പേട്രിയറ്റ്: രാജ്യസ്നേഹത്തിന്റെ വലിയ ക്യാൻവാസിൽ ഒരു മലയാള ചലച്ചിത്രം

പേട്രിയറ്റ് എന്ന വാക്കിന്റെ അർത്ഥം രാജ്യസ്നേഹി എന്നാണ്. അത്യന്തം കലുഷിതവും സങ്കീർണ്ണവുമായ ഒരു കാലഘട്ടത്തിൽ ഈ രാജ്യത്തിൽ ആരാണ് രാജ്യസ്നേഹികൾ എന്നൊരു ചോദ്യത്തിന് ഉത്തരം തേടാനാണ് മഹേഷ് നാരായണൻ എന്ന ഫിലിം മേക്കർ ശ്രമിച്ചിരിക്കുന്നത്. ആ ഒരു ചോദ്യം ഇന്നത്തെ സവിശേഷമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ പലപ്പോഴും ഉയർന്നുനിൽക്കുന്ന ഒന്നായതിനാൽതന്നെയാവണം, ഒരു വലിയ ക്യാൻവാസിൽ ഇത്തരമൊരു ചലച്ചിത്രം ഒരുക്കാൻ സംവിധായകനും നിർമ്മാതാക്കളും സഹപ്രവർത്തകരും പരിശ്രമിച്ചിരിക്കുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി പൊതുസമൂഹത്തിൽ നല്ലൊരു വിഭാഗം പേരെ ആശങ്കകളിലകപ്പെടുത്തിയിട്ടുള്ള ഒരുപിടി വിഷയങ്ങളുണ്ട്. പെഗാഗസ് പോലുള്ള ചാര സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ, ഡിഫോൾട്ട് ആയി മൊബൈൽ ഫോണുകളിൽ ഉള്ള സംവിധാനങ്ങൾ (ക്യാമറ, മൈക്രോഫോൺ) വഴിയായി പോലും വ്യക്തിഗത വിവരങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യതകൾ, ഡാറ്റ പ്രൈവസി സംബന്ധിച്ച മറ്റു വിഷയങ്ങൾ, ലോൺ ആപ്പുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിങ്ങനെ അതീവ ഗൗരവമുള്ള പലകാര്യങ്ങളും അത്തരത്തിലുണ്ട്. ഫാ. സ്റ്റാൻ സ്വാമി ഉൾപ്പെട്ട ഭീമ കോരേഗാവ് കേസിൽ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള കൃത്രിമ തെളിവ് നിർമ്മാണം നടന്നിട്ടുണ്ട് എന്ന വിദേശ ഏജൻസികളുടെ കണ്ടെത്തൽ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുകയുണ്ടായിരുന്നു. പെഗാഗസ് എന്ന ചാര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഭാഗമായി, പ്രതിപക്ഷ നേതാക്കൾ, കേന്ദ്രമന്ത്രിമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ഫോണ‍ുകൾ ചോർത്തപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി.

ഇത്തരമൊരു ഗൗരവമുള്ള പശ്ചാത്തലമാണ് “പേട്രിയറ്റ്” സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവുമധികം ബജറ്റ് ഉള്ള സിനിമ, സമീപ കാലത്തെ ഏറ്റവും വലിയ മൾട്ടി സ്റ്റാർ ചലച്ചിത്രം, കൂടുതൽ രാജ്യങ്ങളിൽ ചിത്രീകരിച്ച മലയാളസിനിമ എന്നിങ്ങനെയുള്ള നിരവധി വിശേഷണങ്ങളുമായാണ് ഈ ചലച്ചിത്രം മെയ് ദിനത്തിൽ ലോകമെമ്പാടും റിലീസ് ചെയ്തത്. എന്നാൽ, ചലച്ചിത്രം പറയാതെപറയുന്ന കുറെയേറെ യാഥാർഥ്യങ്ങൾ വിശാലമായൊരു സ്വീകാര്യത അതിന് അനുവദിച്ചു നൽകുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും. ചിലകോണുകളിൽ അസ്വസ്ഥതകളും എതിർപ്പുകളും സൃഷ്ടിക്കാൻ സാധ്യതയുള്ള പലതും ചലച്ചിത്രത്തിലുണ്ട്. ഒരുപക്ഷെ, ആദ്യ ഷോയ്ക്ക് പിന്നാലെ തന്നെ പ്രത്യക്ഷപ്പെട്ട വിയോജിപ്പിന്റെ സ്വരങ്ങൾ അത്തരമൊരു സാധ്യതയുടെ ലക്ഷണങ്ങളാകാം.

തികച്ചും രാജ്യസുരക്ഷ ലക്ഷ്യംവച്ച് അതീവ രഹസ്യമായി നിർമ്മിച്ച ചാര സോഫ്റ്റ്‌വെയർ, കോർപ്പറേറ്റ് കമ്പനിക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു അധാർമ്മിക കരാർ നടക്കുന്നു എന്ന സാങ്കൽപ്പിക പശ്‌ചാത്തലമാണ് സിനിമയിൽ പ്രധാനം. അങ്ങനെ സംഭവിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കും എന്ന് സിനിമയിൽ ഉടനീളം വിവരിക്കുന്നു. ഒരുപക്ഷെ, ഏറെക്കുറെ സമാനമായി ഇക്കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും വിശകലനം ചെയ്‌താൽ ഭാവിയിൽ സാധ്യതയില്ലാത്ത ഒന്നല്ല ഇതും. ഓൺലൈൻ കച്ചവട അപ്ലിക്കേഷനുകൾ, മെറ്റ, ഗൂഗിൾ തുടങ്ങിയവയ്ക്കിടയിൽ തത്സമയം ഡാറ്റ കൈമാറ്റം നടക്കുന്നു എന്നുള്ളതിനും, സമൂഹമാധ്യമങ്ങളിൽനിന്ന് ലഭിക്കുന്ന വ്യക്തിഗത വിവരങ്ങൾ കച്ചവട ആവശ്യങ്ങൾക്കായി കമ്പനികൾ ഉപയോഗിക്കുന്നു എന്നുള്ളതിനും, ആധാർ കാർഡിലെ വ്യക്തിഗത വിവരങ്ങൾ സർക്കാരിന് മാത്രമല്ല, എണ്ണമറ്റ പ്രൈവറ്റ് കമ്പനികൾക്കും ലഭ്യമാണെന്നതിനും ഒട്ടേറെ തെളിവുകൾ നമുക്ക് മുന്നിൽ ലഭ്യമായ കാലഘട്ടമാണിത്. ഒരു പടികൂടി കടന്ന് അനന്ത സാധ്യതകളുള്ള ചാര സോഫ്റ്റ്‌വെയറുകൾ കൂടി ആരുമറിയാതെ പ്രവർത്തിക്കാൻ തുടങ്ങുന്ന പക്ഷം അതിന്റെ ദോഷഫലങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് കണക്കുകൂട്ടാനാവില്ല.

പെഗാഗസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ആരോപിക്കപ്പെട്ടിട്ടുള്ളതുപോലെ, ആരുടെയും മൊബൈലിനെയോ കംപ്യൂട്ടറിനെയോ അവരറിയാതെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുന്ന പെരിസ്‌കോപ്‌ എന്ന ഒരു ആപ്ലിക്കേഷൻ പ്രൈവറ്റ് കമ്പനികൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞാൽ എന്തുസംഭവിക്കും എന്നാണ് “പേട്രിയറ്റ്” പറഞ്ഞുവയ്ക്കുന്ന പ്രധാന കാര്യം. അത്തരമൊരു സാധ്യത തള്ളിക്കളയാനാവാത്തതായതിനാൽ, ഒരു വെറും കെട്ടുകഥ എന്നതിനപ്പുറം ഈ ചലച്ചിത്രത്തിന് മറ്റൊരു മാനംകൂടിയുണ്ട്. ഡാറ്റ പ്രൈവസി എത്രമാത്രം പ്രധാനമാണ് എന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ആ സിനിമ. കോർപ്പറേറ്റ് കമ്പനികളുടെ കച്ചവട താൽപ്പര്യങ്ങൾക്ക് സർക്കാർ സംവിധാനങ്ങൾ വഴങ്ങിക്കൊടുക്കുന്നപക്ഷം സംഭവിച്ചേക്കാവുന്ന ദുരന്തങ്ങൾ ഈ ചലച്ചിത്രം അടിവരയിട്ടുകാണിക്കുന്നു. ഇത്തരമുള്ള അവിശുദ്ധ ബന്ധങ്ങൾ കെട്ടുകഥകളല്ലാത്ത ഈ കാലഘട്ടത്തിൽ, ചിന്തിക്കാൻ മനസുള്ളവർക്ക് മുന്നിൽ ചില ഗൗരവമുള്ള ചോദ്യങ്ങൾ ഈ ചലച്ചിത്രം മുന്നോട്ടു വയ്ക്കുന്നുണ്ട് എന്നുള്ളതാണ് ഇതിന്റെ കാലിക പ്രസക്തി.

ചലച്ചിത്രത്തിലേയ്ക്ക് വന്നാൽ, ബോറടിപ്പിക്കാതെ മൂന്നുമണിക്കൂർ തികച്ചും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള നിർമ്മാണ മികവ് സംവിധായകനും പിന്നണി പ്രവർത്തകരും പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് തീയേറ്ററിൽനിന്നുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ഹോളിവുഡ് സ്റ്റൈലിലുള്ള മേക്കിങ് എന്ന് ഒരുപരിധിവരെ വിലയിരുത്താമെങ്കിലും സുഷിൻ ശ്യാമിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറിന് അത്തരമൊരു നിലവാരത്തിലേക്കെത്താൻ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമുണ്ട്. നായക കഥാപാത്രങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ഗംഭീര സ്‌ക്രീൻ സ്‌പേസ് ചലച്ചിത്രം നൽകുന്നുണ്ട്. ഇരുവരുടെയും ആരാധകരെ തൃപ്തിപ്പെടുത്താൻ കഴിയുന്ന വിധത്തിലുള്ള മനോഹരമായ കോമ്പിനേഷൻ സീനുകളും പെർഫോമൻസുകളും ചലച്ചിത്രത്തിലുണ്ട്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവരുടെയും പ്രകടനങ്ങൾ മികവുറ്റതാണ്. കേന്ദ്രമന്ത്രി നിർമല സീതാരാമനെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ രേവതി അവതരിപ്പിച്ച നളിനി രാമകൃഷ്ണൻ എന്ന കഥാപാത്രം എടുത്തുപറയേണ്ട ഒന്നാണ്. വില്ലന്മാരിൽ പ്രമുഖനായ ജെ.പി സുന്ദരം എന്ന കേന്ദ്രമന്ത്രിയായെത്തിയ, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ വളരെ മികച്ച വിധത്തിൽ ആ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. നയൻ താര, ദർശന രാജേന്ദ്രൻ തുടങ്ങിയ മറ്റ് അഭിനേതാക്കളും പിന്നണി പ്രവർത്തകരും മികച്ച രീതിയിൽ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ചിട്ടുണ്ട്.

മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള വലിയൊരു ക്യാൻവാസിൽ തയ്യാറാക്കപ്പെട്ട ഒരു ചലച്ചിത്രം തന്നെയാണ് പേട്രിയറ്റ്. ഈ ചലച്ചിത്രം കേവലമൊരു എന്റർടെയ്‌നർ എന്നതിനപ്പുറം ഗൗരവമുള്ള ഒരു കാഴ്ച അർഹിക്കുന്നുണ്ട്. ഈ കാലഘട്ടത്തിലെ, എന്നാൽ, ഇനി വരും കാലങ്ങളിൽ കൂടുതൽ രൂക്ഷമാകാനിടയുള്ള ചില പ്രതിസന്ധികളെക്കുറിച്ച് ഒരു അവബോധം സൃഷ്ടിക്കാൻ നിർമ്മാതാക്കൾ ഇവിടെ ശ്രമിച്ചിട്ടുണ്ട്. ലോൺ ആപ്പുകൾ, ഓൺലൈൻ തട്ടിപ്പുകൾ തുടങ്ങിയവയെക്കുറിച്ചുള്ള ജാഗ്രതാ നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. മധുരം പുരട്ടിയ വാഗ്ദാനങ്ങൾക്കും വിലപിടിപ്പുള്ളതെന്ന് കരുതുന്ന സമ്മാനങ്ങൾക്കും പിന്നിൽ ആരും പ്രതീക്ഷിക്കാത്ത “കോർപ്പറേറ്റ്” ലക്ഷ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകാം എന്ന ഓർമ്മപ്പെടുത്തൽ അവഗണിക്കപ്പെടാൻ പാടില്ലാത്ത ഒന്നാണ്. രാഷ്ട്രീയ താല്പര്യങ്ങൾക്കും പ്രത്യയശാസ്ത്ര ബന്ധിതമായ നിലപാടുകൾക്കും അതീതമായി രാജ്യസ്നേഹത്തിന്റെ സന്ദേശം സ്വീകരിക്കാൻ പതിനാറു വയസിന് മേൽ പ്രായമുള്ള ആർക്കും ഈ ചലച്ചിത്രം കാണാവുന്നതാണ്, കാണേണ്ടതാണ്.

Rating: 3.5/5

Vinod Nellackal

Fediverse reactions
May 2026
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading