(സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്)
പരിശുദ്ധാത്മാവിനോടുള്ള ഒരു ഗാനം ആലപിക്കുന്നു.
കാർമി. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി.
സമൂഹം: ആമ്മേൻ.
കാർമി. ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.
കാർമി. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാ രൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ.
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.
കാർമി. ഞങ്ങളുടെ കർത്താവായ ദൈവമേ, പൗരോഹിത്യം എന്ന ദാനം തിരുസഭയ്ക്ക് നൽകി അനുഗ്രഹിച്ചതിനെ ഓർത്ത് ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. പൗരോഹിത്യ ശുശ്രൂഷയ്ക്കായി അങ്ങ് തിരഞ്ഞെടുത്ത ഞങ്ങളുടെ ഡീക്കൻ (പുരോഹിതയുടെ പേര്) പ്രതി ഞങ്ങൾ അങ്ങയെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അങ്ങ് കനിഞ്ഞു നൽകുന്ന ഈ ദാനം, മരണംവരെ വിശ്വസ്തതയോടെ കാത്തുസൂക്ഷിക്കുവാൻ ഇവനെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമൂഹം: ആമ്മേൻ.
സങ്കീർത്തനം 84
(സമൂഹം രണ്ട് ഗണമായി ചൊല്ലുന്നു)
കാർമി. സൈന്യങ്ങളുടെ ദൈവമായ കർത്താവേ, അങ്ങയുടെ ഭവനം എത്ര മനോഹരമാകുന്നു.
സമൂഹം: കർത്താവിൻറെ അങ്കണം കാണുവാൻ, എൻറെ ആത്മാവ് ആശിച്ച് കാത്തിരുന്നു.
എൻറെ രാജാവായ ദൈവമേ, അങ്ങയുടെ ഭവനത്തിൽ വസിക്കുന്നവർ എത്ര ഭാഗ്യവാന്മാർ ആകുന്നു.
അവർ എന്നും ഇടവിടാതെ അങ്ങയെ പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നു.
അങ്ങയുടെ മാർഗത്തിൽ സഞ്ചരിക്കുന്നവരും, അങ്ങയുടെ സഹായം ലഭിച്ചിട്ടുള്ള വരും ഏറ്റവും ഭാഗ്യവാന്മാരാകുന്നു.
സൈന്യങ്ങളുടെ കർത്താവായ ദൈവമേ, എൻറെ പ്രാർത്ഥന കേൾക്കണമേ.
അങ്ങയുടെ അഭിഷിക്തന്റെ മുഖം, അങ്ങ് തൃക്കൺ പാർക്കണമേ.
അന്യസ്ഥലത്ത് ആയിരം ദിവസത്തേക്കാൾ, അങ്ങയുടെ അങ്കണത്തിൽ ഒരു ദിവസം ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു.
എന്തെന്നാൽ നമ്മുടെ തുണയും രക്ഷയും ദൈവമായ കർത്താവാകുന്നു.
പതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ആദിമുതൽ എന്നേക്കും, ആമ്മേൻ
കാർമി. സൈന്യങ്ങളുടെ ദൈവമായ കർത്താവേ, അങ്ങയുടെ ഭവനം എത്ര മനോഹരമാകുന്നു.
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.
കാർമി. നിത്യ പുരോഹിതനായ മിശിഹായേ, പൗരോഹിത്യ ശുശ്രൂഷയിലൂടെ അങ്ങ് ഞങ്ങൾക്ക് നൽകിയിട്ടുള്ള എല്ലാ ദാനങ്ങൾക്കും അനുഗ്രഹങ്ങൾക്കും ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. ശുശ്രൂഷാ പൗരോഹിത്യത്തിലൂടെ കൂദാശകൾ പരികർമ്മം ചെയ്യുന്നതിനും സഭാഗാത്രത്തിന്റെ നിർമ്മിതിക്കുമായി അങ്ങ് തിരഞ്ഞെടുത്ത എല്ലാ വൈദികരെയും ഓർത്ത് ഞങ്ങൾ അങ്ങയെ സ്തുതിക്കുകയും നിരന്തരം മഹത്വപ്പെടുത്തുകയും ചെയ്യുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.
സമൂഹം: ആമ്മേൻ
കാർമികൻ | സമൂഹം
സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.
മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.
കാർമി. എന്റെ കർത്താവേ, നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനും ആകുന്നു. ഞങ്ങൾ എപ്പോഴും നിനക്ക് സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ കടപ്പെട്ടവരാകുന്നു; സകലത്തിന്റെയും നാഥാ എന്നേക്കും.
സമൂഹം: ആമ്മേൻ
ശുശ്രൂഷി: ശബ്ദമുയർത്തി പാടിടുവിൻ
സർവ്വരുമൊന്നായി പാടിടുവിൻ
എന്നെന്നും ജീവിക്കും
സർവ്വേശ്വരനെ വാഴ്ത്തിടുവിൻ
സമൂഹം: പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
കാരുണ്യം നീ ചൊരിയണമേ.
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.
കാർമി. ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവദായകവും ദൈവികവുമായ കൽപ്നകളുടെ മധുരസ്വരം ശ്രവിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. തിരുവചനം പ്രഘോഷിക്കുവാനും പഠിപ്പിക്കുവാനുമായി അങ്ങ് തിരഞ്ഞെടുത്ത പുരോഹിതരെ അങ്ങയുടെ ജ്ഞാനത്താലും ആത്മാവിനും നിറയ്ക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമൂഹം: ആമ്മേൻ
സുവിശേഷ വെളിച്ചത്താൽ…
അല്ലെങ്കിൽ
ഹല്ലേലൂയ്യാ ഗീതം
ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
നല്ലൊരാശയമെൻ മനതാരിൽ
വന്നു നിറഞ്ഞു തുളുമ്പീടുന്നു
രാജാവിൻ തിരുമുൻപിൽ കീർത്തന
മധുവായി ഞാനതൊഴുക്കീടട്ടെ
ഏറ്റമനുഗ്രഹ പൂരിതനാം കവി
തൻ തൂലികപോലെൻ നാവിപ്പോൾ
താതനുമതുപോൽ സുതനും
പരിശുദ്ധാത്മാവിന്നും സ്തുതിയുയരട്ടെ.
ആദി മുതൽക്കേയിന്നും നിത്യവു-
മായി ഭവിച്ചീടട്ടെ, ആമ്മേൻ.
ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.
സുവിശേഷ വായന
ശുശ്രൂഷി: നമുക്ക് ശ്രദ്ധാപൂർവ്വം നിന്ന് പരിശുദ്ധ സുവിശേഷം ശ്രവിക്കാം.
കാർമി. സമാധാനം നിങ്ങളോടുകൂടെ
സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ
കാർമി. വിശുദ്ധ ലൂക്കാ അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
ലൂക്കാ 4: 14-22
ഈശോ ആത്മാവിന്റെ ശക്തിയോടുകൂടെ ഗലീലിയിലേക്കു മടങ്ങിപ്പോയി. അവന്റെ കീര്‍ത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു. അവന് അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു. എല്ലാവരും അവനെ പുകഴ്ത്തി. ഈശോ താന്‍ വളര്‍ന്ന സ്ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവന് അവരുടെ സിനഗോഗില്‍ പ്രവേശിച്ച് വായിക്കാന്‍ എഴുന്നേറ്റുനിന്നു. ഏശയ്യാ പ്രവാചകന്റെ പുസ്തകം അവനു നല്കപ്പെട്ടു. പുസ്തകം തുറന്നപ്പോള്‍ ഇപ്രകാരം എഴുതിയിരിക്കുന്നത് അവന് കണ്ടു: കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവുംപ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു. പുസ്തകം അടച്ചു ശുശ്രൂഷകനെ ഏല്പിച്ചതിനുശേഷം അവന് ഇരുന്നു. സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അവന് അവരോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു. എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവില്‍നിന്നു പുറപ്പെട്ട കൃപാവചസ്സുകേട്ട് അദ്ഭുതപ്പെടുകയും ചെയ്തു.
(വായനക്ക് ശേഷം)
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
പ്രസംഗം
(തിരുപ്പട്ടദാനത്തെക്കുറിച്ചും, ഇന്ന് വീട്ടിൽ നിന്ന് സ്തുതി ചൊല്ലി ഇറങ്ങുന്ന ഡീക്കൻ ഇനി പുരോഹിതനായാണ് ഇവിടെ പ്രവേശിക്കുകയുള്ളു എന്നും (ഇനി അദ്ദേഹത്തെ കാണുമ്പോൾ എല്ലാവരും സ്തുതി ചൊല്ലും), ഇനി അവൻ തിരുസഭയുടെ പൊതുസ്വത്താണ് എന്നും വ്യക്തമാക്കുന്ന തരത്തിൽ ചെറിയൊരു സന്ദേശം നല്‍കാവുന്നതാണ്)
കാറോസൂസ
ശുശ്രൂഷി: നമുക്കെല്ലാവർക്കും സന്തോഷത്തോടും പ്രതീക്ഷയോടും കൂടെ നിന്ന്, നിത്യ പുരോഹിതനായ മിശിഹായെ ധ്യാനിച്ചുകൊണ്ട് കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ എന്ന് പ്രാർത്ഥിക്കാം.
സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
(മാറിമാറി ചൊല്ലാവുന്നതാണ്)
തിരുസഭയെ നയിക്കുവാനും, ശുശ്രൂഷിക്കുവാനും, പരിപാലിക്കുവാനും ആയി സമർപ്പണ ജീവിതത്തിലേക്കും പൗരോഹിത്യ ജീവിതത്തിലേക്കും ധാരാളം നല്ല ദൈവവിളികൾ നൽകി അനുഗ്രഹിക്കുന്ന ദൈവമേ, സഭയോട് ചേർന്ന് ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ദൈവവിളിയുടെ ഉറവിടങ്ങളായി കുടുംബങ്ങളെ തിരഞ്ഞെടുക്കുകയും കുടുംബജീവിതങ്ങളെ അനുഗ്രഹിക്കുകയും ചെയ്യുന്ന കർത്താവേ, ഈ ഡീക്കൻറെ / പേര്… മാതാപിതാക്കളെയും സഹോദരങ്ങളെയും ഓർത്ത് ഞങ്ങൾ അങ്ങയെ മഹത്വപ്പെടുത്തുന്നു. പൗരോഹിത്യജീവിതത്തിൽ എന്നും താങ്ങും തണലും ആയിരിക്കുവാൻ ഇവരെ സഹായിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ഞങ്ങളുടെ ഡീക്കൻറെ / പേര്… ജീവിതത്തിൽ അറിവും അക്ഷരവിധിയും പകർന്നു നൽകിയ എല്ലാ അധ്യാപകരെയും കൂടെ ഉണ്ടായിരുന്ന എല്ലാ സുഹൃത്തുക്കളെയും ബന്ധുമിത്രാദികളെയും ഓർത്തു ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. പൗരോഹിത്യ യാത്രയിലും എന്നും കൂട്ടായിരിക്കുവാൻ അവരെ അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ദൈവവിളി തിരിച്ചറിയാൻ ഇദ്ദേഹത്തെ സഹായിച്ച എല്ലാവരെയും പ്രത്യേകിച്ച് വികാരിയച്ചന്മാരെയും പരിശീലന കാലഘട്ടത്തിൽ ഇവരുടെ കൂടെയുണ്ടായിരുന്ന എല്ലാ വൈദികരെയും സുഹൃത്തുക്കളെയും അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
നാളെ നടക്കുന്ന തിരുക്കർമ്മങ്ങളും അതിന്റെ എല്ലാ ക്രമീകരണങ്ങളും അനുഗ്രഹപ്രദമാക്കണമെന്നും ഇദ്ദേഹത്തിന് പൗരോഹിത്യ പട്ടം നൽകുന്ന അഭിവന്ദ്യ …. പിതാവിനെയും, അതിൻറെ വിജയത്തിനായി അധ്വാനിക്കുന്നവരെയും, തിരുകർമ്മങ്ങളിൽ സംബന്ധിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
മിശിഹായുടെ സഭ മുഴുവന്റെയും തലവനായ ഞങ്ങളുടെ പരിശുദ്ധ പിതാവ് മാര്‍ ……. (പേര്) പാപ്പായുടെയും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ……. (പേര്) മെത്രാപ്പോലീത്തായുടെയും ഞങ്ങളുടെ അതിരൂപതാധ്യക്ഷനായ മാര്‍ ……. (പേര്) മെത്രാപ്പോലീത്തായുടെയും ഞങ്ങളുടെ പിതാവും രൂപതാധ്യക്ഷനുമായ മാര്‍ ……. (പേര്) മെത്രാന്റെയും അവരുടെ സഹ ശുശ്രൂഷകരുടെയും ക്ഷേമത്തിനു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
(ആവശ്യമെങ്കിൽ പ്രാർത്ഥനകൾ കൂട്ടിച്ചേർക്കാവുന്നതാണ്)
ശുശ്രൂഷി: നമുക്കെല്ലാവർക്കും നമ്മെയും നാമോരുരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം.
സമൂഹം: ഞങ്ങളുടെ ദൈവമായ കർത്താവേ അങ്ങേക്ക് ഞങ്ങൾ സമർപ്പിക്കുന്നു.
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.
കാർമി. ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, ഈ സഹോദരന് വേണ്ടി ഞങ്ങൾ അർപ്പിക്കുന്ന പ്രാർത്ഥന സ്വീകരിക്കേണമേ. അങ്ങ് ഇവൻറെ പാദങ്ങൾക്ക് വിളക്കും പാതയിൽ പ്രകാശവും ആയിരിക്കണമേ. സഭാ ശുശ്രൂഷയിൽ ആനന്ദം കണ്ടെത്തുവാനും അങ്ങയോടുള്ള വിശ്വസ്തതയിൽ മരണം വരെ നിലനിൽക്കുവാനുള്ള കൃപ ഇയാൾക്ക് നൽകണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.
സമൂഹം: ആമ്മേൻ
പുരോഹിതാർത്ഥിയുടെ പ്രാർത്ഥന
പുരോഹിതാർത്ഥി: നിത്യ പുരോഹിതനായ ഈശോയേ, അയോഗ്യതകൾ പരിഗണിക്കാതെ എന്നെ പൗരോഹിത്യത്തിലേക്ക് തിരഞ്ഞെടുത്തു ഒരുക്കിയതിന് അങ്ങേയ്ക്ക് ഞാൻ നന്ദി പറയുന്നു. ബലഹീനതകളെ ശക്തിപ്പെടുത്തുന്ന അങ്ങയുടെ കൃപയിൽ ഞാൻ ആശ്രയിക്കുന്നു. കർത്താവേ അങ്ങയുടെ അജഗണത്തെ നയിക്കാനുള്ള വിവേകവും ജ്ഞാനവും എനിക്ക് നൽകണമേ. അങ്ങയുടെ വചനം പ്രഘോഷിക്കുവാനുള്ള തീക്ഷ്ണതയും പരിശുദ്ധാത്മാവിന്റെ അഭിഷേകവും എനിക്ക് പ്രദാനം ചെയ്യേണമേ. തിരുസഭയിൽ, പ്രത്യേകമായി (ശുശ്രൂഷ ചെയ്യുന്ന രൂപതയുടെ / സന്യാസ സമൂഹത്തിന്റെ പേര്) എന്നെ ഭരമേൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ ഫലപ്രദമായി പൂർത്തിയാക്കാനുള്ള അനുഗ്രഹം എനിക്ക് നൽകണമേ. അങ്ങേയ്ക്ക് വേണ്ടി ത്യാഗങ്ങളും കുരിശുകളും ഏറ്റടുക്കുവാനുള്ള ശക്തിയും, പാപികളോട് കരുണയോടും, പാവങ്ങളോട് അനുകമ്പയോടും, എല്ലാവരോടും സ്നേഹത്തോടും കൂടി വ്യാപരിക്കുവാനുള്ള കൃപയും എനിക്ക് നൽകണമേ. ദൈവജനത്തിനു മുമ്പിൽ അങ്ങയേ പ്രതിനിധീകരിക്കുവാനും അവർക്കു മാതൃകയായിരിക്കുവാനും എന്നെ സഹായിക്കണമേ. മരണം വരെ അങ്ങയുടെ പൗരോഹിത്യ ശുശ്രൂഷ വിശുദ്ധിയോടും വിശ്വസ്തതയോടും കൂടെ നിർവഹിക്കുവാനുള്ള കൃപ എനിക്ക് നൽകണമേ. കർത്താവേ, അങ്ങയുടെ തിരുമുമ്പിൽ, നിർമ്മലതയോടെ ജീവിതാവസാനം വരെ വ്യാപരിക്കുന്നതിനും, വരാനിരിക്കുന്ന ലോകത്തിൽ പ്രസന്നവദനനായി, അങ്ങയുടെ തിരുമുമ്പാകെ പ്രത്യാശ പൂർവ്വം നിൽക്കുന്നതിനും എന്നെ അനുഗ്രഹിക്കണമേ.
പരിശുദ്ധ അമ്മേ, ദൈവമാതാവേ, അങ്ങ് എനിക്ക് തുണയാകണമേ. തിരുസഭയുടെ പാലകനായ മാർ യൗസേപ്പിതാവേ, എനിക്ക് വേണ്ടി അപേക്ഷിക്കണമേ. എൻറെ പേരിനു കാരണഭൂതനയ വിശുദ്ധ…. എന്നെ സഹായിക്കേണമേ. ഇടവക മധ്യസ്ഥനായ / മധ്യസ്ഥയായ വിശുദ്ധ…. എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വര എന്നേക്കും. ആമ്മേൻ.
സമാപന ആശീർവാദം
കാർമി. നമ്മുടെ രക്ഷയ്ക്കായി തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ച പിതാവായ ദൈവത്തിന് സ്തുതിയും, തന്റെ അജഗണത്തെ നയിക്കുവാനും പഠിപ്പിക്കുവാനും വിശുദ്ധീകരിക്കുവാനും പൗരോഹിത്യം സ്ഥാപിച്ച പുത്രനായ ദൈവത്തിന് ആരാധനയും, പൗരോഹിത്യത്തിന്റെ മായാത്ത മുദ്ര പതിപ്പിച്ച് പുരോഹിതരെ വിശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന പരിശുദ്ധാത്മാവായ ദൈവത്തിന് മഹത്വവും ഉണ്ടായിരിക്കട്ടെ. നല്ല ഇടയനായ ഈശോ ഈ പുരോഹിതാർത്ഥിക്കു മാതൃകയും വഴികാട്ടിയും ആയിരിക്കട്ടെ. ഈ സഹോദരനെ ബലിപീഠത്തിലേക്ക് ആനയിച്ച എല്ലാവരെയും, പ്രത്യേകിച്ച് ഇദ്ദേഹത്തിൻറെ മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുമിത്രാദികളെയും, ദൈവം കരുണാപൂർവ്വം അനുഗ്രഹിക്കട്ടെ. നാളത്തെ തിരുക്കർമ്മങ്ങളും അതിൻറെ ഒരുക്കങ്ങളും ഫലസമൃദ്ധമായി തീരട്ടെ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും, പിതാവായ ദൈവത്തിൻറെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും, നാമെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ; ഇപ്പോഴും എപ്പോഴും എന്നേക്കും.
സമൂഹം: ആമേൻ.
മാതാവിനോടുള്ള ഒരു ഗാനം ആലപിക്കുന്നു.
തുടർന്ന് മാതാപിതാക്കൾ തുടങ്ങി എല്ലാവര്ക്കും സ്തുതി ചൊല്ലുന്നു.
✝


Leave a comment