വിശുദ്ധ ജോൺ ഹെൻട്രി ന്യൂമാൻ: മുപ്പത്തിയെട്ടാമത് വേദപാരംഗതൻ

2025 ജൂലൈ 31നു വ്യാഴാഴ്ച ലെയോ പതിനാലാമൻ പാപ്പ വിശുദ്ധ ജോൺ ഹെൻട്രി ന്യൂമാനെ കത്തോലിക്കാ സഭയിലെ മുപ്പത്തിയെട്ടാമത് വേദപാരംഗതൻ ആക്കുവാനുള്ള തീരുമാനം അംഗീകരിച്ചു. ഇന്നു രാവിലെ വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള ഡികാസ്ട്രിയുടെ ഫ്രീഫെക്ട് കർദ്ദിനാൾ മാർസെല്ലോ സെമെറാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പത്തൊമ്പതും നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുൻ ആംഗ്ലിക്കൻ വൈദീകതും കത്തോലിക്കാ വിശ്വാസത്തിലേക്കു പരിവർത്തനം ചെയ്തുമായ കർദിനാൾ ന്യൂമാനെ വേദപാരംഗതനാക്കാനുള്ള തീരുമാനം ലെയോ പതിനാലാമൻ പാപ്പ അംഗീകരിക്കുന്നത്. ഇംഗ്ലണ്ടിലെ ഓററ്ററി ഓഫ് ഫിലിപ്പ് നേരിയുടെ സ്ഥാപകനാണ് ജോൺ ഹെൻട്രി ന്യൂമാൻ.

കത്തോലിക്കാ സഭയുടെ രണ്ടായിരം വർഷത്തെചരിത്രത്തിൽ നാലു വനിതകൾ ഉൾപ്പെടെ മുപ്പത്തിയേഴുപേരെയാണ് വേദപാരംഗതൻ/വേദപാരംഗത പദവിയിലേക്ക് ഉയർത്തിയിരിക്കുന്നത്. സഭയുടെ പ്രബോധനങ്ങളിലും ദൈവശാസ്ത്രത്തിലും ആദ്ധ്യാത്മികതയിലും സവിശേഷമായ രീതിയിൽ സംഭാവനകൾ നൽകിയ വിശുദ്ധരെയാണ് വേദപാരംഗത പദവിയിലേക്ക് ഉയർത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിൻ്റെ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

1801ൽ ലണ്ടനിൽ ജനിച്ച ഹെൻട്രിന്യൂമാൻ മാമ്മോദീസാ സ്വീകരിച്ച് ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ അംഗമായി. ആംഗ്ലിക്കൻ സഭയിലെ പ്രസിദ്ധനായ പുരോഹിതനും ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന ന്യൂമാൻ പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.

1845 ൽ ന്യൂമാൻ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ പാഷനിസ്റ്റ് വൈദീകനായിരുന്ന’ ഡോമിനിക് ബാർബെരിയോടു തന്നെ കത്തോലിക്കാ സഭയിൽ സ്വീകരിക്കാൻ ആവശ്യപ്പെട്ടു. 1847 കത്തോലിക്കാ സഭയിൽ പുരോഹിതനായ ന്യൂമാനെ 1879 ലെയോ പതിനാലാമൻപാപ്പ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി . ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നു “Cor ad cor loquitur” (“Heart speaks to heart”) എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ആപ്തവാക്യം. 40 ഈടുറ്റ ഗ്രന്ഥങ്ങളും ഇരുപതിനായിരത്തിലേറെ കത്തുകളും അദ്ദേഹത്തിൻ്റേതായിട്ടുണ്ട്.

1890 ൽ ഇംഗ്ലണ്ടിലെ എഡ്ജ്ബാസ്റ്റണിൽ മരണമടത്ത കർദ്ദിനാൾ ന്യൂമാനെ 2010 സെപ്റ്റംബർ 19 നു ബനഡിക്ട് പതിനാറാമൻ പാപ്പ വാഴ്ത്തപ്പെട്ടവനായും 2019 ഒക്ടോബർ പതിമൂന്നാം തീയതി ഫ്രാൻസീസ് പാപ്പ വിശുദ്ധനായും ഉയർത്തി.

ഫാ. ജയ്സൺ കുന്നേൽ mcbs


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment