Piravikkalam Holy Qurbana Text with Anaphora of Mar Theodore

വി. കുർബാന | മാര്‍ തെയദോറിന്റെ കൂദാശക്രമം | പിറവിക്കാലം

(സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്)

കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ
കർത്താവരുളിയ കല്പനപോൽ
തിരുനാമത്തിൽ ചേർന്നിടാം
ഒരുമയോടീബലിയർപ്പിക്കാം.

സമൂഹം: അനുരഞ്ജിതരായി തീർന്നിടാം
നവമൊരു പീഡമൊരുക്കീടാം
ഗുരുവിൻ സ്നേഹമോടീയാഗം
തിരുമുൻപാകെയണച്ചീടാം

കാർമ്മി: അത്യുന്നതമാം സ്വർല്ലോകത്തിൽ
സർവ്വേശനു സ്തുതിഗീതം  (3)

സമൂഹം: ഭൂമിയിലെന്നും മർത്ത്യനു ശാന്തി
പ്രത്യാശയുമെന്നേക്കും (3)

അല്ലെങ്കിൽ

കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3)

സമൂഹം: ആമ്മേൻ.

കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.

ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ  പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാ രൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ

ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം; സമാധാനം നമ്മോടു കൂടെ

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ പ്രിയപുത്രനെ നൽകാൻ തക്കവിധം, ലോകത്തെ അത്രമാത്രം സ്നേഹിച്ച അങ്ങയുടെ അനന്ത കാരുണ്യത്തെ ഞങ്ങൾ വാഴ്ത്തുന്നു. തന്നെത്തന്നെ ശൂന്യമാക്കി ദാസന്റെ രൂപം സ്വീകരിച്ച മിശിഹാകർത്താവിനെ പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമായി ഏറ്റുപറഞ്ഞു ഞങ്ങൾ ആരാധിക്കുന്നു. വിശുദ്ധ രഹസ്യങ്ങൾ യോഗ്യതയോടെ പരികർമ്മം ചെയ്യാനും മനുഷ്യാവതാരത്തിന്റെ മഹനീയ ഫലങ്ങൾ നേടാനും ഞങ്ങളെ ശക്തരാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.

സമൂഹം: ആമ്മേൻ

കാർമ്മി: നാഥൻ തൻ തിരു രക്ഷയിതാ
തെളിവായ് കാണിച്ചുലകത്തിൽ
തന്നുടെ നീതിയുമഖിലേശൻ
വെളിവാക്കുകയായ് ജനതകളിൽ.

സമൂഹം: നരരക്ഷകനാം മിശിഹായേ,
മഹനീയം നിൻ തിരുജനനം
വാനവരൊപ്പം നിൻ സ്തുതികൾ
പാടാനർഹതയേകീ നീ.

നീതിയെഴുന്നോർക്കീ ധരയിൽ
സത്യവെളിച്ചമുദിച്ചല്ലോ
നിർമ്മലമാനസരേവർക്കും
സമ്മോദം കൈവന്നല്ലോ.

തൻറെ ജനത്തോടുള്ളിലെഴും
വിശ്വസ്തതയും വൻകൃപയും
ഓർമിച്ചവനാം കർത്താവിൻ
തിരുനാമസ്തുതി പാടിടുവിൻ

തൃക്കാഴ്ചകളോടവിടത്തെ
തിരുമുറ്റത്ത് പ്രവേശിപ്പിൻ
പാവനമണ്ഡപമതിനുള്ളിൽ
ആരാധനയവനേകിടുവിൻ

താതനുമതുപോലാത്മജനും
റൂഹായ്ക്കും സ്തുതി എന്നേക്കും
ആദിമുതൽക്കെന്നതുപോലെ
ആമ്മേനാമ്മേനനവരതം

അല്ലെങ്കിൽ

കാർമ്മി:  നീതിമാൻമാർക്ക് പ്രകാശമുദിച്ചു;
പരമാർത്ഥ ഹൃദയർക്ക് ആഹ്ലാദമുണ്ടായി.

സമൂഹം:  (കാനോന) ലോകരക്ഷകനായ മിശിഹായേ, നിൻറെ ജനനം അനുഗൃഹീതമാകുന്നു;
മാലാഖമാരോടു കൂടെ നിന്നെ സ്തുതിക്കുവാൻ
നീ ഞങ്ങളെ യോഗ്യരാക്കി.

കാർമ്മി:  കർത്താവ് തൻറെ രക്ഷ കാണിച്ചിരിക്കുന്നു;
ജനതകളുടെ മുമ്പാകെ നീതി വെളിപ്പെടുത്തിയിരിക്കുന്നു.

സമൂഹം: ഇസ്രായേൽ ഭവനത്തോടുള്ള കൃപയും വിശ്വസ്തതയും അവിടുന്ന് അനുസ്മരിച്ചു.

കാർമ്മി: ജനപഥങ്ങളെ കർത്താവിനെ സ്തുതിക്കുവിൻ;
അവിടേക്ക് ബഹുമാനമേകുവിൻ;
തിരുനാമത്തിന് ആദരം നൽകുവിൻ.

സമൂഹം:കാഴ്ചകളുമായി അങ്കണത്തിൽ പ്രവേശിക്കുവിൻ;
തിരുമുറ്റത്ത് അവിടുത്തെ ആരാധിക്കുവിൻ.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

സമൂഹം:ആദിമുതൽ എന്നേക്കും, ആമ്മേൻ

കാർമ്മി:  (കാനോന) ലോകരക്ഷകനായ മിശിഹായേ, നിൻറെ ജനനം അനുഗൃഹീതമാകുന്നു;
മാലാഖമാരോടു കൂടെ നിന്നെ സ്തുതിക്കുവാൻ
നീ ഞങ്ങളെ യോഗ്യരാക്കി.

ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ അങ്ങ് നൽകിയിട്ടുള്ളതും എന്നാൽ കൃതജ്ഞത പ്രകാശിപ്പിക്കുവാൻ ഞങ്ങൾക്ക് കഴിയാത്തതുമായ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾമായി സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞു മുടി ചൂടി നിൽക്കുന്ന സഭയിൽ ഞങ്ങൾ അങ്ങയെ നിരന്തരം സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യട്ടെ. അങ്ങ് സകലത്തെയും നാഥനും സൃഷ്ടാവും ആകുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.

സമൂഹം: ആമ്മേൻ

ഗായകർ | സമൂഹം: സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.

മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.

ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം; സമാധാനം നമ്മോടു കൂടെ

കാർമ്മി: എന്റെ കർത്താവേ നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനും ആകുന്നു. ഞങ്ങൾ എപ്പോഴും നിനക്ക് സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ കടപ്പെട്ടവരാകുന്നു. സകലത്തെയും നാഥാ എന്നേക്കും.

സമൂഹം: ആമ്മേൻ

ശുശ്രൂഷി: ശബ്ദമുയർത്തി പാടിടുവിൻ
സർവ്വരുമൊന്നായി പാടിടുവിൻ
എന്നെന്നും ജീവിക്കും
സർവ്വേശ്വരനെ വാഴ്ത്തിടുവിൻ

ഗായകർ | സമൂഹം: പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
കാരുണ്യം നീ ചൊരിയണമേ.

ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം; സമാധാനം നമ്മോടു കൂടെ

കാർമ്മി: വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യനുമായ കർത്താവേ, അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.

സമൂഹം: ആമ്മേൻ

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവദായകവും ദൈവികവുമായ കൽപ്നകളുടെ മധുരസ്വരം ശ്രദ്ധിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. അതുവഴി, ആത്മശരീരങ്ങൾക്കുപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.

സമൂഹം: ആമ്മേൻ

ലേഖനം

ശുശ്രൂഷി: സഹോദരരേ…… ശ്ലീഹാ എഴുതിയ ലേഖനം

(കാർമ്മികന് നേരെ തിരിഞ്ഞു യാചിക്കുന്നു)

ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ.

കാർമ്മി: മിശിഹാ നിന്നെ അനുഗ്രഹിക്കട്ടെ.

(ജനങ്ങൾക്ക് നേരെ തിരിഞ്ഞു വായിക്കുന്നു)
(വായനക്ക് ശേഷം)

സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.

ശുശ്രൂഷി: ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ.

ഹല്ലേലൂയ്യാ ഗീതം

ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.

തിരുമുൽക്കാഴചയുമായി വരുന്നു
ഉദയദ്ദിശതൻ രാജാക്കന്മാർ

നിസ്വർക്കിടയിൽ ശിശുവായ് നൃപനാം
കന്യാസുതനെ കണ്ടെത്തുന്നു.

പൊന്നും മീറയുമൊപ്പം പരിമള-
താലവുമവനായ് അർപ്പിക്കുന്നു.

താതനുമതുപോൽ സുതനും പാവന
റൂഹായ്ക്കും സ്തുതിയുണ്ടാകട്ടെ.

ആദി മുതൽക്കേയിന്നും നിത്യവു-
മായി ഭവിച്ചീടട്ടെ, ആമ്മേൻ.

ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.

അല്ലെങ്കിൽ

ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.

നല്ലൊരാശയമെൻ മനതാരിൽ
വന്നു നിറഞ്ഞു തുളുമ്പീടുന്നു

രാജാവിൻ തിരുമുൻപിൽ കീർത്തന
മധുവായി ഞാനതൊഴുക്കീടട്ടെ

ഏറ്റമനുഗ്രഹ പൂരിതനാം കവി
തൻ തൂലികപോലെൻ നാവിപ്പോൾ

താതനുമതുപോൽ സുതനും
പരിശുദ്ധാത്മാവിനും സ്തുതി ഉയരട്ടെ

ആദി മുതൽക്കെ ഇന്നും നിത്യവു-
മായി ഭവിച്ചീടട്ടെ, ആമ്മേൻ.

ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.

സുവിശേഷ വായന

ശുശ്രൂഷി: നമുക്ക് ശ്രദ്ധാപൂർവ്വം നിന്ന് പരിശുദ്ധ സുവിശേഷം ശ്രവിക്കാം.

കാർമ്മികൻ: സമാധാനം നിങ്ങളോടുകൂടെ.

സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.

കാർമ്മികൻ: വിശുദ്ധ മത്തായി / മർക്കോസ് / ലൂക്കാ / യോഹന്നാൻ അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.

സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.

(വായനക്ക് ശേഷം)

സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.

കാറോസൂസ

ശുശ്രൂഷി: നമുക്കെല്ലാവർക്കും അനുതാപത്തോടും ശ്രദ്ധയോടും കൂടെ നിന്ന്  മനുഷ്യനായി പിറന്ന മിശിഹായെ ധ്യാനിച്ചുകൊണ്ട് ‘ദൈവമേ, ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു’ എന്ന് ഏറ്റു പറയാം.

സമൂഹം: ദൈവമേ, ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.

ശുശ്രൂഷി: വിനീതരായ ആട്ടിടയരെയും വിജ്ഞാനികളായ രാജാക്കന്മാരെയും ദിവ്യശിശുവിൻറെ സവിധത്തിലേക്ക് നയിച്ച ദൈവമേ,

സമൂഹം: ദൈവമേ, ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.

ശുശ്രൂഷി: തൻറെ തിരുക്കുമാരന്റെ മനുഷ്യാവതാരം വഴി എളിമയുടെയും ദാരിദ്ര്യത്തിന്റെയും മാതൃക കാട്ടുകയും സമാധാനവും പ്രത്യാശയും നൽകി ലോകത്തെ അനുഗ്രഹിക്കുകയും ചെയ്ത ദൈവമേ,

സമൂഹം: ദൈവമേ, ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.

ശുശ്രൂഷി: പാപംമൂലം അടയ്ക്കപ്പെട്ട പറുദീസയുടെ വാതിൽ തുറന്നു തരുന്നതിനും മനുഷ്യശരീരമെടുത്ത് ഞങ്ങളുടെ പാപങ്ങൾക്ക് പരിഹാരം ചെയ്യുന്നതിനും അങ്ങയുടെ പ്രിയസുതനെ അയച്ച ദൈവമേ,

സമൂഹം: ദൈവമേ, ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.

ശുശ്രൂഷി: തൻറെ ഏകജാതനിൽ വിശ്വസിക്കുന്നവർ ആരും നശിച്ചുപോകാതെ അവർക്ക് നിത്യജീവൻ ഉണ്ടാകേണ്ടതിന്, അവനെ നൽകാൻ തക്കവിധം കത്തെ അത്രമാത്രം സ്നേഹിച്ച ദൈവമേ,

സമൂഹം: ദൈവമേ, ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.

ശുശ്രൂഷി: ദാസന്റെ രൂപം ധരിച്ച് കാലിത്തൊഴുത്തിൽ പിറന്ന ദിവ്യ സുതൻ വഴി പതിതരെയും പാവപ്പെട്ടവരെയും തന്നിലേക്ക് അടുപ്പിച്ച ദൈവമേ,

സമൂഹം: ദൈവമേ, ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.

ശുശ്രൂഷി: മിശിഹായുടെ സഭ മുഴുവന്റെയും തലവനായ ഞങ്ങളുടെ പരിശുദ്ധ പിതാവ് മാര്‍ ……. (പേര്) പാപ്പായെയും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ……. (പേര്) മെത്രാപ്പോലീത്തായെയും ഞങ്ങളുടെ അതി രൂപതാധ്യക്ഷനായ മാര്‍ ……. (പേര്) മെത്രാപ്പോലീത്താ യെയും ഞങ്ങളുടെ പിതാവും രൂപതാധ്യക്ഷനുമായ മാര്‍ ……. (പേര്) മെത്രാനെയും മറ്റെല്ലാ മെത്രാന്മാരെയും ആത്മീയ നന്മകള്‍ നല്കി അനുഗ്രഹിക്കുന്ന ദൈവമേ.

സമൂഹം: ദൈവമേ, ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.

ശുശ്രൂഷി: പുത്രനായ മിശിഹായുടെ കൃപയാൽ ഞങ്ങളെ എല്ലാവരെയും രക്ഷിക്കുകയും ശാന്തിയും സമാധാനവും ഞങ്ങളിൽ വർധിപ്പിക്കുകയും ചെയ്യുന്ന ദൈവമേ,

സമൂഹം: ദൈവമേ, ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.

ശുശ്രൂഷി: സമാധാനത്തെയും അനുഗ്രഹത്തിന്റെയും മാലാഖയെ അയക്കണമെന്ന് വിനയപൂർവ്വം ഞങ്ങൾ യാചിക്കുന്നു.

സമൂഹം: കർത്താവേ, അങ്ങയോടു ഞങ്ങൾ യാചിക്കുന്നു.

ശുശ്രൂഷി: നമുക്കെല്ലാവർക്കും നമ്മെയും നാമോരുരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം .

സമൂഹം: ഞങ്ങളുടെ ദൈവമായ കർത്താവേ അങ്ങേക്ക് ഞങ്ങൾ സമർപ്പിക്കുന്നു.

കാർമ്മി: കർത്താവായ ദൈവമേ, ദൈവീക ജീവനിൽ ഞങ്ങളെ പങ്കുകാരാക്കാൻ അങ്ങയുടെ തിരുക്കുമാരനെ നൽകിയതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും നീതിമാനായ മാർ യൗസേപ്പിനോടും വിനീതരായ ആട്ടിടയരോടും ഒന്നുചേർന്ന് ഞങ്ങളും ദിവ്യപൈതലിനെ സ്വീകരിച്ച് ആരാധിക്കുന്നു. ഞങ്ങളുടെ ചിന്തയിലും പ്രവർത്തിയിലും മിശിഹാ അവതീർണ്ണനാകാനും ദൈവമക്കൾക്ക് ഉചിതമായ ജീവിതം നയിക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂഹം: ആമ്മേൻ 

ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ. സഹോദരരെ നിങ്ങൾ കൈവയ്‌പിനായി തലകുനിക്കുകയും ആശീർവാദം സ്വീകരിക്കുകയും ചെയ്യുവിൻ.

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, സാർവത്രികവും ശ്ലൈഹികവുമായ സഭയുടെമേൽ അങ്ങയുടെ കരുണനിറഞ്ഞ വലംകൈ നീട്ടണമേ. ദൃശ്യവും അദൃശ്യവുമായ സകല വിപത്തുകളിലും നിന്ന് അതിനെ സംരക്ഷിക്കണമേ. ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടെ അങ്ങയുടെ മുന്പാകെ ശുശ്രൂഷ ചെയ്യാൻ ഞങ്ങളെല്ലാവരെയും ദയാപൂർവം യോഗ്യരാക്കണമേ.

കാർമ്മി: കരുണാനിധിയായ ദൈവമേ, ഞങ്ങളെല്ലാവരും ഒന്നുചേർന്ന് ഞങ്ങളെ അങ്ങുമായി രമ്യതപ്പെടുത്തുന്ന നീതിയുടെ പ്രവൃർത്തികളാൽ ജീവിതകാലം മുഴുവൻ അങ്ങയെ യഥോചിതം പ്രീതിപ്പെടുത്താൻ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങേക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കാൻ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.

സമൂഹം: ആമ്മേൻ.

ശുശ്രൂഷി:  മാമ്മോദീസ സ്വീകരിക്കുകയും ജീവന്റെ അടയാളത്താൽ മുദ്രിതരാകുകയും ചെയ്തവർ ഭക്തിയോടും ശ്രദ്ധയോടും കൂടെ വിശുദ്ധ രഹസ്യങ്ങളിൽ പങ്കുകൊള്ളട്ടെ.

ദിവ്യരഹസ്യഗീതം

ഗായകർ: അംബരവീഥിയിൽ കർത്താവിനെ സ്തുതിക്കുവിൻ.

സമൂഹം: മഹിമാ പൂരിതനാം
കന്യാസൂനുവിനാൽ
സർവ്വം നൂതനമായ്.
മർത്യനു നിത്യ സമാധാനം
മാലാഖമാർ നേർന്നപ്പോൾ
സൃഷ്ടികുലത്തിനു കൈവന്നു
നവമാം നല്ലൊരു പ്രത്യാശ
രക്ഷകനേ, സ്തുതിയും കീർത്തനവും

ഗായകർ: ആകാശം ആഹ്ലാദിക്കുകയും ഭൂതലം ആനന്ദിക്കുകയും ചെയ്യട്ടെ.

സമൂഹം: ഉദയം ചെയ്തുലകിൽ
പാപം നീക്കീടും
മിശിഹാ ദൈവസുതൻ
സ്രഷ്ടാവാകും ദൈവത്തിൻ
സ്നേഹവുമതുപോൽ രക്ഷയുമാ-
ദൈവാത്മജനിൽ ദർശിക്കും
മർത്യർ മോദം കൊള്ളുന്നു
രക്ഷകനേ, സ്തുതിയും കീർത്തനവും.

(അല്ലെങ്കിൽ പൊതുവായിട്ടുള്ളത്)

ഗായകർ: കർത്താവിൽ ഞാൻ ദൃഢമായി ശരണപ്പെട്ടു.

സമൂഹം: മിശിഹാ കർത്താവിൻ
തിരുമെയ് നീണവുമിതാ
പാവന ബലിപീടെ
സ്നേഹ ഭയങ്ങളൊടണയുക നാ-
മഖിലരുമൊന്നായ് സന്നിധിയിൽ
വാനവ നിരയുടു ചേർന്നേവം
പാടാം ദൈവം പരിശുദ്ധൻ
പരിശുദ്ധൻ നിത്യം പരിശുദ്ധൻ

ഗായകർ: ദരിദ്രർ ഭക്ഷിച്ച് തൃപ്തരാകും.

സമൂഹംമിശിഹാ കർത്താവിൻ
തിരുമെയ് നീണവുമിതാ
പാവന ബലിപീടെ
സ്നേഹ ഭയങ്ങളൊടണയുക നാ-
മഖിലരുമൊന്നായ് സന്നിധിയിൽ
വാനവ നിരയുടു ചേർന്നേവം
പാടാം ദൈവം പരിശുദ്ധൻ
പരിശുദ്ധൻ നിത്യം പരിശുദ്ധൻ

(എല്ലാ ദിവസത്തേക്കുമുള്ളത്)

കാർമ്മി: താതനുമതുപോലാത്മജനും
ദിവ്യ റൂഹായ്ക്കും സ്തുതിയെന്നും
ദൈവാംബികയെയും
മാർ യൗസേപ്പിനെയും
സാദരമോർത്തീടാം
പാവനമീ ബലിയിൽ.

സമൂഹം: ആദിയിലേപ്പോൽ എന്നെന്നേക്കും
ആമ്മേനാമ്മേൻ.
സുതനുടെ പ്രേഷിതരേ,
ഏകജ സ്നേഹിതരേ,
ശാന്തിലഭിച്ചിടുവാൻ
നിങ്ങൾ പ്രാർത്ഥിപ്പിൻ.

കാർമ്മി: സർവ്വരുമൊന്നായി പാടീടട്ടെ
ആമ്മേനാമ്മേൻ.
മാർ തോമായെയും
നിണസാക്ഷികളെയും
സത്ക്കർമ്മികളെയും
ബലിയിതിലോർത്തീടാം.

സമൂഹം: നമ്മുടെകൂടെ ബാലവാനാം
കർത്താവെന്നെന്നേയ്ക്കും
രാജാവാം ദൈവം
നമ്മോടൊത്തെന്നും
യാക്കോബിൻ ദൈവം
നമ്മുടെ തുണയെന്നും.

കാർമ്മി: ചെറിയവരെല്ലാം വലിയവരോടൊപ്പം
കാത്തു വസിക്കുന്നു.
മൃതരെല്ലാരും നിൻ
മഹിതോത്ഥാനത്തിൽ
ശരണം തേടുന്നു
ഉത്ഥിതരായിടുവാൻ

സമൂഹം: തിരുസന്നിധിയിൽ ഹൃദയഗതങ്ങൾ
ചൊരിയുവിനെന്നേക്കും
നോമ്പും പ്രാർത്ഥനയും
പശ്ചാത്താപവുമായ്
ത്രിത്വത്തെ മോദാൽ
നിത്യം വാഴ്ത്തിടാം

(അല്ലെങ്കിൽ)

കാർമ്മി: പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെയും നീതിമാനായ മാർ യൗസേപ്പിതാവിന്റെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ.

സമൂഹം: ആദിമുതൽ എന്നേക്കും ആമ്മേൻ. ദൈവപുത്രന്റെ ശ്ലീഹന്മാരെ ഏകജാതന്റെ സ്നേഹിതരേ ലോകത്തിൽ സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുവിൻ.

കാർമ്മി: ദൈവ ജനമെല്ലാം ആമ്മേൻ, ആമ്മേൻ എന്ന് ഉദ്ഘോഷിക്കട്ടെ. നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ ഓർമ്മയോടുകൂടെ വിജയം വരിച്ച നീതിമാൻമാരുടെയും മകുടം ചൂടിയ രക്തസാക്ഷികളുടെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ.

സമൂഹം: ബലവാനായ കർത്താവ് നമ്മോടു കൂടെ. നമ്മുടെ രാജാവ് നമ്മോടു കൂടെ. നമ്മുടെ ദൈവം നമ്മോടു കൂടെ. യാക്കോബിന്റെ ദൈവം നമ്മുടെ സഹായിയും.

കാർമ്മി: ചെറിയവരും വലിയവരും നിന്റെ സ്തുത്യർഹമായ ഉത്ഥാനം വഴി നീ മഹത്വത്തോടെ ഉയിർപ്പിക്കും എന്ന പ്രതീക്ഷയിൽ മരിച്ചവരെല്ലാവരും നിദ്ര ചെയ്യുന്നു.

സമൂഹം: അവിടുത്തെ സന്നിധിയിൽ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ. ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴി മിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്ക് പ്രസാദിപ്പിക്കാം.

വിശ്വാസപ്രമാണം

കാർമ്മി: സർവ്വ ശക്തനും പിതാവുമായ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. (സമൂഹവും ചേർന്ന്) ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സ്രഷ്ടാവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഏകപുത്രനും സകല സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനും യുഗങ്ങൾക്കെല്ലാം മുമ്പ് പിതാവിൽനിന്ന് ജനിച്ചവനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനും ഏക കർത്താവുമായ ഈശോമിശിഹായിലും ഞങ്ങൾ വിശ്വസിക്കുന്നു. അവിടുന്ന് സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും പിതാവിനോട് കൂടെ ഏകസത്തയുമാകുന്നു. അവിടുന്ന് വഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു. മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്ക് വേണ്ടിയും അവിടുന്ന് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി; പരിശുദ്ധാത്മാവിനാൽ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ച് മനുഷ്യനായി പിറന്നു. പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിക്കുകയും സ്ലീവയിൽ തറക്കപ്പെട്ടു മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതു പോലെ മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. അവിടുന്ന് സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കുവാൻ അവിടുന്ന് വീണ്ടും വരുവാനിരിക്കുന്നു. പിതാവിൽ നിന്നും പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ ഏക പരിശുദ്ധാത്മാവിലും ഞങ്ങൾ വിശ്വസിക്കുന്നു. ഏകവും പരിശുദ്ധവും ശ്ലൈഹികവും സാർവത്രികവുമായ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു. പാപമോചനത്തിനുള്ള ഏക മാമ്മോദീസയും ശരീരത്തിന്റെ ഉയിർപ്പും നിത്യായുസ്സും ഞങ്ങൾ ഏറ്റുപറയുകയും ചെയ്യുന്നു. ആമ്മേൻ.

കാർമ്മി: സകലത്തെയും നാഥനായ ദൈവം തന്റെ സ്തുതികൾ ആലപിക്കുവാൻ നിന്നെ ശക്തനാക്കട്ടെ.

ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ. പാത്രിയാർക്കീസുമാരും, മേജർ ആർച്ച് ബിഷപ്പുമാരും, മെത്രാപ്പോലീത്തമാരും, മെത്രാന്മാരും ആയ നമ്മുടെ പിതാക്കന്മാർ പുരോഹിതന്മാർ ശുശ്രൂഷികൾ എന്നിവരുടേയും ബ്രഹ്മചാരികളുടെയും കന്യകകളുടെയും നമ്മുടെ മാതാപിതാക്കന്മാർ പുത്രീപുത്രന്മാർ സഹോദരീസഹോദരന്മാർ എന്നിവരുടെയും ഓർമ്മ ആചരിച്ചു കൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുവിൻ. മിശിഹായുടെ സ്നേഹിതരും വിശ്വാസികളുമായ എല്ലാ ഭരണകർത്താക്കളെയും സത്യവിശ്വാസത്തോടെ മരിച്ചു ഈ ലോകത്തിൽ നിന്നും വേർപെട്ടു പോയ എല്ലാവരെയും അനുസ്മരിക്കുവിൻ. മിശിഹായുടെ കൃപയാൽ ഈ ബലി നമ്മുക്ക് സഹായത്തിനും രക്ഷക്കും സ്വർഗ്ഗരാജ്യത്തിൽ നിത്യജീവനും കാരണമാകട്ടെ.

കാർമ്മി: കർത്താവേ, ആശീർവദിക്കണമേ.

(ജനങ്ങളുടെ നേരെ തിരിഞ്ഞു കരങ്ങൾ നീട്ടി വിടർത്തിക്കൊണ്ട് )

എന്റെ സഹോദരരെ, ഈ കുർബാന എന്റെ കരങ്ങൾ വഴി പൂർത്തിയാക്കുവാൻ നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ.

സമൂഹം: സകലത്തെയും നാഥനായ ദൈവം തന്റെ അഭീഷ്ടം നിറവേറ്റുവാൻ അങ്ങയെ ശക്തനാക്കട്ടെ. ഈ കുർബാന അവിടുന്ന് സ്വീകരിക്കട്ടെ. അങ്ങേക്കും ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി അങ്ങു സമർപ്പിക്കുന്ന ഈ ബലിയിൽ അവിടുന്ന് സംപ്രീതനാകുകയും ചെയ്യട്ടെ. ആമ്മേൻ.

കാർമ്മി: കര്‍ത്താവേ, സര്‍വശക്തനും നിത്യനുമായ ദൈവമേ, അങ്ങു സകലത്തിന്റെയും കാരണഭൂതനും സ്രഷ്ടാവുമാകുന്നു. അഗ്രാഹ്യവും അവര്‍ണനീയവും മഹോന്നതവുമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന മഹത്ത്വമുള്ള രാജാവും അങ്ങുതന്നെയാകുന്നു. അങ്ങയുടെ ഏകജാതനായ കര്‍ത്താവീശോമിശിഹാ തന്റെ മനുഷ്യസ്വഭാവത്തിണ്‍ പൂര്‍ത്തിയാക്കിയ അദ്ഭുതാവഹവും ഭയഭക്തിജനകവുമായ രക്ഷാപദ്ധതിവഴി പുതുജീവന്‍ നല്കി ഞങ്ങളെ നവീകരിക്കുകയും പരിശുദ്ധാത്മാവിനെ അച്ചാരമായി നല്കുകയും ചെയ്തു. ഞങ്ങള്‍ അയോഗ്യരാണെങ്കിലും പരിശുദ്ധവും സ്തുത്യര്‍ഹവുമായ ഈ ദിവ്യരഹസ്യങ്ങളെ അറിയുന്നതിനും സമീപിക്കുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും സ്വീകരിക്കുന്നതിനും ഇവയോട് ഏകീഭവിക്കുന്നതിനും അങ്ങയുടെ കൃപയാല്‍ അങ്ങു ഞങ്ങളെ യോഗ്യരാക്കി.

(കാർമ്മികൻ ബലിപീഠം ചുംബിച്ചതിനു ശേഷം കൈകൾ കുരിശാകൃതിയിൽ നെഞ്ചോട് ചേർത്തുവച്ചുകൊണ്ടു ചൊല്ലുന്നു.)

കാർമ്മി: അങ്ങയുടെ ഏകജാതന്റെ കൃപയാലും കരുണയാലും ആദിമുതല്‍ അങ്ങയെ പ്രസാദിപ്പിച്ചിട്ടുള്ള എല്ലാവരോടുംകൂടെ അങ്ങേക്കും ദിവ്യസുതനും പരിശുദ്ധാത്മാവിനും സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും ഞങ്ങള്‍ സമര്‍പ്പിക്കുന്നു. (തന്റെമേല്‍ കുരിശടയാളം വരയ്ക്കുന്നു.) ഇപ്പോഴും എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

കാർമ്മി: സമാധാനം നിങ്ങളോടുകൂടെ.

സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.

ശുശ്രൂഷി: സഹോദരരേ മിശിഹായുടെ സ്നേഹത്തിൽ നിങ്ങൾ സമാധാനം നൽകുവിൻ.

(എല്ലാവരും സമാധാനം നൽകുന്നു)

ശുശ്രൂഷി: നമുക്കെല്ലാവർക്കും അനുതാപത്തോടും വിശുദ്ധിയോടും കൂടെ കർത്താവിന് നന്ദി പറയുകയും അവിടുത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്യാം. നിങ്ങൾ ആദരപൂർവ്വം നിന്ന് ഇവിടെ അനുഷ്ഠിക്കപ്പെടുന്നവയെ സൂക്ഷിച്ചു വീക്ഷിക്കുവിൻ. ഭയഭക്തിജനകമായ രഹസ്യങ്ങൾ കൂദാശ ചെയ്യപ്പെടുന്നു പുരോഹിതൻ തന്റെ മാധ്യസ്ഥം വഴി സമാധാനം സമൃദ്ധമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുവാൻ തുടങ്ങുന്നു. കണ്ണുകൾ താഴ്ത്തി വിചാരങ്ങൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തി നിശബ്ദരായി ഏകാഗ്രതയോടും ഭക്തിയോടും കൂടെ നിങ്ങൾ ഹൃദയത്തിൽ പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.

കാർമ്മി: മിശിഹാ കർത്താവിൻ കൃപയും
ദൈവ പിതാവിൻ സ്നേഹമതും
റൂഹാ തൻ സഹവാസവുമീ + (ദിവ്യരഹസ്യങ്ങളിന്മേൽ റൂശ്മ ചെയ്യുന്നു.)
നമ്മോടൊത്തുണ്ടാകട്ടെ.

സമൂഹം: ആമ്മേൻ.

കാർമ്മി: ഉയരങ്ങളിലേക്കുയരട്ടെ
ഹൃദയവികാരവിചാരങ്ങൾ
ഉയരങ്ങളിലേക്കുയരട്ടെ
ഹൃദയവികാരവിചാരങ്ങൾ

സമൂഹം: പൂർവ്വ പിതാവാം അബ്രാഹം
ഇസഹാക്ക്, യാക്കോബ് എന്നിവർ തൻ
ദൈവമേ, നിത്യം ആരാധ്യൻ
രാജാവേ നിൻ സന്നിധിയിൽ

കാർമ്മി: അഖിലചരാചര കർത്താവാം
ദൈവത്തിനു ബലിയർപ്പിപ്പൂ.

സമൂഹം: ന്യായവുമാണതു യുക്തവുമാം
ന്യായവുമാണതു യുക്തവുമാം.

(അല്ലെങ്കിൽ)

കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാം എല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ. (ദിവ്യരഹസ്യങ്ങളിന്മേൽ റൂശ്മ ചെയ്യുന്നു.) ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

കാർമ്മി: നിങ്ങളുടെ വിചാരങ്ങൾ ഉന്നതത്തിലേക്ക് ഉയരട്ടെ.

സമൂഹം: അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ, ആരാധ്യനായ രാജാവേ, അങ്ങയുടെ സന്നിധിയിലേക്ക്.

കാർമ്മി: സകലത്തിന്റെയും നാഥനായ ദൈവത്തിന് കുർബാന അർപ്പിക്കപ്പെടുന്നു.

സമൂഹം: അത് ന്യായവും യുക്തവും ആകുന്നു.

ശുശ്രൂഷി: സമാധാനം നമ്മോടുകൂടെ.

കാർമ്മി: കർത്താവായ ദൈവമേ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ
അങ്ങയുടെ പരിശുദ്ധനാമത്തെ എന്നും എല്ലായെപ്പോഴും എവിടെയും ഏറ്റുപറയുകയും ആരാധിക്കുകയും ചെയ്യുക ഉചിതമാകുന്നു. എന്തുകൊണ്ടെന്നാൽ ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സ്രഷ്ടാവും കർത്താവും അങ്ങാകുന്നു. അങ്ങയുടെ മഹത്വത്തിന്റെ പ്രകാശവും സത്തയുടെ പ്രതിചായയുമായ ഏകജാതനും ദൈവവുമായ വചനംവഴി, ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും അങ്ങ് സൃഷ്ടിച്ചു ക്രമപ്പെടുത്തി. പിതാവായ അങ്ങിൽനിന്നുള്ളവനും സത്യാത്മാവുമായ പരിശുദ്ധാത്മാവ് സകലസൃഷ്ടികളെയും ശക്തരാക്കുകയും പവിത്രീകരിക്കുകയും അങ്ങയുടെ ആരാധ്യമായ ദൈവത്വത്തിന് സ്തുതികളർപ്പിക്കാൻ അർഹരാക്കുകയും ചെയ്തിരിക്കുന്നു. ത്രിത്വയ്ക ദൈവമേ, അങ്ങയുടെ സന്നിധിയിൽ ആയിരങ്ങളും പതിനായിരങ്ങളുമായ വനവഗണങ്ങൾ ആനന്ദപൂർവം തിരുനാമം പാടിസ്തുതിക്കുന്നു. കർത്താവേ, തുല്യരും അവിഭാജ്യരുമായ മൂന്നാളുകളായി ഏറ്റുപറയപ്പെടുന്ന അങ്ങയുടെ പരമ പരിശുദ്ധിയുടെ മുമ്പാകെ എല്ലാ സ്വർഗ്ഗീയ ഗണങ്ങളും സദാ സ്തുതികളർപ്പിക്കുന്നു. അവരോടു ചേർന്ന് ബലഹീനമായ മർത്യഗണം പരമോന്നതനായ അങ്ങയെ പാടിസ്തുതിക്കുന്നു.

(ബലിപീഠം ചുംബിക്കുന്നു. അനന്തരം കൈകൾ ഉയർത്തി… )

കാർമ്മി: ഒന്നായ് ഉച്ചസ്വരത്തിലവർ
തിരുസന്നിധിയിൽ അനവരതം
സ്തുതിഗീതങ്ങൾ പാടുന്നു.

സമൂഹം:  ദൈവം നിത്യ മഹത്വത്തിൻ
കർത്താവെന്നും പരിശുദ്ധൻ
ബലവാനീശൻ പരിശുദ്ധൻ.

മണ്ണും വിണ്ണും നിറയുന്നു
മന്നവനുടെ മഹിമകളാൽ
ഉന്നത വീഥിയിലോശാന
ദാവീദിൻ സുതനോശാന

കർത്താവിൻ തിരുനാമത്തിൽ
വന്നവനും യുഗരാജാവായ്
വീണ്ടും വരുവോനും ധന്യൻ
ഉന്നത വീഥിയിലോശാന.

(അല്ലെങ്കിൽ)

കാർമ്മി: ഉയർന്ന സ്വരത്തിൽ ഇടവിടാതെ സ്തുതിച്ചുകൊണ്ട് അവർ ഒന്നുചേർന്ന് ഉഘോഷിക്കുകയും ചെയ്യുന്നു.

സമൂഹം:  ബലവാനും കർത്താവുമായ ദൈവം പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. അവിടുത്തെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. ഉന്നതങ്ങളിൽ ഓശാന. ദാവീദിൻറെ പുത്രന് ഓശാന. കർത്താവിന്റെ നാമത്തിൽ വന്നവനും വരാനിരിക്കുന്നവനുമായവൻ അനുഗൃഹീതനാകുന്നു. ഉന്നതങ്ങളിൽ ഓശാന.

കാർമ്മി: കര്‍ത്താവായ ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും
ഞങ്ങള്‍ക്കു നല്കിയ സകല കൃപാവരങ്ങള്‍ക്കുമായി അങ്ങയെ ഏറ്റുപറയുകയും സ്തുതിക്കുകയും ചെയ്യുന്നു. മനുഷ്യരായ ഞങ്ങൾക്കും ഞങ്ങളുടെ രക്ഷക്കും വേണ്ടി ഏകജാതനും വചനവുമായ ദൈവം അങ്ങയോടുള്ള സമാനത പരിഗണിക്കാതെ തന്നെ തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ചു. അവിടുന്ന് സ്വർഗ്ഗത്തിൽ നിന്നിറങ്ങി പരിശുദ്ധാത്മാവിന്റെ ശക്തിയാൽ കന്യകയിൽ നിന്നു മനുഷ്യത്വം ധരിച്ച്, മർത്ത്യമായ ശരീരവും അമർത്ത്യമായ ആത്മാവും സ്വീകരിച്ചു. ലോകസൃഷ്ടിക്കുമുമ്പുതന്നെ അങ്ങയുടെ അനന്തജ്ഞാനത്താല്‍ ഒരുക്കപ്പെട്ടിരുന്ന മഹനീയവും വിസ്മയാവഹവുമായ രക്ഷാപദ്ധതി മുഴുവനും കാലത്തിന്റെ തികവില്‍ അവിടന്നു തന്റെ കരങ്ങള്‍വഴി നിറവേറ്റുകയും പൂര്‍ത്തിയാക്കുകയും ചെയ്തു. ദൈവത്വത്തിന്റെ പൂര്‍ണത മുഴുവനും അവിടന്നില്‍ വസിക്കുന്നു. അവിടന്നു സഭയുടെ ശിരസ്സും മരിച്ചവരില്‍നിന്നുള്ള ആദ്യജാതനുമാകുന്നു. സകലത്തിന്റെയും പൂര്‍ത്തീകരണവും സകലവും പൂര്‍ത്തിയാക്കുന്നവനും അവിടന്നാകുന്നു. നിത്യനായ പരിശുദ്ധറൂഹാവഴി അവിടന്നു തന്നെത്തന്നെ നിര്‍മലമായി ദൈവത്തിനു ബലിയര്‍പ്പിക്കുകയും തന്റെ ശരീരത്തിന്റെ ഒരിക്കല്‍ മാത്രമുള്ള സമര്‍പ്പണത്താല്‍ ഞങ്ങളെ വിശുദ്ധീകരിക്കുകയും ചെയ്തു. കുരിശിലെ തന്റെ രക്തത്താല്‍ സ്വര്‍ഗത്തെയും ഭൂമിയെയും രമ്യതപ്പെടുത്തി. ഞങ്ങളുടെ പാപങ്ങള്‍നിമിത്തം
അവിടന്ന് ഏല്പിച്ചുകൊടുക്കപ്പെടുകയും ഞങ്ങളെ നീതീകരിക്കാന്‍ ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്തു.

കാർമ്മി: താന്‍ ഏല്പിച്ചുകൊടുക്കപ്പെട്ട രാത്രിയില്‍
തന്റെ വിശുദ്ധ ശ്ലീഹന്മാരോടുകൂടെ
മഹനീയവും പരിശുദ്ധവും ദൈവികവുമായ ഈ രഹസ്യം ഈശോ പരികര്‍മം ചെയ്തു. തന്റെ പരിശുദ്ധമായ കരങ്ങളില്‍ അപ്പമെടുത്ത് (പീലാസ എടുക്കുന്നു) വാഴ്ത്തി വിഭജിച്ചു ശിഷ്യന്മാർക്ക് നൽകിക്കൊണ്ട് അരുൾചെയ്തു.
ഇതു ലോകത്തിന്റെ ജീവനുവേണ്ടി, പാപമോചനത്തിനായി വിഭജിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു. നിങ്ങല്ലാവരും ഇതിൽ നിന്ന് വാങ്ങി ഭക്ഷിക്കുവിൻ.

സമൂഹം: ആമ്മേൻ.

കാർമ്മി: അപ്രകാരം തന്നെ കാസയുമെടുത്തു (കാസ എടുക്കുന്നു) കൃതജ്ഞതാ സ്തോത്രം ചെയ്ത് വാഴ്ത്തി അവർക്ക് നൽകിക്കൊണ്ട് അരുൾചെയ്തു: ഇതു പാപമോചനത്തിനായി അനേകർക്ക് വേണ്ടി ചിന്തപ്പെടുന്ന, പുതിയ ഉടമ്പടിയുടെ, എന്റെ രക്തമാകുന്നു. നിങ്ങളെല്ലാവരും ഇതിൽ നിന്ന് വാങ്ങി പാനം ചെയ്യുവിൻ.

സമൂഹം: ആമ്മേൻ.

കാർമ്മി: ഞാൻ ഈ ചെയ്തത് നിങ്ങൾ എന്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ.

(എല്ലാവരും കുനിഞ്ഞ് ആചാരം ചെയ്യുന്നു.)

കാർമ്മി: കര്‍ത്താവേ, നീ ഞങ്ങളോടു കല്പിച്ചതുപോലെ ഈ ദാസര്‍ ഒരുമിച്ചുകൂടിയിരിക്കുന്നു. മനുഷ്യവംശത്തിനുമുഴുവന്‍ രക്ഷ നല്കിയ സമുന്നതവും ഭയഭക്തിജനകവും പരിശുദ്ധവും ദൈവികവുമായ ഈ രഹസ്യം എളിയവരും ബലഹീനരും നിസ്സാരരുമായ ഞങ്ങള്‍ നിന്റെ കൃപയാല്‍ അനുഷ്ഠിക്കുന്നു.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും (ദിവ്യരഹസ്യങ്ങളിന്മേല്‍ റൂശ്മ ചെയ്യുന്നു) എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

ശുശ്രൂഷി: ഹൃദയംകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.

കർത്താവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും അങ്ങേയ്ക്ക് നന്ദി പറയുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ, പാപം മൂലം അയോഗ്യരായിരുന്നിട്ടും അങ്ങ് കാരുണ്യതിരേകത്താൽ ഞങ്ങളെ അങ്ങിലേക്ക് അടുപ്പിക്കുകയും പരിശുദ്ധാത്മാവിന്റെ കൃപയാൽ നവീകരിച്ചു വിശുദ്ധീകരിക്കുകയും ചെയ്തു. ഞങ്ങളുടെ രക്ഷയ്ക്കായുള്ള ഭയഭക്തി ജനകവും ദൈവീകവുമായ ഈ ശുശ്രൂഷ അങ്ങയുടെ മുമ്പാകെ പരികർമ്മം ചെയ്യുന്നതിന് അങ്ങ് ഞങ്ങളെ യോഗ്യരാക്കി. അങ്ങയുടെ പ്രിയ പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹാവഴി നിങ്ങൾക്കെല്ലാവർക്കും കൈവന്ന മഹത്തായ രക്ഷ കൃതജ്ഞതാപൂർവ്വം ഞങ്ങൾ ഏറ്റു പറയുന്നു.

(തുടര്‍ന്നുവരുന്ന പ്രണാമജപഭാഗം പ്രത്യുത്തരത്തോടു കൂടിയോ അല്ലാതെയോ ചൊല്ലുന്നു.)

കാർമ്മി: ലോകത്തിന്റെ പാപം നീക്കുന്ന ദൈവകുഞ്ഞാടിന്റെ രഹസ്യമാകുന്ന സജീവവും പരിശുദ്ധവും സ്വീകാര്യവുമായ ഈ ബലി നുറുങ്ങിയ ഹൃദയത്തോടും എളിയ ആത്മാവോടുംകൂടെ അങ്ങയുടെ മഹനീയത്രിത്വത്തിന്റെ മുമ്പാകെ ഞങ്ങള്‍ അര്‍പ്പിക്കുന്നു. പാപമോചനത്തിനായി അര്‍പ്പിക്കപ്പെടുന്ന നിര്‍മലവും പരിശുദ്ധവുമായ ഈ ബലിയില്‍ അങ്ങു സംപ്രീതനാകണമേ.

സമൂ. ആമ്മേൻ; കർത്താവേ, കരുണയുണ്ടാകണമേ.

കാർമി. കര്‍ത്താവേ, ഞങ്ങളുടെ ദൈവമേ, പരിശുദ്ധ കത്തോലിക്കാസഭയില്‍ അങ്ങയുടെ ശാന്തിയും സമാധാനവും എന്നെന്നും വസിക്കാന്‍ ഇടയാക്കണമേ. കലഹങ്ങളും ഭിന്നതകളും പീഡനങ്ങളും വിഭാഗീയതകളും സഭയില്‍നിന്നകറ്റണമേ. നിര്‍മലഹൃദയത്തോടും ഏകമനസ്സോടും പൂര്‍ണസ്‌നേഹത്തോടും കൂടെ ഞങ്ങളെല്ലാവരും ഐക്യത്തില്‍ ജീവിക്കാന്‍ ഇടയാക്കണമേ.

സമൂ. ആമ്മേൻ; കർത്താവേ, കരുണയുണ്ടാകണമേ.

കാർമി. സത്യത്തിന്റെ ശുശ്രൂഷ നിര്‍വഹിക്കുന്ന സാര്‍വത്രികസഭയുടെ പിതാവും തലവനുമായ മാര്‍ …… (പേര്) പാപ്പായും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ …. (പേര്) മെത്രാപ്പോലീത്തായും ഞങ്ങളുടെ അതിരൂപതാധ്യക്ഷനായ മാര്‍ ….. (പേര്) മെത്രാപ്പോലീത്തായും ഞങ്ങളുടെ പിതാവും രൂപതാധ്യക്ഷനുമായ മാര്‍ ….. (പേര്) മെത്രാനും എല്ലാ മെത്രാന്മാരും പുരോഹിതന്മാരും മ്ശംശാനമാരും സമര്‍പ്പിതരും അല്മായപ്രേഷിതരും – തിരുമുമ്പില്‍ നിര്‍മലതയോടും ഭക്തിയോടും വിശുദ്ധിയോടും കൂടെ ശുശ്രൂഷ ചെയ്യുന്നതിനും അങ്ങയെ പ്രസാദിപ്പിക്കുന്നതിനും ഞങ്ങളുടെ കര്‍ത്താവീശോമിശിഹാ പ്രത്യക്ഷനാകുമ്പോള്‍ മഹോന്നതഭാഗ്യത്തിനു യോഗ്യരാകുന്നതിനും ഇടയാക്കണമേ.

സമൂ. ആമ്മേൻ; കർത്താവേ, കരുണയുണ്ടാകണമേ.

കാർമി. കർത്താവായ ദൈവമേ, ഇവിടെയും മറ്റെല്ലാ സ്ഥലങ്ങളിലും ഉള്ള പരിശുദ്ധ കത്തോലിക്കാസഭയുടെ മക്കളെല്ലാവരും ജീവൻറെ രക്ഷയ്ക്ക് വേണ്ടി സത്യവിശ്വാസത്തോടും സത് പ്രവർത്തികളോടും കൂടെ തിരുമുമ്പാകെയുള്ള ആരാധനയിൽ വളരാൻ ഇടയാക്കണമേ. പാപിയും അയോഗ്യനുമായ ഈ ദാസനെയും ഈ ബലിയിൽ പ്രത്യേകമായി അനുസ്മരിക്കപ്പെടുന്ന എല്ലാവരെയും തിരുസന്നിധിയിൽ കൃപയും ദയയും കണ്ടെത്താൻ യോഗ്യരാക്കണമേ. അങ്ങയുടെ കൃപയാൽ ഭൂമിയുടെ ഫലങ്ങളെയും കാലാവസ്ഥയെയും വത്സരത്തിന്റെ വിളവുകളെയും അനുഗ്രഹിക്കണമേ.

സമൂ. ആമ്മേൻ; കർത്താവേ, കരുണയുണ്ടാകണമേ.

കാർമികൻ തുടരുന്നു

കർത്താവേ, സത്യവിശ്വാസത്തോടെ ഈ ലോകത്തിൽ നിന്നും മരിച്ചുപോയവർ നിത്യ സൗഭാഗ്യത്തിൽ പ്രവേശിക്കുന്നതിന് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. അങ്ങ് മാത്രമാണ് സത്യത്തിന്റെ പിതാവായ ദൈവം എന്ന് എല്ലാ മനുഷ്യരും അറിയണമെന്നും യഥാർത്ഥ ജ്ഞാനത്തിലേക്ക് തിരിഞ്ഞ് എല്ലാവരും രക്ഷിക്കപ്പെടണമെന്നും അങ്ങ് ആഗ്രഹിക്കുന്നുവല്ലോ.

അങ്ങ് അനാദി മുതൽ കർത്താവാണെന്നും സൃഷ്ടിക്കപ്പെടാത്തവനും സകലത്തിന്റെയും സൃഷ്ടാവുമായ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമാണെന്നും അവർ അറിയട്ടെ. മനുഷ്യവംശത്തിന്റെ രക്ഷയ്ക്ക് വേണ്ടി ദൈവപുത്രനും ദൈവവചനവുമായ കർത്താവീശോമിശിഹാ പൂർണ്ണ മനുഷ്യത്വം ധരിച്ച് ദൈവത്തിൻറെ ശക്തിയാലും പരിശുദ്ധാത്മാവിനാലും സകലതും പൂർത്തീകരിക്കുകയും നീതീകരിക്കുകയും ചെയ്തുവെന്നും അവിടന്നു ദൈവത്തിന്റെയും മനുഷ്യരുടെയും മധ്യസ്ഥനും നിത്യജീവന്റെ ദാതാവുമാണെന്നും എല്ലാവരും ഗ്രഹിക്കട്ടെ.

കര്‍ത്താവേ, ആരാധ്യനായ ദൈവമേ, ഞങ്ങളുടെ അധരങ്ങളുടെ ഫലമായ ഈ സ്‌തോത്രബലി കാരുണ്യപൂര്‍വം സ്വീകരിച്ച് ഞങ്ങളില്‍ സംപ്രീതനാകണമേ.

ശുശ്രൂഷി: നിങ്ങൾ നിശബ്ദരായി ആദരപൂർവ്വം പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.

കാര്‍മികന്‍ ദിവ്യരഹസ്യങ്ങള്‍ക്കു മുകളിൽ കൈകളുയര്‍ത്തി, ഇടത്തുകൈ അടിയിലും വലത്തുകൈ മുകളിലുമായി കുരിശാകൃതിയിൽ കമഴ്ത്തിപ്പിടിക്കുന്നു

കാർമി. പരിശുദ്ധാത്മാവിന്റെ കൃപ ഞങ്ങളുടെയും ഈ കുര്‍ബാനയുടെയുംമേല്‍ ഇറങ്ങിവരട്ടെ. ഈ അപ്പത്തിലും ഈ കാസയിലും അവിടന്ന് അധിവസിച്ച് ഇവയെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആശീര്‍വദിക്കുകയും പവിത്രീകരിക്കുകയും മുദ്രിതമാക്കുകയും ചെയ്യട്ടെ. കര്‍ത്താവേ, അങ്ങയുടെ നാമത്തിന്റെ ശക്തിയാല്‍ ഈ അപ്പവും ഈ കാസയും മിശിഹായുടെ ശരീരവും രക്തവുമായി ഭവിക്കട്ടെ.

തുടരുന്നു

സത്യവിശ്വാസത്തോടെ ഈ അപ്പത്തില്‍നിന്നു ഭക്ഷിക്കുകയും കാസയില്‍നിന്നു പാനം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഇവ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും ഉയിര്‍പ്പിലുള്ള വലിയ പ്രത്യാശയ്ക്കും ആത്മാവിന്റെയും ശരീരത്തിന്റെയും രക്ഷയ്ക്കും നിത്യമഹത്ത്വത്തിനും കാരണമാകട്ടെ. ദിവ്യകല്പനകള്‍ക്കനുസൃതം വ്യാപരിച്ച് അങ്ങയെ പ്രസാദിപ്പിച്ച എല്ലാവരോടുമൊപ്പം സ്വര്‍ഗരാജ്യത്തില്‍ നിത്യസൗഭാഗ്യം അനുഭവിക്കാന്‍ കര്‍ത്താവീശോമിശിഹായുടെ കൃപയാല്‍ ഞങ്ങളേവരും യോഗ്യരാകട്ടെ.

ബലിപീഠം ചുംബിക്കുന്നു

കാർമി. സ്വര്‍ഗത്തിലും ഭൂമിയിലും ഞങ്ങളെല്ലാവരുമൊന്നിച്ച് പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും യോഗ്യമാംവിധം സ്തുതിക്കുകയും ആരാധിക്കുകയും പുകഴ്ത്തുകയും ചെയ്യുമാറാകട്ടെ. ഇപ്പോഴും (ദിവ്യരഹസ്യങ്ങളിന്മേല്‍ റൂശ്മ ചെയ്യുന്നു)
എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

കാർമ്മി: ദൈവമേ അങ്ങയുടെ കൃപക്കൊത്തവിധം എന്നോട് ദയതോന്നണമേ.

സമൂഹം: അങ്ങയുടെ കാരുണ്യാതിരേകത്തിന് അനുസൃതമായി എന്റെ പാപങ്ങൾ മായ്ച്ചു കളയണമേ.

(അല്ലെങ്കിൽ)

കാർമ്മി: സ്വർഗ്ഗത്തിൽ വസിക്കുന്നവനേ അങ്ങയുടെ പക്കലേക്ക് ഞാൻ കണ്ണുകൾ ഉയർത്തുന്നു.

സമൂഹം: ദാസന്മാരുടെ കണ്ണുകൾ നാഥന്റെ പക്കലേക്കും ദാസിയുടെ കണ്ണുകൾ നാഥയുടെ പക്കലേക്കുമെന്നപോലെ.

കാർമ്മി: കർത്താവേ അനുഗ്രഹിക്കണമേ. ഞങ്ങളുടെ കർത്താവായ ദൈവമേ ഞങ്ങൾ അയോഗ്യരാകുന്നു. ഞങ്ങൾ തീർത്തും അയോഗ്യരാകുന്നു. എങ്കിലും സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളിലേക്ക് അങ്ങയുടെ കാരുണ്യം ഞങ്ങളെ അടുപ്പിക്കുന്നു.

(ബലിപീഠം ചുംബിച്ചു തിരുവോസ്തി കരങ്ങളിൽ എടുത്തുയർത്തി ചൊല്ലുന്നു)

കാർമ്മി: ഞങ്ങളുടെ കർത്താവീശോമിശിഹായേ, നിന്റെ തിരുനാമത്തിന് സ്തുതിയും നാഥനായ നിനക്ക് ആരാധനയും എപ്പോഴും ഉണ്ടായിരിക്കട്ടെ. സജീവവും ജീവദായകമായ ഈ അപ്പം സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിയതും ലോകത്തിന് മുഴുവനും ജീവൻ നൽകുന്നതുമാകുന്നു. ഇത് ഭക്ഷിക്കുന്നവർ മരിക്കുകയില്ല പ്രത്യുത പാപമോചനവും രക്ഷയും പ്രാപിക്കുകയും നിത്യം ജീവിക്കുകയും ചെയ്യും.

ഗായകർ: ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു.

സമൂഹം: രക്ഷകനീശോ തൻ
ശിഷ്യരെ അറിയിച്ച
ദിവ്യ രഹസ്യമിതാ
സ്വർഗ്ഗത്തിൽ നിന്നാഗതമാം
ജീവൻ നൽകിടുമപ്പം ഞാൻ
സ്നേഹമോടെന്നെ കൈക്കൊൾവോൻ
എന്നിൽ നിത്യം ജീവിക്കും
നേടുമവൻ സ്വർഗ്ഗം നിശ്ചയമായ്.

ഗായകർ: നിന്റെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകന്മാർ.

ക്രോവേ, സ്രാപ്പേമാർ
ഉന്നത ദൂതന്മാർ
ബലിപീഠത്തിങ്കൽ
ആദരവോടെ നിൽക്കുന്നു ;
ഭയഭക്തിയൊടെ നോക്കുന്നു;
പാപകടങ്ങൾ പോക്കിടുവാൻ
കർത്താവിൻ മെയ് വിഭജിക്കും
വൈദികനെ വീക്ഷിച്ചീടുന്നു.

ഗായകർ: നീതിയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ.

സമൂഹം: തിരുസന്നിധിയിങ്കൽ
പാപികളേവരെയും
മാടിവിളിച്ചവനാം
അനുതാപികളാമേവർക്കും
വാതിൽ തുറന്നുകൊടുത്തവനാം
കരുണാമയനാം കർത്താവേ
നിൻ സവിധേ വന്നനവരതം
നിൻ സ്തുതികൾ ഞങ്ങൾ പാടട്ടെ.

(അല്ലെങ്കിൽ)

ഗായകർ: ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവനുള്ള അപ്പമാകുന്നു.

സമൂഹം: ഉന്നതങ്ങളിൽ നിന്ന് ഇറങ്ങിയ അപ്പം ഞാനാകുന്നു. സ്നേഹപൂർവ്വം സമീപിച്ച് എന്നെ സ്വീകരിക്കുന്ന എല്ലാവരും എന്നിൽ നിത്യം ജീവിക്കുകയും സ്വർഗ്ഗരാജ്യം അവകാശപ്പെടുത്തുകയും ചെയ്യും എന്ന രഹസ്യം രക്ഷകൻ അറിയിച്ചു.

അവിടുത്തെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകരായ ക്രോവേമാരും സ്രാപ്പേമാരും മുഖ്യദൂതരും ബലിപീഠത്തിനുമുൻപിൽ ഭയഭക്തികളോടെ നിന്ന് മിശിഹായുടെ ശരീരം വിഭജിക്കുന്ന വൈദീകനെ സൂക്ഷിച്ചു വീക്ഷിക്കുന്നു.

നീതിയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ. പാപികളെ തന്റെ അടുക്കലേക്കു വിളിക്കുകയും അനുതാപികൾക്കായി വാതിൽ തുറന്നിടുകയും ചെയ്തിരിക്കുന്ന കാരുണ്യവാനായ കർത്താവേ ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ പ്രവേശിച്ച് രാപകൽ അങ്ങേയ്ക്ക് സ്തുതി പാടട്ടെ.

കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന് സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാമെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ

ശുശ്രൂഷി: നമ്മുടെ രക്ഷകന്റെ അമൂല്യമായ ശരീരരക്തങ്ങളുടെ രഹസ്യങ്ങളെ നമുക്കെല്ലാവർക്കും ഭക്തിയാദരങ്ങളോടെ സമീപിക്കാം.

അനുതാപത്തിൽ നിന്ന് ഉളവാകുന്ന ശരണത്തോടെ അപരാധങ്ങളിൽ നിന്ന് പിന്തിരിഞ്ഞും
പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ചും സഹോദരരുടെ തെറ്റുകൾ ക്ഷമിച്ചുംകൊണ്ട് നമുക്ക് സകലത്തിന്റെയും നാഥനായ ദൈവത്തോട് കൃപയും പാപമോചനവും യാചിക്കുകയും ചെയ്യാം.

സമൂഹം: കർത്താവേ അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: ഭിന്നത കലഹങ്ങളും വെടിഞ്ഞ് നമ്മുടെ മനസ്സാക്ഷിയെ ശുദ്ധീകരിക്കാം.

സമൂഹം: കർത്താവേ അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: ശത്രുതയിലും വിദ്വേഷത്തിലുംനിന്ന് നമ്മുടെ ആത്മാക്കളെ വിമുക്തമാക്കാം.

സമൂഹം: കർത്താവേ അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: വിശുദ്ധ കുർബാന സ്വീകരിക്കുകയും പരിശുദ്ധാത്മാവിനാൽ പവിത്രീകരിക്കപ്പെടുകയും ചെയ്യാം.

സമൂഹം: കർത്താവേ അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: യോജിപ്പോടും ഐക്യത്തോടും കൂടെ ദിവ്യരഹസ്യങ്ങളിൽ പങ്കു കൊള്ളാം.

സമൂഹം: കർത്താവേ അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: കർത്താവേ, ഇവ ഞങ്ങളുടെ ശരീരങ്ങളുടെ ഉയർപ്പിനും ആത്മാക്കളുടെ രക്ഷയ്ക്കും കാരണമാകട്ടെ.

സമൂഹം: നിത്യജീവനും കാരണമാകട്ടെ. എന്നേക്കും, ആമ്മേൻ.

ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ.

കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും കാരുണ്യപൂർവ്വം ക്ഷമിക്കണമേ. മഹോന്നത ദൈവവമായ അങ്ങയെ സ്വർഗ്ഗരാജ്യത്തിൽ സകലവിശുദ്ധ രോടുമൊന്നിച്ച് സ്തുതിക്കുവാൻ ഞങ്ങളുടെ അധരങ്ങളെ പവിത്രീകരിക്കുകയും ചെയ്യണമേ.

കാർമ്മി: കർത്താവായ ദൈവമേ, കാരുണ്യപൂർവ്വം അങ്ങ് ഞങ്ങൾക്കു നൽകിയ മനോവിശ്വാസത്തോടെ അങ്ങയുടെ സന്നിധിയിൽ എപ്പോഴും നിർമ്മല ഹൃദയരും പ്രസന്നവദനരും നിഷ്കളങ്കരുമായി വ്യാപിക്കുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. ഞങ്ങളെല്ലാവരും ഒന്നുചേർന്ന് അങ്ങയെ വിളിച്ച് ഇപ്രകാരം അപേക്ഷിക്കുന്നു.

കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.

ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോട്  ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാരൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ

കാർമ്മി: കർത്താവേ ശക്തനായ സർവ്വേശ്വരാ, നല്ലവനായ ദൈവമേ, കൃപാപൂർണ്ണനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ കാരുണ്യം ഞങ്ങൾ കേണപേക്ഷിക്കുന്നു. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്‍ഠാരൂപിയിൽ നിന്നും അവന്റെ സൈന്യങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ സ്വർഗ്ഗത്തിലും ഭൂമിയിലും രാജ്യവും ശക്തിയും അധികാരവും അങ്ങയുടേതാകുന്നു. ഇപ്പോഴും എപ്പോഴും + എന്നേക്കും.

സമൂഹം: ആമ്മേൻ

കാർമ്മി: സമാധാനം നിങ്ങളോടുകൂടെ. +

സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.

കാർമ്മി: വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു.

സമൂഹം: ഏക പിതാവ് പരിശുദ്ധനാകുന്നു. ഏകപുത്രൻ പരിശുദ്ധനാകുന്നു. ഏക റൂഹ പരിശുദ്ധനാകുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നേക്കും സ്തുതി. ആമ്മേൻ.

ശുശ്രൂഷി: ജീവിക്കുന്ന ദൈവത്തെ നിങ്ങൾ പ്രകീർത്തിക്കുവിൻ.

സമൂഹം: മനുഷ്യനായി നമ്മുടെ ഇടയിലേക്ക് ഇറങ്ങി വരികയും തൻറെ കൃപയാൽ മനുഷ്യവംശത്തിന് ഉന്നതദാനമായ ദിവ്യരഹസ്യങ്ങൾ നൽകുകയും ചെയ്ത രാജകുമാരന് നമുക്ക് നന്ദി പറയാം. മാലാഖമാരുടെ ഗണം വലിയ ഭയത്തോടും വിറയലോടുംകൂടെ അവൻറെ നാമം പ്രകീർത്തിക്കുന്നു. വലിയ വിസ്മയത്തോടെ നമ്മോട് ചേർന്ന് അവർ സ്തുതിക്കുകയും കർത്താവു പരിശുദ്ധൻ, ദൈവം പരിശുദ്ധൻ, അനാദിമുതലുള്ളവൻ പരിശുദ്ധൻ എന്ന് ആഘോഷിക്കുകയും ചെയ്യുന്നു.

( അല്ലെങ്കിൽ)

സമൂഹം: സഭയിൽ അവിടുത്തേക്ക് സ്തുതി ഉണ്ടായിരിക്കട്ടെ. എല്ലാ നിമിഷവും എല്ലാ സമയവും അവിടുത്തെ കൃപയും കാരുണ്യവും നമ്മുടെമേൽ ഉണ്ടായിരിക്കട്ടെ.

കാർമ്മി: നമ്മെ ജീവിക്കുന്ന കർത്താവീശോമിശിഹായുടെ കൃപാവരം അവിടുത്തെ കാരുണ്യത്താൽ നാമെല്ലാവരിലും + സമ്പൂർണ്ണമാകട്ടെ.

സമൂഹം: ഇപ്പോഴും എപ്പോഴും എന്നേക്കും. ആമ്മേൻ.

ശുശ്രൂഷി: തലമുറ തലമുറകളോട് നിൻറെ പ്രവർത്തികൾ ഉദ്ഘോഷിക്കുകയും നിൻറെ ശക്തി വെളിപ്പെടുത്തുകയും ചെയ്യും. വലിയ അദ്ഭുതത്തോടു കൂടെ നിന്റെ മഹത്വത്തിൻറെ ശക്തി അവർ വിവരിക്കും. ഞങ്ങളും വലിയ വിസ്മയത്തോടെ നിൻറെ മഹിമ വർണ്ണിക്കും.

(അല്ലെങ്കിൽ)

ശുശ്രൂഷി: സഹോദരരേ സ്വർഗ്ഗരാജ്യത്തിൽ ഉള്ള വിശ്വാസത്തോടെ ദൈവപുത്രന്റെ ശരീരം സ്വീകരിക്കാനും അവിടുത്തെ രക്തം പാനം ചെയ്യാനും തിരുസഭ നിങ്ങളെ ക്ഷണിക്കുന്നു.

കാർമ്മി: മിശിഹായുടെ ശരീരവും രക്തവും കടങ്ങളുടെ പൊറുതിക്കും നിത്യജീവനും കാരണമാകട്ടെ.

കാർമ്മി: മനുഷ്യ വർഗ്ഗത്തിന്റെ പ്രത്യാശയായ മിശിഹായെ, ഞങ്ങൾ ഭക്ഷിച്ച തിരുശരീരവും പാനം ചെയ്ത തിരുരക്തവും ഞങ്ങൾക്ക് ശിക്ഷാവിധിക്ക് കാരണമാകാതെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും നിന്റെ സന്നിധിയിൽ സന്തുഷ്ടിക്കും നിദാനമാകട്ടെ സകലത്തിന്റെയും നാഥാ, എന്നേക്കും. ആമ്മേൻ.

സമൂഹം: ഞങ്ങളുടെ കർത്താവേ, വിശ്വാസപൂർവം ഞങ്ങൾ സ്വീകരിച്ച ദിവ്യരഹസ്യങ്ങൾ ഞങ്ങളുടെ കടങ്ങളുടെ പൊറുതിക്ക് കാരണമാകട്ടെ. യുഗങ്ങളുടെ രാജാവായ മിശിഹായെ നീ ദാസന്റെയും സൃഷ്ടാവിന്റെയും സാദൃശ്യമാകുന്നു. നിന്നിൽ വിശ്വസിച്ച സകലരുടെയും കറകളും കടങ്ങളും നിന്റെ ശരീരരക്തങ്ങളാൽ നിർമാർജനം ചെയ്യുകയും ക്ഷമിക്കുകയും ചെയ്തു. നീ മഹത്വപൂർണ്ണനായി പ്രത്യക്ഷപ്പെടുമ്പോൾ മനോവിശ്വാസത്തോടെ നിന്നെ എതിരേൽക്കാനും സ്വർഗീയ ഗണങ്ങളോടുകൂടെ നിന്നെ സ്തുതിക്കുവാനും ഞങ്ങളെ യോഗ്യരാക്കണമേ. ആമ്മേൻ.

ശുശ്രൂഷി: പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളെ സമീപിച്ച് ഇവയിൽ പങ്കുകൊള്ളാൻ യോഗ്യരാക്കപ്പെട്ട നമുക്കെല്ലാവർക്കും ഇവയുടെ ദാതാവായ ദൈവത്തിന് സ്തുതിയും കൃതജ്ഞതയും സമർപ്പിക്കാം.

സമൂഹം: അവർണ്ണനീയമായ ഈ ദാനത്തെക്കുറിച്ച് കർത്താവേ അങ്ങേയ്ക്ക് സ്തുതി.

ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം; സമാധാനം നമ്മോടുകൂടെ.

കാർമ്മി: കർത്താവായ ദൈവമേ, മിശിഹായെ ലോകരക്ഷകനായി ഞങ്ങൾക്ക് നൽകിയ അങ്ങയുടെ സ്നേഹാതിരേകത്തിന് ഞങ്ങൾ നന്ദി പറയുന്നു. മിശിഹായുടെ ശരീരരക്തങ്ങൾ സ്വീകരിച്ച ഞങ്ങൾ എന്നും അങ്ങയുടെ സജീവ സാക്ഷികളായി തീരട്ടെ. അങ്ങയുടെ ദാനത്തിന് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും ഞങ്ങൾ സമർപ്പിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.

സമൂഹം: ആമ്മേൻ. കർത്താവേ, ആശീർവദിക്കണമേ.

കാർമ്മി: പിതാവിൻറെ പ്രതിരൂപമായ മിശിഹായേ, നിന്നിൽ പിതാവിനെ കാണാനും തിരുപ്പിറവിയുടെ ആനന്ദത്തിൽ ജീവിക്കാനും ഞങ്ങളെ അനുഗ്രഹിച്ചതിനു നന്ദി പറയുന്നു. വിശുദ്ധ കുർബാനയിലൂടെ നിന്നെത്തന്നെ ഞങ്ങൾക്ക് ഭക്ഷണപാനീയങ്ങളായി നൽകിയതിന് ഞങ്ങൾ നിന്നെ വാഴ്ത്തുന്നു. രക്ഷയുടെ അച്ചാരമായ ഈ ദിവ്യരഹസ്യങ്ങൾ ഞങ്ങൾക്ക് നിത്യ സൗഭാഗ്യത്തിന് കാരണമാകട്ടെ. സകലത്തെയും നാഥാ എന്നേക്കും.

സമൂഹം: ആമ്മേൻ.

സമാപനാശീർവാദം

കാർമ്മി: മൃതിയുടെ നിഴലിൽ, കൂരിരുളിൽ
കഴിയും മാനവ വംശത്തിൽ
ഉദയം ചെയ്ത മഹോന്നതനാം
സത്യപ്രഭയെ വാഴ്ത്തിടുവിൻ.

ജീവിതവീഥിയിലെന്നാളും
കർത്താവീശോമിശിഹായെ
കണ്ടെത്താനായ് തേടുവിൻ
സാമോദം കൈക്കൊണ്ടിടുവിൻ

ഉലകിൻ പ്രഭയാം മിശിഹായെ
രക്ഷകനും തിരുനാഥനുമായ്
ജനതകളൊന്നായ് ഘോഷിക്കാൻ
സത്കൃത്യങ്ങൾ ചെയ്തിടുവിൻ.

ജീവനെഴും തിരുസ്ലീവായാൽ
നിങ്ങൾ മുദ്രിതരാകട്ടെ
സംരക്ഷിതരായ് തീരട്ടെ +
ഇപ്പോഴുമെപ്പോഴുമെന്നേക്കും.

സമൂഹം: ആമ്മേൻ.

(അല്ലെങ്കിൽ)

കാർമ്മി: അന്ധകാരത്തിൽ ചരിക്കുന്നവർക്കും മരണത്തിൻറെ നിഴലിൽ വസിക്കുന്നവർക്കും വലിയ പ്രകാശമായി ഉദിച്ച മിശിഹായേ നിങ്ങൾ വാഴ്ത്തുവിൻ. ജ്ഞാനികൾ രക്ഷകനെ അന്വേഷിച്ച് കണ്ടെത്തിയതുപോലെ എല്ലാ ജീവിത സാഹചര്യങ്ങളിലും മിശിഹായെ കണ്ടെത്താൻ നിങ്ങൾക്ക് ഇടയാകട്ടെ. നിങ്ങളുടെ സത്പ്രവർത്തികൾ കണ്ട് സകല ജനങ്ങളും ലോകത്തിൻറെ പ്രകാശമായ മിശിഹായെ രക്ഷകനും നാഥനുമായി ഏറ്റു പറയട്ടെ. കർത്താവിൻറെ കുരിശിൻറെ സജീവമായ അടയാളത്താൽ നിങ്ങളെല്ലാവരും മുദ്രിതരും എല്ലാ വിപത്തുകളിലും നിന്ന് സംരക്ഷിതരുമാകട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

(അല്ലെങ്കിൽ)

കാർമ്മി: ജീവൻ നൽകും ദൈവികമാം
പരിപാവനമീ ബലി വഴിയായ്
നാഥനു സ്തുതിയും ബഹുമതിയും
നമ്മൾ കാഴ്ചയാണച്ചല്ലോ.

പ്രീതി കലർന്നു യുഗാന്ത്യത്തിൽ
സ്വർഗ്ഗീയോർശ്ലം നഗരത്തിൽ
മാലാഖാമാരൊത്തു വലം
ഭാഗം നമ്മൾക്കരുളട്ടെ.

നമ്മിൽ ലോകം മുഴുവനിലും
സഭയിലുമവൾ തൻ തനയരിയിലും
നാഥൻ വരനിര ചൊരിയട്ടെ +
ഇപ്പോഴുമെപ്പോഴുമെന്നേക്കും.

സമൂഹം: ആമ്മേൻ

(അല്ലെങ്കിൽ)

കാർമ്മി: സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങൾ വഴി നമ്മുടെ കർത്താവീശോമിശിഹായെ നാം ശുശ്രൂഷിക്കുകയും സ്തുതിക്കുകയും ബഹുമാനിക്കുകയും ചെയ്തു. തന്റെ രാജ്യത്തിൻറെ മഹത്വത്തിനും പരിശുദ്ധ മാലാഖമാരോടോന്നിച്ചുള്ള നിത്യാനന്ദത്തിനും തിരുസന്നിധിയിലുള്ള സംപ്രീതിക്കും സ്വർഗ്ഗീയ ഓർശ്ലേമിൽ  തന്റെ വലതുഭാഗത്തുള്ള സ്ഥാനത്തിനും അവിടുന്ന് നമ്മെ യോഗ്യരാക്കട്ടെ. നമ്മുടെയും ലോകം മുഴുവന്റെയും തിരുസഭയുടെയും അവളുടെ സന്താനങ്ങളുടെയും മേൽ അവിടുന്ന് അവിടുന്ന് കൃപയും അനുഗ്രഹവും വർഷിക്കട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ

(അല്ലെങ്കിൽ)

കാർമ്മി: തന്റെ ശരീരത്തിൽ നമ്മുടെ കടങ്ങൾ പൊറുക്കുകയും രക്തത്താൽ നമ്മുടെ പാപങ്ങളുടെ കറ മായ്ച്ചുകളയുകയും ചെയ്ത നമ്മുടെ കർത്താവ് സഭയിൽ വാഴ്ത്തപ്പെട്ടവനാകട്ടെ. ദൈവത്തിന്റെ അനുഗ്രഹീത ജനമേ, കർത്താവിന്റെ മേച്ചിൽ സ്ഥലത്തെ അജഗണമേ, നിങ്ങളുടെ മേൽ അവിടുന്ന് കൃപാവരം ചൊരിയട്ടെ. അവിടുന്ന് തന്റെ കാരുണ്യവും അനുഗ്രഹവും നിങ്ങളിൽ വർഷിക്കട്ടെ. അവിടുത്തെ പരിപാലനയുടെ വലംകൈ നിങ്ങളെ സംരക്ഷിക്കുകയും ചെയ്യട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ

വിടവാങ്ങൽ പ്രാർത്ഥന

കാർമ്മി: വിശുദ്ധീകരണത്തിന്റെ ബലിപീഠമേ, സ്വസ്തി! ഞങ്ങളുടെ കർത്താവിന്റെ കബറിടമേ സ്വസ്തി! നിന്നിൽ നിന്ന് ഞാൻ സ്വീകരിച്ച കുർബാന കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. ഇനിയൊരു ബലിയർപ്പിക്കാൻ ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ.

**************************************************************


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment