വി. കാർലോ അക്യുട്ടിസ്: ദൈവത്തിൻ്റെ ഇൻഫ്ളുവൻസർ

2025 സെപ്തംബർ 7 ഞായറാഴ്ച നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരുവ്യക്തി അതുമൊരു കൗമാരക്കാരൻ വിശുദ്ധ പദവിലേക്ക് ഉയർത്തപ്പെട്ടു. ഒക്ടോബർ 12നു തിരുസഭ ഈശോയുടെ കൗമാരക്കാരൻ്റെ തിരുനാൾ ആഘോഷിക്കുന്നു

ഈ പദവിയിലേക്കെത്തുന്ന ആദ്യത്തെ മില്ലെനിയൻ ആയിരിക്കും കാർലോ അക്യുട്ടിസ്. ഇനി കാർലോയുടെ സ്ഥാനം കൗമാര വിശുദ്ധരായ വി.ആഗ്നസ്, വി. സോമിനിക് സാവിയോ, വി. മരിയാ ഗോരേത്തി, വി.ജോസഫ് സാഞ്ചസ് ഡെൽ റിയോ എന്നിവരുടെ നിരയിയിയാണു എന്നതിൽ നമുക്കു സന്തോഷിക്കാം.

2006-ൽ, പതിനഞ്ചാം വയസ്സിൽ രക്താർബുദം ബാധിച്ച് മരിച്ച കാർലോ അക്യുട്ടിസ് അനൗപചാരികമായി “ദൈവത്തിന്റെ ഇൻഫ്ളുവൻസർ” എന്നാണ് അറിയപ്പെട്ടിരുന്നത്.

ജീൻസും ടെന്നീസ് ഷൂസും ധരിച്ചിരുന്ന ഫുട്ബോളിനെ സ്നേഹിക്കുകയും പോക്കിമോൻ കാണുകയും പ്ലേസ്‌റ്റേഷൻ കളിക്കുകയും ചെയ്‌തിരുന്ന കാർലോ കമ്പ്യൂട്ടറിൽ ഒരു അതുല്യപ്രതിഭവയായിരുന്നു. ഈ കാർലോയോട് മില്ലെനിയൽസിനു കൂടുതൽ അടുപ്പമുണ്ടാകുന്നതിൽ അതിശയോക്തി തെല്ലും ഇല്ലല്ലോ.

വാഴ്ത്തപ്പട്ട കാർലോയുടെ മധ്യസ്‌ഥതയിൽ കോസ്റ്ററിക്കയിൽനിന്നുള്ള ഇരുപത്തിയൊന്നുകാരി, ഇറ്റലിയിലെ ഫ്ലോറൻസിൽ വിദ്യാർഥിയായിരുന്ന വലേറിയ വാൽവെർഡെ 2022 ൽ ഒരു സൈക്കിൾ അപകടത്തെത്തുടർന്ന് തലച്ചാറിൽ രക്തസ്രാവം ഉണ്ടാവുകയും ഗുരുതരാവസ്ഥയിൽ ആവുകയും ചെയ്തു. അതിജീവനം അസാധ്യമാണന്നു ഡോക്ടർമാർ വിധിയെഴുതിയ ഈ കേസിൽ വലേറിയയുടെ അമ്മ ലിലിയാന കാർലോ അക്യുട്ടിസിന്റെ മധ്യസ്ഥതയ്ക്കായി പ്രാർത്ഥിക്കുകയും കാർലോയുടെ ശവകുടീരം സന്ദർശിക്കുകയും വലേറിയ അത്ഭുതകരമായി സുഖം പ്രാപിക്കുകയും ചെയ്തു.കാർലോയുടെ മധ്യസ്ഥയിൽ സംഭിച്ച

രണ്ടാമത്തെ അദ്ഭുതം 2024 മെയ് 23 ന് ഫ്രാൻസീസ് പാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി അംഗീകരിച്ചതോടെ വിശുദ്ധരുടെ ഗണത്തിലേക്കു കാർലോ അക്യൂട്ടിസ് ഉയർത്തപ്പെട്ടുന്നത്.

വിശുദ്ധ പദവിയിലേക്കുള്ള ആദ്യ ചുവടുവയ്പ്പായി 2020-ൽ കാർലോ അക്യുട്ടിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യപിച്ചു, 2013ൽ പാൻക്രിയാസിൽ ബാധിക്കുന്ന ഗുരുതരമായ രോഗമുള്ള ഒരു ബ്രസീലിയൻ കുട്ടി മാത്യൂസ് വിയന്ന എന്ന രണ്ടു വയസുകാരന് കാർലോയുടെ മാധ്യസ്ഥത്താൽ ലഭിച്ച അത്ഭുത സൗഖ്യമാണ് കാർലോയെ വാഴ്ത്തപ്പെട്ട പദവിക്ക് ഉയർത്തിയത്.

1991 മെയ് 3 ന് ഇറ്റാലിയൻ മാതാപിതാക്കളുടെ മകനായി ലണ്ടനിൽ കാർലോ അക്യുട്ടിസ് ജനിച്ചു.

ആൻഡ്രേയ അക്യുട്ടിസ് അന്റോണിയ സൽസാനോ എന്നിവർ ആയിരുന്നു മാതാപിതാക്കൾ.

ജോലി സംബന്ധമായ കാരണങ്ങളാൽ, അക്യുട്ടിസ് കുടുംബം താമസിയാതെ ഇറ്റലിയിലേക്ക് മടങ്ങി മിലാനിൽ സ്ഥിരതാമസമാക്കി. സഭാധികാരികളുടെ പ്രത്യേക അനുമതിയോടെ 1998 ജൂൺ 16 നു കാർലോയുടെ ഏഴാം വയസ്സിൽ ആദ്യകുർബാന സ്വീകരിച്ചു. അന്നു മുതൽ, പരിശുദ്ധ കുർബാനയോടുള്ള വലിയ സ്‌നേഹവും ഭക്തിയും അവനിൽ ഉജ്ജ്വലിക്കാൻ തുടങ്ങി. പരിശുദ്ധ കുർബാനയോടുള്ള അതിരറ്റ സ്നേഹവും പരിശുദ്ധ കന്യാകാ മറിയത്തോടുള്ള ഭക്തിയും കാർലോയുടെ ആത്മീയ ജീവിതത്തിന്റെ നെടുംതൂണുകൾ ആയിരുന്നു .

കാർലോയുടെ മാതാപിതാക്കൾ വെറും നാമമാത്ര ക്രൈസ്തവർ ആയിരുന്നെങ്കിലും ദൈവീക കാര്യങ്ങളോട് കാർലോ ചെറുപ്പം മുതലേ പ്രത്യേക മമത കാണിച്ചിരുന്നു കാർലോയുടെ അമ്മ അന്റോണിയ സൽസാനോയുടെ അഭിപ്രായത്തിൽ ” കാർലോ ഒരു കൊച്ചുകുട്ടിയായിരിക്കെ അവനു ജപമാല ചൊല്ലാൻ ഇഷ്ടമായിരുന്നു. ആദ്യ കുർബാന സ്വീകരണത്തിനു ശേഷം അവൻ പഠിച്ചിരുന്ന സ്‌കൂളിൻ്റെ സമീപമുള്ള പള്ളിയിൽ കഴിയുന്നത്ര തവണ വിശുദ്ധ കുർബാനയ്ക്കു പോകുമായിരുന്നു.” കുർബാനയോടുള്ള കാർലോയുടെ സ്നേഹം കാർലോയുടെ അമ്മയിൽ ആഴത്തിലുള്ള മാനസാന്തരത്തിനു നിദാനമായി. കാർലോയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററുടെ അഭിപ്രായത്തിൽ “കാർലോയുടെ ബന്ധുക്കളെയും മാതാപിതാക്കളെയും എല്ലാ ദിവസവും കുർബാനയിലേക്ക് വലിച്ചിഴക്കാൻ അവനു കഴിഞ്ഞു. കൊച്ചുകുട്ടിയെ വിശുദ്ധ കുർബാനയ്ക്ക് മാതാപിതാക്കൾ കൊണ്ടുപോകുന്നതു പോലെ ആയിരുന്നില്ല അത് നേരെ തിരിച്ചായിരുന്നു. വിശുദ്ധ കുർബാനയ്ക്ക് സ്വയം എത്തിച്ചേരാനും മറ്റുള്ളവരെ ദിവസവും കുർബാന സ്വീകരിക്കാൻ പ്രേരിപ്പിക്കാനും കാർലോക്ക് കഴിഞ്ഞു.” കാർലോയുടെ ഏറ്റവും വലിയ ദുഖം കോൺസേർട്ടുകൾക്കു (സംഗീത കച്ചേരി) മുന്നിലും ഒരു ഫുട്ബോൾ സ്റ്റേഡിയത്തിനു മുന്നിലും ആളുകളുടെ നീണ്ട നിരയുണ്ട് പക്ഷേ പരിശുദ്ധ കുർബാന സൂക്ഷിച്ചു വച്ചിരിക്കുന്ന ദൈവാലയത്തിനു മുന്നിൽ ഈ നിരകൾ കാണുന്നില്ല എന്നതായിരുന്നു. ദിവ്യകാരുണ്യം കാർലോയുടെ ജീവിത കേന്ദ്രവും സ്വർഗ്ഗത്തിലേയുള്ള ഹൈവേയും ആയിരുന്നു.

കുഞ്ഞു കാർലോയുടെ വിശ്വാസസാക്ഷ്യം മറ്റുമതസ്ഥരെപ്പോലും കത്തോലിക്കാ വിശ്വാസം സ്വീകരിക്കാനും സ്നാനപ്പെടുവാനും പ്രേരിപ്പിച്ചു. കാർലോയുടെ ചെറുപ്പത്തിൽ അവൻ്റെ കുടുംബത്തിൽ ജോലി ചെയ്തിരുന്ന രാജേഷ് മോഹൂർ എന്ന ഹിന്ദുമതവിശ്വാസി കത്തോലിക്കാ വിശ്വാസത്തിലേക്കു വന്നത് ഇതിനു നല്ല ഉദാഹരണമാണ്.

കമ്പ്യൂട്ടർ കോഡിംഗിൽ ആകൃഷ്ടനായിരുന്ന കാർല ചില അടിസ്ഥാന കോഡിംഗ് ഭാഷകൾ സ്വയം പഠിച്ചു.

സഭ അംഗീകരിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങളും പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങളും ഉൾപ്പെടുത്തി തയാറാക്കിയ വെബ് സൈറ്റ് പതിനൊന്നാം വയസ്സിൽ തയ്യാറാക്കാനും കാർലോ തന്റെ കമ്പ്യൂട്ടർ കഴിവുകളും ഇന്റർനെറ്റ് പരിജ്ഞാനവും ഉപയോഗിച്ചു. അഞ്ച് ഭൂഖണ്ഡങ്ങളിലെ ആയിരക്കണക്കിന് ഇടവകകളിൽ സംഘടിപ്പിച്ചിരുന്ന ഇത്തരം ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചുള്ള പ്രദർശനങ്ങളിലൂടെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ശാസ്ത്രീയ തെളിവുകൾ മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാനു യേശു ദിവ്യകാരുണ്യത്തിൽ യഥാർത്ഥത്തിൽ സന്നിഹിതനാണെന്ന് ആളുകളെ മനസ്സിലാക്കാനും അതു വഴി അവരെ പരിശുദ്ധ കുർബാനയിലേക്ക് തിരികെ കൊണ്ടുവരാനും സഹായിക്കുന്നതായിരുന്നു

വീഡിയോ ഗെയിമുകൾ കളിക്കാൻ ഇഷ്ടമായിരുന്ന കാർലോയുടെ പ്രിയപ്പെട്ട ഗെയിമുകൾ നിൻടെൻഡോ ഗെയിം ബോയ്, ഗെയിംക്യൂബ്, പ്ലേസ്റ്റേഷൻ, എക്സ്ബോക്സ് എന്നിവ ആയിരുന്നു. വിശുദ്ധ കുർബാനയ്ക്കും കുമ്പസാരത്തിനും പോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കാർലോ തൻ്റെ കളികൂട്ടുകാരുമായി നിരന്തരം സംസാരിച്ചിരുന്നു വീഡിയോ ഗെയിം കളിക്കുന്നത് ആഴ്ചയിൽ രണ്ട് മണിക്കൂർ എന്ന സമയ പരിമിതി കാർലോ സ്വയം നിശ്ചയിച്ചിരുന്നു. സ്പൈഡർമാൻ, പോക്കിമോൻ എന്നിവയും കാർലോയ്ക്ക് ഇഷ്ടപ്പെട്ട ഗെയിമുകൾ ആയിരുന്നു.

ആപ്പിളിന്റെ മുൻ സിഇഒ സ്റ്റീവ് ജോബ്‌സും കൗമാരക്കാരനായ കാർലോയെ സ്വാധിനിച്ചിരുന്നു, പ്രത്യേകിച്ച് ജോബ്‌സിൻ്റെ “നിങ്ങളുടെ സമയം പരിമിതമാണ്, അതിനാൽ മറ്റൊരാളുടെ ജീവിതം നയിച്ച് അത് പാഴാക്കരുത്.” എന്ന വാക്യവും “‘ഇല്ല’ എന്ന് പറയുന്നതിലൂടെ മാത്രമേ നിങ്ങൾക്ക് ശരിക്കും പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയൂ”എന്ന വാക്യവും സവിശേഷ പരമാർശം അർഹിക്കുന്നതാണ്.

“നിങ്ങളുടെ സമയം പരിമിതമാണ്” എന്ന ജോബ്‌സിന്റെ വാക്കുകൾ വലിയ സ്വപ്നങ്ങൾ ഉള്ള ഒരു കൗമാരക്കാരനിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുമെന്നത് വിചിത്രമായി തോന്നിയേക്കാം. എന്നിരുന്നാലും ആ വാക്കുകളിൽ കാർലോ തൻ്റെ ആയുഷ്കാലം മുൻകൂട്ടി കണ്ടിരുന്നു. തന്റെ ജീവിതം തീർച്ചയായും ഹ്രസ്വമായിരിക്കുമെന്ന ഒരു മുന്നറിയിപ്പ് കാർലോ ഒരു സുഹൃത്തിനോട് ഒരിക്കൽ പങ്കുവെച്ചിരുന്നു. മറ്റൊരാളുടെ ജീവിതം നയിക്കുകയോ മറ്റൊരാളുടെ പ്രതീക്ഷകൾക്കനുസരിച്ച് ജീവിക്കുകയോ ചെയ്യരുതെന്ന ജോബ്സിന്റെ മുന്നറിയിപ്പും അദ്ദേഹത്തെ ശക്തമായി സ്വാധീനിച്ചിരുന്നു

ഫ്രാൻസിസ് മാർപാപ്പ യുവജനങ്ങൾക്കായി പുറപ്പെടുവിച്ച ക്രിസ്തുസ് വിവിത്ത് (ക്രിസ്തു ജീവിച്ചിക്കുന്നു ) എന്ന അപ്പസ്തോലിക പ്രബോധനത്തിൽ പറയുന്നു: ” വ്യത്യസ്തരാകാൻ ആഗ്രഹിക്കുന്ന നിരവധി ചെറുപ്പക്കാർ, യഥാർത്ഥത്തിൽ എല്ലാവരെയും പോലെ ആകുന്നതും, ഉപഭോക്തൃത്വത്തിന്റെയും ശ്രദ്ധ വ്യതിചലനത്തിന്റെയും ഇടയിൽ അവർ എന്തിനെയോ പിന്തുടരുന്നതും കാർലോ കണ്ടു. ഈ വിധത്തിൽ, കർത്താവ് അവർക്ക് നൽകിയ സമ്മാനങ്ങൾ അവർ പുറത്തുകൊണ്ടുവരുന്നില്ല; ദൈവം ഓരോരുത്തർക്കും നൽകിയ അതുല്യമായ വ്യക്തിഗത കഴിവുകൾ അവർ ലോകത്തിന് വാഗ്ദാനം ചെയ്യുന്നില്ല. തൽഫലമായി, കാർലോ പറഞ്ഞു, ‘എല്ലാവരും ഒറിജിനലായി ജനിക്കുന്നു, പക്ഷേ പലരും ഫോട്ടോകോപ്പികളായി മരിക്കുന്നു.’ നിങ്ങൾക്ക് അത് സംഭവിക്കാൻ അനുവദിക്കരുത്! (ക്രിസ്തൂസ് വിവിത്ത് 106).

‘ഇല്ല’ എന്ന് പറയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സ്റ്റീവ് ജോബ്സിന്റെ വാക്കുകളും കാർലോയിൽ സ്വാധീനം ചെലുത്തി. തന്റെ പ്രായത്തിനപ്പുറമുള്ള ജ്ഞാനം പ്രകടിപ്പിച്ച കാർലോ, എല്ലാത്തിനും നമുക്ക് അതെ എന്ന് പറയാൻ കഴിയില്ലെന്ന് മനസ്സിലാക്കി. നമ്മൾ സ്വീകരിക്കുന്നതും നിരസിക്കുന്നതും സംബന്ധിച്ച് അതിരുകളും തിരഞ്ഞെടുപ്പുകളും ഉണ്ടായിരിക്കണം. എല്ലാ വസ്തുക്കളും ഒരേ തലത്തിൽ നിലനിൽക്കുന്നില്ലെന്നും, കൂടുതലോ കുറവോ മൂല്യമുള്ള ഒരു ശ്രേണിയിൽ നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നുവെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു, കുറഞ്ഞ നന്മയ്ക്ക് ‘ഇല്ല’ എന്ന് പറയുന്നതിലൂടെ മാത്രമേ നമുക്ക് വലിയ ഒന്നിന് ‘അതെ’ എന്ന് പറയാൻ കഴിയൂ എന്നു കാർലോയുടെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നു.

2006 ഒക്ടോബർ ആദ്യം കാർലോയ്ക്ക് പനി ബാധിച്ചു ഭയാനകമായ രക്താർബുദം സ്ഥിതികരിച്ചു. ചിരിക്കാൻ ഇഷ്ടപ്പെട്ട പതിനഞ്ചുകാരൻ ആൺകുട്ടിക്ക് ജീവിക്കാൻ ദിവസങ്ങൾ മാത്രം എങ്കിലും കാർലോ ആ വാർത്ത ശാന്തമായി സ്വീകരിച്ചു, മരിക്കുന്നതിന് മുമ്പ്, തന്റെ സഹനങ്ങൾ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയ്ക്കും സഭയ്ക്കും വേണ്ടി സമർപ്പിച്ചു കൊണ്ടു അവൻ പറഞ്ഞു: “ശുദ്ധീകരണസ്ഥലത്തേക്ക് പോകാതെ നേരെ സ്വർഗത്തിലേക്ക് പോകുന്നതിനായി മാർപാപ്പയ്ക്കും സഭയ്ക്കും വേണ്ടി ഞാൻ എന്റെ എല്ലാ കഷ്ടപ്പാടുകളും കർത്താവിനു സമർപ്പിക്കുന്നു.” മറ്റൊരു സന്ദർഭത്തിൽ കാർലോ ഇങ്ങനെ പ്രസ്താവിച്ചു

“മരിക്കാൻ എനിക്ക് സന്തോഷമുണ്ട്, കാരണം ദൈവത്തെ പ്രസാദിപ്പിക്കാത്ത കാര്യങ്ങളിൽ ഒരു മിനിറ്റ് പോലും പാഴാക്കാതെ ഞാൻ എന്റെ ജീവിതം നയിച്ചു.”

ദൈവത്തിനും ദൈവജനത്തിനും വേണ്ടി ജീവിക്കാൻ “ദൈവത്തിന്റെ ഇൻഫ്ളുവൻസർ” ആയി ജീവിക്കാൻ മില്ലേനിയൻ വിശുദ്ധൻ കാർലോ അക്യൂട്ടിവിൻ്റെ ജീവിതം നമ്മെ സഹായിക്കട്ടെ

ഫാ. ജയ്സൺ കുന്നേൽ mcbs


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment