‘എപ്പോഴും പുഞ്ചിരിക്കുന്ന’ ഒരാൾ. നിയുക്ത കർദ്ദിനാൾ
മോൺ. ജോർജ്ജ് ജേക്കബ് കൂവക്കാടിനെ, 2021ൽ ഫ്രാൻസിസ് പാപ്പ അങ്ങനെയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്.
സീറോ മലബാർ സഭക്ക് മാത്രമല്ല ഇന്ത്യക്ക് തന്നെ അഭിമാനമായി, ഡിസംബറിൽ വത്തിക്കാനിൽ നടക്കുന്ന കൺസിസ്റ്ററിയിൽ കർദ്ദിനാളായി പ്രഖ്യാപിക്കപ്പെടുന്ന 21 വൈദികരിൽ ഒരാളായ മോൺ. ജോർജ്ജ് ജേക്കബ് കൂവക്കാട്, അത്തരത്തിൽ വൈദികവൃത്തിയിൽ നിന്ന് നേരിട്ട് കർദ്ദിനാൾ ആവുന്ന ആദ്യത്തെ ഇന്ത്യകാരനാണെന്ന് നമുക്കറിയാം. 2006-ൽ ഹോളി സീയുടെ നയതന്ത്ര സേവനത്തിൽ പ്രവേശിച്ച അദ്ദേഹം, 2021ൻ്റെ അവസാനത്തിൽ, ഫ്രാൻസിസ് പാപ്പയുടെ യാത്രകളുടെ കോർഡിനേറ്ററായി, ‘പേഴ്‌സണൽ ട്രാവൽ ഏജന്റായി’,ലോകമെമ്പാടുമുള്ള യാത്രകൾ സംഘടിപ്പിക്കുന്ന വൈദികനായി.
51കാരനായ നിയുക്ത കർദിനാൾ ചങ്ങനാശ്ശേരിയിലെ മാമ്മൂട് ഇടവകാംഗമാണ്. തന്റെ കുടുംബത്തിലെ വിശ്വാസജീവിതമാണ് പൗരോഹിത്യവഴി തിരഞ്ഞെടുക്കാൻ തന്നെ സഹായിച്ചതെന്നും ദിവസേനയുള്ള വിശുദ്ധ കുർബാനയും സായാഹ്നത്തിലെ കുടുംബപ്രാർത്ഥനയും പ്രോത്സാഹിപ്പിക്കപ്പെടുന്ന കത്തോലിക്കാ ചുറ്റുപാടിലാണ് താൻ വളർന്നതെന്നും മോൺ. കൂവക്കാട് പറഞ്ഞിട്ടുണ്ട്. ദരിദ്രരോടും പാർശ്വവൽക്കരിക്കപ്പെടുന്നവരോടുമുള്ള പ്രത്യേകസ്നേഹം, കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള പിതാവ് തിരഞ്ഞെടുത്ത തീസീസിന്റെ വിഷയത്തിൽ നിന്ന് തന്നെ വ്യക്തമാണ്.
“ദരിദ്രരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ സ്നേഹം എപ്പോഴും എന്നിൽ പ്രതിധ്വനിച്ചിട്ടുണ്ട്, ഞങ്ങൾ ഈ പൊതു വീക്ഷണം പങ്കിടുന്നു,” മോൺ.കൂവക്കാട് വത്തിക്കാൻ ന്യൂസിനോട് പറഞ്ഞിരുന്നു. ഒരു കർദ്ദിനാൾ എന്നത് അധിക ഉത്തരവാദിത്തങ്ങൾ കൊണ്ടുവരും, എന്നാൽ “എൻ്റെ ബലഹീനതകളിൽ പോലും എന്നെ ശക്തനാക്കുന്ന അവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു”. അദ്ദേഹം പ്രത്യാശയോടെ പറഞ്ഞു.
ഡിസംബർ 7-ന് വത്തിക്കാനിൽ നടക്കുന്ന ചടങ്ങിൽ കർദ്ദിനാൾ പദവി സ്വീകരിക്കുന്നതിന് മുന്നോടിയായി, മോൺ. ജോർജ് കൂവക്കാട് ഇന്ന് നവംബർ 24-ന്, ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ വെച്ച് ആർച്ച് ബിഷപ്പായി സ്ഥാനാരോഹണം ചെയ്യുന്നു. നമുക്കെല്ലാം ഇതിൽ സന്തോഷിക്കാം, പ്രാർത്ഥിക്കാം, നിറഞ്ഞ മനസ്സോടെ ആശംസകൾ നേരാം.
ജിൽസ ജോയ് ![]()



Leave a comment