ഈശോയുടെ തിരുമുഖത്തോടുള്ള ഭക്തി | Devotion to the Holy Face of Jesus

Holy Face of Jesus Christ

“ഈശോയുടെ തിരുമുഖത്തോട് ഹിതകരമായി ചെയ്യുന്ന പരിഹാരപ്രവൃത്തി, ആധുനിക സമൂഹത്തിന്റെ രക്ഷക്കായി നിശ്ചയിക്കപെട്ടിട്ടുള്ള ദൈവീക പ്രവൃത്തിയാകുന്നു.” – ഒൻപതാം പീയൂസ് പാപ്പ.

ഫ്രഞ്ച് വിപ്ലവത്തിന്റെ അലയൊലികൾ അടങ്ങി അൻപത് വർഷം തികയുന്ന വേളയിൽ, ഫ്രാൻസിലെ ടൂർസിൽ വെച്ച്, വിശുദ്ധ പത്രോസിന്റെ മേരി ( Sr. Marie of St. Peter) എന്ന് പേരുള്ള ഒരു കർമ്മലീത്ത സന്യാസിനിക്ക് ഈശോ വെളിപ്പെടുത്തി കൊടുത്തതാണ് ഈശോയുടെ തിരുമുഖത്തോടുള്ള ഭക്തി.

ഈ ഭക്തിയുടെ പ്രാഥമികമായ ലക്ഷ്യം, ആദ്യത്തെ മൂന്ന് ദൈവകല്പനകൾ ലംഘിക്കുന്നതിനുള്ള പരിഹാരമാണ്

ദൈവനിഷേധം, ദൈവനിന്ദ, ഞായറാഴ്ചകളും മറ്റ് കടമുള്ള ദിവസങ്ങളും അശുദ്ധമാക്കുന്നത്…ഈ ഭക്തി ശത്രുവിനെതിരെയുള്ള ആയുധവും അതേസമയം നമ്മെ കാക്കുന്ന പരിചയുമാണെന്ന് ഈശോ എടുത്തുപറഞ്ഞു.

ഇത് പ്രാർത്ഥിക്കുന്നവർക്ക് ലഭിക്കുന്ന വാഗ്ദാനങ്ങൾ – വിശുദ്ധ പത്രോസിന്റെ മേരി സിസ്റ്റർക്ക് പറഞ്ഞുകൊടുത്തിരുന്നത്…

1, പരിഹാരമനോഭാവത്തോടെ എന്റെ മുഖത്തെ ആദരിക്കുന്നവരെല്ലാം അതിലൂടെ നിറവേറ്റുന്നത് ഭക്തയായ വേറോനിക്കാ മുഖം തുടച്ച പ്രവൃത്തിയാണ്. ദൈവദൂഷകർ വിരൂപമാക്കിയ എന്റെ മുഖത്തോട് പരിഹാരം ചെയ്യാൻ അവർ ശ്രദ്ധ പുലർത്തുന്ന പോലെ, പാപത്താൽ വികൃതമായിരിക്കുന്ന അവരുടെ ആത്മാക്കളെ പരിപാലിക്കുന്നതിൽ ഞാനും ജാഗ്രതയുള്ളവനായിരിക്കും. ദൈവികതയുടെ മുദ്രയുള്ള എന്റെ മുഖത്തിന് ആത്മാവുകളിൽ ദൈവത്തിന്റെ സാദൃശ്യം വീണ്ടെടുക്കാനുള്ള കഴിവുണ്ട്.

2, വാക്കാലും പ്രാർത്ഥനയാലും എഴുത്താലും ഈ പരിഹാരപ്രവൃത്തിയെ പിന്താങ്ങുന്നവർക്ക് വേണ്ടി എന്റെ പിതാവിന്റെ മുൻപിൽ ഞാനും വാദിക്കും. എന്റെ രാജ്യവും അവർക്ക് നൽകും.

3, എന്റെ മുഖം എന്റെ നിത്യപിതാവിന് അർപ്പിക്കുന്നത് വഴി, ഒന്നും നിങ്ങൾക്ക് നിരസിക്കപ്പെടുകയില്ല, കുറേ ആത്മാക്കളുടെ മാനസാന്തരവും അത് വഴി സാധ്യമാകും.

4, എന്റെ തിരുമുഖത്താൽ അവർ അത്ഭുതങ്ങൾ പ്രവർത്തിക്കും, ദൈവകോപത്തെ തണുപ്പിക്കും, പാപികളുടെ മേൽ കരുണ വർഷിക്കപ്പെടും.

5, രാജാവിന്റെ രൂപം മുദ്രണം ചെയ്ത നാണയത്താൽ തങ്ങൾക്കാവശ്യമുള്ളതെല്ലാം ആ രാജ്യത്തിൽ നേടിയെടുക്കാൻ സാധിക്കുന്നതുപോലെ, എന്റെ തിരുമുഖത്തിന്റെ നാണയത്തിലൂടെ സ്വർഗ്ഗരാജ്യത്തിൽ അവർക്ക് വേണ്ടതെല്ലാം നേടാൻ കഴിയും.

6, ഭൂമിയിലായിരിക്കെ, എന്റെ മുഖത്തെ ക്ഷതങ്ങളേയും മുറിവുകളേയും ധ്യാനിക്കുന്നവർക്ക്, എന്റെ മഹത്വപൂർണ്ണമായ വദനം സ്വർഗ്ഗത്തിൽ ദർശിക്കാൻ കഴിയുന്നതാണ്.

7, അവരുടെ ആത്മാവിലേക്ക് എന്റെ ദൈവികത അതീവശോഭയോടെ നിരന്തരം പ്രസരിച്ചുകൊണ്ടിരിക്കും, എന്നോടുള്ള മുഖസാദൃശ്യം നിമിത്തം സ്വർഗ്ഗത്തിൽ അവർ സവിശേഷമാം വിധം വെട്ടിത്തിളങ്ങും.

8, ഞാൻ അവർക്ക് വേണ്ടി വാദിക്കും, ഞാൻ അവരെ സംരക്ഷിക്കും, അവരുടെ നിത്യരക്ഷ എന്റെ വാഗ്ദാനമാണ്.

1936ലെ നോമ്പിലെ ആദ്യ വെള്ളിയാഴ്ച, അമലോൽഭവയുടെ പുത്രിമാരുടെ സമൂഹത്തിലെ വാഴ്ത്തപ്പെട്ട മദർ മരിയ പിയറിന ഡി മിഷേലിക്ക്, ഈശോയും പരിശുദ്ധ അമ്മയും നൽകിയ ദർശനപരമ്പരയിൽ ആദ്യത്തേതുണ്ടായി. ടൂറിനിലെ തിരുക്കച്ചയെ അടിസ്ഥാനമാക്കി, റോമൻ കൂരിയ വഴി ഒരു മെഡൽ നിർമ്മിക്കാൻ, 1940ൽ പരിശുദ്ധ അമ്മ അവളോട് ആവശ്യപ്പെട്ടു.

അതിന്റെ ഒരു ഭാഗത്ത് ഈശോയുടെ തിരുമുഖത്തിന്റെ ചിത്രത്തിന്റെ ഒപ്പം ‘Illumina Domine Vultum Tuum Super Nos’ ( കർത്താവേ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെ മേൽ പ്രകാശിപ്പിക്കണമേ ) എന്ന് ആലേഖനം ചെയ്യണം.

മറുവശത്ത് ദിവ്യകാരുണ്യ അപ്പത്തിന്റെ ചിത്രത്തിൽ IHS എന്നും ‘Mane Nobiscum Domine ‘ (നാഥാ ഞങ്ങളോടു കൂടെ വസിച്ചാലും ) എന്നും എഴുതണം. ഒരു പ്രത്യേകദിവസം തിരുന്നാളായി ആചരിക്കണമെന്ന് ഈശോ പ്രകടിപ്പിച്ച ആഗ്രഹത്തെപറ്റിയും സിസ്റ്റർ പറഞ്ഞു, അതായത് ഒൻപത് ദിവസത്തെ നൊവേനക്ക് ശേഷം, വിഭൂതി ബുധന് (Ash Wednesday) തൊട്ടുമുൻപുള്ള ചൊവ്വാഴ്ചയാണ്‌ ( Shrove Tuesday) തിരുന്നാൾ ആയി കൊണ്ടാടാൻ ഈശോ പറഞ്ഞത്.

ജിൽസ ജോയ് ✍️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment