✝️ കുരിശുവര തിരുനാൾ എന്നറിയപ്പെടുന്ന വിഭൂതി തിങ്കളോട് കൂടിയാണ് സിറോ മലബാർ സഭയിൽ വലിയ നോമ്പിന്റെ ഉപവാസത്തിലേക്കു നാം പ്രവേശിക്കുന്നത്.
✝️ ലത്തീൻ പാരമ്പര്യത്തിൽ നിന്ന് കടമെടുത്ത ഒരു തിരുനാൾ ആണിത്. ലത്തീൻ സഭയിൽ ഇത് വിഭൂതി ബുധൻ എന്നാണ് അറിയപ്പെടുന്നത്. കാരണം അവരുടെ ആരാധനക്രമവത്സരം അനുസരിച്ചു ബുധനാഴ്ചയാണ് നോമ്പ്കാലം തുടങ്ങുന്നത്.
✝️ എന്നാൽ നമ്മുടെ സഭയിൽ നോമ്പ്കാലം ഞായറാഴ്ചയോടെ ആരംഭിക്കുകയും, തിങ്കളാഴ്ച്ച നോമ്പിന്റെ പ്രായശ്ചിത്തങ്ങൾ ചെയ്യുവാൻ ആരംഭിക്കുകായും ചെയ്യുന്നതിനാൽ, നമ്മുടെ ആരാധനക്രമവത്സരത്തിന്റെ ചൈതന്യം അനുസരിച്ചു നാം ഇത് തിങ്കളാഴ്ച ആരംഭിക്കുന്നു. അതിനാൽ തന്നെ സിറോ മലബാർ സഭയിൽ ഈ ആചരണം ബുധനാഴ്ച നടത്തുന്നതിൽ യാതൊരു അർത്ഥവും ഇല്ല. കാരണം നോമ്പ് ആരംഭിച്ചതിനു രണ്ടു ദിവസത്തിന് ശേഷം അനുതാപത്തിനു മറ്റൊരു ആരംഭത്തിന്റെ ആവശ്യം ഇല്ലല്ലോ.
✝️ പൗരത്യസഭകളിൽ ഒന്നും, നോമ്പ്കാലത്തിലെ ആദ്യ തിങ്കളാഴ്ച, ചാരം പൂശൽ എന്ന് കർമ്മം അനുഷ്ഠിക്കുന്നില്ല. മറിച്ചു, അന്നത്തെ യാമപ്രാര്ഥനയോടെയും പരി. കുർബാനയർപ്പണത്തോടെയും അനുതാപത്തിന്റെ ചൈതന്യത്തിലേക്കു നിശ്ശബ്ദതയോടെ പ്രവേശിക്കുകയാണ് ചെയ്യുന്നത്.
✝️ സീറോ മലങ്കര സഭയിൽ ഈ തിങ്കളാഴ്ച ചാരം പൂശൽ കർമ്മത്തിന് പകരം ശുബുകോനോ എന്ന ഒരു കർമ്മമുണ്ട്. അനുരഞ്ജനത്തിന്റെ കർമ്മം എന്നാണ് ഇതിൻറെ പേര്.
✝️ നീ ഉപവസിക്കുന്നതു ആരും കാണരുത് എന്ന കർത്താവിന്റെ കല്പനയ്ക്ക് (മത്താ 6:17) പൗരസ്ത്യ സഭകൾ പ്രാധാന്യം കൊടുക്കുന്നു. ഹൃദയവും മനസും ശരീരവും ശുദ്ധി ചെയ്തു നോമ്പിന്റെ ചൈതന്യത്തിലേക്കു പ്രവേശിക്കണം എന്ന് നോമ്പിലെ ആദ്യതിങ്കൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
🌟✨🌟✨🌟✨🌟


Leave a comment