പ്രത്യാശയെ മുറുക്കിപ്പിടിച്ചുള്ള യാത്ര | ഫ്രാൻസിസ് പാപ്പ
1927 ഒക്ടോബറിൽ ഇറ്റലിയിൽ നിന്ന് പുറപ്പെട്ട പ്രിൻസിപ്പസ് മഫാൽഡാ എന്ന കപ്പലിൽ മൂന്ന് സീറ്റുകൾ ഒഴിഞ്ഞു കിടന്നു. മുസ്സോളിനിയുടെ ഫാസിസ്റ്റുഭരണം ദുസ്സഹമാക്കിയ ഇറ്റലിയിൽ നിന്ന്, അർജന്റീനയിലെ ബന്ധുക്കളുടെ അരികിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ബെർഗോളിയോ കുടുംബത്തിലെ ജിയോവാനി- റോസ ദമ്പതികളും അവരുടെ മകൻ മാരിയോക്കുമായി ബുക്ക് ചെയ്ത സീറ്റുകളായിരുന്നു അത്. പക്ഷേ ഇറ്റലിയിലെ തങ്ങളുടെ സ്ഥലം വിറ്റ പൈസ സമയത്തിന് കിട്ടാഞ്ഞത് കൊണ്ട് ബുക്ക് ചെയ്ത കപ്പലിൽ കയറാൻ അവർക്ക് പറ്റിയില്ല. ‘ഞങ്ങളോട് എന്തിനിങ്ങനെ കർത്താവേ?’ എന്നവർ ചോദിച്ചു കാണും.
കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് ആ നടുക്കുന്ന വാർത്ത അവർ അറിഞ്ഞത്. ‘ഇറ്റാലിയൻ ടൈറ്റാനിക്’ എന്ന് പിന്നീട് അറിയപ്പെട്ട പ്രിൻസിപ്പസ് മഫാൽഡക്ക് ബ്രസീൽ തീരത്തിൽ വെച്ച് അപകട മുണ്ടായി, കുറേ പേരെയൊക്കെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും കപ്പൽ മുങ്ങി മുന്നൂറോളം പേർ മരണമടഞ്ഞെന്ന വാർത്ത ആയിരുന്നു അത്. മനുഷ്യന് അഗ്രാഹ്യമായ ദൈവപദ്ധതിയാണ് സ്ഥലവിൽപ്പന വൈകിച്ച് ഭാവിയിലെ പത്രോസിന്റെ പിൻഗാമിയുടെ പിതാവിനേയും വല്യപ്പച്ചനെയും വല്യമ്മച്ചിയേയും സുരക്ഷിതരാക്കിയത്. പിന്നീട് ‘ജൂലിയോ ചേസറെ’എന്ന കപ്പലിലാണ് അവർ അർജെന്റീനയിൽ എത്തിയത്. തന്റെ 88-ാം വയസ്സിൽ പോപ്പ് ഫ്രാൻസിസ് പുറത്തിറക്കിയ ‘ഹോപ്പ്’ എന്ന ആത്മകഥയിൽ ഈ ദൈവപരിപാലന വിവരിച്ചിട്ടുണ്ട്. ‘The story of a journey of hope’ എന്നാണ് പാപ്പ തന്റെ പൂർവ്വികരുടെ പലായനത്തെ വിശേഷിപ്പിച്ചത്. ‘പ്രത്യാശയെ മുറുക്കിപ്പിടിച്ചുള്ള യാത്ര’! ജൂബിലിവർഷത്തിന്റെ ആപ്തവാക്യം പോലെ.
പോളണ്ടിലെ കരിങ്കല്‍ ക്വാറിയിൽ പാറ പൊട്ടിച്ചിരുന്ന ലോലക്കിന്റെ കൈകളെ വത്തിക്കാനിൽ പത്രോസിന്റെ സിംഹാസനത്തിൽ നിന്ന് വിശ്വാസികളെ അനുഗ്രഹിക്കുന്നതിലേക്കും പിന്നീട് വിശുദ്ധ അൾത്താരയിൽ വണങ്ങപ്പെടുന്നതിലേക്കും എത്തിച്ച യാത്രയിലുടനീളം, വിശുദ്ധ ജോൺപോൾ പാപ്പയുടെ ജീവിതത്തിൽ ദൈവപരിപാലനയുടെ അദൃശ്യകരങ്ങൾ പൊതിഞ്ഞുപിടിച്ചിരുന്നതായി നമുക്കറിയാം. താൻ തിരഞ്ഞെടുത്തവരുടെ വഴി അവരുടെ ജനനത്തിന് മുൻപേ തന്നെ ഒരുക്കുന്ന ദൈവത്തെ ബൈബിളിൽ പലയിടത്തും നമ്മൾ കണ്ടുമുട്ടുന്നുണ്ട്. ഈശോക്ക് മുൻപേ തന്നെ സാംസന്റെ, വിശുദ്ധ സ്നാപകയോഹന്നാന്റെ ഒക്കെ മാതാപിതാക്കളുടെ ജീവിതത്തിൽ ദൈവം ഇടപെട്ടത് പോലെ. അതുപോലെ ഫ്രാൻസിസ് പാപ്പയുടെ
ജീവിതത്തിലെ പല നിർണ്ണായക ഘട്ടങ്ങളിലും പോകേണ്ട വഴിക്ക് തിരിച്ചു വിടുന്ന ദൈവസ്നേഹം അനുഭവിക്കാൻ സാധിച്ചിട്ടുണ്ട്.
1953, സെപ്റ്റംബർ 21. പതിനേഴു വയസ്സുള്ള ജോർജ് മാരിയോ ബെർഗോളിയോക്ക് (ഹോർജെ) അന്ന് ഒഴിവുദിവസമായിരുന്നു. വിദ്യാർത്ഥി ദിനം ആഘോഷിക്കുന്നതിനായി പിക്നിക് പ്ലാൻ ചെയ്തിരിക്കുകയാണ് അവർ. ‘കാത്തലിക്ക് ആക്ഷൻ’ എന്ന സംഘടനയിലെ അംഗങ്ങളാണ് വിനോദ യാത്ര പോകുന്നത്. അതിലെ ഒരു പെൺകുട്ടിയോട്, തനിക്കുള്ള ഇഷ്ടം തുറന്നു പറയുക എന്നൊരു ലക്ഷ്യം കൂടി ജോർജിനുണ്ടായിരുന്നു.
യാത്ര പുറപ്പെടാൻ സമയമായി. കുറച്ച് പേർ കൂടിയേ വരാനുള്ളൂ. എന്തോ, ഒരു ഉൾവിളി പോലെ, ആരോടും ഒന്നും പറയാതെ ജോർജ് തൊട്ടപ്പുറത്തുള്ള ഇടവകദൈവാലയത്തിലേക്ക് കയറിപ്പോയി. ആരോ അവനെ നയിച്ചതുപോലെയാണ് അവന് തോന്നിയത്. വിജനമായ പള്ളിയിൽ അവൻ അന്നോളം കണ്ടിട്ടില്ലാത്ത ഒരു വൈദികനെ കണ്ടു. എന്തോ ഒരു ദൈവാനുഭവം ആ വൈദികനിൽ നിന്ന് തന്നിലേക്ക് ഒഴുകുന്നതായി അവന് തോന്നി. പെട്ടെന്ന് കുമ്പസാരിക്കാനുള്ള തോന്നൽ ഉണ്ടായ ജോർജ് ആ വൈദികന്റെ അടുക്കൽ ആത്മാർത്ഥമായി കുമ്പസാരിച്ചു.
വലിയ ഒരു മാറ്റമാണ് അവനുണ്ടായത്. താൻ എന്തിനോ വേണ്ടി വിളിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നൽ ജോർജിനുണ്ടായി, അവന്റെ ദൈവവിളി തിരിച്ചറിഞ്ഞ നിമിഷം. തന്നെ ആരോ കാത്തിരിക്കുന്നു എന്നവന് തോന്നി. ദൈവാലയത്തിൽ നിന്നിറങ്ങിയിട്ട് അവൻ പോയത് കൂട്ടുകാരുടെ അടുത്തേക്കായിരുന്നില്ല, സ്വന്തം വീട്ടിലേക്കായിരുന്നു. കാരണം ഒരു വൈദികനാവണം എന്ന ചിന്തയല്ലാതെ വേറൊന്നും അപ്പോൾ ജോർജിന്റെ, ഭാവിയിലെ വലിയ ഇടയന്റെ, മനസ്സിൽ ഇല്ലായിരുന്നു.
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ‘നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത് – നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി’ (ജറെമിയാ 29 : 11).
ഈ പാപ്പയെ കത്തോലിക്കാ സഭയുടെ അമരക്കാരനാക്കിയത് ദൈവപദ്ധതിയാണെന്നതിൽ എന്തിനാണ് ഇനിയും സംശയം? പാപ്പയുടെ മുൻഗാമികളെ അപേക്ഷിച്ച്, സംശയത്തിന്റെ നിഴലിലൂടെ ഇപ്പോഴും ഫ്രാൻസിസ് പാപ്പയെ നോക്കുന്നവരുണ്ട്. തിരുത്താനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്താൻ ദൈവം സഹായിക്കട്ടെ. പാപ്പയെക്കുറിച്ച് ഇതിന് മുൻപുള്ള പോസ്റ്റുകളും ഇനിയുള്ളതും, എല്ലാം അതിനായി.
ജിൽസ ജോയ് ![]()


Leave a comment