സുവിശേഷം ജീവിക്കുക – “ എപ്പോഴും സുവിശേഷം പ്രസംഗിക്കുക ആവശ്യമെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കുക”
ക്രൈസ്തവജീവിതത്തിന്റെ യഥാർത്ഥ അർത്ഥം സുവിശേഷം വായിക്കുന്നതിലോ പഠിപ്പിക്കുന്നതിലോ മാത്രമല്ല, അത് ദിവസേനയുടെ ജീവിതത്തിൽ ജീവിച്ചു കാണിക്കുന്നതിലാണ്. ഈശോ പറയുന്നു: “കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.”(മത്തായി 7 : 21)
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന് സുവിശേഷത്തെ ഒരു നിയമഗ്രന്ഥ മാത്രം കാണാതെ, ജീവിതപാതയായി സ്വീകരിച്ചു. ഫ്രാൻസിസ്കൻ ആത്മീയതയുടെ കാതൽതന്നെ സുവിശേഷത്തിന്റെ സമൂലവും അക്ഷരാർത്ഥത്തിലുള്ളതുമായ ആലിംഗനം ആണ്. അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിശുദ്ധ സുവിശേഷം ഹൃദയം കൊണ്ട് ജീവിക്കാൻ തീരുമാനിച്ചപ്പോൾ ക്രിസ്തുവിൻ്റെ മൗതീക ശരീരമായ സഭയിൽ ഇത്തിൾക്കണ്ണിപോലെ പടർന്നു പിടിച്ചിരുന്ന ഭൗതികതയുടെ പുറംതോട് അടർന്നു വീഴാൻ ആരംഭിച്ചു.. ഫ്രാൻസിസ് പറയുന്നു “വിശുദ്ധ സുവിശേഷത്തിന്റെ തനിരൂപം അനുസരിച്ച് ജീവിക്കണമെന്ന് അത്യുന്നതൻ തന്നെ എനിക്ക് വെളിപ്പെടുത്തി.”
സുവിശേഷത്തിന്റെ തെരഞ്ഞെടുത്ത ഭാഗങ്ങളുടെ ജീവിതം മാത്രമായിരുന്നില്ല അത് മറിച്ച് ഈശോയുടെ വാക്കുകളുടെ പൂർണ്ണഹൃദയത്തോടുകൂടിയുള്ള സ്വീകരണമായിരുന്നു ഫ്രാൻസിസിനു സുവിശേഷാത്മക ജീവിതം. ക്രിസ്തു ശിഷ്യന്മാരെ പ്രേഷിത ദൗത്യത്തിന് അയക്കുന്ന തിരുവചന ഭാഗം കേട്ടപ്പോൾ ഫ്രാൻസിസ് ഇപ്രകാരം പ്രത്യുത്തരിച്ചു എന്നു തോമസ് ചെലാനോ സാക്ഷ്യപ്പെടുത്തുന്നു :”ഞാൻ ആഗ്രഹിക്കുന്നത് ഇതാണ് , ഞാൻ അന്വേഷിക്കുന്നത് ഇതാണ്, ഞാൻ പൂർണ്ണഹൃദയത്തോടെ ആഗ്രഹിക്കുന്നത് .”
ഫ്രാൻസിസിൻ്റെ ജീവചരിത്രകാരനായ വിശുദ്ധ ബൊനവെഞ്ചറിൻ്റെ അഭിപ്രായത്തിൽ “ഫ്രാൻസിസ് സുവിശേഷം മുഴുവൻ ആശ്ലേഷിക്കുകും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ വാക്കിലും പ്രവർത്തികളിലും പൂർണ്ണമായി പിന്തുടരാൻ ശ്രമിക്കുകയും ചെയ്തു.” സുവിശേഷത്തോടുള്ള ഈ ആത്മസമർപ്പണവും വിശ്വസ്തതയുമാണ് ഫ്രാൻസിസ്കൻ ആത്മീയതയെയും ജീവിതശൈലിയെയും പൊതുസമക്ഷം സാക്ഷ്യമാക്കുന്നത്
സുവിശേഷം ജീവിക്കുക എന്നത് ക്ഷമിക്കാനാവാത്തിടത്ത് ക്ഷമിക്കുകയും, വെറുപ്പുള്ളിടത്ത് സ്നേഹിക്കുകയും, അനീതിയുള്ളിടത്ത് സത്യം പറയുകയും ചെയ്യുന്നതാണ്. യാക്കോബ് ശ്ലീഹാ നമ്മെ ഓർമ്മിപ്പിക്കുന്നു: “നിങ്ങള്‍ വചനം കേള്‍ക്കുക മാത്രംചെയ്യുന്ന ആത്മവഞ്ചകരാകാതെ അത് അനുവര്‍ത്തിക്കുന്നവരും ആയിരിക്കുവിന്‍.”(യാക്കോബ് 1 : 22). ഫ്രാൻസിസ് പിതാവ് ഓർമ്മിപ്പിക്കുന്നതുപോലെ “ക്രിസ്തു നിനക്കായി എന്ത് ചെയ്തുവെന്ന് ഓർക്കുക; നീ അവനുവേണ്ടി എന്ത് ചെയ്യുന്നു?”
ഇന്നു നാം ജീവിക്കുന്ന ലോകം വാക്കുകളിൽ നിറഞ്ഞതെങ്കിലും സാക്ഷ്യത്തിൽ ദരിദ്രമാണ്. സഭക്കും സമൂഹത്തിനും ഏറ്റവും ആവശ്യം സുവിശേഷം ജീവിക്കുന്ന മനുഷ്യരെയാണ്. നമ്മുടെ ചെറിയ പ്രവൃത്തികളിലൂടെ – സ്നേഹത്തിലൂടെ, സത്യത്തിലൂടെ, സേവനത്തിലൂടെ – സുവിശേഷത്തിൻെ മുഖം ലോകത്തിനു വെളിപ്പെടുത്താം.
“ഇന്ന് ഞാൻ സുവിശേഷം വായിച്ചോ?” എന്നതിനെക്കാൾ “ഇന്ന് ഞാൻ സുവിശേഷം ജീവിച്ചോ?” എന്ന ചോദ്യം ഓരോ ദിവസവും നമ്മെ ഉണർത്തട്ടെ.
✍ ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment