ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 11

വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ ട്രാൻസിറ്റസ് എന്നാൽ 1226 ഒക്ടോബർ 3-ാം തീയതി വൈകുന്നേരം, അദ്ദേഹം ഈ ലോകത്തിൽ നിന്ന് നിത്യജീവിതത്തിലേക്കു കടന്ന പരിശുദ്ധ നിമിഷത്തെ സൂചിപ്പിക്കുന്നു. ട്രാൻസിറ്റസ് എന്ന വാക്കിന് അർത്ഥം “കടന്നുപോകൽ” എന്നാണ് . ഇതു ഒരു അവസാനമല്ല, മറിച്ച് ദൈവസന്നിധിയിലേക്കുള്ള സമാധാനപരമായ യാത്ര.

അവസാന ദിവസങ്ങളിൽ ഫ്രാൻസീസ് വളരെ ദുർബലനും, രോഗബാധിതനും, ഏതാണ്ട് കാഴ്ച നഷ്ടപ്പെട്ടവനുമായിരുന്നു. എങ്കിലും, അദ്ദേഹത്തിന്റെ ഹൃദയം സന്തോഷവും ദൈവവിശ്വാസവും നിറഞ്ഞതായിരുന്നു. വിശുദ്ധ ദാരിദ്ര്യത്തോടുള്ള സ്നേഹത്തിന്റെ ഭാഗമായി, നഗ്നനായി തന്നെ നിലത്തു തന്നെ കിടത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സഹോദരന്മാർ ചുറ്റും നിൽക്കുമ്പോൾ, യോഹന്നാൻ സുവിശേഷത്തിലെ ശിഷ്യരുടെ കാലുകഴുകൽ സംബന്ധിച്ച ഭാഗം വായിക്കണമെന്നായിരുന്നു നിർദ്ദേശം. വിനയത്തിലും സേവനത്തിലും ജീവിക്കണമെന്ന് അവരെ ഓർമ്മിപ്പിക്കാനായിരുന്നു അത്.

തുടർന്ന് ഫ്രാൻസീസ് സങ്കീർത്തനം 141 ആലപിക്കുകയും, തന്റെ പ്രിയപ്പെട്ട പ്രാർത്ഥനയായ “സഹോദരി മരണേ, സ്വാഗതം” എന്ന് ശാന്തമായി ആവർത്തിക്കുകയും ചെയ്തു.

സൃഷ്ടിയിലെ എല്ലാത്തിനെയും പ്രതി ഫ്രാൻസീസ് ദൈവത്തിന് നന്ദി പറഞ്ഞു; തന്നെ വേദനിപ്പിച്ച എല്ലാവരെയും ക്ഷമ ചോദിച്ചു. അസീസിയിലെ പോർസിൻങ്ക്യൂള എന്ന ചെറിയ ദേവാലയത്തിൽ, സമാധാനം നിറഞ്ഞ മുഖത്തോടെ ഫ്രാൻസിസിൻ്റെ ആത്മാവ് ദൈവത്തിന് സമർപ്പിച്ചു.

ഫ്രാൻസീസിന് ട്രാൻസിറ്റസ് ഭയത്തിന്റെ നിമിഷമല്ലായിരുന്നു; വിശ്വാസത്തിന്റെയും നന്ദിയുടെയും പ്രത്യാശയുടെയും ഉന്നത നിമിഷമായിരുന്നു.

ഫ്രാൻസിൻ്റെ അവസാന നിമിഷങ്ങൾ നമ്മെ അഞ്ചു വലിയ പാഠങ്ങൾ പഠിപ്പിക്കുന്നു:

1. ലളിതമായി ജീവിക്കുക – സന്തോഷം സമ്പത്തിൽ നിന്നല്ല, ദൈവത്തിൽ ആശ്രയിക്കുന്നതിൽ നിന്നാണ് വരുന്നത്.

2. മനസ്സുതുറന്ന് ക്ഷമിക്കുക – വൈരാഗ്യമില്ലാത്ത ഹൃദയത്തോടെ ലോകം വിട്ടു പിതൃസനിധിയിലേക്കു മടങ്ങുക

3. വിനയത്തോടെ ശൂശ്രൂഷിക്കുക – ഈശോയുടെ മാതൃക അനുസരിച്ച് വിനയം ശുശ്രൂഷയുടെ സൗന്ദ്യരമാക്കുക

4. സൃഷ്ടിയെ ബഹുമാനിക്കുക – സൂര്യനും ഭൂമിയും, മരണവും വരെ ദൈവത്തിന്റെ ദാനമായി കാണുക

5. അവസാനം വരെ ദൈവത്തിൽ വിശ്വസിക്കുക – ദൈവവിശ്വാസം ഭയം നീക്കുകയും സ്‌നേഹത്തിൽ വളർത്തുകയും ചെയ്യും

വിശുദ്ധ ഫ്രാൻസീസിന്റെ ട്രാൻസിറ്റസ് നമ്മെ ഓർമ്മിപ്പിക്കുന്നു: സ്നേഹത്തിലും വിനയത്തിലും വിശ്വാസത്തിലും ജീവിച്ച ജീവിതം ദൈവത്തിനും ലോകത്തിനും ഏറ്റവും മനോഹരമായ സമർപ്പണമാണ്.പിതൃഭവനത്തിലേക്കു സന്തോഷത്തോടെയുള്ള മടക്കയാത്രയാണ്

✍ ഫാ. ജയ്സൺ കുന്നേൽ MCBS


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment