ദിവ്യകാരുണ്യം: ഇന്നലെയും ഇന്നും നിത്യതയിലും…

ഒരമ്മ തന്റെ കുഞ്ഞുങ്ങൾക്ക് കൃത്യസമയത്ത് ആഹാരം വിളമ്പുവാൻ പലപ്പോഴും എത്രയോ ക്ലേശിക്കാറുണ്ട്.

ചില സമയത്ത് അടുക്കളയിൽ വേണ്ടത്ര സാധനങ്ങൾ ഉണ്ടായില്ല എന്ന് വന്നേക്കാം.

ചിലപ്പോൾ കുഞ്ഞുങ്ങൾക്ക് ഇഷ്ടമുള്ളതല്ലെങ്കിലും അവരുടെ അപ്പോഴത്തെ ശാരീരിക സ്ഥിതിക്ക് അനുസരിച്ചുള്ള പോഷകാഹാരം അമ്മ ഉണ്ടാക്കി വിളമ്പി എന്ന് വരാം.

ചിലപ്പോൾ ആഹാരം ഉണ്ടാക്കാനും മാത്രം ആരോഗ്യം അമ്മയ്ക്ക് അന്നേ ദിവസം ഉണ്ടായില്ലെങ്കിലും വളരെ ബുദ്ധിമുട്ടി കുഞ്ഞുങ്ങൾക്ക് വിശക്കുമല്ലോ എന്നോർത്തു അമ്മ ആഹാരം ഒരു വിധത്തിൽ ഉണ്ടാക്കി എന്ന് വരാം.

ചില ദിവസം അമ്മ അത്യാവശ്യത്തിനു എവിടെയെങ്കിലും പോയിട്ട് ഉദ്ദേശിച്ചതിലും കൂടുതൽ വൈകിയാൽ വേവലാതിയോടെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കണമല്ലോ എന്നോർത്തു വീട്ടിലേക്ക് ഓടി എന്ന് വരാം.

ഒരമ്മയുടെ ജീവിതത്തിന്റെ ഒരു പ്രധാന ചിന്ത ഭക്ഷണമേശയിൽ കുഞ്ഞുങ്ങൾക്കും ജീവിത പങ്കാളിക്കും എന്ത്‌ വിളമ്പും എങ്ങനെ വിളമ്പും എന്നുള്ളതാണ്.

ചില ദിവസങ്ങളിൽ നേരത്തെ എണീറ്റ് കുറെ സമയമെടുത്തു ശ്രദ്ധയോടെ ആഹാരമുണ്ടാക്കി കൃത്യ സമയത്തിന് മുൻപേ വച്ചാലും ചിലപ്പോൾ ജീവിതപങ്കാളിയും കുഞ്ഞുങ്ങളും ഇഷ്ടത്തോടെ കഴിക്കണം എന്നില്ല, മാത്രമല്ല ഇതേയുള്ളോ എന്നും ചോദിച്ചു വെറുപ്പോടെ ഇറങ്ങിപ്പോയി എന്നും വരാം.

ചിലപ്പോൾ ആഹാരമുണ്ടാ ക്കി വച്ചിട്ട് എന്ത്‌ മാത്രം വിളിച്ചാലും അവർ ആഹാരം കഴിക്കാൻ വരുന്നില്ല എന്നും വന്നേക്കാം.

ഒരമ്മ ആഹാരം ഉണ്ടാക്കി മേശപ്പുറത്തു വിളമ്പി വച്ചുകഴിഞ്ഞാൽ അവരുടെ ഒരേയൊരാഗ്രഹം വീട്ടിലുള്ളവർ അത് മുഴുവനും ഇഷ്ടത്തോടെ മുഴുവനും കഴിക്കണം എന്നുള്ളതാണ്.

എന്നാൽ കഴിക്കാൻ വരാൻ വീട്ടിലുള്ളവർ താമസിക്കും തോറും അമ്മയുടെ ക്ഷമ നശിക്കുന്നു. ചില ഭക്ഷണങ്ങൾ ചൂടോടെ കഴിച്ചില്ലെങ്കിൽ അതിന്റെ സ്വഭാവികമായ സ്വാദ് കിട്ടുകയുമില്ല എന്നോർത്തു അമ്മയ്ക്ക് മനസിൽ വിഷമം വരുന്നു.

തന്റെ വീട്ടിൽ അന്നന്നുള്ള ഭൗതികമായ ആഹാരം ഉണ്ടാക്കുന്ന സാധാരണ ഒരു അമ്മയ്ക്ക് താൻ ഉണ്ടാക്കിയ ആഹാരം ആരും സമയത്തിന് കഴിക്കാൻ വന്നില്ലെങ്കിൽ ഇത്രയും സങ്കടം വരുന്നു എങ്കിൽ സ്വയം ഹൃദയം മുറിച്ചു നൽകി തന്റെ സ്നേഹജ്വാലയിൽ ഓരോ ദിവസവും ഓരോ ഇടവകയിലെയും ജനങ്ങളുടെ എണ്ണമനുസരിച്ചു/ ധ്യാനത്തിന് കൂടുന്ന ആളുകളുടെ എണ്ണമനുസരിച്ചു/ പരിശുദ്ധ കുർബാന അർപ്പിക്കുന്ന ഓരോ ദൈവാലയത്തിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണമനുസരിച്ചു ഈശോ പാകപ്പെടുത്തുന്ന ദിവ്യകാരുണ്യം എന്ന ആത്മീയ ഭോജ്യം വിശുദ്ധ കുർബാനയിൽ വിളമ്പി വച്ചു കാത്തിരിക്കുന്ന ഈശോയുടെ കാര്യം നമുക്ക് ഓർക്കാം.

അവിടുന്ന് അമ്മയെ പോലെ സ്നേഹിക്കുന്നു. സ്വർഗീയ ഭക്ഷണം/ തന്നെത്തന്നെ മക്കളുടെ എണ്ണമനുസരിച്ചു വിളമ്പി കാത്തിരിക്കുന്നു.

എത്രയോ വാഴ്ത്തപ്പെട്ട ജീവൻ തുടിക്കുന്ന തിരുവോസ്തികൾ ആർക്കും വേണ്ടാതെ സക്രാരിയിലേയ്ക്ക് തിരിച്ചു പോകുന്നു.

ആ തിരസ്കരിക്കപ്പെട്ട ദിവ്യകാരുണ്യത്തിന്റെ നൊമ്പരം, ഈശോയുടെ തിരു ഹൃദയത്തിന്റെ നൊമ്പരം എത്ര മാത്രമാണ്!

ലോകത്തിലെ ഓരോ സക്രാരികളുടെയും ഉള്ളിലെ നാലു ചുവരുകൾക്ക് ദിവ്യകാരുണ്യ ഈശോയുടെ നിശബ്ദമായ തേങ്ങലുകളുടെയും തന്റെ സ്നേഹഭാജനങ്ങളായ മനുഷ്യർക്ക് വേണ്ടിയുള്ള നിരന്തരമായ കാത്തിരിപ്പിന്റെയും കഥ പറയാൻ കാണും.

നമുക്കൊക്കെ ആരോടും പറയാനാവാത്ത വ്യക്തിപരമായ വിഷമവും ദുഃഖവും വരുമ്പോൾ നെഞ്ചിൽ ഭാരം പോലെ തോന്നും. തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നത് പോലെ തോന്നും. കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളി ഉരുണ്ടു കൂടി താഴെ വീഴാതിരിക്കാൻ നാം പാടുപെടും.

എന്നാൽ ഈശോയുടെ തിരുഹൃദയത്തിന്റെ ദുഃഖത്തിന്റെ ആഴം എത്ര മാത്രമായിരിക്കും!

സ്നേഹിതർക്കു വേണ്ടിയുള്ള അവിടുത്തെ കണ്ണുനീർ ദൈവപിതാവ് ഏതു കുപ്പിയിൽ ആയിരിക്കും ശേഖരിച്ചിട്ടുണ്ടാവുക! അവിടുത്തെ സ്നേഹഹൃദയത്തിൽ തന്നെയാവും. കാരണം ഹൃദയമാണല്ലോ ഏറ്റവും പ്രിയംകരമായതും വിലയേറിയതുമായതൊക്കെയും സൂക്ഷിക്കുന്ന ഇടം.

ഓരോ മനുഷ്യ മക്കളെയും ഇത്രയധികം സ്നേഹിച്ചിട്ട്, തിരസ്കരിക്കപ്പെട്ട തന്റെ അവർണനീയ സ്നേഹത്തിന്റെയും അവരിൽ നിന്നും തിരിച്ചു കിട്ടാത്ത പ്രതിസ്നേഹത്തിന്റെയും ഓർമ ഈശോയിൽ ആഴമേറിയ ദുഃഖമുളവാക്കുന്നു.

മനുഷ്യ മക്കൾ ഓരോരുത്തരുടെയും ഈശോയുടെ സ്വന്തമാണ്. അവരെ ഓരോരുത്തരെയും ഈശോ സ്വന്തം രക്തം വിലയായി നൽകി സ്നേഹത്തോടെ നിത്യ മരണത്തിൽ നിന്നും എന്നേക്കുമായി രക്ഷിച്ചതാണ്.

ഓരോ മനുഷ്യരും പരിപൂർണ സ്വതന്ത്രരാണ്. ദൈവമക്കളുടെ അവകാശവും വിലയും ഉള്ളവരാണ്.

ആധുനിക ലോകത്തിൽ കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും എല്ലാക്കാര്യങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്.

ഒരു കാര്യം ഇഷ്ടമല്ല എങ്കിൽ അത് വേണ്ടാ എന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.

ഒരു കാര്യം ഇഷ്ടമാണെങ്കിൽ അത് വേണം എന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.

എന്നാൽ ഈ ആധുനികത ഒക്കെ വരും മുൻപേ ഏറ്റവും വലിയതും ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതുമായ ഒരു സ്വാതന്ത്ര്യം ദൈവം മനുഷ്യന് നൽകി.

“ഇതാ, ഇന്നു ഞാന്‍ നിന്റെ മുന്‍പില്‍ ജീവനും നന്‍മയും, മരണവും തിന്‍മയും വച്ചിരിക്കുന്നു.”
(നിയമാവര്‍ത്തനം 30 : 15)

ഒരു മനുഷ്യന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.

“ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാന്‍ നിന്റെ മുന്‍പില്‍ വച്ചിരിക്കുന്നു എന്നതിന്‌ ആകാശത്തെയും ഭൂമിയെയും ഞാനിന്നു നിനക്കെതിരായി സാക്ഷിയാക്കുന്നു. നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവന്‍ തിരഞ്ഞെടുക്കുക.”
(നിയമാവര്‍ത്തനം 30 : 19)

അവിടുന്ന് നമ്മെ ജീവൻ തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നു. കാരണം ഒരു മനുഷ്യൻ പോലും നശിച്ചു പോകാതെ ഏതാനും വർഷം ഈ ഭൂമിയിൽ ഉള്ള ജീവിതത്തിനു ശേഷം നിത്യ ജീവൻ നാം പ്രാപിക്കേണ്ടതിനാണ് അവിടുത്തോടൊത്തു ആനന്ദത്തോടെ വസിക്കുന്നതിനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്.

ഞാൻ കുറച്ചു നേരം തിരഞ്ഞെടുക്കേണ്ട ഈ ജീവനെ കുറിച്ച് ആലോചിച്ചപ്പോൾ അത് അനുദിനം ഒരുക്കത്തോടെ ഉള്ള ദിവ്യകാരുണ്യ സ്വീകരണം ആണെന്ന് എനിക്ക് തോന്നി.

നമുക്ക് വേണമെങ്കിൽ കുർബാനയ്ക്ക് പോകേണ്ട സമയം സമയം ലൗകിക കാര്യങ്ങളിൽ മുഴുകി പാപം ചെയ്ത് നടക്കാം.

എന്നാൽ അത് പോലെ തന്നെ ഇരട്ടി സ്നേഹത്തോടെയും ആകാംക്ഷയോടെയും കാത്തിരുന്നു കാത്തിരുന്നു ഓരോ ദിവസവും പരിശുദ്ധകുർബാനയിൽ ഏറ്റവും സ്നേഹത്തോടെ സംബന്ധിച്ച് ദിവ്യകാരുണ്യം/ നിത്യജീവൻ സ്വീകരിക്കാം.

ഈശോ ഒരു വ്യക്തി ആയതിനാൽ എത്രയോ സ്നേഹത്തോടെ ആയിരിക്കും നമ്മെയും നോക്കി നോക്കി ഇരിക്കുന്നത്.

ദിവ്യകാരുണ്യം ഒരുക്കത്തോടെ സാധിക്കുന്നിടത്തോളം സ്വീകരിച്ചാൽ മാത്രമേ നമ്മിൽ ആത്മീയ പോഷണം ഉണ്ടാവുകയുള്ളൂ.

ആത്മാവ് വേറേ എന്തൊക്കെ ഭക്ത കൃത്യങ്ങളിൽ ഏർപ്പെട്ടാലും അത് ദിവ്യകാരുണ്യ സ്വീകരണത്തോളം വരികയില്ല. ആത്മാവിന് ജീവൻ പ്രദാനം ചെയ്യുകയില്ല.

വർഷങ്ങളായി അനുതാപമില്ലാതെ ചില വ്യക്തികൾ ലോകത്തിന്റെ വഴിയേ അനുദിനം പ്രസരിപ്പോടെ നടക്കുമ്പോഴും ആത്മനാ ക്ഷീണിതവും മൃത പ്രായവുമായി കാണപ്പെടുന്നു.

അവർക്കും ദിവ്യകാരുണ്യം കൺ മുൻപിലുണ്ട്. ഒരു നിമിഷം മനസ് തിരിഞ്ഞു ഈശോയെ എന്നോട് കരുണയായിരിക്കണമേ എന്നൊന്ന് പറഞ്ഞു കുമ്പസാരത്തിനു അണഞ്ഞു കണ്ണുനീരോടെ പരിശുദ്ധ കുർബാന സ്വീകരിച്ചാൽ മതി. ഞൊടിയിടയിൽ ആത്മാവ് പൂർണമായ പൂർവശോഭയും ജീവനും സൗന്ദര്യവും പ്രാപിക്കും.

എന്നാൽ ചിലർ ജീവിതകാലത്തു പല അവസരങ്ങളും അനുതപിക്കുവാൻ കിട്ടിയാലും പ്രിയപ്പെട്ടവർ നിരന്തരം പറഞ്ഞാലും അതൊക്കെ നിസാരവത്കരിച്ചു ജീവിതത്തിന്റെ അവസാനം വരെ ദിവ്യകാരുണ്യത്തിലുള്ള മഹത്വമേറിയ മനുഷ്യജീവിതം നഷ്‌ടമാക്കി നിസാരമായി ജീവിക്കുന്നു. അവർക്ക് ഒരിക്കലും ഈശോ ഒരു സുഹൃത്തായും ഏകരക്ഷകനായും ജീവന്റെ അപ്പമായും സുഖപ്പെടുത്തുന്ന വചനമായും നിത്യതയോളമുള്ള സ്നേഹമായും അനുഭവപ്പെടുന്നില്ല. അങ്ങനെയുള്ളവർക്ക് നമ്മൾ ദിവ്യകാരുണ്യഈശോയുടെ സ്നേഹം ഒരിക്കൽ എങ്കിലും സ്വീകരിച്ചവർ നിരന്തരം പ്രാർത്ഥിക്കണം.

മരണാസന്നനായ രോഗിയായ ഒരു മനുഷ്യൻ മരുന്നു കുടിക്കുന്നില്ല എന്ന് തീരുമാനിച്ചാൽ അയാൾക്ക് നിർബന്ധിച്ചു മരുന്ന് കൊടുക്കാൻ സാധിക്കുകയില്ല. എന്നാൽ മരുന്ന് കുടിച്ചില്ലെങ്കിൽ മരിച്ചു പോകും എന്ന് അയാളോട് പറഞ്ഞു വിശദീകരിക്കാം. മരുന്ന് കുടിച്ചിട്ട് സുഖമായ ആളുകളെ കൊണ്ട് സംസാരിപ്പിക്കാം. മരുന്ന് സൗഖ്യം നൽകുമെന്നുള്ള ബോധ്യം ഹൃദയത്തിൽ മരുന്നിനോട് വിശ്വാസം ജനിപ്പിക്കും. സുഖപ്പെടുമെന്ന വിശ്വാസത്തോടെ കഴിക്കുന്ന മരുന്നു സൗഖ്യം നൽകുകയും ചെയ്യും.

ഒരു മനുഷ്യന് ഈശോയുടെ സ്നേഹം വേണ്ടാ എന്ന് അയാൾ തീരുമാനിച്ചാൽ പിന്നെ അവിടെ ഈശോയ്ക്ക് ബലമായി സ്നേഹം നേടിയെടുക്കാൻ മനുഷ്യന് കൊടുത്ത സ്വാതന്ത്ര്യം മൂലം സാധിക്കില്ല. എന്നാൽ നമ്മുടെ പരിശുദ്ധ കുർബാന അനുഭവത്തെ കുറിച്ച് നാം മറ്റുള്ളവരോട് പറയണം. ദിവ്യകാരുണ്യ അനുഭവത്തിൽ ഓരോ ദിവസവും കൂടുതൽ ആഴപ്പെടാൻ ശ്രമിക്കണം. നമുക്ക് ദിവ്യകാരുണ്യ ഈശോയോട് പ്രത്യേകമായ സ്നേഹവും ഓരോ ദിവസവും ദിവ്യകാരുണ്യം സ്വീകരിക്കാൻ വലിയ ആഗ്രഹവും തോന്നുന്നു എങ്കിൽ അതിൽ നമ്മുടെ യോഗ്യത പ്രത്യേകിച്ച് ഒന്നുമില്ല, ദൈവകൃപ മാത്രമാണ്.

ദിവ്യകാരുണ്യ സ്നേഹം എന്ന കൃപ എല്ലാ മനുഷ്യർക്കും ലഭിക്കാൻ നാം നിരന്തരം പ്രാർത്ഥിക്കണം.

ഒരു കുഞ്ഞു വെള്ള ഗോതമ്പപ്പമായി ഈശോ നമ്മുടെ മുന്നിൽ കാണപ്പെടുന്നു എങ്കിലും ജ്വലിച്ചെരിയുന്ന കനല് പോലെ പരിശുദ്ധമായ സ്നേഹത്തിന്റെ അഗ്നി പ്രവാഹമാണ് ഈശോ.

ഓരോ മനുഷ്യനെയും അവിടുന്ന് പ്രത്യേകം സ്നേഹിക്കുന്നു എങ്കിലും ലോകത്തിലെ എല്ലാ മനുഷ്യരും ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കണം എന്നും എല്ലാവരും അവിടുത്തെ സ്നേഹത്തിന്റെ ജ്വാലയിൽ കത്തി എരിയുന്നവരാകണമെന്നും ഈശോ ആഗ്രഹിക്കുന്നു.

“ഭൂമിയില്‍ തീയിടാനാണ്‌ ഞാന്‍ വന്നത്‌. അത്‌ ഇതിനകം കത്തിജ്‌ജ്വലിച്ചിരുന്നെങ്കില്‍!”
(ലൂക്കാ 12 : 49)

ഓരോ മനുഷ്യഹൃദയത്തിന്റെയും നാഥനായി വസിക്കണമെന്നും ഓരോ മനുഷ്യരും ദൈവപുത്രരുടെ സ്വാതന്ത്ര്യത്തിൽ ഭൂമിയിൽ ഭയമില്ലാതെ സ്നേഹത്തിൽ തന്നിൽ ഒന്നായി ജീവിക്കണമെന്നും ഈശോ എത്രയധികം ആഗ്രഹിക്കുന്നു.!

മനുഷ്യനോട് അധ്വാനിക്കാൻ പറഞ്ഞത് ദിവ്യകാരുണ്യ അപ്പം നേടാനാണ്.

“നശ്വരമായ അപ്പത്തിനു വേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനു വേണ്ടി അദ്ധ്വാനിക്കുവിന്‍.”
(യോഹന്നാന്‍ 6 : 27)

ഈശോ തന്നെ ദിവ്യകാരുണ്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഇങ്ങനെയാണ്.

“യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല.
എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും.
എന്തെന്നാല്‍, എന്റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്‌. എന്റെ രക്‌തം യഥാര്‍ത്ഥ പാനീയവുമാണ്‌.
എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.
ജീവിക്കുന്നവനായ പിതാവ്‌ എന്നെ അയച്ചു; ഞാന്‍ പിതാവു മൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും.
ഇതു സ്വര്‍ഗത്തില്‍ നിന്നിറങ്ങി വന്ന അപ്പമാണ്‌. പിതാക്കന്‍മാര്‍ മന്നാ ഭക്ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും.”
(യോഹന്നാന്‍ 6 : 53-58)

ഇന്നിന്റെ തിരക്കുകളിൽ നമ്മുടെ സങ്കടം കേൾക്കാൻ നാം കടന്നു പോകുന്ന അനന്യമായ വഴികളിലെ ബുദ്ധിമുട്ടും കണ്ണുനീരും വേദനയും ഒന്ന് പങ്കു വയ്ക്കാനും ഹൃദയം തുറക്കാനും അധികം സുഹൃത്തുക്കൾ എല്ലാവർക്കും ഉണ്ടായി എന്ന് വരികയില്ല.

ചിലർക്ക് സുഹൃത്തുക്കൾ ഉണ്ടെങ്കിലും അവർ കടന്നു പോയ ജീവിതത്തിലെ കഴിഞ്ഞു പോയ ഏടുകൾ പങ്കു വയ്ക്കാൻ വാക്കുകൾ കിട്ടണമെന്നുമില്ല.

എങ്കിലും ഹൃദയത്തിലെ മുറിവുകളും ഭാരവും പങ്കു വയ്ക്കപ്പെടാതെ ഇരിക്കുന്നിടത്തോളം കാലം അത് ജീവിതത്തെയും വ്യക്തിത്വത്തെ തന്നെയും ഞെരുക്കികൊണ്ടിരിക്കും.

എന്നാൽ നാം ആയിരിക്കുന്ന ഇടത്തിൽ ആയിരുന്നു കൊണ്ട് ഒരു നിമിഷം ഹൃദയ സക്രാരിയിൽ വാഴുന്ന ഈശോയിലേയ്ക്ക് ആത്മനാ തിരിഞ്ഞു നമ്മുടെ ഹൃദയത്തിലെ വേദനയും ഭാരവും അവിടുത്തെ പക്കൽ സമർപ്പിക്കാം. ഈശോയെ ഇതും കൂടി അവിടുന്ന് നോക്കിക്കോണെ എന്ന് പറഞ്ഞിട്ട് ഭാര രഹിതവും ആനന്ദ പൂരിതവും സ്‌നേഹഭരിതവുമായ ഹൃദയത്തോടെ അടുത്ത നിമിഷം ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കാനായി പോകാം.

കൂടെ വസിക്കുന്ന ഈശോയ്ക്ക് മാത്രമേ നമ്മെ മനസിലാകൂ. നമ്മെ ഏതവസ്ഥയിലും ആശ്വസിപ്പിക്കാനാവൂ.

ചില സമയത്ത് മാനുഷികമായി പരിഹാരം ഒന്നും മുന്നിൽ ഇല്ലാത്ത നിമിഷങ്ങളുണ്ട്. അപ്പോഴും അടുത്ത നിമിഷം ജീവനോ മരണമോ എന്ന് പോലും അറിയില്ലെങ്കിലും നമ്മുടെ കൂടെ ഈശോ ഉണ്ടല്ലോ അവിടുന്ന് എല്ലാം നോക്കുമല്ലോ എന്നുള്ള ചിന്തയുള്ള / ഉറപ്പുള്ള ഒരുവന് ഹൃദയത്തിൽ നിറഞ്ഞ സമാധാനം ഉണ്ടായിരിക്കും.

നാം സ്ഥിരമായി കഴിക്കുന്ന ആഹാരം എന്താണോ അത് നമ്മുടെ വ്യക്തിത്വത്തിലും ആരോഗ്യത്തിലും സാവധാനം സ്വാധീനം ചെലുത്തും. ദിവ്യകാരുണ്യം എന്താണെന്ന പൂർണ അറിവോടും ഈശോയോടുള്ള യഥാർത്ഥ സ്നേഹത്തോടും സ്ഥിരമായി സ്വീകരിക്കുന്ന ഒരു വ്യക്തിയിൽ ക്രമേണ ജീവന്റെ പ്രകാശം നിറയും.

“എന്തെന്നാല്‍, ദൈവത്തിന്റെ അപ്പം സ്വര്‍ഗത്തില്‍ നിന്നിറങ്ങി വന്ന്‌ ലോകത്തിനു ജീവന്‍ നല്‍കുന്നതത്രേ. “
(യോഹന്നാന്‍ 6 : 33)

ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ ഒരു വ്യക്തിയിൽ ഈശോയുടെ യഥാർത്ഥ സാന്നിധ്യം മൂലം ആ വ്യക്തിയുടെ ആത്മാവും മനസും ശരീരവും പൂർവാധികം പ്രകാശിതമാകും.

“അന്ധകാരത്തില്‍ നിന്നു പ്രകാശം ഉദിക്കട്ടെ എന്ന്‌ അരുളിച്ചെയ്‌ത ദൈവം തന്നെയാണ്‌, ക്രിസ്‌തുവിന്റെ മുഖത്തു വെളിവാക്കപ്പെട്ട ദൈവതേജസ്‌സിനെപ്പറ്റിയുള്ള അറിവിന്റെ പ്രകാശം ഞങ്ങള്‍ക്കു തരേണ്ടതിനു ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചിരിക്കുന്നത്‌.”
(2 കോറിന്തോസ്‌ 4 : 6)

അവതരിച്ച ദൈവവചനമായ ഈശോ സ്നേഹത്തിന്റെ പൂർണതയിൽ നമുക്കായി നമ്മിൽ വസിക്കാനായി രൂപാന്തരപ്പെട്ട ദിവ്യകാരുണ്യം സ്വീകരിക്കുന്നവരിൽ ദൈവവചനത്തിന്റെ അഭിഷേകം നിറയും. ദിവ്യകാരുണ്യം വചനത്തിലൂടെ ഹൃദയത്തിൽ സംസാരിക്കും. അത് അധരത്തിലൂടെ നാം ഏറ്റു പറയാൻ ഇടയാകുകയും ചെയ്യും.

“വചനം നിനക്കു സമീപസ്‌ഥമാണ്‌; അതു നിന്റെ അധരത്തിലും ഹൃദയത്തിലും ഉണ്ട്‌.”
(നിയമാവര്‍ത്തനം 30 : 14)

ദിവ്യകാരുണ്യം സ്നേഹം തന്നെയായതിനാൽ അത് സ്വീകരിക്കുന്ന ആളുടെ ഹൃദയത്തിൽ നിന്നും ദൈവസ്നേഹത്തിന്റെ അരുവികൾ ഒഴുകും.

“കാരണം, ദൈവം സ്‌നേഹമാണ്‌.”
(1 യോഹന്നാന്‍ 4 : 8)

ദിവ്യകാരുണ്യം സ്വീകരിക്കുന്ന ഒരു എളിയ വ്യക്തിയിൽ ഈശോ സത്യമായും വസിക്കുന്നതിനാൽ ആ വ്യക്തിയിൽ അവിടുന്ന് മഹത്വപ്പെടുന്നു. ഓരോ ദിവ്യകാരുണ്യ സ്വീകരണം വഴിയായും ആത്മാവ് ഈശോയാൽ സ്നേഹപൂർവ്വം ആ ദിവസത്തെ കാര്യങ്ങൾ ചെയ്യാനായി നവമാക്കപ്പെടുന്നു, ശാക്തീകരിക്കപ്പെടുന്നു.

“ക്രിസ്‌തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്‌ടിയാണ്‌. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു.”
(2 കോറിന്തോസ്‌ 5 : 17)

ദിവ്യകാരുണ്യസ്വീകരണം ഒരു വ്യക്തിക്ക് അയാൾ ഏതവസ്ഥയിൽ ആണെങ്കിലും മരണത്തിന്റെ വക്കിൽ ആണെങ്കിലും യഥാർത്ഥ ഹൃദയസമാധാനം നൽകുന്നു.

“കാരണം, അവന്‍ നമ്മുടെ സമാധാനമാണ്‌.”
(എഫേസോസ്‌ 2 : 14)

ദിവ്യകാരുണ്യത്തിനെ പറ്റി ഒത്തിരിയേറെ ദൈവശാസ്ത്രപ്രകാരമുള്ള കാഴ്ചപ്പാടുകളും പഠനങ്ങളും ഒക്കെയുണ്ട്. എന്നാൽ ഏറ്റവും സാധാരണ ജീവിതം നയിക്കുന്ന ഒരു എളിയ വ്യക്തിയോട് അല്ലെങ്കിൽ വലിയ അറിവൊന്നുമില്ലാത്ത ഒരു ചെറിയ കുഞ്ഞിനോട് ദിവ്യകാരുണ്യം എന്താണെന്നു ചോദിച്ചാൽ എന്താണ് ഉത്തരം കിട്ടുന്നത്?

ഈശോ…

അതാണ് എന്താണ് ദിവ്യകാരുണ്യം എന്നതിന്റെ ഏറ്റവും ലളിതമായതും നിത്യവുമായ ഉത്തരം.

ഒരാളുടെ 24 മണിക്കൂറുകൾ ഉള്ള ഒരു ദിവസത്തിൽ ദിവ്യകാരുണ്യഈശോയെ പരിശുദ്ധ കുർബാനയിൽ സംബന്ധിക്കുന്ന സമയത്തും ദിവ്യകാരുണ്യ ആരാധനയ്ക്ക് ഇരിക്കുന്ന സമയത്തും മാത്രം പ്രാധാന്യം കൊടുക്കുന്ന ഒരുവൻ ആക്കാതെ 24 മണിക്കൂറും നമ്മുടെ കൂടെ നടക്കുന്ന ഒരുവനായി കാണണം.

അങ്ങനെയാണ് താനും.

സാധാരണയായി നമ്മൾ ചില അത്യാവശ്യ സമയത്തു മാത്രം
ഈശോയെ എന്ന് വിളിക്കും പ്രാർത്ഥിക്കും.

എന്നാൽ ഒരു സാധാരണവ്യക്തിയെ സംബന്ധിച്ചിടത്തോളം ആ വ്യക്തിയ്ക്ക് ഈശോയെ 24 മണിക്കൂറും ആവശ്യമുണ്ട്. അതിലുപരി ഈശോയ്ക്ക് നമ്മുടെ സ്നേഹത്തിനായും തീരാത്ത ദാഹമുണ്ട്.

24 മണിക്കൂറും ഈശോയുടെ യഥാർത്ഥ സാന്നിധ്യത്തിന്റെ അവബോധം ഉണ്ടായാൽ, അവിടുന്ന് 2000 വർഷങ്ങൾക്ക് മുൻപ് നസ്രത്തിലും പരസ്യജീവിതത്തിന്റെ സമയത്തും ഒക്കെ അവിടുത്തെ പ്രിയപ്പെട്ടവർക്ക് ചിരപരിചിതനായി ജീവിച്ചിരുന്ന കാലത്തു എന്നത് പോലെതന്നെ ഈ 2025 ലും വെറും സാധാരണക്കാരായ നമുക്കും ഈശോ ദൈവമെങ്കിലും കൂടെ വസിക്കുന്ന ഒരു സാധാരണക്കാരനാകും. അവിടുത്തേയ്ക്ക് അതാണ് ഏറ്റവും പ്രിയങ്കരം. നമ്മുടെ ചെറുതും വലുതുമായ കാര്യങ്ങളിൽ ഈശോയെ ഉൾപ്പെടുത്തുന്നതും അവിടുത്തെ ഹിതം എന്താണെന്നു ചോദിക്കുന്നതും ഒക്കെ ഈശോയുടെ ഹൃദയത്തെ ആനന്ദിപ്പിക്കും. ഒരു ചെറിയ കുഞ്ഞു അതിന്റെ അമ്മയുടെ സാന്നിധ്യത്തിൽ സമാധാനപൂർണമായി വസിക്കുന്നത് പോലെ, അമ്മയുടെ സാന്നിധ്യത്തിൽ അതിനു ഭയമില്ലാത്തതു പോലെ അമ്മയുടെ സാന്നിധ്യത്തിൽ അതിനു വേണ്ടതെല്ലാം അമ്മേ എന്നുള്ള ഒരു വിളിപ്പാടകലെ ഉള്ളത് പോലെ, ദിവ്യകാരുണ്യം സ്വീകരിച്ച ഒരു വ്യക്തിയുടെ ഒരു ദിവസത്തിലെ 24 മണിക്കൂറുകളും ഈശോയുടെ സാന്നിധ്യത്തിൽ നിറവുള്ളതും സന്തോഷഭരിതവുമാകുന്നു.

ദിവ്യകാരുണ്യം സ്വീകരിക്കുന്നത് വഴിയായി നാം ഈശോയെ ഹൃദയത്തിൽ സ്വീകരിക്കുന്നത് വഴി അവിടുന്ന് എന്നേക്കുമായി നമ്മുടെ സ്വന്തമാകുന്നു. അതോടൊപ്പം നാം ഈശോയുടെയും സ്വന്തമാകുന്നു.

വിവാഹിതരായ ദമ്പതിമാരെ കുറിച്ച് ദൈവവചനം പറയുന്നു.

“പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും.”
(മര്‍ക്കോസ്‌ 10 : 8)

ഒരു ദാമ്പത്യ ബന്ധത്തിൽ മാതാപിതാക്കളെ പോലും വിട്ടു ദമ്പതിമാർ പരസ്പരം സ്നേഹിക്കണം എന്നും അവർ സ്നേഹത്തിൽ ഒന്നായി തീരും എന്നും ദൈവവചനത്തിൽ നാം വായിക്കുന്നു.

എന്നാൽ ദിവ്യകാരുണ്യം ഒരിക്കലെങ്കിലും സ്വീകരിക്കുന്ന ഒരു വ്യക്തി ലോകത്തിലെ സകല വസ്തുക്കളെയും ബന്ധങ്ങളെയും സ്നേഹങ്ങളെയും തന്റെ പിന്നിൽ വിട്ടു, തന്റെ മുൻപിൽ ആയിരിക്കുന്ന ദിവ്യകാരുണ്യ ഈശോയെ തന്റെ ജീവിതത്തിലെ പ്രഥമവും പ്രധാനവുമായ ഏക സ്നേഹമായി സ്വീകരിക്കുന്നു

പിന്നീടുള്ള ജീവിതത്തിൽ നമ്മിൽ ബാക്കിയുള്ള സ്നേഹങ്ങളെല്ലാം നമ്മിൽ വസിക്കുന്ന ഈശോയിലൂടെ കുറച്ചു കൂടി പൂർണമായ വിധത്തിൽ സ്നേഹിക്കപ്പെടുന്നു.

പിന്നീട് നമ്മുടെ ജീവിതത്തിൽ നടക്കുന്നത് എല്ലാം ഈശോയിലൂടെ ഈശോയുടെ അറിവിലും അവിടുത്തെ ഹിതത്തിലും നടക്കുവാൻ നമ്മുടെ ജീവിതം ദൈവികമായി ഉയർത്തപ്പെടുന്നു.

ദിവ്യകാരുണ്യ ഈശോയെ നാം സ്വീകരിക്കുമ്പോൾ നാമും ഈശോയും സവിശേഷമായ വിധത്തിൽ ഒന്നാകുന്നു. പരിശുദ്ധ കുർബാന സ്വീകരിച്ചു ഏതാനും സമയത്തിനകം നാവിൽ അലിയുന്ന ചെറു ഗോതമ്പപ്പത്തിന്റെ സാദൃശ്യത്തിൽ ഉള്ള ദിവ്യകാരുണ്യം നമ്മുടെ ഉമിനീരിൽ അലിഞ്ഞു നമ്മിൽ മറയുന്നു.

ഒരു മനുഷ്യനിൽ വസിക്കാൻ ബലവാനായ ദൈവം എത്രയോ നിസാരനാകുന്നു ഓരോ ദിവസവും!

തന്റെ സമീപേ മനുഷ്യ മക്കൾ ഭയമില്ലാതെ അണയുവാൻ തന്റെ ദൈവികത്വവും മഹത്വവും അവിടുന്ന് മറച്ചു വച്ചിരിക്കുന്നു!

തന്നെ ഭയഭക്തിയോടെയും അതിരറ്റ സ്നേഹത്തോടെയും പാടി സ്തുതിക്കുന്ന എണ്ണമില്ലാത്ത അത്രയും മാലാഖ ഗണങ്ങളുടെ സാന്നിധ്യവും ആരവവും അദൃശ്യവും നിശബ്ദവുമാക്കിയിട്ട് ഈശോയെ എന്നുള്ള ഒരു മനുഷ്യന്റെ ചെറു വിളിക്കായി ഈശോ കാത്തിരിക്കുന്നു, കാതോർക്കുന്നു.

എന്നാൽ ചിലപ്പോഴൊക്കെ നമ്മെത്തന്നെ നോക്കിയിരിക്കുന്ന ഈശോയെ ശ്രദ്ധിക്കാതെ അവിടുത്തോട് സംസാരിക്കാതെ എത്രയോ തവണ അശ്രദ്ധമായി നാം ദൈവാലയത്തിൽ ചിലവഴിച്ചിട്ടുണ്ട്.

ഓർക്കാം.

അനുതപിക്കാം.
ഇന്നു മുതൽ കൂടുതൽ ഈശോയെ സ്നേഹിക്കാം.

ഈശോയെ സ്നേഹിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. നാം എങ്ങനെയാണോ അങ്ങനെ തന്നെ സർവകുറവുകളോടെയും ഈശോയുടെ മുന്നിൽ ആയിരിക്കുക. നാം ഇങ്ങനെ ആണെന്ന് അവിടുത്തേയ്ക്കറിയാം. കാരണം ഈശോ എന്നെ എന്റെ പ്രത്യേകതകളോടെ എന്നെ സൃഷ്ടിച്ച എന്റെ സൃഷ്ടാവ് ആണല്ലോ.

ഒന്നും ഒളിക്കാതെ അവിടുത്തെ മുന്നിൽ ഒരു ചെറു കുഞ്ഞിനെ പോലെ ആയിരിക്കുക. അറിയാവുന്നത് പോലെ ഈശോയെ സ്നേഹിക്കുക.

സാധാരണക്കാരുടെ രീതിയിൽ ഈശോയോട് ഇടപെടുക. ഈശോയെ കുറിച്ച് ഇടയ്ക്കൊക്കെ ഓർക്കുക.

ഈശോയുമായി കൂട്ടായാൽ ഈശോയ്ക്കുള്ളവരും സ്വർഗം മുഴുവനും നമ്മുടെയും സ്വന്തമാകും. പരിശുദ്ധത്രിത്വം നമ്മിൽ വസിക്കുന്നതായി അനുഭവപ്പെടും. ദൈവവചനം നാം കുറച്ചേ വായിച്ചുള്ളൂ എങ്കിലും അത് ഈശോ പറയുന്നതായി അനുഭവപ്പെടും. ആ വചനം നമുക്ക് മുന്നോട്ട് പോകാനുള്ള ശക്തി നൽകുകയും ചെയ്യും.

ദിവ്യകാരുണ്യഈശോയുമായി കൂട്ടായാൽ പരിശുദ്ധ അമ്മ സവിശേഷമായ വിധത്തിൽ നമ്മുടെ അമ്മയായി കൂടെ നിരന്തരം വസിക്കും. കാരണം ദിവ്യകാരുണ്യ സ്വീകരണം വഴി ഈശോ നമ്മിൽ വസിക്കുകയല്ലേ.

യൗസേപ്പിതാവ് നമ്മുടെ ചാരെ എപ്പോഴും സഹായത്തിനായി കാണും. കാരണം ഈശോയെ നാം ഹൃദയത്തിൽ വഹിക്കുകയല്ലേ!

സർവ മാലാഖാമാർക്കും എന്ത്‌ മാത്രം സ്നേഹമായിരിക്കും പരിശുദ്ധ കുർബാന അവനവനു സാധിക്കുന്ന ഒരുക്കത്തോടെ സ്വീകരിക്കുന്ന ഒരു എളിയ ആത്മാവിനോട്…

ഒരു സാധാരണ വ്യക്തിയോടെന്നത് പോലെ ഈശോയോട് ഇടപെടാൻ ദിവ്യകാരുണ്യ സ്വീകരണം ഒരു ആത്മാവിനെ സഹായിക്കുന്നു, അതിനു സ്വാതന്ത്ര്യം നൽകുന്നു.

ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ സംജാതമാകുന്ന ദൈവമനുഷ്യസ്നേഹബന്ധത്തിന്റെ ആഴത്തിനും ആർദ്രതയ്ക്കും പകരം വയ്ക്കാൻ ഒരു മാനുഷിക ബന്ധത്തിനുമാവില്ല.

സ്നേഹം തന്നെയായ ഈശോയുമായി പരിശുദ്ധ കുർബാനയിൽ ദൈവകൃപയാൽ ഒന്നായ ഒരു എളിയ ആത്മാവിന്റെ ഈശോയോടുള്ള സ്വാതന്ത്ര്യം ഓരോ തവണയും ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ പതിന്മടങ്ങു വർദ്ധിക്കുന്നു.

സ്നാപക യോഹന്നാൻ പറഞ്ഞത് പോലെ…

“അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം.”
(യോഹന്നാന്‍ 3 : 30)

എന്ന ചിന്തയിൽ ആത്മാവ് പൂരിതമാകുന്നു.
ആ ചിന്ത നമ്മെ

” ശിശുക്കള്‍ എന്റെ യടുത്തു വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്‌. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലുള്ളവരുടേതാണ്‌.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല.”
(മര്‍ക്കോസ്‌ 10 : 14-15)

എന്ന വചനത്തിന്റെ അഭിഷേകത്തിലേയ്ക്കും അദ്ധ്യാത്മിക ശിശുത്വത്തിന്റെ ലാളിത്യത്തിലേയ്ക്കും നയിക്കുന്നു.

ഒരു ശിശു ആയിരിക്കുന്ന അവസ്ഥ എന്നത് ഏറ്റവും സ്നേഹഭരിതവും എന്നാൽ കുറവുള്ളതും എപ്പോഴും ആശ്രയിക്കുന്നതുമായ അവസ്ഥയാണല്ലോ.

ദിവ്യകാരുണ്യസ്നേഹത്തിന്റെ ആഴങ്ങളിലേയ്ക്ക് നമ്മുടെ ആത്മാവ് അനുദിനം സഞ്ചരിക്കുമ്പോൾ നാം ഈശോയുടെ ചാരെ നിന്നാൽ മാത്രം മതി.അവിടുന്നിൽ ആശ്രയിച്ചാൽ മാത്രം മതി. അവിടുത്തേയ്ക്ക് നമ്മെ കുറിച്ചുള്ള സ്നേഹ പദ്ധതിയിൽ അവിടുന്ന് നമ്മെ നേരിട്ട് നയിച്ചു കൊള്ളും.

എന്ന് വച്ചു കഷ്‌ടപ്പാടുകൾ ഇല്ലെന്നല്ല, രോഗങ്ങൾ വരില്ല എന്നല്ല, മരണകരമായ അവസ്ഥകളും പെട്ടെന്നുള്ള ആകുലതകളും വരികയില്ല എന്നല്ല പൊടുന്നനെയുണ്ടാകുന്ന അപ്രതീക്ഷിത സഹനങ്ങൾ നമ്മെ പിടിച്ചുലയ്ക്കില്ല എന്നല്ല, ഇവയൊക്കെയും ദൈവം അനുവദിക്കുന്ന സമയങ്ങളിൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും.
എന്നാൽ നാം തകർന്ന്‌ പോകില്ല, തളർന്നു പോകില്ല, കാരണം…

“നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടെ? നിങ്ങള്‍ കേട്ടിട്ടില്ലേ? കര്‍ത്താവ്‌ നിത്യനായ ദൈവവും ഭൂമി മുഴുവന്റെയും സ്രഷ്‌ടാവുമാണ്‌. അവിടുന്ന്‌ ക്‌ഷീണിക്കുകയോ തളരുകയോ ഇല്ല; അവിടുത്തെ മനസ്‌സ്‌ അഗ്രാഹ്യമാണ്‌.
തളര്‍ന്നവന്‌ അവിടുന്ന്‌ ബലം നല്‍കുന്നു; ദുര്‍ബലനു ശക്‌തി പകരുകയും ചെയ്യുന്നു.
യുവാക്കള്‍ പോലും തളരുകയും ക്ഷീണിക്കുകയും ചെയ്‌തേക്കാം; ചെറുപ്പക്കാര്‍ ശക്‌തിയറ്റുവീഴാം.
എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.”
(ഏശയ്യാ 40 : 28-31)

ചില സമയത്തു നാം ആത്മീയമായി വളരെയധികം തളർന്നു എന്ന് തോന്നും. യാതൊന്നും പ്രവർത്തിക്കാനോ പ്രാർത്ഥിക്കാനോ കഴിയാതെ നിഷ്ക്രിയമായി ഇരുന്നു എന്ന് വന്നേക്കാം. എന്നാൽ ആ അവസ്ഥയും അനുവദിക്കുന്നത് നമ്മിൽ വസിക്കുന്ന ഈശോ തന്നെയാണ്. ഒരു പക്ഷെ ഒന്നും ചെയ്യാതെ കുറച്ചു നേരം വിശ്രമിക്കാൻ അവിടുന്ന് നമ്മെ അനുവദിക്കുകയായിരിക്കും.

ചില സമയം നാം ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ അതിൽ ഒത്തിരി കുറവുകൾ നാം തന്നെ കാണുന്നു എന്ന് വന്നേക്കാം. ചിലപ്പോൾ സഹനത്തിലൂടെ പോകുമ്പോൾ നമുക്ക് പൂർണമായ വിധത്തിൽ സഹിക്കാൻ സാധിക്കാതെ മാനുഷിക സഹജമായ കുറവുകളാൽ പരാതി പറഞ്ഞു എന്ന് വന്നേക്കാം.

എന്നാൽ കുറച്ചു കഴിയുമ്പോൾ അതിനെ കുറിച്ച് ചിന്തിക്കുമ്പോൾ മനസിലാകും എത്രയോ കുറവുള്ള നമ്മെ ഈശോ താങ്ങിയില്ലായിരുന്നെങ്കിൽ നമ്മുടെ ചെറുതും വലുതുമായ അനേക പാപങ്ങൾ ക്ഷമിച്ചില്ലായിരുന്നുവെങ്കിൽ ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ തകർച്ചയായ നരകത്തിലെ നിത്യ മരണത്തിൽ പതിക്കാൻ ഞാൻ എത്രയോ യോഗ്യയായിരുന്നു എന്ന്…

നമ്മുടെ കുറവുകൾ കൊണ്ടും നിസാരമായ ആത്മാവസ്ഥ കൊണ്ടും ഈശോയ്ക്ക് സ്നേഹോപഹാരമായി ഒന്നും തന്നെ കൊടുക്കാൻ ഇല്ലാത്തപ്പോൾ നമ്മുടെ ചെറുസഹനങ്ങളെയും വേദനകളെയും ഈശോയുടെ പീഡാ സഹനങ്ങളോട് ചേർത്ത് വച്ചു ഈശോയ്ക്ക് സമർപ്പിക്കാം. ആ പീഡാ സഹനങ്ങൾ നമുക്ക് വേണ്ടിയായിരുന്നതിനാൽ അവയെ കുറിച്ചു ഓർമിക്കുന്നതും നമ്മുടെ ജീവിതം അതിനോട് ചേർത്ത് വയ്ക്കുന്നതും ഈശോയെ ആശ്വസിപ്പിക്കും. നമ്മുടെ ആത്മാവിലെ ചെറുതരി പോലുള്ള സ്നേഹം ഈശോയ്ക്ക് ഊഷ്മളമായി അനുഭവപ്പെടുകയും ചെയ്യും.

ദിവ്യകാരുണ്യം നമ്മുടെ ഉള്ളിൽ വസിക്കുമ്പോൾ നമ്മുടെ കുറവുകളിലും ഇങ്ങനെ നിരന്തരം ആത്മാവിനെ ആശ്വസിപ്പിക്കും. ഈശോയ്ക്ക് നമ്മുടെ ജീവിതം പൂർണമായി ഏല്പിച്ചു കൊടുത്താൽ നമ്മുടെ ആത്മീയ ജീവിതം പൂർണമായും പരിശുദ്ധാത്മാവ് ഏറ്റെടുത്തു നയിക്കും.

നമ്മുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കും. കുമ്പസാരിക്കാൻ ഓർമിപ്പിക്കും. ചെറിയ തെറ്റുകൾ പോലും ചെയ്യാതെ ഇരിക്കുവാൻ ജാഗ്രതയോടെ മുന്നറിയിപ്പ് നൽകും.

“കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെ അറിയുന്നില്ല; കാരണം, അത്‌ അവിടുത്തെ അറിഞ്ഞിട്ടില്ല.
പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ്‌. നാം എന്തായിത്തീരുമെന്ന്‌ ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നു പ്രത്യക്‌ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന്‌ ആയിരിക്കുന്നതു പോലെ നാം അവിടുത്തെ കാണുകയുംചെയ്യും.
ഈ പ്രത്യാശയുള്ളവന്‍ അവിടുന്നു പരിശുദ്ധനായിരിക്കുന്നതുപോലെ തന്നെത്തന്നെ വിശുദ്ധനാക്കുന്നു.”
(1 യോഹന്നാന്‍ 3 : 1-3)

ഈശോ പരിശുദ്ധൻ ആയിരിക്കുന്നത് പോലെ നമ്മെത്തന്നെ വിശുദ്ധരാക്കുവാൻ നമുക്ക് സ്വയം സാധിക്കില്ല, എന്നാൽ സഹായകനായ പരിശുദ്ധാ ത്മാവ് വലിയ കാരുണ്യത്തോടെ ലളിതമായി ഓരോരോ കാര്യങ്ങളിലും ശ്രദ്ധയോടെ നയിക്കും.

ഓരോ പരിശുദ്ധ കുർബാനയിലും കുറച്ചു കൂടി സ്നേഹത്തോടെ പങ്കുകൊള്ളാനും ഞാൻ എന്ന വ്യക്തിയിൽ നിക്ഷിപ്തമായ മുഴുവൻ സ്നേഹത്തോട് കൂടെയും അവിടുത്തെ സ്വീകരിച്ചുൾക്കൊള്ളാനും പരിശുദ്ധാരൂപി അവിടുത്തെ സഹായം തേടുന്ന ഓരോ വ്യക്തിയെയും പരിശീലിപ്പിക്കുന്നു.

ഓരോ പരിശുദ്ധ കുർബാന എന്ന മഹാ സ്വർഗീയ വിരുന്നിനും അനുദിനം പേര് ചൊല്ലി വിളിക്കപ്പെടുന്നവർ വളരെയാണ്. എന്നാൽ കുഞ്ഞാടിന്റെ ഈ വിവാഹ വിരുന്നിനു തിരഞ്ഞെടുക്കപ്പെടുന്നവർ ചുരുക്കം എന്ന് ഈശോ പറയുന്നു.

“എന്തെന്നാല്‍, വിളിക്കപ്പെട്ടവര്‍ വളരെ; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.”
(മത്തായി 22 : 14)

ഇനി ജീവിക്കുന്ന ദിനങ്ങളിൽ ഏറ്റവും ശ്രദ്ധയോടെ ജീവന്റെ വിരുന്നിനു ഒരുക്കത്തോടെ നമുക്കൊരോരുത്തർക്കും അണയാൻ ശ്രമിക്കാം. ദിവ്യകാരുണ്യ ഈശോയെ ഏറ്റവും സ്നേഹത്തോടെ ഉൾക്കൊള്ളാം.

“അവര്‍ണനീയമായ ദാനത്തിനു ദൈവത്തിനു സ്‌തുതി!”
(2 കോറിന്തോസ്‌ 9 : 15)

ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment