രകരണം:
എന്റെ ദൈവമേ, ഏറ്റവും നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാൻ യോഗ്യനുമായ അങ്ങേയ്ക്ക് എതിരായി പാപം ചെയ്ത് പോയതിനാൽ പൂർണഹൃദയത്തോടെ ഞാൻ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങയെ ഞാൻ സ്നേഹിക്കുന്നു. എന്റെ പാപങ്ങളാൽ എന്റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും സ്വർഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അർഹയായി (അർഹനായി)തീർന്നതിനാലും ഞാൻ ഖേദിക്കുന്നു. അങ്ങയുടെ കൃപാവര (പ്രസാദവര )സഹായത്താൽ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലിൽ പാപം ചെയ്യുകയില്ലെന്നും ദൃഢമായി ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലും ഒരു പാപം ചെയ്യുക എന്നതിനേക്കാൾ മരിക്കുവാനും ഞാൻ സന്നദ്ധ (സന്നദ്ധൻ )യായിരിക്കുന്നു. ആമേൻ
ഈ ചെറുപ്രാർത്ഥന ആത്മാവിൽ ഉണർത്തുന്ന അനുതാപത്തിന്റെയും രക്ഷാകരമായ ആത്മദു:ഖത്തിന്റെയും ആത്മാവിൽ കുമ്പസാരത്തിന്റെ കൃപയാൽ ഉണ്ടാകുന്ന നന്മ തിന്മകളെ കുറിച്ചുള്ള വ്യക്തതയുടെയും മരണത്തിനു മുൻപിലും തിന്മയ്ക്കെതിരെ നിൽക്കാനുള്ള ധൈര്യത്തിന്റെയും ദൈവവിശ്വാസത്തിൽ നില നിൽപ്പിന്റെയുമൊക്കെ ആഴം!!!
ചിലപ്പോൾ ഒക്കെ തിരക്ക് മൂലം നാം പ്രായശ്ചിത്തം ചെയ്യാൻ താമസം വരുത്തിയാലും ഈ സ്വർഗീയ കുടുംബം നമ്മെ ഓർമിപ്പിക്കും.
യോഗ്യതയോടെ കുമ്പസാരിച്ചു കഴിഞ്ഞുള്ള ആത്മാവിലെ പ്രസാദവരത്തിന്റെ അവസ്ഥ!!!
ഏറ്റവും വിരൂപനും മൃതപ്രായനും, തിരിച്ചറിയാൻ സാധിക്കാത്ത വിധം രക്തവും ചെളിയും പുരണ്ടവനും തുറന്ന മുറിവുകളിൽ നിരന്തരം ദുർഗന്ധം വമിക്കുന്നവനുമായ പാപിയായ ഒരാത്മാവ് കുമ്പസാരക്കൂട്ടിൽ നിന്നുമിറങ്ങി വരുമ്പോൾ ജോർദാൻ നദിയിൽ മുങ്ങി സൗഖ്യം പ്രാപിച്ച നാമാനെ പോലെ ശിശു തുല്യമായ നൈർമല്യം ആത്മാവിലും മനസിലും ശരീരത്തിലും നിറഞ്ഞു യഥാർത്ഥ മകളായി, ആ വ്യക്തിയ്ക്ക് അനുവദിക്കപ്പെട്ടിടത്തോളം കൃപകൾ നിറഞ്ഞു വിശുദ്ധിയുടെ പാരമ്യത്തിലാണ് കുമ്പസാരക്കൂട്ടിൽ നിന്നിറങ്ങി വരുന്നത്.
ഒരു നവവധുവിനെ പോലെ ഒരുങ്ങി തന്നെയാണ് ആ ആത്മാവ് ഈശോയുടെ ചാരെ പരിശുദ്ധ കുർബാന എന്ന ആത്മീയ വിവാഹത്തിന് അണയുന്നത്.
കുർബാനയ്ക്ക് വേണ്ട വിധം ഒരുങ്ങിയ ഒരൊറ്റ ആത്മാവ് എത്രയോ ആനന്ദകരമായ സ്ഥിതി ആണ് സ്വർഗ്ഗത്തിലും ഭൂമിയിലും സംജാതമാക്കുന്നത്!!
പരിശുദ്ധ കുർബാന കഴിഞ്ഞു ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധന ഉണ്ടായിരുന്നു.
പരിശുദ്ധ കുർബാന സ്വീകരിച്ചിരുന്നതിനാലും അത് കഴിഞ്ഞു വേറൊരു സ്ഥലത്ത് കൂടി ദിവ്യകാരുണ്യ ആരാധന ഉണ്ടായിരുന്നതിനാലും ഈശോയുടെ സാന്നിധ്യത്തിന്റെ നിറസന്തോഷം എന്റെ ആത്മാവിൽ ഞാനറിഞ്ഞു കൊണ്ടിരുന്നു.
ശരിക്കും ആരാധന എന്നത് ഉള്ളിൽ വസിക്കുന്ന പരിശുദ്ധ ത്രിത്വത്തെ നോക്കിയുള്ള ആത്മാവിന്റെ സ്നേഹസ്പന്ദനമാണ്. ആരാധനയുടെ നിമിഷങ്ങളിൽ ആത്മാവിന് വേറൊന്നും പ്രധാനമല്ല. അതിന്റെ കണ്ണുകൾ ദൈവത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഒരു പക്ഷെ അവിടുത്തെ കുറിച്ച് അതിനു കൂടുതൽ ഒന്നും അറിയില്ലായിരിക്കും. എങ്കിലും ഒരു നവജാതശിശുവിന്റെ കരങ്ങളും കുഞ്ഞിളം ചുണ്ടുകളും അതിന്റെ അമ്മയെ പരതുന്നതു പോലെ ആത്മാവ് അതിന്റെ നാഥനായ ദൈവത്തിന്റെ സാന്നിധ്യത്തെ തേടുന്നു. കാവൽമാലാഖ ദയവോടെ അതിനെ സഹായിക്കുന്നു. ദൈവത്തിന്റെ സാന്നിധ്യത്തിൽ അതിനു സുസ്ഥിതിയും നിറവും സമാധാനവും ലഭിക്കുന്നു. അത് ദൈവസാന്നിധ്യത്തിൽ സാധിക്കുന്നിടത്തോളം സമയം നിശ്ചലമാകുന്നു. സ്നേഹത്തിൽ നിറയുന്നു.
ഈ സമയം ഈശോ നമ്മുടെ കാര്യങ്ങൾ അവിടുത്തെ പദ്ധതി പ്രകാരം നന്മയ്ക്കായി ക്രമീകരിക്കുന്നു.
ഈശോയുടെ സന്നിധിയിൽ ഒരിക്കൽ പറഞ്ഞ കാര്യം ഈശോ എപ്പോഴും വളരെ ശ്രദ്ധയോടെ കേട്ട് അതിന്മേൽ പ്രവർത്തിക്കുന്നുണ്ട്. ആ കാര്യം നമ്മെ വീണ്ടും അലട്ടുന്നു എങ്കിൽ മാത്രം ഒരു മിത്രത്തോട് എന്നത് പോലെ ഒരിക്കൽ കൂടി പറഞ്ഞാൽ മതി. ഈശോയുടെ സന്നിധിയിൽ പറയുന്ന ഒരു കാര്യത്തിനും പരിഹാരം ഉണ്ടാകാതെ ഇരുന്നിട്ടില്ല.
“നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.”
(മത്തായി 6 : 33)
നമുക്ക് കടം ആയിരിക്കാം.
വീടില്ലാത്ത അവസ്ഥ ആയിരിക്കാം.
ജോലി ഇല്ലാത്ത അവസ്ഥ ആയിരിക്കാം.
രോഗം ആയിരിക്കാം.
ആരോടും പറയാനാവാത്ത വ്യക്തിപരമായ കാര്യങ്ങൾ ആയിരിക്കാം.
ഈശോ ഇവിടെയുണ്ട്. ചെല്ലാം അവിടുത്തെ ചാരെ, നമുക്കറിയാവുന്നത്പോലെ നമ്മുടെ വിഷമങ്ങൾ പറയാം.
അന്നത്തെ ദിവസത്തെ കുറിച്ച് കുറച്ചേറെ ദിവസം കഴിഞ്ഞ് എഴുതിയത് കൊണ്ട് അത് കഴിഞ്ഞുള്ള കാര്യങ്ങൾ ഞാൻ വിശദമായി ഓർക്കുന്നില്ല.
എന്നാലും ആത്മാവിൽ വലിയ സന്തോഷമായിരുന്നു. മിഖായേൽ മാലാഖ സാധാരണ ഒരാത്മാവിന് എത്രയോ സമീപസ്ഥനാണ് എന്ന് അന്ന് മനസിലായി. ഒത്തിരി നന്ദിയും ആനന്ദവും കൊണ്ട് അന്നെന്റെ ഹൃദയം നിറഞ്ഞിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ ഞാൻ മൂന്നു പ്രധാന മാലാഖാമാരെയും ആ ദിവസങ്ങളിൽ ഈശോയ്ക്കായി ജീവിക്കാൻ സഹായിക്കാനായി വിളിച്ചു. അവരോടൊപ്പമുള്ളത് വളരെ ആശ്വാസകരമായ ദിവസങ്ങൾ ആയിരുന്നു….
വിശുദ്ധരുടെ സഹോദര്യവും ഐക്യവും കാവൽമാലാഖായുടെ നിരന്തര സാന്നിധ്യവും മറ്റു മാലാഖാമാരുടെ സഹവാസവും സഹായവും എപ്പോഴും ഈശോയുടെ നാമത്തിൽ നമുക്ക് സാധ്യമാണ്.
“ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും.
ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന് കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു.”
(മത്തായി 7 : 7-8)
ആമേൻ


Leave a comment