ദിവ്യകാരുണ്യം: മാറോടു ചേർക്കുന്ന സ്നേഹം

മത്തായി 8,2-3

നാം എപ്പോഴും അത്യുന്നതനായ ദൈവത്തിന്റെ ചെറുപൈതലാണ്.
നാം ഒരു പക്ഷെ ഒരു ഭരണാധികാരി ആയിരിക്കാം. ഒരു ഭിക്ഷക്കാരി ആയിരിക്കാം. വൃദ്ധ ആയിരിക്കാം. കൊച്ചു കുഞ്ഞു ആയിരിക്കാം. ആണ് ആയിരിക്കാം പെണ്ണ് ആയിരിക്കാം.ഏതു ജീവിതാന്തസിൽ പെട്ടവളും ആയിരിക്കാം.മാനുഷിക സങ്കൽപ്പങ്ങളിലെ സൗന്ദര്യത്തിന്റെ മാനദണ്ഡത്തിനനുസരിച്ചു സൗന്ദര്യം ഉണ്ടായിരിക്കാം,ഇല്ലായിരിക്കാം.

എന്നാൽ അതൊന്നും ദൈവത്തിന്റെ കുഞ്ഞു എന്ന അടിസ്ഥാന തുല്യ അവകാശത്തിൽ നിന്നും ഒരുവനെയും ഒട്ടും വേർതിരിക്കുന്നില്ല.

നമ്മുടെ കഴിവുകൾ പലതായിരിക്കാം. നിസാരമെന്നു തോന്നിയേക്കാം. ചിലപ്പോൾ നാം മറ്റുള്ളവരെ അപേക്ഷിച്ചു ജീവിതത്തിൽ ഒട്ടും തന്നെ മുന്നേറി എന്ന് തോന്നിയില്ല എന്ന് വരാം.

എന്നാലും ദൈവത്തിന്റെ മകൾ എന്ന സ്ഥാനത്തു നിന്നും ആനന്ദത്തിൽ നിന്നും അവകാശത്തിൽ അതെന്നെ വേർപെടുത്തുന്നില്ല.

മറ്റുള്ളവർ നമ്മെ നോക്കി പരിഹസിച്ചേക്കാം. കുറ്റപ്പെടുത്തിയേക്കാം. എത്ര ശ്രമിച്ചിട്ടും നമുക്ക് ചെറിയ കാര്യങ്ങൾ പോലും ചെയ്യാൻ കഴിഞ്ഞില്ല എന്ന് വന്നേക്കാം.

എന്നാലും ദൈവത്തിന്റെ മകൾ എന്ന അത്യുന്നതസ്ഥാനം അനാദി മുതൽ അനന്തത വരെ സത്യമായി പ്രകാശിക്കുന്നു.

ജീവിതത്തിലെ ചില സമയങ്ങളിൽ ദൈവത്തിന്റെ കുഞ്ഞാണ് താൻ എന്ന് ഒരു വ്യക്തിയ്ക്ക് ആത്മാവിന്റെ ആന്തരികതയിൽ അവ്യക്തമായ ബോധ്യം ഉണ്ടെങ്കിലും ചില സാഹചര്യങ്ങളിൽ അവനവന്റെ ആഴമേറിയ നിസാരതയെ കുറിച്ച് അവബോധം വരുന്നത് കൊണ്ട് ഹൃദയത്തിൽ സാന്ദ്രമായ ഒരു ഘനമുള്ള ദുഃഖത്തിന്റെ അവസ്ഥ ഉണ്ടാകും.

അപ്പോഴും ഈശോയെ നോക്കുക, ഈശോയിൽ നിന്നും ശക്തി പ്രാപിക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. ദിവ്യകാരുണ്യ ഈശോയെയോ അല്ലെങ്കിൽ ഈശോയുടെ ചിത്രമോ നാം നോക്കുമ്പോൾ ആദി മുതലേ ദൈവത്തിന്റെ ഏകപുത്രനും രക്ഷകനുമായവന്റെ സ്നേഹത്തിനു പാത്രമാകാനും അവിടുത്തെ ജീവൻ എനിക്കായി ബലിയർപ്പിച്ചു അവിടുത്തെ തിരുരക്തത്തിന്റെ വില നൽകി എന്നെ പിശാചിന്റെയും പാപത്തിന്റെയും അടിമത്തത്തിൽ നിന്നും നിത്യമരണത്തിൽ നിന്നും എന്നേക്കുമായി എന്നെ മോചിപ്പിക്കുവാനും മാത്രം വിലയുള്ള ഒരു മനുഷ്യാത്മാവാണ് ഞാൻ എന്നുള്ള ഒരു അവബോധം ആത്മാവിനുള്ളിൽ വരും. ഹൃദയവും ബുദ്ധിയും ഈശോയുടെ തിരുമുഖത്തിന്റെ സ്നേഹജ്വാലയിൽ നിന്നുള്ള കാരുണ്യ രശ്മികളാൽ പ്രകാശിതമാകും.

“അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി”
(സങ്കീര്‍ത്തനങ്ങള്‍ 34 : 5)

ചിലപ്പോൾ സഹനങ്ങൾ ജീവിതത്തിൽ ദൈവത്താൽ അനുവദിക്കപ്പെടുന്ന സമയത്തു ഒരു പ്രത്യേക അവസ്ഥയിൽ ജീവിതം മുന്നോട്ട് പോകുമ്പോൾ അതെങ്ങനെ വിജയകരമായി തരണം ചെയ്യും എന്നൊക്കെയുള്ള ചിന്തകളും താത്കാലിക വിഷമങ്ങളും ഉണ്ടാകുമ്പോഴും ഈശോയെ നോക്കണം. അവിടുത്തോട് എല്ലാകാര്യങ്ങളും പങ്കു വയ്ക്കണം. ഈശോ നമ്മെ ഓരോ നിമിഷവും കരംപിടിച്ചു നയിക്കും.

സാധാരണക്കാർക്ക് വീട്ടിൽ എല്ലാ കാര്യങ്ങളും സാധിക്കുന്നിടത്തോളം ചിട്ടയായി നടക്കുന്നതാണ് ഇഷ്ടം.

വീട് ചെറുതെങ്കിലും എല്ലാം വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം. ഉള്ള വസ്ത്രങ്ങൾ ഒക്കെയും വാർഡ് ഡ്രോബിൽ അടുക്കി ഭംഗിയാക്കി ഇടണം. പാത്രങ്ങൾ എല്ലാം കഴുകിയുണക്കി കിച്ചണിലെ അലമാരയിൽ വയ്ക്കണം.

എല്ലായിടവും വൃത്തിയുടെ ലാളിത്യവും നിരന്തരം വീട് പരിപാലിക്കുന്നതിന്റെ നനുത്ത സുഗന്ധവും കാണണം.

മേശപ്പുറങ്ങളിൽ അന്നന്നു തോട്ടത്തിൽ നിന്നും പുതുപൂക്കൾ പൊട്ടിച്ചെടുത്തു Flower Arrangement ഉണ്ടെങ്കിൽ കുറച്ചു കൂടി നല്ലത്.

വിരുന്നുകാർ പെട്ടെന്ന് കയറി വന്നാൽ കൊടുക്കാൻ തരാതരത്തിൽ പലഹാരങ്ങൾ ഫ്രിഡ്ജിൽ ജ്യൂസ്‌ ഒക്കെ നേരത്തെ ഉണ്ടാക്കി റെഡി ആക്കി വച്ചിട്ടുണ്ടെങ്കിൽ ഏറ്റവും നല്ലത്.

അത് പോലെ പിറ്റേന്നത്തേയ്ക്കുള്ള ദോശയ്ക്കോ അപ്പത്തിനോ ഉള്ള നേരത്തെ അരി വെള്ളത്തിൽ ഇടണം. കുറച്ചു നേരത്തെ അരച്ച് വച്ചാൽ അത്രയും പണി നേരത്തെ കഴിയുമല്ലോ. പിറ്റേ ദിവസത്തേക്ക് മാവ് നന്നായി പൊങ്ങി വരികയും ചെയ്യും. അപ്പോൾ പിറ്റേ ദിവസം രാവിലെ പ്രഭാത ഭക്ഷണം കൃത്യ സമയത്തു ഉണ്ടാക്കാമല്ലോ.

അത് മാത്രമല്ല, എപ്പോഴും നല്ല വേഷത്തിൽ പുഞ്ചിരിയോടെ, നല്ല ഉന്മേഷത്തോടെ നടക്കണം. കുടുംബാംഗങ്ങൾ ഓരോരുത്തരും ഓരോരോ ആവശ്യങ്ങളും ആയി വരുമ്പോൾ അന്നേരമന്നേരം ആ കാര്യങ്ങൾ നോക്കണം.

ഇതിനിടയിൽ ജോലി ഉണ്ടെങ്കിൽ പോകണം.

അത് കൂടാതെ ആത്മീയകാര്യങ്ങൾ, ബന്ധുക്കളുടെ കാര്യങ്ങൾ ഒക്കെയും കുറവില്ലാതെ നടത്തുകയും വേണം.

ഇത് പോലെ ചിട്ടയോടെയുള്ള ജീവിതം അനായാസമായി അനുദിനം നയിക്കുന്നവരുണ്ട്.

ശരിയാണ്. ഇതൊക്കെ നല്ലതാണ്.

എന്നാൽ ഞാൻ ഈയിടെ യാദൃശ്ചികമായി ഒരു വിവാഹിതയായ ഒരു വ്യക്തിയോട് സംസാരിച്ചു. സംസാരിച്ചു പിരിയുന്ന കൂട്ടത്തിൽ എന്തെങ്കിലും പ്രാർത്ഥിക്കാനുണ്ടോ എന്ന് ചോദിച്ചു.

അപ്പോൾ ആ വ്യക്തി പറഞ്ഞു. എനിക്ക് ADHD യ്ക്ക് കഴിക്കുന്ന മരുന്നുകൾ വീണ്ടും തുടങ്ങണം.

ഞാൻ ചോദിച്ചു, എന്താണ് നിന്റെ അസ്വസ്ഥതകൾ!

ആ വ്യക്തി പറഞ്ഞു. എനിക്ക് ഞാൻ ചെയ്യേണ്ട കാര്യങ്ങൾ അപ്പോഴപ്പോൾ ചെയ്യാൻ സാധിക്കുന്നില്ല, അങ്ങനെ ജോലികൾ കുന്നു കൂടും അവസാനം എനിക്ക് ചെയ്യാൻ സാധിക്കാത്ത രീതിയിൽ ഞാൻ ഒരുമിച്ചതൊക്കെയും ചെയ്തു തീർക്കാൻ ബുദ്ധിമുട്ടും.

സാധാരണ ആളുകൾക്ക് എന്റെ അവസ്ഥ പറഞ്ഞാൽ മനസിലാകില്ല. അവരോർക്കും അന്നന്നുള്ള ഓരോരോ കുഞ്ഞുകാര്യങ്ങൾ അപ്പോഴപ്പോൾ ചെയ്താൽ പോരേ!

ജോലികൾ കുന്നു കൂടുന്നത് ഞാൻ കാണുന്നുണ്ട്, എന്നാൽ അതിനെ നോക്കി കടന്നു പോവുകയല്ലാതെ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കാറില്ല, അതിനെ കുറിച്ചു ഓർത്തു കൊണ്ടിരിക്കും. ടെൻഷൻ കാരണം ഉറങ്ങില്ല അത് കൊണ്ട് എപ്പോഴും ക്ഷീണം. ഒരു ശക്തമായ പ്രചോദനം വീട് ക്ലീൻ ആക്കാൻ ഉണ്ടാകുന്നത് വരെ. Eg. Visitors വരുന്നത്.

കുറെ വർഷങ്ങൾക്ക് മുൻപ് എന്റെ ഡോക്ടർ എനിക്ക് ADHD യ്ക്കുള്ള മെഡിസിൻ തന്നിരുന്നു. അത് ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. എല്ലാം നോർമൽ ആയിതുടങ്ങിയപ്പോൾ കുറെ നാളത്തേയ്ക്ക്‌ അത് നിറുത്തി നോക്കാം, എന്നിട്ട് വേണമെങ്കിൽ വീണ്ടും തുടങ്ങാം എന്ന് ഡോക്ടർ പറഞ്ഞു. മൂന്നാല് വർഷം കുഴപ്പം ഇല്ലായിരുന്നു.

എന്നാൽ ഈയിടെയായി എനിക്ക് symptoms വീണ്ടും കൂടുന്നു. വീട് പഴയതു പോലെ മെസ്സി ആയി. പാത്രങ്ങൾ സിങ്കിൽ കൂന കൂടുന്നു. സോഫയിൽ വസ്ത്രങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. അത് കൂടാതെ ഞാൻ വിഷാദത്തിലേയ്ക്ക് പോയി കൊണ്ടിരിക്കുന്നു.

ഈ ആഴ്ചയിൽ വേറേ ഒരാളോട് സംസാരിച്ചപ്പോൾ വർഷങ്ങളായി പുറം വേദന കൊണ്ട് ബുദ്ധിമുട്ടുന്ന ആളാണ്. ചെറിയ ജോലികൾ പോലും ചെയ്തു തീർക്കാൻ സമയം വേണം. വീട്ടിൽ ഉള്ളവർ ചെറുതായി സഹായിക്കുമെങ്കിലും ആ സഹായം ഇരട്ടി ജോലി ആയി പരിണമിക്കാറാണ് പതിവ്.

ഒന്നോർത്ത് നോക്കിയാൽ ശാരീരികവും മാനസികവുമായ പല വിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന സാധാരണ ആളുകളുടെ അനുദിനജീവിതം വളരെ ബുദ്ധിമുട്ടേറിയതാകും. പലപ്പോഴും ഏറ്റവും നൂതനമായ ചികിത്സയോ കടന്നു പോകുന്ന അവസ്ഥയിൽ അവശ്യം വേണ്ട സപ്പോർട്ടോ വേണ്ടത്ര സാമ്പത്തിക സ്ഥിതിയും കുടുംബത്തിൽ ചുറ്റുപാടും ഇല്ലാത്തത് കൊണ്ട് പലർക്കും ലഭിക്കാറില്ല. പലരും തങ്ങൾ കടന്നു പോകുന്ന രോഗാവസ്ഥകൾ തിരിച്ചറിയുന്നു പോലുമില്ല. ജോലിക്കൂടുതൽ കൊണ്ടുള്ള
വെറും ക്ഷീണമായും സ്വന്തം അലസതയായുമൊക്കെ തെറ്റിദ്ധരിച്ചു ദിവസങ്ങൾ മുന്നോട്ട് പോകും.

eg: പ്രമേഹം മുതലായ രോഗങ്ങളിൽ കഠിനമായ ക്ഷീണം ആദ്യകാലങ്ങളിൽ സാധാരണമാണ്.

അത് പോലെ പലരും പല അസുഖങ്ങൾക്കും മരുന്നുകൾ കഴിക്കുന്നുണ്ട്. ഓരോ മരുന്നും അതാത് അസുഖം നിയന്ത്രിക്കുന്നതോടൊപ്പം ഓരോ മരുന്നിനും തല കറക്കം, വയറിന്റെ അസ്വസ്ഥതകൾ, വണ്ണം കൂടുന്നത് തുടങ്ങി വ്യത്യസ്ത പാർശ്വഫലങ്ങളുമുണ്ട്.

അത് പോലെ പല വ്യക്തികളിലും ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ ഡിപ്രെഷൻ പോലെയുള്ള ചെറുതും വലുതുമായ മാനസിക അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. ആദ്യകാലങ്ങളിൽ അതും അവഗണിക്കപ്പെടാറാണ് പതിവ്. Eg. ചിലർക്ക് പ്രസവശേഷമുണ്ടാകുന്ന മാനസിക അസ്വസ്ഥതകൾ, കുടുംബത്തിൽ ഏറ്റവും അടുപ്പമുള്ള ആരെങ്കിലും വേർപെട്ട് പോകുമ്പോൾ ഉണ്ടാകുന്ന മനസിന്റെ വ്യതിചലനങ്ങൾ. അത് പോലെ ഓരോ വ്യക്തിയുടെയും ശൈശവം മുതൽ വാർദ്ധക്യം വരെയുള്ള വളർച്ചയുടെ പടവുകളിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ..
ചിലർക്ക് ഡോക്ടറെ കണ്ട് കുറച്ചു നാളത്തേക്ക് മരുന്ന് കഴിക്കേണ്ടി വന്നേക്കാം.

ഇതെല്ലാം കൂടാതെ ഓരോ വ്യക്തിയും അവരവരുടെ ജീവിതത്തിൽ മറ്റാരും അറിയാതെ ഒറ്റയ്ക്ക് കടന്നു പോകേണ്ടി വരുന്ന എത്രയോ അവസ്ഥകൾ…

അതിനോടൊപ്പം ഒരു വ്യക്തി പാപത്തിന്റെ അവസ്ഥയിൽ ആണെങ്കിൽ ഹൃദയത്തിൽ ചിലപ്പോൾ സമാധാനക്കുറവ് കാണും. ഹൃദയം നിരന്തരം ദൈവത്തിങ്കലേയ്ക്ക് തിരിയാൻ ഓർമിപ്പിച്ചു കൊണ്ടിരിക്കും.ഒന്ന് ദൈവത്തിങ്കലേയ്ക്ക് തിരിയാൻ ശ്രമിച്ചാൽ തക്കം പാർത്തിരിക്കുന്ന പിശാച് മനസിൽ പറയും, പിന്നീടാകട്ടെ, ഇന്നു തിരക്കല്ലേ. ഈ നിരന്തരമായ ആത്മ സംഘർഷം ഹൃദയത്തിൽ ഭാരം ഉളവാക്കും.

ചിലപ്പോൾ പ്രസാദവരത്തിന്റെ അവസ്ഥയിൽ ആണെങ്കിലും ദൈവം അനുവദിക്കുന്ന സഹനങ്ങളിലൂടെ കടന്നു പോകേണ്ടി വരും. അപ്രതീക്ഷിതമായി സഹനം ഉണ്ടാകുന്ന സമയത്തും നമ്മുടെ നോട്ടം ഈശോയിൽ നിന്നും മാറുന്നില്ലെങ്കിൽ ആ സഹന കാലഘട്ടം കൃപാ പൂരിതമാകും. എന്നാൽ പത്രോസ് സ്ലീഹാ അലയടിക്കുന്ന വെള്ളത്തിനു മീതെ നടന്നു ഈശോയുടെ പക്കലേയ്ക്ക് നടന്ന സമയത്ത് ഒരു നിമിഷം ഈശോയിൽ നിന്നും നോട്ടം മാറ്റിയപ്പോൾ മുങ്ങി താഴാൻ പോയി. എന്നാൽ അപ്പോഴേ ഈശോയെ എന്നെ രക്ഷിക്കണമെ എന്ന് ഈശോയെ നോക്കി സഹായത്തിനു അപേക്ഷിക്കാൻ പത്രോസിനു സാധിച്ചു. സമീപത്തു ഉണ്ടായിരുന്ന ഈശോ തന്റെ ശക്തമായ വലം കരം നീട്ടി പത്രോസിനെ ആഴത്തിന്റെ ഭീകരതയിൽ നിന്നും രക്ഷിക്കുകയും ചെയ്തു.

ഇങ്ങനെ ആത്മീയ ജീവിതത്തിലും ഭൗതിക ജീവിതത്തിലും എല്ലാകാര്യങ്ങളം നന്നായി കൃത്യസമയത്തു ചെയ്യുന്ന മറ്റുള്ളവരെപ്പോലെ സ്വയം ഒരു Perfect Person എന്ന ഒരു ഇമേജ് maintain ചെയ്യാനാവാതെ ഉള്ളിൽ വിഷമിക്കുന്ന അനേകം സാധാരണക്കാരുണ്ട്.

എന്നാൽ പരിശുദ്ധാത്മാവിന്റെ സഹായത്താൽ അവനവനു ഓരോ ദിവസവും ചെയ്യാൻ സാധിക്കുന്നത് പോലെ ഈശോയോടൊപ്പം കാര്യങ്ങൾ ചെയ്താൽ മതി. എന്നിട്ട് ബാക്കിയുള്ള കാര്യങ്ങൾ നോക്കാൻ ഈശോയെ ഏൽപ്പിക്കണം.

അപ്രാപ്യമായ ഒരു ലെവലിലേയ്ക്ക് നമ്മുടെ സർവശക്തിയും എടുത്തു പലതവണ കുതിക്കുന്നതല്ല my best എന്ന് പറയുന്നത് എന്ന് ഒരു ബഹുമാനപ്പെട്ട വൈദികൻ ഒരിക്കൽ എനിക്ക് പറഞ്ഞു തന്നു.

ഓരോ ദിവസവും നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളുടെ അളവ് വ്യത്യസ്തമായിരിക്കും. ഒത്തിരി ആകുലപ്പെട്ടിരിക്കുന്ന ഒരു ദിവസം മുഴുവനും ശ്രമിച്ചിട്ടും വളരെ കുറച്ചേ ചെയ്യാൻ പറ്റിയുള്ളൂ എന്ന് വരാം. എന്നാൽ അന്ന് ആ വ്യക്തിയ്ക്ക് ചെയ്യാൻ പറ്റുന്നതിൽ ഏറ്റവും ബെസ്റ്റ് ആയിട്ടാണ് അവർ അത് ചെയ്തത്. അടുത്ത ദിവസം കുറച്ചു കൂടി നന്നായി കാര്യങ്ങൾ ചെയ്യാൻ പറ്റി എന്ന് കരുതുക. അന്നത്തെ ബെസ്റ്റ് പെർഫോമൻസ് അതാണ്. പിറ്റേ ദിവസം ആ വ്യക്തി കുറച്ചു നേരത്തെ എത്തി ഒത്തിരി കാര്യങ്ങൾ ചെയ്തു. അന്നും ആ വ്യക്തി ചെയ്തത് അവരുടെ ബെസ്റ്റ് ആണ്.

I will do my best എന്ന് പറയുമ്പോൾ be kind to ourselves too എന്നദ്ദേഹം പറഞ്ഞു.

ഓരോ ദിവസവും പരമാവധി ശ്രമിച്ചാലും കുറച്ചേ ചെയ്യാൻ പറ്റുന്നുള്ളൂ എങ്കിലും നാം ആയിരിക്കുന്ന സാഹചര്യത്തിൽ അത്രയും ചെയ്യാൻ പറ്റിയതിന് ദൈവമേ നന്ദി എന്ന് പറഞ്ഞു ശീലിക്കണം എന്നും അദ്ദേഹം പറഞ്ഞു. അപ്പോൾ നല്ല ദൈവം ബാക്കി നോക്കിക്കോളുമല്ലോ.

ഓരോ മനുഷ്യനും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് വേറൊരുവനെ പോലെ അല്ല, പൂർണമായും വ്യത്യസ്തമായിട്ടാണ്.

നല്ലതെന്നും കെട്ടതെന്നും തിരിക്കാൻ മനുഷ്യരുടെ ഇടയിൽ പല പല മാനദണ്ഡങ്ങൾ കണ്ടേക്കാം. എന്നാൽ നമ്മുടെ ഹൃദയത്തിൽ നമ്മെ വേറൊരു വ്യക്തിയുമായി താരതമ്യപ്പെടുത്തേണ്ട കാര്യമില്ല. നമ്മിൽ വസിക്കുന്ന ഈശോയിലേയ്ക്ക് നമ്മുടെ ആന്തരികനേത്രങ്ങളും ഹൃദയവും തിരിഞ്ഞിരുന്നാൽ ആത്മനാ നാം മറിയത്തെപോലെ ഈശോയുടെ ചാരെ ആയിരുന്നാൽ നാം ചെയ്യേണ്ട കാര്യങ്ങൾ ഹൃദയത്തിൽ ദൈവത്തിന്റെ വചനം മന്ത്രിക്കും. അത് ജീവിതത്തിൽ പ്രവർത്തികമാക്കാനുള്ള ശക്തി പരിശുദ്ധാത്മാവ് നൽകും.

“ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന്‌ ഒരു സ്വരം സ്വര്‍ഗത്തില്‍നിന്നു കേട്ടു.”(മത്തായി 3 : 17)

ഓരോ ചെറിയ കാര്യവും ദൈവഹിതം അനുസരിച്ചു ചെയ്യുമ്പോൾ
ഈശോയെ പറ്റി പറഞ്ഞത് പോലെ ദൈവപിതാവ് നമ്മെയും തന്റെ പ്രിയ പുത്രൻ പ്രിയപുത്രി എന്ന് അഭിസംബോധന ചെയ്യും. അവിടുന്ന് നമ്മിൽ പ്രസാദിച്ചിരിക്കുന്നു എന്നുള്ള ബോധ്യം ഹൃദയത്തിൽ നൽകും.

ഈ ലോകത്തിൽ ജീവിക്കുമ്പോൾ തന്നെ സ്വർഗത്തിൽ നാം എങ്ങനെ ആയിരിക്കുമോ അങ്ങനെ ജീവിക്കാനുള്ള സ്വർഗീയ വഴിയാണ് ദിവ്യകാരുണ്യ ജീവിതം.

നമ്മുടെ ചെറിയ ജീവിതവും ജീവിതാവസ്ഥയും എത്ര നിസാരമെന്നു മറ്റുള്ളവർക്ക് തോന്നിയാലും നമ്മുടെ ജീവിതം ദിവ്യകാരുണ്യത്തിൽ കേന്ദ്രീകൃതമായി ഈശോയുമായി യോജിച്ചുള്ള ഒരു ജീവിതം ആയിക്കഴിഞ്ഞാൽ പിന്നെ അത് ഏറ്റവും ശാന്തമായതും പൂർണമായതും ആയ ഒന്നായി മാറും. നമ്മുടെ ജീവിതം ദൈവസ്നേഹത്താൽ നിറയും.

നമ്മുടെ ഹൃദയത്തിൽ ഈശോ എപ്പോഴും വസിച്ചു കൊണ്ട് നമ്മുടെ ജീവിതം നമ്മുടെ അനുവാദത്തോടെ സ്നേഹത്തിൽ നിയന്ത്രിച്ചു തുടങ്ങുമ്പോൾ നമ്മുടെ ജീവിതവും നമ്മോടു ബന്ധപ്പെട്ട എല്ലാകാര്യങ്ങളും നമ്മുടെ വീടും വ്യക്തികളും ബന്ധങ്ങളും ഈശോയുടെ കീഴിൽ ആയിതീരും.

വീട്ടുകാരിൽ ഒരാളെ പോലെ ചിരപരിചിതനാകും ഈശോ. പിന്നീട് ഈശോയോട് പ്രാർത്ഥിക്കുമ്പോൾ വീട്ടിലെ കുഞ്ഞിന് പനി ആണെങ്കിൽ, ഈശോയെ നമ്മുടെ കുഞ്ഞിന് പനിയാണ് കേട്ടോ. ഒന്ന് നോക്കണേ എന്ന് ലളിതമായി പറഞ്ഞാൽ മതി.

ദിവ്യകാരുണ്യം സ്വീകരിക്കുന്ന ഒരു സാധാരണക്കാരന്റെ ധൈര്യം അവനോടൊപ്പവും അവന്റെ ഉള്ളിലും ഈശോ എപ്പോഴും ഉണ്ടെന്നുള്ളതാണ്. അതോടൊപ്പം അവൻ ഓരോ നിമിഷവും ദിവ്യകാരുണ്യത്തിലും വസിക്കുന്നു എന്നുള്ളതാണ്. ദിവ്യകാരുണ്യഈശോയിൽ നാം വസിക്കുമ്പോൾ നമ്മുടെ ഹൃദയത്തിൽ ഈശോയും ഉള്ളത് കൊണ്ട് സ്നേഹത്തിന്റെ ഫലങ്ങൾ നാം നിരന്തരം നമ്മുടെ ചിന്തയിലൂടെയും നമ്മുടെ ഹൃദയത്തിൽ നിന്ന് അധരത്തിലൂടെയും നമ്മുടെ പ്രവൃത്തികളിലൂടെയും പുറപ്പെടുവിക്കുന്നു.

“നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്‌ക്ക്‌ സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല.”
(യോഹന്നാന്‍ 15 : 4)

ഓരോ വ്യക്തിയുടെ അനുദിനജീവിതത്തെ കുറിച്ചും നമ്മുടെ നല്ല ദൈവത്തിനു വ്യക്തവും പൂർണവും വിസ്മയകരമായതുമായ ഒരു പദ്ധതിയുണ്ട്.

ഏറ്റവും ലളിതവും നിശബ്ദവുമായി ഒരു വ്യക്തി ലോകത്തിൽ ദൈവഹിതപ്രകാരം ജീവിക്കുമ്പോൾ ആ വ്യക്തിയ്ക്ക് ജീവിതത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനായി ദൈവത്തിന്റെ പദ്ധതിയിൽ ഇല്ലെന്നു തോന്നിയേക്കാം.

എന്നാലും ഓരോ വ്യക്തിയെക്കുറിച്ചുമുള്ള ദൈവത്തിന്റെ ചിന്തകൾ മനുഷ്യർ ചിന്തിക്കുന്നത് പോലെയുള്ളതല്ല. ഓരോരുത്തരെയും കുറിച്ചുള്ള അവിടുത്തെ പദ്ധതി മറ്റൊരാളെക്കാൾ താഴെയല്ല. കാരണം ഓരോ മനുഷ്യനും ഈശോ കൊടുത്തത് ഒരേ വിലയാണ്. തന്റെ തിരുരക്തത്തിന്റെ വില. തന്റെ ജീവന്റെ വില.

നിശബ്ദരും ദരിദ്രരും സമൂഹത്തിൽ ആരും ശ്രദ്ധിക്കാത്തവരുമായ ആളുകളെ കുറിച്ചുള്ള ദൈവിക പദ്ധതിയും ദൈവിക ദൃഷ്ടിയിൽ അതിൽ തന്നെ പൂർണമാണ്. മനോഹരമാണ്.

തിരുസഭയുടെ ചരിത്രത്തിലെ വിശുദ്ധരുടെ കാര്യം ആലോചിച്ചാൽ സമൂഹത്തിന്റെ നാനാതുറയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രായഭേദമെന്യേ വിശുദ്ധരുണ്ട്.

എന്നാൽ എല്ലാവരും എല്ലായ്പ്പോഴും വിശുദ്ധരായിരിക്കണം എന്നാണ് നമ്മുടെ നല്ല ദൈവം ആഗ്രഹിക്കുന്നത്. കാരണം നമ്മുടെ ഭൗമികജീവിതം കഴിഞ്ഞു നിത്യതയിലേയ്ക്ക് ചെല്ലുമ്പോൾ പൊട്ടോ പൊടിയോ ചെറിയ കളങ്കം പോലുമോ ഇല്ലാത്ത നമ്മുടെ ആത്മാവിനെ സ്കൂളിൽ നിന്നും വരുന്ന ഒരു കൊച്ചു കുട്ടിയെ അപ്പൻ എടുത്തു മാറോടണയ്ക്കുന്നത് പോലെ സ്വർഗ്ഗവാതിലിൽ തന്നെ കാത്തുനിന്ന് വിരിച്ചു പിടിച്ച കൈകളുമായി സ്വീകരിക്കാനാണ് ദൈവപിതാവ് ആഗ്രഹിക്കുന്നത്.

നമ്മുടെ ഇന്നത്തെ സാധാരണ ജീവിതസാഹചര്യത്തിൽ വിശുദ്ധിയുടെ പരിപൂർണതയിൽ എത്താനുള്ള ഏറ്റവും ഫലപ്രദമായ മാർഗം ഒരുക്കത്തോടെ പരിശുദ്ധ കുർബാന സ്വീകരിക്കുക എന്നതാണ്.

ഈശോ എല്ലാവർക്കും പ്രാപ്യനാണ്. അവിടുന്ന് എല്ലാവരെയും സ്നേഹിക്കുന്നു.

ദിവ്യകാരുണ്യഈശോയെ ഏറ്റവും നിസാരയെങ്കിലും ഒരു മനുഷ്യ വ്യക്തി സ്നേഹത്തോടും ഉൽക്കടമായ ആഗ്രഹത്തോടും ആരാധനയോടും കൂടെ ഉൾക്കൊള്ളുമ്പോൾ ആ നിമിഷാർദ്ധത്തിൽ നാം പോലുമറിയാതെ ആ വ്യക്തിയുടെ ഉച്ചിമുതൽ ഉള്ളം കാൽ വരെയും ആത്മാവിൽ പൂർണമായും മനസിന്റെ എല്ലാ തലങ്ങളിലും ദൈവപിതാവിന് നമ്മെ കുറിച്ചുള്ള ചിന്ത വന്ന നിമിഷം മുതൽ നിത്യത വരെയുള്ള കാലം വരെയുള്ള നമ്മുടെ അസ്തിത്വം മുഴുവനായും ഈശോയുടെ സ്നേഹാഗ്നിജ്വാലകളാൽ പൊതിയപ്പെട്ടു അവിടുത്തെ ഹിതം പോലെ വിശുദ്ധീകരിക്കപ്പെടുന്നു.

ആദ്യദിവ്യകാരുണ്യ സ്വീകരണ സമയം മുതൽ ഈശോ ഒരു മനുഷ്യ വ്യക്തിയോട് ഏറ്റവും പൂർണമായ അർത്ഥത്തിൽ നിത്യത വരെയും സ്നേഹത്തിൽ ഒന്നായി മാറുന്നു.

ഒരു മനുഷ്യന് ജീവിച്ചിരിക്കുമ്പോൾ അനുഭവിക്കാൻ പറ്റുന്നതിൽ വച്ചു ഏറ്റവും വലിയ ആത്മീയ അനുഭവം ആണ് പരിശുദ്ധ കുർബാന സ്വീകരണം.

അതിൽ ഒരുവന്റെ കാണാത്ത വിശ്വാസമുണ്ട്. അവനു പറ്റുന്നിടത്തോളം തന്റെ സൃഷ്ടാവും രക്ഷകനും ആയവനെ തന്റെ ഉള്ളിൽ സ്വീകരിക്കുവാനുള്ള സ്നേഹത്തോടെയുള്ള കാത്തിരിപ്പുണ്ട്. ഈശോയെ കുർബാനയ്ക്കിടയിൽ ബഹുമാനപ്പെട്ട വൈദികൻ ഉയർത്തുന്നതും മനുഷ്യർക്കായി വിളമ്പുന്നതും ഒക്കെ കണ്ട് കുറച്ചു കൂടി നേരം കഴിയുമ്പോൾ ഈശോയെ സ്വീകരിക്കാമല്ലോ എന്നുള്ള ഒരുവന്റെ ആത്മാവിന്റെ ഒരു കൊതിയോടെയുള്ള നോക്കിയിരുപ്പ് ഒക്കെ കാണുമ്പോൾ സാക്ഷാൽ ഈശോ മിശിഹായുടെ തിരുഹൃദയം “ഇതാ എന്നെ കാത്തിരിക്കുന്ന ഒരുവൻ” എന്നോർത്തു ആനന്ദിക്കുന്നു.

ചെറിയ കുഞ്ഞിനെ വാത്സല്യത്തോടെ അമ്മ വാരിയെടുത്തു മാറോടു ചേർക്കുന്നതെന്നത് പോലെ, രണ്ട് ആത്മസുഹൃത്തുക്കൾ തമ്മിൽ കാണുമ്പോൾ എന്നത് പോലെ, പ്രണയഭാജനങ്ങൾ ഒത്തുചേരുമ്പോൾ എന്നത് പോലെ, ദിവ്യകാരുണ്യം തന്റെ അടുത്തേയ്ക്ക് വരുന്നത് കാണുന്ന ഒരുവന്റെ ആത്മാവ് ആനന്ദഭരിതമാകുന്നു. അതോടൊപ്പം തന്നോട് കാണിക്കുന്ന ഈശോയുടെ വലിയ സ്നേഹവും അവിടുത്തെ മഹത്വവും കാണുമ്പോൾ ആത്മാവ് ഒരു നിമിഷം വിറപൂണ്ട് നിൽക്കുകയും ചെയ്യുന്നു. എന്നാൽ നാവിൽ എഴുന്നള്ളി വന്ന ഈശോയുടെ കരുണാർദ്ര സ്നേഹം ആത്മാവിനെ ഞൊടിയിടയിൽ പൊതിയുമ്പോൾ തന്റെ നിസാരത മറന്നു ഈശോയുടെ തന്റെ ഇത്തിരി സ്നേഹത്താൽ ആത്മാവും ഈശോയെ ആരാധിക്കുന്നു, അവിടുത്തെ സ്നേഹിക്കാൻ ശ്രമിക്കുന്നു.

ഈശോയുടെ അനന്തസ്നേഹത്തിന്റെ മുൻപിൽ ഒരു മനുഷ്യന്റെ കുറച്ചു സ്നേഹം എന്താവാൻ എന്ന് നാം ഓർത്തേക്കാം.

എന്നാൽ യഥാർത്ഥ സ്നേഹത്തോടെ തുടിക്കുന്ന ദിവ്യകാരുണ്യത്തെ നോക്കിപ്പാർത്തിരിക്കുന്ന ഒരു ചെറിയ ആത്മാവിന്റെ അതിൽ തന്നെയുള്ള കൊച്ചു സ്നേഹം ഈശോയ്ക്ക് അനേകം ഇരട്ടിയായി അനുഭവപ്പെടും.

കാരണം…

“ആദ്യം അവിടുന്നു നമ്മെ സ്‌നേഹിച്ചു. അതിനാല്‍, നാമും അവിടുത്തെ സ്‌നേഹിക്കുന്നു.”
(1 യോഹന്നാന്‍ 4 : 19)

വേണമെന്ന് വച്ചാൽ പരിശുദ്ധാത്മസഹായത്താൽ ജീവിതകാലം മുഴുവനും ജാഗ്രതയോടെയും സ്നേഹത്തോടെയും പ്രസാദവരത്തിന്റെ അവസ്ഥയിൽ ദിവ്യകാരുണ്യസൗഹൃദത്തിൽ ആയിരിക്കാൻ സാധിക്കും.

“നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടുംകൂടെ സ്‌നേഹിക്കുന്നതിനും അങ്ങനെ നീ ജീവിച്ചിരിക്കേണ്ടതിനും വേണ്ടി അവിടുന്നു നിന്റെയും നിന്റെ മക്കളുടെയും ഹൃദയകവാടം തുറക്കും.”
(നിയമാവര്‍ത്തനം 30 : 6)

ദിവ്യകാരുണ്യം വഴി സ്നേഹത്തോടെ ഉൾക്കൊണ്ട തിരുഹൃദയനാഥനായ ഈശോയെ നമ്മുടെ കൊച്ചു ഹൃദയത്തിൽ നമ്മുടെ രാജാവായി സ്വീകരിച്ചു ജീവിതകാലം മുഴുവനും നമ്മുടെ സത്തയിലും ജീവനിലും യഥാർത്ഥത്തിൽ കൊണ്ട് നടക്കുന്നത് എത്രയോ നല്ലതാണ്.

“നിന്റെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിച്ച്‌, അവിടുത്തെ വാക്കുകേട്ട്‌, അവിടുത്തോടു ചേര്‍ന്നു നില്‍ക്കുക; നിനക്കു ജീവനും ദീര്‍ഘായുസ്സും ലഭിക്കും.”
(നിയമാവര്‍ത്തനം 30 : 20)

ഈശോയെ എന്നൊന്ന് വിളിക്കാനും ഈശോയെ ഹൃദയത്തിൽ സ്വീകരിക്കാനും ഈ ജീവിതത്തിൽ അവസരം കിട്ടിയ നമ്മൾ എത്രയോ ഭാഗ്യമുള്ളവരും അനുഗ്രഹീതരുമാണ്.

വേറെന്തിനു വേണ്ടിയാണു ഇനിയുള്ള നമ്മുടെ ജീവിതത്തിൽ നാം ആഗ്രഹിക്കേണ്ടത്!

കൂടുതൽ പണത്തിനു വേണ്ടിയോ?

ഉയർന്ന സ്ഥാനമാനത്തിന് വേണ്ടിയോ?

ധാരാളം സ്വത്തുക്കൾക്ക് വേണ്ടിയോ?

ശക്തമായ സൗഹൃദങ്ങൾക്ക് വേണ്ടിയോ?

സർവ പ്രപഞ്ചത്തിന്റെയും നാഥനും സൃഷ്ടാവുമായ ഈശോ നമ്മിൽ സ്നേഹത്തോടെ എഴുന്നള്ളിയിരിക്കുമ്പോൾ അവിടുന്ന് കുറവില്ലാതെ തക്ക സമയത്തു നമ്മെ പരിപാലിച്ചു കൊള്ളും എന്നുള്ള ഉറപ്പു ആത്മാവിന് ഉണ്ടാകണം. ഈ ജീവിതത്തിൽ നമുക്ക് ഒന്നിനും കുറവുണ്ടാവുകയില്ല. കാരണം അവിടുന്ന് പിതാവും നാം മക്കളുമാണ്. ഒരു പിതാവിന് സകലതും അധീനമായിരിക്കെ തന്റെ മക്കൾ വിശന്നിരിക്കുകയും വിഷമിക്കുകയും ചെയ്യുക എന്നത് സംഭവ്യമല്ലല്ലോ. അഥവാ അങ്ങനെ സംഭവിച്ചാൽ, കുറവുണ്ടെന്ന് നമുക്ക് തോന്നിയാൽ അത് ഉപരി നന്മയ്ക്കു ആയിട്ടായിരിക്കും എന്ന് മനസിലാക്കണം.

ഉദാ: ഹോസ്പിറ്റലിൽ സ്കാനിംഗിന് വേണ്ടി അഡ്മിറ്റ്‌ ആയിരിക്കുന്ന ഒരു ധനികന്റെ മകൻ സ്കാനിംഗ് സമയം കഴിയുന്നത് വരെ ഭക്ഷണം കഴിക്കാൻ പറ്റാതെ വിഷമിച്ചാലും വാശി പിടിച്ചാലും കരഞ്ഞാലും നിശ്ചിത സമയം വരെ അയാൾ ആ കുഞ്ഞിന് ഒന്നും വാങ്ങികൊടുക്കില്ല. ഡോക്ടർ നിർദേശിക്കുന്ന സമയത്തോളം ഭക്ഷണം കഴിക്കാതെ test ചെയ്തെങ്കിൽ മാത്രമേ കൃത്യമായ റിസൾട്ട്‌ കിട്ടുകയുള്ളൂ. എന്നാൽ test കഴിയുന്നതോടെ ആ കുഞ്ഞിന് വയറു നിറയെ ഭക്ഷണം ലഭിക്കുന്നു. അതോടെ അതിനു സന്തോഷമാകുകയും ചെയ്യുന്നു.

ഈശോ നമ്മുടെ ഹൃദയത്തിൽ വസിക്കുമ്പോൾ നമ്മുടെ ജീവിതത്തിനു കുറവൊന്നും വരികയില്ല. നമ്മുടെ ആത്മാവിന്റെ സന്തോഷത്തിനും കുറവ് വരികയില്ല. കാരണം നിത്യതയിൽ നാം കണ്ടുമുട്ടേണ്ട ഒരുവനെ, ഈശോയെ, ഭൂമിയിൽ ആയിരിക്കുമ്പോഴേ നാം പരിചയപ്പെട്ടു സ്നേഹത്തിൽ ആയിരിക്കുന്നു.

നാം ദിവ്യകാരുണ്യ സ്വീകരണത്തിന് ശേഷം ഈശോയിൽ ഒന്നായി നടക്കുന്ന നമ്മുടെ ദിനങ്ങളിൽ ഈശോയ്ക്ക് നമ്മുടെ കുറവുകളിൽ പരിഭവമില്ല. കാരണം നാമും ഈശോയും ഒന്നായതിനാലും ഒന്നിച്ചായതിനാലും എല്ലാ കാര്യങ്ങളും സ്നേഹത്തിൽ ഒരുമയോടെ ആണല്ലോ ചെയ്യുന്നത്.

നാം ദൈവസ്നേഹത്തിൽ/ ദിവ്യകാരുണ്യത്തിൽ ആയിരിക്കുന്നതും അവിടുത്തെ സ്നേഹം സ്വീകരിക്കുന്നതും നല്ലതാണ്.

കാരണം ദൈവത്തിന്റെ സ്നേഹം നിരസിക്കുന്നതാണല്ലോ പാപം.

എന്നാൽ ഈശോയോടൊത്തു സ്നേഹത്തിൽ എപ്പോഴും വസിക്കുവാൻ ആത്മാവ് ശ്രമിക്കുമ്പോൾ അതിനെ ദയവോടെ ഈശോ കൂടെ നിന്ന് സഹായിക്കുന്നു.

ദിവ്യകാരുണ്യം അവനവനു പറ്റുന്നത് പോലെ സ്നേഹത്തോടെ സ്വീകരിച്ചു നന്ദിയോടെ പുറത്തിറങ്ങുമ്പോൾ ഈശോയുമായി ആന്തരിക സംഭാഷണം നടത്തുവാൻ ശ്രമിക്കണം.

ആദ്യമൊക്കെ മുന്നിൽ കാണുന്ന കാലാവസ്ഥയെ കുറിച്ചും ആളുകളെ കുറിച്ചുമൊക്കെ ഒരു സാധാരണ മനുഷ്യനോട് സംസാരിക്കുന്നത് പോലെ ഉള്ളിൽ ഈശോയോട് സംസാരിക്കാം.

ഓരോരുത്തരെ കാണുമ്പോൾ അവരെ അനുഗ്രഹിക്കാൻ പറയാം.

കടയിൽ കയറി ഓരോരോ സാധനങ്ങൾ എടുക്കുമ്പോൾ ഈശോയോടും അഭിപ്രായം ചോദിക്കാം.

വീട്ടിലേക്ക് ഷോപ്പിങ് ബാഗുമായി നടക്കുന്ന വഴിയിൽ ഈശോയോടും സഹായിക്കാൻ പറയാം.

വീട്ടിലെത്തി കുഞ്ഞു കാര്യങ്ങളിൽ വ്യാപൃതമാകുമ്പോൾ ഓർക്കുമ്പോൾ ഒക്കെ ഈശോയെയും കൂട്ടാം.

നമ്മുടെ ജീവിതത്തിലെ പഴയ കാര്യങ്ങളെ കുറിച്ചൊക്കെ ഓർത്തു ഈശോ എത്ര മനോഹരമായി നാം പോലും ഉദ്ദേശിക്കാത്ത വിധത്തിൽ അതൊക്കെ നമുക്ക് വേണ്ടി മാനേജ് ചെയ്തു തന്നു എന്നൊക്കെയോർത്തു ഈശോയെ അഭിനന്ദിക്കാം, നന്ദിപറയാം.

ഈശോ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്ത്‌ ചെയ്തേനെ എന്നൊക്കെ ഹൃദയതുറവിയോടെ ആത്മാർഥമായി അവിടുത്തോട് പറയാം.

ഒരു വ്യക്തി ഏറ്റവും ബുദ്ധിമുട്ടി മറ്റൊരാൾക്ക്‌ ഉപകാരം ചെയ്തു കഴിയുമ്പോൾ ഉപകാരം കിട്ടിയ വ്യക്തി ചെയ്ത വ്യക്തിയോട് ഹൃദയത്തിൽ തട്ടി നിറകണ്ണുകളോടെ നന്ദി പറയുന്നത് ആത്മാർത്ഥമായിട്ടാണെന്നു കേൾക്കുമ്പോൾ മനസിലാകും.

എന്ന് വച്ചു 24 മണിക്കൂറും ഈശോയെ കുറിച്ച് ഓർത്തു കൊണ്ടിരിക്കണം എന്നില്ല. നമ്മൾ ജോലിക്ക് പോകുമ്പോഴും ജോലിയിൽ ശ്രദ്ധയോടെ വ്യാപൃതരാകുമ്പോഴും വീട്ടിലുള്ളവരുടെ കാര്യം വല്ലപ്പോഴുമല്ലേ ഓർക്കുകയുള്ളൂ.

എന്നാൽ നാം ഓർത്തില്ലെങ്കിലും ഈശോ നമ്മുടെ സമീപേ നമ്മെ സ്നേഹിച്ചു കൊണ്ട് നമ്മുടെ കാര്യത്തിൽ ശ്രദ്ധാലുവായി എപ്പോഴും ഉണ്ടായിരിക്കും. അവിടുന്ന് മനസാകുന്ന സമയത്ത് നാം എവിടെയാണെങ്കിലും എന്ത്‌ ചെയ്യുകയാണെങ്കിലും നമ്മളിൽ അവിടുത്തെ കുറിച്ചുള്ള ചിന്തകൾ വരികയും ചെയ്യും.

ഈശോയുടെ സ്വന്തമായി ദിവ്യകാരുണ്യത്തിൽ ഒന്നായി നടക്കുമ്പോൾ നാം ഈശോയ്ക്കുള്ളവരുടെ എല്ലാം സ്വന്തമാകുന്നു. പ്രിയപ്പെട്ടതാകുന്നു.

ഓരോ പ്രഭാതത്തിലും കണ്ണുകൾ തുറക്കുമ്പോൾ പിതാവായ ദൈവത്തിന്റെ കരവലയത്തിൽ ആയിരുന്നു കൊണ്ട് ശിശുസഹജമായ വിശ്വാസത്തിൽ അവിടുത്തെ മുഖത്ത് ഉമ്മകൾ കൊടുത്തു അവിടുത്തെ മഹത്വത്താൽ സമ്പന്നമായ ദിവസത്തിലേയ്ക്ക് സഹോദരനും സുഹൃത്തും രക്ഷകനും പങ്കാളിയുമായ ഈശോയുടെ കരം പിടിച്ചു പരിശുദ്ധാത്മാവിന്റെ സഹായത്താൽ സന്തോഷത്തോടെ എഴുനേൽക്കാം.

ഓരോ പ്രഭാതത്തിലും ദൈവസ്നേഹം നവമാണ്. സർവശക്തനായ അവിടുന്ന് പുതു ദിവസത്തിൽ നമുക്കായി വേണ്ട കൃപകളൊക്കെയും ആത്മാവിൽ വാരി വിതറുന്നത് വളരെ സമൃദ്ധമായിട്ടാണ്. മകളെന്ന നിലയിൽ ഒരു കുറവും അവിടുന്ന് നമുക്ക് വരുത്തില്ല.

എന്നാൽ അപ്പനായ ദൈവം എന്റെ ഇന്നത്തെ ദിവസം മുഴുവനും എനിക്കായി പ്ലാൻ ചെയ്തിരിക്കുന്നു. എനിക്കാവുന്നത് പോലെ ചെയ്തു നന്ദിയോടെ ഈ ദിവസത്തിൽ ഞാൻ ഈശോയോടൊപ്പം നടക്കും എന്ന ചിന്ത നമ്മിലും വേണം.

ഈ എഴുത്തിന്റെ ആദ്യഭാഗത്തു പറഞ്ഞത് പോലെ ഇന്നേ ദിവസം എന്റെ ശാരീരികവും മാനസികവും ആത്മീയവുമായ അവസ്ഥ എന്ത്‌ തന്നെയായാലും എന്റെ കുറവുകൾ എന്ത്‌ തന്നെയായാലും അതൊക്കെ ഈശോയുടെ ഹൃദയത്തിൽ കൊടുക്കാം. ഈശോയെ ഇന്നത്തെ ദിവസം എന്നെ പൂർണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. അങ്ങേ സ്നേഹത്തിൽ വ്യാപരിക്കുവാൻ, ഈശോയെ എന്നെ സഹായിക്കേണമേ എന്ന് പറയാം.

പിന്നീട് നമുക്ക് ആകുന്നത് പോലെ ഈശോയുടെ കൂടെ ഓരോരോ കാര്യങ്ങൾ സാവകാശം ചെയ്യാം. ഇടയ്ക്ക് വരുന്ന ആകുലചിന്തകൾ അന്നേരമന്നേരം ഈശോയോട് പങ്കു വയ്ക്കാം. ഇടയ്ക്ക് തളരുമ്പോൾ ശക്തി പകരാൻ പരിശുദ്ധാത്മാവിനോട് പറയാം. ഇടയ്ക്കൊക്കെയും ഈശോയെ നമ്മുടെ സ്വന്തമായി വിട്ടു തന്ന ദൈവപിതാവിന്റെ സ്നേഹത്തെ പറ്റി ഓർക്കാം.

മറ്റുള്ളവർ നമ്മിൽ കുറ്റം കണ്ടു എന്ന് വന്നേക്കാം. നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ കുറവുകൾ കണ്ടു കുറ്റപ്പെടുത്തി പരിഹസിച്ചു എന്ന് വന്നേക്കാം.

കൊച്ചു ത്രേസ്യ പുണ്യവതിയുടെയും വിശുദ്ധ ഫൗസ്റ്റിനയുടെയുമൊക്കെ ജീവചരിത്രത്തിൽ മഠത്തിലെ ഓരോരോ ചെറു ജോലികൾ ചെയ്യാൻ അവർക്കുള്ള പാടവക്കുറവ് മൂലം മറ്റുള്ളവർ അവരെ കുറ്റപ്പെടുത്തുകയും വഴക്ക് പറയുകയും ചെയ്തതായി നാം വായിക്കുന്നുണ്ട്. എന്നാൽ അവർക്കാവുന്നത് പോലെ ഈശോയോടുള്ള സ്നേഹത്തെ പ്രതി അവര് ഓരോരോ കുഞ്ഞു കാര്യവും ചെയ്തു.

അതുപോലെ എന്ത്‌ മാത്രം നന്നായി നമുക്ക് ഒരു പ്രവൃത്തി ചെയ്യാൻ കഴിയുമോ ഈശോയ്ക്ക് വേണ്ടി അത്രയും നന്നായി ഓരോ ചെറിയ കാര്യവും ചെയ്യുക, അതിനു നമ്മുടെ കാവൽ മാലാഖയുടെ സഹായവും തേടാം.

ഇടയ്ക്ക് ഓർക്കാം…

ഞാനിപ്പോൾ എന്ത് ചെയ്യുകയാണ്?

മനസ്സിൽ സ്നേഹത്തോടെ പറയാം.

എന്റെ ഹൃദയത്തിൽ വാഴുന്ന ദിവ്യകാരുണ്യമേ, ഞാനങ്ങയെ അധികമധികം സ്നേഹിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

തിരിച്ചും ഹൃദയത്തിൽ ഈശോയോട് നിശബ്ദമായി ചോദിക്കാം.

ഈശോയെ അങ്ങവിടെ എന്ത്‌ ചെയ്യുകയാണ്.

ഉറപ്പായും അവിടുത്തെ മറുപടി…

എന്റെ കുഞ്ഞേ നീയെന്നെ സ്നേഹിക്കാൻ ശ്രമിക്കുന്നത് സ്നേഹത്തോടെ ഞാൻ കണ്ടു കൊണ്ട് നിന്നെ ഞാനും സ്നേഹിച്ചു കൊണ്ടിരിക്കുകയാണ്…

എന്നായിരിക്കും.

ഇന്നു എന്നുള്ള ദിവസത്തിൽ നമ്മുടെ ജീവിതത്തിലെ സ്വഭാവപ്രത്യേകതകൾ, വ്യക്തിത്വം, മനോഭാവങ്ങൾ, നമ്മുടെ കഴിവുകൾ, നമ്മുടെ ആത്മീയവും ശാരീരികവും മാനസികവുമായ ആരോഗ്യം, നമ്മുടെ ഇന്നിന്റെ ആവശ്യങ്ങൾ, നാം കടന്നു പോകുന്ന രോഗങ്ങൾ, വേദനകൾ,ആകുലതകൾ, പ്രതിസന്ധികൾ ഒക്കെയും ഈശോയ്ക്കറിയാം. കാരണം ഈശോ നമ്മിൽ ഉണ്ട്. ഇന്നത്തെ ദിവസം ഞാൻ ജീവനോടെ ഭൂമിയിൽ ആയിരിക്കുക എന്നത് അവിടുത്തെ പദ്ധതിയിൽ പെട്ടതാണ്.

നമ്മുടെ ഇന്നു എന്നത് ഈശോയെ പൂർണമായും ഏല്പിച്ചു കൊടുത്താൽ ഇന്നു എന്നുള്ള ദിവസം മുഴുവനും അവിടുന്ന് സ്നേഹത്താൽ പൂരിതമാക്കും. നാം അനുവാദം കൊടുത്താൽ നമ്മുടെ ഇന്നിന്റെ നാഥൻ ഈശോ ആകും. നമുക്ക് ഒന്നും ചെയ്യാത്ത ഓരോരോ കാര്യങ്ങളും ഈശോയെ ഏല്പിക്കുമ്പോൾ വിസ്മയകരമായി ഓരോന്നും അതാതിന്റെ തക്ക സമയത്തു ഈശോ നമുക്കായി ചെയ്തു തന്നു സഹായിക്കുന്നത് നമുക്ക് കാണാം. അതൊക്കെ കണ്ട് അറിയാതെ നമ്മൾ ഈശോയുടെ ഫാൻ /ആരാധിക ആയിപ്പോകും. ഇത്ര നല്ല ഈശോയെ നമ്മൾ നേരത്തെ അറിഞ്ഞില്ലല്ലോ എന്നോർത്തു സങ്കടം വരികയും ചെയ്യും. എന്നാൽ അതോടൊപ്പം ഇനിയുള്ള ജീവിതത്തിൽ ഈശോയെ ഇരട്ടി സ്നേഹിക്കുമെന്നും ഹൃദയം ഈശോയ്ക്ക് ഉറപ്പ് കൊടുക്കും. ഓരോന്നും ഈശോ നമുക്ക് ചെയ്തു തരുന്നത് കാണുമ്പോൾ ഹൃദയം നിറഞ്ഞു അവിടുത്തെ സ്തുതിക്കാനും തോന്നും.

ഈ മാലാഖാമാരൊക്കെ എപ്പോഴും പരിശുദ്ധ ത്രിത്വത്തെ അകമഴിഞ്ഞ് സ്തുതിച്ചു കൊണ്ടിരിക്കുന്നത് അവിടുത്തെ മഹിമകൾ അവർ കണ്ടുകൊണ്ടിരിക്കുന്നത് കൊണ്ടും അവിടുത്തെ സ്നേഹത്തിൽ അവർ ആയിരിക്കുന്നത് കൊണ്ടുമാണ്.

ഓരോ മനുഷ്യനും എന്നേയ്ക്കും സ്വന്തമായി ഉള്ളതെന്ന് പറയാൻ ഈശോ മാത്രമേയുള്ളൂ. യഥാർത്ഥത്തിൽ സ്നേഹിക്കുന്നു എന്ന് പറയാൻ ഈശോ മാത്രമേയുള്ളൂ.

നാം ഉരുവാകുന്നതിനു മുൻപേ അവിടുന്ന് നമ്മെ കുറിച്ച് കണ്ട മനോഹരമായ സ്വപ്നത്തിന്റെ അന്ത്യത്തിൽ നിത്യതയിൽ അവിടുത്തെ സ്നേഹത്തിൽ ഒന്നായിരിക്കുന്ന നമ്മൾ ഓരോരുത്തരും ഉണ്ടായിരുന്നു.

എന്നാൽ ഇന്നു എന്ന് പറയുന്ന ദിവസം ഈശോയുടെ സ്നേഹത്തിൽ നാം ആയിരിക്കണമെങ്കിൽ നാം അവിടുത്തെ യഥാർത്ഥത്തിൽ സ്നേഹിച്ചു തുടങ്ങണം. ഈശോയെ കുറിച്ച് ഇടയ്ക്കിടയ്ക്ക് ഓർക്കണം. അത് പോലെ ദൈവവചനം തുറന്നു ഈശോ എന്താണ് നമ്മോടു സംസാരിക്കുന്നത് എന്ന് ഇടയ്ക്കൊക്കെ നോക്കണം.

ഈശോ സംസാരിക്കുന്ന വചനങ്ങൾ നമ്മോടുള്ള അവിടുത്തെ സംസാരം ആകയാൽ അത് നമ്മുടെ ഹൃദയത്തെ തൊടും. നമ്മുടെ ഹൃദയം സ്നേഹത്താൽ നിറയ്ക്കും.

ദൈവാലയത്തിൽ ഓരോ ദിവസവും പരിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നത് നമുക്ക് വേണ്ടിയാണ്.

നമുക്ക് ഓരോ ദിവസവും ശക്തി പകരുന്നതിനും നമ്മുടെ ആത്മാവിനെ സ്നേഹത്താൽ നിറയ്ക്കുന്നതിനും പോഷിപ്പിക്കുന്നതിനും വേണ്ടിയാണത്.

ഓരോ തവണയും ദിവ്യകാരുണ്യം ഒരുക്കത്തോടെ സ്വീകരിക്കുന്നത് വഴി ആത്മാവും ഈശോയും തമ്മിലുള്ള സ്നേഹം അനുദിനം കൂടുതൽ ദൃഢമാകുന്നു, ആഴപ്പെടുന്നു.

ഓരോ ദിവസത്തിന്റെയും കേന്ദ്രം പരിശുദ്ധ കുർബാനയാകുന്നത് വഴി വ്യക്തിയുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും ദിവ്യകാരുണ്യ ഈശോയെ ചുറ്റിപ്പറ്റി ആയിതുടങ്ങുന്നു.

“നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്‌ഠജനതയാണുള്ളത്‌?”
(നിയമാവര്‍ത്തനം 4 : 7)

അവതരിച്ച വചനമായ ഈശോയ്ക്ക് ഇന്നു നമ്മുടെ ഉള്ളിൽ നമ്മോടൊന്നായി വസിക്കാൻ ദിവ്യകാരുണ്യമല്ലാതെ നമുക്ക് മറ്റൊന്നും നൽകാനില്ല.

ഇന്നു ഈശോയെ ഏറ്റവുമധികം സ്നേഹിക്കാൻ സാധിക്കുന്ന ഏറ്റവും ഒരുക്കത്തോടെയും സ്നേഹത്തോടെയും പരിശുദ്ധ കുർബാന ഹൃദയത്തിൽ സ്വീകരിച്ചു അവിടുത്തെ ആരാധിക്കാം.
സാധിക്കുമ്പോൾ ഒക്കെയും ദൈവാലയങ്ങളിൽ കയറി ഏതാനും സമയം ദിവ്യകാരുണ്യ ഈശോയെ സന്ദർശിക്കാം. അവിടുന്ന് നാം വസിക്കുന്ന സ്ഥലത്തുള്ള നമുക്ക് ചെന്നെത്താവുന്ന ദൈവാലയങ്ങളിൽ എന്തിനാണ് സക്രാരികളിൽ ആയിരിക്കുന്നത്?

ഹൃദയം തകർന്നു നാം എപ്പോൾ ഈശോയെ കാണാനായി ചെന്നാലും നമ്മെ സ്നേഹത്തോടെ സ്വീകരിച്ചു നമ്മെ ആശ്വസിപ്പിക്കാനും നമ്മുടെ ഭാരങ്ങൾ ഏറ്റെടുക്കാനും സ്നേഹിക്കാനുമായിട്ടല്ലേ!

പലകാര്യങ്ങളിൽ ആകുലചിത്തരായി നമ്മെപ്പോലുള്ള മനുഷ്യരുടെ അടുത്തു ആശ്രയത്തിനായി ചെല്ലുന്ന പാവം മനുഷ്യരോട് ഓരോ സക്രാരിയിലും വസിച്ചു കൊണ്ട് ഈശോ പറയുന്നു:

“അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. “
(മത്തായി 11 : 28-29)

ദിവ്യകാരുണ്യരൂപനായ തിരുഹൃദയ നാഥൻ വീണ്ടും നമ്മോടു ഓരോരുത്തരോടും സ്നേഹത്തോടെ പറയുന്നു :

“യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.”
(മത്തായി 28 : 20)

ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment